Featured
കമലാ, നീ ഇനിയും പിറക്കുക : പദ്മ
ഇന്ന് പുലര്‍ച്ചയില്‍,
ഉയര്‍ന്നു വന്ന സൂര്യന്റെ പ്രകാശത്തില്‍
ആകര്‍ഷകമായ മുഖത്തോടെ ഒരുവള്‍,
ദൈവം കരിമ്പുള്ളി തൊട്ട പാവാടക്കാരിയെ
ഞാന്‍ കണ്ണിമയടയ്ച്ചു കാണുകയാണ്..
അക്ഷരങ്ങളെ നിറപ്പന്തുകളായി വാരിയെറിഞ്ഞ
നീര്മാതളത്തിന് തമ്പുരാട്ടി
ഇതായെന്നെ നോക്കി ചിരിക്കുന്നു..
ഞാന്‍ മുട്ടുകുത്തി അഭിവാദ്യം ചെയ്യുന്നു, തിരിച്ചു സ്നേഹമറിയിക്കുന്നു
94 total views

ഇന്ന് പുലര്‍ച്ചയില്‍,
ഉയര്‍ന്നു വന്ന സൂര്യന്റെ പ്രകാശത്തില്‍
ആകര്‍ഷകമായ മുഖത്തോടെ ഒരുവള്‍,
ദൈവം കരിമ്പുള്ളി തൊട്ട പാവാടക്കാരിയെ
ഞാന്‍ കണ്ണിമയടയ്ച്ചു കാണുകയാണ്..
അക്ഷരങ്ങളെ നിറപ്പന്തുകളായി വാരിയെറിഞ്ഞ
നീര്മാതളത്തിന് തമ്പുരാട്ടി
ഇതായെന്നെ നോക്കി ചിരിക്കുന്നു..
ഞാന്‍ മുട്ടുകുത്തി അഭിവാദ്യം ചെയ്യുന്നു, തിരിച്ചു സ്നേഹമറിയിക്കുന്നു
എന്നോടൊപ്പം വരൂ..
എന്നോടൊപ്പം വരൂ..
നീ എന്തായിരുന്നുവോ, അതെല്ലാം അറിയണമെനിക്ക്..
നീ ഒറ്റയിക്കിരിന്നു കരഞ്ഞ
നാലപ്പാട്ടെ സന്ധ്യകളില്‍
നിന്റെ മൗനത്തിന്റെ തള്ളിച്ച തവളക്കണ്ണുകളില്‍
നീ മാറി മാറി തീച്ചുണ്ടുമ്മകള് വെച്ചിട്ടും
ഒരു സുന്ദരകുമാരനും ഉണര്‍ന്നെഴുന്നേറ്റു വന്നില്ലെന്നോ..?!!
നിന്റെ പൊള്ളുന്ന ഉടല്
കുടപ്പായലില് പോലും തണുക്കുന്നില്ലല്ലൊ..
സ്നേഹത്തിനു വേണ്ടി
നീ ആരുടെയൊക്കെ മാറിലൊളിച്ചുവോ,
അവരെല്ലാം നിന്നെ
ഉന്മത്തതയുടെ ചുവന്നചേല ചുറ്റിപ്പിച്ചു..
നീ അസ്വസ്ഥതകളുടെ കോമരമായി..
നിന്റെ ഹൃദയം,
ഒരു മുയല്ക്കുട്ടിയെ പോലെ തുള്ളാന്‍ വെമ്പി…
ദുഖങ്ങളെ കരണ്ടു തിന്നാന്‍ നീ പ്രയത്നിച്ചില്ലേ..?
ആഹളാദതിമിര്പ്പില് ഭ്രമിച്ചു
ഏവര്‍ക്കും വേണ്ടി നീ ചിരിച്ചുകൊണ്ടിരുന്നു…
നിന്റെ കലാപകാവ്യങ്ങളില്
നീ പൊട്ടിത്തെറിച്ചു..
തലത്തെറിച്ചവളെ പോലെ നീ സടകുടഞ്ഞു..
ഇടിമിന്നലിന്റെ കീറലായി
എല്ലാരുടെയും ചങ്കില് ആഴ്ന്നിറങ്ങി.
നീ നൊന്തതും, വിങ്ങിയതും,പിടഞ്ഞതും മറന്നു
നിന്റെ ദുഖത്തെ വെടിപ്പാക്കി വെച്ചു..
കളഭാഷണങ്ങളില് കൊടുംകാറ്റ് പതിയിരുന്നു..
നല്ല നങ്കേ, നാളെ നിന്റെ പേരില്‍ ഒരു നദി ഒഴുകില്ലെന്നാരു കണ്ടു..
പലവിധ ജലകുംഭങ്ങളായി നീ മനുഷ്യരില്‍ പെയ്യും..
അത്യപൂര്വേ,
നീ നിന്റെ കാലത്തെ മുറിയ്ക്കുന്നു
കമല്യ്ക്കു മുമ്പും, പിമ്പുമായി..
ഇതിനിടയില്‍ വിമ്മിട്ടപെട്ട് നിന്നു
നീ ലോകത്തോട് സംസാരിക്കും…
നിന്റെ തുറിച്ച കണ്ണുകളില്‍ ചെങ്കടല്‍ തിളയ്ക്കുന്നു.
നീ നിശ്ചലയായ നേരമൊന്നുന്നില്ല..
ഇന്നും, എന്നും നീ ഏറ്റുമുട്ടുന്നു,
സ്നേഹത്തിനായി..നന്മയ്ക്കായി..
കമലാവാണീ, നീ എല്ലാ സ്ത്രീകളുമാണ്..
കൈകുഞ്ഞു തൊട്ടു പടുകിഴവിയിലുമുണ്ട്..
ജനനത്തില്‍ നിന്നു ഭൂഗര്ഭത്തിലെത്തും വരെ നീയുണ്ടു..
പുറംതള്ളപ്പെട്ടവളില്,
തൂങ്ങിയാടുന്നവളില്,
പൊതിയപ്പെട്ടവളില്,
ശിക്ഷിക്കപ്പെട്ടവളില്,
തുണിയഴിച്ചവളില്
എരിഞ്ഞടങ്ങിയവളില്
എല്ലം നീ തന്നെ…
ആര്‍ക്കോ വേണ്ടി നീ പാപിയായി,
ആരുടെയോ പാപങ്ങള്‍ സ്വീകരിച്ചു നീ വിശ്രാന്തി പൂകി…
നിന്റെ കണ്ണീര് ചുമക്കാന്‍
കുടീരങ്ങള്‍ ഉയിര്കൊണ്ടു..
നീ തേച്ചു മിനുക്കിയ ഒരു മനോഹരരത്നം പോലെ അതിനുള്ളില്‍ ,
കവിതകളുടെ വെള്ളവെളിച്ചം നിന്നില്‍ നിന്നു പ്രകാശിച്ചുകൊണ്ടിരുന്നു..
നിന്റെ ഇരുട്ടു കോരിയെടുത്ത ആ അനുസരണയുള്ള നായക്കുട്ടി
അവയ്ക്കു മുന്നില്‍ കാവലാളെ പോലെ വാലാട്ടി നില്ക്കുന്നു.
ഞാന്‍ മോഹിക്കുന്നു, നീ പുതിയതായി പിറന്നെങ്കില്‍..
കണ്ണു തുറക്കുമ്പോള്‍,
മഞ്ഞ് മൂടിയ സ്മരണകളുടെ വാതായനത്തില്‍,
ഒരു മാലാഖഹൃദയം കുഞ്ഞുവായില് കരയുന്നു..
വിശുദ്ധമായ കണ്ണുകളെ,
ഇതാ ലോകം മാടി വിളിക്കുന്നു,
ഒരു രതിമൂര്‍ച്ഛയില്‍ ഉയിര്‍കൊണ്ട ജീവന്റെ വിത്തായ്,
പിന്നെയുമേതോ ഗര്‍ഭപാത്രത്തിലെത്താന്‍..
ഒരു കമലയ്ക്കായി ജന്മലോകം ഇനിയും കാത്തുനില്ക്കുന്നു..
ബൂലോകം മാധവിക്കുട്ടി സ്പെഷ്യല്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങള്‍.
- ബൂലോകം മാധവിക്കുട്ടി സ്പെഷ്യല്‍ പതിപ്പ് ഇവിടെ വായിക്കാം
- ബൂലോകം മാധവിക്കുട്ടി സ്പെഷ്യല്‍ പതിപ്പ് എഡിറ്റോറിയല്‍ – ഡോക്ടര്‍ അരുണ്‍ കൈമള്‍ എഴുതുന്നു
- നാവിക വേഷം ധരിച്ച കുട്ടി – ഇന്ദു മേനോന് എഴുതുന്നു
- കമലാ, നീ ഇനിയും പിറക്കുക – പദ്മ എഴുതുന്നു
- ആ മുറിവേറ്റ പക്ഷി കൂടൊഴിഞ്ഞ് പറന്നകന്നിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം : ഷീബ രാമചന്ദ്രന് എഴുതുന്നു
- മാധവിക്കുട്ടി ഒരു അനുസ്മരണം : ഗ്രേസി എഴുതുന്നു
- മാധവിക്കുട്ടി, പ്രണയത്തിന്റെ തെളിനീരുറവ : ഷേയ എഴുതുന്നു
95 total views, 1 views today