‘കറുത്ത പൊന്നിന്റെ’ വിശേഷങ്ങള്‍

  283

  petroleum_boolokam

  പെട്രോളിയമാണ് ഇപ്പോള്‍ എവിടെയും ചൂടന്‍ ചര്‍ച്ചാവിഷയം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറയുമ്പോഴും ഇന്ത്യയില്‍ വീണ്ടും പെട്രോള്‍-ഡീസല്‍ വിലകള്‍ വര്‍ദ്ധിക്കുകയാണ്. പെട്രോളിയം മനുഷ്യന്റെ കുതിപ്പിന് ഊര്‍ജം പകരാന്‍ തുടങ്ങിയിട്ട് കാലം അധികം ആയിട്ടില്ല. എന്നാല്‍, ഈ കറുത്ത എണ്ണ അനുദിന ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിര്‍ണയിക്കാന്‍ ആവാത്തതാണ്. പെട്രോളിയത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍.

  • അനുദിനജീവിതത്തില്‍ ഏറ്റവും ആവശ്യമുള്ള രണ്ടു വസ്തുക്കളാണ് ഉപ്പും പെട്രോളിയവും. ഒരു കാലത്ത് ഉപ്പിന് പെട്രോളിയത്തെക്കാള്‍ വിലയുണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ കഴിയുമോ?
  • പണ്ടുകാലത്ത് ജീവിച്ചിരുന്ന ജീവികളുടെ ഫോസിലുകളില്‍ നിന്നാണ് പെട്രോളിയം ഉണ്ടാകുന്നത് എന്നതുകൊണ്ടാണ് അതിനെ ‘ഫോസില്‍ ഇന്ധനം’ എന്നും വിളിക്കുന്നത്.
  • ഏകദേശം 6.500 വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ മേസപ്പൊട്ടോമിയക്കാര്‍ പെട്രോളിയം ഉപയോഗിച്ചിരുന്നു. പെട്രോളിയത്തില്‍ നിന്നും കിട്ടുന്ന ടാര്‍ ഉപയോഗിച്ച് ഇഷ്ടികകള്‍ വെള്ളത്തില്‍ കുതിരാതെ സൂക്ഷിക്കാന്‍ ആയിരുന്നു ഇത്. ഇന്ധനം ആയിട്ടല്ല എന്ന് സാരം.
  • പെട്രാ എന്ന ലാറ്റിന്‍ വാക്കിന് പാറ എന്നാണ് അര്‍ത്ഥം. ഒലിയം എന്നാല്‍ എണ്ണ എന്നും. പണ്ടുകാലത്ത് പാറകളിലെ വിടവുകളില്‍ നിന്ന് ലഭിച്ചിരുന്നത് കൊണ്ടാണ് ഈ പേര് വന്നത് എന്ന് കരുതുന്നു.
  • പെട്രോളിയം ശുദ്ധീകരിച്ച് മണ്ണെണ്ണ ഉണ്ടാക്കാം എന്ന് കണ്ടെത്തിയത് കാനഡക്കാരനായ എബ്രഹാം ഗെസ്‌നര്‍ എന്ന ശാസ്ത്രഞ്ജന്‍ ആണ്.
  • പലതരം ഹൈഡ്രോകാര്‍ബണ്‍ തന്മാത്രകളുടെ മിശ്രിതം ആണ് പെട്രോളിയം. പ്രത്യേക രീതിയില്‍ ചൂടാക്കിയാണ് ഇവ വേര്‍തിരിച്ച് എടുക്കുന്നത്.
  • ഇത്തരത്തില്‍ ആംശികസ്വേദനം(Fractional Distillation) എന്ന പ്രക്രിയയിലൂടെ ആദ്യം ലഭിക്കുന്നത് വാതകങ്ങളാണ്. പിന്നെ പെട്രോളും മണ്ണെണ്ണയും പോലുള്ള ദ്രാവകങ്ങളും അവസാനം ടാറും മെഴുകും പോലെയുള്ള ഖരവസ്തുക്കളും.
  • അമേരിക്കയിലെ എഡിന്‍ബെര്‍ഗില്‍ 1851ല്‍ ജെയിംസ് യംഗ് എന്നയാള്‍ സ്ഥാപിച്ച റിഫൈനറി ആണ് ലോകത്തിലെ ആദ്യ എണ്ണ ശുദ്ധീകരണശാല.
  • എല്‍.പി.ജി., ബ്യൂട്ടേന്‍, പെട്രോള്‍, ഡീസല്‍, ജെറ്റ് ഫ്യുവല്‍, മണ്ണെണ്ണ എന്നിവയാണ് പെട്രോളിയത്തില്‍ നിന്നും ലഭിക്കുന്ന പ്രധാന ഇന്ധനങ്ങള്‍.
  • കേരളത്തിലെ ആദ്യത്തെ റിഫൈനറി എറണാകുളം ജില്ലയിലെ അമ്പലമുകളില്‍ സ്ഥിതി ചെയ്യുന്ന കൊച്ചിന്‍ റിഫൈനറി ആണ്.
  • ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല ഇന്ത്യയിലാണ്. ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറി. റിലയന്‍സ് കമ്പനിയുടെതാണ് ഈ വമ്പന്‍ റിഫൈനറി.
  • പെട്രോളിയത്തിന് വേണ്ടി ഒരുപാട് വലിയ യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1932 ലെ ചക്കോ യുദ്ധം (പരാഗ്വേയും ബോളിവിയയും തമ്മില്‍), തൊണ്ണൂറുകളിലെ ഇറാന്‍ഇറാക്ക് യുദ്ധം, ഗള്‍ഫ് യുദ്ധം എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടത്.
  • ഏകദേശം അഞ്ച് ലക്ഷത്തോളം രാസവസ്തുക്കളും എഴായിരത്തോളം നിത്യോപയോഗ സാധനങ്ങളും പെട്രോളിയത്തില്‍ നിന്ന് ഉണ്ടാക്കാം!!
  • എത്തനോള്‍, ബയോഡീസല്‍, സസ്യ എണ്ണകള്‍ എന്നിവ പെട്രോളിയത്തിന് പകരം ഉപയോഗിക്കാവുന്ന ചില ജൈവ എണ്ണകള്‍ ആണ്.
  • ഈജിപ്തുകാര്‍ മമ്മി ഉണ്ടാക്കുമ്പോള്‍ പെട്രോളിയത്തില്‍ നിന്നുള്ള ബിറ്റുമിനും ഉപയോഗിച്ചിരുന്നു.
  • പെട്രോളിയത്തിന്റെ അളവ് സൂചിപ്പിക്കുന്നത് ബാരല്‍ എന്ന യൂണിറ്റ് ഉപയോഗിച്ചാണ്. ഒരു ബാരല്‍ എന്നാല്‍ 159 ലിറ്ററിന് തുല്യമാണ്.
  • ഏറ്റവുമധികം പെട്രോളിയം ഉത്പാദിപ്പിക്കുന്നത് സൗദി അറേബ്യ ആണ്. ഏറ്റവും അധികം ഉപയോഗിക്കുന്നത് അമേരിക്കയും.
  • രാജ്യാന്തര എണ്ണ ഉല്‍പാദകരുടെ സംഘടന ആണ് ഒപെക്(OPEC). Organization of Pteroleum Exporting Coutnries എന്നതാണ് മുഴുവന്‍ പേര്.