കലാശക്കൊട്ടിനൊരുങ്ങി കേരളം !!!

0
304

Physical 3d map of Kerala, satellite outside.
Physical 3d map of Kerala, satellite outside.

 
കേന്ദ്രനേതൃത്വവും കേരളവും ഉത്കണ്ഠയോടെ മനക്കോട്ടകള്‍ കെട്ടി കാത്തിരുന്ന ദിവസമെത്തി. നാളെ കലാശക്കൊട്ട്. കേരളം ആരുഭരിക്കുമെന്ന് മെയ് 19ന് ജനം വിധിയെഴുതും. അടിയൊഴുക്കള്‍ പലതും സംഭവിക്കുമെന്ന് ഓരോ പാര്‍ട്ടികളും കണക്കുകൂട്ടുമ്പോഴും ആശങ്കകള്‍ ചെറുതല്ല ആരിലും. 140 നിയോജകമണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മല്‍സര രംഗത്തുള്ളത്. പഴയവരും പുതിയവരും കലാസാംസ്‌കാരിക മേഖലകളിലെ സെലിബ്രിറ്റികളും അടങ്ങിയ വന്‍പോരാട്ടത്തെ കേരളത്തിലെ ജനങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 28.71 ലക്ഷം പുതിയ വോട്ടര്‍മാര്‍ കൂടി ഇത്തവണ ജനവിധിയില്‍ പങ്കാളികളാകുന്നുണ്ട്. രാഷ്ട്രീയ നിരൂപകര്‍ വിശകലനങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. പബ്ലിസിറ്റിയുടെ കാര്യത്തില്‍ മൂന്ന് പാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. പ്രൊഫഷണല്‍ പരസ്യസമീപനങ്ങള്‍ സമര്‍ത്ഥമായും സമഗ്രമായും പരീക്ഷിക്കപ്പെട്ട ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. കാലാകാലങ്ങളിലായി അവലംബിച്ചുപോന്ന കീഴ്‌വഴക്കങ്ങളെ കടപുഴക്കിയെറിഞ്ഞ് ക്രിയാത്മകമായ പല രീതികളും പരീക്ഷിക്കപ്പെട്ട പുതിയകാല തിരഞ്ഞെടുപ്പായി മാറി ഇത്തവണ. അവസാന നിമിഷംവരെ വിവാദങ്ങള്‍ പിന്‍തുടര്‍ന്നെങ്കിലും ആത്മവിശ്വാസവും ശുഭപ്രതീക്ഷങ്ങളും എല്ലാവരിലും ഉണ്ട്. തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണങ്ങളും മറ്റ് ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. രാവിലെ പത്തുമണിമുതലാണ് വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചത്. വോട്ടെടുപ്പിനുശേഷം സീല്‍ ചെയ്ത വോട്ടിംഗ് മെഷീനുകള്‍ തിരികെ അതാത് കേന്ദ്രങ്ങളില്‍ എത്തിക്കും. കേന്ദ്രസംസ്ഥാന സുരക്ഷ സേനകളുടെ വിന്യാസങ്ങളും, വെബ് കാസ്റ്റിംഗ് സംവിധാനങ്ങളും പൂര്‍ത്തിയായി. ക്രമസമാധാനനില നിയന്ത്രിക്കാന്‍ വേണ്ടത്ര സന്നാഹങ്ങളും റെഡി.

ഇനിയെല്ലാം ജനം തീരുമാനിക്കും. സമൃദ്ധിയും, വികസനവും, സുരക്ഷയും, സമാധാനവും വാഗ്ദാനങ്ങളുടെ പട്ടികയില്‍ ഇത്തവണയും മുന്‍പന്തിയിലുണ്ട്. വാഗ്ദാനം വാക്കുകളില്‍ മാത്രമൊതുങ്ങുന്ന പഴയ കബളിപ്പിക്കലുകള്‍ക്ക് വരുംകാല തിരഞ്ഞെടുപ്പുകളിലൂടെ ജനം മറുപടി കൊടുക്കുമോ എന്നറിയാന്‍ നമുക്ക് മെയ് 19 വരെ കാത്തിരിക്കാം.