കാത്തു
ഇന്ന് നല്ല തെളിഞ്ഞ അന്തരീക്ഷമാണ്. ഇന്നലെ രാത്രിയില്‍ വൈകിയെത്തിയ മഴ ഉറക്കം സുഖകരമാക്കിയിരുന്നു. ഉറക്കത്തിന്റെ കെട്ടില്‍ നിന്നും മാറാത്ത എന്റെ കണ്ണുകള്‍ പകുതി അടച്ചിട്ട് ഹര്‍ത്താലിലാണ്. അമ്മ ഉണ്ടാക്കിത്തന്ന ചൂടുചായ ഊതിക്കുടിച്ചുകൊണ്ട് ഞാന്‍, മുറ്റത്ത് ഇന്നലത്തെ കാറ്റിന്റെയും മഴയുടെയും ശേഷിപ്പുകള്‍ നോക്കിയിരുന്നു. പ്രകൃതി ഒന്ന് ഉറഞ്ഞാടിയിട്ടുണ്ട്. കാത്തു.(അവള് എന്റെ അനന്തിരവളാണ്. വയസ്സ് രണ്ടായിട്ടേയുള്ളൂ.) , മുറ്റത്ത് മലവിസര്‍ജ്ജനം നടത്തുകയാണ്. അതിനിടയിലും, ഓടിനടന്ന് മുറ്റമെല്ലാം വൃത്തികേടാക്കാന്‍ എന്തൊരുല്സാഹമാണവള്ക്ക്? അമ്മയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം, ഇട്ടിരുന്ന കുട്ടിയുടുപ്പ് അവള് വലതുകൈ കൊണ്ട് അല്‍പ്പം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. കാക്കയോടും പൂച്ചയോടുമൊക്കെ കലപിലാ ഒച്ചയുണ്ടാക്കുകയാണവള്. അവള് പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയതില്‍ പിന്നെ വീട്ടുവളപ്പില്‍ ഒരു പട്ടിയോ പൂച്ചയോ കയറിയ ചരിത്രമുണ്ടായിട്ടില്ല.
76 total views

ഇന്ന് നല്ല തെളിഞ്ഞ അന്തരീക്ഷമാണ്. ഇന്നലെ രാത്രിയില്‍ വൈകിയെത്തിയ മഴ ഉറക്കം സുഖകരമാക്കിയിരുന്നു. ഉറക്കത്തിന്റെ കെട്ടില്‍ നിന്നും മാറാത്ത എന്റെ കണ്ണുകള്‍ പകുതി അടച്ചിട്ട് ഹര്‍ത്താലിലാണ്. അമ്മ ഉണ്ടാക്കിത്തന്ന ചൂടുചായ ഊതിക്കുടിച്ചുകൊണ്ട് ഞാന്‍, മുറ്റത്ത് ഇന്നലത്തെ കാറ്റിന്റെയും മഴയുടെയും ശേഷിപ്പുകള്‍ നോക്കിയിരുന്നു. പ്രകൃതി ഒന്ന് ഉറഞ്ഞാടിയിട്ടുണ്ട്. കാത്തു.(അവള് എന്റെ അനന്തിരവളാണ്. വയസ്സ് രണ്ടായിട്ടേയുള്ളൂ.) , മുറ്റത്ത് മലവിസര്‍ജ്ജനം നടത്തുകയാണ്. അതിനിടയിലും, ഓടിനടന്ന് മുറ്റമെല്ലാം വൃത്തികേടാക്കാന്‍ എന്തൊരുല്സാഹമാണവള്ക്ക്? അമ്മയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം, ഇട്ടിരുന്ന കുട്ടിയുടുപ്പ് അവള് വലതുകൈ കൊണ്ട് അല്‍പ്പം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. കാക്കയോടും പൂച്ചയോടുമൊക്കെ കലപിലാ ഒച്ചയുണ്ടാക്കുകയാണവള്. അവള് പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയതില്‍ പിന്നെ വീട്ടുവളപ്പില്‍ ഒരു പട്ടിയോ പൂച്ചയോ കയറിയ ചരിത്രമുണ്ടായിട്ടില്ല.
കാത്തുവിന്റെ കലാപരിപാടികള്‍ മുറ്റത്ത് തകര്‍ത്താടുകയാണ്. ഞാന്‍ പടിയിലിരുന്ന ദിനപത്രം വായിക്കാനായി കൈയ്യിലെടുത്തു. പക്ഷെ വായിക്കാന്‍ തോന്നിയില്ല. അവളുടെ ഓര്‍മ്മകള്‍ ഇപ്പോഴും എന്നെ വേട്ടയാടുകയാണ്. കൌമാരം ബാക്കിവെച്ചിട്ടുപോയ ഒരു പ്രണയകാവ്യത്തിന്റെ ഏടുകളിലെവിടെയോ അവള് ഇന്നും ജീവിച്ചിരിക്കുന്നു. ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ക്ക് എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാകും എന്നെനിക്കറിയില്ല. പക്ഷെ ഇപ്പോഴും അവള് എന്റെ പഴയ കളിത്തോഴി തന്നെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും അത് അങ്ങനെതന്നെയായിരിക്കും. കാരണം അവളെ എനിക്ക് ഒരിക്കല്‍ കൂടി കാണാന്‍ കഴിയും എന്നതിന് യാതൊരുറപ്പുമില്ല. ജീവിതത്തിലെ പ്രശ്നങ്ങളില്‍ അവളുടെ ഓര്‍മ്മകള്‍ എനിക്കേകിയ തണല്‍ മരങ്ങള്‍, എന്റെ ജീവിതപാതയില് എന്നുമുണ്ടാകും.
കാത്തു, പറമ്പില്‍ നിന്നും രണ്ടു ചെറിയ കാച്ചില്കിഴങ്ങുകളുമായി പിച്ചവെച്ചു കയറിവന്നു. മലവിസര്ജ്ജനത്തിന്നു ശേഷം അമ്മ അവള്‍ക്ക് അനുബന്ധ കര്‍മ്മങ്ങളെല്ലാം ചെയ്തുകൊടുത്തോ എന്ന്, പിന്‍ഭാഗം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടാണ് ഞാന്‍ അകത്തേക്ക് കയറ്റിവിട്ടത്. അച്ഛന് തൊടിയില്‍ തൂമ്പകൊണ്ട് കിളയ്ക്കുന്ന ശബ്ദം കേള്‍ക്കുന്നു. കാത്തുവിന്റെ കൈയ്യിലെ കിഴങ്ങ് അച്ഛന് കൊടുത്തുവിട്ടതാണ്. അവള്‍ക്ക് ബാക്കി കിഴങ്ങുകള്കൂടി പെറുക്കിയെടുത്തുകൊണ്ട് വരാനുള്ള ഉത്സാഹം വര്‍ധിച്ചിരിക്കുന്നു. നിക്കറിടാനായി അമ്മയെടുത്തപ്പോള് അവള് കൈയ്യില്‍ നിന്നും കുതറിയോടി. ഞാന്‍ പിടിച്ചു നിര്‍ത്തി നിക്കറിടീച്ചു. അതിനു കൂലിയെന്നോണം മുഖത്തിനിട്ടോരു അടിയും വെച്ചുതന്നു.
ഞാന്‍ ഇടയ്ക്കിടയ്ക്ക് അവളെ നുള്ളുകയും അടിക്കുകയുമൊക്കെ ചെയ്യും. ചുണ്ടുമലര്ത്താന് തുടങ്ങുമ്പോഴേക്കും ഞാന്‍ ചെന്ന് വാരിയെടുക്കും. അപ്പോഴും പിണക്കമായിരിക്കും. അലമാരിയില്‍ കാത്തുവിന്റെ കൈയെത്താത്തിടത്ത് അമ്മ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഫോറിന് ചോക്കാലേറ്റുകളില് ഒരെണ്ണമെടുത്തു ഞാന്‍ കൈയ്യില്‍ കൊടുക്കും. ഞാനുമൊരെണ്ണം വേണമെങ്കില്‍ അകത്താക്കും. പിന്നെ വേഗം അവളുടെ പങ്ക് തിന്നിട്ട് എന്റെ പങ്കു കൂടി വായിലാക്കാനുള്ള ധൃതിയിലായിരിക്കും വില്ലത്തി. അവളുടെ അമ്മ, അതായത് എന്റെ പ്രിയ സഹോദരി ജോലി കഴിഞ്ഞു വീട്ടില്‍ വന്നുകേറിയാല്‍ പിന്നെ, അവള് എന്നേ കണ്ട ഭാവം നടിക്കില്ല.
ഞാന്‍ കൈയ്യിലിരുന്ന ദിനപത്രം കാത്തുവിന്റെ കൈയ്യെത്താത്തിടത്തേക്കു സുരക്ഷിതമായി മടക്കിവെച്ചു. അവളുടെ കൈയ്യില്‍ കിട്ടിയാല്‍ പിച്ചിക്കീറി അത് ഉപയോഗശൂന്യമാക്കിക്കളയും. വീട്ടിലിരിക്കുന്ന എല്ലാത്തിലും അവളുടെ ഒരു കണ്ണ് എപ്പോഴുമുണ്ടാകും. ഒന്നിനേയും അവള് ചിതലിനുപോലും വിട്ടുകൊടുക്കില്ല. അതാണ് സ്വഭാവം. എന്റെ ലൈബ്രറി പുസ്തകങ്ങളുടെ പുറം താളുകള്‍ വികൃതമാക്കാന്‍ അവള് കാണിച്ചിരുന്ന ശുഷ്കാന്തി പൂജാമുറിയിലിരിക്കുന്ന, അച്ഛന്റെ ഭാഗവതത്തിനോടുപോലും കാണിച്ചിരുന്നു. കാത്തുവിന്റെ പരാക്രമങ്ങള്‍ അസഹനീയമാകുമ്പോള്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് കൊടുക്കാറുള്ള മര്‍ദ്ദനങ്ങള്‍ താല്ക്കാലികമായ ആശ്വാസത്തിനുപകരിക്കാറുണ്ട്. അതുകൊണ്ടുതന്നെ ‘മാമന്’ എന്നു കേട്ടാല്‍ ഒരല്പം ഭായ ഭക്തി ബഹുമാനം അവള്‍ക്ക് തോന്നിയിരുന്നു എന്നത് നിര്‍ബന്ധമായും എടുത്തുപറയേണ്ടുന്ന ഒരു വസ്തുതതന്നെയാണ്.
കാത്തു അടുക്കളയില്‍ അമ്മയുമായി ഗുസ്തി പിടിക്കുകയാണ്. ഞാന്‍ മുറ്റത്തേക്കിറങ്ങി. അവളുടെ വിസര്ജ്ജനാവശിഷ്ട്ടങ്ങള് മുറ്റത്തെവിടെയെങ്കിലും ബാക്കി കിടപ്പുണ്ടോ എന്നു സൂക്ഷിച്ചുനോക്കി, ഇല്ലെന്നുറപ്പുവരുത്തി. അതൊക്കെ അമ്മയുടെ ജോലിയാണ്. എന്നാലും ഒരു കരുതലുണ്ടാകണമല്ലോ.
ഇന്നലത്തെ മഴയില്‍ മണ്ണ് നന്നായിട്ടോന്നു നനഞ്ഞിട്ടുണ്ട്. എവിടെനിന്നോ മഴവെള്ളത്തില്‍ ഒലിച്ചുവന്ന ചപ്പുചവറുകള്‍ മുറ്റമാകെ വൃത്തികേടാക്കിയിരിക്കുന്നു. അപ്പൂപ്പന് ഒരു പശുക്കിടാവിനേയും കൊണ്ട് തൊടിയിലേക്ക് കയറിവന്നു. അതിനെ മണ്ടപോയ മച്ചിത്തെങ്ങില് കെട്ടിയിട്ട് അപ്പൂപ്പന് വീടിനുള്ളിലേക്ക് കയറിപ്പോയി. പശുക്കിടാവ് സാമാന്യം നല്ല ഉച്ചത്തില്‍ കരയുന്നുണ്ട്. കാത്തു വീടിനുള്ളില്‍ നിന്നും അതേ ശബ്ദത്തില്‍ മറുപടി കൊടുക്കുന്നു. അവള് അമ്മയുടെ കണ്ണുവെട്ടിച്ച് പുറത്തു ചാടി. പടിയില്‍ തട്ടി ഒരു കുട്ടിക്കരണം മറിഞ്ഞ് അവള് മുറ്റത്തേക്ക് വന്നുവീണു. അവളുടെ കരച്ചിലിപ്പോള്‍ പശുക്കിടാവിന്റെ കരച്ചിലിനോപ്പം മുഴങ്ങിക്കേള്‍ക്കാം. ഞാന്‍ ഓടിച്ചെന്ന് അവളെ വാരിയെടുത്തു. കാല്‍മുട്ട് ചെറിയതോതില്‍ ഉരഞ്ഞിട്ടുണ്ട്. സാരമാക്കാന്നില്ല. കണ്ണുനീരൊഴുകുന്ന ആ പിഞ്ചു കവിള്‍ത്തടത്തില്‍ ഞാനൊരു കുഞ്ഞുമ്മ കൊടുത്തു. അലമാരിയില്‍ നിന്നും ഒരു ഫോറിന് ചോക്കളേറ്റുകൂടി കുറഞ്ഞു. ചോക്കളേറ്റിനു വേണ്ടി വേണമെങ്കില്‍ ഒരല്പം മുട്ടുപൊട്ടിക്കാനും അവള് മടിക്കില്ല. കള്ളിക്കാത്തു.
അപ്പൂപ്പന് പോയ പുറകിന് ഒന്നുരണ്ടാളുകള്‍ മുറ്റത്തേക്ക് കയറിവന്നു. ഇരുവരും അച്ഛന്റെ ബാല്യകാല സുഹൃത്തുക്കളാണ്. വന്നപാടെ അച്ഛനെ അന്വേഷിച്ചു. ഞാന്‍ അവരെ തൊടിയിലേക്ക് നയിച്ചു. എന്നിട്ട് അമ്മയോട് രണ്ടു ചായയിടാന്‍ പറഞ്ഞു. കൂട്ടത്തില്‍ ഒരു ചായ എനിക്കും. ഉടനെ കാത്തുവും ഒരു കുഞ്ഞിചായക്ക് ആവശ്യപ്പെട്ടു. ‘നിച്ചും വേനം’ എന്നേ പറയൂ. ബാക്കിയെല്ലാം നമ്മള് ഊഹിച്ചെടുക്കണം. ഇപ്പോള്‍ തൂമ്പ മണ്ണില്‍ കൊള്ളുന്ന ശബ്ദം കേള്‍ക്കുന്നില്ല. അമ്മ ഫ്രിഡ്ജില്‍ നിന്നും തണുത്ത പാല് പുറത്തെടുത്തു. കാത്തു ചായയുണ്ടാക്കുന്നത് കണ്ടുപടിക്കുകയാണ് എന്ന് തോന്നുന്നു. അമ്മയുടെ സാരിത്തുമ്പിന്റെ അറ്റം അവളുടെ വായിലുണ്ട്. പണ്ട് അത് എന്റെ വായിലായിരുന്നു. ഇനിയും ഒന്നുരണ്ടു തലമുറകള്‍കൂടി ആ സാരിത്തുമ്പ് കടിച്ചുപിടിക്കാന്‍ ഉണ്ടാകും. ഞാന്‍ അച്ഛനും കൂട്ടുകാര്‍ക്കും ചായകൊണ്ടുക്കൊടുത്തു. കൂടെ രാവിലത്തെ രണ്ടുമൂന്ന് ഇലയപ്പവും കൊടുത്തു. ഇനി ബാല്യകാല സുഹൃത്തുക്കളെ വേണ്ടവിധം നോക്കിയില്ല എന്നു പറയില്ലല്ലോ. കാത്തു, അവള്‍ക്കു കൊടുത്ത അപ്പം താഴെക്കളഞ്ഞിട്ട് ഇലവെച്ച് കളിക്കുകയാണ്. അതിനു ഞാന്‍ ചെറുതായൊന്ന് ഒച്ചയിട്ടു. ചുണ്ടു മലര്ത്താന് തുടങ്ങിയപ്പോഴേക്കും താഴെ വീണ ഇലയപ്പത്തിന്റെ ഒരു കഷണമെടുത്തു ഞാന്‍ വായിലേക്ക് വെച്ചുകൊടുത്തു.
അച്ഛന്റെ കൂട്ടുകാര്‍ പോകാനിറങ്ങി. ഇരുവരും വന്നത് അച്ഛന്റെ കയ്യില്‍നിന്നും ‘മിലിട്ടറി സാധനം’ വാങ്ങാനാണ്. പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വന്ന ശേഷം കുറേശ്ശെ കള്ളുകച്ചവടം തുടങ്ങിയിട്ടുണ്ട്. പരിച്ചയക്കാര്ക്കുവേണ്ടി പട്ടാളക്കാരുടെ കാന്റീനില്‍ നിന്നും അച്ഛന് കുപ്പികള്‍ വാങ്ങി വില്‍ക്കും. ഈ സാധനത്തിന്നു മാത്രം ആള്‍ക്കാര്‍ക്കിടയില്‍ നല്ല ഡിമാന്റ് ആണ്. മാസത്തില്‍ ഒരു കുപ്പി വെച്ച് അച്ഛനും എടുക്കും. രാത്രികാലങ്ങളില്‍ മദ്യപിച്ച ശേഷം അദ്ദേഹം തന്റെ പഴയകാല ചരിത്രം ഓരോന്നായി വിളമ്പും. കേട്ടിരിക്കാന്‍ നല്ല രസമാണ്. ഒരിറ്റു വറ്റിനുവേണ്ടി നെട്ടോട്ടമോടിയിരുന്ന ആ കാലം രസകരമായി തോന്നുമെങ്കിലും അവരുടെ വിയര്‍പ്പിലും കണ്ണുനീരിലും കെട്ടിപ്പൊക്കിയ സൌധങ്ങളില്‍ നമ്മള് എത്രയോ സുരക്ഷിതരാണെന്ന സത്യം പലപ്പോഴും ഞാന്‍ ഓര്‍ത്തിട്ടുണ്ട്.(എന്റെ അപൂര്‍ണമായ നോവലില്‍ നിന്നും എടുത്തത്. ‘ഒരവധിക്കാലത്തിലേയ്ക്ക്’)
77 total views, 1 views today
