കാന്‍സര്‍ – കഥ
‘ഞാനൊരു കാന്‍സര്‍ രോഗിയാണ്.പേര് ഉഷ.മുപ്പത്താറ് വയസ്സുള്ള ഞാന്‍ തിരുവനന്തപുരം പട്ടത്താണ് താമസം.ആകെ ഉണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലം എന്റെ ചികിത്സക്കായി വിറ്റു. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ എനിക്ക് ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകള്‍ ഉണ്ട്. തിരുവന്തപുരം ഞ.ഇ.ഇ യില്‍ നിന്നും റേഡിയേഷനും കീമോതെറാപിയും കഴിഞ്ഞെങ്കിലും ഇപ്പോഴും ചികിത്സ തുടരുന്നു. എന്തെങ്കിലും ജോലി ചെയ്ത് കുടുംബം പുലര്‍ത്താനുള്ള ആരോഗ്യം എനിക്കില്ല. സഹായിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. ഈ വായിച്ചത് സത്യമാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണം എന്ന് അപേക്ഷിക്കുന്നു..
68 total views

‘ഞാനൊരു കാന്‍സര്‍ രോഗിയാണ്.പേര് ഉഷ.മുപ്പത്താറ് വയസ്സുള്ള ഞാന്‍ തിരുവനന്തപുരം പട്ടത്താണ് താമസം.ആകെ ഉണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലം എന്റെ ചികിത്സക്കായി വിറ്റു. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ എനിക്ക് ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകള്‍ ഉണ്ട്. തിരുവന്തപുരം ഞ.ഇ.ഇ യില്‍ നിന്നും റേഡിയേഷനും കീമോതെറാപിയും കഴിഞ്ഞെങ്കിലും ഇപ്പോഴും ചികിത്സ തുടരുന്നു. എന്തെങ്കിലും ജോലി ചെയ്ത് കുടുംബം പുലര്‍ത്താനുള്ള ആരോഗ്യം എനിക്കില്ല. സഹായിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. ഈ വായിച്ചത് സത്യമാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണം എന്ന് അപേക്ഷിക്കുന്നു..
എന്ന്,
ഉഷ’
ഇത്തരം കത്തുകള്‍ ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും അവസാനം ഇങ്ങനെ വിശ്വസിക്കുന്നുവെങ്കില്‍ മാത്രം സഹായിക്കാന്‍ പറയുന്ന കത്ത് ആദ്യമായി ഞാന്‍ കാണുകയായിരുന്നു.. പക്ഷെ അത് വിശ്വസിക്കാതിരിക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല.. എന്റെ പടി കടന്നു അവര്‍ കയറി വന്നപ്പോഴേ എനിക്ക് തോന്നിയിരുന്നു, ഒരു കാന്‍സര്‍ രോഗിയായിരിക്കാന്‍ സാധ്യത ഉണ്ടെന്ന്. മെലിഞ്ഞുണങ്ങി തേജസ്സറ്റ ശരീരം.കുഴിഞ്ഞു ജീവസ്സറ്റ കണ്ണുകള്‍. തലയില്‍ കുറ്റി മുടി. കണ്ടാല്‍ ഒരു നാല്പത്തഞ്ചു അന്‍പത് വയസ്സ് തോന്നിക്കും. ഞാനാ പേപ്പര്‍ തിരികെ കൊടുത്തു..
‘വല്ലതും കഴിച്ചതാണോ…?’ ഞാന്‍ ചോദിച്ചു
അവര്‍ അതേയെന്നു തലയാട്ടി..അവരെ വാതില്കല് നിര്‍ത്തിയിട്ട് ഞാന്‍ അകത്തേക് പോയി.അടുക്കളയില്‍ ചെന്ന് അമ്മയോട് പുറത്തു നില്ക്കുന്ന സ്ത്രീക്ക് കുടിക്കാനെന്തെങ്കിലും കൊടുക്കാന്‍ പറഞ്ഞു. അമ്മ ചോദിച്ചു,
‘ആരാ അത്..?’
‘സഹായം ചോദിച്ചു വന്നതാ.. കാന്സെറാത്രെ.. ആരുമില്ല.. ഇവിടെ പട്ടത്ത് എങ്ങണ്ടാ വീട്..’ ഞാന്‍ പറഞ്ഞു.
അമ്മക്ക് ഇത്തരക്കാരോട് പ്രത്യേക അനുകമ്പയാണ്.ടിവിയിലും പത്രത്തിലുമൊക്കെ വരുന്ന സഹായമര്ഭ്യത്ഥിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ വായിച്ചു ഒരുപാടു നേരം ചിന്തിച്ചിരിക്കുന്നതും ഇടയ്ക്കിടെ നെടുവീര്പെടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.. ചിലതൊക്കെ എന്നെ കാണിച്ചു നിനക്കും നിന്റെ കൂട്ടുകാര്‍ക്കും ഇവരെ എന്തേലും സഹായിച്ചു കൂടെ എന്നും ചോദിച്ചിട്ടുണ്ട്..
ഫ്രിഡ്ജില്‍ നിന്നും നേരത്തെ കലക്കി വച്ചിരുന്ന ഓറഞ്ച്നിറത്തിലുള്ള വെള്ളം ഗ്ലാസ്സിലേക്ക് പകരുന്നതിനിടയില്‍ അമ്മ ചോദിച്ചു,
‘നീ വല്ലതും കൊടുത്തോ…?’
‘ഇല്ല.. ഒരമ്പതു രൂപ കൊടുക്കാം…’ ഞാനമ്മയെ നോക്കി.
അമ്മ ഒന്നും മിണ്ടാതെ ഗ്ലാസ്സുമായി പുറത്തേക്കു പോയി. ഞാന്‍ മുറിയില്‍ പോയി പേഴ്സില്‍ നിന്നും ഒരു നൂറു രൂപ നോട്ടുമെടുത്തു തിരിച്ചു വന്നു..
വെള്ളത്തിനു തണുപ്പ് കൂടുതലാണെന്ന് തോന്നുന്നു. ആ സ്ത്രീ വളരെ സാവധാനം ഓരോ കവിള് വീതം കുടിക്കുന്നത് കണ്ടു.ഞാനും അമ്മയും അവരെ സാകൂതം നോക്കി നിന്നു.. ദൈവം നമുക്കൊക്കെ എന്തൊരു ഭാഗ്യ ജന്മമാ തന്നിരിക്കുന്നത് എന്ന് ഞാന്‍ ഓര്‍ത്തു..
അവര്‍ ഗ്ലാസ് തിരികെ കൊടുത്തപ്പോള്‍ ഞാനാ നൂറു രൂപ നോട്ട് അവര്‍ക്ക് കൊടുത്തു. അവരുടെ വരണ്ട കണ്ണുകളില്‍ എവിടെയോ ഒരു തിളക്കം ഉണ്ടായോ..? ഇല്ലെങ്കിലും ഞാന്‍ അങ്ങനെ വിശ്വസിച്ചു. നൂറു രൂപയൊക്കെ ആര് ധര്‍മം കൊടുക്കാനാണ്.. അവര്‍ നന്ദി പറഞ്ഞു തൊഴുത് പടിയിറങ്ങിപ്പോയി..
എന്നാല്‍ അമ്മയുടെ കണ്ണില്‍ ഞാനൊരു തിളക്കം കണ്ടു.അമ്പതിന് പകരം നൂറു കൊടുത്തിട്ടായിരിക്കും..അമ്മയുടെ വിചാരം എനിക്ക് ഒരുപാട് വരുമാനം ഉണ്ടെന്നാണ്..ഇത് പോലെ പത്തു പേര്‍ക്ക് ധര്‍മം കൊടുത്താല്‍ തന്നെ തീരും ആയിരം രൂപ..
ഞാനെന്റെ അവധിദിനചര്യകളായ ടിവികാണല്‍, ഫേസ്ബുക്കിംഗ്,ചാറ്റിങ് എന്നിവയുമായി സമയം കളഞ്ഞു കൊണ്ടിരുന്നു..വൈകുന്നേരമായപ്പോഴാണ് ഒരു സുഹൃത്തിന്റെ ഫോണില്‍ നിന്നും ഞാനാ വാര്‍ത്ത! കേള്‍ക്കുന്നത്, സഹായമര്ഭ്യത്ഥിച്ചു വീടുകള്‍ തോറും കയറി ഇറങ്ങി നടന്ന ഒരു സ്ത്രീ കുറച്ചകലെ ഒരു വീടിന്റെ ടെറസ്സില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തുവത്രേ..
എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.. ഞാന്‍ അമ്മയോട് കാര്യം പറയാതെ ബൈക്കുമെടുത്ത് അങ്ങോട്ടേക്ക് പാഞ്ഞു.. എന്റെ നെഞ്ചിടിപ്പ് എനിക്ക് കേള്‍ക്കാമായിരുന്നു.. ഞാന്‍ മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു, ‘ഏയ്, ഇത് വേറെ ഏതെങ്കിലും സ്ത്രീ ആയിരിക്കും.. അവര്‍ ആത്മഹത്യ ചെയാന്‍ സാധ്യതയേ ഇല്ല..’
എന്റെ വീട്ടില്‍ നിന്നും കഷ്ടിച്ച് രണ്ടു കിലോമീറ്റര്‍ മാറി, ഒരു ഇരുനില വീടിന്റെ മുന്നില്‍ ആള്ക്കാര് കൂടി നില്‍ക്കുന്നത് കണ്ടു.. പോലീസ് അപ്പോള്‍ എത്തിയതെയുള്ളൂ..അവര്‍ നിലത്ത് കമിഴ്ന്നു കിടന്നിരുന്ന സ്ത്രീയുടെ മൃതദേഹത്തിനു ചുറ്റും കൂടി നിന്നവരെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നു.. കൂട്ടത്തില്‍ ആരോ ഒരാള്‍ അത് മൊബൈലില്‍ പകര്‍ത്താനും ശ്രമിക്കുന്നുണ്ട്..
പുറകോട്ടൊഴിഞ്ഞു മാറുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ ഒരു വട്ടം ആ ശരീരം കണ്ടു.. അത് അവര്‍ ആയിരിക്കരുതേ എന്ന എന്റെ പ്രാര്‍ത്ഥന വിഫലമായിരുന്നു..ഒന്നേ നോക്കിയുള്ളൂ.. ഞാന്‍ വേഗം പുറകോട്ടു മാറി..
ഇനിയും കാണാന്‍ വയ്യ..മനസ്സിനുള്ളില്‍ ഒരു പുകപടലം വ്യാപിക്കുന്നത് ഞാന്‍ അറിഞ്ഞു..
ഇടയ്ക്ക് ആരോ ആരോടോ പറയുന്നുണ്ടായിരുന്നു,
‘ബലാത്സംഗം ചെയ്തതാ…’
‘ആണോ.. ?!. ഇവിടെ താമസിക്കുന്ന ആ കോളേജ് പിള്ളെരോ..?’
‘ആ.. അവന്മാര് ഇതും ചെയും ഇതിനപ്പുറവും ചെയും.. ഫുള്‍ടൈം വെള്ളത്തിലല്ലേ…’
‘എന്നിട്ട് പിള്ളാര് എവിടെ..?’
‘അവന്മാര് എപ്പോഴേ മുങ്ങിക്കാണും..’
‘ഇനി സ്വയം ചാടിയതാണോ.. ? അതോ….’
നെഞ്ചിലൊതുങ്ങാത്തത്ര ഭാരവുമായി ഞാന്‍ തിരിച്ചു നടന്നു പുറത്തിറങ്ങി.. അവരുടെ കത്തില്‍ പറഞ്ഞിരുന്ന പോലെ ഇത് സത്യമാണെന്ന് വിശ്വസിക്കാന്‍ എനിക്ക് പ്രയാസം തോന്നി.. എന്റെ ഉള്ളില്‍ അവരുടെ ദൈന്യത നിറഞ്ഞ ആ മുഖവും ഞാന്‍ കണ്ടിട്ടില്ലാത്ത അവരുടെ മകളുടെ രൂപവും മങ്ങിയും തെളിഞ്ഞും മാറി മാറി കടന്നു വന്നു..
ശ്വാസം മുട്ടിപ്പിടയുന്ന മങ്ങിയ കാഴ്ചകളുടെ ഹൃദയ ഭേദകമായ നിലവിളി കേട്ടു ഞാന്‍ തളര്‍ന്നു പോയി..
ശരീരത്തില്‍ വന്ന കാന്‍സര്‍ അവര്‍ സധൈര്യം നേരിട്ടൂ.. പക്ഷെ സമൂഹത്തില്‍ പടരുന്ന ഇത്തരം കാന്‍സെറുകളെ നേരിടാന്‍ അവര്‍ക്കായില്ലല്ലോ.. ഞാന്‍ ഓര്‍ത്തു,
അത്യാഹിതമായി ചികിത്സിക്കപ്പെടേണ്ട കാന്‍സര്‍ ഇതിലേതാണ്?
69 total views, 1 views today
