കാപ്പിലാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ ബ്ലോഗറുമായി അഭിമുഖം

644

2Q – പ്രിയ കാപ്പിലാന്‍ ,

ഫേസ്ബുക്കും റ്റ്വിറ്ററും ജനകീയമാകുന്നതിനു മുന്‍പ്, മലയാളം ബ്ലോഗ്ഗില്‍ ഗ്രൂപ്പുകളിയും കുതികാല്‍ വെട്ടും അരങ്ങുവാഴുന്നതിനു മുന്‍പ്, അഞ്ചു വര്‍ഷത്തോളം ഈ മാദ്ധ്യമത്തിനെ ഒറ്റക്കെന്നതുപോലെ ചുമലിലേറ്റി, മലയാളം ബ്ലോഗ്ഗിലെ കിരീടം വയ്ക്കാത്ത രാജാവായി ‘തോന്ന്യാശ്രമത്തില്‍ ‘ വാണ പ്രഗത്ഭ ബ്ലോഗ്ഗെറാണ് താങ്കള്‍ . താങ്കള്‍ ‘സൂപ്പെര്‍ സ്റ്റാര്‍ ബ്ലോഗ്ഗര്‍’ ആയി വിലസുന്ന കാലത്ത് താങ്കളുടെ ബ്ലോഗ്ഗില്‍ കമന്ടിട്ടും താങ്കളുടെ പുറം ചൊറിഞ്ഞും നടന്ന ചില ‘വാല്‍ട്യൂബുകള്‍ ‘ പില്‍ക്കാലത്ത് തങ്ങളാണ് സൂപ്പര്‍ ബ്ലോഗ്ഗര്‍മാര്‍ എന്ന് പ്രഖ്യാപിക്കുന്ന സ്ഥിതി വരെയെത്തുകയും താങ്കള്‍ മലയാളം ബ്ലോഗ്ഗിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് തള്ളി മാറ്റപ്പെടുകയും ചെയ്തു. ഇത് മലയാളം ബ്ലോഗ് ഇന്നേവരെക്കണ്ട ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണ് എന്ന് ഇന്നും പാണന്മാര്‍ പാടി നടക്കുന്നു ബൂലോകത്ത്. ആരാണ് ഇതിനു പിന്നില്‍ ? കാപ്പിലാനെ ആരെങ്കിലും ചതിച്ചതാണോ ? ആരുടെയെങ്കിലും കാലു വാരല്‍ കൊണ്ടാണോ താങ്കള്‍ ആ രാജപദവിയില്‍ നിന്നും നിഷ്‌കാസിതനായത് ? ദയവായി തുറന്നു പറയൂ..

ഒന്നും എന്റെതായി ഉണ്ടായിട്ടില്ല ! സ്‌നേഹമാണ് അഖില സാരമൂഴിയില്‍ എന്ന് വിശ്വസിക്കുകയും ഇപ്പോഴും സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനും വാഞ്ചിക്കുന്ന ഒരു ഹൃദയവുമായി ഒരു ക്രിസ്തുമസ് തലേന്ന് ബൂലോകത്തില്‍ പിറന്നു വീണ ഉണ്ണിയാണ് ഞാന്‍ ! പില്ക്കാലത്ത് ഉണ്ണിയാര്‍ച്ചയും ആരോമല്‍ ചേകവരും ഒക്കെ ആയി മാറിയെങ്കിലും.. എന്റെ സ്‌നേഹത്തെ ചൊല്ലിയാണ് അവരും ഞാനും തമ്മില്‍ കലഹങ്ങള്‍ ഉണ്ടായത് ! എന്റെ സ്‌നേഹം കുറഞ്ഞു പോയോ എന്ന സംശയം !! ചതിയനായ ചന്തു എന്ന പേര് !!

വാല്‍ ട്യൂബുകള്‍ എന്ന പേരൊന്നും ഞാന്‍ അവരെ വിളിക്കില്ല.. ഞാന്‍ പേര് ചൊല്ലി ബൂലോകത്തിലെക്കയച്ച മക്കള്‍ ഇപ്പോഴും ആ പേരുകളില്‍ തന്നെ അറിയപ്പെടുമ്പോള്‍ അഭിമാനിക്കുന്ന ഒരു തന്തയാണ് ഞാന്‍ ! ഞാന്‍ ഒരിക്കലും ബാലകൃഷണ പിള്ള അല്ലല്ലോ !

ജീവിത തിരക്കുകള്‍ കാരണം അല്‍പ കാലം ബൂലോകത്ത് നിന്നും മാറി നിന്നു എന്ന് മാത്രം. എന്നെ ആരും തള്ളി മാറ്റിയതും ഉന്തി മാറ്റിയതും ഒന്നുമല്ല. ഇതിലും വലിയ വെള്ളിയാഴ്ച ബാപ്പ പള്ളീല്‍ പോയില്ല. പിന്നാണ് ഇപ്പോള്‍ .. എന്നെ ഉന്തി മാറ്റാന്‍ ശ്രമം നടന്നിരുന്നു. പക്ഷെ അതെത്രത്തോളം വിജയിച്ചു എന്ന് വരണ്ടുണങ്ങി വെണ്ണീര്‍ ഈ ബ്ലോഗിലെ മണ്ണ് കാണുമ്പോള്‍ അത് പറയും. കൃഷി ചെയ്തെങ്കിലെ മണ്ണ് ഫലം തരൂ !

Q – താങ്കളുടെ തോന്ന്യാശ്രമത്തില്‍ ഒന്നെങ്കിലും കയറി ഇറങ്ങാത്തവന്‍ /അവള്‍ മലയാളം ബ്ലോഗ്ഗില്‍ ഒരിക്കലും ഗുണം പിടിക്കില്ല എന്നൊരു വിശ്വാസം [?അന്ധവിശ്വാസം] പോലുമുണ്ടായിരുന്നു അക്കാലത്ത്. അങ്ങനെ സന്യാസിവേഷത്തില്‍ ആശ്രമ ഗുരുവായി വിളയാടിയ താങ്കള്‍ക്കു ബ്ലോഗ്ഗില്‍ ഒരു അമാനുഷ പരിവേഷം കല്‍പ്പിച്ചു കിട്ടിയിരുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. അതെല്ലാം നഷ്ട്ടമാവാന്‍ കാരണം നമ്മുടെ നാട്ടിലെ സന്തോഷ് മാധവന്‍ ടൈപ്പ് സന്യാസികള്‍ക്ക് സംഭവിച്ചതുപോലെ, താങ്കളുടെയും കയ്യിലിരുപ്പുകൊണ്ടാണ് എന്ന് ചിലര് പറയുന്നുണ്ടല്ലോ ?

പണ്ട് എന്റെ ആശ്രമത്തില്‍ (ഞങ്ങളുടെ ആശ്രമത്തില്‍ ) ആട്ടവും പാട്ടും കള്ള് കുടിയും കൂത്താട്ടങ്ങളും ഉണ്ടായിരുന്നു. ഞങ്ങളുടെ സന്തോഷത്തില്‍ കലി പൂണ്ട ഭൂമിയിലെ ചില വാനരന്മാര്‍ ഞങ്ങളെ ശപിച്ചു ! കള്ള് കുപ്പിയിന്‍ മേല്‍ ശേഷിക്കാതെ പോട്ടെ എന്ന് ! അതിന് ഭൂമിയിലെ ഒരു കന്യകയെ ആശ്രമത്തില്‍ കള്ള് വില്പനക്കാരിയായി എത്തി !! അവളുടെ സൌന്ദര്യത്തില്‍ ഞാന്‍ അനുരക്തനായി എന്നത് സത്യമാണ് !! ഞാന്‍ ആശ്രമ കാര്യങ്ങള്‍ ശ്രദ്ധി ക്കാതെയായി !! എന്നോടൊപ്പം തന്നെ കള്ള് വിലപന ക്കാരിയില്‍ വേറെ എന്റെ ആശ്രിതരും അനുരാഗ വിലോചിതരായ കാര്യം വളരെ വൈകിയാണ് ഞാന്‍ തിരിച്ചറിയുന്നത് !! അങ്ങനെ ആശ്രമത്തില്‍ ആദ്യത്തെ ലഹള ഉണ്ടായി !! ആശ്രമം വീതം വെയ്ക്കണം എന്ന ഘട്ടം വരെയെത്തി ! ആശ്രമം വീതം വെച്ച് ആല്‍ത്തറായി ഒരു ഭാഗം തീര്‍ക്കുകയും കള്ള് വില്പന ആശ്രമത്തില്‍ നിന്നും ആല്‍ത്തറയിലേക്ക് മാറ്റുകയും ചെയ്തു !

ചിലപ്പോള്‍ എന്റെ കയ്യിലിരുപ്പ് കൊണ്ട് തന്നെ സംഭവിച്ചതാകാം !! ഒരു സന്യാസിക്ക് തെമ്മാടിയാകാം !! ഒരു തെമ്മാടി ഒരിക്കലും സന്യാസിയാകില്ല എന്ന് സാക്ഷാല്‍ പണ്ഡിറ്റ് സുരേഷ് ഗോപി സാറ് പറഞ്ഞിട്ടുണ്ടല്ലോ. ഞാന്‍ ഒരിക്കലും എന്റെ ഹൃദയം അവള്‍ക്ക് മുന്നില്‍ തുറക്കരുതായിരുന്നു.

Q – കാപ്പിലാന്റെ തൂലികയെ സ്‌നേഹിച്ചവര്‍ക്ക് തുല്യമായി ആ തൂലികയെ ഭയന്നവരും ഉണ്ടല്ലോ ? ആ സൌഹൃദങ്ങളും ശത്രുതകളും ഇന്നും അതുപോലെ നിലനില്‍ക്കുന്നുവോ. അതോ രാഷ്ട്രീയം പോലെ ബ്ലോഗ്ഗില്‍ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ല എന്നാണോ പ്രമാണം ?

രാഷ്ട്രീയത്തിലും ബ്ലോഗിലും ജീവിതത്തിലും സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല ! ബൈബിള്‍ സഭാപ്രസംഗി പറയുന്നത് പോലെ മായയാണ് മായയാണ് സകലവും മായയാണ് ! കണ്ടു കണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്ന് നടിക്കുന്നതും ഭവാന്‍ ! മാളിക മുകളില്‍ ഏറിയ മന്നന്റെ തോളില്‍ മാറാപ്പു ചാര്‍ത്തുന്നതും ഭവാന്‍ !! ഈശരോ രക്ഷതു:

എനിക്ക് സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുന്നവരെ സംരക്ഷിക്കുവാനും കഴിയും ! എന്റെ സ്‌നേഹിതരെ രക്ഷിക്കുവാന്‍ വേണ്ടി പലപ്പോഴും അപകടങ്ങളില്‍ എടുത്ത് ചാടുമ്പോഴാണ് അപകടങ്ങളില്‍ എടുത്തു ചാടാരുണ്ടായിരുന്നത്! ഒരിക്കല്‍ നമ്മള്‍ ചാടിയാല്‍ നിന്നേം കൊല്ലും ഞാനും ചാകും എന്ന പ്രകൃതമാണ് എനിക്ക് ! ഞാന്‍ ധ്വന്ത യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പലരും കരയ്ക്ക് നിന്ന് വിളിച്ചു പറയും ‘ മ്വോനേ കാപ്പിലാനേ , കയറി പോരെന്ന് .. അവനു കൊടുത്തത് മതീന്ന് ‘ അന്നൊന്നും ഞാന്‍ കേട്ടില്ല . അങ്ങനെ അല്ലറ ചില്ലറ അപകടങ്ങള്‍ പറ്റി .. വിശര്‍ പോലെ തൂങ്ങി കിടന്ന് കൊണ്ട് ഇടിക്കാന്‍ ഒരു പ്രത്യേക സുഖമാണ് !

Q – പണ്ട് മുതലേ ബ്ലോഗ് മീറ്റ് കള്‍ക്ക് എതിരായിരുന്നു എന്ന് കേട്ടിട്ടുണ്ട്. കാപ്പിലാനെപ്പേടിച്ചു വാരിക്കുന്തവുമായി ബ്ലോഗ് മീറ്റുകള്‍ക്ക് കാവല നിന്ന കുറെ ആറ്റും മണംമേല്‍ കുഞ്ഞിരാമാന്മാരെപ്പറ്റി വടക്കാന്‍ പാട്ടില്‍ കേട്ടിട്ടുണ്ട്. ഇത് ശരിയാണോ ?

ഹ ഹ ഇത് പറയുമ്പോള്‍ ചെറായിയെ പറ്റി പറയണം ! അവിടെ നടന്ന മീറ്റിനെ പറ്റി പഠിക്കണം !! പുസ്തക താളില്‍ നിങ്ങള്‍ പഠിച്ചും വായിച്ചതുമല്ല ചെറായി ! ടാസ്‌കി വിളിച്ചു സ്ഥല പരിശോധന നടത്തിയും അനോണികളുടെ ഏതു തരം മാര്‍ഗത്തെയും തടുക്കുകയും ചെറുത്തു തോല്പിക്കുകയും ചെയ്യുവാന്‍ സന്നദ്ധരായ ഒരു കൂട്ടം ബ്ലോഗര്മാരുടെ സ്വന്തം ചെറായി മീറ്റ് !! അതിന്റെ മുഖ്യ ശത്രു ഞാനായിരുന്നല്ലോ. കൂടെ പാലക്കാരന്‍ ഒരു ബെര്‍ളിയും !! ഞാന്‍ അമേരിക്കയില്‍ നിന്നും പടക്കപ്പലുമായി ചെറായി മീറ്റിനെ തോല്പിക്കുവാന്‍ എത്തും എന്നും (പിന്നെ, ഞങ്ങടെ അപ്പച്ചന് ഇവിടെ കപ്പല് കച്ചവടമാണ് )ബെര്‍ളി തന്റെ ഫാന്‍സ് അസോസിയേഷന്‍ ഗുണ്ടകളെ അയക്കുമെന്നും പാവങ്ങള്‍ വെറുതെ തെറ്റിദ്ധരിച്ചു !! ബ്ലോഗില്‍ കൂടി ചോര പുഴകള്‍ ഒഴുകി !! എന്നെ തെറി വിളിക്കാവുന്നതിന്റെ പരമാവധി വിളിച്ചു !! ഒടുവില്‍ അത് സംഭവിച്ചു … !! ചെറായി മീറ്റ് കഴിഞ്ഞ് ഞങ്ങള്‍ ജയിച്ചേ.. ഞങ്ങള്‍ മീറ്റ് നടത്തിയേ എന്ന് പറഞ്ഞുകൊണ്ടുള്ള ആഹ്ലാദ പ്രകടനങ്ങള്‍ കണ്ടപ്പോള്‍ ഈ വിഡ്ഢികളുടെ മാനസിക നിലവാരങ്ങള്‍ കണ്ട് ഞാന്‍ സ്വയം കരഞ്ഞു പോയി !

Q – എന്തായാലും മലയാള ബ്ലോഗില്‍ നടന്ന ഏറ്റവും വലിയ ഹിറ്റ് മീറ്റ് ആയിരുന്നു ചെറായി !! അത് പോലെ ഒരു മീറ്റ് ഇനി നടക്കുമോ എന്ന് സംശയമാണ് ! ഏതെങ്കിലും കുറെ ബ്ലോഗര്‍മാര്‍ എവിടെയെങ്കിലും കൂടിയാലോ, കരിമീന്‍ തിന്നാലോ ആര്‍ക്കെന്ത് ചേദം?

ഞാന്‍ ഒരിക്കലും ഒരു മീറ്റുകള്‍ക്കും എതിരല്ല. സാധുക്കളായ ബ്ലോഗര്‍മാരെ പിരിച്ച 250 രൂപ കൊണ്ട് മീറ്റ് നടത്തണ്ട ആവശ്യം ഇല്ല എന്നതായിരുന്നു എന്റെ ആവശ്യം !! പിന്നീടാണ് എനിക്ക് മനസിലായത് പ്രശനം അതായിരുന്നില്ല . മാസങ്ങളായി കുടി നിന്നിരുന്ന കുടിപ്പകയുടെ കലിപ്പുകള്‍ എന്നില്‍ തീര്‍ക്കുകയായിരുന്നു !! ക്രൂശിക്കപ്പെട്ട ക്രിസ്തു എന്ന് പറയില്ലേ, ഏതാണ്ട് അത് പോലെ.

ഞാന്‍ മീറ്റുകള്‍ക്ക് എതിരായിരുന്നു എങ്കില്‍ പിന്നീട് നടന്ന മീറ്റുകള്‍ക്കും കാപ്പിലാന്‍ ചൊറിയാനും കാപ്പിലാനെ ചൊറിയാനും പലരും വന്നല്ലോ ! ദാ .. ഇപ്പോള്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന മീറ്റിനും കാപ്പിലാന്റെ സാന്നിധ്യം ആവശ്യപ്പെട്ട് കൊണ്ട് അപേക്ഷാ ഫോം വന്നിട്ടുണ്ട്. ഞാന്‍ സ്വീകരിക്കാതെ വെച്ചിരിക്കുകയാണ്.

Q – ബ്ലോഗുമീറ്റുകള്‍ അലമ്പാനായി ഗുണ്ടകളെയും ചാരന്മാരെയും സ്ഥിരമായി അയക്കാറുണ്ട് എന്ന് കേള്‍ക്കുന്നതില്‍ എത്രയുണ്ട് വാസ്തവം ?

ഞാന്‍ ബ്ലോഗ് മീറ്റുകള്‍ക്ക് എതിരാണ് എന്ന് ഏതോ വിവരദോഷി പറഞ്ഞതായിരിക്കണം ! ഞാന്‍ ഒരിക്കലും മീറ്റുകള്‍ക്ക് എതിരായിരുന്നില്ല. ബ്ലോഗ് മീറ്റിന്റെ തലതൊട്ടപ്പന്‍ ആ തൊടുപുഴക്കാരന്‍ ആദ്യം മീറ്റ് നടത്തിയപ്പോള്‍ രാത്രി മുതല്‍ തീരുന്നത് വരെ ഉറങ്ങാതിരുന്നതാണ് ഞാന്‍ ! ഉറങ്ങാതിരിക്കാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് എന്റെ പുസ്തകത്തിന്റെ പ്രകാശനമായിരുന്നു ! രണ്ട്. നീ ആണോട തൊടുപുഴ മീറ്റിന്റെ സംഘാടകന്‍ എന്ന് ചോദിച്ചു കൊണ്ട് ഓണ്‍ ലൈന്‍ വഴി ഞാന്‍ ആദ്യമായി പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു അര്‍ച്ചന എന്ന പെണ്ണ് ചാടി തുള്ളി എന്നെ കടിക്കാന്‍ വരുന്നു .. ഞാന്‍ വിവരം അന്വഷിച്ചപ്പോഴാണ് ഇപ്പോഴത്തെ ബൂലോകത്തിന്റെ കാരുണ്യ വാരിധി ഏതോ സമ്മാനം ആ മീറ്റില്‍ വെച്ച് കൊടുക്കും എന്ന് പറഞ്ഞെന്നോ
അത് ഇത് വരെ കൊടുത്തില്ല .. ഇവിടൊന്നും മിണ്ടീല്ല .. ഇവിടൊന്നും തന്നില്ല എന്ന പരാതിയുമായി വന്നത് .. ഇങ്ങനെ മനുഷ്യരെ പറഞ്ഞ് പറ്റിക്കരുത് എന്ന് പറഞ്ഞത് വളരെ ക്ഷീണമായി പിന്നീട് ഭവിച്ചു !

ഈ മഹാനുഭാവനാണ് പിന്നീട് കുഞ്ഞിരാമ അവതാരമായി എനിക്ക് മുന്നില്‍ ആദ്യം വന്നത് . ഞാന്‍ ബ്ലോഗ് മീറ്റ് അലബാനായി ഗുണ്ടകളെ അയക്കുകയോ ? അസംബന്ധം !! അസംഭവ്യം !! ഞാന്‍ എവിടെയും നേരിട്ട് പോകുകയാണ് പതിവ് . ബ്ലോഗര്‍മാരില്‍ നല്ലവരല്ലാതെ ഗുണ്ടകളെ ഞാന്‍ കണ്ടിട്ടില്ല .. ബ്ലോഗര്‍മാര്‍ ആരും എന്റെ ഗുണ്ടകളായി പ്രവര്‍ത്തിക്കുന്നതും ഇല്ല . ഇതിനെയാണ് മെഡിക്കല്‍ സയന്‍സില്‍ ഹാലൂസിനേഷന്‍ എന്ന് പറയുന്നത് ! ഒന്നിനെ പത്തായി കാണും .. ഞാന്‍ അവിടെ ഉണ്ടെന്നും ഇവിടെ ഉണ്ടെന്നും അവര്ക്ക് തോന്നും .. ഭയത്തില്‍ നിന്നും ഉടലെടുക്കുന്ന ഒരു തരം മനോവിഭ്രാന്തി !!.

ഞാന്‍ ഇടപ്പള്ളി മീറ്റില്‍ പോയിട്ടുണ്ടായിരുന്നു !! പിന്നെ വാളെടുക്കുന്നിടത്തെല്ലാം തുള്ളാന്‍ പോകാന്‍ ഞാന്‍ വെളിച്ചപ്പാടല്ല !! പിന്നെ ഒരു മീറ്റ് കലക്കണം എന്ന് തീരുമാനിച്ചാല്‍ അത് കലങ്ങിയിരിക്കും .. എങ്ങനെ എന്ന് ചോദിക്കരുത് .. സംഭവാമി യുഗേ .. യുഗേ ..

Q – പണ്ടൊരു ബ്ലോഗ് മീറ്റില്‍ ചാരന്മാരെയയച്ചു പ്രഗത്ഭര്‍ എന്നും സാത്വികര്‍ എന്നും നടിച്ചിരുന്ന ചില പകല്‍ മാന്യന്മാരുടെ മുഖം മൂടി വലിച്ചു കീറുകയുണ്ടായില്ലേ ? ചില പ്രസിദ്ധ ബ്ലോഗ്ഗെര്മാര്‍ മദ്യപിക്കുന്ന ഫോട്ടോ ഒളിക്യാമറ ഉപയോഗിച്ച് എടുത്തു ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയോ മറ്റോ ….?

ഇത് സത്യത്തില്‍ ഞാന്‍ ചെയ്തതല്ല !! ഞാന്‍ ഇടപ്പള്ളി മീറ്റില്‍ പോയി എന്ന് പറഞ്ഞല്ലോ. ബൂലോകം ഓണ്‍ലൈന്‍ പ്രിന്റ് രൂപത്തില്‍ ഇറങ്ങിയത് അവിടെ കൊണ്ട് പോയി വിതരണം ചെയ്യുക എന്നതായിരുന്നു എന്റെ പ്രാഥമിക ലക്ഷ്യം. അവിടെ ചെന്നാല്‍ തല്ലും കൊല്ലും, കീച്ചും എന്നെല്ലാം പറഞ്ഞു .. നമ്മുടെ ഡോക്ടര പോലും പറഞ്ഞു സൂക്ഷിച്ചു പോകണം എന്ന് !! എന്നാല്‍ അവിടെ ചെന്നപ്പോഴാണ് , ഇത്രയധികം സ്‌നേഹിക്കുന്ന നല്ല മനുഷ്യരെയല്ലേ ഞാന്‍ ദൂരെയിരുന്ന് വെറുതെ സംശയിച്ചത് എന്നോര്‍ത്ത് ഞാന്‍ ആത്മ സങ്കടം വന്നു ! മനസ് വിഷമിച്ചാല്‍ എനിക്ക് അല്പം കുടിക്കണം ! അതെന്റെ പണ്ടേ ഉള്ള ശീലമാണ് ! എന്നാല്‍ അടുത്ത ബാറില്‍ പോകാം എന്ന് അന്വഷിച്ചപ്പോഴാണ് മീറ്റിംഗ് നടക്കുന്ന അതെ സ്ഥലത്ത് തന്നെ ബാറുണ്ട് എന്നറിയുന്നത് ! അന്നവിടെ മുഖ്യാതിഥിയായി മുരുക ന്‍ കാട്ടാക്കട വന്നിട്ടുണ്ടായിരുന്നു. അയാള് മൈക്കിന്റെ പിടലിക്ക് നിന്നും വിടുകയില്ല എന്ന ഒരേ വാശിപ്പുറത്ത് നിന്നപ്പോഴാണ് എനിക്കിങ്ങനെ സങ്കടം തുടങ്ങിയത്. പാവപ്പെട്ട ഒരു വേദനിക്കുന്ന കോടീശ്വരന്‍ സൌദിയില്‍ നിന്നും വന്നിട്ടുണ്ടായിരുന്നു. പുള്ളിക്കാരനാണ് ഇതിന്റെ മുഖ്യ സംഘാടകന്‍ !! ഞാന്‍ പാവപ്പെട്ടവനെ വിട്ട് മുരുകനെ വിളിപ്പിച്ചു എന്റെ സങ്കടം ആ ബാറില്‍ വെച്ചു കരഞ്ഞു തീര്‍ത്തു എന്നത് സത്യമാണ് !! അതിന് ആവശ്യമില്ലാതെ ആട് തോമാ എന്നോരുത്തന്‍ ബൂലോകത്തില്‍ അനാവശ്യ വസ്തുതകള്‍ക്ക് നിരക്കാത്ത സംഭവങ്ങള്‍ എല്ലാം എടുതെഴുതി എന്നെയും മുരുകനെയും അവിടെ വന്നവരെയെല്ലാം നാണം കെടുത്തി എന്ന് പറഞ്ഞാല്‍
മതിയല്ലോ .. സത്യത്തില്‍ എന്റെ തൊലി ഉരിഞ്ഞു പോയി !

Q – അടുത്തു വരുന്നുണ്ടല്ലോ ഒരു ബ്ലോഗ് മീറ്റ്. അതിലേക്കു ഇന്നും താങ്കളോട് സ്‌നേഹം പുലര്‍ത്തുന്ന ചില വിശ്വസ്തരെ ചാരന്മാരായി നിയോഗിച്ചിട്ടുണ്ടെന്നും, ഇത്തവണ ഒളി വീഡിയോ ക്യാമറാ ഉപയോഗിച്ച് ഒരു ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും ചിലരില്‍ നിന്നും വിവരം ചോര്‍ന്നുകിട്ടിയിട്ടുണ്ട് ? ആ സമയത്ത് നാട്ടില്‍ രഹസ്യമായെത്തി ചിലരുടെ മുഖംമൂടികള്‍ വീണ്ടും വലിച്ചുകീറാനുള്ള പദ്ധതികളും തയ്യാറാക്കിയതായി അറിയുന്നു. ശത്രുതാ നിവാരണത്തിനായി നടത്തുന്ന ഈ രഹസ്യ തന്ത്രങ്ങള്‍ ഒരു മോശമായ നടപടിയല്ലേ ?

ഞാന്‍ ഈ മീറ്റ് ( തുഞ്ചന്‍ പറമ്പ് ) നടക്കുന്ന സമയത്ത് നാട്ടില്‍ കാണും. പക്ഷെ ബ്ലോഗു മീറ്റിനൊന്നും ഞാനില്ല. ബ്ലോഗ് മീറ്റ് അനാവശ്യമായ ഒരു സംഭവമായത് കൊണ്ടൊന്നുമല്ല. വളരെ അത്യാവശമായി ഒരാഴ്ചക്ക് വേണ്ടി പോകുകയാണ്. ചിലപ്പോള്‍ അവിടെ പോയികൂടാ എന്നുമില്ല. പക്ഷെ തീരെസമയ കുറവ് കാരണമാണ് ഇത്. എന്റെ അഭിപ്രായത്തില്‍ ഓരോ മാസം ഓരോരോ മീറ്റ് നടത്തണം എന്നാണ്. നമ്മള്‍ പരസ്പരം കാണുകയും, പങ്ക് വെയ്ക്കുകയും, ഓര്‍മ്മകള്‍ പുതുക്കുകയും, പുറം ചൊറിയുകയും ചെയ്തില്ലെങ്കില്‍ ആര്‍ നമുക്ക് വേണ്ടി ഇതെല്ലാം ചെയ്യും ? എന്നിരുന്നാലും എന്റെ പ്ലാനുകള്‍ ഞാനിപ്പോള്‍ പറയുന്നില്ല.

Q – ബ്‌ലോഗ്ഗിലെ കീരിക്കടാന്‍ ജോസ് എന്ന് താങ്കളുടെ തൂലികയുടെ ചൂടറിഞ്ഞ ഒരു പഴയ ബ്ലോഗ്ഗര്‍ ഈയിടെ കാപ്പിലാനെ വിശേഷിപ്പിച്ചു കേട്ടു. ഒരു കാലത്ത് മലയാള ബ്ലോഗ്ഗിനെ കിടു കിടാ വിറപ്പിച്ച കാപ്പിലാന്‍ ആരാണെന്നോ എന്താണെന്നോ അറിയാത്ത ബ്ലോഗ്ഗര്‍ കുഞ്ഞുങ്ങള്‍ ഇന്ന് കറങ്ങിനടപ്പുണ്ട് ബൂലോകത്തെരുവുകളില്‍ . അവര്‍ക്ക് വേണ്ടി ആ കഴിഞ്ഞ കാലം ഒന്ന് വിവരിക്കാമോ ?

ബ്ലോഗര്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഒരു ദിവസമെങ്കിലും ക്ലാസ്സ് എടുക്കണം എന്ന ഒരു ആഗ്രഹം ഉണ്ട് ! എങ്ങനെ ഒരു നല്ല ബ്ലോഗര്‍ ആകാം എന്നതാണ് ഞാന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന വിഷയം ! ദൈവം അതിന് ഇടയാക്കട്ടെ. ഞാന്‍ ഇപ്പോള്‍ വളരെ സൂക്ഷിച്ചേ കാര്യങ്ങളില്‍ ഇടപെടു !! എപ്പഴാ എവിടുന്ന അടി വരുന്നത് എന്നറിയില്ലല്ലോ ? അടിതടയാണ് ബ്ലോഗില്‍ ഇറങ്ങുന്നതിന് മുന്‍പേ ആദ്യം പഠിക്കേണ്ടത് !

ബൂലോകം പഞ്ചായത്തിലെ ഓരോരോ മണല്‍തരികളും പെറുക്കി എടുത്ത് നിങ്ങള്‍ അവരോടു ചോദിക്കുക. നിങ്ങള്‍ക്ക് കാപ്പിലാനെ അറിയാമോ എന്ന് ! അവര്‍ക്കൊരോരുത്തര്‍ക്കും ഒരായിരം കഥകള്‍ വീതം പറയുവാന്‍ ഉണ്ടാകും

Q – ഈയിടെയായി ബ്ലോഗ് എഴുതാതെ ബ്ലോഗിനെ ഉദ്ധരിക്കാന്‍ വേണ്ടി ഇറങ്ങി പുറപ്പെട്ട ചില ഫേസ്ബുക്ക് ആക്ടിവിസ്റ്റുകള്‍ സദാചാര പോലീസ് ആയി ചമയുന്നത് കണ്ടു. അതൊരു വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന പോലെ തോന്നുന്നു. അടിവാരം അമ്മിണി എന്ന കഥ കാപ്പിലാന്‍ എഴുതിയത് ഓര്മ്മ വരുകയാണ്. ഇക്കാര്യത്തെപ്പറ്റി ഉള്ള അഭിപ്രായം എന്താണ്?

അടിവാരം അമ്മിണിയേക്കാള്‍ എനിക്കിഷ്ടം ഞാന്‍ ആദ്യം എഴുതിയ ‘ മറിയയുടെ കുമ്പസാരം’ എന്ന കഥയായിരുന്നു! മറിയയുടെ കുമ്പസാരത്തിന് പിന്നീട് പല ആഖ്യാനങ്ങളും വന്നു ! പക്ഷേ അമ്മിണിയെയോ, മറിയയെയോ എനിക്കെന്തും പറയാം ! പക്ഷേ ഒരു സരസ്വതിയുടെ മുലയെ പറ്റി എഴുതിയ ചിത്രകാരന്റെ ഗതി എന്തായിരുന്നു എന്ന് പഴയ ബ്ലോഗ് വായിച്ചാല്‍ മതി. എന്തിന് ! ഒരു ഫാത്തിമയേയോ, ജമീലയെയോ ഇങ്ങനെ എഴുതിയാല്‍ വിവരം അറിയും !! അവരെല്ലാം പതിവൃതകളാണ്. ഏക പതിവൃത്യം !!

ആണുങ്ങള്‍ക്ക് എങ്ങനെയും ആകാം ! ബൂലോകത്തില്‍ നിന്നോ മറ്റോ ഈ വിവരം സ്വന്തം ഭാര്യമാരോ പെണ് മക്കളോ അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചുള്ള വേവലാതികളാകാം അവരെക്കൊണ്ടോക്കെ അങ്ങനെ ചിന്തിപ്പിക്കുന്നത് ! നമുക്ക് അവരെ കുറ്റം പറയുവാന്‍ പറ്റില്ല !

തെറ്റി പോകുന്ന ഒരു ന്യൂ ജനറേഷനാണ് ഇന്ന് കേരളത്തില്‍ വളര്‍ന്നു വരുന്നത്. ഒരു ചെറിയ ഗ്യാപ് ആണോ എന്ന് ചോദിച്ചാല്‍ … ഒരു ഒന്നൊന്നര അടി നീളമുള്ള ഒരു വിടവ് .. ഒരു കോലിന്റെ വിടവൊക്കെ ഒരു വിടവല്ല എന്ന് തോന്നിച്ചാലും. ഇതങ്ങനെ വല്ലതുമാണോ ? ഇവന്മാര്‍ എല്ലാം വികാരങ്ങളെ അടിച്ചമര്‍ത്തി ജീവിക്കുന്ന വികാര ജീവികളായത് കൊണ്ടാണ് കേരളത്തില്‍ ഇങ്ങനെ സംഭവിച്ചത്. സത്യത്തില്‍ നമുക്ക് വേണ്ടത് തുറന്ന സെക്‌സ് ആയിരിക്കണം ! അതില്‍ പൊട്ടി ഒലിച്ചു പോകുവാനുള്ള വൃണങ്ങള്‍ എല്ലാം തന്നെ പൊട്ടി ഒലിക്കണം .

Q – കാപ്പിലാനെ തിരികെ ബ്ലോഗ്ഗില്‍ എത്തിക്കണം എന്ന് പലരും ആവശ്യപ്പെടുന്നതായി ബൂലോകം സ്ഥാപകന്‍ ഡോക്ടര്‍ ജയിംസ് ബ്രൈറ്റ് പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ അഭിമുഖത്തിലൂടെ കാപ്പിലാന്റെ രണ്ടാം ബൂലോക പ്രവേശം താരോചിതമായ രീതിയില്‍ സംഭവിക്കും എന്ന് കരുതുന്ന നൂറുകണക്കിന് ആള്‍ക്കാര്‍ ഉണ്ടിവിടെ. അവരോടു എന്ത് പറയുന്നു ?

സംഭവിക്കുവാനുള്ളത് സംഭവിച്ചേ തീരു ! സംഭവിക്കുന്നതും സംഭവിച്ചതും ഇനി സംഭവിക്കുവാനുള്ളതും നല്ലതിന് ! ഡോക്ടറെ എനിക്കെത്രയോ വര്‍ഷങ്ങളായി അറിയാം. ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല എങ്കിലും, കാന്തവും ഇരിമ്പും പോലുള്ള ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ !! ആര് ആരെ ആകര്‍ഷിക്കുന്നു എന്നറിയില്ലെങ്കിലും അതങ്ങനെയാണ് !!!

സംഭവങ്ങള്‍ എല്ലാം ഭംഗിയായി തീരട്ടെ. ബൂലോകത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ ഞാനും ഇനി ഉണ്ടാവും. എല്ലാവര്‍ക്കും എന്റെയും കുടുംബത്തിന്റെയും ഈസ്റ്റര്‍ ആശംസകള്‍.