ശശിസാറിന്റെ ട്യൂഷന്‍ സെന്ററിലെ ചിതലരിക്കാത്ത ഒരു മൂലയില്‍ ചെന്നിരുന്നു ഞാന്‍ ചോറുപാത്രം തുറന്നു. തേങ്ങാച്ചമ്മന്തിയും വെണ്ടയ്ക്ക മെഴുക്കുപുരട്ടിയതും തട്ടത്തിന്റെ അടപ്പിലേയ്ക്ക് പകര്‍ന്നുവെച്ചിട്ട് ചോറുണ്ണാന്‍ തുടങ്ങി. തടികൊണ്ടുണ്ടാക്കിയ ഒരു മറയ്ക്കപ്പുറത്തിരുന്ന് കൂട്ടുകാരെല്ലാം ചോറുണ്ണുന്നുണ്ട്. പെണ്‍കുട്ടികള്‍ അവരുടേതായ പരദൂഷണത്തിന്റെ ചോറുപാത്രം തുറന്ന്, എല്ലാവരുമായി പങ്കുവെച്ച് കഴിക്കുന്നു. ആണ്‍കുട്ടികള്‍ മറ്റൊരു മൂലയ്ക്കിരുന്നു ചെറിയ ചെറിയ തമാശകള്‍ പൊട്ടിക്കുന്നു.

അല്‍പനേരം കഴിഞ്ഞപ്പോള്‍ അവള്‍ എന്റെ അരികിലേക്ക് വന്നു. ചങ്ക് പഴയതിലും വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി. അതിന്റെ മുഴക്കം, കൂട്ടുകാര്‍ അപ്പുറത്തുണ്ടാക്കുന്ന കോലാഹലത്തേക്കാള്‍ ഭയാനകമായിരുന്നു. അവളുടെ കയ്യില്‍ ചോറുപാത്രമുണ്ട്. ബ്രൌണ്‍ നിറത്തിലുള്ള ഒരു ചുരിദാറാണ് ധരിച്ചിരിക്കുന്നത്. അതിന്, കയ്യില്‍ ഓറഞ്ച് നാടകള്‍ കൊണ്ട് കെട്ടുള്ള ആ പച്ചച്ചുരിദാറോളം ഭംഗി പോര. ഇടയ്ക്കിടയ്ക്ക്, ഷാള്‍ പിടിച്ച് തോളത്തേക്കിടുന്നത് കാണുന്നില്ല. അവള്‍ അത് നല്ല ഭംഗിയായി തോളില്‍ സേഫ്റ്റിപ്പിന്നു കുത്തി വെച്ചിരിക്കുകയാണ്. വിടര്‍ത്തിയിട്ടിരുന്ന മുടി, സൂര്യപ്രകാശത്തില്‍ ചെമ്പന്‍ നിറമായി കാണപ്പെട്ടു. നെറ്റിയിലെ ചന്ദനക്കുറി, പാതി മാഞ്ഞുപോയിട്ടുണ്ട്. ചോറുപാത്രം പിടിച്ചിരുന്ന കൈകളില്‍ വെള്ളത്തുള്ളികള്‍ പറ്റിയിരുന്നു. അവള്‍ അത് ഷാളില്‍ തുടച്ചില്ല. പകരം എന്റെ മുഖത്തിന്നു നേരെ കുടഞ്ഞു. കൈകളില്‍ അവള്‍ അണിഞ്ഞിരുന്ന ചുവപ്പുനിറത്തിലുള്ള കുപ്പിവളകള്‍ ശബ്ദമുണ്ടാക്കിച്ചിരിച്ചു. ഞാന്‍ ഏതോ സ്വപ്നലോകത്തില്‍ നിന്നെന്നപോലെ ഞെട്ടിയുണര്‍ന്നു. മുകളിലത്തെ നിരപ്പല്ലുകള്‍ കാട്ടി, അവള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട്, എന്തിനാണ് ഒറ്റയ്ക്ക് മാറിയിരിക്കുന്നത് എന്നു ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല. പകരം അവളുടെ കൈകളില്‍ നിന്നും തെറിച്ചുവീണ വെള്ളത്തുള്ളികള്‍ മുഖത്തുനിന്നും തുടച്ചുമാറ്റി.
‘ഇവിടെയിരുന്നു കഴിക്കാന്‍ പോകുവാണോ?’
ഞാന്‍ ചോദിച്ചു.
‘അതെ. എന്താ ഇഷ്ടമായില്ലേ..?’
‘ഇവിടെയിരുന്നോ..’
കണ്ണുകള്‍കൊണ്ട് ഇരിക്കാനുള്ള ആഗ്യം കാണിച്ചിട്ട് ഞാന്‍ അവളോട് പറഞ്ഞു. അവള്‍ എനിക്ക് എതിരെ, മുഖത്തോട് മുഖം നോക്കുന്ന രീതിയില്‍ ഇരുന്നു. മേശക്ക് വീതി വളരെ കുറവാണ്. ഇരുന്നപ്പോള്‍ അവളുടെ കാല്‍മുട്ടുകള്‍ എന്റെ കാല്‍മുട്ടുകളെ സ്പര്‍ശിച്ചു. ഇലക്ട്രിക് ഷോക്കേറ്റ ഒരു ഞെട്ടലോടെ ഞാന്‍ കാലുകള്‍ പിന്നോട്ടുവലിച്ചിട്ട്, അല്പം ഇടത്തോട്ടു നീങ്ങിയിരുന്നു. അവള്‍ ചിരിച്ചു. ചോറുപാത്രം തുറക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ട്, ഞാന്‍ അതു തുറന്നുകൊടുത്തു. ചോറില്‍ നിന്നും പയറുതോരന്‍ ചികഞ്ഞു മാറ്റുന്നതില്‍ മുഴുകിയിരിക്കുകയാണവള്‍. കൈയ്യിലെ ചുവന്ന കുപ്പിവളകള്‍, എന്തൊക്കെയോ അടക്കം പറഞ്ഞു പൊട്ടിച്ചിരിക്കുന്നുണ്ട്. അവയ്ക്ക് എല്ലാം അറിയാം എന്ന് തോന്നുന്നു. അവയ്ക്ക് മാത്രമല്ല, ക്ലാസ്സിലെ മറ്റു കുട്ടികള്‍ക്കിടയിലും ഒരു സംസാരം വ്യാപിക്കുന്നുണ്ട്. മറയ്ക്കപ്പുറത്തിരുന്ന് ഇതിനേപ്പറ്റിയും പെണ്‍കുട്ടികള്‍ ചര്‍ച്ച ചെയ്യുന്നുണ്ടാകണം. പക്ഷെ അവള്‍ ഇതുവരെ എന്നോടൊന്നും ചോദിച്ചിട്ടില്ല. ഞാന്‍ ഒരല്‍പം കരുതലോടെ കഴിക്കാന്‍ തുടങ്ങി. ഇടയ്ക്ക്, മറയ്ക്കപ്പുറത്തുനിന്നും ഉയര്‍ന്നു കേള്‍ക്കുന്ന സ്ത്രീജനങ്ങളുടെ സംസാര വിഷയങ്ങള്‍ കേട്ട്, അവള്‍ എന്നേ നോക്കി ഒന്നു ചിരിച്ചു.
ചോറുണ്ട ശേഷം അവള്‍ ചോറുപാത്രം കഴുകി വൃത്തിയാക്കാനായി പൈപ്പിന്‍ചുവട്ടിലേക്ക് പോയി. അവള്‍ പോയതും എന്റെ ഉള്ളില്‍ നിന്നും ഒരു നെടുവീര്‍പ്പ് പുറത്തു വന്നു. ഞാനും ശരവേഗം പൈപ്പിന്‍ചുവട്ടിലേക്ക് പോകാനൊരുങ്ങി. ഉടനെ, കാലിലെ കൊലുസിന്റെയും കൈകളിലെ കുപ്പിവളകളുടേയും ശബ്ദാകമ്പടിയോടെ എന്റെ നേര്‍ക്ക് അവള്‍ ഓടിയടുത്തു.
‘എന്റെ കൂടെ ഒന്നു വരാമോ?’
കിതച്ചുകൊണ്ട് അവള്‍ എന്നോട് ചോദിച്ചു.
‘എന്ത് പറ്റി?’
‘അവിടെ ഒരു പശു നിപ്പുണ്ട്, പോണ വഴിക്ക്.’
പശു നില്‍ക്കുന്ന ദിശയിലേക്ക് ഇടതുകൈ ചൂണ്ടിക്കൊണ്ട് അല്‍പ്പം അതിശയ ഭാവത്തോടെ അവള്‍ പറഞ്ഞു. എനിക്ക് ചിരിപൊട്ടി. ഒരല്‍പം പുറത്തു വരികയും ചെയ്തു. ഞാനും അവളോടൊപ്പം ചെന്ന്, ഒരു ധീരനേപ്പോലെ ചോറുപാത്രം കഴുകി തിരികെയെത്തി.
അജയന്‍ സാറിന്റെ ക്ലാസ്സ് കഴിഞ്ഞ്, ഒരു നിരാശയോടെ ഞാന്‍ വീട്ടിലേക്കു നടന്നു. ഈ നിരാശ എനിക്ക് ദിനവും അനുഭവപ്പെടാറുള്ളതാണ്. ഇനി അവളെ നാളെയല്ലേ കാണാന്‍ കഴിയൂ. അവളില്ലാത്ത രാത്രികളില്‍ അവളുടെ ഓര്‍മ്മകള്‍ എനിക്ക് ആശ്വാസമേകിയിരുന്നു. എന്നാല്‍ അവളില്‍ ആ നിരാശകളൊന്നും ഞാന്‍ കണ്ടിരുന്നില്ല. ആ മനസ്സ് എനിക്ക് പിടി തരാതെ വഴുതി മാറുകയാണ്.
അന്ന് വീട്ടിലേക്കു മടങ്ങുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ആനന്ദം തോന്നി. അന്ന്, ശിവക്ഷേത്രം കഴിഞ്ഞ്, വയല്‍ മുറിച്ചു കടന്നത് ഞാന്‍ ഇന്നും നന്നായി ഓര്‍മ്മിക്കുന്നു. കളിമണ്ണ് പൊത്തിയുണ്ടാക്കിയ വരമ്പിലൂടെ ഞാന്‍ ചെറിയൊരു മൂളിപ്പാട്ടും പാടി നടന്നു. മനസ്സുനിറയെ അവളായിരുന്നു. അന്നു ഞാന്‍ എന്റെ പ്രണയത്തെപ്പറ്റി പറഞ്ഞത്, നെല്‍ക്കതിരുകളെ ചുംബിച്ചുകൊണ്ടിരുന്ന കിളികളും മണ്ണിനെ പുണര്‍ന്ന് ഒഴുകിക്കൊണ്ടിരുന്ന നീര്‍ച്ചാലുകളും കേട്ടിരിക്കണം. കാരണം അവരും അപ്പോള്‍ പ്രണയിക്കുകയായിരുന്നു…

You May Also Like

വിന്‍ഡോസ് 10ല്‍ നിങ്ങളുടെ ഫയലുകള്‍ ഷെയര്‍ ചെയ്യുന്നത് എങ്ങനെ ?

ഫേസ്ബുക്ക്, ട്വീറ്റര്‍, ഹൈക്ക് തുടങ്ങി എവിടെയാണ് നിങ്ങള്‍ ഈ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്ന് സെലക്ട്‌ ചെയ്യുക. ഷെയര്‍ ചെയ്യുക.

മറവിയിലാണ്ട കുന്നിന്‍ ചെരിവിലെ പൂക്കള്‍ …

ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ഡോക്ടര്‍ ചോരക്കുഞ്ഞിനെ അന്നയുടെ കൈകളിലേക്ക് കൊടുക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ സജലങ്ങളായി.നന്ദിയെന്നപോലെ…

ഇവന്‍ ഒരു പുലിക്കുട്ടി തന്നെ ! കണ്ടു നോക്കു !!

ഇവനാണ് പുലിക്കുട്ടി. ഇവന് ഭ്രാന്തായാതാണോ അതോ മറ്റുള്ളവര്‍ക്കെല്ലാം ഭ്രാന്തായാതാണോ ??? എന്തായാലും കണ്ടു നോക്കു .

ആരാധകർക് പോലും തിരിച്ചറിയാൻ പറ്റാത്ത ഗെറ്റപ്പിൽ ചിയാൻവിക്രം

സിനിമലോകം ഇന്ന് ആകാംഷയോടെ കാത്തു നിൽക്കുന്ന ചിയാൻ വിക്രം നായകൻ ആകുന്ന ബിഗ് ബഡ്ജറ്റ് സിനിമ ആണ് കോബ്ര. ഡെമോണ്ടി കോളനി, ഇമ്മയ്ക നൊടികൾ