കാര്യം നിസാരം പ്രശ്നം ഗുരുതരം

225

1

ഒരു ബലാത്സംഗം ഉണ്ടാകുമ്പോള്‍ എല്ലാവരും വൈകാരികമായി പ്രതികരിക്കുകയും രണ്ട് ദിവസം കഴിയുമ്പോള്‍ വിസ്മരിക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണ് നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്നത്. ഈ രണ്ട് ദിവസത്തിനുള്ളില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുകയും ആശയങ്ങള്‍ ഉയര്‍ന്ന് വരുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ ആശയങ്ങള്‍ക്കിടയില്‍ പ്രധാന സംഭവം മുങ്ങിപ്പോകുകയോ മുക്കിക്കളയുകയോ ആണ് ചെയ്യാറുള്ളത്. ആരും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല. സര്‍ക്കാരുകള്‍ ജനങ്ങളേയും ജനങ്ങള്‍ സര്‍ക്കരിനേയും കുറ്റപ്പെടുത്തും. സ്ത്രീ പക്ഷവാദികള്‍ പുരുഷന്മാരേയും പുരുഷ പക്ഷവാദികള്‍ സ്ത്രീകളേയും ചീത്തവിളിക്കും. നീതിന്യായ വ്യവസ്ഥയാകട്ടെ രംഗബോധമില്ലാത്ത കോമാളിയേപ്പോലെ ആടിക്കളിക്കും. കലക്കവെള്ളത്തില്‍ മീന്‍ അല്ല വോട്ട് പിടിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. മാദ്ധ്യമങ്ങളാകട്ടെ ചൂടുള്ള വാര്‍ത്തകളാക്കി സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള തത്രപ്പാടിലാണ്. എവിടെയൊക്കെയോ എന്തൊക്കെയോ നടക്കുന്നുണ്ട് എന്നല്ലാതെ കാര്യവും കാരണവും ആര്‍ക്കും അറിയില്ലെന്ന് മാത്രമല്ല ആരുംതന്നെ അത് അന്വേഷിക്കാറുമില്ല.

അതിന്റെ ബാക്കിപത്രമായാണ് ഭാഗവതിനേയും ബാപുവിനേയും പോലുള്ള ആളുകള്‍ പലതും പറഞ്ഞുപോകുന്നത്. നമ്മുടെ നാട്ടിലുള്ള എല്ലവരുടേയും വിചാരം തനിക്ക് ലൈംഗീകതയെ സംബന്ധിച്ച് എല്ലാം അറിയാം എന്നാണ്. വിവാഹം കഴിഞ്ഞാല്‍ അത് പൂര്‍ത്തിയാകും. ഒന്നും പഠിക്കാതെ ആര്‍ക്കും ചെയ്യാവുന്ന കാര്യങ്ങളായി വിവാഹവും ലൈഗീകതയും ആയിത്തീര്‍ന്നു. അഭിപ്രായ പ്രകടനം നടത്താന്‍ ആര്‍ക്കും പ്രത്യേകിച്ച് യോഗ്യതയൊന്നും ആവശ്യവുമില്ലല്ലോ. ബലാത്സംഗത്തിന് കഠിന ശിഷനല്‍കണം എന്ന് ചിലര്‍ പറയുന്നതും അജ്ഞതയുടെ ഭാഗം മാത്രമാണ്. അതുകൊണ്ട് പ്രശ്നം തീരുമോ എന്നത് ഒരു കാര്യം. നിയമം കര്‍ശനമാക്കിയാല്‍ പീഡനങ്ങള്‍ നിയന്ത്രണാതീതമായി വര്‍ദ്ധിക്കാനാണ് സാദ്ധ്യതയെന്ന് മനഃശാസ്ത്രം നന്നായി പഠിച്ചവര്‍ സമ്മതിക്കും. മേല്‍പരാമര്‍ശിച്ച പല പ്രതികരണങ്ങളും കേവലം വൈകാരിക പ്രതികരണം മാത്രമാണ്. ലൈംഗീക പീഡനങ്ങളുടെ കാര്യത്തില്‍ ശാശ്വതമായ പരിഹാരമാണ് ഉണ്ടാകേണ്ടത്.

സ്ത്രീകളും പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെടണമെന്ന് മാദ്ധ്യമക്കാരും രാഷ്ടീയക്കാരും ആഗ്രഹിക്കുന്നില്ലേ എന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. ലൈംഗീക പീഡനത്തില്‍ കാര്യം നിസാരവും പ്രശ്നം ഗുരുതരവുമാണ് എന്ന് മനസിലായപ്പോള്‍ ഈയുള്ളവന്‍ മുഖ്യമന്ത്രിയുടെ ഇ-മെയില്‍ വിലാസത്തിലേക്ക് ഒരു കത്ത് എഴുതുകയുണ്ടായി. മറുപടി കിട്ടിയില്ല. മാദ്ധ്യമക്കാരുടെ സഹായം തേടി നിരാശയായിരുന്നു ഫലം. ഇന്ന് മാദ്ധ്യമങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള വാര്‍ത്തയാണ് ലൈംഗീക പീഡനം. അവര്‍ അത് ആഘോഷിക്കുകയാണ്. ഒരു പീഡന സംഭവമുണ്ടാകുമ്പോള്‍ എല്ലാവരും ഓടിനടക്കുന്നതായി ബോദ്ധ്യപ്പെടുത്തുമെങ്കിലും, വലിയ ചര്‍ച്ചകളും കോലാഹലങ്ങളും ഉണ്ടാക്കുമെങ്കിലും ഓരോ ദാരുണ സംഭവങ്ങളും ഉണ്ടാകുമ്പോഴും എന്നെ എങ്ങനെ പ്രശസ്തനാക്കാം എന്നതാണ് പലരുടേയും ചിന്ത. പീഡനങ്ങള്‍ രാഷ്ടീയക്കാരുടെ പ്രധാന വോട്ട്ബാങ്കുകളായി മാറിയിട്ടില്ലേ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഏതൊരു പീഡനവും മരണവും മറ്റ് ഉപദ്രവങ്ങളും എല്ലാ അത് സഹിക്കേണ്ടതായി വരുന്നവര്‍ക്കും അവരെ സ്നേഹിക്കുന്നവര്‍ക്കും നികത്താനാകാത്ത വലിയ ദുഃഖം ഉണ്ടാക്കും. ഓരോ വ്യക്തിയും ആരുടെയൊക്കെയോ ആരൊക്കെയോ ആണ് എന്നത് സത്യം മാത്രമാണ്. ഇത്തരത്തിലുള്ള ദുഃഖകരമായ അനുഭവങ്ങളില്‍ ആരും എപ്പോഴും ഉള്‍പ്പെട്ടുപോകാം എന്ന അവസ്ഥ അതിഭീകരമാണ്. എന്നാല്‍ മറ്റുള്ളവര്‍ക്കുണ്ടാകുന്ന ഇത്തരം ദാരുണമായ അവസ്ഥകളെ മനുഷ്യത്വരഹിതമായി സ്വന്തം നന്മയ്ക്കായി ദുരുപയോഗം ചെയ്യുന്നത് ഏറ്റവും നികൃഷ്ടമാണെന്ന് പറയതെ തരമില്ല.

കഴിഞ്ഞ ഏഴുവര്‍ഷത്തിലധികമായി സ്ത്രീ-പുരുഷ ലൈംഗീകത സാമൂഹ്യ ലൈംഗീകത തുടങ്ങിയ തലങ്ങളില്‍ നിരീക്ഷണങ്ങളും വിശകലനങ്ങളും നടത്തുകയും ലൈംഗീകതയെ പറ്റി പഠിക്കുകയും പഠിപ്പിക്കുകയും ലൈംഗീക കൗണ്‍സലിംഗ് നടത്തുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന നിലയില്‍ പറഞ്ഞാല്‍, ഇന്ന് സര്‍ക്കാരുകളും രാക്ഷ്ട്രീയ പാര്‍ട്ടികളും ചെയ്യുന്നതുപോലെ വൈകാരികത ഇളക്കിവിട്ട് സ്ത്രീ-പുരുഷന്മാരെ തമ്മിലടിപ്പിക്കുകയല്ല ലൈംഗീക പീഡനത്തിന്റെ പരിഹാരം. കൃത്യമായ ലൈംഗീക വിദ്യാഭ്യാസം നല്‍കുക മാത്രമാണ് ഇതിനുള്ള ഏക പ്രതിവിധി. പലപ്പോഴും ലൈംഗീക വിദ്യാഭ്യാസമെന്നാല്‍ ലൈംഗീകതയെ വര്‍ജ്ജിക്കുക എന്നാണ് നമ്മള്‍ പഠിപ്പിക്കാറുള്ളത്. മിണ്ടാനും പറയാനും പാടില്ലാത്ത ഒരു കാര്യം എന്നതില്‍നിന്ന് മാറി സത്യം അറിയാനുള്ള അവകാശം ജനങ്ങള്‍ക്ക് ഉണ്ടാകണം. കോടതികളും മറ്റ് നിയമ സംവിധാനങ്ങളും ഇത് സ്ഥാപിച്ച് നല്‍കണം. ഭരണകൂടങ്ങള്‍ അത് ഉറപ്പുവരുത്തണം. മാദ്ധ്യമങ്ങള്‍ ഈ സന്ദേശം യഥോജിതം ജനങ്ങളിലെത്തിക്കുകയും ശരിയായ ലൈംഗീക വിദ്യാഭ്യാസം നല്‍കുന്നതില്‍ യത്നിക്കുകയും വേണം.

മേല്‍പറഞ്ഞ വിധത്തിലുള്ള ഒരു കൂട്ടുത്തരവാദിത്വത്തിന് മാത്രമേ നാടിനെ വിഴുങ്ങുന്ന വലിയ പ്രശ്നത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനാകൂ. അതല്ലാതെ വെറുതേ പരസ്പരം കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. രോഗത്തിനാണ് ചികിത്സ വേണ്ടത്, അല്ലാതെ രോഗലക്ഷണത്തിനല്ല. തലയില്‍ ക്യാന്‍സറുള്ളവന് തലവേദനയുടെ മരുന്ന് കൊടുത്തിട്ട് കാര്യമില്ല. ലൈംഗീകതയുടെ കാര്യത്തില്‍ പ്രശ്നം എങ്ങനെ ഇല്ലാതാക്കാം എന്നല്ല ഇതിനെന്ത് ശിക്ഷകൊടുക്കാം എന്നുമാത്രമാണ് നമ്മുടെ സര്‍ക്കാരുകളും കോടതികളും സര്‍വ്വോപരി ബഹുമാനപ്പെട്ട ജനങ്ങളും കുലങ്കുഷമായി ചിന്തിച്ചുകൂട്ടുന്നത്. സൂചികൊണ്ട് എടുക്കാവുന്നത് എങ്ങനെ ജെ. സി. ബി. കൊണ്ട് എടുക്കാം എന്ന് ചിന്തിക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കാതെ പ്രശ്നപരിഹാരമുണ്ടാക്കുക പ്രയാസമാണ് എന്ന് ചുരുക്കം.

കുറിപ്പ്:-  പകര്‍പ്പവകാശം ലേഖകന് മാത്രം.

Advertisements
Previous articleകുറുക്കനും ഒട്ടകവും
Next article‘കല്ലാന’ കെട്ടുകഥയല്ല…
ഞാന്‍ ഫാദര്‍ ജോണ്‍ സഖറിയ. മനഃശാസ്ത്രം, സാമൂഹ്യ ശാസ്ത്രം ലൈംഗീക ശാസ്ത്രം എന്നീ വിഷയങ്ങളില്‍ ചെറിയ പഠനങ്ങളും ഗവേഷണങ്ങളും നടത്തുകയും ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം, തത്വശാസ്ത്രം, പരിസ്ഥിതി വിജ്ഞാനീയം, ദൈവശാസ്ത്രം, മുതലായവ ഇഷ്ട വിഷയങ്ങള്‍. ലൈംഗിക ശാസ്ത്രത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. കാരണം നമ്മുടെ രാജ്യവും ജനങ്ങളും ഈ മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. മേല്‍പരാമര്‍ശിച്ച മേഖലകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ക്ലാസുകള്‍, കൗണ്‍സലിംഗ് എന്നിങ്ങനെയുള്ള സഹായം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക [email protected]