കാലം (TENSE)
സര്‍ക്കാര്‍ യു .പി . സ്കൂളിലെ അഞ്ചു B.
പ്രഭാവതി ടീച്ചറുടെ ക്ലാസ്സ് നടക്കുകയാണ്.
വെളുത്തു മെലിഞ്ഞ, വിടര്‍ന്ന കണ്ണുള്ള ടീച്ചറെ കാണാന്‍ എന്ത് ഭംഗിയാണ്..!
പുറത്തു ചിന്നം ചിന്നം പെയ്യുന്ന മഴയെപ്പോലെ..
“രാമ കില്‍ഡ് രാവണ… രാമന് രാവണനെ കൊന്നു….PAST TENSE …ഭൂത കാലം അഥവാ കഴിഞ്ഞ കാലം ..”
198 total views, 1 views today

സര്‍ക്കാര്‍ യു .പി . സ്കൂളിലെ അഞ്ചു B.
പ്രഭാവതി ടീച്ചറുടെ ക്ലാസ്സ് നടക്കുകയാണ്.
വെളുത്തു മെലിഞ്ഞ, വിടര്‍ന്ന കണ്ണുള്ള ടീച്ചറെ കാണാന്‍ എന്ത് ഭംഗിയാണ്..!
പുറത്തു ചിന്നം ചിന്നം പെയ്യുന്ന മഴയെപ്പോലെ..
“രാമ കില്‍ഡ് രാവണ… രാമന് രാവണനെ കൊന്നു….PAST TENSE …ഭൂത കാലം അഥവാ കഴിഞ്ഞ കാലം ..”
അത് ഭൂതകാലത്തായിരുന്നു…രണ്ടു വര്‍ഷം മുന്‍പ്.. .. ഒരു ജൂണ്‍ മാസം .. കോരിച്ചൊരിയുന്ന മഴയത്ത്, ഗാന്ധിയനായ വല്ല്യച്ചന്റെ വിരലില്‍ തൂങ്ങി സ്കൂളിലേക്ക് പോകാനിറങ്ങി.
” റോഡ് മൊത്തം ചെളി വെള്ളാണല്ലോ ന്റെ കുട്ട്യേ …നടക്കണ്ട …വാ… വല്ല്യച്ചന് എടുക്കാം…”
ഇടുങ്ങിയ വഴിയില്‍ തടസ്സമായി നാലഞ്ചു ഓലകള്‍ …തൊട്ടപ്പുറത്തെ തെങ്ങീന്നു വീണതാവണം.
”മോളിവിടെ ഇരിക്ക്”
അരമതിലില്‍ കുടയും, ബാഗും തന്ന്തന്നെ ഇരുത്തി, മഴ നനഞ്ഞ് വല്ല്യച്ചന് ആ ഓലകള്‍ ഓരോന്നായി വലിച്ച് റോഡില്‍ നിന്നും ദൂരേക്ക് മാറ്റിയിട്ടു. പിന്നെ വന്ന് തന്നെയുമെടുത്ത് മുന്നോട്ടു നടന്നു. വല്ല്യച്ചന് നന്നായി കിതക്കുന്നുണ്ടായിരുന്നു. ആ തലയിലെ വെളുത്ത മുടി നനഞ്ഞൊട്ടിയിരുന്നു.
”വഴീക്കാണുന്ന തടസ്സങ്ങളൊക്കെ നമ്മളാല്‍ കഴീന്നപോലെ നീക്കണം.. വല്ല്യ ഉപകാരാ അത്..”
ഞാന്‍ തലയാട്ടി. വല്ല്യച്ചന് പുഞ്ചിരിച്ചു. പുറകില്‍ ബൈക്കിന്റെ ശബ്ദം.. തിരിഞ്ഞു നോക്കി …. നേരാണ് , ആ ഓലകളുണ്ടായിരുന്നെങ്കില് ബൈക്കിനു തടസ്സമായേനെ.. ബൈക്കില്‍ മൂന്ന് പേര് മഴ നനഞ്ഞ് വരുന്നു.. അവര്‍ക്ക് കടന്നു പോകാന്‍ വല്ല്യച്ചന് റോഡരുകിലേക്ക് നീങ്ങിയതും, അവര്‍ വല്ല്യച്ചനെ ചവിട്ടി വീഴ്ത്തിയതും ഒരുമിച്ചായിരുന്നു. കരഞ്ഞ തന്നെ പിടിച്ചു മാറ്റി അവര്‍ വല്ല്യച്ചനെ ഇരുമ്പ് വടി കൊണ്ട് തല്ലി.
”നീ ബാറ് പൂട്ടിക്കാന്‍ സമരം ചെയ്യും അല്ലേടാ പന്ന കെളവാ..”’
അടിയേറ്റു ആശുപത്രിയില്‍ ആയ വല്ല്യച്ചന്, പിന്നെ മരിച്ചു.
” രാജു ഈസ് കില്ലിംഗ് എ സ്നേക്.. രാജു ഒരു പാമ്പിനെ കൊന്നു കൊണ്ടിരിക്കുന്നു.. PRESENT TENSE – വര്‍ത്തമാന കാലം..”
വര്‍ത്തമാനം വല്ലാതെ പറയുമായിരുന്നു അമ്മുവേച്ചി. എത്ര കഥകളാണ് പറഞ്ഞു തന്നിട്ടുള്ളത്..!
ഒരിക്കല്‍ ‘ആലിബാബയും നാല്‍പ്പതു കള്ളമ്മാരും’ കഥ കേട്ടുകൊണ്ടിരിക്കെ, പെട്ടെന്നാണ് റസിയ ഇത്താന്റെ മോന് അബു അലറിയത്.
”അള്ളാ… പാമ്പ്..!”
കുട്ടികളെല്ലാം നാലു വഴിക്കോടി..അമ്മുവേച്ചി ഏറ്റവും മുന്നിലോടി.. എന്തോ, തന്റെ കാലിനൊരു മരവിപ്പ്…ഓടാനാവുന്നില്ല.. പാമ്പ് തൊട്ടടുത്തെത്തി. അപ്പോഴേക്കും അമ്മുവേച്ചിയുടെ ഏട്ടന് ആനന്ദ് ഒരു വടിയുമായി വന്നു പാമ്പിന്റെ തലയ്ക്കു തുരു തുരാ അടിച്ചു. അത് പിടഞ്ഞു പിടഞ്ഞു ചത്തു. തല ചതഞ്ഞ്..!
”പേടിക്കെണ്ടെടീ ഇത് ചേരയാ..വിഷം ഇല്ലാത്തത്..”
വടി കൊണ്ട് പാമ്പിനെ മറിച്ചു നോക്കിയിട്ടാണ് ആനന്ദേട്ടന് അത് പറഞ്ഞത്.. അടുത്ത് ചെന്ന് നോക്കി.
കണ്ണ് തുറിച്ചു കിടക്കുകയാണ് പാവം..! കൊല്ലേണ്ടായിരുന്നു…!
”ക്യാറ്റ് വില്‍ ഈറ്റ് റാറ്റ് ..പൂച്ച എലിയെ തിന്നും. FUTURE TENSE …. ഭാവി കാലം..”
”ചെറു പഴമെല്ലാം എലി കടിച്ചോണ്ടു പോയി..എത്ര നാളായി പറേന്നു എലി വിഷം മേടിച്ചോണ്ട് വരാന്‍..!”
രാവിലെ അമ്മേടെ ബഹളം കേട്ടാണ് ഉണര്‍ന്നത്.
”എന്റെ ഭാനു.. ഇന്നലെ വൈകുന്നേരം വരെ ഓര്‍മ്മിച്ചതാ..പിന്നെ മറന്നു പോയി..”
അച്ഛന്റെ കുമ്പസാരം.
”എങ്ങനെയാ മറക്കാണ്ടിരിക്കാ..? മൂക്കറ്റം മോന്തി ബോധം നശിച്ചല്ലേ വരവ്.. ആ ആശെടച്ഛനെ കണ്ടു പടിക്ക്.. ഒറ്റതുള്ളി കുടിക്കില്ല.. ഏതു നേരോം മോള്,മോള് എന്നാ ഒറ്റ വിചാരാ.. അങ്ങനെയാ സ്നേഹോള്ള തന്തമാര്..”
നേരായിരുന്നു. അമ്മയില്ലാഞ്ഞിട്ടും ഒരു കുറവുമില്ലാതെയാണ് ആശേച്ചിയെ അവരുടെ അച്ഛന് വളര്‍ത്തി വലുതാക്കിയത്.
”ന്റെ മോളെ ഞാന്‍ ഡോക്കിട്ടരാക്കും … അവളോടി നടന്നു ഈ നാട്ടിലെ പാവങ്ങളെ എല്ലാം പൈസ വാങ്ങാണ്ട് നോക്കും. അതിനാ ഞാന്‍ കിട്ടണ പണിയെല്ലാം ചെയ്തു പൈസയാക്കുന്നെ..”
കാണുന്നവരോടെല്ലാം അശേചീടച്ചന് പറഞ്ഞു നടന്നു.
ആശേച്ചി പത്താം ക്ലാസ്സ് പരീക്ഷ എഴുതാന്‍ പോകവെയാണ് അതുണ്ടായത്. ഏതോ പാര്‍ട്ടികള്‍ തമ്മില്‍ നടന്ന അടിപിടിയില്‍ ആരോ എറിഞ്ഞ ബോംബ് ആശേച്ചീടെ അടുത്ത് വീണു പൊട്ടി. ചേച്ചീടെ രണ്ടു കാലും പൊട്ടിച്ചിതറി.. റോഡു നിറയെ ചോര നിറഞ്ഞ മാംസക്കഷ്ണങ്ങള്‍..! അത് കണ്ടു സമനില തെറ്റിയ ആശേച്ചീടച്ഛന് അതെല്ലാം ഒരു ഭ്രാന്തനെപ്പോലെ പെറുക്കിയെടുത്തു നേരെ പാര്‍ട്ടി ഓഫീസിലേക്ക് ചെന്ന് വലിച്ചെറിഞ്ഞു.
”കൊണ്ടോയി പച്ചക്ക് തിന്നെടാ നായ്ക്കളെ ..”
”ക്യാറ്റ് വില്‍ ഈറ്റ് …..”
ആ സംഭവം കഴിഞ്ഞിട്ടധികമായില്ല, ഒരു ദിവസം ബാലന് മാഷുടെ കണക്കു ക്ലാസ്സ് നടക്കുന്നു. എട്ടിന്റെ ഗുണപാഠം പഠിച്ചു വരാന്‍ പറഞ്ഞിരുന്നു.
”നാലെട്ടു മുപ്പത്രണ്ട്, അയ്യെട്ടു നാല്‍പ്പത്.., ആറെട്ടെത്രയാ..?”
മാഷുടെ വിരല്‍ മുന്‍ ബെഞ്ചി ലുണ്ടായിരുന്ന തനിക്കു നേരെ നീണ്ടു.
” പറ.., ശ്രീക്കുട്ടീ.. ആറെട്ടെത്രയാ..?”
”’നായിന്റെ മോനെ.., നീ ഞങ്ങളെ ആള്‍ക്കാരെ കൊല്ലിക്കും, അല്ലേടാ…?”
കുറെ പേര് വാളുകളുമായി വന്നു മാഷെ തുരു തുരാ വെട്ടുന്നു. ചോര തെറിക്കുന്നു. തന്റെ മുഖത്തും ചോര തുള്ളികള്‍.. എന്തോ ഒരു മരവിപ്പ്..
ആള്ക്കാര് പോയി..കുട്ടികളെല്ലാം വാവിട്ടു കരയുന്നു. മെല്ലെ മാഷുടെ അടുത്തേക്ക് ചെന്നു … തുറന്നു കിടക്കുന്ന മാഷിന്റെ കണ്ണുകള്‍ ഉത്തരം തേടുന്നുവോ?
പതിയെ പറഞ്ഞു.
”ആറെട്ട് നാല്പ്പത്തെട്ട്”
”എന്താ ശ്രീക്കുട്ടീ .., ഏതു ലോകത്താ..?”
ക്ലാസ്സിലാകെ ചിരി പടര്‍ന്നു. മുന്നില്‍ പുരികം വളച്ചു പ്രഭാവതി ടീച്ചര്‍..!
”ക്ലാസ്സെടുക്കുമ്പോ സ്വപ്നം കണ്ടോണ്ടിരിക്ക്യാ..?”
കുട്ടികളുടെ ചിരി ഉറക്കെയായി.
”സൈലന്‍സ്..”
ചിരി നിന്നു… ചൂരലൊന്നു വായുവില്‍ വീശി വിട്ട് ടീച്ചര്‍ ഗൌരവത്തില്‍ ചോദിച്ചു.
”രാജു പാമ്പിനെ കൊല്ലും , ഏതു ടെന്‍സാ..? പറയ് …”
പാമ്പിനെ കൊള്ളുന്ന രാജു മുന്നില്‍..?
പാമ്പിന്റെ ചോര…
വല്യച്ഛന്റെ ചോര…
ആശേച്ചിയുടെ.., മാഷിന്റെ… ചോര…
”ശ്രീക്കുട്ടിയോടാ ചോദ്യം, രാജു പാമ്പിനെ കൊല്ലും എന്നത് ഏതു ടെന്സാണെന്ന്…ഉം ?”
”രാജുവിനു…. ആ പാമ്പിനെ… കൊല്ലാതിരുന്നൂടെ ടീച്ചര്‍?”
199 total views, 2 views today
