01tvfsar_friday_GPD_261016f

രചന: സുനില്‍ എം എസ്, മൂത്തകുന്നം

അച്ഛനൊരു തവണ ലീവിനു വന്നപ്പോള്‍ ഒരു ഗ്രാമൊഫോണ്‍ കൊണ്ടു വന്നു. ഇംഗ്ലീഷു വഴങ്ങാനുള്ള ബുദ്ധിമുട്ടു മൂലം ഞങ്ങളതിനെ ഗ്രാഫൂണ്‍ എന്നു വിളിച്ചു. ഗ്രാമൊഫോണില്‍ വച്ചു പാടിയ്ക്കാന്‍ വേണ്ടി ഏതാനും റെക്കോഡുകളും (ഇവയ്ക്കു ‘പ്ലേറ്റുകള്‍’ എന്നും പറയാറുണ്ടായിരുന്നു) അച്ഛന്‍ വാങ്ങി. ഗ്രാമൊഫോണില്‍ ഒരു റെക്കോഡു വച്ചു പാടിയ്ക്കുന്നതിനു മുമ്പ്, ഒരു ഹാന്റില്‍ അഥവാ ലീവര്‍ കറക്കി ‘വൈന്റു’ ചെയ്യണം. ചില ദിവസങ്ങളില്‍ അച്ഛന്‍ ഗ്രാമൊഫോണെടുത്ത് അരമതിലിന്മേല്‍ വച്ചു പാട്ടുകള്‍ പാടിയ്ക്കും. അക്കാലത്ത് അതൊരു സംഭവമായിരുന്നു. ഗ്രാമൊഫോണിന്റെ ശബ്ദം വളരെച്ചെറുതായിരുന്നെങ്കിലും, പാട്ടു കേട്ട് അയല്‍വീടുകളില്‍ നിന്നു പലരും ഓടി വരുമായിരുന്നു. അവര്‍ വരാന്തയിലും ചവിട്ടിന്മേലും മുറ്റത്തുമൊക്കെയായി ക്ഷമയോടെ കുത്തിയിരുന്ന് ആര്‍ത്തിയോടെ പാട്ടുകള്‍ കേട്ടു.

ആറു പതിറ്റാണ്ടിലേറെക്കാലം മുമ്പുണ്ടായ കാര്യമാണിപ്പറഞ്ഞത്. അന്നു വീട്ടിലുണ്ടായിരുന്ന മലയാളം റെക്കോഡുകളില്‍ ഭൂരിഭാഗവും നാടകഗാനങ്ങളായിരുന്നു. അവയില്‍ ഭൂരിഭാഗവും ഓ എന്‍ വിപ്പാട്ടുകളും. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’, ‘സര്‍വ്വേക്കല്ല്’ എന്നീ നാടകങ്ങളിലെ റെക്കോഡുകളായിരുന്നു, ആദ്യം വാങ്ങിയിരുന്നത്. അതുകൊണ്ടവ അച്ഛനും, പിന്നീടു ഞാനും, നിരവധി തവണ പാടിച്ചിട്ടുണ്ട്.

പാട്ടുകള്‍ പാടിയ്ക്കുന്നതിന് ഒരു പ്രത്യേക ക്രമമുണ്ടായിരുന്നു, അച്ഛന്. പരിപാടി തുടങ്ങിയിരുന്നതു ‘പൊന്നരിവാള്‍ അമ്പിളിയില്’ എന്ന പാട്ടോടെയായിരുന്നു. ‘ഓടക്കുഴലുമായ് വന്നവനിന്നലെ’, ‘മാരിവില്ലിന്‍ തേന്മലരേ’, എന്നിങ്ങനെ ഓ എന്‍ വിപ്പാട്ടുകള്‍ ഒന്നിനു പിറകേ ഒന്നായി വന്നു കൊണ്ടിരിയ്ക്കും. മിഠായിയ്ക്കായി വാശിപിടിയ്ക്കുന്നതു പോലെ, ഞങ്ങള്‍ കുട്ടികള്‍ ഒന്നു രണ്ടു പാട്ടുകള്‍ രണ്ടും മൂന്നും തവണ കേള്‍ക്കണമെന്നു ശാഠ്യം പിടിയ്ക്കും: ‘അമ്പിളിയമ്മാവാ, താമരക്കുമ്പിളിലെന്തൊണ്ട്’, ‘ചെപ്പു കിലുക്കണ ചെങ്ങാതി നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂല്ലേ’. ഞങ്ങളുടെ ആവശ്യം മാനിച്ച് അച്ഛനവ ആവര്‍ത്തിച്ചു പാടിച്ചു തരികയും ചെയ്തിരുന്നു. അവയെല്ലാം ഓ എന്‍ വിപ്പാട്ടുകള്‍ തന്നെ.

രണ്ടു മലയാളസിനിമകളിലെ പാട്ടുകളുമുണ്ടായിരുന്നു: ‘നീലക്കുയില്‍’, ‘രാരിച്ചന്‍ എന്ന പൗരന്‍’; അവ പി ഭാസ്‌കരന്റേതായിരുന്നു; സംഗീതം രാഘവന്‍ മാസ്റ്ററുടേതും. നാടകഗാനങ്ങളും മലയാളസിനിമാപ്പാട്ടുകളും പിന്നെ ഒന്നു രണ്ടു ഹിന്ദിപ്പാട്ടുകളും കഴിഞ്ഞ് അച്ഛന്‍ ജീ എന്‍ ബാലസുബ്രഹ്മണ്യത്തിന്റേയും, ത്യാഗരാജഭാഗവതരുടേയും (ത്യാഗരാജസ്വാമികളല്ല) മറ്റും കര്‍ണ്ണാടകസംഗീതരചനകളിലേയ്ക്കു കടക്കുമ്പോള്‍ ജനം പതുക്കെ പിന്‍വാങ്ങാന്‍ തുടങ്ങും.

ഒരു കാര്യം തീര്‍ച്ച: അച്ഛന് ഓ എന്‍ വിയുടേയും പി ഭാസ്‌കരന്റേയും പാട്ടുകളോട് ഒരു പ്രത്യേക മമതയുണ്ടായിരുന്നു. അക്കാലത്തു വയലാര്‍ രാമവര്‍മ്മ രചിച്ച ചില നാടകഗാനങ്ങള്‍ ഓ എന്‍ വിയുടേതിനോളം തന്നെ പ്രസിദ്ധമായിരുന്നു. എങ്കിലും, വീട്ടിലുണ്ടായിരുന്ന റെക്കോഡുകളില്‍ വയലാറിന്റേതായി ഒന്നു പോലുമുണ്ടായിരുന്നില്ല. അങ്ങനെ, ഓ എന്‍ വിയുടെ നാടകഗാനങ്ങളും പി ഭാസ്‌കരന്റെ സിനിമാഗാനങ്ങളും കേട്ടു വളര്‍ന്നതു മൂലം അവരിരുവരും എന്റേയും ഇഷ്ടകവികളായിത്തീര്‍ന്നു.

ഓ എന്‍ വിയെപ്പറ്റി എനിയ്ക്കു ചില സ്വകാര്യ അഭിമാനങ്ങളുണ്ട്. അവയിതാ.

എന്റെ ജ്യേഷ്ഠന്‍ (ഇളയച്ഛന്റെ മകന്‍) മഹാരാജാസില്‍ പ്രീയൂണിവേഴ്‌സിറ്റി മുതല്‍ എം ഏ വരെ, ആറു വര്‍ഷം പഠിച്ചു. അദ്ദേഹത്തിന്റെ പഠനകാലത്ത് മഹാരാജാസിലെ മലയാളവിഭാഗത്തിലുണ്ടായിരുന്ന രണ്ടദ്ധ്യാപക പ്രതിഭകളായിരുന്നു, ഓ എന്‍ വിയും എം കെ സാനു മാഷും. ചരിത്രവിദ്യാര്‍ത്ഥിയായിരുന്ന ജ്യേഷ്ഠനെ അവര്‍ പഠിപ്പിച്ചിരുന്നില്ല. എം ഏ വിദ്യാര്‍ത്ഥികള്‍ അക്കാലത്തു കുറവായിരുന്നതുകൊണ്ട്, ജ്യേഷ്ഠന് ഇവരിരുവരേയും പരിചയമുണ്ടായിരുന്നു. ഓ എന്‍ വിയ്ക്ക് ജ്യേഷ്ഠനെ നേരിയ തോതില്‍ മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ. ഓ എന്‍ വി മഹാരാജാസില്‍ കുറഞ്ഞൊരു കാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാനു മാഷു മഹാരാജാസില്‍ കൂടുതല്‍ കാലമുണ്ടായിരുന്നു. അതുകൊണ്ട് സാനു മാഷുമായി ജ്യേഷ്ഠനു പരിചയം മാത്രമല്ല, അടുപ്പവുമുണ്ടായിരുന്നു. ഓ എന്‍ വിയേയും സാനുമാഷിനേയും പറ്റി ചര്‍ച്ച ചെയ്യുന്നിടത്തെല്ലാം ഒന്നു ‘ഞെളിയാന്‍’ വേണ്ടി ഞാന്‍ എന്റെ ജ്യേഷ്ഠന് ഓ എന്‍ വിയുമായും സാനുമാഷുമായുമുണ്ടായിരുന്ന പരിചയത്തെപ്പറ്റി പറയുമായിരുന്നു. എന്റെ ജ്യേഷ്ഠന്‍, പാവം, ഇന്നില്ല.

ഞാനൊരു കാര്യം എന്റെ സുഹൃത്തുക്കളെ തെല്ലു ഗര്‍വ്വോടെത്തന്നെ ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു: ഓ എന്‍ വിയും ഞാനും ഒരേ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്! ഓ എന്‍ വി ജ്ഞാനപീഠം നേടിയ ശേഷമാണ് ഈ അവകാശവാദം ഞാനുന്നയിയ്ക്കാന്‍ തുടങ്ങിയത്. സംഗതി സത്യമാണ്. കൊല്ലം ജില്ലയിലെ ചവറയിലുള്ള ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂളിലാണ് ഓ എന്‍ വി പഠിച്ചത്. അദ്ദേഹം ചവറ സ്വദേശിയുമായിരുന്നല്ലോ. ഞാന്‍ ചവറ സ്വദേശിയല്ലെങ്കിലും, എനിയ്ക്കും ഇതേ സ്‌കൂളില്‍ നാലു വര്‍ഷം പഠിയ്ക്കാനിട വന്നിരുന്നു. അത് 195862 കാലഘട്ടത്തിലായിരുന്നു. അതിന് ഒന്നരപ്പതിറ്റാണ്ടെങ്കിലും മുമ്പായിരിയ്ക്കണം ഓ എന്‍ വി അവിടെ പഠിച്ചിരുന്നത്. ഞാന്‍ ചവറ ഹൈസ്‌കൂളില്‍ പഠിയ്ക്കുമ്പോള്‍ ഓ എന്‍ വി എറണാകുളത്തോ കോഴിക്കോട്ടോ തിരുവനന്തപുരത്തോ കോളേജദ്ധ്യാപകനായി ജോലി നോക്കുകയായിരുന്നിരിയ്ക്കണം.

ഓ എന്‍ വി പഠിച്ച സ്‌കൂളില്‍ ഞാനും പഠിച്ചിട്ടുണ്ടെന്ന എന്റെ ‘വീമ്പിളക്കല്‍’ കേട്ട് എന്റെ സുഹൃത്തുക്കളിലൊരാള്‍ ഒരു കമന്റു പാസ്സാക്കി: ‘അതിന്റെ യാതൊരു ഗുണവും നിനക്കു കിട്ടിയിട്ടില്ല.’ ‘അതെന്താ?’ എന്റെ ചോദ്യം കേട്ടു സുഹൃത്തൊരു മറുചോദ്യം ചോദിച്ചു, ‘ഇത്രയും കാലത്തിനിടയില്‍ നീയൊരു രണ്ടു വരിക്കവിതയെങ്കിലും എഴുതിയിട്ടുണ്ടോ!’

ഒരു രണ്ടു വരിക്കവിതപോലും എനിയ്‌ക്കെഴുതാനായിട്ടില്ലെന്നു തുറന്നു സമ്മതിയ്ക്കുകയേ തരമുള്ളൂ. ഒരു ദുഃഖസത്യമാണത്. ഞാന്‍ ബ്ലോഗുകളെഴുതിയിട്ടുണ്ട്. എന്നാലവ കഥകളും ലേഖനങ്ങളുമാണ്. അവയില്‍ കവിതയില്ല. കവിതയെഴുതുകയെന്ന സാഹസത്തിനു ഞാനൊരിയ്ക്കലും മുതിര്‍ന്നിട്ടില്ല, മുതിരുകയുമില്ല. കവിത വൃത്തബദ്ധമായിരിയ്ക്കണമെന്ന നിബന്ധന ഇപ്പോളില്ലാത്തതുകൊണ്ട് അല്പം ചങ്കൂറ്റമുള്ള ആര്‍ക്കും ‘ഏതു പോലീസുകാരനും!’ ഇന്നു കവിതയെഴുതാം. എങ്കില്‍പ്പോലും, കാവ്യഗുണവും മഹത്വവുമുള്ള കവിതകളെഴുതുന്നത് ഇന്നും ദുഷ്‌കരമായിരിയ്ക്കണം. അത്തരം കവിതകള്‍ അതിവിരളമാണെന്നതു തന്നെ തെളിവ്.

ബ്ലോഗുകളെ സാഹിത്യമായി കണക്കാക്കാറില്ല. ഏതാണ്ടതുപോലെ, ഒരു കാലത്തു സിനിമാപ്പാട്ടുകളെ കവിതകളായി കണക്കാക്കിയിരുന്നില്ല. വാസ്തവത്തില്‍ കവിതകളെഴുതുന്നതിനേക്കാള്‍ കൂടുതല്‍ ദുഷ്‌കരം സിനിമാപ്പാട്ടുകളെഴുതാനായിരിയ്ക്കണം. കാരണം പറയാം. കവിതയെഴുതുമ്പോള്‍ നമുക്കിഷ്ടമുള്ള ആശയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്; അതിഷ്ടം പോലെ നീട്ടിപ്പരത്തി പ്രകാശിപ്പിയ്ക്കാനും. നേരേ മറിച്ച്, കര്‍ക്കശമായ ചട്ടക്കൂടുകള്‍ക്കുള്ളിലുള്ളവയാണു സിനിമാപ്പാട്ടുകള്‍. അവ കഥാസന്ദര്‍ഭത്തിനു യോജിച്ചതാകണം. പത്തോ പന്ത്രണ്ടോ വരികള്‍ കൊണ്ട് ആശയം വ്യക്തമാക്കിയിരിയ്ക്കണം. ഭാവവും രാഗവും ചേരണം. ഉപയോഗിച്ചിരിയ്ക്കുന്ന പദങ്ങള്‍ ഗായകരുടെ വായിലൊതുങ്ങുന്നവയുമായിരിയ്ക്കണം. ഇവയ്‌ക്കൊക്കെപ്പുറമേ, പാട്ടുകള്‍ക്കു കാവ്യഗുണവും വേണം. പോരേ!

സര്‍ക്കസ്സില്‍, ഒരു ഞാണിന്മേല്‍ ഒറ്റക്കാലില്‍ നിന്നുകൊണ്ട്, മറ്റേക്കാലുകൊണ്ട് കപ്പുകളും സോസറുകളും ഒടുവിലൊരു സ്പൂണും മുകളിലേയ്‌ക്കെറിഞ്ഞ്, ശിരസ്സില്‍ ചാതുര്യത്തോടെ അടുക്കിവയ്ക്കുന്ന അഭ്യാസിയുടേതാണ് ഓ എന്‍ വിയുടേയും മറ്റും സിനിമാപ്പാട്ടെഴുത്തിനെപ്പറ്റിപ്പറയുമ്പോള്‍ എന്റെ മനസ്സിലേയ്ക്കു കടന്നുവരാറുള്ള ചിത്രം. എന്റെ കാഴ്ചപ്പാടില്‍ അത്രത്തോളം പ്രയാസമുള്ളതാണു സിനിമാപ്പാട്ടെഴുത്ത്. എന്നിട്ടും, ഓ എന്‍ വിയത് അനായാസേന, ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചെയ്തിരിയ്ക്കുന്നു. ഡസന്‍ കണക്കിന് അവാര്‍ഡുകളാണ് അദ്ദേഹമതിനു നേടിയിരിയ്ക്കുന്നതും! അതോടൊപ്പം വമ്പിച്ച ജനപ്രീതിയും നേടിയിരിയ്ക്കുന്നു. അറുപതു കൊല്ലം തുടര്‍ച്ചയായി എഴുതിയതൊക്കെ ജനപ്രിയമായിത്തീര്‍ന്നതിനെ അത്ഭുതാദരങ്ങളോടെ മാത്രമേ നോക്കിക്കാണാനാവൂ. അക്കൂട്ടത്തില്‍ അദ്ദേഹം സിനിമാപ്പാട്ടുകളെ സാഹിത്യമായി ഉയര്‍ത്തുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍, അദ്ദേഹം തൊട്ടതെല്ലാം പൊന്നായി!

സിനിമ ഒരു വ്യവസായമാണ്. പണമാണ് ആ വ്യവസായത്തിന്റെ ലക്ഷ്യം. പാട്ടുകള്‍ ആ വ്യവസായത്തിന്റെയൊരു ഭാഗമാണ്; പണമുണ്ടാക്കാനുള്ള പല മാര്‍ഗ്ഗങ്ങളിലൊന്ന്. എങ്കിലും, സിനിമകള്‍ക്കു വേണ്ടി അദ്ദേഹമെഴുതിയ പാട്ടുകള്‍ക്കൊരു മൃദുത്വവും ആഴവും, അതിലെല്ലാമുപരി ആത്മീയതയുമുണ്ട്. ഈ മൃദുത്വവും ആഴവും ആത്മീയതയും മൂലം, ഓ എന്‍ വിയുടെ പാട്ടുകള്‍ കേള്‍ക്കുമ്പോളൊക്കെ മനസ്സില്‍ പൊന്തി വരാറുള്ളൊരു വാക്കുണ്ട്: സാംസ്‌കാരികത. ഓ എന്‍ വിയുടേതു പോലുള്ള പാട്ടുകളെഴുതുന്ന കവികള്‍ ഇനിയുണ്ടാകുമോയെന്ന കാര്യം സംശയമാണ്. പക്ഷേ, ഓ എന്‍ വിയുടെ വിയോഗം മൂലം കേരളത്തിനുണ്ടായിരിയ്ക്കുന്ന ഏറ്റവും വലിയ നഷ്ടം സാംസ്‌കാരികമാണ്. സമൂഹമനസ്സാക്ഷിയുടെ വാഹകരായ ഇത്തരം മഹദ്‌വ്യക്തികള്‍ ഒരു നൂറ്റാണ്ടില്‍ ഒന്നോ രണ്ടോ മാത്രമേ ജന്മമെടുക്കാറുള്ളൂ. ഇനിയെന്നാണ് ഇത്തരമൊരു മഹദ്‌വ്യക്തിയെ സമൂഹത്തിനു ലഭിയ്ക്കുക! ഇതാണ് ഏറ്റവും വലിയ സങ്കടം.

You May Also Like

യുവതി ആത്മഹത്യ ചെയ്യുന്നത് പോപ്‌കോണ്‍ തിന്നു കൊണ്ട് വീക്ഷിക്കുന്ന യുവാവ് വീഡിയോ

ഒരാള്‍ ആത്മഹത്യാ ചെയ്യാന്‍ ശ്രമിക്കുന്നത് ആരെങ്കിലും പോപ്‌ കോണ്‍ തിന്നു കൊണ്ട് ആസ്വദിച്ച് ഇരുന്ന് കാണുമോ..?

രാക്ഷസൻ എന്ന സൂപ്പർ ഹിറ്റ് പടത്തിലെ അതി ക്രൂരനായ വില്ലൻ ഇവിടെയൊക്കെ തന്നെയുണ്ട്

രാക്ഷസൻ എന്ന സൂപ്പർ ഹിറ്റ് പടത്തിലെ അതി ക്രൂരനായ വില്ലൻ ഇമ്പരാജിനേ അവതരിപ്പിച്ച നടൻ വിനോദ് സാഗറിന്റെ കുടുംബ വേരുകൾ തിരഞ്ഞു പോയാൽ കൊല്ലത്തെ

‘എന്തുവായിത്..! ‘ ഈ ഒരൊറ്റ വാചകം കേൾക്കുമ്പോൾ മനസ്സിലാകും ആരെ പറ്റിയാണ് പറയാൻ പോകുന്നതെന്ന്

Parvathy Jayakumar എന്തുവായിത്..! ഈ ഒരൊറ്റ വാചകം കേൾക്കുമ്പോൾ മനസ്സിലാകും ആരെ പറ്റിയാണ് ഈ പറയാൻ…

ധ്യാനം: രണ്ടു ചിന്തകളുടെ ഇടവേള

ഫേസ്ബുക്കിലെ തിരക്കുപിടിച്ച ഒരു ഗ്രൂപ്പിലെ പോസ്റ്റുകള്‍ പോലെയാണ് മനുഷ്യന്റെ ചിന്തകള്‍. ഹെവി ട്രാഫിക്കില്‍ ഒന്നിനുപിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കും. അതിനിടയില്‍ ലൈക്കും കമന്റുമായി ചില ഡൈവേര്‍ഷനും ഉണ്ടാവും. ചിലപ്പോള്‍ മറ്റുള്ളവര്‍ കാരണം ചില ചിന്തകള്‍ താഴെ നിന്നും മുകളിലേക്ക് പൊങ്ങിവരും.