കീരിക്കാടന്‍ ജോസ് ഇപ്പോള്‍ എവിടെ ?

852

00201_480027

മധുരയിലെ ഹൈവേകളില്‍ കുഴല്‍പ്പണക്കാരെ പിടിക്കാന്‍ നേതൃത്വം നല്‍കുന്ന എന്‍ഫോഴ്‌സ്‌മെന്റ് അസി.കമ്മീഷണറെ ഏതൊരു കള്ളനും ഭയമാണ്. മലയാളിയായ ആ ഉദ്യോഗസ്ഥനെ മറ്റൊരു മലയാളി പെട്ടെന്ന് കണ്ടാല്‍ കണ്ടവന്റെ മുട്ട് വിറക്കുമേന്നതും യാഥാര്‍ത്ഥ്യമാണ്. ഹൈവേകളില്‍ കുഴല്‍പ്പണക്കാരെ പിടിക്കാന്‍ നേതൃത്വം നല്‍കുന്ന എന്‍ഫോഴ്‌സ്‌മെന്റ് അസി.കമ്മീഷണര്‍ മോഹന്‍രാജിനെ അദ്ദേഹത്തിന്റെ സ്വന്തം പേരിലൂടെയല്ല മലയാളികള്‍ അറിയുക, മറിച്ച് ‘കിരീട’ത്തിലൂടെ മലയാളി പ്രേക്ഷകരെ ഭയപ്പെടുത്തിയ വില്ലന്‍ കീരിക്കാടന്‍ ജോസ് ആണ് ഇപ്പോള്‍ കുഴല്‍ പണക്കാരെ പിടിക്കാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നന്മ നിറഞ്ഞ വില്ലനായിരിക്കുന്നത്.  മംഗളം വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് മലയാളികളുടെ പ്രിയ വില്ലന്‍ മനസ്സ് തുറന്നത്.

‘കിരീട’ത്തിലൂടെ സിബി മലയിലും ലോഹിതദാസും കണ്ടെത്തിയ കീരിക്കാടന്‍ ജോസ്നാലുവര്‍ഷം മുമ്പുവരെ നമ്മുടെ പ്രിയപ്പെട്ട വില്ലനായിരുന്നു.മോഹന്‍രാജെന്ന തിരുവനന്തപുരത്തുകാരന്‍ അന്നു മുതലാണ് കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഇരുപതുവര്‍ഷം കൊണ്ട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റിയെണ്‍പതിലധികം സിനിമകള്‍. അതിനുശേഷം 2010ലാണ് മോഹന്‍രാജ് തന്റെ പഴയ ജോലിയിലേക്കു തിരിച്ചുകയറിയത്.

അഭിനയം മതിയാക്കിഭാര്യ ഉഷയ്ക്കും മക്കളായ പ്ലസ്ടു വിദ്യാര്‍ഥിനി ജെയ്ഷ്മയ്ക്കും ആറാംക്ലാസില്‍ പഠിക്കുന്ന കാവിയയ്ക്കുമൊപ്പം മധുരയില്‍ താമസിക്കുന്ന മോഹന്‍രാജ്എന്‍ഫോഴ്‌സ്‌മെന്റിലെ മധുര സെക്ഷനില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആണ്. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലിയില്‍ നിന്നും ലീവെടുത്ത് അഭിനയത്തിലേക്ക് കടന്നത് കാരണം ഇപ്പോള്‍ ജോലിയില്‍ ഉണ്ടായ ചില പ്രശ്‌നങ്ങള്‍ ആണ് കീരിക്കാടനെ വീണ്ടും ജോലിയിലേക്ക് തിരികെ വരാന്‍ ഇടയാക്കിയത്. ജോലി നഷ്ടമാകും എന്ന ഘട്ടത്തില്‍ കേസ് നടത്തിയാണ് മോഹന്‍ തന്റെ പഴയ ജോലി വീണ്ടെടുത്തത്.

താന്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ച കാര്യം പലര്‍ക്കുമറിയില്ലന്നും മലയാള സിനിമയില്‍നിന്ന് ഒരുപാടുപേര്‍ വിളിക്കാറുണ്ടന്നും എന്നാല്‍ തല്‍ക്കാലം എവിടേക്കും പോകാനാവില്ലന്നും ഭാവി ജീവിത ഇങ്ങനെ തീര്‍ക്കണം എന്നുമാണ് താല്പര്യം എന്നും മോഹന്‍രാജ് പറയുന്നു.

02

പഠിക്കുന്ന കാലത്ത് മോഹന് പട്ടാളത്തില്‍ പോകാനായിരുന്നു താല്പര്യം. തുടര്‍ന്ന് ഇരുപതാമത്തെ വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു. സര്‍വീസിലിരിക്കുമ്പോള്‍, ഒരിക്കല്‍ വോളിബോള്‍ കളിക്കുന്നതിനിടെ കാലിന് പരുക്കേറ്റു. അതോടെയാണ് പട്ടാളം വിട്ടത്. തുടര്‍ന്ന് നോട്ടം പോലീസിലെക്കായി.ആ സമയത്താണ് എസ്.ഐ ടെസ്‌റ്റെഴുതാമെന്നു തോന്നിയത്. ഫലം വന്നപ്പോള്‍ രണ്ടാംറാങ്ക്. പക്ഷേപിന്നീട്പോലീസില്‍ ചേരാന്‍ താല്‍പ്പര്യമുണ്ടായില്ല. സത്യം പറഞ്ഞാല്‍ രാഷ്ട്രീയക്കാരെ കാണുമ്പോള്‍ സല്യൂട്ട് ചെയ്യുന്ന ഏര്‍പ്പാടിനോട് താല്പര്യം തീരെ ഇല്ലെന്ന് മോഹന്‍ പറയുന്നു. പിന്നീട് ബി എസ് എഫായി മനസ്സില്‍. എന്നാല്‍ പഴയ പരിക്ക് വില്ലനായി. തുടര്‍ന്നാണ് കസ്റ്റംസില്‍ ചേര്‍ന്നത്.

നാലുവര്‍ഷവും മൂന്നുമാസവും അവിടെ ജോലി ചെയ്തു. അതിനിടയ്ക്കും ഒരുപാട് ടെസ്റ്റുകളെഴുതി. ഇന്റലിജന്‍സ് ബ്യൂറോയിലും റെയില്‍വേയിലും സെലക്ഷന്‍ കിട്ടിയെങ്കിലും പോയില്ല. എസ്.ബി.ഐയുടെ ക്ലറിക്കല്‍ പോസ്റ്റില്‍ ഇന്റര്‍വ്യുവിന് വരെ വിളിച്ചു. പക്ഷേ എന്നെ കാത്തുനില്‍ക്കുന്നത് മറ്റൊന്നായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റിലെ ജോലിയാണ് സന്തോഷപൂര്‍വം സ്വീകരിച്ചത്. മദ്രാസിലായിരുന്നു പോസ്റ്റിംഗ്.

സിനിമ നടനായ കഥയും മോഹന്‍ പറയുന്നു. ഒട്ടും ആഗ്രഹമില്ലാതെയാണ് സിനിമയില്‍ എത്തിയത്.സിനിമയുടെ ആനുകൂല്യങ്ങള്‍ നേടിയ ശേഷം തള്ളിപ്പറയുന്നതല്ല. കല എന്റെ ഏഴലയത്തുപോലും എത്തിനോക്കിയിട്ടില്ലാത്ത ഒരാള്‍ക്ക് എങ്ങനെ നടനാകാന്‍ കഴിയും? മദ്രാസില്‍ ജോലി ചെയ്യുന്ന കാലത്ത് ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ‘ആണ്‍കളെ നമ്പലെ’ എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചത്. അതിന്റെ തുടര്‍ച്ചയായി ‘കഴുകമലൈ കള്ളനി’ലും വേഷമിട്ടു. ഇതു കണ്ട് സംവിധായകന്‍ കലാധരനാണ് ‘കിരീട’ത്തിലേക്ക് വിളിച്ചത്. കലാധരന്‍ അന്ന് സിബി മലയിലിന്റെ അസിസ്റ്റന്റായി കഴിയുന്ന കാലമാണ്.

തന്നെ കണ്ടതോടെ സിബിയും ലോഹിയും വീണു. അതോടെയാണ് താന്‍ നടനായതെന്നു മോഹന്‍ ഓര്‍ക്കുന്നു. ആദി ദിനം തന്നെ ഷൂട്ട് ചെയ്തത് തന്നെ മലയാളികളുടെ മനസ്സില്‍ കുടിയേറ്റിയപള്ളിവേട്ട മാര്‍ക്കറ്റില്‍ മോഹന്‍ലാലുമായുള്ള സംഘട്ടനസീനായിരുന്നു.അതിന് അധികം അഭിനയമൊന്നും വേണ്ടിവന്നില്ല. മോഹന്‍ലാലാണ് കാര്യങ്ങള്‍ പറഞ്ഞുതന്നത്.എല്ലാ സീനും ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചതെന്നും മോഹന്‍ ഓര്‍ക്കുന്നു.

കീരിക്കടന്റെ സിനിമയായ കിരീടം വന്‍ ഹിറ്റായെങ്കിലും അത് കീരിക്കാടന് സമ്മാനിച്ചത് വില്ലന്‍ ഇമേജായിരുന്നു. അതോടെ പിന്നീട് വന്നത് മുഴുവന്‍ വില്ലന്‍ വേഷം. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹലോയിലൂടെ കോമഡി വേഷം ലഭിച്ചെങ്കിലും അത് ക്ലിക്കായില്ല.വില്ലനായി അഭിനയിക്കുന്നയാള്‍ നന്മയുള്ള കഥാപാത്രത്തെ അവതരിപ്പിച്ചാല്‍ നായകന്മാര്‍ക്ക് വിഷമമാണ്. അവരത് നമ്മളോടു പറയില്ല. പക്ഷേ, അസ്വസ്ഥതയുണ്ടെന്ന് അവരുടെ മുഖം കണ്ടാലറിയാം.സിനിമയില്‍ നിലനില്‍ക്കാന്‍ വേണ്ട ഒരു ഗുണവും എനിക്കില്ല. തുറന്ന മനസാണെനിക്ക്. മനസില്‍ തോന്നുന്നതെന്തും വിളിച്ചുപറയും.സിനിമയുടെ കുതന്ത്രങ്ങള്‍ രാഷ്ട്രീയരംഗത്തേക്കാള്‍ അബദ്ധമാണെന്നാണ് കീരിക്കാടന്‍ പറയുന്നത്. ശുദ്ധഗതിക്കാരനായ തനിക്ക് ആ രംഗത്ത് പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. സിനിമയുടെ ചില രീതികളുമായി പൊരുത്തപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിലെ സ്ഥിരം ജോലി കളയാന്‍ താല്‍പര്യമില്ലാത്തതിനാലാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചതെന്നും മോഹന്‍രാജ് പറയുന്നു.

കീരിക്കാടന്റെ അഭിനയം പോലെ തന്നെ ആയിരുന്നു വിവാഹവും. കൂട്ടുകാര്‍ ഒപ്പിച്ച വേല ആയിരുന്നെങ്കിലുംഭാര്യ ഉഷ, മക്കളായ ജെയ്ഷ, കാവിയ എന്നിവര്‍ക്കൊപ്പം മധുരയില്‍ സസുഖം വാഴുകയാണിന്ന് കീരിക്കാടന്‍. ഒരു വെള്ളമടി സദസ്സില്‍ വെച്ച് സുഹൃത്തുക്കള്‍ പ്രഖ്യാപിച്ചതാണ് തന്റെ വിവാഹം. സുഹൃത്തിന്റെ ബന്ധുവായ പെണ്‍കുട്ടിയെ വെച്ചായിരുന്നു ആലോചന. അതില്‍ പിന്മാറാന്‍ വേണ്ടി കള്ളജാതകം കാണിച്ചെങ്കിലും അതവര്‍ പൊളിച്ചു. തന്റെ അനിയനെ പിടിച്ചവര്‍ ഒറിജിനല്‍ ജാതകം സംഘടിപ്പിച്ചു. അതോടെ താന്‍ അടുത്ത ഡിമാന്‍ഡ് വെച്ചു, 24 മണിക്കൂറിനകം കല്യാണം നടത്തണം എന്ന്. പെണ്ണും കുടുംബവും ഡല്‍ഹിയില്‍ ആണെന്ന് അറിഞ്ഞു കൊണ്ടായിരുന്നു തന്റെ വേല. എന്നാല്‍ സുഹൃത്തുക്കള്‍ അതും പൊളിച്ചു. അവര്‍ കൃത്യ സമയത്ത് തന്നെ പെണ്ണിനേയും കുടുംബത്തെയും ചെന്നൈയില്‍ അമ്പലത്തില്‍ എത്തിച്ചു.

മുണ്ടും ഷര്‍ട്ടിനുള്ള തുണിയും നാട്ടില്‍ നിന്ന് കൊണ്ടുവരാന്‍ അനിയന്‍മാരെ പറഞ്ഞേല്‍പ്പിച്ചു. എന്റെ അളവ് ഷര്‍ട്ട് കൊണ്ടുപോയി ഡബിള്‍ റേറ്റ് കൊടുത്ത് തയ്പിച്ചു. ഇതൊന്നും ഞാനറിഞ്ഞില്ല. ഞാന്‍ പ്രഖ്യാപിച്ച 24 മണിക്കൂറിന് തൊട്ടുമുമ്പ് കൂട്ടുകാര്‍ വീട്ടിലെത്തി.

”ഇനി നമുക്ക് പോവാടാ.”

എന്നു പറഞ്ഞ് അവരെന്നെ വണ്ടിയില്‍ കയറ്റി. കാര്‍ നേരെ അമ്പലത്തിലേക്ക്. അവിടെയെത്തുമ്പോള്‍ എല്ലാവരും എന്നെ കാത്തിരിക്കുകയായിരുന്നു. ഒഴിയാന്‍ പറ്റില്ലെന്നുവന്നപ്പോള്‍ ഞാന്‍ ഉഷയ്ക്ക് മിന്നുചാര്‍ത്തി. അതോടെ ഞാന്‍ നന്നായി എന്നു പറയാം.മോഹന്‍ പറഞ്ഞു നിര്‍ത്തി.