കുക്കു (കഥ)
ഇന്നലെ ചോറൂണ് നടത്തിക്കഴിഞ്ഞതല്ലേ. ഇന്നു പേരുവിളിയും നടത്താം, ശാരദ പറഞ്ഞു.
“കാക്കേ” എന്നു തന്നെ വിളിയ്ക്കാം”, ഞാനെന്റെ ഭാവനയില്‍ നിന്നു വന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചു.
“പോ ചേട്ടാ.” ഞാനവതരിപ്പിച്ച പ്രമേയം അവള് ചര്‍ച്ചയ്ക്കെടുക്കുക പോലും ചെയ്യാതെ വീറ്റോ ചെയ്തു. ഇവിടുത്തെ ഭരണഘടനയില്‍ വീറ്റോയ്ക്കുള്ള അവകാശം വേറെയാര്‍ക്കുമില്ല.
അവള് കാക്കക്കുഞ്ഞിനെ കൈയ്യിലെടുത്തുപിടിച്ചു കൊണ്ട് അതിന്റെ നേരേ നോക്കി “കുക്കൂ” എന്നു ‘പേരുവിളി’ നടത്തി. അതിശയം, ‘കുക്കു’ തല ചരിച്ച് അവളുടെ നേരേ നോക്കി എന്നു ഞങ്ങള്‍ക്കിരുവര്‍ക്കും തോന്നി. ‘കുക്കു’ എന്ന പേര് കാക്കക്കുഞ്ഞ് അംഗീകരിച്ചതു കണ്ടില്ലേ എന്നു ചോദിയ്ക്കുന്ന മട്ടില്‍ അവള് അഭിമാനത്തോടെ എന്നെ നോക്കി. തുടര്‍ന്ന് ഓരോ മിനിറ്റിലും അവളതിനെ ‘കുക്കൂ’ എന്നു വിളിച്ചു.
പിറ്റേദിവസം അതിരാവിലെ ചിറകടിയൊച്ച കേട്ടാണ് അടുക്കള വാതില്‍ ഞങ്ങള്‍ തുറന്നത്. കുക്കുവിനെ പൂച്ചയെങ്ങാന്‍ പിടിച്ചോ ദൈവമേ!
126 total views

പത്രം വന്നാലുടന്‍ മുറ്റത്തെ പണികള്‍ക്കൊക്കെ താത്കാലികാവധി പ്രഖ്യാപിച്ച് രണ്ടു പേരും അകത്തു കയറും. പിന്നെ ഒരു മണിയ്ക്കൂര്‍ പത്രം ഊണു മേശമേല്‍ വിടര്‍ത്തി വിരിച്ചു വായന. മേശയുടെ ഒരു പകുതി ശാരദയ്ക്ക്. മറ്റേത് എനിയ്ക്കും. മുഖപ്രസംഗമുള്ള ഭാഗം മാത്രം എനിയ്ക്ക്. ബാക്കിയൊക്കെ അവള്‍ക്ക്. അവള് വായിച്ചു തീരുന്നതിനനുസരിച്ച് ഷീറ്റുകള്‍ ഓരോന്നോരോന്നായി എന്റെ ഭാഗത്തേയ്ക്കു വരുന്നു.
മുഖപ്രസംഗത്തില്‍ അവള്‍ക്കു താത്പര്യമില്ല. “അതിപ്പോ ആര്‍ക്കാ എന്താ എഴുതാന്‍ പാടില്ലാത്തത്? വാര്‍ത്തകളാണു വായിയ്ക്കേണ്ടത്. നാട്ടിലെന്തൊക്കെ നടന്നു എന്നറിയണ്ടേ?” ചരമത്തിന്റെ പേജുപോലും അതീവശ്രദ്ധയോടെ വായിയ്ക്കുന്നു, ഒരറ്റം മുതല്‍ മറ്റേയറ്റം വരെ.
“ലിസ്റ്റില്‍ ടിക്കു ചെയ്യുന്നില്ലേ?” കൂലങ്കഷമായ ‘ചരമ’ വായന കാണുമ്പോള്‍ ഞാനൊരു കുസൃതിച്ചോദ്യമെറിയും. “ആരൊക്കെ പോയി എന്നറിഞ്ഞേ തീരൂ.” അവള് വായന തുടരും.
ഒരു ദിവസം പതിവു വായന തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ വീടിന്റെ പുറകുവശത്ത് ഒരാരവം. കാക്കകളുടെ. പെട്ടെന്ന് ആരവം കൂടി.
“പട്ടി കോഴിയെപ്പിടിച്ചിട്ടുണ്ടാകും”, ശാരദ ഊഹം പ്രകടിപ്പിച്ചു. പക്ഷെ അതിനു സാദ്ധ്യതയില്ല. വീട്ടില്‍ പട്ടിയില്ല. കോഴിയുമില്ല. തൊട്ടയല്പക്കങ്ങളിലുമില്ല, പട്ടി. കോഴികളുണ്ട്. പട്ടികളില്ലാത്ത നിലയ്ക്ക് കോഴിയെപ്പിടിച്ചു കാണാന്‍ വഴിയില്ല.
ആരവം കൂടുന്നു. പുറത്തിറങ്ങി നോക്കിയേ തീരൂ.
“ചേട്ടാ, കാക്ക തലയിലിട്ടു ഞോടും. ആ വടി കയ്യിലിരുന്നോട്ടെ.”
അവളുടെ ഉപദേശമനുസരിച്ച് വടിയെടുത്തു തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഞാന്‍ പുറത്തിറങ്ങി നോക്കി.
എവിടേയും കാക്കകള്‍ തന്നെ. കിണറ്റിന് കരയില്‍ , വിറകുപുരയുടെ മുകളില്‍ , കടപ്ലാവിന്മേല് , സണ്ഷേയ്ഡിന്മേല് . ചിലത് അയകളിലിരുന്നാടുന്നു. കാക്കകളുടെ ഒരു സമുദ്രം
തന്നെ. അന്തരീക്ഷം പ്രക്ഷുബ്ധം.
എന്നെ കണ്ട പാടെ ആരവം കൂടി. പക്ഷേ, എന്റെ വടി രൌദ്രഭാവത്തില്‍ ഉയര്‍ന്നതോടെ ഭൂരിഭാഗം കാക്കളും പറപറന്നു. ചിലത് ആദ്യമാദ്യം അങ്ങോട്ടുമിങ്ങോട്ടും പറന്നു കളിച്ചെങ്കിലും നിലത്തുനിന്നൊരു കല്ല് ഞാന്‍ പെറുക്കിയെടുക്കാനൊരുങ്ങുന്നത് കണ്ട പാടെ അവയും സ്ഥലം വിട്ടു.
ചുറ്റും നോക്കിയപ്പോള്‍ രണ്ടു മൂന്നെണ്ണം കൂടിയിരിപ്പുണ്ട്, ഞാന്‍ സത്യമായും കല്ലെടുക്കുമോ എന്ന സംശയത്തില്‍ . ഈ കാക്കകളുടെ ബുദ്ധി അപാരം തന്നെ. ഇയാള്‍ കല്ലെടുത്തെറിയാന്‍ സാദ്ധ്യതയില്ല എന്ന നിഗമനത്തിലെത്തിയ ചില കാക്കകള്‍ എന്റെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു. ആ പരിഹാസത്താല്‍ പ്രകോപിതനായ ഞാന്‍ ഒരു കല്ലെടുക്കുക മാത്രമല്ല, എറിയുക കൂടിച്ചെയ്ത് കാക്കകളുടെ വിശ്വാസക്കുറവു തീര്‍ത്തതോടെ പരിസരം മുഴുവന്‍ ക്ലീന്‍ . ഒറ്റ കാക്കയില്ല!
ക്രമസമാധാനം പുനഃസ്ഥാപിയ്ക്കാന്‍ സാധിച്ചതില്‍ അഭിമാനം കൊണ്ടുകൊണ്ട് ഞാനകത്തേയ്ക്കു മടങ്ങിച്ചെന്നു.
“എന്തായിരുന്നു പ്രശ്നം?” പത്രത്തില്‍ നിന്നു കണ്ണെടുക്കാതെ ശാരദ അന്വേഷിച്ചു.
“എന്തു പ്രശ്നം? കാക്കകള്‍ വെറുതേ ഒച്ചയുണ്ടാക്കിയതാ.”
“അങ്ങനെ വരാന്‍ വഴിയില്ല. എന്തെങ്കിലും കാരണമില്ലാതെ ഇത്ര വലിയ ബഹളമുണ്ടാക്കില്ല.”
അവളതു പറഞ്ഞു തീര്‍ന്നില്ല, പുറത്തു നിന്നൊരു കരച്ചില് കേട്ടു. കാക്കയുടേതു തന്നെ. പക്ഷേ ശബ്ദത്തിന് എന്തോ ഒരു വ്യത്യാസം. ശാരദ മുറ്റത്തിറങ്ങി. വടിയുമായി പിന്നാലെ ഞാനും.
കാക്കകള്‍ വീണ്ടും വന്നാലോ. അവളുടെ തല കൂടി രക്ഷിയ്ക്കണ്ടേ.
ഞങ്ങള്‍ മുറ്റത്തിറങ്ങി നാലുപാടും പരതിക്കൊണ്ടുനില്ക്കുമ്പോള് അതേ ശബ്ദം വീണ്ടുമുണ്ടായി.
“കിണറ്റിലാ.” അതും പറഞ്ഞു കൊണ്ട് ശാരദ കിണറ്റിലേയ്ക്കു നോക്കി. “ദാ കിടക്കുന്നു, കാക്ക വെള്ളത്തില്‍ .”
ഞാനും ചെന്നു നോക്കി. ഒരു കാക്ക വെള്ളത്തില്‍ ചിറകു വിരിച്ചു കിടക്കുന്നു. തല പൊക്കിപ്പിടിയ്ക്കാന് ശ്രമിയ്ക്കുന്നുണ്ട്. അതിനിടയിലാണ് ഇടയ്ക്കിടെ കരയുന്നത്.
വെറുതെയല്ല, കാക്കകളെല്ലാം കൂടി ഒച്ചവെച്ചത്.
“കാക്കക്കുഞ്ഞാ, ചേട്ടാ.” ശാരദ ബക്കറ്റിറക്കി. മെല്ലെമെല്ലെ. ആഴം തീരെക്കുറഞ്ഞ കിണര്‍ . മുട്ടോളം വെള്ളമേയുള്ളു. കാക്കക്കുഞ്ഞില് നിന്നും കഴിയുന്നയത്ര അകറ്റി ബക്കറ്റ് പതുക്കെ
വെള്ളത്തില്‍ മുക്കിത്താഴ്ത്തി.
“ഓ, അതിനെ ബക്കറ്റില്‍ കയറ്റാന്‍ പറ്റില്ല. തോട്ടി കൊണ്ട് തോണ്ടിയെടുത്തു കളയേണ്ടി വരും.”
എന്റെ പ്രവചനത്തോടു പ്രതികരിയ്ക്കാന്‍ മിനക്കെടാതെ ശാരദ “ഓപ്പറേഷന് റെസ്ക്യൂ” ശ്രദ്ധയോടെ തുടര്‍ന്നു. മുങ്ങിക്കിടന്നിരുന്ന തൊട്ടി പതുക്കെപ്പതുക്കെ കാക്കക്കുഞ്ഞിന്റെയടുത്തേയ്ക്കു നീക്കി. കയര്‍ മെല്ലെത്തിരിച്ച് കാക്കക്കുഞ്ഞിന്റെ തല തൊട്ടിയുടെ പിടിയുടെ ഉള്ളിലൂടെ കടത്തി. ബക്കറ്റ് ‘സ്ലോമോഷനില്‍ ‘ ഉയരാന്‍ തുടങ്ങിയപ്പോള്‍ കാക്കക്കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ നിശ്ചലമായി ഇരുന്നു. ഞാനത് അത്ഭുതത്തോടെ നോക്കി നിന്നു. ഞാനാണതു ചെയ്തിരുന്നതെങ്കില്‍ കാക്കക്കുഞ്ഞിന്റെ മുങ്ങിമരണം സുനിശ്ചിതം.
ബക്കറ്റ് കുറച്ചേറെ സമയമെടുത്ത് കിണറ്റിന് വക്കത്തെത്തി ഉറച്ചിരുന്നു. കാക്കക്കുഞ്ഞ് പകുതി ബക്കറ്റിലെ വെള്ളത്തിലും പകുതി വെളിയിലുമായി കിടന്നു.
“ചാകാറായീന്നു തോന്നണു.” കിണറ്റില്‍ നിന്നും പുറത്തു കടന്നിട്ടും പറന്നു പോകാതെ മരവിച്ചു കിടക്കുന്ന കാക്കക്കുഞ്ഞിന്റെ അതിജീവനസാദ്ധ്യതകളെ നിഷ്പക്ഷമായി വിലയിരുത്താന്‍ ഞാന്‍
നടത്തിയ ശ്രമം ശാരദയ്ക്ക് പിടിച്ചില്ല. അവളെന്നെയൊരു നോട്ടം നോക്കി ജീവനോടെ ദഹിപ്പിച്ചു. എന്റെ വിലയിരുത്തല്‍ ഉടന്‍ നിന്നു.
നിമിഷനേരം കൊണ്ട് അവള് കാക്കക്കുഞ്ഞിനെ കൈയ്യിലെടുത്തു. ചിറകുകള് ഒതുക്കിയപ്പോള്‍ കാക്കക്കുഞ്ഞ് അവളുടെ കൈയ്യില്‍ അനങ്ങാതെയിരുന്നു.
“അതു വിറയ്ക്കുന്നുണ്ട്.” ശരിയാണ്. കാക്കക്കുഞ്ഞു വിറയ്ക്കുന്നുണ്ടായിരുന്നു. “ചേട്ടാ, ആ പച്ചക്കറിപ്പെട്ടിയുടെ അടിയിലെ പെട്ടി വര്ക്കേരിയയിലേയ്ക്കെടുത്തു വെയ്ക്ക്. കുറച്ച് പഴയ പത്രക്കടലാസും മടക്കി വിരിയ്ക്ക്.”
നിര്‍ദ്ദേശങ്ങള്‍ യഥാക്രമം പാലിച്ചു കഴിഞ്ഞപ്പോള്‍ അവള് കാക്കക്കുഞ്ഞിനെ നീല നിറത്തിലുള്ള വലിയ പ്ലാസ്റ്റിക് ക്രേയ്റ്റില് , പത്രക്കടലാസ്മെത്തയില് കിടത്തി. കിടത്തിയ പോലെ തന്നെ അതു കിടന്നപ്പോള്‍ “അതിന്റെ കഥ കഴിഞ്ഞു”വെന്നു ഞാന്‍ പറയാനൊരുങ്ങുന്നത് മുന്‍കൂട്ടിക്കണ്ട് അവളൊരു താക്കീത് ഒറ്റ നോട്ടത്തിലൂടെ ‘ഫ്ലാഷ്’ ചെയ്തു, ഞാന്‍ നിശബ്ദത
പാലിച്ചു.
ശാരദ കാക്കക്കുഞ്ഞിന്റെ നനഞ്ഞു കുതിര്‍ന്ന ശരീരം മുഴുവന്‍ ഉണങ്ങിയ ഒരു തുണിക്കഷ്ണം കൊണ്ട് ഒപ്പി. മറ്റൊരു ഉണങ്ങിയ തുണി അല്‍പ്പം ചൂടു പിടിപ്പിച്ച് കാക്കക്കുഞ്ഞിന്റെ ശരീരവും ചിറകുകളും തടവി. കുറഞ്ഞൊരു സമയത്തെ അദ്ധ്വാനം കൊണ്ട് കാക്കക്കുഞ്ഞിന്റെ ശരീരം ഒരുവിധം ഉണങ്ങി. എങ്കിലും സ്വന്തം കാലില്‍ ഇരിയ്ക്കാനോ നില്‍ക്കാനോ ഉള്ള ശേഷി അതിനു കിട്ടിയിരുന്നില്ല. പത്രക്കടലാസ്സില്‍ ഇരുത്തിയപാടെ അത് പഴയപടി പെട്ടിയില്‍ ചാരിക്കിടന്നു.
അധികം താമസിയാതെ ശാരദ ചൂടുള്ള ചോറുമായി വന്നു. ഒരു സ്റ്റീല്‍ കയിലില്‍ ഉടച്ച ചോറിട്ട് കാക്കക്കുഞ്ഞിന്റെ കൊക്കിനു നേരെ നീട്ടി. അതു കണ്ട മട്ടു പോലും കാണിച്ചില്ല. അതിന്റെ
കണ്ണുകളെവിടെ എന്നു ഞങ്ങളതിശയിച്ചു. കണ്ണുകള്‍ കാണാനില്ലായിരുന്നു. ഒരു പക്ഷേ ശിരസ്സ് കഴുത്തിലേയ്ക്കു വലിഞ്ഞപ്പോള്‍ കണ്ണുകള്‍ തൂവലിന്നടിയില് മറഞ്ഞു പോയിട്ടുണ്ടാകണം.
“അതിനു കണ്ണില്ലെന്നാ തോന്നുന്നത്.” ഞാനെന്റെ സംശയം പ്രകടിപ്പിച്ചു. കൊക്കിനു മുന്നില്‍ പിടിച്ചിരിയ്ക്കുന്ന കയിലും അതിലെ ചോറും അതിനു കാണാന്‍ പറ്റിയിരുന്നെങ്കില്‍ അത് ഒരു
തവണയെങ്കിലും കൊത്തി നോക്കിയേനെ.
ശാരദയ്ക്കും അങ്ങനെ തന്നെ തോന്നിക്കാണണം. പല തവണ നീട്ടിയിട്ടും ചോറിനു നേരേ ഒന്നു നോക്കുക പോലും ചെയ്യുന്നില്ല. പക്ഷെ അവള് നീട്ടിയ ചോറു തിന്നാതെ രക്ഷപ്പെടാന്‍ മനുഷ്യക്കുഞ്ഞുങ്ങള്‍ക്കു പോലും കഴിഞ്ഞിട്ടില്ല. പിന്നെയല്ലേ, ഈ കുഞ്ഞിക്കാക്ക!
അവള് കാക്കക്കുഞ്ഞിനെയെടുത്തു നിലത്തു വച്ച് ഇടതുകൈവിരലുകള്‍ കൊണ്ട് അതിന്റെ കൊക്കുകള്‍ മെല്ലെ വിടര്‍ത്തി അല്‍പ്പം ചോറ് ഒരു സ്പൂണില്‍ കൊക്കുകള്ക്കുള്ളിലേയ്ക്കിട്ടു കൊടുത്തു. കൊക്കിന്മേലുള്ള പിടി വിട്ടതോടെ അതടഞ്ഞു, ചോറ് ഉള്ളിലായി. അല്‍പ്പനേരം ഒന്നും സംഭവിച്ചില്ല. പക്ഷേ പിന്നീട് കാക്കക്കുഞ്ഞിന്റെ തൊണ്ട അനങ്ങുന്നപോലെ തോന്നി. രണ്ടു മൂന്നു മിനിറ്റു കഴിഞ്ഞ് വീണ്ടും കൊക്കു ബലം പ്രയോഗിച്ചു തുറന്നു നോക്കിയപ്പോഴേയ്ക്കും ചോറു മുഴുവനും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.
ശാരദയ്ക്കുത്സാഹമായി. വീണ്ടും കൊക്കു തുറന്ന് ചോറു വച്ചു കൊടുത്തു. ഏതാനും മിനിറ്റു കൊണ്ട് അതും അപ്രത്യക്ഷമായി. അങ്ങനെ കുറേ സമയം കൊണ്ട് കുറച്ചേറെ ചോറ്
കാക്കക്കുഞ്ഞിന്റെ അകത്തായി.
അധികം തീറ്റിച്ചു കുഴപ്പമുണ്ടാക്കണ്ട, എന്നു ഞാന്‍ താക്കീതു നല്കിയപ്പോള് അവള് കാക്കക്കുഞ്ഞിന്റെ ചോറൂണ് തത്കാലം നിറുത്തി, അതിനെ പെട്ടിയില്‍ , പത്രക്കടലാസുമെത്തയില് വച്ചു. ഇടയ്ക്കിടെ ഞങ്ങള്‍ ഊഴമിട്ട് കാക്കക്കുഞ്ഞിനെ നോക്കി സ്ഥിതി വഷളാകുന്നില്ലെന്നുറപ്പു വരുത്തി.
ഒരു മണിയ്ക്കൂര്‍ കഴിഞ്ഞപ്പോള്‍ ശാരദ മെന്യുവിലെ അടുത്ത കോഴ്സുമായെത്തി. അല്‍പ്പം കൂടുതല്‍ പഴുത്തു പോയിരുന്ന ഒരേത്തപ്പഴം നന്നായുടച്ച് കുറുക്കാക്കിയതു കൈയ്യില്‍ .
കാക്കക്കുഞ്ഞ് വച്ചപോലെ തന്നെയിരുന്നു. ജീവനുണ്ടോ എന്ന് ഞങ്ങള്‍ സൂക്ഷിച്ചു നോക്കി. ഉണ്ട്, ജീവനുണ്ട്.
ശാരദ വീണ്ടും അതിനെയെടുത്തു നിലത്തിരുത്തി കൊക്കു തുറപ്പിച്ച് ഒരു സ്പൂണ്‍ ഏത്തപ്പഴക്കുറുക്ക് കൊക്കിനകത്താക്കി. ചോറിറങ്ങിപ്പോയതിലും വളരെക്കൂടുതല്‍ സമയമെടുത്താണ് ഏത്തപ്പഴക്കുറുക്ക് ഇറങ്ങിത്തീര്ന്നത്. ഏതാനും സ്പൂണ്‍ കുറുക്ക് തീറ്റിയ്ക്കാന്‍ അര മണിക്കൂറോളം എടുത്തു കാണണം.
“ഇനി പിന്നെ കൊടുത്താല്‍ മതി.” ഞാന്‍ ശുപാര്‍ശ ചെയ്തെങ്കിലും ഒന്നു രണ്ടു സ്പൂണ്‍ കൂടി അകത്താക്കിച്ചിട്ടേ ശാരദ നിറുത്തിയുള്ളു. കാക്കക്കുഞ്ഞ് ഇതൊന്നും അറിഞ്ഞമട്ടില്ല. വീണ്ടും പെട്ടിയില്‍ ചാരിയിരുന്നുറക്കമായി. അന്നു പലതവണയായി ചോറും ഏത്തപ്പഴക്കുറുക്കും ശാരദ കാക്കക്കുഞ്ഞിന്റെയകത്താക്കി. ഇടയ്ക്ക് നേരിയ ചൂടുള്ള തുണി കൊണ്ടു തടവി അതിന്റെ തണുപ്പകറ്റി.
രാത്രി ഒന്നുരണ്ടു തവണ ഞാന്‍ ലൈറ്റിട്ടുനോക്കി. കാക്കക്കുഞ്ഞ് അതേപടിയിരുന്നു. ജീവന്റെ ലക്ഷണങ്ങള്‍ കണ്ടില്ല.
“അതു നേരം വെളുപ്പിയ്ക്കുമെന്നു തോന്നുന്നില്ല.” ഞാന്‍ പറഞ്ഞു.
“ഏയ്. അതിനൊരു കുഴപ്പോമുണ്ടാവില്ല. ഇത്രയുമൊക്കെ അകത്തേയ്ക്കു ചെന്നിരിയ്ക്കുന്നതല്ലേ, അതു പറന്നു നടക്കും.” അവളുറപ്പിച്ചു പറഞ്ഞു.
രാവിലെ നോക്കുമ്പോള്‍ , കാക്കക്കുഞ്ഞിന്റെ നിലയില്‍ ഒരല്‍പ്പം പുരോഗതി കാണായി.
പെട്ടിമേല്‍ ചാരിയിരിയ്ക്കുന്ന പതിവു നിറുത്തി. സ്വന്തം കാലിന്മേല് , ചാഞ്ഞും ചരിഞ്ഞുമല്ലാതെ, നേരേ ഇരിയ്ക്കാമെന്നായി. ഒരു വശത്തെ കണ്ണു പ്രത്യക്ഷപ്പെട്ടു. “ഇനി മറ്റേക്കണ്ണു കൂടി വരും”, ശാരദ നിസ്സംശയം പറഞ്ഞു.
അന്നു തലേ ദിവസത്തേക്കാളും കൂടുതല്‍ ആഹാരം കാക്കക്കുഞ്ഞു കഴിച്ചു. ആഹാരം കഴിയ്ക്കലിന് അല്‍പ്പം കൂടി വേഗതയുണ്ടായി.
ഇന്നലെ ചോറൂണ് നടത്തിക്കഴിഞ്ഞതല്ലേ. ഇന്നു പേരുവിളിയും നടത്താം, ശാരദ പറഞ്ഞു.
“കാക്കേ” എന്നു തന്നെ വിളിയ്ക്കാം”, ഞാനെന്റെ ഭാവനയില്‍ നിന്നു വന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചു.
“പോ ചേട്ടാ.” ഞാനവതരിപ്പിച്ച പ്രമേയം അവള് ചര്‍ച്ചയ്ക്കെടുക്കുക പോലും ചെയ്യാതെ വീറ്റോ ചെയ്തു. ഇവിടുത്തെ ഭരണഘടനയില്‍ വീറ്റോയ്ക്കുള്ള അവകാശം വേറെയാര്‍ക്കുമില്ല.
അവള് കാക്കക്കുഞ്ഞിനെ കൈയ്യിലെടുത്തുപിടിച്ചു കൊണ്ട് അതിന്റെ നേരേ നോക്കി “കുക്കൂ” എന്നു ‘പേരുവിളി’ നടത്തി. അതിശയം, ‘കുക്കു’ തല ചരിച്ച് അവളുടെ നേരേ നോക്കി എന്നു ഞങ്ങള്‍ക്കിരുവര്‍ക്കും തോന്നി. ‘കുക്കു’ എന്ന പേര് കാക്കക്കുഞ്ഞ് അംഗീകരിച്ചതു കണ്ടില്ലേ എന്നു ചോദിയ്ക്കുന്ന മട്ടില്‍ അവള് അഭിമാനത്തോടെ എന്നെ നോക്കി. തുടര്‍ന്ന് ഓരോ മിനിറ്റിലും അവളതിനെ ‘കുക്കൂ’ എന്നു വിളിച്ചു.
പിറ്റേദിവസം അതിരാവിലെ ചിറകടിയൊച്ച കേട്ടാണ് അടുക്കള വാതില്‍ ഞങ്ങള്‍ തുറന്നത്. കുക്കുവിനെ പൂച്ചയെങ്ങാന്‍ പിടിച്ചോ ദൈവമേ!
ഞങ്ങളുടെ ഭയാശങ്കകള്‍ അസ്ഥാനത്തായിരുന്നു. കുക്കു പെട്ടിയുടെ വക്കില്‍ കയറി അടുക്കള വാതില്ക്കലേയ്ക്കു തന്നെ നോക്കിക്കൊണ്ടിരിയ്ക്കുന്നു. ആളുഷാറായിട്ടുണ്ട്. തല ചെരിച്ചും തിരിച്ചുമൊക്കെ നോക്കുന്നു.
“ചേട്ടാ, ദാ മറ്റേ കണ്ണും വന്നു”, ശാരദ ഒരു പരിശോധനയ്ക്കു ശേഷം പറഞ്ഞു.
“കുക്കൂ…” ശാരദയും ഞാനും മാറിമാറി വിളിച്ചു. വിളി കേള്‍ക്കുമ്പോഴൊക്കെ അതു തല ചെരിച്ചു നോക്കി. പ്രത്യേകിച്ചും ശാരദയുടെ നേരേ. എന്നെ അതത്ര കാര്യമാക്കിയിട്ടില്ല എന്നെനിയ്ക്കു തോന്നി. അന്നം തന്ന കൈയ്യോടായിരിയ്ക്കുമല്ലോ സ്നേഹം.
ഓരോ തവണയും വിളികേട്ട് കുക്കു തല ചെരിച്ചു നോക്കുമ്പോള്‍ ശാരദ നിലത്തൊന്നുമായിരുന്നില്ല. ഞാന്‍ വിളിച്ചിട്ട് പ്രതികരണമൊന്നും വരാഞ്ഞപ്പോള്‍ അവള് പൊട്ടിച്ചിരിച്ചു. ഞാന്‍ ഇളിഭ്യനായി. കാക്കയ്ക്കുണ്ടോ വിവരം!
ശാരദ വര്‍ക്കേരിയയുടെ പുറത്തേയ്ക്കുള്ള വാതില്‍ തുറന്നു മലര്ത്തിവച്ചു.
“അതു പറന്നു പോവില്ലേ?” ഞാന്‍ ഭയപ്പെട്ടു.
“രണ്ടു ദിവസം കൊണ്ട് അതു നന്നായി തിന്നിട്ടുണ്ട്. അതിനു കാഷ്ടിയ്ക്കേണ്ടി വരും. പുറത്തു പോയിട്ടു വന്നോളും.” ശാരദ പറഞ്ഞു.പക്ഷികളെ ബന്ധനസ്ഥരാക്കുന്നത് അവള്‍ക്കിഷ്ടമല്ല. ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയെന്നാണ് അവളും പറയാറ്.
ഞങ്ങള്‍ നോക്കി നില്‍ക്കെ, കുക്കു ചിറകു വിടര്‍ത്തി. പിന്നീട് ഇടയ്ക്കിടെ അങ്ങിനെ ചെയ്തു. “പറക്കാനുള്ള പ്രാക്ടീസാണ്”, ശാരദ വിശദീകരിച്ചു തന്നു. “നാളത്തേയ്ക്കത് പറക്കും.”
കുക്കു പെട്ടിയില്‍ നിന്ന് നിലത്തേയ്ക്ക് ചാടിയിറങ്ങി. ചെറിയ കാല്‍വെപ്പുകളോടെ അത് വര്‍ക്കേരിയയില്‍ നിന്ന് അടുക്കളയിലേയ്ക്കുള്ള ചവിട്ടിന്നടുത്തേയ്ക്കു നീങ്ങി. ആദ്യത്തെ ചവിട്ടിനു മുമ്പിലിരുന്നു കൊണ്ട് തല ചെരിച്ച് ശാരദയെ പലവട്ടം നോക്കി. ഇടയ്ക്ക് എന്നെയും.
“ചേട്ടനവിടുന്നു മാറ്. അത് അടുക്കളയിലേയ്ക്കു കയറുന്നെങ്കില്‍ കയറിക്കോട്ടെ.”
ഞാന്‍ അടുക്കളയുടെ ഉള്ളിലേയ്ക്കു മാറിനിന്ന് ഉള്ളിലേയ്ക്കുള്ള വഴി ക്ലിയറാക്കി.
കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം കുക്കു ഒന്നാമത്തെ ചവിട്ടിന്മേല്‍ ചാടിക്കയറി. കയറാന്‍ എളുപ്പത്തിന്നായി ചിറകുകള് ചെറുതായി വിടര്‍ത്തിയിരുന്നു. കുറച്ചു മിനിറ്റു നേരത്തെ വിശ്രമത്തിനു ശേഷം രണ്ടാമത്തെ ചവിട്ടും കയറി. കട്ടിളയും കയറിക്കടന്ന് അടുക്കളയില്‍ കാല് വെച്ചു. വീണ്ടും കുറച്ചു നേരത്തെ ആലോചന. തല ചരിച്ചു നോക്കി. അടുത്ത നീക്കം എങ്ങോട്ടായിരിയ്ക്കണം എന്നാവാം ആലോചിച്ചത്. ഞങ്ങള്‍ കൌതുകത്തോടെ നോക്കി നിന്നു.
കുക്കു ചെറിയ ചുവടുകള്‍ വച്ചു കൊണ്ട്, മെല്ലെമെല്ലെ, ഊണു മുറിയിലേയ്ക്കാണു കടന്നത്.
പെട്ടെന്ന്, ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട്, ഒരൊറ്റച്ചാട്ടം അല്പ്പമകന്നു കിടന്നിരുന്ന കസേരയിലേയ്ക്ക്. ആ അദ്ധ്വാനം കൂടിപ്പോയതു കൊണ്ടാകാം കസേരയുടെ വക്കില്‍ കുറച്ചേറെ സമയം ഇരുന്നു.
ഇതിനിടെ “കുക്കൂ” എന്നു വിളിച്ചു കൊണ്ട് ശാരദയും പിന്നാലെ ഞാനും ഊണുമേശയുടെ മറ്റു വശങ്ങളില് നില്‍പ്പുറപ്പിച്ചു. ശാരദ “കുക്കൂ” എന്ന് ഇടയ്ക്കിടെ വിളിച്ച് അതിനെ പ്രോത്സാഹിപ്പിച്ചു. ഭയമുണ്ടെങ്കില്‍ ഭയമകറ്റുകയും വേണമല്ലോ.
കുറേക്കഴിഞ്ഞ് അടുത്ത ചാട്ടത്തിന് കുക്കു കസേരയുടെ മുകളില്‍ കയറിയിരുന്നു. ആദ്യം അത് ഞങ്ങള്‍ക്കു പുറം തിരിഞ്ഞാണ് ഇരുന്നത്. ഞങ്ങളുടെ വിളികേട്ടായിരിയ്ക്കണം, പതുക്കെപ്പതുക്കെ, കസേരയില്‍ മുറുകെപ്പിടിച്ചു കൊണ്ട് ഞങ്ങളുടെ നേരേ തിരിഞ്ഞിരുന്നു.
“കസേരയില്‍ കാഷ്ടിയ്ക്ക്യോ?” ഞാനെന്റെ ആശങ്ക പ്രകടിപ്പിച്ചു.
അതു ശ്രദ്ധിയ്ക്കുക പോലും ചെയ്യാതെ “കുറച്ചു ചോറിരിപ്പുണ്ട്. അതു കൊണ്ടുവരാം” എന്നു പറഞ്ഞ് ശാരദ അടുക്കളയിലേയ്ക്കു പോയി. അവള് തിരികെ വരും വരെ, കുക്കു കസേരയുടെ മുകളില്‍ത്തന്നെ ഇരുന്ന് തല ചെരിച്ചും തിരിച്ചും നോക്കി.
ശാരദ ഒരു സ്റ്റീല്‍ കയിലില്‍ ചോറുമായി വന്നു. കുക്കുവിന്റെ തൊട്ടടുത്തു നിന്നു കൊണ്ട് കുക്കുവിന്റെ കൊക്കിനു മുന്നില്‍ കാണിച്ചു. കുക്കു ഒരു മടിയും കൂടാതെ ചോറു പതുക്കെപ്പതുക്കെ കൊത്തിത്തിന്നു.
കുറേ സമയത്തിനു ശേഷം കുക്കു കസേരമുകളില് നിന്നിറങ്ങിയത് പറന്നാണ്. ചാടിച്ചാടി വര്‍ക്കേരിയയിലേയ്ക്കു മടങ്ങിപ്പോയി. പിന്നാലെ ഞങ്ങളും. പെട്ടിവക്കില് ചാടിക്കയറി കുറച്ചു നേരം ഇരുന്ന ശേഷം കുക്കു വര്‍ക്കേരിയയുടെ തുറന്നു കിടന്നിരുന്ന വാതിലിലൂടെ ചാടിച്ചാടി പുറത്തേയ്ക്കിറങ്ങി. കുറേ സമയം മുറ്റത്ത് ചാടിച്ചാടി നടന്നു. പിന്നാലെ, അല്പ്പമകലത്തില് ഞങ്ങളും.
അതിനിടെ, കുക്കുവിനെ കണ്ടിട്ടാവണം, ഏതാനും കാക്കകള്‍ വന്ന്, അകലെയിരുന്ന് “കാ, കാ” എന്ന് കുക്കുവിനെ നോക്കിക്കൊണ്ടു വിളിച്ചു. കുക്കു അവരെക്കണ്ടു കുറച്ചു നേരം അനങ്ങാതിരുന്നു. ഇടയ്ക്ക് ‘കുക്കൂ’ എന്ന ഞങ്ങളുടെ വിളി കേട്ട് ഞങ്ങളേയും, ‘കാ, കാ’ എന്ന അവരുടെ വിളി കേട്ട് അവരേയും തല ചെരിച്ചും തിരിച്ചും നോക്കി.
കുക്കു ഒരു ധര്‍മ്മസങ്കടത്തിലായ പോലെ തോന്നി. എങ്ങോട്ടു പോകണം?
കുക്കു കാക്കകളുടെ അടുത്തേയ്ക്കു പോയാല്‍ അവര്‍ കുക്കുവിനെ കൊത്തിനോവിയ്ക്കുമോ എന്നു ഞങ്ങള്‍ ഭയന്നു. അതേ സമയം കുക്കു അവരുമായി ചങ്ങാത്തം കൂടുന്നെങ്കില്‍ അതു കാണാനുള്ള ആകാംക്ഷയുമുണ്ട്. കുക്കു ഒറ്റപ്പെട്ടു പോകരുതല്ലോ.
ബോണ്‍ ഫ്രീയില്‍ ജോയ് ആഡംസണ്‍ എല്സയെ വളര്‍ത്തിയ കാര്യം ഞാനോര്‍ത്തു പോയി.
കുറച്ചു നേരത്തെ ആലോചനയ്ക്കുശേഷം തീരുമാനമായി: കുക്കു ചാടിച്ചാടി കാക്കകളുടെ നേരേ ചെന്നു.
ഞങ്ങള്‍ ഭയന്ന പോലുള്ള കുഴപ്പങ്ങളൊന്നുമുണ്ടായില്ല. ഒന്നു രണ്ടു കാക്കകള്‍ കുക്കുവുമായി പല തവണ കൊക്കുരുമ്മുന്നതു കണ്ടു. അതിലൊന്ന് കുക്കുവിന്റെ അമ്മയും മറ്റേത് അച്ഛനുമായിരുന്നു, എന്നു ഞങ്ങള്‍ ഇപ്പോഴും വിശ്വസിയ്ക്കുന്നു. അത്രവലിയ വാത്സല്യപ്രകടനങ്ങളായിരുന്നു അവരുടേത്.
കുറേയേറെ നേരം ഞങ്ങളത് നോക്കിനിന്നു. സ്വന്തം കൂട്ടരുമായി കൂടിച്ചേരുന്നത് തടസ്സപ്പെടുത്തേണ്ട എന്നു കരുതി ഞങ്ങള്‍ ഈ സമയമത്രയും കുക്കുവിനെ വിളിച്ചില്ല. പക്ഷേ കുറേക്കഴിഞ്ഞപ്പോള്‍ ശാരദയ്ക്ക് കൂടുതല്‍ ക്ഷമിച്ചിരിയ്ക്കാന്‍ വയ്യാതായി. അവള് നീട്ടി വിളിച്ചു: “കുക്കൂ…”
കുക്കു പെട്ടെന്നു തിരിഞ്ഞ് ഞങ്ങളുടെ നേരേ നോക്കി. ശാരദ ഒന്നു കൂടി വിളിച്ചു: “കുക്കൂ, വാ…”
പിന്നെക്കണ്ട കാഴ്ച്ച ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍ പച്ചപിടിച്ചു കിടക്കുന്നു.
കുക്കു കാക്കക്കൂട്ടത്തെ വിട്ട്, ചാടിച്ചാടി ഞങ്ങളുടെ അടുത്തേയ്ക്കു വന്നു!
കാക്കക്കൂട്ടം അന്തംവിട്ടു നോക്കിനിന്നു.
“കുക്കൂ, വാ” എന്നു വിളിച്ചു കൊണ്ട് ശാരദയും ഞാനും വര്ക്കേരിയയ്ക്കുള്ളിലേയ്ക്കു കയറിയപ്പോള്‍ കുക്കുവും മെല്ലെ ചാടിച്ചാടി, ഞങ്ങളുടെ പിന്നാലെ വര്‍ക്കേരിയയ്ക്കകത്തേയ്ക്കു കയറി.
ഒരു കാക്കക്കുഞ്ഞ് മനുഷ്യരുടെ വിളികേട്ട് സ്വന്തം കൂട്ടത്തെ വിട്ട് മനുഷ്യരുടെയടുത്തേയ്ക്കു വരിക! അതു ഞങ്ങള്‍ മറക്കില്ല.
ശാരദ കുക്കുവിനെയെടുത്ത് പുറം തടവിയപ്പോള്‍ കുക്കു മനുഷ്യക്കുഞ്ഞുങ്ങളെപ്പോലെ അനങ്ങാതെയിരുന്ന് ആ വാത്സല്യം നുകര്‍ന്നു. കാക്കക്കുഞ്ഞിനുമുണ്ട് സ്നേഹം. ശാരദ മുഖമുയര്‍ത്തി എന്നെ നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഞാനവളുടെ തോളത്തു കൈ വച്ചു.
അന്നു കുക്കു നല്ല പോലെ ആഹാരം കഴിച്ചു. ചോറ്, പഴം, തക്കാളി, അങ്ങനെയങ്ങനെ. കൊടുത്തതെല്ലാം മടി കൂടാതെ കഴിച്ചെന്നു വേണം പറയാന്‍ . വര്‍ക്കേരിയയുടെ വാതിലുകള്‍ രണ്ടും ഞങ്ങള്‍ തുറന്നു വച്ചു കുക്കുവിനു പരിപൂര്‍ണ സഞ്ചാരസ്വാതന്ത്ര്യമനുവദിച്ചു. കുക്കു ഒരു തടവുകാരനായിക്കൂടാ.
കുക്കു ആ സ്വാതന്ത്ര്യം ശരിയ്ക്കുപയോഗിച്ചു. രണ്ടു മൂന്നു തവണ മുറ്റത്ത് ചാടിച്ചാടി നടന്നു. ഓരോ തവണ മുറ്റത്തിറങ്ങിയപ്പോഴും ഞങ്ങള്‍ ഉത്കണ്ഠയോടെ പുറത്തിറങ്ങി നോക്കിനിന്നു. കുറച്ചു നേരത്തിനു ശേഷം കുക്കു മടങ്ങി വന്ന് പെട്ടിയുടെ വക്കില്‍ കയറിയിരുന്നു. രണ്ടുതവണ കുക്കു കൂസലില്ലാതെ അകത്തേയ്ക്കും വന്നു. നേരത്തേ ഇരുന്ന അതേ കസേരമേല് അധികാരത്തോടെ പറന്നു കയറി ഇരുന്നു. കയിലില്‍ നിന്നു വീണ്ടും ചോറുണ്ടു. ഞാന്‍ വിളിച്ചാല്‍ പോലും കുക്കു നോക്കാന്‍ തുടങ്ങി. എന്റെ കൈയ്യില്‍ നിന്നുപോലും ചോറുണ്ടു. എനിയ്ക്കും അഭിമാനമായി.
രണ്ടു ദിവസം കൊണ്ട് കുക്കു ഒരു സുന്ദരന്‍ (അതോ സുന്ദരിയോ?) ആയി മാറി. ശരീരമാസകലം കറുത്ത നിറം. മിനുങ്ങുന്ന, അഴകുള്ള കറുപ്പ്. ചിറകുകള്‍ക്ക് നീളം വച്ചോ? നിലത്തു നിന്നു കസേരമേലേയ്ക്ക് ഒറ്റപ്പറക്കലിനെത്തും. മുറ്റത്തു തത്തിത്തത്തി നടക്കുമ്പോള്‍ ഒരു തവണ കിണറ്റിന് വക്കിലും കയറി. കിണറിന്റെ ഉള്ളിലേയ്ക്കു നോക്കുന്നതു കണ്ടില്ല. രണ്ടു ദിവസം മുമ്പ് അതില്‍ മുങ്ങിപ്പൊങ്ങിയിരുന്ന കാര്യം ഓര്‍മ്മിയ്ക്കുന്നുണ്ടോ ആവോ!
ഒരു കുക്കു വന്നു കയറിയിരിയ്ക്കുന്ന വാര്‍ത്ത പ്രക്ഷേപണം ചെയ്തു, ചെന്നൈയ്ക്കും ബെങ്കളൂര്ക്കും.
കുക്കുവോ, അതാരാ? രണ്ടു മക്കളും ചോദിച്ചു.
കുക്കു ഒരു കാക്കക്കുഞ്ഞാണ്.
കാക്കയോ! അയ്യോ വേണ്ടാ. അഴുക്കിലും മറ്റും നടന്ന് മാലിന്യങ്ങള്‍ മുഴുവന്‍ തിന്നുന്ന പാര്‍ട്ടിയല്ലേ, അകത്തേയ്ക്കു കയറ്റുകയേ വേണ്ടാ.
എന്റെ കട്ടിലിന്മേലുമൊക്കെ കാഷ്ടിച്ചിട്ടിട്ടുണ്ടാകുമോ, അമ്മയൊന്നു ശരിയ്ക്കു നോക്കണം. ഒരാള്‍ ആശങ്ക പ്രകടിപ്പിച്ചു.
മറ്റെയാള്‍ക്ക് കൌതുകം: ഇതെങ്ങിനെ വന്നു കൂടി? കാക്കകള്‍ ഇണങ്ങിക്കാണാറില്ലല്ലോ.
വിവരങ്ങള്‍ വിശദീകരിച്ചപ്പോള്‍ രണ്ടു പേരുടേയും ആശങ്ക കുറഞ്ഞു. കുക്കുവിനെയൊന്നു കണ്ടാല്ക്കൊള്ളാമെന്നുമായി.
സെല്‍ഫോണിലൂടെയുള്ള വര്‍ത്തമാനം മുഴുവന്‍ കുക്കു കേട്ടിരുന്നു. ഭാവഭേദമൊന്നും കാണിച്ചില്ല. മുഴുവനും മനസ്സിലായിക്കാണില്ലല്ലോ. ഇടയ്ക്കിടെ പുറത്തേയ്ക്കു നോക്കി ചിന്താവിഷ്ടനാ(യാ)യി.
പിറ്റേ ദിവസം രാവിലെ കാക്കകള്‍ വീണ്ടും വന്നു. കുക്കു ചാടിച്ചാടി അവരുടെയടുത്തേയ്ക്കു ചെന്നു.
കാക്കക്കൂട്ടം ഉത്സാഹത്തോടെ പറമ്പില്‍ അങ്ങോട്ടുമിങ്ങോട്ടും പറന്നു കളിച്ചു.
തുടക്കത്തില്‍ കുക്കുവിന്റെ നീക്കങ്ങള്‍ ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ പറ്റി. പക്ഷേ പിന്നീട് അങ്ങോട്ടുമിങ്ങോട്ടും പറന്നു കളിയ്ക്കുന്ന കാക്കകളുടെ ഇടയില്‍ കുക്കുവിനെ കണ്ടുപിടിയ്ക്കാന്‍ പ്രയാസപ്പെട്ടു.
അങ്ങനെയിരിയ്ക്കെ കാക്കക്കൂട്ടം പറന്നുപോയി. കുക്കുവും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നിരിയ്ക്കണം.
അവര്‍ തിരികെ വരാതായപ്പോള്‍ ഞങ്ങള്‍ രണ്ടാളും കുക്കുവിനെ വിളിച്ചുകൊണ്ടു പറമ്പു മുഴുവന്‍ നടന്നു. ടെറസ്സില്‍ കയറി നോക്കി. കടപ്ലാവിന്മേലുണ്ടോയെന്നു ചാഞ്ഞും ചരിഞ്ഞും നോക്കി. അടുത്തുള്ള മരങ്ങളിലൊക്കെ നോക്കി. വിറകുപുരയുടെ മുകളില്‍ നോക്കി.
കുക്കുവിനെ എവിടേയും കണ്ടില്ല.
മറ്റു കാക്കകള്‍ കുക്കുവിനെ ഉപദ്രവിച്ചിട്ടില്ല. ഉപദ്രവിച്ചിരുന്നെങ്കില്‍ കുക്കു ഞങ്ങളുടെയടുത്തേയ്ക്ക് തിരിച്ചു വന്നേനെ. കുക്കു അവരുടെ കൂടെ പറന്നു പോയിട്ടുണ്ടാകണം.
“കുക്കൂ…,” ശാരദയുടെ കണ്ഠമിടറി, നിറഞ്ഞ കണ്ണുകളോടെ അവളെന്നെ നോക്കി.
പാവം. അവളുടെ കൈയ്യില്‍ നിന്ന് കുക്കു പലതവണ ആഹാരം കഴിച്ചതും, അവള് പറയുന്നതൊക്കെ അവളുടെ കണ്ണിലേയ്ക്കു തന്നെ നോക്കിയിരുന്നു കേട്ടതും, അവള് വിളിച്ചപ്പോള്‍ കാക്കക്കൂട്ടത്തെ വിട്ട് തത്തിതത്തി വന്നതും അവളുടെ കൈയ്യില്‍ അരുമയോടെ, തലോടലാസ്വദിച്ചിരുന്നതുമൊക്കെ അവള്‍ക്ക് പെട്ടെന്നു മറക്കാന്‍ പറ്റുകയില്ലല്ലോ.
അവളുടെ കണ്ണു നിറഞ്ഞുകാണുന്നതു ബുദ്ധിമുട്ടാണ്. ഞാനവളെ ചേര്ത്തണച്ചാശ്വസിപ്പിച്ചു, “കുക്കു വരും, വരാതിരിയ്ക്കില്ല.”
പക്ഷേ, കുക്കു ഇതേവരെ തിരിച്ചു വന്നിട്ടില്ല.
കുക്കു എവിടെയായിരിയ്ക്കുമിപ്പോള് ? ഞങ്ങളെയോര്ക്കുന്നുണ്ടാകുമോ? ശാരദയെ ഓര്ക്കാതിരിയ്ക്കുമോ? അവളുടെ കൈയ്യില്‍ നിന്നു കഴിച്ച ഏത്തപ്പഴക്കുറുക്ക് അതിനു മറക്കാന്‍ പറ്റുമോ?
കറുത്തു മിനുങ്ങുന്ന കാക്കകളെ എവിടെയെപ്പോള്ക്കണ്ടാലും ശാരദയും ഞാനും ആശയോടെ, ആകാംക്ഷയോടെ, മെല്ലെ വിളിച്ചു നോക്കും:
“കുക്കൂ…”
_________________________________________________________________________________________________________________________________
(ഈ കഥ സാങ്കല്പ്പികം മാത്രമാണ്. ഈ കഥ മറ്റു ചില ബ്ലോഗ്സൈറ്റുകളില്‍ ഞാന്‍ കുറച്ചു കാലമായി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിയ്ക്കുന്നതാണ്, ചിലരെങ്കിലും വായിച്ചുകഴിഞ്ഞിട്ടുള്ളതാകാം.)
127 total views, 1 views today
