കുടിവെള്ളം മുട്ടിയ പുഴയോരക്കാര്‍
വരും നാളുകളില്‍ രാജ്യങ്ങളും, മനുഷ്യരും, ശുദ്ധജല ലബ്ധിക്കുവേണ്ടി ആയിരിക്കും മത്സരിക്കുക, യുദ്ധങ്ങളില്‍ വരെ ഏര്‍പ്പെടുക, എന്ന ഒരു റിപ്പോര്‍ട്ട് വായിച്ചതില്‍ നിന്ന്, ഉടലെടുത്ത ഒരാശയം
144 total views, 1 views today

വരും നാളുകളില്‍ രാജ്യങ്ങളും, മനുഷ്യരും, ശുദ്ധജല ലബ്ധിക്കുവേണ്ടി ആയിരിക്കും മത്സരിക്കുക, യുദ്ധങ്ങളില്‍ വരെ ഏര്‍പ്പെടുക, എന്ന ഒരു റിപ്പോര്‍ട്ട് വായിച്ചതില്‍ നിന്ന്, ഉടലെടുത്ത ഒരാശയം
ഒരു മണിക്കൂര്‍ ആയി ഒന്നര കന്നാസ്സ് വെള്ളവുമായി നടക്കാന്‍ തുടങ്ങിയിട്ട്!
ഇത് വീട്ടില്‍ എത്തിച്ചു, വെള്ളം ശേഖരിച്ചു സൂക്ഷിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഒന്നര കന്നാസ്സ് വെള്ളം കൊണ്ട്, വീട്ടിലെ കാര്യങ്ങള്‍ നടക്കുമോ?
സ്കൂള്‍ വിട്ടു വരുമ്പോള്‍ കുട്ടികളേയും, ഭാര്യയേയും കൂടി വിളിക്കും ഈ ആവശ്യത്തിനായി. ‘അണ്ണാന് കുഞ്ഞിനും തന്നാലായത്’. പിള്ളേരുടെ ഹോംവര്‍ക്കും പഠിത്തവുമെല്ലാം, നിലനില്‍പ്പ് കഴിഞ്ഞിട്ടല്ലേ! നിലനില്‍പ്പിന് കുടിവെള്ളം ഇല്ലാതെ പറ്റുകയില്ലല്ലോ! അതുകൊണ്ട്, സമയം കിട്ടുമ്പോഴെല്ലാം കുടിവെള്ളം ശേഖരിക്കുക എന്നതായി, ഞങ്ങളുടെ ജീവിതത്തിലെ പ്രാഥമിക ദൗത്യം.
പട്ടാളത്തില്‍ നിന്ന് വിരമിച്ച ഞാന്‍, ഒരു വാട്ടര്‍ ബോട്ടില്‍ വെള്ളം കൊണ്ട്, എങ്ങിനെ പിടിച്ചു നില്‍ക്കണം എന്നതിനെക്കുറിച്ച് പ്രസംഗിച്ചു. ‘സായിപ്പ്’ കടലാസുകൊണ്ട് കാര്യം സാധിക്കുന്നതിനെ കുറിച്ചും, കാശ്മീരിലെ അതിശൈത്യമുള്ള ഗ്രാമീണര്‍, അനുവര്‍ത്തിക്കുന്ന ചര്യകളെ കുറിച്ചും, കുടുംബാങ്ങങ്ങളെ ഉല്‍ബുദ്ധരാക്കി! പക്ഷെ, വെള്ളം യഥേഷ്ടം ഉപയോഗിച്ച് ശീലിച്ചു പഠിച്ചവരെ, എനിക്ക് പറഞ്ഞ് മനസ്സിലാക്കാന്‍ പറ്റുന്നില്ല. അത് പരിഹരിക്കാന്‍, ഞാന്‍ ഇനിയും, ഒന്നര കന്നാസ്സുമായി ഒരു കിലോമീറ്റര്‍ നടക്കണം!
എന്റെ ബാല്യകാലത്ത് ‘തൂതപ്പുഴ’ സമ്പന്ന ആയിരുന്നു. അതിന്റെ ഒരു തായ് വഴിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ആയിരുന്നു ഞങ്ങളുടെ ഗ്രാമം. ഞങ്ങളുടെ ഗ്രാമാന്തരീക്ഷത്തിനു ഹേതുവായ എല്ലാ ശ്രേയസ്സിനും കാരണം ആ പുഴയായിരുന്നു. ‘കുടിക്കുവാന്‍, മലനിരയുടെ മുലയൂട്ടല്‍ പോലെ പ്രകൃതിയില്‍ നിന്നും ചുരത്തുന്ന ‘ശുദ്ധ ജലം’ ആ ഉറവകളില്‍ നിന്ന് ഒരു കവിള് വെള്ളം കുടിച്ചാല്‍ ! അതിന്റെ സ്വാദ് നിങ്ങളുടെ ഇഷ്ടപ്രകാരം വര്‍ണ്ണിച്ചോളൂ..
കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ പുഴ ഒരു നേരിയ നീര്ച്ചാല് ആയി മാറി. സമീപ പ്രദേശങ്ങളിലെ കിണറുകളെല്ലാം വറ്റി! ഈ പുഴ എങ്ങിനെ ഇല്ലാതായി എന്നതിനെക്കുറിച്ച് രാജ്യാന്തര സെമിനാറുകള്‍ വരെ നടന്നു. ‘എജന്ട് ഓറഞ്ചു’, ‘എന്ടോസള്ഫാന്’ തുടങ്ങിയ ആസ്തിയുള്ള കോര്‍പ്പോറേറ്റുകള്‍ ആയിരുന്നു അതിന്റെ ‘സ്പോണ്‍സേഴ്സ്’!
അത് പോട്ടെ, ഞാന്‍ എന്റെ പ്രശ്നത്തിലേക്ക് വരാം. ചുമന്നു കൊണ്ട് വരുന്ന വെള്ളം, ശേഖരിച്ചു വെക്കുന്നതായിരുന്നു, എന്റെ പ്രശ്നം. വെള്ളം, ശേഖരിച്ചു വെക്കുന്ന ടാങ്ക് ഏതു മേടിക്കണം എന്നത്, നമ്മള് ഒന്ന് ടി. വി. ചാനലില്‍ നോക്കിയാല്‍ പോരെ, അനവധി പോംവഴികള്‍ ! അങ്ങിനെ ഒരു ‘സിന്റെക്സ്’ ടാങ്ക് മേടിക്കുന്നതിലായി എന്റെ വ്യഗ്രത. ഏതു കമ്പനിയുടെ മേടിച്ചാലും, എന്റെ മാസ വരുമാനത്തില്‍ ഏറേ ആകും!
‘കുടിവെള്ള പ്രശ്നത്തിന് ടാങ്ക് മേടിക്കുന്ന ലോണ്‍, അടുത്തുള്ള കൊര്പ്പോറെറ്റീവ് സൊസൈറ്റി, ഒരു അവശ്യ കാരണമായി അംഗീകരിച്ചതിനാല്‍, ഞാനും സ്വന്തമായി ‘വാട്ടര്‍ ടാങ്കുള്ള’ പദവിയിലേക്ക് ഉയര്‍ന്നു! ‘എന്തായിരുന്നു എന്റെ നെഗളിപ്പ്!’
സദാ സമയം ശുദ്ധ ജലം ഒഴുകിയിരുന്ന തൂതപ്പുഴയുടെ സമീപ പ്രദേശത്ത്, വെള്ളം, ശേഖരിക്കാന്‍ ഒരു വാട്ടര്‍ ടാങ്ക് മേടിക്കാനുള്ള എന്റെ അപേക്ഷ, അധികൃതര്‍ അനുവദിച്ചു തന്ന ഉന്മാദം! സര്വസംബന്നയായ പുഴ, എങ്ങിനെ വറ്റി വരണ്ട് ഈ പരുവത്തില്‍ ആയി എന്ന ചിന്ത എന്റെ മനസ്സിനെ അലോസരപ്പെടുത്തിയിരുന്നു. അപ്പോഴാണ് മറ്റൊരു വാര്‍ത്ത അറിയുന്നത്! കേരളത്തിനേക്കാള്‍ കേരോല്‍പ്പന്നങ്ങള്‍ തമിഴ്നാട്ടിലും, കര്‍ണാടകത്തിലും ഉണ്ടായിരിക്കുന്നു! കാറ്റു വീഴ്ചയും മറ്റു രോഗങ്ങളും ഇല്ല.
നമ്മുടെ നാട്ടിലെ തേങ്ങയുടെ തൊണ്ട്, കായല്‍ പ്രദേശങ്ങളില്‍ സംസ്കരിച്ച് കയറിനായി ഉപയോഗിക്കുന്നു. തമിഴ്നാട്ടിലും, കര്‍ണാടകത്തിലും നമ്മുടെ സംസ്ഥാനത്തെക്കാള്‍ ഉല്പ്പാദിക്കപ്പെട്ട തേങ്ങയുടെ പുറംമടല്‍, എന്ത് ചെയ്യണം എന്നറിയാതെ കത്തിക്കപ്പെടുകയാണ്. ടണ്ണു കണക്കിന് നിരന്തരം കത്തിക്കപ്പെടുന്ന പോതിമാടലില് നിന്നും, ചകിരിയില്‍ നിന്നും ഉതിരുന്ന ചൂട് നമുക്ക് ലഭിക്കുന്നു. നമ്മുടെ വൃഷ്ടിയെ ബാധിക്കുന്നു.
കലുഷിതമായ താപ വ്യതിയാനത്തില്‍ പെട്ടുപോകുന്ന, കൊല്ലം തോറും വന്നിരുന്ന മഴക്കാറുകള്‍ ഈ ചൂടിനു വിധേയമായി, നമുക്ക് പണ്ട് കിട്ടിയിരുന്ന മഴയെ തകിടം മറിക്കുന്നു. പാലക്കാടിന് വടക്കോട്ടുള്ള പ്രദേശങ്ങളില്‍ വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കുന്നു. വ്യാപകമായി കുഴല്‍ കിണറുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ നടന്നപ്പോഴാണ്, മറ്റൊരു സത്യം വെളിയില്‍ വന്നത്.
ഭൂഗര്‍ഭ ജലനിരപ്പ് ഒരുപാട് താണിരിക്കുന്നു!
ചില ഇടങ്ങളില്‍, നാനൂറോളം മീറ്റര്‍ താഴ്ച വരെ, ഗള്‍ഫു മരുഭൂമികളുടെ കീഴിലുള്ളത് പോലെ ഉള്ള ചുണ്ണാമ്പ് പാറകളാണ്! ഉള്ള വെള്ളത്തിനെ വരെ കുടിച്ചു വറ്റിക്കാന്‍ കെല്‍പ്പുള്ള ഒരു ഭൂഗര്‍ഭ സംവിധാനം!
ഇത് ഞാന്‍ പറയുന്നതല്ല. മീഡിയയില്‍ കൂടി അറിഞ്ഞ വാര്‍ത്തകളെ ആധാരമാക്കിയാണ്. അതൊക്കെ വലിയ കാര്യങ്ങള്‍ എപ്പോഴും, ടാങ്കില്‍ വെള്ളം നിറഞ്ഞിരിക്കണം എന്നത് ഞാന്‍ നിര്‍ബന്ധമാക്കി.ഉപയോഗത്തിനു അനുസരിച്ച് ടാങ്ക് നിറക്കുവാന്‍, ഒന്നര കന്നാസ് വെള്ളം ഞാന്‍ എപ്പോഴും വെളിയില്‍ കരുതി വെക്കാന്‍ തുടങ്ങി.
ആദ്യത്തെ കുറച്ചു ദിവസങ്ങള്‍, അത്യാവശ്യമായി കുറച്ചു വെള്ളം ചോദിച്ച് വരുന്നവര്‍ക്ക് ഞാന്‍ സസന്തോഷം നല്കി. ഞാന്‍ ടാങ്ക് കൊണ്ട് വെച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍, ഈ സഹൃദയ മനസ്സ് എന്റെ ആയാസം കൂട്ടും എന്ന തിരിച്ചറിവുണ്ടായി. അവസാനം എനിക്ക് തുറന്നു പറയേണ്ടി വന്നു, ക്ഷമിക്കണം, പലര്‍ക്കും ഇത് പോലെ ഓരോ ചരുവം വെള്ളം തന്നാല്‍, ഒന്നര കന്നാസ് വെള്ളം ചുമന്ന്എനിക്ക് ഒരു കിലൊമീറ്റര് നടക്കേണ്ടി വരും, അതുകൊണ്ട് നാളെ മുതല്‍ വെള്ളം ചോദിച്ചു വരരുത്.
അത് ഫലിച്ചു. പക്ഷെ കറവക്കാരന് മാധവന് മാത്രം യാതൊരു ചളിപ്പുമില്ലാതെ പിന്നേയും സമീപിക്കുമായിരുന്നു. കറവക്കാരന് മാധവന് വലതു കാലില്‍ മന്തുണ്ടായിരുന്നു. എന്നാലും ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ല. രണ്ടു പേരുടെ പണി ചെയ്യാനുള്ള മെയ്ക്കരുത്തും. മാധവന് രണ്ടു മൂന്നു പശുക്കള്‍ ഉണ്ട്. കാലത്തും വൈകുന്നേരവും, കറക്കുന്നതിനുമുന്പു, പശുക്കളുടെ ‘അകിട്’ കഴുകുവാനും, കറക്കുന്ന പാലിന്റെ അളവ് കൂട്ടുവാനും, വെള്ളം കൂടിയേ തീരു.
ഒടുവില്‍, ഒരു ദിവസം മാധവന് വന്ന് വെള്ളം ചോദിച്ചപ്പോള്‍, ഞാന്‍ പറഞ്ഞു. ‘അയ്യോ, മോള് സ്കൂളില്‍ നിന്ന് വരുമ്പോള്‍ കുളിക്കാന്‍ വേണ്ടിയുള്ള വെള്ളമേ ഉള്ളൂ’ ഞാന്‍ ഒരു നമ്പര്‍ ഇറക്കി.
വാട്ടര്‍ ടാങ്കിന്റെ പള്ളക്ക് പുറംകൈ കൊണ്ട് ഒരു തട്ട് തട്ടിയിട്ട്, മാധവന് എന്നെ നോക്കി പറഞ്ഞു. ‘ശരി ‘! വെള്ളം നിറയെ ഉള്ള ഒരു ടാങ്കില്‍ തട്ടുമ്പോഴുള്ള ശബ്ദവും, കാലി ആയ ഒരു ടാങ്കില്‍ തട്ടുമ്പോഴും ഉള്ള വ്യത്യാസം അയാള്‍ മനസ്സിലാക്കിയിരിക്കാം!
ഒരുപാട് ഒഴിവുകഴിവുകളും, നുണകളും പറയുന്നതിനേക്കാള്‍ അഭികാമ്യം, നമുക്ക് മനസ്സിന് പിടിക്കാത്ത ‘അനിഷ്ടം’, എപ്പോഴും ആദ്യമേ തുറന്ന് പറയുന്നതാണ്, എന്ന ആപ്തവാക്യം ഞാന്‍ ഓര്‍ത്തു. അതുകൊണ്ട് ‘ശരി’ എന്ന് പറഞ്ഞപ്പോള്‍ മാധവനില്‍ കണ്ട എന്തോ ‘ശരിയില്ലായ്മ’ ഞാന്‍ അവഗണിച്ചു.
രണ്ടു മൂന്നു ആഴ്ചകള്‍ കഴിഞ്ഞ്, കാലത്ത് ഞാന്‍ എണീറ്റ് വരുമ്പോള്‍, ടാങ്കിലെ വെള്ളം ക്രമാതീതാമായി താഴുന്നു. കുട്ടികള്‍ കാലത്ത് വെള്ളം അമിതമായി ഉപയോഗിക്കുന്നതിനെ കുറിച്ച് ഞാന്‍ അവരുടെ നേരെ തട്ടിക്കയറി! പക്ഷെ അതിലുപരി എന്തോ പ്രശ്നമുണ്ടെന്നു എന്റെ മനസ്സ് പറഞ്ഞു.
ആരോ വെള്ളം ചോര്‍ത്തുന്നുണ്ട് !! മാധവാന് തന്നെയാണ്. പക്ഷെ തെളിവില്ല. അപ്പോഴാണ് എനിക്ക് ഒരു ബുദ്ധി തോന്നിയത്! വീട്ടില്‍ നിന്ന് ഞങ്ങള്‍ വെള്ളം എടുക്കാന്‍ പോകുന്ന വശം ഒഴിച്ച്, ബാക്കി മൂന്നു വശത്തും ഞാന്‍ ‘ഞെരിഞ്ഞില്‍’ വിതറി. എന്നിട്ട് അതിന് മേല്‍ കുറച്ച് അരിപ്പൊടിയും.
‘അടുത്ത ദിവസം കാലത്ത്, മാധവന്റെ മന്തുകാലിന്റെ കാല് അടയാളം വ്യക്തം!’ അപ്പോള്‍ തന്നെ എന്റെ ടാങ്കിന്, ഒരു പൂട്ടും താക്കോലും ഞാന്‍ ഘടിപ്പിച്ചു. ! മന്തുകാലന്‍ മാധവനെ നിര്‍വീര്യമാക്കിയ അഹന്തയില്‍ ഒരു പ്രഭാതത്തില്‍ ഞാന്‍ കണ്ട കാഴ്ച എന്റെ ഹൃദയം പൊട്ടുന്നതാണ് !
സിന്റെക്സ്’ ടാങ്കിന്റെ പള്ളക്ക്, ചൂടുള്ള കമ്പി കൊണ്ട് കുത്തിയ ഒരു പാട്.! എന്റെ ജംഗമ സ്വത്തുക്കളില്‍ പെട്ട ടാങ്കും പോയി എന്റെ കുടിവെള്ളവും മുടങ്ങി !!
നദീതര്ക്കങ്ങല്ക്കും, കുടിവെള്ളത്തിനും ആയിരിക്കും ഇനി മനുഷ്യരും രാജ്യങ്ങളും യുദ്ധം ചെയ്യുക എന്നതിന്റെ തുടക്കമാണോ ഇത് !!
145 total views, 2 views today
