കുടുംബബന്ധം ശിഥിലമാവാതിരിക്കാന്‍….?

501

ഏ. ക്യു. മഹ്ദി

സ്‌നേഹം. അക്ഷരത്തിലും അര്‍ത്ഥത്തിലും മനോഹരമായ പദം. ഭൂമിയിലെ ഏറ്റവും നല്ല വികാരത്തിന്റെ പേരാണത്. മനുഷ്യന്‍ സമൂഹ്യജീവിയായി മാറിയ നാള്‍ മുതല്‍ സ്‌നേഹമെന്ന വികാരത്തെക്കുറിച്ച് അവര്‍ ബോധവാനായിക്കഴിഞ്ഞിരുന്നു. ബുദ്ധിയുടെയും ഭാവനയുടെയും വ്യത്യസ്ഥ പരിണാമഘട്ടങ്ങളില്‍ ഓരോ കാലത്തും കലാകാരന്മാര്‍ സ്‌നേഹത്തെ നിര്‍വ്വചിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. കവികളും, എഴുത്തുകാരും, ചിത്രകാരന്മാരും വിവിധ നിറങ്ങളിലും ഭാവങ്ങളിലും ഭാവനകളിലും സ്‌നേഹത്തെ വ്യവഹരിച്ചു. പ്രേമവും പ്രണയവുമൊക്കെ ഈ വാക്കുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നു. മനുഷ്യജീവിതത്തില്‍ സാത്വികമായ ഒരു ചാലക ശക്തിയായിത്തീര്‍ന്നു സ്‌നേഹം; ഒരു ജൈവചാലക ശക്തി. ഒരിക്കലും ഉപരിപ്ലവമായ ഒരു വികാരമായി അതു നിലനിന്നില്ല.

മനുഷ്യബന്ധങ്ങളുടെ ആഴത്തിലേയ്ക്ക്, ആഴങ്ങളുടെ അനന്തത്തയിലേക്ക്, ഒരനുഭൂതിയായി അതു പടര്‍ന്നിറങ്ങി. കാലദേശങ്ങള്‍ക്ക് അതീതമായി, വര്‍ണ്ണ വര്‍ഗ്ഗ വ്യത്യാസങ്ങളുടെ ചക്രവാളങ്ങള്‍ക്കും അപ്പുറത്ത്, മുന്‍വിധികളില്‍ നിന്നൊക്കെ മുക്തമായി, ഒരു വൈകാരിക പ്രവാഹമായി സ്‌നേഹം നിലനിന്നു. കുടുംബബന്ധങ്ങളില്‍ ഉദാത്തമായ ഒരു വികാരാ നുഭൂതിയായി പടരുകയും, വ്യക്തിബന്ധങ്ങളിലെ ഇഴയടുപ്പം അത് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

വ്യക്തികള്‍ തമ്മിലാവുമ്പോള്‍ സ്‌നേഹമെന്ന വിശുദ്ധവികാരത്തിന്റെ ഊഷ്മളത ഒരളവുകൂടി വര്‍ദ്ധിക്കുന്നു. എങ്കില്‍ അയല്‍ക്കാര്‍ തമ്മിലോ? സമൂഹങ്ങള്‍ തമ്മില്‍? ദേശങ്ങള്‍ ദേശങ്ങളുമായാണെങ്കിലോ? ഭൂഖണ്ഡവും ഭൂഖണ്ഡവും ………….?
വേണ്ട അത്രയൊന്നും വ്യാപകമായി പോകണ്ട, സ്വന്തം ഗൃഹത്തില്‍ പരസ്പരം സ്‌നേഹം പ്രാവര്‍ത്തികമാക്കുന്നതിനെപ്പറ്
റി മാത്രം നമുക്കല്‍പ്പം ചിന്തിക്കാം.

വ്യക്തികള്‍ ചേരുമ്പോള്‍ സമൂഹം ഉണ്ടാകുന്നുവേങ്കില്‍ വ്യക്തിയും വ്യക്തിയും തമ്മിലുള്ള സ്‌നേഹബന്ധത്തിനും ഉണ്ടാകണമല്ലോ വ്യാപകമായ ഒരു മൗലികത. അതിലേറെ അര്‍ത്ഥവ്യാപ്തി, സ്ത്രീയും പുരുഷനും, അതെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തിന് ഉണ്ടാവുന്നു.
മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹത്തിലാണ് കുടുംബങ്ങള്‍ പിറവിയെടുക്കുന്നത്. കുടുംബത്തിലെ അംഗങ്ങളാകട്ടെ സമൂഹത്തിലെ വ്യക്തികള്‍ മാത്രവും. സ്ത്രീപുരുഷ ഭേദമന്യേ കുടുംബജീവിതത്തില്‍ നാമറിഞ്ഞിരിക്കേണ്ട, കഴിയുമെങ്കില്‍ പാലിക്കേണ്ട, ചില കൊച്ചുകൊച്ചു കാര്യങ്ങള്‍ പറയാന്‍ ചെറിയൊരു ശ്രമം നടത്തുകയാണ് ഞാനിവിടെ.

മാനുഷികമായ ഒരായിരം ദൗര്‍ബല്യങ്ങള്‍ക്കടിമയായ, സമൂഹത്തിലെത്തന്നെ ഒരംഗമെന്ന നിലയില്‍, ഒരുപക്ഷേ ഒരാത്മവിമര്‍ശനത്തിന്റെ നേര്‍ത്ത സ്പര്‍ശം എന്റെയീ വരികളില്‍ കണ്ടുവെന്ന് വരാം. അതിലൂടെ താല്‍ക്കാലികമായ ഒരു കുറ്റസമ്മതമല്ലേ നടത്തുന്നതെന്നു ചോദിച്ചാലും ഞാനത് നിഷേധിക്കില്ല. സമൂഹത്തിന്റേതന്നെ ഭാഗമാണല്ലോ ദുര്‍ബലനായ ഈ ഞാനും നിങ്ങളുമൊക്കെ.

സമൂഹത്തിലെ, എന്റെ മാതാവും ഭാര്യയും മകളും സഹോദരിയും ഉള്‍പ്പെടുന്ന സ്ത്രീവര്‍ഗ്ഗത്തെപ്പറ്റിയാണ് ഞാനിവിടെ സംസാരിച്ചു തുടങ്ങുന്നത്.
ഒരു സ്ത്രീയുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് എപ്പോഴാണ്…? തീര്‍ച്ചയായും വിവാഹാനന്തരമാണത്, സന്തുഷ്ടകരമായ ഒരു ദാമ്പത്യ ജീവിതം ആസ്വദിക്കാന്‍ കഴിയുമ്പോള്‍ മാത്രം. പുരുഷന്റെ ആത്മാര്‍ത്ഥമായ സഹകരണം ഇതിന് കൂടിയേ തീരൂ. അടിസ്ഥാനപരമായി ഇതിനുവേണ്ടത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള മനസ്സുതുറന്ന സ്‌നേഹമാണ്, വിട്ടുവീഴ്ചയാണ്, ഉപാധിയില്ലാത്ത ധാരണയാണ്, പരസ്പര വിശ്വാസമാണ്.
എങ്കില്‍പ്പോലും ഏതോ ചില വിധേയത്വങ്ങള്‍ പൊതുവേ ഇന്ന് സ്ത്രീകളെ ബന്ധനസ്ഥരാക്കുന്നുവോ എന്നെനിക്കു തോന്നിപ്പോകുന്നു.

ഈ ആധുനികകാലത്തും സ്ത്രീയ്ക്കുമേലുള്ള ചങ്ങലക്കെട്ടുകള്‍ കൂടുതല്‍ കൂടുതല്‍ മുറുകിവരുന്നത് ഞാന്‍ കാണുന്നു. അധികപക്ഷവും ഈ തടങ്കല്‍ സൃഷ്ടിക്കപ്പെടുന്നത്, ബന്ധപ്പെട്ട പുരുഷന്മാരില്‍ അപൂര്‍വ്വം ചിലരുടെയെങ്കിലും സ്വാര്‍ത്ഥഭാവം തലയുയര്‍ത്തുമ്പോഴോ, പുരുഷന്റെ ആധിപത്യം അന്ധമായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കപ്പെടുമ്പോഴോ ആണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പുരുഷന്റെ ഏകപക്ഷീയമായ ഈ ആധിപത്യം പൗരുഷത്തിന്റെ ലക്ഷണമാണെന്നു കരുതുന്നവരും കുറവല്ല.

അതവിടെ നില്‍ക്കട്ടെ, നമുക്കു വിഷയത്തിലേക്ക് വരാം. ചെറിയ ചെറിയ കലഹങ്ങള്‍ ഉണ്ടാകാത്ത ഏതു വീടാണുള്ളത്, കുടുംബമാണുള്ളത്? അതും ജീവിതത്തിന്റേതന്നെ ഭാഗമാണെന്നിരിക്കെ, ഭാര്യാഭര്‍ത്താക്കന്മാരൊക്കെ ജീവിതകാലം മുഴുവന്‍ ഒരലോസരവുമില്ലാതെ ദാമ്പത്യജീവിതം നയിക്കുന്നുവേന്നു പറയാനാവുമോ? ഒരു മണിക്കൂറോ, ഒരു രാത്രി നേരമോ കൊണ്ടു തീരാത്ത പ്രശ്‌നമോ, അകല്‍ച്ചയോ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഉണ്ടാവാന്‍ പാടില്ല എന്ന് രണ്ടു കൂട്ടരും നിഷ്‌കര്‍ഷിക്കണം, തീരുമാനമെടുക്കണം.

ഭാര്യയുമായി ഒരിക്കലെങ്കിലും പിണങ്ങാനിടവരാത്ത ഒരു ഭര്‍ത്താവും ഉണ്ടാകില്ല എന്നു പറയുമ്പോള്‍, അത്, എന്റെ തന്നെ അനുഭവത്തില്‍ നിന്നുള്ള അറിവാണോ എന്നു ചോദിച്ചാല്‍, അതെ എന്ന് ഞാന്‍ തലകുലുക്കി സമ്മതിക്കും. നിരവധി തവണ, വിവിധ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസത്തിന്റെ സാഗരം തന്നെ തീര്‍ത്തിട്ടുണ്ട്. പിണക്കത്തിന്റെ നങ്കൂരം ഞങ്ങളപ്പോള്‍ അഴിച്ചുവച്ചിട്ടുമുണ്ട്. ഒക്കെയും, തികഞ്ഞ സൗമ്യഭാവത്തില്‍, പരസ്പര ധാരണയോടും വീട്ടുവീഴ്ചാ മനോഭാവത്തോടും കൂടിയായിരുന്നു, കഴിയുമെങ്കില്‍ അടുത്ത നിമിഷം സൗഹൃദം വീണ്ടെടുക്കാനാവും മട്ടില്‍.

ഭര്‍ത്താവിനെ പ്രകോപിപ്പിച്ച് പ്രഹരം ഇരന്നുവാങ്ങുന്ന മഹിളാരത്‌നങ്ങളും നമുക്കിടയില്‍ ഇന്നുണ്ട്. എന്നാല്‍, നിസ്സാരമായ കലഹങ്ങള്‍ക്കിടയില്‍പ്പോലും ആവശ്യമെങ്കില്‍ ഭാര്യയെ തല്ലാം എന്നൊരു നിയമവും നിര്‍ദ്ദേശവും ഉള്ളതായി ചില പുരുഷന്മാരെങ്കിലും സ്വയം ധരിച്ചുവച്ചിരിക്കുന്നതായും തോന്നുന്നു. പ്രഥമദൃഷ്ട്യാ തീരെ ചെറിയ കുറ്റങ്ങള്‍ക്കുപോലും ഭാര്യയെ ശിക്ഷിക്കുന്നതിന് ശാരീരിക മര്‍ദ്ദനമുറകള്‍ ആവാം എന്നത് ചില ഭര്‍ത്താക്കന്മാരുടെയെങ്കിലും വികളമായ ധാരണ മാത്രമാണ്. നീതിരഹിതമായ പീഡനമാണെങ്കില്‍ അതിനെതിരെ ന്യായാസനം ഇന്ന് സ്ത്രീക്ക് നിയമപരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നത്, അവളെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹം തന്നെയാണ്. പക്ഷേ, നമ്മുടെ സ്ത്രീകള്‍, ഇതിന് നിയമത്തിന്റെ വഴി തേടാന്‍ തുനിയുമോ? ഇന്ത്യാ രാജ്യത്തെങ്കിലും സ്ത്രീകള്‍ പ്രതിരോധത്തിനു തുനിയുക എന്ന അവസ്ഥ വിരളമാണ്. അവള്‍ ഒക്കെയും ഉള്ളിലമര്‍ത്തിയും പൊറുത്തും സഹിച്ചും കഴിഞ്ഞുകൂടുന്നതായാണ് കാണുന്നത്.
ഇതൊക്കെ സൂചിപ്പിക്കുമ്പോള്‍ തന്നെ, മറ്റൊന്നൂകൂടി പറയാനാഗ്രഹിക്കുന്നു.

 

 

കുടുംബപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍, കലഹത്തിന് കാരണമായ കുറ്റങ്ങളൊന്നാകെ പുരുഷനുമേല്‍ മാത്രം ചുമത്താന്‍ പാടുള്ളതല്ല; അവിവേകികളായ ഭര്‍ത്താക്കന്മാര്‍ സമൂഹത്തില്‍ ഉണ്ടാവാമെങ്കില്‍പ്പോലും.

സത്രീകളെപ്പറ്റി പറയുമ്പോള്‍, സ്വന്തം മകളോടു കാണിക്കുന്ന സ്‌നേഹവാത്സല്യങ്ങള്‍ മകന്റെ ഭാര്യയ്ക്ക് നല്‍കാന്‍ വിമുഖത കാട്ടുന്ന ചില അമ്മമാരെപ്പറ്റിയും പരാമര്‍ശിക്കാതെ വയ്യ. ആ മരുമകളും ഒരു അമ്മയുടെ മകളായി, സ്‌നേഹലാളനകളേറ്റു വളര്‍ന്ന ഒരു കുടുംബസാഹചര്യത്തില്‍ നിന്നാണു വരുന്നതെന്നത്, ഈ ഭര്‍തൃമാതാവ് വിസ്മരിക്കുന്നു. അപ്പോള്‍, കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ തലപൊക്കുകയായി. ചിലപ്പോള്‍ മരുമകള്‍ എന്ന ചെറുപ്പക്കാരിയാകട്ടെ, അമ്മായിയമ്മയോട് തെല്ലും സഹകരിക്കാനോ അഡ്ജസ്റ്റ് ചെയ്യാനോ കൂട്ടാക്കാതെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇതിനിടയില്‍ കിടന്ന് നട്ടംതിരിയുന്ന പാവം ഭര്‍ത്താക്കന്മാരും നമുക്കിടയിലുണ്ട്.
ചില മക്കളുണ്ട്, ആണ്‍മക്കള്‍. അമ്മയേയും അച്ഛനേയും സ്‌നേഹിക്കരുതെന്നല്ല, സ്‌നേഹം കൊണ്ടവരെ പൊതിയണം, പൊന്നുപോലെ നോക്കുകയും വേണം.

പക്ഷേ, സ്വന്തം അമ്മയോട്, സഹോദരിയോട്, അവരില്‍ ചിലര്‍ കാട്ടുന്ന അമിതവും അസാധാരണവുമായ അടുപ്പത്തിലൂടെ, വിധേയത്വത്തിലൂടെ, വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണിനെ, ബോധപൂര്‍വ്വമോ അല്ലാതെയോ അവഗണിക്കുന്നു, അല്ലെങ്കില്‍ അങ്ങനെയൊരു തോന്നല്‍ ആ പെണ്‍കുട്ടിയിലുളവാക്കുന്നു. ഇവിടെയും കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ തലപൊക്കുന്നു. ഇവയൊക്കെയും ബുദ്ധിപൂര്‍വ്വം പ്രായോഗിക ബോധത്തോടെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കാതെ വരുമ്പോഴാണ്, ഓരോ അച്ഛനും അമ്മയും മകനും മകളും മരുമകളുമൊക്കെ കുടുംബത്തിലെ സ്വൈരജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
സ്ത്രീയും പുരുഷനും വിട്ടുവീഴ്ചയോടെ, സ്‌നേഹത്തോടെ, പരസ്പര ആദരവോടെ, മാത്രം പെരുമാറുക എന്നതാണ് ഇതിനുള്ള ഫലപ്രദമായ പരിഹാര മാര്‍ഗ്ഗം.

ഇനി, കുടുംബത്തിലെ ചില പ്രത്യേക അമ്മമാരെപ്പറ്റികൂടി ഇവിടെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. മക്കളെ ആവോളം സ്‌നേഹിക്കുന്ന മാതൃരത്‌നമായിരിക്കും അവര്‍. പക്ഷേ, ഒരു നല്ല ഭാര്യയോ, സ്വസഹോദരങ്ങള്‍ക്ക് ഒരു നല്ല സഹോദരിയോ ആവാന്‍ അവര്‍ക്കാവില്ല. ഒരു നല്ല അമ്മായിയമ്മ പോലും ആവാന്‍ അവര്‍ക്കായില്ല എന്നു വരാം.
പുരുഷന്മാരിലും ഉണ്ട് ചില വീരകേസരികള്‍. സഹകരിക്കാന്‍ കൊള്ളാവുന്ന സ്‌നേഹ സമ്പന്നരായ ചങ്ങാതിമാരായിരിക്കും സമൂഹത്തില്‍ അവര്‍. എന്നാല്‍, സ്വന്തം വീട്ടില്‍ ഒരു നല്ല പിതാവോ, നല്ല ഭര്‍ത്താവോ, നല്ല ഒരു സഹോദരനോ ആവാന്‍ ഇവര്‍ക്കാവില്ല.

ഇതിനോക്കെപ്പുറമെ, കുടുംബത്തിലെ സ്വൈരതയും ദാമ്പത്യത്തിലെ സ്വസ്ഥതയും അപ്പാടെ തകര്‍ത്തുകളയുന്ന ഒരണിയറശില്‍പി കൂടിയുണ്ട്, സംശയരോഗം എന്ന മഹാവില്ലന്‍. ഈ വിചിത്ര കഥാപാത്രം ഭാര്യയെയും ഭര്‍ത്താവിനെയും ഒപ്പം ആക്രമിക്കുന്നു. ഉറപ്പായി ഒരു മനശ്ശാസ്ത്രജ്ഞനെ കാണേണ്ട ഈ വിഷയത്തില്‍ ദമ്പതികള്‍ സ്വയം അതിനു തയ്യാറായി എന്നു വരില്ല. തങ്ങള്‍ക്കു ചികിത്സ വേണ്ട പ്രശ്‌നങ്ങളൊന്നുമില്ല എന്ന ഭാവമാവും രണ്ടുപേര്‍ക്കും. രണ്ടാളെയും ഡോക്ടറെ കാണിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെന്നും വരില്ല. വിവാഹമോചനത്തില്‍ വരെ അനായാസം ഇതു ചെന്നെത്താം.

ഇതിനോക്കെയുള്ള പരിഹാരമാര്‍ഗ്ഗം? പുരുഷനായാലും സ്ത്രീയായാലും പരിധി ലംഘിച്ചുള്ള അനഭിമത ഭാഷണങ്ങളും പെരുമാറ്റങ്ങളും പരമാവധി ഒഴിവാക്കി, സ്‌നേഹപൂര്‍വ്വം ഒരു ദാമ്പത്യജീവിതത്തിനു അടിത്തറ പാകുകയും പരസ്പരം വീട്ടുവീഴ്ചയും വിശ്വസ്തത്തയും പുലര്‍ത്തുകയും ചെയ്യുക.

ഇതിനിടയിലും വിസ്മരിക്കാന്‍ പാടില്ലാത്ത ഒരു പ്രധാന കാര്യമുണ്ട്. ഏത് പുരുഷനും സ്ത്രീയ്ക്കും വിവാഹത്തിനു മുമ്പ് അവരുടേതായ ചില സ്വകാര്യതകള്‍ ഉണ്ടായിരുവേന്നുവരാം. അതൊരു ചെറിയ പ്രേമമോ, ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ സംഭവിച്ച ലൈംഗിക കൈപ്പിഴയോ ആവാം. വിവാഹജീവിതം ആരംഭിക്കുന്നതോടെ അത്തരം എല്ലാ പഴയ വിഷയങ്ങള്‍ക്കും ഓര്‍മ്മയില്‍ നിന്നും ചിന്തയില്‍ നിന്നുപോലും പരിപൂര്‍ണ്ണ വിട നല്‍കണം. മധുവിധുവിന്റെ നിറം പിടിപ്പിച്ച ഊഷ്മള നിമിഷങ്ങള്‍ക്കിടയില്‍ ചില ശുദ്ധഗതിക്കാര്‍, സ്വയം കുമ്പസാരക്കൂട്ടില്‍ കയറിനിന്ന്, ഇണയോട് ഹൃദയം തുറക്കാറുണ്ട്. ഈയൊരവസ്ഥ ഇരുഭാഗത്തും ഉണ്ടാവാം. പഴയ ഏതോ സംഭവത്തിന്റെ പശ്ചാത്താപം നിറഞ്ഞ കുറ്റസമ്മതത്തിന്റെ കെട്ടഴിക്കുന്ന ആ നിമിഷം മുതല്‍ പ്രശ്‌നങ്ങളുടെ സുനാമിത്തിരകള്‍ ആ ബന്ധത്തെ ഉലച്ചു തുടങ്ങും. പിന്നീട് ഒരു രക്ഷയുമില്ല. മിക്കപ്പോഴും, വിശാലമനസ്‌കര്‍ എന്നു സ്വയം ഭാവിക്കുന്ന ദമ്പതികളുടെ ബന്ധങ്ങളില്‍പോലും വിള്ളല്‍ വീഴാന്‍ നിമിഷങ്ങള്‍ മാത്രം മതി.

സൂക്ഷിക്കുക, പറയേണ്ടതുമാത്രം ഇണയോടു പറയുക. ഹൃദയം തുറക്കുമ്പോള്‍ വിചാരബോധവും നിയന്ത്രണവും വേണം. എത്ര കുറ്റബോധം തോന്നിയാലും, സംഭവിച്ചുപോയ പഴയ പലതിന്റെയും ഓര്‍മ്മകള്‍ എത്ര വേട്ടയാടിയാലും, അവയൊക്കെ ഉള്ളിന്റെ ഉള്ളറകളില്‍ തന്നെ വിശ്രമിക്കട്ടെ എന്നു കരുതി മാറ്റിവയ്ക്കണം. എങ്കില്‍ ദാമ്പത്യം ഐശ്വര്യപൂര്‍ണ്ണമായ ഒരന്തരീക്ഷത്തില്‍ എത്തിച്ചേരുമെന്നതില്‍ സംശയമില്ല.

Previous article‘മരഗതം ജഹാംഗിര്‍ഖാന്‍’
Next articleഈ മഴക്കാലത്ത് ഒരു സ്‌പെഷ്യല്‍ സുഖ ചികിത്സ ആയാലോ!!!
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.