“നന്ദു നമുക്ക് ഒരു സിനിമ കണ്ടാലോ?
“ഏയ്‌ സമയം കുറവാടാ, സിനിമ കഴിയുമ്പോ 5 മണി കഴിയും, പിന്നെ ബസ്‌ കിട്ടാന്‍ പാടാ, നമുക്ക് ഇതിലേ ഒന്ന് കറങ്ങിട്ടു പോകാം”
“എങ്കില്‍ ഓക്കേ”

ഞാനും നന്ദുവും കൂടി കാട്ടിക്കുളം പോയതാണ്. ഒരു ആദിവാസി വൈദ്ധ്യനുണ്ട് അവിടെ, അവന്‍റെ അച്ഛന് കുറച്ചു മരുന്ന് വാങ്ങാന്‍.
11 കഴിഞ്ഞു മാനന്തവാടി എത്താന്‍, അവിടുന്ന് കാട്ടിക്കുളം, കുട്ടക്ക് പോകുന്ന ബസില്‍ കയറണം. ബസിറങ്ങി കുറെ നടന്നു വൈദ്യരുടെ വീടെത്തി. നല്ല തിരക്കുണ്ട്‌, മരുന്ന് വാങ്ങി, അവിടെ പണമൊന്നും കൊടുക്കണ്ട, എന്തെങ്കിലും കൊടുത്താല്‍ വാങ്ങും, അവന്‍ എത്രയോ കൊടുത്തു ഞാന്‍ കണ്ടില്ല.
തിരിച്ചു നടന്നു വരുമ്പോള്‍ റോടിനടുത്തുള്ള വീടുകള്‍ ഒക്കെ ശ്രദ്ധിച്ചു, എല്ലാം ഒരു പ്രത്യേകത, അവിടുത്തെ കാലാവസ്ഥയുടെ ആണ്. ഒരു കാടിന്‍റെ അടുത്ത് കൂടിയാണ് നടപ്പുവഴി, അവന്‍റെ കൈയില്‍ മരുന്ന് ഉള്ള കൂട് ഉണ്ട്. നല്ല തണുത്ത കാലാവസ്ഥ, സമയം ഉച്ചയായെന്നു തോന്നില്ല. തിരിച്ചു മാനന്തവാടിയില്‍ എത്തുമ്പോ സമയം 1.30 കഴിഞ്ഞു. പിന്നെ ഭക്ഷണം കഴിച്ചു.

“സിനിമക്ക് പോകാന്‍ സമയമില്ലെന്കില്‍ വേണ്ട , വാ ഒന്ന് നടന്നിട്ട് വരാം”

അവിടെ കുറെ കടകള്‍ ഉണ്ട്, മാലകളും വളകളും ഒക്കെയായി ഉത്സവപറമ്പിലെ കടകളെ ഓര്‍മിപ്പിക്കുന്നു. ഞാന്‍ മരത്തിന്‍റെ രണ്ടു വള വാങ്ങി, നന്ദുന്‍റെ പെങ്ങള്‍ക്ക് വേണ്ടി, അവനൊന്നും വാങ്ങിയില്ല. അപ്പുറത്ത് ഒരു കുടുംബം. ഒരു പെണ്‍കുട്ടി അമ്മ, അനിയന്‍, (ഞാന്‍ ഊഹിച്ചതാ ) അവരും എന്തോ വാങ്ങുന്നു.

“കഴിഞ്ഞില്ലേ പോകാം”
“ടാ വെയിറ്റ് ആ പെണ്ണിനെ കണ്ടോ?, അത് ഒന്ന് ട്യൂണ്‍ ചെയ്തിട്ട് പോകാം”
“നിനക്ക് വേറെ പണിയൊന്നുമില്ലേ”
“നീ വെറുതെ നിന്നാല്‍ മതി, ഇവിടെ വരെ വന്നിട്ട് എന്തെങ്കിലും ഉപകാരം വേണ്ടേ?”

അവളെ തന്നെ കുറെ നേരം നോക്കി നിന്നു, കയില്‍ കുറെ കവര്‍ ഉണ്ട്, വലിയ പാവാടയും ബ്ലൌസും വേഷം, ഓവര്‍ മോഡേണ്‍ അല്ല, ഒരു ഗ്രാമീണ സൌന്ദര്യം എന്ന് പറയാം, ആദിവാസികളുടെ ഏരിയ ആണ്, എങ്കിലും ഇതുപോലെ സുന്ദരിമാരെ ഇടയ്ക്കു കാണാം.
ഞാന്‍ അവളെ തന്നെ ശ്രദ്ധിക്കുന്നത് അവള്‍ കണ്ടു.
അവന്‍ അപ്പോളെ പറഞ്ഞു

“ഞാന്‍ അപ്പുറത്ത് ഉണ്ടാകും, നീ എല്ലാം കഴിഞ്ഞു എത്തിയേക്കു”

അവന്‍ മുങ്ങി, പിന്നെ ഞാനും അവിടെ നിന്നില്ല, അടുത്ത കടയിലേക്ക് നടന്നു. അവര്‍ പുറകെ വരുന്നുണ്ട്, ഞാന്‍ നിന്ന കടയുടെ ഉള്ളിലേക്ക് കയറിപോയി. ഞാന്‍ പിന്നെയും അവളെ തന്നെ നോക്കി നിന്ന്.

“ കൊള്ളാം ഇതാടാ സൌന്ദര്യം!!!”

അവള്‍ ഇടയ്ക്കു ഒളികണ്ണിട്ടു നോക്കുന്നുണ്ട്, ഞാന്‍ ഒന്ന് ചിരിച്ചു. അവളുടെ മുഖത്ത് ഒരു ഭാവമാറ്റവുമില്ല. എനിക്ക് ചെറിയൊരു പേടി ഉണ്ട്, അവള്‍ പുറത്തിറങ്ങിയപ്പോ അവരുടെ നേരെ തന്നെ ഞാന്‍ നടന്നു, അവളുടെ കണ്ണുകള്‍ പിടയുന്നത് ഞാന്‍ കണ്ടു, എന്തോ ഒരു വെപ്രാളം. ഞാന്‍ നേരെ നടന്നു പോയി, ബസ്‌ സ്റ്റാന്‍റ്-ലേക്ക് ചെന്നു. നന്ദു അവിടെ ഇരിപ്പുണ്ട്.

“ടാ എന്തായി, അടി കിട്ടുവോ?”
“എവിടെ, ഞാനാരാ മോന്‍”

അവളും കുടുംബവും കറങ്ങി തിരിഞ്ഞു ബസ്‌ സ്റ്റാന്‍റ്-ല്‍ എത്തി. അവള്‍ എന്‍റെ നേരെ തന്നെ വന്നു നിന്നു, ഞാന്‍ അവളെ തന്നെ നോക്കി നിന്നു.
പെട്ടന്ന് ദേ വരുന്നു ഒരു കുട്ട ബോര്‍ഡ്‌ വച്ച ഒരു കെ എസ് ആര്‍ ടി സി. അവര്‍ അതിലേക്കു കയറാന്‍ നടന്നു, അവള്‍ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
പെട്ടന്ന് എനിക്ക് ഒരു ഐഡിയ

“ടാ, നിന്‍റെ നമ്പര്‍ ഞാന്‍ ഒരാള്‍ക്ക്‌ കൊടുക്കട്ടെ”
“ആര്‍ക്ക്”
“അത് പറയാം”

എനിക്കന്നു മൊബൈല്‍ ഇല്ല. നന്ദുന്‍റെ മൊബൈലില്‍ വിളിച്ചാല്‍ എന്നെ കിട്ടും, മിക്കപ്പോലും ഞങ്ങള്‍ ഒന്നിച്ചുണ്ടാകും.
പിന്നെ ഒന്നും ആലോചിച്ചില്ല. ഒരു പേപ്പര്‍ എടുത്തു.
പേനയില്ല, പിന്നെ അടുത്ത് കണ്ട പോലിസ്‌ സാറിനോട് പേന വാങ്ങി,
അവന്‍റെ നമ്പരും എന്‍റെ പേരും എഴുതി, നാലായി മടക്കി.
കുട്ട ബസ്‌ കിടന്നിടത്തെക്ക് ഒരു നടത്തം. പുറകിലൂടെ കറങ്ങി ഞാന്‍ വരുന്നത് അവള്‍ കണ്ടു, കെ എസ് ആര്‍ ടി സി യുടെ പുറകിലായി സൈഡ് സീറ്റിലാണ് അവള്‍ ഇരുന്നതു, അവളിരുന്ന സൈഡില്‍ ഞാന്‍ എത്തി,
അവള്‍ എന്നെ കണ്ടു, ഞാന്‍ അവളെയും.
തൊണ്ടയിലെ വെള്ളം വറ്റി.
കൈയിലിരുന്ന പേപ്പര്‍ അവളിരുന്ന സീറ്റിന്‍റെ സൈഡില്‍ വച്ചു, പിന്നെ അവളെയും നോക്കിയില്ല, അത് എടുത്തോ എന്നും നോക്കിയില്ല, തിരിഞ്ഞു നോക്കാതെ നന്ദു ഇരുന്ന സ്ഥലത്തേക്ക് ഒരു ഓട്ടം.

“ടാ അവളതു എടുത്തോ?”
“കണ്ടില്ല”
“ശ്ശെ!!! എടുത്തിട്ടുണ്ടാകുമോ?”
“ഏയ്‌ എടുക്കാന്‍ വഴി കുറവാ”
“പോടാ”

പിന്നെ തിരിഞ്ഞു നോക്കി, അവിടെ നിന്നു അവള്‍ ഇരിക്കുന്നത് കാണാന്‍ വയ്യ, ബസ്‌ നീങ്ങി തുടങ്ങി, കുട്ട ഭാഗത്തേക്ക് പോകണമെങ്കില്‍ ബസ്‌ സ്റ്റാന്‍ഡില്‍ ചുട്ടിയെ വരൂ. നേരെ സ്റ്റാന്‍റ്-ന്‍റെ പുറകിലേക്ക് ഓടി, ബസില്‍ നോക്കി അവളെ കണ്ടു.
വിളിക്കണമെന്ന് കൈകൊണ്ടു കാണിച്ചു.
നോ റെസ്പോണ്‍സ്… നേരെ തിരിച്ചെത്തി

“അവളതു എടുത്തിട്ടുണ്ടാകുമോ?”
“ടാ മന്ദപ്പാ, അവളതു എടുത്തെങ്കില്‍ തന്നെ വിളിക്കുമെന്ന് തോനുന്നുണ്ടോ?”
“വിളിക്കുമായിരിക്കും”

അവന്‍റെ മൊബൈല്‍ വാങ്ങി പോക്കറ്റില്‍ ഇട്ടു, അവള്‍ വിളിച്ചാലോ?
അടുത്ത ബസിനു കയറി വീട്ടിലെത്തി.
വീടെത്തികഴിഞ്ഞും അത് തന്നെയായിരുന്നു ചിന്ത

“വിളിക്കുമോ, ഇല്ലേ, എന്തെങ്കിലും ആകട്ടെ”

കുറച്ചു നാള്‍ കഴിഞ്ഞു
എന്‍റെ പഠനം കണ്ണൂര്‍ ആണ്, താമസം കുറച്ചു ചേട്ടന്മാരുടെ കൂടെ,നന്ദു നാട്ടിലും, അവനെ ഇടയ്ക്കു വിളിച്ചു ചോദിക്കും, വിളിചാരുന്നോ എന്ന്, ഇല്ലെന്നു എപ്പോളും മറുപടി, വിളിച്ചാല്‍ എന്നെ വിളിച്ചു പറയു എന്ന് പറഞ്ഞു റൂമില്‍ ഉള്ള ശ്യമെട്ടന്‍റെ നമ്പര്‍ അവനു കൊടുത്തു. പിന്നെയും ഒരാഴ്ച കഴിഞ്ഞു, അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ശ്യാമെട്ടന്‍റെ മൊബൈല്‍ റിംഗ് ചെയ്തു, ഞാന്‍ മൊബൈല്‍ എടുത്തു കൊടുക്കാന്‍ നേരം നമ്പര്‍ ഒന്ന് ശ്രദ്ധിച്ചു, നന്ദുന്‍റെ നമ്പര്‍.

“ശ്യാമേട്ടാ ഇത് എനിക്കാ”

ഞാന്‍ കോള്‍ അറ്റന്‍ഡ് ചെയ്തു.

“എന്തെടാ”
“ടാ ഞാനാ”
“അത് മനസിലായി നീ കാര്യം പറ”
“അവള്‍ വിളിച്ചു”
“ഞാന്‍ പറഞ്ഞില്ലേ വിളിക്കും എന്ന്, ഇപ്പൊ എങ്ങനെ ഉണ്ട്”

എനിക്കുണ്ടായ സന്തോഷത്തിനു അതിരില്ല.

“എങ്ങനെ? എപ്പോ?”
“എനിക്കൊരു മിസ്സ്‌ കോള്‍ വന്നു, ഒരു ലാന്‍ഡ്‌ ഫോണില്‍ നിന്നു, കോഡ് കണ്ടപ്പോളേ കണ്ണൂര്‍ നിന്നല്ല എന്ന് മനസിലായി”
“എന്നിട്ട്”
“ഞാന്‍ റെസ്പോണ്‍ട് ചെയ്തില്ല, പിന്നേം വിളിച്ചു, എടുത്തു”
“”നീയെന്താടാ വിചാരിച്ചത് ഒരു നമ്പര്‍ എഴുതി വിളിക്കാന്‍ പറഞ്ഞാല്‍ വിളിക്കും എന്നോ??!!!!!””

“ഇത്രേം പറഞ്ഞു കട്ട് ചെയ്തു”
“ടാ ആ നമ്പര്‍ താ”
“ സോറി ടാ, ഞാന്‍ സേവ് ചെയ്യാന്‍ മറന്നു, സിം മാറ്റിയപ്പോ നമ്പര്‍ പോയി”
“എടാ പന്നീ”
“അവളിനിയും വിളിക്കും, അപ്പൊ തരാം”

പിന്നെ അവള്‍ വിളിച്ചോ എന്ന് എനിക്കറിയില്ല, അവന്‍ പറയുന്നതല്ലേ വിശ്വസിക്കാന്‍ പറ്റൂ, ഞായര്‍ നാട്ടിലെത്തിയപ്പോ അവനെ കണ്ടു ചോദിച്ചു.

“പിന്നെ വിളിചില്ലെടാ”
“എന്തായാലും നീ പടിക്കല്‍ കലമുടച്ചില്ലേ”

അവന്‍ പറഞ്ഞത് സത്യമാണോ എന്ന് എങ്ങനെ അറിയും, ഒരു രക്ഷയുമില്ല.
സ്വന്തമായി മൊബൈല്‍ ഇല്ലാത്തവന്‍ പ്രണയിക്കാന്‍ പോകരുത്.

You May Also Like

അടുത്ത പെണ്ണുകാണല്‍ ചടങ്ങ്…

രാവിലെ നേരത്തേ എഴുന്നേല്‍ക്കണം ഇന്നാണ് എന്റെ ജീവിതത്തിലെ നല്ല ഒരു നല്ല കാര്യം നടക്കാന്‍ പോകുന്നത് ഇന്ന് ഞാന്‍ പെണ്ണുകാണാന്‍ പോകുകയാണ് എന്നെ പറ്റി എല്ലാവര്ക്കും നല്ല അഭിപ്രായമാണ് ഇതേ നല്ല അഭിപ്രായമാണ് പെണ്ണ് വീട്ടുകരോട് ബ്രോക്കെര്‍ പറഞ്ഞത് അതുകൊണ്ട് പെണ്ണിനും പെണ്ണ് വീടുകര്‍ക്കും നല്ല ഇഷ്ടമായിരിക്കും എന്തായാലും നാളെ ഞാന്‍ പെണ്ണുകാണാന്‍ പോകും……..

സ്വയം കരയുമ്പോഴും ചിരിപ്പിക്കുന്ന പ്രവാസി

പ്രവാസികള്‍ക്കിടയില്‍ ഭീതിതമായ അവസ്ഥകള്‍ ഉണ്ടാക്കിക്കൊണ്ട് സൗദി ഉദ്യോഗസ്ഥര്‍ തിരച്ചിലും ചാനലുകാര്‍ പൊടിപ്പും തൊങ്ങലും വെച്ച് കൊണ്ടുള്ള വാര്‍ത്താ വായനയും തുടരുകയാണ്. യാമിനി – ഗണേഷ്‌ പ്രശ്നത്തില്‍ ചാനലുകാര്‍ അവരുടെ പിറകെ പോയെങ്കിലും ഇതിലും ഭീതിതമായ അവസ്ഥ കൈവരുമ്പോള്‍ വീണ്ടും പ്രവാസികളുടെ നേരെ വന്നു കൂടായ്കയില്ല. ഇങ്ങനെ ഒക്കെ ആണെങ്കിലും തങ്ങളുടെ മനവും തങ്ങളുടെ വീട്ടുകാരുടെ മനവും വേദനിക്കുമ്പോഴും സ്വയം ചിരിക്കുകയും ആളുകളെ ചിരിപ്പിക്കുകയും ചെയ്യുന്ന ചില പ്രവാസികളെയും നമുക്ക് കാണാം. ഫേസ്ബുക്ക് ആക്റ്റിവിസ്റ്റുകള്‍ ആയ അത്തരം ചില പ്രവാസികളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിലൂടെ നമുക്കൊന്നു സഞ്ചരിക്കാം.

“മു” ഇല്ലാത്ത പട്ടാളക്കാരന്‍

അല്പം കഴിഞ്ഞപ്പോള്‍ എവിടെ നിന്നോ രണ്ടു മൂന്നു കോളേജ് കുമാരികള്‍ കലപില വര്‍ത്തമാനം പറഞ്ഞു കൊണ്ടു ഞാന്‍ ഇരുന്ന ബസ്സില്‍ കയറി.

സൂറാബിയുടെ ദുബായി കത്ത് !!

പ്രിയത്തില്‍ ഇക്കാക്ക വായിക്കുന്നതിനായി സൂറാബി എഴുത്ത് . ഇക്കാക്ക് അവിടേ സുഖം തന്നെ എന്ന് കരുതുന്നു ,പടച്ചോന്‍ സഹായിച്ചു ഈ അല്ലംപ്ര കുന്നില്‍ ഞമ്മള്‍ക്കും അങ്ങിനെ തന്നെ !!