കുട്ടികളുടെ ലോകം
അയാള്‍ക്ക് ഒരു മനസ്സമാധാനവും ഇല്ലായിരുന്നു.ആലോചിക്കുന്തോറും ടെന്‍ഷന്‍ കൂടി വരുന്നതായി തോന്നി. കുട്ടികളെ തനിക്ക് മനസ്സിലാക്കാന്‍ കഴിയാത്തതെന്താണ്?. എന്തിനാണ് ജാസിം വാശി പിടിക്കുന്നത്. ആ പെട്ടി ആ റാക്കില്‍ വളരെ സുരക്ഷിതമായിട്ടാണ് ഇരിക്കുന്നത്. പിന്നെയും അവനെന്തിനാണ് ആ പെട്ടി അവന്റെ ദേഹത്ത് വീഴുമെന്ന് ഭയക്കുന്നത്. അവന്റെ കട്ടിലിനു നേരെ മേലെ തന്നെ അത് കൊണ്ട് വെയ്ക്കുകയും ചെയ്തു. ഓര്‍ക്കാതെ ചെയ്തതാണ്. തന്റെ ബെഡ്റൂമില്‍ അല്ലാതെ വേറെ എവിടെയും അത് വെക്കാനും പറ്റില്ല. പറമ്പിന്റെ ആധാരവും ചില പണ്ടം പണയം വെച്ച രേഖകളും, സ്വര്‍ണവും കുറച്ചു പൈസയുമാണ് പെട്ടിയില്‍ ഉള്ളത്. ആ പെട്ടി കണ്ട നാള് മുതല്‍ അവന് വാശി പിടിച്ചു കരയുകയാണ്.
77 total views
അയാള്‍ക്ക് ഒരു മനസ്സമാധാനവും ഇല്ലായിരുന്നു. ആലോചിക്കുന്തോറും ടെന്‍ഷന്‍ കൂടി വരുന്നതായി തോന്നി. കുട്ടികളെ തനിക്ക് മനസ്സിലാക്കാന്‍ കഴിയാത്തതെന്താണ്?. എന്തിനാണ് ജാസിം വാശി പിടിക്കുന്നത്. ആ പെട്ടി ആ റാക്കില്‍ വളരെ സുരക്ഷിതമായിട്ടാണ് ഇരിക്കുന്നത്. പിന്നെയും അവനെന്തിനാണ് ആ പെട്ടി അവന്റെ ദേഹത്ത് വീഴുമെന്ന് ഭയക്കുന്നത്. അവന്റെ കട്ടിലിനു നേരെ മേലെ തന്നെ അത് കൊണ്ട് വെയ്ക്കുകയും ചെയ്തു. ഓര്‍ക്കാതെ ചെയ്തതാണ്. തന്റെ ബെഡ്റൂമില്‍ അല്ലാതെ വേറെ എവിടെയും അത് വെക്കാനും പറ്റില്ല. പറമ്പിന്റെ ആധാരവും ചില പണ്ടം പണയം വെച്ച രേഖകളും, സ്വര്‍ണവും കുറച്ചു പൈസയുമാണ് പെട്ടിയില്‍ ഉള്ളത്. ആ പെട്ടി കണ്ട നാള് മുതല്‍ അവന് വാശി പിടിച്ചു കരയുകയാണ്. പെട്ടി അവന്റെ ദേഹത്ത് വീണ് അവന് വല്ല അപകടവും പറ്റുമെന്നാണവന്റെ ഭയം. കട്ടിലിന് നേരെ മേലെയായി ഒരേയൊരു റാക്ക് മാത്രമാണ് റൂമില്‍ ഉള്ളത്. ഒരു മൂലയില്‍ ബെഡും മറ്റൊരു മൂലയില്‍ രണ്ടു മൂന്നു കമ്പിളിയും അടുക്കി വെച്ചിട്ടുള്ളത് കൊണ്ട് പെട്ടി മദ്ധ്യത്തില്‍ ആയിപ്പോയി. കുട്ടി ഇങ്ങനെയൊരു കാര്യത്തിന് വാശി പിടിക്കുമെന്ന് ചിന്തിച്ചതേയില്ല..
അയാള്‍ പിന്നെയും കുറെ നേരം ആലോചിച്ചിരുന്നു. അയാള്‍ക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. പലര്‍ക്കും കടം കൊടുക്കാനുണ്ട്. ഇപ്പോള്‍ തന്നെ കടം കുമിഞ്ഞുകൂടി ഒരു പത്തു ലക്ഷത്തോളമായി. കയ്യിലുള്ള രണ്ടു ലക്ഷം വിലമതിക്കുന്ന സ്വര്‍ണം ഒരു കരുതലായി ആ പെട്ടിയില്‍ വെച്ചിരിക്കുകയാണ്. ലോക്കറില്‍ വെക്കാന്‍ മാത്രം ആ സ്വര്‍ണം ഇല്ലാത്തത് കൊണ്ട് ആ വഴിക്കും ചിന്തിച്ചില്ല. തന്റെ കയ്യില്‍ എന്തെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ പിന്നെ കടക്കാര്‍ക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല. എങ്ങനെയെങ്കിലും കടം തിരിച്ചു പിടിക്കാനാവും അവരുടെ ശ്രമം. അലമാരയുടെ ഷെല്ഫുകളില് കൊള്ളാത്ത വിധം വലുതാണ് ആ പെട്ടി. അതു കൊണ്ട്, അത് അവിടെത്തന്നെ വെക്കുകയാണ് സുരക്ഷിതം. അലമാര എതിര് മൂലയില്‍ ആയതിനാല്‍ കട്ടില് അങ്ങോട്ട് മാറ്റിയിടാനും മാര്‍ഗമില്ല. അലമാരയുടെ വശത്തേക്ക് കട്ടില് മാറ്റിയിട്ടാല്‍ അറ്റാച്ച്ട് ബാത്റൂമിലേക്ക് പോക്കുവരവ് പ്രയാസമായിത്തീരും.
കുട്ടി എന്നാണ് ആ പെട്ടി കണ്ടത്? താന്‍ പോരുന്നത് വരെ അവന് അതിനെക്കുറിച്ച് ഒരു പരാതിയും പറഞ്ഞിരുന്നില്ല. കഴിഞ്ഞ മാസം വിളിച്ചപ്പോഴാണ് അവന് ആദ്യമായി അതിനെക്കുറിച്ച് പരാതി പറഞ്ഞത്. അവന്റെ മേല്‍ ആ പെട്ടി വീണ് അവന് വല്ലതും പറ്റുമെന്നാണ് അവന്റെ ഭയം. അവന്റെ ഉപ്പൂപ്പ പറയുന്നത് അവന് കള്ളം പറയുകയാണെന്നാണ്. ആ പെട്ടിയില്‍ എന്താണെന്നറിയാന്‍ വേണ്ടിയാണ് അവന് ഇങ്ങനെ വാശി പിടിക്കുന്നത്. അവന്റെ ഒരു തരികിടയാണ് ഇതും.
“റഹീം, നീ അതെക്കുറിച്ച് ബേജാറാവേണ്ട…അവനെ ഞങ്ങള്‍ നോക്കിക്കൊള്ളാം. ഒന്നും ഉണ്ടാവില്ല.” ബാപ്പയുടെ വാക്കുകള്‍ക്കും അയാളെ സമാധാനിപ്പിക്കാന്‍ ആയില്ല.
തന്റെ കുഞ്ഞിന്റെ അപേക്ഷ അയാളുടെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു. അവന്റെ ഹൃദയം വേദനിക്കുന്നുണ്ടയിരുന്നോ? അവന്റെ കണ്ണുകള്‍ ഈറനണിഞ്ഞുവോ? അവന്റെ വിങ്ങല്‍ താന്‍ അറിഞ്ഞിരുന്നു. കള്ളത്തരമാണെങ്കില്‍ അവന് ഇത്രയധികം വിഷമം പ്രകടിപ്പിക്കുമായിരുന്നോ? ഇങ്ങകലെ മണലാരണ്യത്തിലിരുന്ന് അവനെ കാണാതെ അവന്റെ വേദന തന്നിലേക്കും പകരുന്നതായി തോന്നി. ആ പെട്ടി എടുത്ത് കട്ടിലിന്റെ താഴേക്ക് വെച്ചാല്‍ ശരിയാവില്ല. ഒരു വീടല്ലേ.! പലരും കയറിയിറങ്ങുന്നതാണ്… അപ്പോള്‍ അതും സുരക്ഷിതമല്ല. ഇത് കൂടാതെ ഉമ്മയും ഉപ്പയും കിടക്കുന്ന ഒരു റൂം മാത്രമാണ് വീട്ടിലുള്ളത്. അവരുടെ റൂമിന് അത്ര സ്വകാര്യത ഇല്ല താനും. അതു കൊണ്ട് അങ്ങോട്ട് വെക്കാനും മനസ്സ് വരുന്നില്ല. കുട്ടിയെ മാറ്റിക്കിടത്താമെന്നു വിചാരിച്ചാല്‍ അവന് ഉമ്മ റംലയെ വിട്ടു പിരിഞ്ഞ് കിടക്കാനും തയാറല്ല.
ആ പെട്ടിയില്‍ എന്താണെന്ന് അറിയാന്‍ വേണ്ടിയാവുമോ അവന് ഇങ്ങനെ കരയുന്നത്. എങ്കില്‍ അതങ്ങു കാണിച്ചു കൊടുത്തൂടെ എന്ന അളിയന്റെ ചോദ്യവും മുഖവിലക്കെടുക്കാന്‍ പറ്റില്ല. അതിലുള്ളത് കാണിച്ചു കൊടുത്താല്‍ അവന് അതെല്ലായിടത്തും പറഞ്ഞു നടക്കും. അത് പിന്നെ വീതം വെച്ച് പോവും. തല്ക്കാലം അതങ്ങനെ തന്നെ കിടക്കട്ടെ..
അടുത്ത ആഴ്ചയും വിളിച്ചപ്പോള്‍ കുട്ടി അതെ അവശ്യം പറഞ്ഞ് കുറെ കരഞ്ഞു. അവന്റെ ബാപ്പ അവന് എല്ലാമാണ്. അവന് ചോദിച്ചയുടനെ സൈക്കിള്‍ വാങ്ങിച്ചു കൊടുത്ത ബാപ്പച്ചിയെ അവന് ഒരുപാട് ഇഷ്ടമാണ്. അവനിഷ്ടപ്പെട്ട ബദാമും പിസ്തയും കളിപ്പാട്ടങ്ങളും അയാള്‍ ഇടക്കിടക്ക് അയച്ചു കൊടുക്കുമായിരുന്നു. തന്റെ ഏക മോന് തന്റെ ലോകമാണ്. തന്റെ വിയര്‍പ്പ് തുള്ളികള്‍ അവന് വേണ്ടിയാണ്. കുതിര കയറുന്ന മലയാളി മാനേജരോട് തട്ടിക്കയാറാതെ നില്ക്കാന്, കഴുതയെപ്പോലെ പണിയെടുത്താലും ‘മൂ സൈന്‍’(നന്നായില്ല) എന്ന് നിസാരമായി നന്ദി കേട് പറയുന്ന സ്പോണ്‍സറോട് ചൊടിക്കാതെ നില്‍ക്കാനുള്ള പ്രേരണ അവനാണ്, അവന്റെ ഉമ്മയാണ്, ഇനി വരാന്‍ പോകുന്ന കുട്ടിയാണ്. ഇതൊക്കെയാണ് തന്റെ സന്തോഷങ്ങള്‍. ഇതൊക്കെയാണ് തന്റെ സമ്പാദ്യങ്ങള്‍. അതിനിടക്കാണ് തന്റെ പുന്നാര മോന് ഇങ്ങനെയൊരു പ്രശ്നം ഉന്നയിക്കുന്നത്.
അതിനിടക്കാണ് ഭാര്യ കൊടുത്തയച്ച അവന്റെ ഫോട്ടോ അയാളുടെ കയ്യില്‍ കിട്ടിയത്. അയാള്‍ ഞെട്ടിപ്പോയി. എന്റെ മോന് എന്ത് പറ്റി?. എന്ത് കോലമാണ് ഇത്. അയാളുടെ ഹൃദയം പിടച്ചു പോയി. അയാള്‍ക്ക് തീരെ പിടിച്ചു നില്ക്കാനായില്ല. അയാള്‍ ഉടനെ വീട്ടിലേക്ക് വിളിച്ചു. ഭാര്യയെ തന്നെ ലൈനില്‍ കിട്ടി. അവള്‍ക്കും യാതൊരു മറുപടിയും ഇല്ലായിരുന്നു. തന്റെ കുഞ്ഞ് എങ്ങനെയാണ് ഇങ്ങനെ മെലിഞൊട്ടിയത്. എന്താണ് നീ അവിടെ കാണിക്കുന്നത്. അവന് നേരാം വണ്ണം ഭക്ഷണം കഴിക്കുന്നുണ്ടാവില്ല. നീയതൊന്നും ശ്രദ്ധിക്കാതെ മുഴുവന്‍ സമയം ടിവി യുടെ മുന്നില്‍ തന്നെ കുത്തിയിരുന്നോ? അയാള്‍ പൊട്ടിത്തെറിച്ചു. ഭാര്യ പറഞ്ഞതൊന്നും അയാള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. കുട്ടിക്ക് ഉറക്കമില്ല, രാത്രിയില്‍ പേടിച്ചു നിലവിളിക്കുന്നു. അതിനിടയില്‍ ഒരാഴ്ച പനി പിടിച്ചു കിടപ്പായിരുന്നു. അതെല്ലാം അയാളെ വിളിച്ചു പറഞ്ഞതാണ്. പക്ഷെ, അയാള്‍ അതൊന്നും ഓര്‍ക്കുന്നതേയില്ല.
അയാള്‍ ഫോണ്‍ വെച്ച് നിര്‍വികാരതയോടെ കസേരയിലേക്ക് ചാഞ്ഞു. ആരോടാണ് ഇതെല്ലാം പറയുക. അഞ്ചു വയസ് പ്രായമുള്ള തന്റെ മോന്റെ പ്രശ്നം തനിക്ക് വലിയ തലവേദനയാവുന്നതെങ്ങനെയാണ്. തനിക്കെന്താ കുട്ടികളെ മനസ്സിലാക്കാന്‍ കഴിയാത്തത്. കുട്ടികളുടെ ഭാഗത്ത് നിന്നും ചിന്തിച്ചു കൂടെ. ഓര്‍ക്കുന്നുണ്ടോ, പണ്ട് പത്തു രൂപ വിലയുള്ള കളിപ്പാട്ടം വാങ്ങിത്തരാത്തതിന് താന്‍ എത്ര കരഞ്ഞിട്ടുണ്ട്. പത്തു രൂപക്ക് ആ കളിപ്പാട്ടം വാങ്ങിത്തരാന്‍ തന്റെ ബാപ്പയ്ക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എന്നിട്ടും ബാപ്പ അത് വാങ്ങിത്തരാതെ തന്റെ അവശ്യം അവഗണിച്ചപ്പോള്‍ താന്‍ എത്ര മാത്രം വേദനിച്ചിരുന്നു. എത്ര ദിവസം നേരാം വണ്ണം ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതെ താന്‍ വാശി പിടിച്ചു നടന്നു. ഉമ്മയോടും ബാപ്പയോടും മിണ്ടാതെ പിണങ്ങി നടന്നില്ലേ താന്‍. തന്റെ കണ് മുന്നില്‍ തന്റെ പെങ്ങളുടെ കുട്ടി കാലു തെറ്റി വീണപ്പോള്‍ തന്റെ ഹൃദയം പിളര്ന്നില്ലേ. തന്റെ അശ്രദ്ധ യല്ലേ അവളുടെ വീഴ്ചക്ക് കാരണം. അവള് കട്ടിലിന് മേലെ ചാടിക്കളിക്കുമ്പോള്‍ താന്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. അശ്രദ്ധയായി കട്ടിലിന്റെ വക്കില്‍ ചവുട്ടി താഴോട്ട് തലയടിച്ചു വീണപ്പോള്‍ തന്റെ ഹൃദയം പിളരുന്ന പോലെ തോന്നിയില്ലേ. തന്റെ പ്രിയപ്പെട്ട മരുമകള്‍ അന്ന് വാവിട്ടു കരഞ്ഞ രംഗം ഇന്നും വേദനയോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയുന്നില്ല. ആ രംഗം ഓര്‍ക്കുമ്പോള്‍ ഇന്നും കണ്ണ് നിറയും. അവള്‍ക്ക് യാതൊരു കുഴപ്പവും ഉണ്ടായില്ലെങ്കിലും താന്‍ എത്ര തവണ അതോര്‍ത്ത് വിഷമിച്ചു. ആ വീഴ്ചയില്‍ അവള് അനുഭവിച്ചതിനേക്കാള്‍ വലുതായിരുന്നില്ലേ താനനുഭവിച്ച ഹൃദയ വേദന. അതൊരു പക്ഷെ, തനിക്കുള്ള ശിക്ഷയായിരുന്നിരിക്കുമോ? അവളെ ശ്രദ്ധിക്കാതെ അവളെ കട്ടിലിന്റെ മേലെ ചാടിക്കളിക്കാന്‍ വിട്ടത് തന്റെ പിഴവായിരുന്നില്ലേ..?
തനിക്കെന്താണ് കുട്ടികളുടെ ഭാഗത്ത് നിന്നും ചിന്തിക്കാന്‍ കഴിയാത്തത്? അവരുടെ കാഴ്ചപ്പാടില്‍ നാം നിസാരമെന്ന് ചിന്തിക്കുന്നത് വളരെ വലിയ കാര്യങ്ങളല്ലേ? ആ പെട്ടിയൊന്ന് തുറന്ന് കാണിച്ചു കൊടുത്താല്‍ എന്താണ് പ്രശ്നം. അവന് ആരോടും പറയില്ലെന്ന് വാക്ക് നല്കിയാല് പെട്ടി തുറന്ന് കൊടുക്കാമെന്ന നിബന്ധന വെക്കാം. അതല്ലെങ്കില്‍, പെട്ടിയിലുള്ളതെല്ലാം വേറെ എവിടെയെങ്കിലും മാറ്റി വെച്ച് രണ്ടു മൂന്ന് കടലാസ് മാത്രം അടുക്കി വെച്ച് അവനെ കാണിക്കാം. അവന് സമാധാനമാവും. തനിക്ക് മനസ്സമാധാനത്തോടെ ഉറങ്ങുകയും ചെയ്യാം. അയാള്‍ രണ്ടാമത്തെ മാര്‍ഗം പ്രയോഗിക്കാന്‍ തീരുമാനിച്ചു..
അടുത്ത ദിവസം ഫോണ്‍ വിളിച്ചപ്പോള്‍ ഉപ്പയാണ് ഫോണ്‍ എടുത്തത്. ഭാര്യയും ഉമ്മയും കുട്ടിയേയും കൊണ്ട് ഹോസ്പിറ്റലില്‍ പോയിരിക്കുകയാണ്. കുട്ടിക്ക് വീണ്ടും പനി വന്നിരിക്കുന്നു. കുട്ടിക്ക് രാത്രി ഉറക്കമില്ല. എന്തിനെയോ ഭയക്കുന്ന പോലെ അവന് പലപ്പോഴും രാത്രിയില്‍ എണീറ്റ് നിലവിളിക്കുന്നു. അയാള്‍ ഉപ്പയോട് പെട്ടിയുടെ വിഷയം എടുത്തിട്ടപ്പോള്‍ അയാളെ പരിഹസിക്കുന്ന രീതിയിലാണ് ഉപ്പ സംസാരിച്ചത്.
നിനക്കെന്താ റഹീം മോനെ.., പെട്ടിയുടെ ഒരു തല ഭാഗം മാത്രമാണ് കുട്ടിയുടെ മേല്‍ഭാഗത്തായി ഉള്ളത്. ബാക്കി മുക്കാല്‍ ഭാഗവും റാക്കിന്റെ ഉള്ളിലായിട്ടാണ്. ഇതെങ്ങനെ അവന്റെ മേലെ വീഴും. അവന്റെ തരികിടയാണ്. പെട്ടിയിലുള്ളത് കാണാന്‍ വേണ്ടി അവന് കളിക്കുന്ന നാടകം. അത് കാണിച്ചു കൊടുത്താല്‍ പിന്നെ അവന് ഒതുങ്ങി നില്ക്കോ? അതിലുള്ളതെല്ലാം വേണമെന്ന് വാശി പിടിക്കും.
അയാള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഭാരം കുറഞ്ഞ ഒരു പെട്ടിയാണ്. ശരാശരി വലുപ്പം ഉണ്ടെങ്കിലും അവന് ഭയക്കുന്നത് പോലെ അവന്റെ മേല്‍ വീണാല്‍ തന്നെ കാര്യമായി ഒന്നും സംഭവിക്കുകയില്ല. അതിനു മാത്രം ഒന്നും ആ പെട്ടിയില്‍ ഇല്ല താനും….പക്ഷെ കുട്ടികളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാത്തത് കൊണ്ടാവില്ലേ തനിക്ക് ഇത് നിസാരമായി തോന്നുന്നത്!.
അടുത്ത ദിവസവും അയാള്‍ ഫോണ്‍ വിളിച്ചു. അപ്പോള്‍ ഭാര്യയാണ് ഫോണ്‍ എടുത്തത്. ഉമ്മയും ഉപ്പയുമാണ് കുട്ടിയുടെ കൂടെ ഹോസ്പിറ്റലില്‍. അയാള്‍ ഭാര്യയോട് കാര്യം അന്വേഷിച്ചു. പനിക്ക് കുറവില്ല. കുട്ടി ആകെ ക്ഷീണിച്ചിരിക്കുന്നു. അയാള്‍ക്ക് ശരീരം തളരുന്നതായി തോന്നി. അയാള്‍ ഭാര്യയോട് എന്താണ് ചെയ്യേണ്ടതെന്ന് വിശദമാക്കിക്കൊടുത്തു.
നീ ഇപ്പോത്തന്നെ ആ പെട്ടിയിലുള്ളതെല്ലാം എടുത്ത് കട്ടിലിന്റെ അടിയില്‍ ഭദ്രമായി ഒളിപ്പിച്ചു വെക്ക്. എന്നിട്ട് ആ പെട്ടിയില്‍ രണ്ടു മൂന്ന് പേപ്പറും നിന്റെ രണ്ടു സാരിയും എടുത്ത് വെക്ക്. അവനെ ഹോസ്പിറ്റലില്‍ നിന്ന് കൊണ്ട് വരുമ്പോള്‍ ഈ പെട്ടി തുറന്ന് കാണിച്ചു കൊടുക്കണം. എന്നിട്ട് അവനോട് തന്നെ അതൊന്ന് പൊക്കി നോക്കാന്‍ പറയണം. അതവന്റെ ദേഹത്ത് വീണാല്‍ എന്ത് സംഭവിക്കും എന്ന് ചോദിക്കണം..
അയാള്‍ രണ്ടു ദിവസം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഭാര്യ വളരെ സന്തോഷത്തോടെ കാര്യം പറഞ്ഞു. ഭാര്യ അയാള്‍ പറഞ്ഞ പ്രകാരം തന്നെ ചെയ്തു. കുട്ടി പെട്ടി വിശദമായി പരിശോധിച്ച് സംതൃപ്തനായി. അത് അവന് തന്നെ പൊക്കിയെടുത്ത് ഉമ്മാടെ സഹായത്തോടെ തിരിച്ച് അവന്റെ ബെഡിന്റെ മേലെ കേറ്റി വെച്ചു. എല്ലാവര്ക്കും സന്തോഷമായി. അവന്റെ രോഗവും ഭയവും മാറി. പക്ഷെ, ഉപ്പയുടെ മുഖം ചുവന്നത് വളരെ പെട്ടെന്നായിരുന്നു. ഉപ്പ അവളോട് തട്ടിക്കയറിയത്രേ. ആരാ അങ്ങനെ ചെയ്യാന്‍ പറഞ്ഞത് എന്ന ചോദ്യം ചെയ്യലിനും തട്ടിക്കയറലിനും ഒടുവില്‍ തന്റെ വാക്കുകള്‍ക്ക് യാതൊരു വിലയും കല്പിക്കുന്നില്ലെന്ന് പറഞ്ഞ് ഉപ്പ ഇപ്പോള്‍ ആരോടും മിണ്ടാതെ നടക്കുകയാണ്.
അയാള്‍ വിഷമത്തോടെ ഫോണ്‍ വെച്ചു. പിന്നെ ആലോചിച്ചു. എന്റെ പടച്ചോനെ… എന്റെ ബാപ്പ കുഞ്ഞായി ജനിച്ചിട്ടല്ലേ വളര്‍ന്നത്… എന്റെ ബാപ്പക്കെന്ത് കൊണ്ട് എന്റെ കുഞ്ഞിന്റെ ഭാഗത്ത് നിന്നും ചിന്തിക്കാന്‍ കഴിയുന്നില്ല!!.
………..ശുഭം……..
78 total views, 1 views today
