Featured
കുട്ടികള്‍ കാണേണ്ടത് നാം അവര്‍ക്കായി തിരഞ്ഞെടുക്കുന്ന സ്വപ്നങ്ങളല്ല, അവരുടെ സ്വപ്നങ്ങളാണ്
നിങ്ങളുടെ കുട്ടികള്‍ അദ്ധ്വാനിക്കുന്നത് അവരുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയോ, നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വേണ്ടിയോ???
166 total views

‘സ്വപ്നം കാണുക, സ്വപ്നം കാണുക, സ്വപ്നം കാണുക. സ്വപ്നങ്ങള്‍ ചിന്തകളായി മാറും. ചിന്തകള്‍ പ്രവര്‍ത്തിയിലേയ്ക്ക് നയിക്കും.’ നമ്മുടെ ബഹുമാന്യനായ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഈ വാക്കുകള്‍ നമ്മള് ഒരുപാട് തവണ കേട്ടിട്ടുണ്ടാവും. എന്നാല്‍, എന്താണ് അത് അര്‍ത്ഥം ആക്കുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷെ നമ്മളില്‍ പലരും ജീവിതത്തില്‍ കണ്ട സ്വപ്നങ്ങള്‍ നേടിയെടുത്തവരോ അല്ലെങ്കില്‍ എത്ര ശ്രമിച്ചിട്ടും നടക്കാതെ വരുമ്പോള്‍ സ്വപ്നങ്ങളെ പാടേ ഉപേക്ഷിച്ചവരോ ആയിരിക്കും. എന്നാല്‍, വളര്‍ന്നു വരുന്ന തലമുറ അങ്ങനെയല്ല. അവരെ സ്വപ്നം കാണാന്‍ പഠിപ്പിക്കുകയും അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്കുവാന് സഹായിക്കുകയും ചെയ്യേണ്ടവര്‍ ആണ് നമ്മള്. കുട്ടിക്കാലത്ത് നമ്മളില്‍ പലരുടെയും ഉള്ളില്‍ ഒരു ചെറിയ വിപ്ലവകാരി ഉണ്ടായിരുന്നു. അന്ന് നമ്മുടെ മുന്‍ തലമുറ എന്തുകൊണ്ട് നമ്മുടെ സ്വപ്നങ്ങള്‍ മനസിലാക്കുന്നില്ല എന്ന് ചിന്തിച്ച് നമ്മള് അമര്‍ഷം പൂണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടെ പിന് തലമുറ അവരുടെ സ്വപ്നങ്ങള്‍ക്ക് ജീവന് നല്കുവാന് ശ്രമിക്കുമ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ആ പഴയ വിപ്ലവകാരിയുടെ കുപ്പായം ഊരിമാറ്റി പകരം നിങ്ങളുടെ മുന്‍ തലമുറയുടെ പഴഞ്ചന്‍ കുപ്പായങ്ങള്‍ തേടിപ്പോകുന്നത്?
നിങ്ങള്‍ ഏതു വിഭാഗത്തില്‍ പെടുന്നു?
ഇന്ന് നമ്മുടെ ഇടയില്‍ ജീവിക്കുന്ന എല്ലാ മുതിര്‍ന്നവരും ഇതില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ പെടാതെ വഴിയില്ല. കാരണം, ഇങ്ങനെയൊക്കെ സംഭവിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ആളുകളും ജീവിത സാഹചര്യങ്ങളും മാറുന്നുണ്ട് എന്നത് ശരി തന്നെ. എന്നാല്‍, സമൂഹത്തിന്റെ പൊതു സ്വഭാവം അന്നും ഇന്നും ഒന്ന് തന്നെ.
ആദ്യ വിഭാഗക്കാര്‍ വരും തലമുറയെക്കുറിച്ച് ഒരു ചിന്തയും ഇല്ലാത്തവര്‍ ആണ്. അവര്‍ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നു. കുട്ടികള്‍ എന്ത് ചെയ്യുന്നു, എങ്ങനെ ജീവിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അവരെ ബാധിക്കുന്ന കാര്യമേ അല്ല. എന്നാല്‍, ഏറ്റവും രസകരമായ കാര്യം ഇവരില്‍ നല്ല വിദ്യാഭ്യാസമുള്ളവരും അറിവുള്ളവരും ജീവിത വീക്ഷണം ഉള്ളവരും ആയ ആളുകള്‍ ഉണ്ടെന്നുള്ളതാണ്. സാഹചര്യങ്ങള്‍ മൂലം ഇങ്ങനെ ആയിപ്പോയവരെ ഞാന്‍ തല്കാലം ഒഴിവാക്കുന്നു. ബാക്കിയുള്ളവര്‍ക്ക് സ്വപ്നങ്ങളും വീക്ഷണങ്ങളും എല്ലാം തങ്ങളുടെ ജീവിതത്തെ കുറിച്ച് മാത്രമാണ്. ഒരുപക്ഷെ അവരുടെ ജീവിതത്തില്‍ കൃത്യ സമയത്ത് ആരെങ്കിലും നല്കിയ ഒരു ഉപദേശം ആയിരിക്കാം അവരെ നല്ല നിലയില്‍ എത്തിച്ചത്. എന്നാല്‍, തങ്ങള്‍ക്കു കിട്ടിയ സഹായം മറ്റുള്ളവര്‍ക്ക് കൂടി നല്‍കണം എന്ന് ചിന്തിക്കുവാന്‍ തക്കവിധം ദീര്‍ഘവീക്ഷണം ഇല്ലാത്തവരും അടഞ്ഞ ചിന്താഗതിക്കാരും ആയിരിക്കും ഇവര്‍.
രണ്ടാമതൊരു വിഭാഗം ആളുകളുണ്ട്. അവര്‍ വളരെ കഠിനാധ്വാനികള്‍ ആണ്. ഒട്ടേറെ കഷ്ടപ്പെട്ടാണ് നല്ല നിലയില്‍ എത്തിയത്. അവര്‍ക്ക് എല്ലാ കാര്യങ്ങളെയും കുറിച്ച് നല്ല വീക്ഷണങ്ങള്‍ ഉണ്ട്. വേറെ ആരുടേയും സഹായം സ്വീകരിക്കുന്നതോ ഉപദേശം കൈക്കൊള്ളുന്നതോ അവര്ക്കിഷ്ടമില്ല. എന്നാല്‍, അവര്‍ അടുത്ത തലമുറയുടെ മേലും അവരുടെ സ്വപ്നങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കും. തങ്ങള്‍ക്കു ഉള്ളതുപോലെ അവര്‍ക്കും സ്വപ്നങ്ങള്‍ ഉണ്ടാവാം എന്നൊന്നും അവര്‍ ചിന്തിക്കുന്നില്ല. അങ്ങനെ മറ്റുള്ളവരുടെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞുകൊണ്ട് അവര്‍ അവരുടെ സ്വപ്നങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. ഇതാണ് ഏറ്റവും അപകടകരമായ നിലപാടും.
മൂന്നാമത്തെ തരാം ആളുകള്‍ കുട്ടികളുടെ സ്വപ്നങ്ങളെ വിലമതിക്കുന്നവര്‍ ആണ്. അവര്‍ കുട്ടികളെ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നു. എന്നാല്‍, കുട്ടികള്‍ ചെയ്യുന്നത് ഏറ്റവും നന്നായി ചെയ്യണം എന്ന ആഗ്രഹം അമിതമായി ഉള്ളില്‍ കിടക്കുന്നതിനാല്‍ ഇതു കാര്യത്തിലും നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് കുട്ടികളുടെ ഒപ്പം നടക്കുകയും ചെയ്യും. അമിതമായ ഈ ശ്രദ്ധ കുട്ടികളുടെ സര്‍ഗശേഷികളെ തളര്‍ത്തും എന്ന് മാത്രമല്ല മുതിര്‍ന്നു വരുമ്പോള്‍ ഒരു അരക്ഷിതാവസ്ഥയിലാണ് തങ്ങള്‍ എന്ന് തോന്നാന്‍ ഇടയാക്കുകയും ചെയ്യും.
ഇനി ചിലര്‍ കുട്ടികളെ പണം, സ്ഥാനം, പ്രശസ്തി എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വപ്നം കാണാന്‍ അനുവദിക്കുന്നവര്‍ ആണ്. കുട്ടികള്‍ എഞ്ചിനീയറിംഗ് തിരഞ്ഞെടുത്താല്‍ സന്തോഷിക്കുകയും ആര്‍ട്സ് പഠിക്കാന്‍ പോയാല്‍ അവരെ പിന്തിരിപ്പിക്കാന് ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. കലാ മേഖലകളില്‍ ശ്രദ്ധ കൊടുത്താല്‍ ജീവിതം നശിച്ചു പോകും എന്ന ചിന്ത വെച്ചുപുലര്‍ത്തുന്ന ഇവര്‍ കുട്ടികള്‍ക്ക് കഴിവുള്ളതും സന്തോഷം നല്‍കുന്നതും അത്തരം മേഖലകള്‍ ആണെന്ന കാര്യം വിസ്മരിക്കുന്നു.
അഞ്ചാമതൊരു കൂട്ടം വളരെ വിരളമാണ്. കുട്ടികളുടെ സ്വപ്നങ്ങളെ മനസിലാക്കുകയും അവര്‍ക്ക് അത് സ്വയം നേടിയെടുക്കാനുള്ള സ്വാതന്ത്ര്യവും ആതാവിശ്വാസവും നല്കുന്നവര്. ഒരുപാടു പേര്‍ക്ക് ഇങ്ങനെ ആകണം എന്നാണ് ആഗ്രഹം. ഒരുപാട് പേര് തങ്ങള്‍ ഇങ്ങനെ ആണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍, പലപ്പോഴും ശരിയായ രീതിയില്‍ ഈ ഒരു സമീപനം കൈക്കൊള്ളാന്‍ വളരെ കുറച്ചു പേര്‍ക്കേ കഴിയാറുള്ളൂ.
ഇവിടെ പ്രശ്നം കാര്യങ്ങള്‍ അറിയാത്തത് കൊണ്ടല്ല. ഞാന്‍ ചെയ്യുന്നത് ശരിയാവാനേ തരമുള്ളൂ എന്ന് ചിന്തിക്കുന്നതാണ് പ്രശ്നം. അത് മാറ്റി വെച്ചാല്‍ എല്ലാം ശരിയകാവുന്നതേ ഉള്ളൂ. ഇനി ഒന്ന് ചിന്തിച്ചു നോക്കൂ. ഇതില്‍ ഇതു വിഭാഗത്തിലാണ് നിങ്ങള്‍ ഉള്‍പ്പെടുന്നത്? നിങ്ങളുടെ നിലപാടുകള്‍ പൂര്‍ണമായും ശരിയാണെന്ന് തോന്നുന്നുണ്ടോ? എവിടെയാണ് ഇനിയും മാറ്റം വരുത്തേണ്ടത്? ഇത്തിരി ശ്രദ്ധിച്ചാല്‍ എല്ലാം നന്നായി കൊണ്ടുവരുവാന്‍ നിങ്ങള്‍ക്ക് കഴിയും. എല്ലാ ഭാവുകങ്ങളും.
167 total views, 1 views today