കുതിരയെയല്ല കൊല്ലേണ്ടത് – സ്വാമി സന്ദീപാനന്ദഗിരി

504

01ഹൃദയാകാശേ ചിദാദിത്യഃ സദാ ഭാതിഃ
ഉദയാസ്തമയൗ ന സ്തഃ

എന്താ കുട്ടീ സന്ധ്യാവന്ദനം നടത്താത്തത്? എന്ന് പുരോഹിതന്മാര്‍ ബാലനായ ശങ്കരനോടു ചോദിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത ഉത്തരമാണിത്. ഹൃദയമാകുന്ന ആകാശത്ത് ചൈതന്യമാകുന്ന ഈശ്വരന്‍ സദാ പ്രകാശിക്കുന്നു. ഉദയവുമില്ല, അസ്തമയവുമില്ല. ഉദയാസ്തമയങ്ങളില്ലെങ്കില്‍ സന്ധ്യയെ വന്ദിക്കുന്നതെങ്ങനെ? ചെറുപ്പത്തില്‍ത്തന്നെ സര്‍വശാസ്ത്രങ്ങളും അഭ്യസിച്ച ശങ്കരാചാര്യസ്വാമികളുടെ ഈ മറുപടി കേട്ട് അക്കാലത്തെ പുരോഹിതന്മാര്‍ ക്ഷോഭിച്ചിരിക്കണം. ക്ഷോഭത്തിന്റെ കഥകളൊക്കെ നമുക്കെല്ലാം അറിവുള്ളതുമാണ്.

ഉപനിഷത്തും അതിന്റെ സാരസര്‍വസ്വമായ ഭഗവദ്ഗീതയും പറയുന്നു ഹൃദയത്തിലാണ് ഈശ്വരന്‍ വസിക്കുന്നത്. ഈശ്വര സര്‍വഭൂതാനാം ഹൃദ്ദേശേ അര്‍ജുനതിഷ്ഠതി. ദുര്യോധനന്റെ നിര്‍ദ്ദേശമനുസരിച്ച് ദ്രൗപടിയുടെ വസ്ത്രാക്ഷേപത്തിന് ദുശ്ശാസനന്‍ മുതിര്‍ന്നപ്പോള്‍, തന്നെ രക്ഷിക്കണമേ എന്ന് ദ്രൗപടി ഭഗവാന്റെ നിരവധിയായ നാമങ്ങള്‍ വിളിച്ചുകൊണ്ട് അപേക്ഷിച്ചെങ്കിലും ഹൃദയകമലവാസിന്‍ എന്ന സംബോധനയുണ്ടായപ്പോഴാണ് ഭഗവാന്‍ പ്രത്യക്ഷണായത്. ഋഷീശ്വരന്മാര്‍ ദര്‍ശിച്ച സത്യം തത്ത്വത്തിലൂടെയും കഥാരൂപത്തിലും നമ്മെ അറിയിച്ചുകൊണ്ടിരുന്നിട്ടും ബാഹ്യമായ ഏതോ ഈശ്വരനെ പ്രതീപ്പെടുത്താനുള്ള വെമ്പലില്‍, ഈശ്വരനും മനുഷ്യനും മധ്യെ ഇടനിലക്കാരായി വര്‍ത്തിക്കുന്ന പുരോഹിതന്മാരുടെ ഇച്ഛയ്ക്കനുസരിച്ച് ജനങ്ങള്‍ ഓടിത്തളരുന്നു. ഭൗതികവും ആത്മീയവുമായ നഷ്ടങ്ങള്‍ അസ്വസ്ഥതകളുണ്ടാക്കുന്നു.

വേദാന്തമാണ് നമ്മുടെ മതം എന്നാണ് വിവേകാനന്ദസ്വാമികള്‍ പ്രഖ്യാപിച്ചതു. ഋഷീശ്വരന്മാരുടെ മതം അതാണ്. അതാണ് പറഞ്ഞുതരുന്നത് ഹൃദയത്തിലാണ് ഈശ്വരന്‍ എന്ന്. തത്ത്വമസി എന്ന്അതു നീ തന്നെയാണ് എന്ന്. ഋഷീശ്വരന്മാര്‍ ദര്‍ശിച്ച സത്യം സ്വാര്‍ത്ഥലാഭത്തിനായി വളച്ചൊടിക്കുകയും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒപ്പം ക്രൂരതകളും സമ്മേളിപ്പിക്കുകയും ചെയ്തു. വൈദികമായ പ്രതീകങ്ങളുടെ സ്വരൂപവും അര്‍ഥവും ഉപനിഷത്തില്‍ വിശദമാക്കിയിട്ടുണ്ട്. പ്രതീകങ്ങളെ അറിയാനോ ഉള്‍ക്കൊള്ളാനോ ആകാത്തവര്‍ സമൂഹത്തിന്റെ നിയന്ത്രണം കൈയേറ്റിയപ്പോള്‍ കൊടിയ അജ്ഞതയിലേക്കും ദുരിതത്തിലേക്കും ജനങ്ങളെ തള്ളിവിടുകയായിരുന്നു. വികാരങ്ങളും വിഷയങ്ങളും ആത്മസംയമനമാകുന്ന യോഗാഗ്‌നിയില്‍ എരിച്ചുകളയുമ്പോഴാണ് ശാന്തി ലഭിക്കുന്നതെന്ന തത്ത്വത്തിനൊരു പ്രത്യക്ഷോദാഹരണം നല്‍കി ബോധ്യപ്പെടുത്താന്‍ ഹോമാഗ്‌നി ജ്വലിപ്പിക്കുകയും അതിലേക്ക് ദ്രവ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിരിക്കാം ആദിഗുരുക്കന്മാര്‍. എപ്രകാരമാണോ ദ്രവ്യങ്ങള്‍ അഗ്‌നിയില്‍ ചാമ്പലാകുന്നത് അപ്രകാരം വികാരങ്ങളും വിഷയധ്യാനവും എരിഞ്ഞു ചാമ്പലാകണം എന്ന തത്ത്വത്തിന്റെ ആവിഷ്‌കാരം. ഈ ആവിഷ്‌കാരത്തെ വലിയ സാധ്യതയാക്കി ഉപയോഗപ്പെടുത്തിയത് പുരോഹിതവര്‍ഗ്ഗമാണ്. മനസ്സിനെ നിയമനം ചെയ്യാനുള്ള സോമയാഗവും ഇന്ദ്രിയങ്ങളെ ജയിക്കാനുള്ള രാജസൂയയാഗവും ഇത്തരത്തില്‍ അധഃപതിച്ചു പോയി. അശ്വങ്ങള്‍ ഇന്ദ്രിയങ്ങളുടെ പ്രതീകമാണ്. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കേണ്ട ഭരണാധികാരി ഇന്ദ്രിയങ്ങളുടെ പ്രലോഭനങ്ങളില്‍ അടിപ്പെടാന്‍ പാടുള്ളതല്ല. തന്റെ ഇന്ദ്രിയങ്ങളെ പിടിച്ചുകെട്ടാന്‍ ഒരു വിഷയവികാരത്തിനും സാധ്യമല്ല എന്ന അര്‍ഥത്തിലാണ് അശ്വമേധയാഗം സങ്കല്‍പിച്ചിരിക്കുന്നത്. ഇവിടെ അശ്വം ഒരു പ്രതീകം മാത്രമാണ്. വികാരങ്ങളെയാണ് കൊല്ലേണ്ടത്, കുതിരയെ അല്ല.

യാഗങ്ങളും ക്ഷുദ്രകര്‍മ്മങ്ങളും അനാചാരങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ഭീതിയും അസ്വസ്ഥതകളും മുതലെടുത്തുകൊണ്ടുള്ള സന്നാഹങ്ങള്‍! അനുഷ്ഠാനകര്‍മ്മങ്ങളില്‍ ഭൂരിഭാഗവും പുനഃപരിശോധിക്കുകയും സനാതനമൂല്യങ്ങള്‍ക്കനുസരിച്ച് അവയെ മാറ്റിയെടുക്കുകയും വേണ്ടിയിരിക്കുന്നു. ആചാര്യന്മാര്‍ ഇതൊരു വലിയ ചുമതലയായി ഏറ്റെടുക്കേണ്ട സന്ദര്‍ഭമാണിത്.

കടപ്പാട് : പിറവി മാസിക

Advertisements