കുപ്രസിദ്ധ കുറ്റവാളികളുടെ ചിത്രങ്ങളോടൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയും: മോഡിക്ക് ഗൂഗിളിന്റെ ക്ഷമാപണം

248

 

modi_top10CrimList_boolokam
ഈ ഗൂഗിളിന് കിട്ടിയ ഒരു പണി നോക്കണേ! ഏതോ ഒരു വിരുതന്‍ ‘ടോപ് ടെന്‍ ക്രിമിനല്‍സ്’ എന്ന് ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ അടിച്ചുകൊടുത്തപ്പോള്‍ വന്നതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രങ്ങളും ഉള്‍പ്പെട്ടതാണ് എല്ലാ പൊല്ലാപ്പിനും കാരണം. അവസാനം മോഡിയോട് മാപ്പപേക്ഷിക്കേണ്ടിവന്നു സേര്‍ച്ച് എഞ്ചിന്‍ ഭീമന്. മോഡിയുടെ ചിതം കുറ്റവാളികളുടെ ഒപ്പം വന്നതില്‍ ലോകനേതാക്കന്മാരില്‍ പലരും അനിഷ്ടം അറിയിച്ചിരുന്നു.

ഏതായാലും ഇനി കുറ്റവാളികളുടെ നിരയില്‍ മോഡിയുടെ പടം കാണില്ല എന്ന് ഗൂഗിള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. മോഡിയുടെ മാത്രമല്ല, ലോകത്തിലെ രാഷ്ട്രത്തലവന്‍മാരുടെ എല്ലാം ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രത്യക്ഷപ്പെടുന്നത് തടയുവാന്‍ ഗൂഗിള്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു. സേര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിക്കുന്ന അല്‍ഗോരിതം ആണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക. ഗൂഗിള്‍ ആണ് ഏറ്റവും കഠിനമായ അല്‍ഗോരിതം സേര്‍ച്ചുകള്‍ക്ക് വേണ്ടി നിലയില്‍ ഉപയോഗിക്കുന്നത്.

ഒരു സേര്‍ച്ച് നടക്കുമ്പോള്‍ ഏത് ലിങ്ക് ആദ്യം വരണം എന്ന് തീരുമാനിക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങള്‍ ആണ്. ഒന്ന്, ലിങ്കിന്റെ പഴക്കം. രണ്ട്, ഉപയോഗിച്ചിരിക്കുന്ന കീ വേര്‍ഡുകളുടെ എണ്ണവും സാന്ദ്രതയും. മൂന്ന്, മറ്റു പേജുകളിലേയ്ക്ക് നല്‍കിയിരിക്കുന്ന ഹൈപ്പര്‍ലിങ്കുകളുടെ എണ്ണം. വെബ് സേര്‍ച്ച് നടത്തുമ്പോള്‍ ഈ രീതിയിലൂടെ ഏതാണ്ടൊക്കെ കൃത്യമായി വിവരങ്ങള്‍ കിട്ടും. എന്നാല്‍, ഇമേജുകള്‍ വരുമ്പോള്‍ അതല്ല സ്ഥിതി.

ക്രിമിനലുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച മോഡിയുടെ ചിത്രം ബ്രിട്ടനിലെ ഒരു മാധ്യമം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ നിന്നുള്ളതാണ്. എന്നാല്‍, മോഡിയെ ക്രിമിനല്‍ ആയി കുറ്റപ്പെടുത്തുന്ന ഒരു ലേഖനം ആയിരുന്നില്ല അത്. മറിച്ച്, മോഡി ക്രിമിനലുകളെക്കുറിച്ച് പറഞ്ഞ കാര്യങ്ങളായിരുന്നു ആ ലേഖനത്തിന്റെ ഉള്ളടക്കം. അതില്‍ ക്രിമിനല്‍ എന്ന വാക്ക് ഒരുപാട് ഉപയോഗിച്ചിരുന്നു. കൂട്ടത്തില്‍ മോഡിയുടെ പടവും. മതിയല്ലോ!!!