കുരുക്ഷേത്രം ഫുട്ബോള്‍ (ഒരു ഉത്തരാധുനിക കഥ) – സനു..

  321

   

  tumblr_m29d787fNj1qft6tco1_1280

  സഞ്ജയന്‍ തന്റെ മിഴികള്‍ പതുക്കെ അടച്ചു . അടുത്തിരിക്കുന്ന ധൃതരാഷ്ട്രര്‍ എന്തോ ചോദിച്ചത് അയാള്‍ അവ്യക്തമായി കേട്ടു . ഒരു ഫ്‌ളാഷ് ബാക്കിലെന്ന പോലെ അയാളുടെ മനസ്സ് കുറച്ചു കാലം പിറകിലേക്ക് പോയി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി നടന്ന സംഭവ വികാസങ്ങള്‍ അയാളുടെ മനസ്സില്‍ തിരശീലയില്‍ എന്ന പോലെ മിന്നി മറഞ്ഞു കൊണ്ടിരുന്നു. രണ്ടു സഹോദരന്മാരുടെ മക്കള്‍ തമ്മില്‍ മഹാ നഗരമായ ഹസ്തിനപുരിക്കും ,അവിടുത്തെ പൈതൃകം പേറുന്ന കളിസ്ഥലത്തിനും വേണ്ടിയുള്ള പോരാട്ടം അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നു . എല്ലാവരും ഒരുമിച്ചു നിന്നാല്‍ ഈ ലോകത്തെ എല്ലാ ടീമുകളും ഈ നഗരത്തിനു മുന്നില്‍ അടിയറവു പറയും എന്ന അമ്മ ഗാന്ധാരിയുടെ വാക്കുകളും ദുര്യോധനന്‍ കേട്ടില്ല..

  ഹസ്തിനപുരി പോയിട്ട് പരിശീലിക്കാന്‍ ഒരു ചെറിയ സ്ഥലം പോലും തരില്ലെന്ന ദുര്യോധനന്റെ വാക്കിനും, സമ്പത്തിനും മുന്നില്‍ കളിച്ചു തീരുമാനിക്കാം എന്ന തീരുമാനത്തിനു പാണ്ഡവര്‍ തയ്യാറായി. കാണികളുടെ ആര്‍പ്പുവിളികള്‍ സഞ്ജയനെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി,,അയാള്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ ടീം അംഗങ്ങള്‍ ഗ്രൌണ്ടിലേക്കു വരി വരി ആയി വന്നു കൊണ്ടിരുന്നു. ക്യാപ്ടന്‍മാരുടെ ആം ബാന്‍ഡ് അണിഞ്ഞ യുധിഷ്ടിരനും, ദുര്യോധനനും ഇരു ടീമുകളുടെയും മുന്നില്‍ തലയെടുപ്പോടെ നടന്നു. പണം വാരി എറിഞ്ഞു കളിക്കാരെ വാങ്ങിക്കൂട്ടിയ ദുര്യോധനന്റെ മുഖത്ത് അഹങ്കാരം പ്രകടമായിരുന്നു. കളിക്കാര്‍ ഒരേ നിരയായി നിന്നു. കളിക്കിടയില്‍ പരിക്ക് പറ്റി തിരിചു പോയവര്‍ക്കും, ചുവപ്പു കാര്‍ഡ് കിട്ടിയവര്‍ക്കും, തോല്‍വി സമ്മതിച്ചവര്‍ക്കും ഇനി ഒരു മത്സരം കളിയ്ക്കാന്‍ ആവില്ലെന്ന നിബന്ധന യുധിഷ്ടിരന്‍ തന്റെ അനുജന്മാരെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. പാണ്ഡവന്‍മാരുടെ കോച്ചായ കൃഷ്ണനും ,,കൌരവരുടെ കോച്ചായ ശകുനിയും ടച്ച് ലൈനിന് പുറത്തു അക്ഷമയോടെ നിന്നു ..ഇരു ടീമുകളുടെയും കളിക്കാര്‍ അവരുടെ സ്ഥാനങ്ങളില്‍ നില്‍പ്പുറപ്പിച്ചു. റഫറിയായ ബലരാമന്‍ ഇടയ്ക്കിടെ കളി തുടങ്ങാന്‍ സമയമായോ എന്ന് സൂര്യനെ നോക്കിക്കൊണ്ടിരുന്നു.

  സെന്റെര്‍ ഫോര്‍വേഡ് കളിക്കുന്ന അര്‍ജുനന്‍ എതിര്‍ നിരയിലെ കളിക്കാരെ ആകെ ഒന്ന് വീക്ഷിച്ചു. കര്‍ണ്ണനെ ആദ്യ പതിനൊന്നില്‍ കാണാത്തതിനാല്‍ അര്‍ജനുനന്‍ ആശ്വസിച്ചു..എന്നാലും അത് കൌശലക്കാരനായ ശകുനിയുടെ തന്ത്രം ആണെന്ന ധാരണ അയാളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. കളിക്കളത്തില്‍ സ്വന്തബന്ധങ്ങള്‍ക്ക് സ്ഥാനമില്ലെന്ന കൃഷ്ണന്റെ ഉപദേശം അയാള്‍ മനസ്സില്‍ അരക്കിട്ടുറപ്പിച്ചു. ബലരാമന്‍ വിസില്‍ നീട്ടി അടിച്ചു..പന്തിനു ജീവന്‍ വച്ചു . അതോടൊപ്പം കളിക്കാര്‍ക്കും ..പാണ്ഡവരുടെ മുന്നേറ്റത്തോടെ ആണ് കളി തുടങ്ങിയത് ..ധ്രിഷ്ടധ്യുമ്‌നന്‍ നീട്ടി അടിച്ച പന്തുമായി അര്‍ജുനന്‍ കൌരവ മുഖത്തേക്ക് ഇരച്ചു കയറി. പ്രതിരോധ നിരയിലെ ദുശാസനനെ സമര്‍ഥമായി വെട്ടിച്ച അയാള്‍ പോസ്റ്റ് ലക്ഷ്യമാക്കി നീട്ടി അടിച്ചു. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഒരു സര്‍ക്കസ് അഭ്യാസിയുടെ മെയ് വഴക്കത്തോടെ കൌരവരുടെ ഗോളിയായ ഭീഷ്മര്‍ അത് കുത്തി അകടിയപ്പോള്‍ കൌരവരുടെ ശ്വാസം നേരെ വീണു. ഇത് കൌരവരെ അരിശം കൊള്ളിച്ചു ദ്രോണരെ മുന്നേറ്റത്തിലും, മകനായ ആശ്വധാമാവിനെ മധ്യനിരയിലും വിന്യസിച്ച ശകുനിയുടെ തന്ത്രം വിജയം കണ്ടു .

  മധ്യനിരയില്‍ അയാള്‍ പന്ത് കൊണ്ട് കവിത വിരിയിക്കുകയായിരുന്നു. ഗോളിയായ സാത്യകിക്കു വിശ്രമം അനുവദിക്കാതെ ദ്രോണന്‍ നിരന്തരം പാണ്ഡവ നിരയില്‍ അപകടം വിതച്ചു കൊണ്ട് പാറി നടന്നു. എങ്കിലും ഭീമന്‍ പ്രതിരോധത്തിന്റെ ഉരുക്കു കോട്ട തീര്‍ത്തു എല്ലാ നീക്കങ്ങളെയും നിഷ്പ്രഭമാക്കി. സമയം കടന്നു പൊയ്‌ക്കൊണ്ടിരുന്നു. അര്‍ജുനന്റെ കാലില്‍ നിന്നും വര്‍ഷിക്കുന്ന ഇടിമിന്നലുകള്‍ എല്ലാം തന്നെ ഭീഷ്മന്റെ കയ്യില്‍ എരിഞ്ഞടങ്ങി.. ഏകപക്ഷീയ ജയം സ്വപ്നം കണ്ട ദുര്യോധനന്‍ അസ്വസ്ഥനായി. അയാളുടെ മുന്നില്‍ ഭീമന്‍ ഒരു മഹാമേരു പോലെ നിന്നു. പാണ്ഡവരുടെ എല്ലാ നീക്കങ്ങളും വയസനായ ഭീഷ്മരില്‍ തട്ടി തെറിക്കുന്നതു കണ്ടു കോച്ചായ കൃഷ്ണന്‍ അസ്വസ്ഥനായി ..അപ്പോഴാണ് കൃഷ്ണന്‍ ആഗ്രഹിച്ച മുഹൂര്‍ത്തം പാണ്ഡവര്‍ക്കു മുന്നില്‍ വീണു കിട്ടിയത് ..സഹദേവന്‍ നീട്ടി അടിച്ച പന്ത് കാലില്‍ കോര്‍ത്ത് കൊണ്ട് അര്‍ജുനന്‍ യാഗാശ്വം പോലെ കൌരവ ഗോള്‍ മുഖത്തേക്ക് പാഞ്ഞു. മുന്നില്‍ നിരന്ന പ്രധിരോധ നിരയെ ഓരോന്നായി വെട്ടിച്ചു നീങ്ങിയ അര്‍ജുനന് ഒരു നര്‍ത്തകന്റെ പരിവേഷമുണ്ടായിരുന്നു . തന്നെയും വെട്ടിച്ചു ബോക്‌സിനുള്ളിലേക്ക് കയറാന്‍ പോകുന്ന അര്‍ജുനനെ ദുശാസനന്‍ ഇടംകാല്‍ വച്ചു വീഴ്ത്തി. ബലരാമന്‍ വിസില്‍ നീട്ടി അടിച്ചു ‘ഫ്രീ കിക്ക്’ ..

  യുധിഷ്ടിരനെ അരികില്‍ വിളിച്ചു കൃഷ്ണന്‍ എന്തൊക്കെയോ മന്ത്രിച്ചു. അപ്പോള്‍ യുധിഷ്ടിരന്റെ മുഖത്ത് ആശ്വാസം തെളിഞ്ഞു കത്തി .. .അര്‍ജുനന്‍ ഫ്രീ കിക്ക് എടുക്കും എന്ന് കൌരവര്‍ കരുതി കാണണം. അപ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ശിഖണ്ടി മുന്നിലേക്ക് കയറി വന്നത്. ശിഖണ്ടിയാണ് കിക്ക് എടുക്കുന്നത് എന്ന് അറിഞ്ഞ ഭീഷ്മര്‍ അസ്വസ്ഥനായി. ഇല്ല ആണും പെണ്ണും കേട്ട ശിഖണ്ടി കിക്ക് എടുത്താല്‍ ഞാന്‍ ഗോള്‍ വല കാക്കില്ല.അയാള്‍ അലറി .. എന്നിട്ട് പുച്ഛത്തോടെ ഭീഷ്മര്‍ ശിഖണ്ടിയെ നോക്കി .എന്നാല്‍ ഭീഷ്മരുടെ ആക്രോശമൊന്നും ശിഖണ്ടിയെ തളര്‍ത്തിയില്ല ..അയാളുടെ മുഖം നിര്‍വികാരമായിരുന്നു.. ..ശിഖണ്ടി തല താഴ്ത്തി വിസിലിനു കാതോര്‍ത്തു പന്തിനെ ഉറ്റു നോക്കികൊണ്ടിരുന്നു. ഭീഷ്മര്‍ ഒരു കൈ ഗോള്‍ പോസ്റ്റിനു താങ്ങി തളര്‍ച്ചയോടെ നിന്നു ..എന്തും സംഭവിക്കാം.. കാണികള്‍ ആകാംക്ഷരായി. ഇതൊകെ കണ്ട ദുര്യോധനാന്‍ പരിഭ്രമത്തോടെ ഭീഷ്മരെനോക്കി ഉറ്റു നോക്കി. വിസില്‍ മുഴങ്ങി, ശിഖണ്ടി പന്ത് ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി .’ഭീഷ്മര്‍ ….ദുര്യോധനന്‍ അലറി വിളിച്ചു. ഇല്ല ഭീഷ്മന്‍ തല ഉയര്‍ത്തിയില്ല ..അപ്പോള്‍ ശിഖണ്ടിയുടെ പിറകില്‍ നിന്നും മിന്നായം പോലെ ഒരാള്‍ മുന്നിലേക്ക് ഓടി വന്നു .അര്‍ജുനന്‍…. ശിഖണ്ടിക്ക് മുന്നേ അയാള്‍ പന്തിനെ ആഞ്ഞു തൊഴിച്ചു.

  കൌരവര്‍ തീര്‍ത്ത മനുഷ്യ മതിലും കടന്നു പന്ത് ഗോള്‍ പോസ്റ്റിലേക്ക് ശരവേഗത്തില്‍ പറന്നു ..ഗോള്‍ …ഗോള്‍ കാണികള്‍ അലറി വിളിച്ചു…ഗോള്‍ നേടിയ അര്‍ജുനന്‍ കൈകള്‍ വിടര്‍ത്തി മൈതാന മധ്യത്തിലേക്ക് പാഞ്ഞു. അപ്പോഴേക്കും പാണ്ടവപ്പട അയാളെ പൊതിഞ്ഞിരുന്നു . അര്‍ജുനന്‍ നേടിയ ഗോള്‍ ദുര്യോധനനെ ക്രുദ്ധനാക്കി . മഹാനായ ഭീഷ്മരെ അയാള്‍ തെറി കൊണ്ട് അഭിഷേകം ചെയ്തു. ഭീഷ്മര്‍ അപ്പോഴും തല കുനിച്ചു നില്‍ക്കുകയായിരുന്നു.ഒടുവില്‍ മൈതാനത്തിലെ ആര്‍പ്പുവിളികള്‍ അവസാനിച്ചു..ഭീഷ്മര്‍ മെല്ലെ കുനിഞ്ഞു.അയാള്‍ തന്റെ കാലില്‍ കിടക്കുന്ന ഷൂസ് അഴിച്ചു മൈതാനത്തിനു പുറത്തേക്കു വലിച്ചെറിഞ്ഞു. മൈതാനം ഒരു നിമിഷം നിശബ്ദമായി ..കുനിഞ്ഞ ശിരസ്സുമായി ഭീഷ്മര്‍ ഗ്രൌണ്ടിനു പുറത്തേക്കു നടന്നു.അപ്പോള്‍ പക്ഷഭേദ മില്ലാതെ കാണികള്‍ എല്ലാവരും എഴുന്നേറ്റു നിന്നു കയ്യടിച്ചു കൊണ്ട് ആ മഹാനായ പ്രതിഭയെ യാത്രയാക്കി .കൃഷ്ണന്‍ ദീര്‍ഗമായ് ഒന്ന് ശ്വസിച്ചു ..ഭീഷ്മര്‍ക്ക് പകരം ശല്യര്‍ ഗോളിയായി വന്നു.ദ്രോണരും ,ആശ്വധാമാവും ഒത്തിണക്കത്തോടെ കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.ശകുനി മൈതാനത്തിന്റെ പുറത്തു നിന്നു വെരുകിനെ പോലെ ഓടി നടന്നു.ഒടുവില്‍ തന്റെ കയ്യിലെ വിലപിടിച്ച താരത്തിനെ ഇറക്കാന്‍ അയാള്‍ നിര്‍ബന്ധിതനായി..കര്‍ണന്‍ തന്റെ ഇരിപ്പിടത്തില്‍ നിന്നും മെല്ലെ എഴുന്നേറ്റു. ഉറച്ചു കാല്‍വെപ്പോടെ അയാള്‍ മൈതാന മധ്യത്തിലേക്ക് തല ഉയര്‍ത്തിപ്പിടിച്ചു നടന്നു.

  കാണികളുടെ ഇടയില്‍ നിന്നു കേള്‍ക്കുന്ന അലര്‍ച്ചകള്‍ ഒന്നും അയാള്‍ കേട്ടില്ല. അയാളുടെ മുഖം എന്നത്തേയും പോലെ ശാന്തമായിരുന്നു .ജനിച്ചു വീണ മാത്രയില്‍ അപമാനം ഭയന്ന് തന്നെ തെരുവിന് വിറ്റ അമ്മ ഇന്നലെ പാണ്ഡവരുടെ നിരയില്‍ ചേര്‍ന്ന് മത്സരിക്കണം എന്ന് കരഞ്ഞു പറഞ്ഞതും അയാളെ അലട്ടിയില്ല.കര്‍ണ്ണന് കടപ്പാട് ഇവരോടല്ല എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.അയാളുടെ ഓര്‍മ്മയുടെ താളുകള്‍ ഒരു നിമിഷം പിറകിലേക്ക് മറിഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ദേശിയ ടീമിലെ സെലക്ഷനു വേണ്ടി വന്ന ദിവസം ..അന്ന് അയാള്‍ പന്ത് കൊണ്ട് ഇന്ദ്രജാലം കാണിച്ചു കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചു.അത് കണ്ടു പേടിച്ച പാണ്ടവപ്പട കീറിപ്പറിഞ്ഞ ഷൂസുമായി വന്ന അയാളെ പരിഹസിച്ചാര്‍ത്തു .അതിനിടയില്‍ കാണികള്‍ക്കിടയില്‍ നിന്നും തന്റെ മുന്നിലേക്ക് വന്നുവീണ ഒരു പഴം തന്നെ നോക്കി പരിഹസിച്ചു ചിരിക്കും പോലെ കര്‍ണ്ണനു തോന്നി,.അവിടെ വച്ചാണ് ദുര്യോധനന്‍ രക്ഷകനെ പോലെ വന്ന് അയാളുടെ ടീമിലേക്ക് തന്നെയും ചേര്‍ത്തത്.കരിയര്‍ അവസാനിക്കും വരെ അയാളെ വിട്ടു പോകില്ല എന്നാ വാക്ക് പാലിക്കാന്‍ ആയതില്‍ കര്‍ണ്ണന്‍ അഭിമാനം പൂണ്ടു.ക്ഷീണിതനായി വന്ന ദ്രോണന് കൈ കൊടുത്തു കര്‍ണന്‍ മൈതാനത്തേക്ക് ഇറങ്ങി ..

  കര്‍ണ്ണന്‍ വന്നതോടെ കൌരവപ്പടക്ക് ജീവന്‍ വച്ചു.കര്‍ണ്ണന്‍ആശ്വധാമ കൂട്ടുകെട്ട് പാണ്ഡവ നിരയെ കീറിമുറിച്ചു മുന്നേറാന്‍ തുടങ്ങി,,അധികം വൈകാതെ അതിന്റെ ഫലവും കണ്ടു.പന്തുമായി ഗോള്‍ മുഖം ലക്ഷ്യമാക്കി കര്‍ണ്ണന്‍ കുതിക്കുകയായിരുന്നു.ബോക്‌സിനുള്ളില്‍ നകുലനെയും കടന്നു കര്‍ണ്ണന്‍ പോകുമ്പോള്‍ ഭീമന്‍ അപകടം മണത്തു.കര്‍ണ്ണന്‍ ഗോളിലേക്ക് ഉന്നം വെക്കുന്ന മാത്രയില്‍ ഭീമന്റെ കാലുകള്‍ പന്തിനെ പുറത്തേക്കു അടിച്ചകറ്റി യിരുന്നു .ബലരാമന്‍ കോര്‍ണര്‍ പോയിന്റിലേക്ക് വിരല്‍ ചൂണ്ടി..ആശ്വധമാവിന്റെ ക്രോസ് ഗോള്‍ മുഖത്തേക്ക് പറന്നിറങ്ങി.യുധിഷ്ടിരനും കര്‍ണ്ണനും ഒരുമിച്ചു വായുവില്‍ ഉയര്‍ന്നു പൊങ്ങി,,കര്‍ണന്റെ ശരീരം വില്ല് പോലെ വളഞ്ഞു..തന്റെ നേരെ വരുന്ന പന്തിനെ സര്‍വ്വ ശക്തിയും എടുത്തു കര്‍ണന്‍ തല കൊണ്ട് കുത്തി അകറ്റി.പന്ത് പരല്‍ മീനിനെ പോലെ വലയില്‍ കിടന്നു പുളഞ്ഞു,..കര്‍ണ്ണന്‍ പിതാവായ സൂര്യനെ നോക്കി ചൂണ്ടു വിരല്‍ നീട്ടി,അപ്പോഴേക്കും അയാള്‍ ദുര്യോധനന്റെ ആലിന്ഗനത്തില്‍ അമര്‍ന്നു കഴിഞ്ഞിരുന്നു. ഗോള്‍ ദാഹം തീരാതെ കര്‍ണ്ണന്‍ പാണ്ഡവ മുഖത്ത് കഴുകനെ പോലെ പിന്നെയും വട്ടമിട്ടു പറന്നു..ഭീമന്‍ ഒറ്റയാനെ പോലെ ഓടി നടന്ന് അയാളെ തടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.മുന്‍ നിരയില്‍ നിന്നും അര്‍ജുനന്‍ വരെ ഇറങ്ങി വന്നു പ്രധിരോധം കാക്കാന്‍ തുടങ്ങി.ആ അവസരം മുതലാക്കി കൌരവപ്പട ഒന്നാകെ പാണ്ഡവ ഗോള്‍ മുഖത്തേക്ക് ഇരച്ചു വന്നു.അതിനിടയില്‍ കൌരവര്‍ക്കു അനുകൂലമായി കോര്‍ണര്‍ വീണു കിട്ടി .ഗോള്‍ നേടാന്‍ ഓടി വന്ന ദുശ്ശാസനനു നേരെ പ്രതികാര ദാഹിയായ ഭീമന്റെ കണ്ണുകള്‍ പാഞ്ഞു നടന്നു.ഉയര്‍ന്നു ചാടിയ ദുശ്ശാസനന്റെ മുഖത്ത് ഭീമന്റെ തല ഊക്കോടെ പതിച്ചു.ദുശ്ശാസനന്റെ ചുണ്ടും ,പല്ലും തകര്‍ന്നു ചുടു ചോര തന്റെ മുഖത്ത് തെറിച്ചത് ഭീമന്‍ അറിഞ്ഞു.

  ബോധരഹിതനായ ദുശ്ശസനനെ വണ്ടിയില്‍ ഇട്ടുകൊണ്ടുപോകുമ്പോള്‍ ഭീമന്‍ നിന്നു കിതക്കുകയായിരുന്നു. അതിനിടയില്‍ ഭീമനെ കാണാന്‍ ഒരാള്‍ പുറത്തു കാത്തുനില്‍ക്കുന്ന വിവരം ദൂദന്‍ കൃഷ്ണനെ അറിയിച്ചു,, ഘടോല്‍ക്കചനെ കണ്ട കൃഷ്ണന്‍ സന്തോഷവാനായി.സമയം കളയാതെ കര്‍ണ്ണനെ മാര്‍ക്ക് ചെയ്യാന്‍ പറഞ്ഞുകൊണ്ട് അയാളെ കൃഷ്ണന്‍ ഗ്രൗണ്ടില്‍ ഇറക്കി.ഇരുണ്ട ഭൂഖണ്ടത്തില്‍ നിന്നും വരാന്‍ താമസിച്ചതില്‍ അയാള്‍ ഭീമനോട് ക്ഷമ ചോദിച്ചു.കാട്ടുപോത്തിന്റെ വന്യതോടെ അയാള്‍ മധ്യനിര അടക്കി ഭരിച്ചു.അയാളുടെ കാലില്‍ പന്ത് കിട്ടിയപ്പോഴൊക്കെ കൌരവ നിര ചിന്നഭിന്നമായി .ദുര്യോധന നിര വീണ്ടും പ്രധിരോധതിലേക്ക് വലിഞ്ഞു.ഇതുകണ്ട കൃഷ്ണന്‍ ആക്രമണത്തിനു മൂര്‍ച്ച കൂട്ടി.അര്‍ജുനനോടൊപ്പം മകനായ അഭിമന്യുവിനെ അയാള്‍ മുന്നേറ്റ നിരയില്‍ ഇറക്കി.പിറന്നു വീണ മാന്‍ കുട്ടിയുടെ പ്രസരിപ്പോടെ അഭിമന്യു ഓടി നടന്നു .കാണികള്‍ ആവേശഭരിതരായി …കാലില്‍ പന്ത് ഒട്ടിച്ചു വച്ച പോലെ അയാള്‍ കൌരവ നിരയിലൂടെ ഊളിയിട്ടു.വീണ്ടും കളി പാണ്ഡവ പക്ഷത്തേക്ക് വരാന്‍ തുടങ്ങി.അര്‍ജുനനന്റെ കാലില്‍ നിന്നും തീ തുപ്പികൊണ്ടു പന്ത് ശരമാരിപോലെ ബാറിനു മുകളില്‍ കൂടി മൂളിപ്പറന്നുകൊണ്ടിരുന്നു.അതിനിടയില്‍ ഘടോല്ക്കചന്‍ പറത്തിയ രണ്ടു ഗോള്‍ കിക്കുകള്‍ പോസ്‌റിലടിച്ചപ്പോള്‍ മൈതാനം പ്രകമ്പനം കൊണ്ടു.വിധി പിന്നെയും തങ്ങളെ പരീഷിക്കുകയാണോ എന്ന് ചിന്തിച്ചു യുധിഷ്ടിരന്‍ തന്റെ അരയില്‍ കൈ കൊടുത്തു തളര്‍ന്നു നിന്നു.മധ്യനിരയില്‍ നിന്നും പന്തുമായി കുതിച്ച ധൃഷ്ടധ്യുംനനെ ആശ്വധാമ വീഴ്ത്തിയതിനു ബലരാമന്‍ ആശ്വധമാവിനു മഞ്ഞ തുണി വീശി കാണിച്ചു.വീണ്ടും പാണ്ഡവര്‍ക്കു അനുകൂലമായ ഫ്രീ കിക്ക് .ഗോള്‍ പോസ്റ്റിനു 100 വാര അകലെ നിന്നുള്ള കിക്കെടുക്കാന്‍ കരുത്തനായ ഭീമന്‍ തന്നെ വന്നു.അയാള്‍ ഒരു നിമിഷം കണ്ണടച്ചു പിതാവായ വായുവിനെ പ്രാര്‍ത്ഥിച്ചു .എന്നിട്ട് മെല്ലെ മുന്നോട്ടു കുതിച്ചു,അയാളുടെ കാലിനടിയില്‍ പുല്ലുകള്‍ ഞെരിഞ്ഞമര്‍ന്നു.ഭീമന്റെ കാലില്‍ നിന്നും പന്ത് വെള്ളിടിപോലെ പാഞ്ഞു. കൌരവ മുഖത്ത് ആശ്വാസം വിരിഞ്ഞു.പന്ത് ഗോള്‍ പോസ്റ്റിനും വളരെ അകലെ ആണ് പോകുന്നത്.

  പെട്ടെന്ന്..ഒരു കാറ്റ് വന്നു തഴുകിയ പോലെ പന്ത് മഴവില്ല് പോലെ വളയാന്‍ തുടങ്ങി…ഒരു അര്‍ദ്ധ വൃത്തം ചമച്ചു കൊണ്ട് പന്ത് കൊടുങ്കാറ്റിന്റെ വേഗതയില്‍ പോസ്റ്റിന്റെ ഇടതു മൂലയില്‍ ഊക്കോടെ താഴ്ന്നിറങ്ങി.ഗോള്‍ ,,,,,,,,ഭീമന്‍ അലറിക്കൊണ്ട് ഓടിച്ചെന്നു കോര്‍ണര്‍ ലൈനിലെ കൊടിപിടിച്ച് നിന്നു..പാണ്ഡവര്‍ അയാളെ പൊതിഞ്ഞു.ഒരു ഇളം കാറ്റ് പിതാവിന്റെ സ്‌നേഹം അറിയിച്ചു കൊണ്ട് ഭീമന്റെ ശരീരത്തില്‍ തട്ടി കടന്നു പോയി.അപ്പോള്‍ പെരുത്ത ശരീരമാണെങ്കിലും ലോല ഹൃദയമുള്ള ഭീമന്റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ താഴേക്ക് ഇറ്റ് വീണു. സൂര്യന്‍ ആകാശത്തിന്റെ മധ്യത്തില്‍ എത്തി നിന്നു.ബലരാമന്‍ മുകളിലേക്ക് നോക്കിക്കൊണ്ട് വിസില്‍ നീട്ടി അടിച്ചു..ആദ്യ പകുതി അവസാനിച്ചു ..
  വിശ്രമമുറിയില്‍ ശകുനി അഭിമന്യുവിനെയും ,ഘടോല്‍ക്കച്ചനെയും വീഴ്ത്താന്‍ തന്ത്രങ്ങള്‍ ആലോചിച്ചു കൊണ്ട് കൌരവര്‍ക്കിടയില്‍ ഉഴറി നടന്നു.രണ്ടാം പകുതിയിലും പാണ്ഡവരുടെ മുന്നേറ്റം തന്നെ ആയിരുന്നു.ലീഡ് ഉയര്‍ത്താന്‍ പാണ്ഡവ പക്ഷം അലമാലകള്‍ പോലെ ആക്രമണം തുടങ്ങി.പന്തുമായി അഭിമന്യു മിന്നലിന്റെ വേഗത്തില്‍ കുതിച്ചു പാഞ്ഞു.അപ്പോള്‍ ശകുനിയുടെ തന്ത്രം നടപ്പിലാക്കിക്കൊണ്ട് കര്‍ണ്ണനും,ദുര്യോധനനും അടക്കം ആറു പേര്‍ അയാളെ വളഞ്ഞു.പന്ത് കൈമാറാന്‍ പഴുതില്ലെന്നു കണ്ട അഭിമന്യു വീണ്ടും രണ്ടും കല്‍പ്പിച്ചു മുന്നോട്ടു കുതിക്കാന്‍ തുടങ്ങി.കൌരവരുടെ കാലുകള്‍ക്കിടയില്‍ കിടന്നു അയാള്‍ പുളഞ്ഞു.ചോര ഇറ്റ് വീഴുന്ന അഭിമന്യുവിന്റെ ശരീരം എടുത്തു കൊണ്ട് പോകുമ്പോള്‍ മൈതാനം തേങ്ങി.വൈകാതെ ശകുനിയുടെ അടുത്ത തന്ത്രവും കൌരവര്‍ സമര്‍ഥമായി നടപ്പിലാക്കി .പന്തുമായി ബോക്‌സിനുള്ളില്‍ കടക്കാന്‍ തുനിഞ്ഞ കര്‍ണ്ണന്റെ കാലില്‍ നിന്നും പന്ത് തട്ടി അകറ്റാന്‍ ഘടോല്‍കചന്‍ കാല്‍ നീട്ടി വച്ചു.കാലില്‍ കൊണ്ടില്ലെങ്കിലും കര്‍ണ്ണന്‍ മലര്‍ന്നടിച്ചു ബോക്‌സില്‍ വീണു.മാന്യനായ കര്‍ണ്ണന്‍ അന്ന് ആദ്യമായി സുഹൃത്തിനു വേണ്ടി തന്റെ ഭാഗം നന്നായി അഭിനയിച്ചു കാണിച്ചു.ബലരാമന്‍ ഒട്ടും താമസിക്കാതെ ഘടോല്‍ക്കച്ച്‌നു നേരെ ചുവപ്പ് നാട വീശി.കാട്ടുപന്നിയെപ്പോലെ മുരണ്ടു കൊണ്ട് ഘടോല്‍ക്കചന്‍ നിരാശയോടെ പുറത്തേക്കു നടന്നു.പെനാല്‍ടി കിക്ക് എടുത്ത കര്‍ണ്ണനു പിഴച്ചില്ല.

  കൌരവര്‍ വീണ്ടും മത്സരം സമനിലയിലാക്കി.പന്ത് ഇരുപക്ഷത്തും കയറി ഇറങ്ങി .മത്സരം മുറുകി.വീണ്ടും പാണ്ടവര്‍ക്ക് അനുകൂലമായ കോര്‍ണര്‍ കിട്ടി.ഉയര്‍ന്നു ചാടിയ തന്നെക്കാള്‍ മുകളില്‍ പന്ത് പോകുന്നത് കണ്ട അര്‍ജുനന്‍ അരിശത്തോടെ കൈ വീശി,,അയാളുടെ കയ്യില്‍ കൊണ്ട പന്ത്,നേരെ പോസ്റ്റില്‍ വിശ്രമിച്ചു,, .ഗോള്‍,,, ഗോള്‍ എന്ന് ആര്‍ത്തു കൊണ്ട് അര്‍ജുനന്‍ ഓടി..കൈ പ്രയോഗം,,കൈ പ്രയോഗം എന്ന് ആശ്വധാമ അലറി വിളിച്ചെങ്കിലും കാണികളുടെ ആരവങ്ങള്‍ക്കിടയില്‍ അത് ആരും കേട്ടില്ല. ഇത് കണ്ട ബലരാമന്‍ സത്യസന്ധനായ യുധിഷ്ഠിരനെ നോക്കി.കൃഷ്ണന്‍ ചൂണ്ടു വിരല്‍ കൊണ്ട് തന്റെ ചുണ്ടില്‍ താളം പിടിക്കുന്നത് യുധിഷ്ടിരന്‍ കണ്ടു.യുധിഷ്ടിരന്‍ തല താഴ്ത്തി മന്ത്രിക്കും പോലെ ബലരാമനോടു പറഞ്ഞു ..ഞാന്‍ വ്യക്തമായി കണ്ടില്ല..ബലരാമന്‍ ഇരു കയ്യും മൈതാന മധ്യത്തിലേക്ക് നീട്ടി..ഗോള്‍… പാണ്ഡവര്‍ ലീഡ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.അതിനു തടയിടാന്‍ അര്‍ജുനനെ കര്‍ണ്ണന്‍ തന്നെ മാര്‍ക്ക് ചെയ്യാന്‍ തുടങ്ങി.മധ്യനിരയില്‍ നിന്നും പന്തുമായി ഒറ്റയ്ക്ക് കുതിക്കുന്ന അര്‍ജുനനനെ തടുക്കാന്‍ കര്‍ണ്ണന്‍ ചീറിപ്പാഞ്ഞു.രണ്ടുപേരും കാട്ടുകുതിരയെപോലെ കുതിച്ചു പാഞ്ഞു ..അതിനിടയില്‍ കര്‍ണ്ണന്റെ ഷൂസ് ഇളകി നിലത്തു വീണു,,ഓട്ടത്തിനിടയില്‍ കളി മര്യാദയുടെ പേരില്‍ ഷൂസ് കെട്ടാന്‍ കര്‍ണ്ണന്‍ അര്‍ജുനനോടു സമയം ചോദിച്ചു.അഭിമന്യുവിന്റെ ഓര്‍മ്മയില്‍ നീറിപ്പുകയുന്ന അയാള്‍ അത് കേട്ട ഭാവം നടിച്ചില്ല.അര്‍ജുനന്‍ ഗോള്‍ നേടുമെന്ന് മനസിലാക്കി കര്‍ണന്‍ പന്ത് അയാളുടെ കാലില്‍ നിന്നും തട്ടി മാറ്റിയ നിമിഷം തന്നെ അര്‍ജുനന്റെ കൂടംപോലുള്ള അടി അയാളുടെ നഗ്‌നമായ കാലില്‍ പതിച്ചിരുന്നു.കര്‍ണ്ണന്റെ എല്ലുകള്‍ പൊടിയുന്ന ശബ്ദം അര്‍ജുനന്റെ കാതില്‍ വന്നലച്ചു.ഒരു അലര്‍ച്ചയോടെ കര്‍ണ്ണന്‍ മറിഞ്ഞു വീണു..വേദന കൊണ്ട് പുളയുന്ന കര്‍ണ്ണനെ കണ്ട അര്‍ജുനന്റെ മനസ് കുളിര്‍ത്തു.അത് കണ്ട സൂര്യന്‍ ഓടി ഒളിക്കാന്‍ വെമ്പല്‍ പൂണ്ടു.

  കര്‍ണ്ണന്‍ വീണതോടെ റിസര്‍വ് നിരയിലെ ശേഷിക്കുന്ന പടയുമായി ദുര്യോധനന്‍ അവസാന ശ്രമം നടത്തി.സ്ഥാനമില്ലാതെ എല്ലാവരും കയറിയും,ഇറങ്ങിയും കളിച്ച കൌരവരുടെ ടോട്ടല്‍ ഫുട്‌ബോള്‍ പാണ്ഡവരെ അല്‍പ സമയം അങ്കലാപ്പില്‍ ആക്കിയെങ്കിലും ഭീമന്റെ ഒരു ഒറ്റയാന്‍ ആക്രമണം ചെറുത്ത ദുര്യോധനന്‍ തുട തകര്‍ന്നു വീണതോടെ പാണ്ഡവര്‍ വിജയം മണത്തു.പടയില്ലാത്ത പട നായകനെ പോലെ ആശ്വധാമ ഏകനായി നിന്നു.കാര്‍മേഘം മൂടിയ ആകാശത്തിനും അയാളുടെ മുഖത്തിനും അപ്പോള്‍ ഒരേ നിറമായിരുന്നു .സൂര്യന്‍ മലനിരകള്‍ക്ക് അപ്പുറത്തേക്ക് മറഞ്ഞപ്പോഴേക്കും കൌരവരുടെ ഗോള്‍ വല നിറഞ്ഞിരുന്നു.മഴ പ്രധിനിധാനം ചെയ്യുന്നത് സന്തോഷമാണോ ,സന്താപമാണോ എന്ന് തിരിച്ചറിയാന്‍ ആകാതെ പാണ്ഡവരുടെ ആരവങ്ങള്‍ക്കും ,കൌരവരുടെ കണ്ണീരിനും ഇടയില്‍ അത് തിമിര്‍ത്തു പെയ്യുകയായിരുന്നു .ആ മഴയിലും ആശ്വധമാവിന്റെ ശരീരവും ,മനസും നീറിപ്പുകഞ്ഞുകൊണ്ടിരുന്നു .പാണ്ഡവരുടെ വിജയാഘോഷം അയാളുടെ കണ്ണില്‍ പകയുടെ തീപ്പൊരി ചിതറിച്ചു.

  പാണ്ഡവരുടെ വിജയാരവങ്ങള്‍ക്കിടയിലൂടെ അയാള്‍ തല താഴ്ത്തി പുറത്തേക്കു നടന്നു. രാത്രി വെളുക്കുവോളം പാണ്ഡവര്‍ വിജയം ആഘോഷിക്കുമ്പോള്‍ ആശ്വധാമ പാണ്ഡവര്‍ പോകേണ്ടുന്ന വിമാനത്തില്‍ ഒളിച്ചു കടന്നു അതിന്റെ യന്ത്രഭാഗത്ത് ഉറക്കമിളച്ചു അധ്വാനിക്കുക ആയിരുന്നു.മഴ മാറി.മാനം തെളിഞ്ഞു.അന്ന്! പതിവില്ലാതെ സൂര്യന് പ്രകാശമില്ലാത്ത വിഷാദ ഭാവമായിരുന്നു.പാണ്ഡവ മക്കളെയും കൊണ്ട് ആദ്യ വിമാനം പോകാന്‍ തയ്യാറായി നിന്നു.കുന്നിനു മുകളില്‍ കയറി നിന്നു കൊണ്ട് ആശ്വധാമ വിമാനം പൊങ്ങുന്നത് നോക്കി നില്‍ക്കുകയായിരുന്നു.ആകാശത്തിന്റെ അനന്തതയിലേക്ക് ആ ആകാശ നൌക ഒരു തീ ഗോളമായി മാഞ്ഞു പോകുന്നത് അയാള്‍ മനസ്സില്‍ കണ്ടു.അപ്പോള്‍ അയാളുടെ മുഖത്ത് പേടിപ്പെടുത്തുന്ന വികൃതമായ ഒരു ചിരി പടര്‍ന്നു.പിന്നെ കുന്നിനു താഴെ കാണുന്ന ഇരുണ്ട വനം ലക്ഷ്യമാക്കി തന്റെ മുറിവേറ്റ കാല്‍ വലിച്ചു നീട്ടി ആശ്വധമാവ് നടന്നു.അന്ന് പൊലിഞ്ഞു പോയ കുരുന്നു പ്രതിഭകളുടെ ആത്മാക്കളുടെ ശാപം പോലെ ഭാരത മണ്ണില്‍ കാല്‍പ്പന്ത് കളിയുടെ വളര്‍ച്ച ഒരു ചോദ്യ ചിഹ്നമായി ഇന്നും അവശേഷിക്കുന്നു….
  സ്‌നേഹപൂര്‍വ്വം …
  സനു ….