ഗൂഗിള്‍ തങ്ങളുടെ ഉല്പന്നങ്ങളില് കൊണ്ടുവരുന്ന നൂതനതയും ചാതുര്യവും കാലാകാലങ്ങളില്‍ തെളിയിച്ചു കൊണ്ടിരിക്കുന്നുവെന്ന് തര്‍ക്കമില്ലാതെ അംഗീകരിക്കപ്പെടുന്ന ഒരു വസ്തുതയാണല്ലൊ. ആ വരിയിലെ ഏറ്റവും പുതിയതായ ഇന്‍ഗ്രസ്സ് എന്ന മൊബൈല്‍ ഗെയ്മിനെ കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ വിസ്തരിച്ചതിനാല്‍ ആവര്‍ത്തിക്കുന്നില്ല. ഗൂഗ്ഗിളിന്റെ ഓരോ ഉല്പന്നത്തിലും ഒരു പൊതുതാല്പര്യവും ഒരു വ്യാപാരതാല്പര്യവും ഉണ്ടാവും. മിക്കവാറും വ്യാപാരതാല്പര്യം എന്ത് എന്നതില്‍ ഉപയോക്താവിനു വ്യക്തമായ അറിവ് ഉണ്ടാകും അല്ലെങ്കില്‍ അത് സ്പഷ്ടമായിരിക്കും. ആ സ്പഷ്ടത ഇല്ലാത്ത ഉല്പന്നങ്ങളുടെ വ്യാപാര ഉദ്ദേശം വക്രമായ ഒന്നായിരിക്കും അല്ലെങ്കില്‍ ഉപയോക്താവിന്റെ സ്വകാര്യതാക്ഷതം ഉണ്ടാക്കുന്ന ഉദ്ദേശം ആയിരിക്കും.
പുറമേ കാണാന്‍ ഇന്‍ഗ്രസ്സ് എന്നത്, ഒരു കളിക്കാരന് രണ്ടില്‍ ഒരു ടീം തിരഞ്ഞെടുത്ത് അവര്‍ക്കു വേണ്ടി പടപൊരുതുന്നു, അതില്‍ ആരാണ് നല്ലവന്‍ എന്നറിയാതെ തന്നെ (എന്‍ലൈറ്റന്‍ഡ് ആണോ റെസിസ്റ്റന്‍സ് ആണോ). പോര്ക്കളമാകട്ടെ യഥാര്‍ത്ഥ നഗരങ്ങളിലെ പോര്‍ട്ടലുകളും! പോര്‍ട്ടലുകള്‍ പിടിച്ചടക്കാന്‍ വീട്ടിലിരുന്ന് പറ്റില്ല. അതിനു കളിക്കുന്നയാള്‍ പോര്ട്ടലിനടുത്തെത്തണം. അതും പോര, അടുത്ത പോര്‍ട്ടല്‍ പിടിച്ചടക്കാന്‍ അവിടേക്ക് പോകണം. അതിനായി ജിപിയെസ്സ് സംവിധാനമുള്ള മൊബൈലുകളും കയ്യില്പിടിച്ച് (മിക്കവാറും നടന്ന്) തന്നെ യാത്ര ചെയ്യും. കൂടുതല്‍ എക്സ് എം കിട്ടാനായി പുതിയ പോര്‍ട്ടലുകള്‍ വേണം. അതിനായി കളിക്കാരന് കെട്ടിടങ്ങളുടെയും മറ്റ് നിര്‍മ്മിതികളുടെയും (സ്തൂപങ്ങള്‍, പ്രതിമകള്‍, ചരിത്ര സ്മാരകങ്ങള്‍) ചിത്രങ്ങള്‍ എടുത്ത് നിയാന്റിക്കിനു സമര്‍പ്പിക്കണം. എതിര് ടീമിനു കളി പ്രയാസമുള്ളതാക്കാന്‍ വളരെ പ്രാദേശികമായ കുഗ്രാമങ്ങളിലെ നിര്‍മ്മിതികള്‍ പോലും കളിക്കാര്‍ ഫോട്ടോ എടുത്ത് സമര്‍പ്പിക്കും.
കളിയിലെ കാര്യം മനസ്സിലായി തുടങ്ങിയോ??!!
തൊലിയാഴത്തില് ഇന്‍ഗ്രസ്സ് ഒരു കളിയാണെങ്കില്‍ അതിന്റെ ആഴങ്ങളില്‍ കള്ളക്കുഴികള്‍ ഇഷ്ടം പോലെയുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണ്‍ വന്നകാലം മുതല്‍ തന്നെ ഗൂഗിള്‍ ഉപയോക്തൃ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെങ്കിലും, അതിന്റെ കുറച്ചുകൂടി വിശാലമായ ഒരു മേടാണ് ഇന്‍ഗ്രസ്സ്. വ്യാപാരോപയോഗ വിവരങ്ങളുടെ ഒരു അക്ഷയ ഖനിയാണ് ഇന്‍ഗ്രസ്സ് വഴി ഗൂഗിളിനു ലഭിച്ചിരിക്കുന്നത്. ഈ വിവരം ഉപയോഗിക്കുന്നവര്‍ തിരിച്ചറിഞ്ഞാലും, ഇല്ലെങ്കിലും. ഈ ലഭ്യമായ വിവരങ്ങളെ ഉപയോഗിക്കാനും, ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതകള്‍ അനേകമാണ്.
അതെന്തായാലും, ഒരു ഗെയ്മിന്റെ പേരില്‍ സ്വന്തം സ്ഥലസ്ഥാന വിവരങ്ങള്‍ ഗൂഗിളിനു കൈമാറാന്‍ തയ്യാറായ കോടിക്കണക്കിനു’കളിക്കാരെ’ അവര്‍ക്കുകിട്ടി എന്നതാണ് വസ്തുത. ജിപിയെസ്ജിപിയാറെസ്സ് ശൃംഘലകള്‍ വഴി ഇത് വരെ കൊടുത്തിരുന്ന വിവരങ്ങളുടെ പതിന്മടങ്ങ് സ്വകാര്യ വിവരങ്ങള്‍ ഇനി ഇന്‍ഗ്രസ്സ് വഴി ലഭ്യമാകും. നമുക്ക് നമ്മളെക്കുറിച്ച് തന്നെ അറിയാത്ത പലകാര്യങ്ങളും ഗൂഗിളിനു അറിയാം എന്നതാണ് ഇന്നത്തെ അവസ്ഥ. ഉദാഹരണത്തിനു ബ്രൗസറിലെ സര്‍ച്ച് ഹിസ്റ്ററി, പരസ്യങ്ങള്‍, മാപ്പ് ഉപയോഗം എന്നിവയെല്ലാം നമ്മളോര്ത്തില്ലെങ്കിലും ഗൂഗിള്‍ ഓര്‍ത്ത് വയ്ക്കുന്നുണ്ട്. ഈ കൂട്ടത്തിലേക്ക് മറ്റൊരു വിവരം കൂടി, നാം എപ്പൊഴൊക്കെ എവിടെയൊക്കെ പോയി!
ഒരു നിരുപദ്രകരമായ വിവര ഉപയോഗം ഗൂഗിള്‍ മാപ്പുകള്‍ മെച്ചപ്പെടും എന്നതാണ്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്ത് നടന്നെത്താന്‍ ഏതൊക്കെ വഴികള്‍ ഉണ്ടെന്നും അതില്‍ ഏറ്റവും നല്ല വഴി ഏതെന്നും ഒക്കെയുള്ള വിവരശേഖരണം.
കൂടുതലായി പറഞ്ഞാല്‍, വളരെ ചിലവേറിയ പല ജോലികളും കളി എന്ന പേരില്‍ പൊതുജനത്തിനെ കൊണ്ട് ചെയ്യിപ്പിക്കുന്ന ഒരു ചെപ്പടി വിദ്യയാണ് ഇന്‍ഗ്രസ്സ്.
1. നടപ്പാതകളുടെ വിവരങ്ങള്‍
2. പൊതുമുതലും സ്വകാര്യ മുതലും തരം തിരിക്കല്‍
3. ഇപ്പോഴുള്ള മാപ്പ് വിവരങ്ങളുടെ സാധുത തിട്ടപ്പെടുത്തുക
4. തെറ്റായ വിവരങ്ങള്‍ മാപ്പില്‍ നിന്നും മാറ്റുക
5. ചരിത്രപരമായ വിവരങ്ങള്‍ ചേര്‍ക്കുക
6. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ ചിത്രങ്ങള്‍ സൗജന്യമായി തരപ്പെടുത്തുക
എന്നിവയാണ് ഇന്‍ഗ്രസ്സ് എന്ന കളി സൗജന്യമായി വിതരണം ചെയ്യുന്നത് കൊണ്ട് ഗൂഗിളിനുള്ള ഗുണം.
ഉപയോക്താക്കളെ വ്യാപാരാവശ്യങ്ങള്‍ക്ക് ഒരു കരുവാക്കാന്‍ പോലും ഈ ഗെയ്മിനു കഴിഞ്ഞേക്കാം എന്നതാണ് മറ്റൊരു വശം. ഒരു ഉദാഹരണം പറയാം. ഇപ്പോള്‍ തിരുവനന്തപുരം ബിഗ് ബസാറില്‍ വലിയ തിരക്കൊന്നും ഇല്ല. അവിടെ 10000 ആളുകളെ എത്തിക്കണം. ഈ കൊട്ടേഷന്‍ ഗൂഗിള്‍ ഏറ്റെടുത്തു എന്നിരിക്കട്ടെ. ബിഗ് ബസാര്‍ ഹാക്ക് ചെയ്താല്‍ പത്തിരട്ടി എക്സെമ്മും കോപ്പുകളും കിട്ടും എന്നൊരു അനൗണ്‍സ്മെന്റ് മതി. പതിനായിരത്തില്‍ രണ്ടായിരമ് പേര് കടയില്‍ കയറിയാലും ബിഗ് ബസാറിനു കോളടിച്ചില്ലേ?! അപ്പൊ കളിക്കാന്‍ പോയ നമ്മള് കുറുവടിയും മേടിച്ച് തിരികെ വീട്ടില്‍ പോകും. ഗൂഗിളിനു ഒരു അനൗണ്‍സ്മെന്റ്. ബിഗ്ബസാറിനു കച്ചവടം. കളിക്കാന്‍ പോയ നമുക്ക് ചിലവും!
ഒരു കാര്യം മനസ്സിലാക്കി ഇന്‍ഗ്രസ്സ് കളിക്കുക: ഭാവിയില്‍ ഈ സ്വകാര്യ വിവരങ്ങള്‍ വച്ച് എന്തൊക്കെ ചെയ്യണമെന്ന് ഗൂഗിളിനു പോലും ഒരു പിടിയില്ല. ഇത്തരം വിവര ഉപയോഗത്ത്നിയന്ത്രിക്കുന്ന ഒരു നിയമവും ഒരിടത്തും ഇല്ല. അങ്ങനത്തെ ഒരു സാധനം വച്ചാണ് കളിക്കുന്നത്. സ്വന്തം’രഹസ്യങ്ങള്‍’ കോര്‍പ്പറേറ്റുകള്‍ക്ക് കൊടുത്തിട്ടുള്ള കളി വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവനവന്റെ വിവേചനശക്തിയാണ്.
വാല്‍ക്കഷണം: വടയുമായി മരക്കൊമ്പിലിരുന്ന കാക്കയോട്, നീയെത്ര മധുരമായി പാടുന്നു എന്ന് മുഖസ്തുതി പറഞ്ഞ കുറുക്കനാണ് ഗൂഗിള്‍!