Narmam
കുവൈറ്റികളെ പറ്റിക്കാന്‍ 10 വഴികള്‍
രണ്ടിലൊന്ന് പോകുമെന്ന് ഏകദേശം തീരുമാനമായിരുന്നു…
അറിയാവുന്ന ഭാഷകളിലെല്ലാം എന്റെ കയ്യില്‍ പൈസ ഇല്ലെന്നു പറഞ്ഞു നോക്കി .
പെട്ടെന്ന് ഒരുത്തന് എന്റെ പോക്കറ്റില്‍ കയ്യിടാന്‍ ഒരുങ്ങി…
73 total views

2011 റിപ്പബ്ലിക് ദിനം ഏകദേശം വൈകിട്ട് എട്ടുമണി … സഹപടിയന്മാരായ ഷിഞ്ചൂനേം ജോബിയേയും ഒന്നു വിസിറ്റ് ചെയ്തു മുടിപ്പിക്കാം എന്ന സദുദ്ദേശവുമായാണ് ഞാന്‍ ഹോസ്റ്റലില്‍ നിന്നിറങ്ങിയത്… പുറത്ത് നല്ല തണുപ്പുകാറ്റുണ്ട് അതുകൊണ്ട് മാത്രം ജീന്‍സിനും ടീഷര്‍ട്ടിനും പുറമേ ഒരു ജാക്കറ്റും ഷാളും ഇട്ട് ഞാന്‍ പുറത്തേക്കിറങ്ങി…
പോകുന്ന വഴി എക്സ്ചേഞ്ചില്‍ കയറി നാട്ടിലേക്ക് കുറച്ചു പൈസ അയക്കണം .
ഹോസ്റ്റെലിന് മുന്നില്‍ ഒരു വലിയ ഗ്രൌണ്ട് ഉണ്ട് . അത് മുറിച്ചു കടന്നു വേണം മെയിന്‍ റോഡിലെത്താന്‍ …
സാമാന്യം ഇരുട്ടുണ്ട് .തണുപ്പായതിനാല്‍ ആളനക്കം അധികം ഇല്ല.
പയ്യെ ‘പടകാളി ചണ്ടി ചണ്ടി പൂക്കിളി മാക്കിളി ‘ എന്ന പാട്ടൊക്കെ പാടി ഞാന്‍ ഗ്രൌണ്ടിലേക്ക് നടന്നു. [അതുപോലെ പഞ്ചുള്ള പാട്ടുകള്‍ പാടിയാല്‍ തണുപ്പ് അറിയത്തില്ല എന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട്]
ഏകദേശം ഗ്രൌണ്ടിനു നടുവിലെത്തിയപ്പോള്‍ ഒരു സൈഡ് വിളി .രണ്ട് കുവൈറ്റി പയ്യന്മാരാണ് .
ഒരുത്തന്റെ ചുണ്ടില്‍ കത്തിക്കാത്ത ഒരു സിഗരറ്റ് .
ഇവനെന്താ രാവണപ്രഭുവിലെ മോഹന്‍ലാലിനു പഠിക്കുവാണോ?
ലവന്; സദീക്ക് ഫി ലൈറ്റര്‍ {ലൈറ്റര്‍ ഉണ്ടോന്ന് }
ഞാന്‍: ഏയ് …മാഫി.. ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോ വലി നിര്ത്തിയതാടാ കൊച്ചേ…
മറ്റവന്: ജീപ്പ് ഫുലൂസ്
ഞാന്‍: എന്തോന്ന് ?ജീപ്പോ…? കുവൈറ്റിലോ?
ജീപ്പില്ല.., ഹോസ്റ്റലില്‍ ഒരു കൊറോള കിടപ്പുണ്ട് അത് പറ്റുവോ?
പെട്ടെന്ന് അവന്മാര് അടുത്തേക്ക് വന്നു ”പൈസ എടുക്കാന്‍” ആക്ഷന്‍ കാണിച്ചു .
{അപ്പോഴാണ് ജീപ്പ് ഫുലൂസിന്റെ അര്‍ഥം എനിക്ക് മനസ്സിലായത്… ]
ദൈവമേ.. പണി കിട്ടിയോ?
ശിഞ്ചൂന് കൊടുക്കാനുള്ള 200 ദിനാര്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ..
കുറച്ചു ചില്ലറ, രണ്ട് ക്രെഡിറ്റ് കാര്‍ഡ് ,രണ്ട് ATM കാര്‍ഡ്, സിവില്‍ ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് ഇതൊന്നും പോരാഞ്ഞ് ഫാവി വധുവിന്റെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഇതെല്ലാം കുത്തിനിറച്ച ഒരു പേഴ്സ് ജീന്‍സിന്റെ പോക്കറ്റില്‍…
രണ്ടിലൊന്ന് പോകുമെന്ന് ഏകദേശം തീരുമാനമായിരുന്നു…
അറിയാവുന്ന ഭാഷകളിലെല്ലാം എന്റെ കയ്യില്‍ പൈസ ഇല്ലെന്നു പറഞ്ഞു നോക്കി .
പെട്ടെന്ന് ഒരുത്തന് എന്റെ പോക്കറ്റില്‍ കയ്യിടാന്‍ ഒരുങ്ങി…
ഞാന്‍ കൈതട്ടിമാറ്റിയതും മറ്റവന് ഒരു പേനാക്കത്തിയുമായി എന്റെ കോളറിനു കയറി പിടിച്ചു .
ആഹാ അത് ശരി … വിട്ടു പൊക്കോ മക്കളെ .. ഞാന്‍ പഴയ ഗളരിയാ…
എന്ന് പറയണമെന്നുണ്ടായിരുന്നു പക്ഷെ അതിനുള്ള ഗ്യാപ് അവന്മാര് തന്നില്ല…
ഞാന്‍ ചുറ്റിലും തിരിഞ്ഞു നോക്കി ..ആ എരിയയിലെങ്ങും ഒരു മനുഷ്യനില്ല,,,
രണ്ടു സ്റ്റെപ്പ് പുറകോട്ടു നീങ്ങി ഞാന്‍ പണ്ട് പഠിച്ച ഗരാട്ടെയുടെ രണ്ടു സ്റ്റെപ്പിടാന്‍ നോക്കി .
പണ്ടാരം.., ജീന്‍സ് ട്ടൈറ്റ് ആണ് കാലു കവയ്ക്കാന്‍ പറ്റുന്നില്ല…
ഇനിയെന്താ ചെയ്കാ …
മുന്നില്‍ കത്തിയുമായി അവന്മാര് നടന്നടുക്കുന്നു,…
യോദ്ധയില്‍ തൈപ്പറമ്പില്‍ അശോകന് അടിച്ച ഡയലോഗ് മാത്രമേ ഇനി ബാക്കിയുള്ളൂ…
കടകം , മറുകടകം,ലോതിരം,കടകത്തിലൊഴിവ് പിന്നെ നവീനും ,,,
(സ്പീഡില്‍ പറഞ്ഞു വന്നപ്പോ ലോതിരം എന്നത് മോതിരം എന്നായിപ്പോയി അവന്മാര്ക്ക് മനസ്സിലായോ എന്തോ? )
എന്റെ മാതാവേ… ഇനിയുള്ള കാലമെങ്കിലും നല്ലവനായി ജീവിക്കണം എന്ന് കരുതിയാണ് നാട്ടില്‍ നിന്നും വിട്ടു പോന്നത്… ഇവിടെയും നീയെന്നെ കൂതറയാക്കിയെ അടങ്ങൂ അല്ലെ..
നിന്റെ തിരുവിഷ്ട്ടം അതാണെങ്കില്‍ അത് തന്നെ നടക്കട്ടെ…
പെട്ടെന്ന് സഖാവ് ചെഗുവേര പറഞ്ഞ വാക്കുകള്‍ എനിക്ക് ധൈര്യം തന്നു…
”മുട്ടിലിഴയുന്നതിനേക്കാള്‍ എനിക്കിഷ്ട്ടം നിവര്‍ന്നു നിന്ന് മരിക്കുന്നതാണ്…”
പുള്ളിക്കാരന് അങ്ങനെയൊക്കെ പറയാം.
എന്റെ കാര്യം അങ്ങനെയാണോ? ഫെഡറല്‍ ബാങ്കിന്റെ മാനജെര് ,അയ്യംകുളത്ത് ചിട്ടീസിന്റെ മൊയലാളി, എന്റെ വല്യപ്പച്ചന് എല്ലാവരും മനസ്സിലേക്ക് കടന്നു വന്നു .(ഇവര്‍ക്കൊക്കെ ഞാന്‍ പൈസ കൊടുക്കാനുള്ളതാ, ഞാന്‍ തട്ടിപ്പോയാല് എല്ലാത്തിന്റെയും കാര്യം കട്ടപ്പൊക… രക്ഷപെട്ടു…)
അങ്ങനെ സന്തോഷിച്ചിരിക്കുമ്പോള്‍ അവന് കത്തി മുകളിലേക്കുയര്‍ത്തി…
ഞാനും മനുഷ്യനല്ലേ ജീവനില്‍ കൊതിയില്ലാതിരിക്കുമോ?
അമേരിക്കക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ആ കണികാസിദ്ധാന്തത്തിന്റെ റിസള്‍ട്ട് ഒന്നു അറിഞ്ഞിട്ടു മരിക്കണമെന്നത് എന്റെ
ജീവിതാഭിലാഷമാണ് …
അത് കൊണ്ട് മാത്രം ഞാന്‍ കത്തിയില്‍ കയറിപ്പിടിച്ചു ..
ഇനിയും ഡയലോഗ് അടിച്ചു കൊണ്ടിരുന്നാല്‍ അവന്മാര് എന്റെ ‘വാരിയെല്ലിന്റെ പീസ്’ കൊണ്ട് കുട്ടിയും കോലും കളിക്കും എന്നെനിക്കു മനസ്സിലായി…
ഒരുത്തന് വന്നു എന്നെ ഇടംകാലിട്ടു ,, ഞാന്‍ എന്ന സത്യം പയ്യെ കയ്യും കുത്തി കുഴമണ്ണിലേക്ക്…
മരിക്കേണ്ടി വന്നാലും ഒരു കള്ളനെ ഞാന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല എന്ന ദുര്‍വാശി എനിക്കുണ്ടായിരുന്നു..
കൈ രണ്ടും കുഴമണ്ണില്‍ പൂണ്ടിരിക്കുന്നു . മുന്നില്‍ കത്തിയുമായി അടാറു പീസുകള്‍ രണ്ടെണ്ണം.
ചാന്ത്പൊട്ടിലെ ദിലീപിനെ മനസ്സില്‍ ധ്യാനിച്ച് രണ്ടുകയ്യിലും കുഴമണ്ണ് വാരിയെടുത്ത് ചാടിയെഴുന്നെറ്റ് രണ്ടിന്റെയും കണ്ണില്‍ വാരിപ്പൊത്തി ഞാനൊരു ഓട്ടമങ്ങ് വച്ച് കൊടുത്തു അല്ല പിന്നെ….
അവന്മാര്ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ ഓടിത്തോല്പ്പിക്കട്ടെ…
ആ ഓട്ടം അവസാനിച്ചത് ഷിഞ്ചൂന്റെ റൂമില്‍ ചെന്നപ്പോഴാണ് ..
തള്ളവിരലില്‍ ചുവന്ന കളര്‍ ശ്രദ്ധിച്ചത് അപ്പോഴാണ് …
രണ്ടിടത്ത് കൈ ചെറുതായിട്ടൊന്നു മുറിഞ്ഞു എന്നതൊഴിച്ചാല്‍ വേറെ സാരമായ പരിക്കുകളൊന്നും ഇല്ല… ..
NB: ഇത് ചുമ്മാ എഴുതിയതല്ല സത്യമായിട്ടും നടന്നതാണ് . അത് കൊണ്ട് അനുഭവത്തിന്റെ വെളിച്ചത്തില്‍ കുവൈറ്റിലെ മലയാളികള്‍ക്ക് കുറച്ചു സദുപദേശങ്ങള്‍ തരാം… പറ്റുമെങ്കില്‍ സ്വീകരിക്കുക ,
1. കഴിവതും രാത്രികാലങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുക..
2. പേഴ്സില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ (ഫോട്ടോ) സൂക്ഷിക്കാതിരിക്കുക.
3. സ്വര്‍ണം ഇടണമെന്ന് നിര്ബന്ധമുള്ളവര് രാത്രി യാത്രയ്ക്ക് അണിയാന്‍
പറക്കാട്ട് ജ്വല്ലറിയുടെ മുക്കാല്‍ ദിനാര്‍ വിലയുള്ള മാലകള്‍ ഉപയോഗിക്കുക…
3. വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ സിനിമ തീയേറ്ററില്‍ പോയി കൂവുകയാണെങ്കില് അവരെ നിരുല്‍സാഹപ്പെടുത്തരുത്..
അപകടഘട്ടങ്ങളില്‍ ജനശ്രദ്ദ ആകര്‍ഷിക്കാന്‍ ഈ കൂവല്‍ ഉപകാരപ്പെടും.
4.ഗരാട്ടെ, ഗളരി എന്നിവ വശമുള്ളവര്‍ കഴിവതും ടൈറ്റ് ഫിറ്റ് ജീന്‍സുകള്‍ ഒഴിവാക്കുക (step ഇടാന്‍ ബുദ്ധിമുട്ടാവും )
5. അര്‍നോള്‍ഡ് ശിവശങ്കരന്റെയും വില്‍ സ്മിത്തിന്റെയും ആക്ഷന്‍ പടങ്ങള്‍ മാത്രം കണ്ട് സായൂജ്യമടയുന്നവര്‍ ഇടയ്ക്കിടയ്ക്ക് യോദ്ധ,കമ്മീഷണര്ചാന്തുപൊട്ട് മുതലായ മലയാളം പടങ്ങള്‍ കാണുന്നത് നല്ലതായിരിക്കും .
(അര്നോള്ഡ്നെ പോലെ പറന്നിടിക്കാന് നമുക്ക് കഴിയില്ലെന്ന സത്യം മനസ്സിലാക്കുക,..)
6.എത്ര തണുപ്പാണെങ്കിലും കഴുത്തില്‍ കൂടി ഷാള്‍ ചുറ്റുന്ന ശീലം ഒഴിവാക്കുക(ശത്രുക്കള്‍ക്ക് കുത്തിപ്പിടിച്ചു ഇടിക്കാന്‍ അത് സഹായകമായേക്കാം )
7.ശത്രുവിന് താരതമ്യേന ഉയരം കുറവാണെങ്കില്‍ ഏകദേശം നെഞ്ചും കൂടിന്റെ ഇടതു വശം ചേര്‍ത്ത് ആഞ്ഞൊരു ചവിട്ടു കൊടുത്താല്‍ അവന് ചുമയ്ക്കുന്ന സമയം കൊണ്ട് നമുക്ക് ഓടി രക്ഷപെടാവുന്നതാണ്.
അതിനു വേണ്ടി ക്യാറ്റ്, ലീ കൂപ്പെര്‍ എന്നീ കമ്പനികളുടെ ഷൂസ് വാങ്ങി ധരിക്കുന്നത് നല്ലതാണ്…
8.പിന്നെ ചില ബുദ്ദിമാന്മാരായ മെയില്‍ നേഴ്സുംമാര്‍ സ്വയരക്ഷയ്ക്കെന്നു പറഞ്ഞ് പെഴ്സിനകത്തെ രഹസ്യ അറയില്‍ സര്‍ജിക്കല്‍ ബ്ലേഡ് സൂക്ഷിക്കുന്നത് എന്റെ ശ്രദ്ദയില്‍ പെട്ടിട്ടുണ്ട് .
ഇത് പരമ മണ്ടത്തരം ആണെന്ന് മാത്രമല്ല സര്‍വ്വകാല പോഴത്തരം കൂടിയാണ്… പേഴ്സിനു വേണ്ടിയാണ് കള്ളന്മാര് നമ്മളെ ആക്രമിക്കുന്നത് എന്നോര്‍ക്കുക .നീ സര്‍ജിക്കല്‍ ബ്ലേഡ് എടുക്കുന്ന സമയം കൊണ്ട് നിന്റെ നെഞ്ചത്ത് അവന്മാര് പൊങ്കാല ഇടും എന്ന് മറക്കാതിരിക്കുക..
9.പിന്നെ വെട്ടുപോത്തിന്റെ ചെവിയില്‍ വേദമോതിയിട്ട് കാര്യമില്ലെന്ന് കാര്ന്നോന്മാര് പറയുന്നത് സത്യമാണ് .
ആയുധവുമായി വരുന്നവനോട്
‘മകനെ നീ ചെയ്യുന്നത് പാപമാണ്”
”നിനക്കുമില്ലേ അച്ഛനും ആങ്ങളമാരും’
‘ കത്തി താഴെയിട്രാ . ഡാ കത്തി താഴെയിടാന്‍… നിന്ടച്ചനാടാ പറയുന്നത് കത്തി താഴെയിടാന്‍ ” ‘
എന്നിങ്ങനെയുള്ള മഹത് വചനങ്ങള്‍ പറഞ്ഞ് വായിലെ വെള്ളം വറ്റിക്കുന്നതിനേക്കാള് ഉത്തമം ഡാ തക്കാളീ…ഡാ പൂക്കുറ്റീ മോനെ എന്നീ വാക്കുകളോട് സാമ്യം വരുന്ന ചെറിയ ചെറിയ ചില്ലക്ഷരങ്ങള്‍ ഉപയോഗിച്ചതിന് ശേഷം ‘നെട്ടൂരാനോടാണോടാ നിന്റെ കളി’ എന്ന ഡയലോഗ് അടിക്കുന്നത് ശത്രുവിന് നമ്മളെക്കുറിച്ച് ഒരു മതിപ്പ് തോന്നാന്‍ ഇടയാക്കും..(ഡയലോഗ് പറയുമ്പോള്‍ വായില്‍ നിന്നും ‘വെള്ളി‘ വീഴാതെ സൂക്ഷിക്കുക, അത് ഗുണത്തേക്കാളേറെ ദോഷമായിരിക്കും സമ്മാനിക്കുന്നത്.. )
10. ബുദ്ധിക്ഷമതയും കായികക്ഷമതയും ഒരുമിച്ചു പ്രയോഗിക്കുമ്പോഴാണ് നമുക്ക് പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കുന്നത് .സര്‍വ്വോപരി ഏതു സമയവും നമ്മള് കൈവശം വച്ചിരിക്കേണ്ട ഒരു കലയാണ് ഓട്ടം. നമ്മളെ ഓടിതോല്‍പ്പിക്കാന്‍ ഭൂമിയില്‍ ഒരുത്തന് ജനിച്ചിട്ടില്ല എന്ന ആത്മവിശ്വാസം മനസ്സിലുണ്ടെങ്കില്‍ എത്ര ദൂരം വേണമെങ്കിലും നമുക്ക് ഓടാന്‍ സാധിക്കും…
അപ്പൊ എല്ലാം പറഞ്ഞത് പോലെ,,, എനിക്ക് ഇന്നലെ ഓടിയതിന്റെ നല്ല ക്ഷീണമുണ്ടേ…കിടക്കട്ടെ… ഗുഡ് നൈറ്റ് …
ആനന്ദ ചിന്മയാ ഹരേ ഗോപികാ രമണ
ഞാനെന്ന ഭാവം അത് തോന്നായ്ക വേണമിഹ
തോന്നുന്നതാകില്‍ അഖിലം ഞാനിതെന്ന വഴി
…
തോന്നേണമേ വരദ നാരായണായ നമ :
.
74 total views, 1 views today