Share The Article

enlogin15

ഓരോ വര്‍ഷം വരുമ്പോഴും നമ്മള്‍ ഓരോരുത്തരും പല പ്രതിജ്ഞകളും എടുക്കാനുള്ള തിരക്കിലായിരിയ്ക്കാം. ചിലരൊക്കെ എടുത്ത പ്രതിജ്ഞകളില്‍ ചിലതെങ്കിലും ലംഘിച്ചു കഴിഞ്ഞിട്ടുമുണ്ടാകും. നമ്മുടെ ഈ ഗ്രഹത്തിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി മനുഷ്യരാശി ഒന്നടങ്കമെടുക്കേണ്ട പുതുവത്സരപ്രതിജ്ഞകളെപ്പറ്റിയുള്ള ചില ചിന്തകള്‍ നാമുമായി പങ്കു വയ്ക്കാനായി പ്രകൃതീമാതാവ് തന്റെ തിരക്കുപിടിച്ച ദിനചര്യയില്‍ നിന്ന്! ഏതാനും മിനിറ്റു വിനിയോഗിച്ചു.

ഭൂമിയ്ക്കു വേണ്ടി എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഏഴു പ്രതിജ്ഞകള്‍ ഇവയാണ്: പ്രകൃതിമാതാവേ, ഇവ സ്വീകരിച്ചാലും:

1. ജീവജാലങ്ങള്‍ക്കു വംശനാശം സംഭവിയ്ക്കുന്നതു തടയാം

വിവിധ പഠനങ്ങളില്‍ നിന്നു തെളിഞ്ഞിരിയ്ക്കുന്നത് ഭൂമി ഭീകരമായൊരു വംശനാശ ഭീഷണിയുടെ നടുവിലാണെന്നാണ്. ഇക്കഴിഞ്ഞ ചെറുകാലഘട്ടത്തില്‍ വംശനാശങ്ങളുടെ ഒരു വെള്ളപ്പൊക്കം തന്നെയുണ്ടായിട്ടുണ്ട്. 65 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിനോസോറുകള്‍ അപ്രത്യക്ഷമായശേഷം ഇത്രയധികം വംശനാശങ്ങളുണ്ടാകുന്നത് ഇതാദ്യമായാണ്. ഒരു പരിസ്ഥിതി സംരക്ഷണ സംഘടനയായ വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ടിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ലോകത്തിന്റെ ജൈവവൈവിദ്ധ്യം 1970കള്‍ക്കു ശേഷം 30 ശതമാനത്തോളം താഴ്ന്നിട്ടുണ്ടെന്നാണ്. ഓരോ ദിവസവും 150 മുതല്‍ 200 വരെ ഇനങ്ങളുടെ വംശനാശം സംഭവിച്ചു കൊണ്ടിരിയ്ക്കുന്നെന്നും ഇത് വംശനാശത്തിന്റെ സ്വാഭാവിക നിരക്കിന്റെ പത്തു മുതല്‍ നൂറു വരെ ഇരട്ടിയാണെന്നും ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടി കണക്കാക്കിയിരിയ്ക്കുന്നു.

പല ജീവികളുടേയും വംശനാശത്തിലേയ്ക്കു നയിയ്ക്കുന്ന ഒരു പ്രധാന ഘടകം വന്യസമ്പത്തിന്റെ കൊള്ള തന്നെയാണ്. വികസ്വര രാഷ്ട്രങ്ങളില്‍ ഇത് കൂടുതല്‍ രൂക്ഷമാണ്. ചില ഏഷ്യന്‍ മേഖലകളില്‍ നിലവിലുള്ള പരമ്പരാഗത ചികിത്സാരീതികളില്‍ മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ അനിവാര്യമായി തുടരുന്നതാണ് ഈ കൊള്ളകള്‍ കുത്തനെ ഉയര്‍ന്നിരിയ്ക്കുന്നതിന്നു കാരണമായത്. വീട്ടുമൃഗമായി വളര്‍ത്താന്‍ വേണ്ടിയും മൃഗങ്ങള്‍ പിടിയ്ക്കപ്പെടുന്നുണ്ട്. റോയിട്ടറുടെ റിപ്പോര്‍ട്ടനുസരിച്ച് ദക്ഷിണാഫ്രിക്കയില്‍ 2012ല്‍ മാത്രം ആകെ 633 കണ്ടാമൃഗങ്ങള്‍ കൊല്ലപ്പെട്ടുവത്രെ. 2011ല്‍ ഈ സംഖ്യ 448ഉം 2007ല്‍ 13ഉം മാത്രമായിരുന്നു. 2010ല്‍ വിയറ്റ്‌നാമിലെ ജാവന്‍ കണ്ടാമൃഗത്തിന്റേതുള്‍പ്പെടെ അനേകം ജീവികളുടെ വംശനാശത്തിനു കാരണമായത് മുഖ്യമായും വനംകൊള്ള തന്നെയാണ്.

സദാ സമയവും അന്യമൃഗങ്ങളിലും സസ്യങ്ങളിലും ശ്രദ്ധ പതിപ്പിച്ചു കൊണ്ടിരിയ്ക്കുക ബുദ്ധിമുട്ടാണ്. പക്ഷേ, അന്യജന്തുക്കളും വിവിധ ജീവരൂപങ്ങളും നിറഞ്ഞിരുന്നൊരു ലോകത്തു ജനിച്ച ഒരു കൂട്ടം മൃഗങ്ങള്‍ മാത്രമാണു മനുഷ്യര്‍ . ഇപ്പോഴും, വനവും വന്യജീവികളുമില്ലാത്ത, നഗരമദ്ധ്യത്തില്‍ ജീവിയ്ക്കുമ്പോള്‍ പോലും അതിജീവനത്തിന്നായി ജനങ്ങള്‍ സസ്യങ്ങളേയും മൃഗങ്ങളേയും ആശ്രയിയ്ക്കുന്നു. പ്രിയപ്പെട്ട മനുഷ്യരേ, നിങ്ങള്‍ പ്രകൃതി നെയ്ത ജീവന്റെ വലയിലെ എണ്ണമറ്റ കണ്ണികളില്‍ ഒന്നു മാത്രമായതു കൊണ്ട് ജൈവവൈവിദ്ധ്യനഷ്ടം ആത്യന്തികമായി നിങ്ങള്‍ക്കു തന്നെ ഹാനികരമായിത്തീരും. ഓരോ ജീവിവര്‍ഗ്ഗവും പ്രകൃതി ഉദ്ദേശിച്ച പ്രത്യേക പ്രവര്‍ത്തനത്തിന്ന് ചുമതലപ്പെട്ടിരിയ്ക്കുന്നു. ഒരു ജീവിവര്‍ഗ്ഗത്തിനു വംശനാശം സംഭവിച്ചു പോയാല്‍ ആ വശം ചുമതലപ്പെട്ടിരുന്ന പ്രത്യേക പ്രവര്‍ത്തനം നിറവേറാതെ പോകാനിട വരികയും, പ്രാകൃതിക ജൈവവ്യവസ്ഥയുടെ ഉത്പാദനക്ഷമത കുറയുകയും ചെയ്യും. മനുഷ്യര്‍ക്കു പ്രകൃതിയില്‍ നിന്നു ലഭിച്ചു കൊണ്ടിരിയ്ക്കുന്ന പ്രയോജനങ്ങളില്‍ വലുതായ കുറവു വരുത്താനിതു കാരണമാകും.

2. മഴക്കാടുകളെ സംരക്ഷിയ്ക്കാം

മഴക്കാടുകള്‍ സസ്യങ്ങളുടേയും മൃഗങ്ങളുടേയും സൂക്ഷ്മാണുക്കളുടേയും കലവറകളാണ്. വനങ്ങളെപ്പറ്റി പറയുമ്പോള്‍ പെട്ടെന്ന് ഓര്‍ത്തുപോകുന്നത് ഭീമാകാരമുള്ള ആനകളേയും അഴകൊത്ത കടുവകളെയുമായിരിയ്ക്കാം. എന്നാല്‍ ഇവ മാത്രമല്ല, അസംഖ്യം ആര്‍ത്രോപോഡകളും മഴക്കാടുകളിലുണ്ട്. ബാഹ്യാസ്ഥികൂടമുള്ളതും ഖണ്ഡങ്ങളുള്ള ശരീരത്തോടു കൂടിയതുമായ, നട്ടെല്ലില്ലാത്ത ജീവികളാണ് ഇവ. കൊതുക്, തുമ്പി, ഈച്ച, മൂട്ട, ചെള്ള് എന്നിങ്ങനെയുള്ള പ്രാണികളും ചിലന്തിയെപ്പോലുള്ള അരാക്‌നിഡുകളും, ഞണ്ട്, ചെമ്മീന്‍ മുതലായ ക്രസ്‌റ്റേഷ്യനുകളും ആര്‍ത്രോപോഡകളില്‍ പെടുന്നു. ഏറ്റവും വൈവിദ്ധ്യമാര്‍ന്ന ഒരു കൂട്ടം ജീവികളാണ് ആര്‍ത്രോപോഡകള്‍ . മറ്റു മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ ആഹരിയ്ക്കുന്നതു മുതല്‍ പൂക്കളില്‍ പരാഗണം നടത്തുന്നതു വരെയുള്ള മര്‍മ്മപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ അവ നിറവേറ്റുന്നു. മനുഷര്‍ക്കു പ്രയോജനകരമായ ഒട്ടേറെ സസ്യങ്ങളും മഴക്കാടുകളിലുണ്ട്. ആ സസ്യങ്ങളില്‍ നിന്നു തയ്യാറാക്കിയ പല മിശ്രിതങ്ങളും അനേകം ഔഷധങ്ങളുടെ ഉത്പാദനത്തിന്നുപയോഗിയ്ക്കുന്നു. ആമസോണ്‍ വനങ്ങളിലെ സിങ്കോണ മരത്തില്‍ നിന്നുത്പാദിപ്പിയ്ക്കുന്ന ക്വിനൈന്‍ മലേറിയയ്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണ്. ഇത്തരം വിലപ്പെട്ട സസ്യസമ്പത്തു കണ്ടെത്തും മുന്‍പേ തന്നെ നശിപ്പിയ്ക്കപ്പെട്ടു പോകുന്നത് ദുഃഖകരമാണ്.

ഈ ഗ്രഹത്തിന് ഓക്‌സിജന്‍ ലഭ്യമാക്കുന്ന വലിയൊരു സ്രോതസ്സുമാണ് വനങ്ങള്‍ . എന്നിട്ടും വനങ്ങള്‍ വന്‍തോതില്‍ നശിപ്പിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു. ഉദാഹരണത്തിന്ന്, 2000 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ആമസോണ്‍ മഴക്കാടുകളുടെ 93,000 ചതുരശ്ര മൈലോളം (240,000 ചതുരശ്ര കിലോമീറ്ററോളം) വെട്ടി നശിപ്പിയ്ക്കപ്പെട്ടു. ഇത് ഏകദേശം ബ്രിട്ടന്റെ വലിപ്പത്തിനു തുല്യമാണ്.

3. ഉയര്‍ന്ന ജൈവവൈവിദ്ധ്യമുള്ള പ്രദേശങ്ങള്‍ സംരക്ഷിയ്ക്കാം

എല്ലാ പ്രദേശങ്ങളും സമമായല്ല സൃഷ്ടിയ്ക്കപ്പെട്ടിട്ടുള്ളത്. ചില പ്രദേശങ്ങളെ അതേപടി പരിരക്ഷിയ്‌ക്കേണ്ടതുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങള്‍ , ലോകത്തിന്റെ മറ്റു ഭാഗങ്ങളിലൊന്നും കാണപ്പെടാത്ത ഇനങ്ങള്‍ , ഉയര്‍ന്ന തരം ചില ഇനങ്ങള്‍ , അതിപ്രധാന പാരിസ്ഥിതിക പ്രയോജനങ്ങള്‍ നല്‍കുന്ന ഇനങ്ങള്‍ , ഇവയെല്ലാമുള്ള പ്രദേശങ്ങളാണ് അത്തരത്തില്‍ പ്രത്യേകം സംരക്ഷിയ്ക്കപ്പെടേണ്ടവ.

നിങ്ങളുടെ സവിശേഷ ശ്രദ്ധയര്‍ഹിയ്ക്കുന്ന പ്രദേശങ്ങളുടെ ഉദാഹരണങ്ങളില്‍ മഡഗാസ്‌കറും ഉള്‍പ്പെടുന്നു. ആഫ്രിക്കയുടെ തൊട്ടടുത്തുള്ള ദ്വീപായ മഡഗാസ്‌കറിന്നു സമാനമായ മറ്റൊരു പ്രദേശം ലോകത്തില്ല. കുരങ്ങുകളുമായി സാദൃശ്യമുള്ള ലീമറുകള്‍ എന്നറിയപ്പെടുന്ന മൃഗവും മറ്റനേകം അപൂര്‍വ്വ ജീവരൂപങ്ങളും മഡഗാസ്‌കറില്‍ മാത്രമാണുള്ളത്. പക്ഷേ, മഡഗാസ്‌കറിലെ വനങ്ങളും പുല്‍പ്രദേശങ്ങളും ദ്രുതഗതിയിലാണ് നശിപ്പിയ്ക്കപ്പെട്ടു കൊണ്ടിരിയ്ക്കുന്നത്. വനത്തിന്റെ 90 ശതമാനമെങ്കിലും മഡഗാസ്‌കറിന്നു നഷ്ടമായിക്കഴിഞ്ഞിട്ടുണ്ട്.

ഫിലിപ്പൈന്‍സാണ് വിലപ്പെട്ട മറ്റൊരു രത്‌നം. ഭൂമിയില്‍ ഏറ്റവുമധികം ജൈവവൈവിധ്യമുള്ള ഇടങ്ങളിലൊന്നാണ് ഫിലിപ്പൈന്‍സ്. വനനശീകരണത്തിന്റേയും നഗരവികസനത്തിന്റേയും ഭീഷണി നേരിട്ടുകൊണ്ടിരിയ്ക്കുകയാണ് അവിടുത്തെ ജൈവവൈവിദ്ധ്യം. ശാസ്ത്രത്തിന് ഇതുവരെ പരിചയമില്ലാതിരുന്ന മുന്നൂറോളം ഇനം ജീവജാലങ്ങളെ ഇയ്യിടെ അവിടേയ്ക്കു നടന്ന ഒരൊറ്റ പര്യവേക്ഷണത്തില്‍ തന്നെ കണ്ടെത്തി. ഭയപ്പെടുമ്പോള്‍ സ്വയം വീര്‍ക്കുന്ന ഒരു തരം ആഴക്കടല്‍ സ്രാവും അക്കൂട്ടത്തില്‍ പെടുന്നു. ഈ ഇനം ജീവജാലങ്ങള്‍ മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലം അപകടത്തിലാണ്. കണ്ടു പിടിയ്ക്കപ്പെടും മുന്‍പേ തന്നെ വംശനാശം സംഭവിയ്ക്കാന്‍ സാദ്ധ്യതയുള്ള ജീവജാലങ്ങളും അവിടെയുണ്ടായിരിയ്ക്കാം.

4. ഹരിതഗൃഹവാതകങ്ങള്‍ കുറച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിയ്ക്കാം

മനുഷ്യര്‍ വാതകങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്നൊരു കൂട്ടരാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റേയും മീഥേയ്‌നിന്റേയും , അവയെപ്പോലെ സൂര്യനില്‍ നിന്നും ഭൂമിയിലെയ്‌ക്കെത്തുന്ന താപത്തിന്റെ പ്രതിഫലനം തടഞ്ഞു നിര്‍ത്തുന്ന മറ്റു വാതകങ്ങളുടേയും ഗാഢത മനുഷ്യര്‍ ഫോസ്സിലുകളില്‍ അഥവാ ജീവാശ്മങ്ങളില്‍ നിന്നുള്ള ഇന്ധനം കത്തിച്ച്, വര്‍ദ്ധിപ്പിയ്ക്കുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ഗാഢത ഒരു ദശലക്ഷത്തില്‍ 350 ഭാഗങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടത് ഉയര്‍ന്ന അന്തരീക്ഷതാപം, അടിയ്ക്കടിയുള്ള അത്യുഷ്ണം, വരള്‍ച്ച, സമുദ്രനിരപ്പിന്റെ ഉയര്‍ച്ച, കാലാവസ്ഥാവ്യതിയാനത്തോടു പൊരുത്തപ്പെട്ടു പോകാന്‍ കഴിയാത്ത ഒട്ടേറെ മൃഗങ്ങളുടെ വംശനാശം, ഇങ്ങനെ മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാന ദുരന്തങ്ങള്‍ തടയാന്‍ അത്യാവശ്യമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ കണക്കു കൂട്ടിയെടുത്തിട്ടുണ്ട്. എന്നാലിപ്പോഴത്തെ ഗാഢത 393 ഭാഗങ്ങള്‍ക്കടുത്താണെന്നും, പ്രതിവര്‍ഷം അത് രണ്ടു ഭാഗങ്ങള്‍ വീതം ഉയര്‍ന്നുകൊണ്ടിരിയ്ക്കുകയാണെന്നും ഹവായിയിലെ മൌനാ ലോവാ വാന നിരീക്ഷണകേന്ദ്രം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ആഗോള താപനത്തിന്റെ ദുരന്തഫലങ്ങള്‍ ഒഴിവാക്കാനായി മനുഷ്യര്‍ മറ്റ് ഇന്ധന സ്രോതസ്സുകള്‍ അതിവേഗം കണ്ടെത്തേണ്ടിയിരിയ്ക്കുന്നു. നിങ്ങള്‍ക്കു ലഭ്യമായിരിയ്ക്കുന്നതു കൊണ്ടു തൃപ്തിപ്പെടുകയും, സൂര്യപ്രകാശം, കാറ്റ്, ഭൂമിയില്‍ നിന്നുള്ള താപം, എന്നീ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന്! ഊര്‍ജ്ജം ഉത്പാദിപ്പിയ്ക്കാന്‍ തുടങ്ങുകയും വേണം.

പോളാര്‍ ആംപ്ലിഫിക്കേഷന്‍ അഥവാ ധ്രുവങ്ങളിലെ വര്‍ദ്ധനവ് എന്നൊരു പ്രതിഭാസം മൂലം ആഗോളതാപനത്തിന്റെ രൂക്ഷതമമായ ദൂഷ്യഫലങ്ങള്‍ ആര്‍ക്റ്റിക്, അന്റാര്‍ക്റ്റിക് ഭൂഖണ്ഡങ്ങളിലാണ്. അനുഭവപ്പെടുന്നത്. കഴിഞ്ഞ മൂന്നു ദശാബ്ദക്കാലം കൊണ്ട് ആര്‍ക്റ്റിക് പ്രദേശത്തിന്റെ താപം 1 .7 ഡിഗ്രീ സെല്‍സിയസ് ഉയര്‍ന്നിട്ടുണ്ട്. ഇത് ലോകത്തിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ വേഗമായിരുന്നു. വരാന്‍ പോകുന്ന ദുരന്തങ്ങളുടെ മുന്നോടിയായി വേണം ഇതിനെ കണക്കാക്കാന്‍ . ധ്രുവക്കരടി, പെന്‍ഗ്വിന്‍ എന്നിങ്ങനെ അഴകുള്ള പല ജീവികളുടേയും വാസസ്ഥലം കൂടിയാണ് ധ്രുവങ്ങള്‍ . കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഈ ജീവികളെയെല്ലാം പ്രതികൂലമായി ബാധിയ്ക്കുന്നു. ഘനീഭവിച്ച ജലം ധാരാളമുള്ള ഈ ഭൂവിഭാഗങ്ങളിലെ മഞ്ഞുമലകള്‍ ഉരുകുകയാണെങ്കില്‍ ലോകത്തില്‍ ഇന്നുള്ള മിയ്ക്ക വന്‍നഗരങ്ങളും വെള്ളത്തിനടിയിലാകാന്‍ വഴിയുണ്ട്. ഈ മഞ്ഞുമലകള്‍ ഭാഗികമായി മാത്രം ഉരുകിയാല്‍പ്പോലും അത് സമുദ്രനിരപ്പില്‍ ഗണ്യമായ ഉയര്‍ച്ചയ്ക്കു കാരണമാകും.

5. ജലമലിനീകരണം തടയാം

ജലത്തിന്റെ കാര്യത്തില്‍ ആത്മഹത്യാപരമായ നയമാണ് മനുഷ്യര്‍ പിന്തുടരുന്നത്. അമേരിക്കയിലും യൂറോപ്പിലും മറ്റു ചില ഭാഗങ്ങളിലും ഇക്കാര്യത്തില്‍ ഗണ്യമായ പുരോഗതി കൈവരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും ചൈനയും ദക്ഷിണ ഏഷ്യയും ആഫ്രിക്കയും ഉള്‍പ്പെടെയുള്ള കുറേയേറെ പ്രദേശങ്ങളില്‍ ജലമലിനീകരണം ഭീകരമായ, അതിവേഗം രൂക്ഷമായിക്കൊണ്ടിരിയ്ക്കുന്നൊരു പ്രശ്‌നമായി പരിണമിച്ചിരിയ്ക്കുന്നു. കാര്‍ഷികവൃത്തിയില്‍ നിന്നുണ്ടാകുന്ന മലിനജലം കുടിവെള്ളത്തെ മലിനപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്. അത് സമുദ്രത്തില്‍ ചെന്നു ചേര്‍ന്നു കഴിയുമ്പോള്‍ അതില്‍ ആല്‍ഗേ വളരുകയും ജലത്തിലെ ഓക്‌സിജന്‍ മുഴുവനും വലിച്ചെടുത്തുപയോഗിയ്ക്കുകയും അങ്ങനെ ഓക്‌സിജനില്ലാത്ത മരണപ്പെട്ട മേഖലകള്‍ സൃഷ്ടിയ്ക്കുകയും ചെയ്യുന്നു. ഇത്തരം മേഖലകളിലെ ജീവനത്തിന്ന് ഓക്‌സിജന്‍ ആവശ്യമായ മറ്റു ജീവികള്‍ മരണമടയുകയും ചെയ്യുന്നു. മെക്‌സിക്കോ ഉള്‍ക്കടലില്‍ രൂപപ്പെട്ടുകഴിഞ്ഞ ഇത്തരം ‘മരണപ്പെട്ട മേഖല’ ക്രമമായി വളര്‍ന്നു കൊണ്ടേയിരിയ്ക്കുന്നു. ഇപ്പോഴത് അമേരിക്കന്‍ സംസ്ഥാനമായ ന്യൂജേഴ്‌സിയോളം വലിപ്പമുള്ളതായിത്തീര്‍ന്നിരിയ്ക്കുന്നു. ജൈവവൈവിദ്ധ്യത്തിന്റെ മുഖ്യകേന്ദ്രങ്ങളാണ് കടലിലെ പൂന്തോട്ടങ്ങള്‍ എന്നറിയപ്പെടുന്ന പവിഴപ്പുറ്റുകള്‍ . ജലമലിനീകരണം പവിഴപ്പുറ്റുകളെ രോഗബാധിതമാക്കുന്നുവെന്ന വസ്തുത അധികമാരാലും ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്ന ഒന്നാണ്. പവിഴപ്പുറ്റുകള്‍ ഇതു മൂലം കുറഞ്ഞു വരുന്നു.

6. മത്സ്യസമ്പത്തിനെ പരിപാലിയ്ക്കുകയും സ്രാവു വേട്ട നിയന്ത്രിയ്ക്കുകയും ചെയ്യാം.

വ്യാവസായികാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം അസംഖ്യം മത്സ്യങ്ങളുടേയും കടലാമകളുടേയും സമുദ്രസസ്തനജീവികളുടേയും അകാരണമായ മരണത്തിന്നിടയാക്കുന്നു. അതിവിപുലമായ വലകളും, നീളമുള്ള ചരടുകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ദോഷഫലങ്ങളുണ്ടാക്കുന്നത്. വഴിയില്‍ കാണുന്നതെല്ലാം പിടിയ്ക്കുന്ന തരം വലിവലകളും സെയിനുകളും പൊന്തുവലകളും ഈ ഇനത്തില്‍ പെടുന്നു. നീളമുള്ള ചരടുകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനരീതിയില്‍ മുപ്പതു മൈലോളം (48 കിലോമീറ്ററോളം) നീളത്തില്‍ വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന ആയിരക്കണക്കിനു ചൂണ്ടക്കൊളുത്തുകളില്‍ കുടുങ്ങുന്ന ടൂണ, വാള്‍മീന്‍ എന്നീ മത്സ്യങ്ങളുടെ പകുതിയിലേറെയും സമുദ്രത്തിലേയ്ക്കു തന്നെ തിരിച്ചെറിയപ്പെടുന്നു. അവ മിയ്ക്കതും മരണപ്പെട്ടു പോകുന്നെന്ന് പ്യൂ പരിസ്ഥിതി സംഘം റിപ്പോര്‍ട്ടു ചെയ്തിരിയ്ക്കുന്നു.

സ്രാവു വേട്ടയും കുത്തനെ വര്‍ദ്ധിച്ചിരിയ്ക്കുന്നു. ചൈനയില്‍ സ്രാവു ചിറകുസൂപ്പിനുള്ള ആവശ്യം ക്രമാതീതമായി ഉയര്‍ന്നതാണ് ഇതിന്റെ പ്രധാന കാരണം. ഈ സൂപ്പില്‍ ഉയര്‍ന്ന തോതില്‍ വിഷാംശം അടങ്ങിയിരിയ്ക്കുന്നുവെന്ന്! തെളിയിയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന്നായി 73 ദശലക്ഷം സ്രാവുകളാണ് പ്രതിവര്‍ഷം വേട്ടയാടപ്പെടുന്നത്. അന്യജീവികളെ തിന്നു ജീവിയ്ക്കുന്ന സ്രാവുകള്‍ സാമുദ്രിക പാരിസ്ഥിതിക സന്തുലനത്തിന്ന് അനിവാര്യമാണ്.

7. ഉപഭോഗം കുറയ്ക്കാം

ഇതു വളരെ ലളിതമാണ്. ഉപഭോഗം കുറയ്ക്കുക. കുറഞ്ഞ ഊര്‍ജ്ജവും ജലവും ഉപയോഗിച്ച് അതിജീവനം നടത്താവുന്ന അമേരിക്കക്കാര്‍ പ്രത്യേകിച്ചും ഉപഭോഗം കുറയ്‌ക്കേണ്ടതാണ്. ലോകത്തിലെ മറ്റുള്ളവരില്‍ മിയ്ക്കവരും കേവലം ഒരംശം കൊണ്ടു മാത്രമാണു ജീവിച്ചു പോരുന്നത്. വസ്തുക്കളുടെ പുനരുപയോഗം മറ്റൊരു നല്ല നയമായിരിയ്ക്കും. ഷോപ്പിംഗ് സഞ്ചികള്‍ വീണ്ടും വീണ്ടും ഉപയോഗിയ്ക്കുന്നതും അതുവഴി പ്ലാസ്റ്റിക്കിന്റേയും കടലാസ്സിന്റേയും ഉപയോഗത്തില്‍ ഗണ്യമായ കുറവു വരുത്തുന്നതും ഈ നയത്തിന്റെ ഭാഗമായിരിയ്ക്കും. ഫാഷനു ചേര്‍ന്നതല്ലാതായി എന്ന ഒറ്റക്കാരണം കൊണ്ട് വസ്തുക്കള്‍ എറിഞ്ഞു കളയേണ്ടതില്ല. എറിഞ്ഞു കളഞ്ഞ വലിയൊരു ശതമാനം വസ്തുക്കള്‍ ശരിയാംവണ്ണം പ്രവര്‍ത്തിയ്ക്കുന്നവയാണെന്ന് ഇയ്യിടെ നടന്ന ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിനു പുറമേ, ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിയ്ക്കാനായി ഇരട്ട സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജ്ജം മാറിമാറി ഉപയോഗിയ്ക്കുന്ന ഹൈബ്രിഡ് കാറുകളോ, പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നു ഊര്‍ജ്ജം നിറയ്ക്കാവുന്ന വൈദ്യുതകാറുകളോ പോലുള്ള മെച്ചപ്പെട്ട വാഹനങ്ങള്‍ നിര്‍മ്മിയ്ക്കുകയോ വാങ്ങുകയോ ചെയ്യണം. ശീതോഷ്ണ സ്വയം നിയന്ത്രണയന്ത്രം അഥവാ പ്രോഗ്രാമബിള്‍ തെര്‍മോസ്റ്റാറ്റു പോലുള്ള സ്വയം നിയന്ത്രണ യന്ത്രങ്ങള്‍ ലൈറ്റുകള്‍ കെടുത്താനും ഉപകരണങ്ങള്‍ നിശ്ചലമാക്കാനും ഉപയോഗിയ്ക്കുന്നതും ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിയ്ക്കും. ശീതീകരണയന്ത്രങ്ങളിലെ വായു അരിപ്പകള്‍ ഇടയ്ക്കിടെ മാറ്റുകയും വേണം.

പ്ലാസ്റ്റിക്കിന്റെ ഉപഭോഗം കുറയ്ക്കുന്നത് ശുഭകരമായൊരു തുടക്കം കുറിയ്ക്കും. ഭൂഗോളത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ പ്ലാസ്റ്റിക് കാണാവുന്നതാണ്. ശാസ്ത്രജ്ഞന്മാരുടെ ഇടയില്‍ ഉത്തര പസിഫിക് സബ്‌ട്രോപ്പിക്കല്‍ ഗയര്‍ (ഉഷ്ണമേഖലയ്ക്കു സമീപം മാറിമാറിയുണ്ടാകുന്ന സമുദ്രജലപ്രവാഹങ്ങളുടെ കൂട്ടം) എന്ന പേരില്‍ അറിയപ്പെടുന്ന പസിഫിക്കിലെ ആഴമേറിയ ‘കുപ്പത്തൊട്ടി പ്രദേശ’ത്തു പോലും പ്ലാസ്റ്റിക് കാണാം. എന്തിനധികം, ആര്‍ക്റ്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ പോലും പ്ലാസ്റ്റിക്കുണ്ട്.

ഭൂമിയിലെ പ്രകൃതിവിഭവങ്ങള്‍ അളവറ്റവയല്ല. മനുഷ്യര്‍ പരിസ്ഥിതി സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നില്ലെങ്കില്‍ താമസിയാതെ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും, തിക്തഫലങ്ങള്‍ അനുഭവിയ്‌ക്കേണ്ടതായും വരും.

(ലൈവ് സയന്‍സ് ഡോട് കോമില്‍ ഡഗ്ലസ് മെയിന്‍ ജനുവരി നാലിന്നെഴുതിയ 7 Resolutions for a Better Planet എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്‍ത്തനം.)

I am a blogger, interested in almost everything interesting.