കൂടോത്രം സ്വാഹ !

0
1952

01

”ഹലോ, ഞാന്‍ പയ്യോളീന്നു അശോകനാണ്…കാനാച്ചി മഠമല്ലേ…?”
”അതെ…. രാജന്‍ പണിക്കര്‍ സംസാരിക്കുന്നു.”
”ഞാന്‍ പണിക്കരുടെ പരസ്യം കണ്ടിട്ടാണ് വിളിക്കുന്നത്..
എന്റെ ഹോട്ടലില്‍ തീരെ കച്ചോടമില്ല ,
കൂടോത്രമാണോന്നൊരു സംശയമുണ്ട്.., ഒന്ന് നോക്കീറ്റ് പറയോ ?”
” അതൊന്നും ഫോണില്‍ പറയാന്‍ പറ്റില്യ, ദക്ഷിണയുമായി ഇങ്ങട് വരിക .”

തൃശൂരില്‍ ബസ്സിറങ്ങിയ അശോകന്‍ ഞെട്ടി. ഇഷ്ടം പോലെ മനകളുടെ പരസ്യങ്ങള്‍. കൂടോത്രം, ശത്രു പ്രാര്‍ത്ഥന, വശീകരണം ഇതൊക്കെ
കൊണ്ട് വിഷമിക്കുന്ന ആയിരങ്ങള്‍ക്ക് സാന്ത്വനം ഏകുന്ന ചാത്തന്മാര്‍, മൂര്‍ത്തികള്‍….!

എവിടെയാണപ്പാ നമ്മളെ ആ മന?

ഒരു വിധം തപ്പി കണ്ടു പിടിച്ചു. പണിക്കര്‍ കവടി നിരത്തി. പിന്നെ മന്ത്രം ജപിച്ചു

”തക്കുടു, മിക്കുടു ജിങ്കുടുവ
തുക്കുടുവ , തക്കുടുവ ”
സ്വാഹ, സ്വാഹ, സ്വാഹ !

പിന്നെ മുന്നിലെ തീയിലേയ്ക്ക് പലതും എറിഞ്ഞു… മൊത്തം പുകമയം

‘ഉം. അശോകന്‍ ഹോട്ടല്‍ തുടങ്ങീട്ടു ശ്ശി കാലായല്ലേ ? ”

‘പത്തു കൊല്ലായി. നല്ല ഉഷാറായി കച്ചോടം നടന്നോണ്ടിരുന്ന ഹോട്ടലാണ് ,

കുറച്ചപ്പുറത്ത് പുതിയൊരു ഹോട്ടല്‍ വന്നയ്‌നു ശേഷാന്നു എന്റെ കച്ചോടം കുറഞ്ഞത്”

‘ഉം. ആ പുതിയ ഹോട്ടലുകാരന്‍ ആള്‍ക്കാരെ അവിടെ കയറ്റാന്‍ ശക്തിയുള്ള കൂടോത്രം ചെയ്തതായി കാണുന്നു. ”

‘ഓന്റെ ഹോട്ടല്‍ പൂട്ടിക്കാന്‍ എന്തേലും വഴിയുണ്ടോ ?”

‘വഴിയെക്കേണ്ട്, ഏതു വേണംച്ചാ പറയ്, ചെട്ടിച്ചാത്തനെ അയച്ചാ പുത്യ ഹോട്ടല്‍ മൊതലാളിക്കിട്ടൊന്നു പൂശണോ? തുട്ടു പതിനായിരത്തൊന്നു
ഉറുപ്പ്യാകും, അതല്ല, ഇനീപ്പോ ചെലവു കുറഞ്ഞത് വേണംച്ചാ, ആകാശ ഗന്ധര്‍വനങ്ങ്ട് അയക്കാം, മൂന്ന് മാസം കൊണ്ടാ ഹോട്ടലങ്ങ്ട്
പൂട്ടും ന്ത്യെ?”

”അത്രേം കാത്തു നിക്കാന്‍ ആവൂലപ്പ.. ഇങ്ങള് ഒരു മൂന്നു ദിവസം കൊണ്ട് ഓന്റെ ആപ്പീസ് പൂട്ടിക്കണം, പൈസ നോക്കണ്ട.”

”എന്നാ ചെട്ടിച്ചാത്തനെ തന്നെ അങ്ങട് അയക്കാം, ഇന്നേക്ക് മൂന്നാം നാള്‍, ആ മൊതലാളി മൂന്നു ചൊമ അങ്ങട് ചൊമക്കും, പിന്നെ ഹാര്‍ട്ടറ്റാക്ക്
വന്നു കാലിയാകും, പോരെ ?”

”മതി, ഇന്നാ ദക്ഷിണ..ഇത് ഫലിക്കൂലെ ?”

” അതേയ്, എല്ലാത്തിനും വിശ്വാസം വേണം ആദ്യം, ഇല്ലേച്ചാ ഈ പൈസ എടുതങ്ങ്ട് പൊയ്‌ക്കോ”

”അയ്യോ വിശ്വാസം ഇല്ല്യായിട്ടല്ലപ്പാ, എന്നാലും മനസ്സിലൊരു…”

” സിനിമാ നടനില്ലേ, സുദീപ്, പഴയ മിമിക്രി, അയാളെങ്ങന്യാ അഞ്ജുനെ കെട്ടിയെന്നറിയോ ? ”

”എങ്ങനെ ?”

”ഞാന്‍ ഒരു ചരടങ്ങ് ജപിച്ചു കൊടുത്തു, അത് കയ്യില്‍ കെട്ടിയ്യപ്പോ, അഞ്ജു ദേ അവന്റെ പോറകീ വന്നു, അതാ ഈ പണിക്കര്… ചെയ്ത പണിയൊന്നും ഇത് വരെ പാഴായിട്ടില്ല്യാ, ഗണിച്ചാ തെറ്റിയില്ല.. അറിയോ ?”

അശോകന് വിശ്വാസമായി. പണിക്കരു മന്ത്രം വീണ്ടും ജപിച്ചു, പുക, ഭസ്മം. സ്വാഹ !

”ഇതാ, ഈ ഭസ്മം അയാടെ ഹോട്ടളിലങ്ങ്ട് ഇടുകാ… ആരും കാണരുത്.. ബാക്കി ചാത്തന്‍ നോക്കിക്കോളും”

യാത്ര പറഞ്ഞിറങ്ങവെ പണിക്കര് കുശലം അന്വേഷിച്ചു.

” പയ്യോളിക്കടുത്തല്ലേ കൊയ്‌ലാണ്ടി ? ”
”അതെ”
”അവിടെ നമ്മടെ പെങ്ങളുണ്ട്, സുമതി ”
”എങ്കി, ഇങ്ങളങ്ങു വരുമ്പോ എന്നെ വിളിക്ക്, എന്റെ വീട്ടിലും കേറാലോ.”
”നോക്കാം”

മൂന്നു നാളുകള്‍ക്കു ശേഷം സുമതിയുടെ ഫോണ്‍ :

” എല്ലാം പോയി ഏട്ടാ… എല്ലാം പോയി…”

” നീയെന്താന്നു വെച്ചാ പറയ് സുമേ…”

” ഏട്ടാ, ദിനേശേട്ടന്‍ എന്നെ വിട്ടു പോയി ഏട്ടാ..ഞങ്ങക്കിനി ആരുണ്ട് ?”

”ങേ ? അളിയന്‍, അവനൊരു കുഴപ്പോമ്മില്ലാര്‍ന്നല്ലോ ?”

” രാവിലെ കൊയിലാണ്ടീലെ ഹോട്ടലില്‍ പോയതാ… മൂന്നു പ്രാവശ്യം ചൊമച്ചു, പിന്നെ നെഞ്ചു വേദനാന്നും പറഞ്ഞു ആശുപത്രീലെത്തും മുന്‍പെ…

എന്റെ ഏട്ടന്‍…”

” നീ വെഷമിക്കല്ലെ, ഞാന്‍ ദാ വര്വാണ് ”

പണിക്കര്‍ ഫോണ്‍ വെച്ചു. ഫോണ്‍ വീണ്ടും അടിച്ചു

” ഞാന്‍ വരാന്നു പറഞ്ഞില്ലേ സുമേ ”

”പണിക്കരെ ഞാനാണ്, അശോകന്‍ പയ്യോളി. പണിക്കരെ പണി ഏറ്റു, ആ തെണ്ടി വടിയായി, ഇന്ന് രാവിലെ തന്നെ.. അവന്റെ ഐശ്വര്യാ ഹോട്ടല്‍ പൂട്ടി.”

പണിക്കര്‍ ഞെട്ടി

” ഏതു ഹോട്ടല്‍ ?”

”ഐശ്വര്യ ”

” എവിടെ ? ”

” കൊയിലാണ്ടീല് ”

” നിങ്ങള് പയ്യോളീന്നു പറഞ്ഞിട്ട്..?”

”അതെന്റെ വീടല്ലേ, ഹോട്ടല് കൊയിലാണ്ടീലാ….”

പണിക്കരുടെ കയ്യീന്ന് ഫോണ്‍ താഴെ വീണു

ഫ്‌ലാഷ് ബാക്ക്

” പണിക്കരളിയാ , ഈ പൊന്നൊക്കെ ഞാന്‍ ആറു മാസം കൊണ്ട് എടുത്തു തരാം, അളിയന്‍ അത് വരെ ക്ഷമിക്കണം. ”

”ആയ്‌ക്കോട്ടെ ദിനേശാ, അറിയാലോ ഞാന്‍ ഉണ്ടാക്കിയതെല്ലാം ആണ് നിനക്ക് ഞാന്‍ തരുന്നത്. സുമതിയെയും, മക്കളെയും ഓര്‍ത്താ ഞാന്‍….”

”അതെനിക്കറിയില്ലേ അളിയാ, അളിയന്‍ ഒന്നും പേടിക്കേണ്ട… പിന്നെ ഹോട്ടലീല് ആള്‍ക്കാര്‍ കയറാന്‍ നല്ലൊരു കര്‍മ്മം ചെയ്യണം.
തൊട്ടപ്പുറത്ത് തന്നെ വേറേം ഹോട്ടലുണ്ട് .”

”ഉം, ആട്ടെ ,ഹോട്ടലിനു പേരിട്ടോ ?”

”ഉവ്വ്, ഐശ്വര്യ.. മോള്‍ടെ പേര് തന്നെ….”

”ഐശ്വര്യ ഹോട്ടല്‍, കൊയിലാണ്ടി ”

ചാത്താ, പണി പാളി..!

ഫ്‌ലാഷ് ന്യൂസ്:::

” പ്രമുഖ ജ്യോത്സ്യന്‍ രാജന്‍ പണിക്കര്‍ നെഞ്ചു വേദനയെ തുടര്‍ന്ന് മരണപ്പെട്ടു, കൊയിലാണ്ടിയിലെ സഹോദരിയുടെ വീട്ടിലേയ്ക്കുള്ള യാത്രാ മദ്ധ്യേ ആയിരുന്നു മരണം. 57 വയസ്സായിരുന്നു…”

” ഇയാളെന്തൂട്ട് ജ്യോല്‍സ്യനാ, പണ്ട് എന്നോട് പറഞ്ഞത് അങ്ങേരു 84 വയസ്സ് വരെ ജീവിക്കൂന്നാ , ഇപ്പൊ ദേ അമ്പത്തേഴില്‍ ആള് കാലിയായി”

” ആര് പറഞ്ഞു മുരളീ, പണിക്കര് പറഞ്ഞത് തെറ്റീന്ന് ?”

”അല്ലാണ്ടിപ്പോ ദേ 57 വയസ്സെന്നിപ്പളല്ലേ ടീവീല് കേട്ടത്…”

”എടാ ശവീ, 57, എന്നോച്ചാ, അഞ്ചു കൂട്ടണം ഏഴു സമം 12 .. അത് ഗുണിക്കണം,

രാജന്‍ പണിക്കര്‍ടെ പേരിലെ അക്ഷരങ്ങള്‍, എന്നൂച്ചാ രാ , ജ, ന്‍, പ, ണി, ക്ക, ര്‍

എഴക്ഷരം, 12 x 7 സമം 84.. ഇപ്പൊ ശരിയായില്ലേ”

”അപ്പ ശരിയാണല്ലാ, പണിക്കര് പുലിയാണല്ലാ .”

”പിന്നല്ലാണ്ട്, പണിക്കരു പറഞ്ഞാ തെറ്റൂല്ല . അതൊറപ്പാ ”