Narmam
കൂറ ഫോക്ക്.. – നര്‍മ്മം
നീ ഏതായാലും ഒന്ന് പോയി നോക്കൂ വേറെ എവിടേലും നല്ല ജോലി ശരിയാവുന്നത് വരെ. ഇവിടെ വന്നാല്‍ പിന്നെ നമ്മള് ഒരു ദിവസം പോലും വെറുതെ നില്ക്കാന് പാടില്ല മാത്രവുമല്ല അറബി ഒക്കെ അത്യാവശ്യം പഠിക്കുകയും ചെയ്യാം…. പുതിയ ജോലി തരപ്പെടുത്തി തന്നിട്ട് കരീം ഇക്ക എന്നെ നിര്ബന്ധിക്കുകാ. എന്നാലും ഇക്കാ ഈ വീട്ടിലെ ജോലി ചെയ്യുകാ എന്നുവച്ചാല്‍, വീട്ടിലെ ആണേലും അവരുടെ അടുക്കള ജോലി ഒന്നും അല്ലല്ലോ, മൂപ്പര് എന്നെ കൊണ്ട് എങ്ങനെയും സമ്മതിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാ. പിന്നെ പറയുന്നത് അനുസരിക്കാതിരിക്കാനും കഴിയില്ല കാരണം ഇവിടെ കൊണ്ടുവന്നതിനുള്ള വിസയുടെ മുഴുവന്‍ പണവും പുള്ളിക്ക് കൊടുത്തിട്ടില്ല നാട്ടില്‍ നിന്നും നുള്ളിപ്പെറുക്കി കൊടുത്തിട്ടും പിന്നേം കുറച്ചു ബാക്കി ഉണ്ട്. അത് ഇവിടെ വന്നു ജോലി കിട്ടി കഴിഞ്ഞു കൊടുക്കാം എന്നാണു കരാര്‍.
കരീം ഇക്കാ പറയുന്നതിലും കാര്യമുണ്ട് അന്ന് രാത്രി കിടന്നപ്പോഴും ഇത് തന്നെ ആലോചന, എന്തും വരട്ടെ പോകുക തന്നെ. രാവിലെ കരീം ഇക്ക ഓഫീസില്‍ പോകുന്ന കൂടെ വണ്ടിയില്‍ കയറ്റി അറബിയുടെ വീട്ടില്‍ എത്തിച്ചു. എന്നെ കണ്ട ഉടന്‍ അറബി എന്തൊക്കെയോ ചോദിച്ചു എനിക്ക് ഒരു പിണ്ണാക്കും മനസ്സിലായില്ല കരീം ഇക്ക അയാളോട് എന്തൊക്കെയോ സംസാരിച്ചു. ഞങ്ങളെ അകത്തു കൊണ്ടുപോയി ഞാന്‍ ചെയ്യേണ്ട ജോലിയുടെ വിവരങ്ങള്‍ ഇക്ക എനിക്ക് പരിഭാഷപ്പെടുത്തി തന്നു. ഒരു വലിയ വീട് വിശാലമായ മാര്‍ബിള്‍ പാകിയ മുറ്റം നല്ല ഭംഗിയുള്ള പൂന്തോട്ടം, മൂന്നു ആഡംബര കാറുകള്‍. വീടിനോട് ചേര്‍ന്ന് ഒരു ചെറിയ മുറി അതില്‍ തന്നെ ഒരു ചെറിയ കുളിമുറിയും കക്കൂസും അത് എനിക്ക് താമസിക്കാന്‍ വേണ്ടി തന്നതാ എനിക്ക് മാത്രമല്ല അവിടുത്തെ ഡ്രൈവറും അവിടെ തന്നെ വേണം താമിസിക്കാന്‍ എന്നാല്‍ അപ്പോള്‍ അവിടെ ആരും ഇല്ലായിരുന്നു ഡ്രൈവര്‍ ഇതുവരെ അവിടെ വന്നിട്ടില്ല.
അങ്ങനെ ഞാന്‍ എന്റെ കര്‍മ മണ്ഡലത്തില്‍ ഒരു പുതിയ ഏട് എഴുതിച്ചേര്‍ത്ത് കൊണ്ട് നാട് വിട്ടതിനു ശേഷമുള്ള ആദ്യത്തെ ജോലി ആരംഭിക്കുകയാണ്. ആ മുറ്റം മുഴുവന്‍ എല്ലാ ദിവസവും കഴുകി വൃത്തിയാക്കണം, മൂന്നു കാറുകള്‍ കഴുകണം, ചെടികളൊക്കെ നനക്കണം, കടയില്‍ പോയി ചിലപ്പോള്‍ സാധങ്ങളും വാങ്ങണം ഇതൊക്കെയാണ് അവിടുത്തെ എന്റെ പ്രധാന ജോലികള്‍. അങ്ങനെ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ ജോലി ഒക്കെ ചെയ്തു പോന്നു. ഏറ്റവും വലിയ കടമ്പ ഭാഷ തന്നെ. അറബിയും അയാളുടെ ഭാര്യയും രണ്ടു മക്കളും ആണ് അവിടെ ഉള്ളത്. മൂത്ത മകന് ഒരു പാവത്താന്‍ ആണ് അതിനും കൂടി കൂട്ടി രണ്ടാമന്… ഹറാംപിറന്നവന് എന്ന വാക്കിനു ഇതിനപ്പുറം വേറെ പര്യായം ഇല്ല. കാര്യം പത്തു വയസ്സിനു താഴെയേ ഉള്ളൂ എങ്കിലും എങ്ങനാ പറയാതിരിക്കുക? എനിക്ക് അവിടുത്തെ ജോലിയില്‍ ആകെ ഉള്ള ഒരു വെല്ലുവിളിയായി അവന് അങ്ങനെ വിലസുകാ.
ജോലി തുടങ്ങി ഏതാണ്ട് രണ്ടു മാസം ആയി ഒരു ദിവസം മുറ്റം വൃത്തിയാക്കാന്‍ വെള്ളം കോരി ഒഴിച്ച് സോപ്പ് പൌഡര്‍ വിതറിയിട്ടു ഞാന്‍ ബ്രഷ് എടുക്കാന്‍ പോയ നേരം ഈ ചെക്കന് ഓടിക്കളിക്കുന്നതിനിടയില് എങ്ങനെയോ തല്ലിഅലച്ചു വീണിട്ട് പയ്യന്റെ വൃഷണ ബോളുകളില്‍ ഒരെണ്ണം മേലോട്ട് കേറി പോയി ചെറുക്കന് ആകെ വലിയവായില്‍ നിലവിളി അകത്തുനിന്നും അവന്റെ തള്ളയും ഓടിയെത്തി മൂത്തവന് വണ്ടി എടുത്തോണ്ട് എങ്ങോട്ടോ പോയിരിക്കുകായിരുന്നു. ചെറുക്കന്റെ അലര്‍ച്ച കേട്ട് തള്ള എന്നോട് പറഞ്ഞു ഓടിച്ചെന്നു തന്തയെ വിളിച്ചോണ്ട് വരാന്‍, അയാളുടെ കരകൌശല കട ഒരു റോഡു കടന്നിട്ടു അടുത്ത ജങ്ഷനില്‍ ആണ്. അറബിയോട് വിവരം പറയാന്‍ ഓടി പോകുന്നതിനിടയില്‍ ആണ് ഞാന്‍ ചിന്തിച്ചത് പടച്ചോനെ അയാളെ ഇത് എങ്ങനെ ഒന്ന് പറഞ്ഞു മനസ്സിലാക്കും? ആകെ കുടുങ്ങിയല്ലോ അപ്പോള്‍ ആണ് ഞാന്‍ ഓര്‍ത്തത് ബോളിനു അറബിയില്‍ കൂറ എന്നും മുകളില്‍ എന്ന് പറയുന്നതിന് ഫോക്ക് എന്നും ആണല്ലോ പറയുന്നത് ഒരുതരത്തില്‍ ബോള്‍ മുകളിലേക്ക് കയറിയത് ആണല്ലോ ഇവിടുത്തെ പ്രധാന ഇഷ്യൂ അത് ശരി അപ്പോള്‍ പിന്നെ പകുതി സമാധാനം ആയി കടയുടെ മുന്നില്‍ ഓടി കിതച്ച് എത്തിയിട്ട് ഒരു തരത്തില്‍ പറഞ്ഞൊപ്പിച്ചു: ബിലാല്‍ (പയ്യന്) വീണത് ആംഗ്യം ശേഷം പറഞ്ഞു കൂറ ഫോക്ക്…. ങേ കൂറ ഫോക്ക്? അയാള്‍ കടയുടെ മുകളിലേക്ക് നോക്കുകാ എവിടെയാ ഫുട്ബോള്‍ കിടക്കുന്നതെന്ന്! ഇയാള്‍ക്ക് ഒന്നും പിടികിട്ടിയിട്ടില്ലല്ലോ പടച്ചോനെ എന്ന് അപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി. കാരണം ആദ്യം പറഞ്ഞു ബിലാല്‍ ശേഷം കാണിച്ച ആംഗ്യം പിന്നെ ഈ കൂറ ഫോക്ക് ഇതെല്ലാം കൂടി ചേര്‍ത്ത് അയാള്‍ക്ക് മനസ്സിലാക്കി എടുക്കാന്‍ കഴിഞ്ഞില്ല. എന്റെ പരിഭ്രമം കണ്ടു സംഗതി എന്തോ പന്തികേട് തോന്നിയിട്ടു ആകണം അപ്പോള്‍ തന്നെ വണ്ടിയെടുത്തു അയാള്‍ എന്നെയും കൂട്ടി വീട്ടില്‍ എത്തി അപ്പോള്‍ തന്നെ ചെക്കനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
273 total views, 3 views today