കെ.കെ അനീഷിന് ആദരാഞ്ജലികള്‍..

  182

  Untitled-3

  ഇതെഴുതുമ്പോള്‍ കെ.കെ.അനീഷ് എന്ന സാമൂഹ്യശാസ്ത്ര അധ്യാപകന്റെ ചേതനയറ്റശരീരം നമ്മുടെ മുമ്പിലുണ്ട്. ഇക്കഴിഞ്ഞ പത്താം ക്ലാസ് പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ മൂല്യനിര്‍ണ്ണയ ക്യാമ്പ് മലപ്പുറം ജില്ലയിലെ തിരൂര്‍ ബോയ്‌സ് ഹൈസ്‌ക്കുളിലാണ് നടന്നത്. ക്യാമ്പിന്റെ രണ്ടാം ദിനം സ്‌കൂള്‍ ചുമരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ നിന്നാണ് അനീഷ് എന്ന അധ്യാപകന്‍ സ്‌കൂളിന്റെ പുറത്തായ വിവരം അറിയുന്നത്. മുന്നിയൂര്‍ സ്‌കൂളിലെ ലാബില്‍ ചെരിപ്പിട്ടുകയറി എന്നതില്‍ തുടങ്ങി … മരണത്തിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. എയിഡഡ് മേഖലയിലെ അധ്യാപകര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിനുപോലും സ്വാതന്ത്ര്യം ലഭിക്കുന്ന കേരളത്തില്‍ ,പങ്കാളിത്ത പെന്‍ഷനുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്തു എന്നതിനാല്‍ ഇതൊരു വലിയതെറ്റാണെന്ന രൂപത്തില്‍ എടുത്ത നടപടികളാണെങ്കില്‍ ന്യായീകരിക്കാനാവില്ല.

  പഴയ മാടമ്പിയുടെ ദുര്‍ഭൂതം മാനേജര്‍മാരില്‍ ചിലരിലെങ്കിലും ഇപ്പോഴും ഉണ്ടോഎന്നതും പൊതുസമൂഹം ആലോചിക്കേണ്ടതുണ്ട്. എന്റെ ഈ കുറിപ്പ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിഷേധകുറിപ്പല്ല. അനീഷ് എന്ന വ്യക്തി ചെയ്ത തെറ്റ് എന്താണ്. ഒരു സാമൂഹ്യശാസ്ത്ര അധ്യാപകന് നിലവിലുള്ള വ്യവസ്ഥിതിയിലെ അരുതായ്മകളെ തുറന്നു കാണിക്കാനായില്ലെങ്കില്‍ പിന്നെ അയാള്‍ക്ക് സാമൂഹ്യശാസ്ത്രം ഒരു പഠനം വിഷയയമായി കൈകാര്യം ചെയ്യാനാകില്ലെന്ന് കരുതുന്ന ഒരാളാണുഞാന്‍. മാനേജറായാലും, അറ്റന്റാറായാലും, പെന്‍ഷന്‍പറ്റിപിരിഞ്ഞ ഉപ ഡയരക്ടറായാലും ഈ നിമിഷം ആലോചിക്കേണ്ട ഒന്നുണ്ട് . അനീഷിന്റെ ഭാര്യയും പറക്കമുറ്റാത്ത ഒരു കുഞ്ഞും നിങ്ങളുടെ രാത്രികളില്‍ വേട്ടയാടുന്ന ഒരു ദു:സ്വപ്നമായിരിയ്ക്കും. അനീഷ് പ്രവര്‍ത്തിച്ച സംഘടനയും ഓര്‍മ്മിക്കേണ്ടതുണ്ട്.

  മലപ്പുറം ജില്ലയിലെ എല്ലാ അധ്യാപകസംഘടനകളും ഒരുമിച്ച് പ്രതിഷേധിച്ചിട്ടും ഓണനാളില്‍ മാനേജറുടെ വീട്ടിപടിക്കല്‍ സത്യാഗ്രഹം ഇരിക്കാന്‍ തീരുമാനിച്ചിട്ടും എന്തുകൊണ്ട് അനീഷ് സ്വയം ഒതുങ്ങി? ആത്മവിശ്വാസം നഷ്ടപ്പെട്ടുപേയോ? ഇതെല്ലാം ഓര്‍മ്മപ്പെടുത്തലുകളാണ്. നാളെ വരാനിരിക്കുന്ന വിവിധ സന്ദര്‍ഭങ്ങളിലേക്കു. അനീഷിന്റെ കുടുംബത്തത്തെ അദ്ദേഹം പ്രവര്‍ത്തിച്ച സംഘടന ഏറ്റെടുക്കണം. തുഷാര്‍ എന്ന പിഞ്ചു കുഞ്ഞിന്റെ ഭാവി സുരക്ഷിതമാക്കും സംഘടന എന്ന ആത്മ വിശ്വാസത്തോടെ കെ.കെ.അനീഷ് എന്ന സാമൂഹ്യവിപ്ലവക്കാരിയ്ക്ക് മനസ്സുനിറഞ്ഞ ആദരം നല്കുന്നു.

  ഇഖ്ബാല്‍ മങ്കട
  സാമൂഹ്യശാസ്ത്ര അധ്യാപകന്‍

  [divider]

  ലേഖകന്‍ : ശ്രീ. ഇഖ്ബാല്‍ മങ്കട. അദ്ദേഹം കൊപ്പം ഗവര്‍മെന്റ് ഹൈസ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനാണ്.

  [divider]