മാനവശേഷി വികസന സൂചിക ഉള്‍പ്പെടെ നിരവധി മേഖലകളില്‍ കേരളം ഒന്നാമതാണെന്നിരിക്കെത്തന്നെ രാജ്യത്ത് ഏറ്റവുമധികം തൊഴില്രഹിതര്ഉള്ള സംസ്ഥാനവും കേരളമാണെന്ന് റിപ്പോര്‍ട്ട്.
വളര്‍ച്ചയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉണ്ടെന്നത് നല്ല സൂചനയാണെന്ന് സാമ്പത്തിക സര്‍വ്വെ വ്യക്തമാക്കുന്നു. മൊത്തം ആഭ്യന്തര ഉത്പാദനസത്തിന്റെ കാര്യത്തില്‍ ഗുജറാത്തല്ല ബീഹാറാണ് മുന്നില്‍. മധ്യപ്രദേശ്, ഗുജറാത്ത് , കേരളം എന്നീ സംസ്ഥാനങ്ങളാണ് ബീഹാറിന് പിന്നില്‍ നാലുവരെ സ്ഥാനങ്ങളിലുള്ളത്. വളര്‍ച്ചാ നിരക്ക് ഏറ്റവും കുറവ് തമിഴ്നാട്ടിലാണ്.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം ഏറ്റവും കുറവ് കേരളത്തിലാണ്. 7.1 ശതമാനം. ജിഡിപിയില്‍ മുന്നില്‍ നില്ക്കുന്ന ബീഹാറിലാണ് എന്നാല്‍ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത്. 33.7 ശതമാനം. ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഒപ്പം സാക്ഷരതയിലും കേരളം 94 ശതമാനവുമായി മുന്നിലാണ്. ലക്ഷദ്വീപും മിസോറാമുമാണ് സാക്ഷരതയില്‍ കേരളത്തിനു തൊട്ടുപിന്നിലുള്ളത്. ജനസംഖ്യാ നിയന്ത്രണം സ്ത്രീപുരുഷ അനുപാതം എന്നിവയിലും കേരളം മുന്നിലാണ്.
അതേസമയം തൊഴിലില്ലായ്മ കേരളത്തില്‍ രൂക്ഷമായി തുടരുന്നു എന്നാണ് സാമ്പത്തിക സര്‍വ്വെ നല്കുന്ന സൂചന. തൊഴില്‍രഹിതരുടെ എണ്ണം കേരളത്തില്‍ 2012 – 13ല്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും തൊഴില്‍ ഇല്ലാത്തവരുടെ എണ്ണം രാജ്യത്ത് ഏറ്റവും കുടുതല്‍ ഉള്ളത് കേരളത്തില്‍ തന്നെയാണെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.