കേരളം വളരുന്നു, രതിവൈകൃതശീലങ്ങളിലേയ്ക്ക്…

0
412

RAPE_punjabupdate_com
 
റയാന്‍ അറയ്ക്കുന്ന രതിവൈകൃതങ്ങളിലേയ്ക്ക്, ഇരയെ മൃഗീയമായി കൊലപ്പെടുത്തുന്ന ശീലങ്ങളിലേയ്ക്ക് കേരളം വളരുകയാണ്. 2012-13 ലെ സര്‍വ്വേയനുസരിച്ച് ഇന്‍ഡ്യയില്‍ ഓരോ 22 മിനുട്ടിലും ഒരു റേപ്പും അനുബന്ധ മരണവും സംഭവിക്കുന്നുണ്ടെന്ന കണ്ടെത്തല്‍ ഇന്നത് ഓരോ 10 മിനുട്ടിലും എന്നായിമാറിയിട്ടുണ്ടാവും. എവിടെയാണ് നമുക്ക് പിഴച്ചത്..? ഒരു വികസ്വര രാജ്യം നേരിടുന്ന ഏറ്റവും വലിയ അപമാനം സ്ത്രീ സുരക്ഷ തന്നെയാണ്. ആണിനും പെണ്ണിനും തുല്യനീതിയും സ്വാതന്ത്ര്യവും ഈ ഭൂമിയില്‍ ഉണ്ടെന്നിരിക്കെ ദുര്‍ബലമായ ഒരു വിഭാഗത്തിനുമേല്‍ സംഭവിക്കപ്പെടുന്ന അത്യന്തം ആപത്കരമായ കീഴ്‌പ്പെടുത്തലുകള്‍ക്കൊടുവില്‍ ജിഷയുടെ അതിദാരുണ അന്ത്യവും പുതുതായി ചേര്‍ത്തുവയ്ക്കപ്പെടുന്നു. മൃഗങ്ങള്‍ക്കിടയില്‍പ്പോലും ഇത്തരം ക്രൂരതകള്‍ സംഭവിക്കാനിടയില്ല. പെണ്‍മക്കളുള്ള മാതാപിതാക്കള്‍ ദു:സ്വപ്നം കാണുന്നത് തങ്ങളുടെ മക്കള്‍ക്ക് ഏതുസമയത്തും നേരിടേണ്ടിവന്നേക്കാവുന്ന ഒരാപത്ത് തന്നെയാവും. നമ്മുടെ കുഞ്ഞുങ്ങളുടെ മാനത്തിനും ജീവനും യാതൊരു ഗ്യാരണ്ടിയുമില്ലെന്ന സത്യം ഓരോ സംഭവങ്ങളിലൂടെ നമ്മെ വേട്ടയാടപെടുന്നുണ്ട്.

72 വയസ്സുകാരന്‍ 2 വയസ്സുകാരിയെ മുതല്‍, 16 കാരന്‍ 66 കാരിയെ വരെ ലൈംഗികമായി കീഴ്‌പ്പെടുത്തുന്ന കഥകള്‍ ഇന്ന് നിത്യസംഭവങ്ങളാണ്. പെണ്‍മക്കളുള്ളവര്‍ ഒരുള്‍പ്പുളകത്തോടെയാവില്ല ഇതൊക്കെ കേട്ടിരിക്കുന്നത്. അച്ഛന്‍ മകളെ ലൈംഗികമായി വിധേയപ്പെടുത്തിയ കഥകളും, തന്റെ മകളില്‍ തനിക്കൊരു കുഞ്ഞ് എന്ന ഭീകര യാഥാര്‍ത്ഥ്യങ്ങളും കേവലം വാര്‍ത്തകളായി നമ്മെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ എങ്ങനെയാവണം നമ്മളിനി ഈ സമൂഹത്തില്‍ ജീവിക്കേണ്ടി വരിക..? ദുര്‍ബലയായ ഇരയെ ക്രൂരമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയെന്ന് വ്യക്തമായി തെളിഞ്ഞാല്‍പ്പോലും വേട്ടക്കാരന് മാനുഷിക പരിഗണന കല്‍പ്പിക്കപ്പെടുന്ന നീതിന്യായവ്യവസ്ഥകളും നമുക്കുണ്ടെന്നതില്‍ അഭിമാനിക്കാം. തെറ്റ് ചെയ്യുന്നവന് അര്‍ഹിക്കുന്ന ശിക്ഷയോ അതിവേഗ വിധിയോ നടപ്പില്‍ വരുത്താന്‍ കെല്‍പ്പില്ലാത്തവിധം പരിഹാസ്യമായിരിക്കുന്നു നമ്മുടെ നിയമവും നീതിപീഠവും ഭരണകൂടവുമൊക്കെ. നന്മയുള്ള മനസ്സുകളെ തൃപ്തിപ്പെടുത്തുന്ന നിക്ഷ്പക്ഷമായ ഒരു വിധിയും ഒരു കേസിലും സംഭവിച്ചിട്ടുണ്ടാവില്ല.

ഓരോ കുറ്റകൃത്യങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളായി കണക്കാക്കപ്പെടുന്നതിനാലും, സംഭവിക്കപ്പെട്ടത് തങ്ങളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കല്ല എന്ന കാരണത്താലും, അവരെന്നും സുരക്ഷിതരാണെന്ന വിശ്വാസത്തിന്റെ പിന്‍ബലത്താലുമൊക്കെയാവാം പലരും ഇത്തരം ക്രൈമുകളെ നിസ്സാരവത്കരിക്കുന്നത്. രേഖപ്പെടുത്തിയിട്ടുള്ള ക്രൈമുകളെല്ലാം സംഭവിച്ചിരിക്കുന്നത് സമുന്നതരായ, സാമ്പത്തിക ഭദ്രതയുള്ള വ്യക്തികളുടെ കുടുംബത്തിലല്ല എന്നത് മുഖവിലയ്‌ക്കെടുക്കുമ്പോഴാണ് സാധാരണക്കാരന്റെ സുരക്ഷയുടെ അളവുകളുടെ ആഴക്കുറവുകളില്‍ ആശങ്കപ്പെടേണ്ടിവരുന്നത്. പെര്‍വെര്‍ഷനുകള്‍ പെരുകുന്ന പുതിയകാലത്തില്‍ ഓരോ മിനുട്ടിലും ഓരോ ദുരന്തം സഭവിക്കാവുന്ന അവസ്ഥയിലേയ്ക്ക് നയിക്കപ്പെടാതിരിക്കാന്‍ നാം ഇനിയും മുന്‍കരുതലുകളെടുക്കേണ്ടതുണ്ട്. ലൈംഗിക ക്രിമിനലുകള്‍ക്ക് അതിക്രൂര ശിക്ഷ വിധിക്കുന്നതിനോട് ന്യൂനപക്ഷ വിയോജിപ്പു തുടരുംവരെ ഒന്നും ഒരിക്കലും നീതിപൂര്‍വ്വം ആകുവാന്‍ പോകുന്നില്ലെന്ന് സാധാരണക്കാര്‍ ആശങ്കപ്പെടുക തന്നെ ചെയ്യും. നമുക്ക് വേണ്ടത് ഇനിയൊരു പുതിയ നിയമമാണ്. അതിനോട് യോജിക്കുന്ന പുതിയ ഭരണകൂടവും. വംശാവലിയില്‍ പെണ്‍കുട്ടികള്‍ ഇനി വേണ്ടെന്ന് ഭയം കൊണ്ട് ഒരു തലമുറ തീരുമാനമെടുത്താല്‍ ഇതിലും ഭയാനകമാകും അവശേഷിക്കപ്പെടുന്ന സ്ത്രീയുടെ മാനം. നിയമവും നീതിയും ഭരണവും ജനങ്ങള്‍ കയ്യിലെടുക്കുന്ന ഒരുകാലം വിദൂരമല്ലെന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട് ഭരണവര്‍ഗ്ഗം കേള്‍ക്കാതെ പോകുന്ന പ്രതിഷേധങ്ങളുടെ അതിശക്ത ഇരമ്പലുകള്‍.