കേരളത്തില്‍ സകലമാന മീറ്റിങ്ങുകളിലും നടക്കുന്നത് പോലത്തെ സ്വാഗത പ്രസംഗങ്ങള്‍ ലോകത്തിന്റെ മറ്റു ഒരു ഭാഗത്തും നടക്കില്ല, നടക്കാന്‍ വഴിയില്ല. കാരണം, ഇവിടത്തെ മീറ്റിങ്ങുകളില്‍ ഒഴിച്ച് കൂടാനാവാത്ത സാനിധ്യമാണ് സ്വാഗത പ്രസംഗം നടത്തുന്നയാള്‍. ഇദ്ദേഹം നടത്തുന്ന പ്രസംഗത്തില്‍ ആര് പരിപാടി നടത്തുന്നു, അവരുടെ ആവശ്യം, ഉദ്ദേശം എന്നിവ എന്ത്, അവര്‍ക്ക് വേറെ എന്തൊക്കെ പരിപാടി ഉണ്ട്, പിന്നെ അവരുടെ ഓരോ വീര സാഹസിക കഥകള്‍, അങ്ങനെ തുടങ്ങി ഒരു 20 മിനിറ്റ് എങ്കിലും കക്ഷി “സ്വാഗതം” പറയും. ചിലര്‍ അധ്യക്ഷന്‍ ചെയ്യേണ്ട പണി തൊട്ട് നന്ദി പറച്ചില് വരെ സ്വാഗതില്ന്റെ ഇടയില്‍ തിരുകി കയറ്റിയെന്നും വരാം.
സ്വാഗത പ്രസംഗം വളരെ കുറച്ചു വരികളിലും വാക്കുകളിലും ഒതുക്കുന്ന മൈക്ക് വിഴുങ്ങികല്ലാത്ത ആളുകളുമുണ്ട്. അവര്‍ വന്നവരെ ഒന്ന് പരിചയപ്പെടുത്തും, പിന്നെ സ്വാഗതം എന്ന് പറയും, ഇനി വേറെ ചിലര്‍ അവര്‍ക്ക് എല്ലാം കൂടി ചേര്‍ത്ത് ഒരൊറ്റ വരിയാണ്, “വേദിയിലും സദസ്സിലും ഇരിക്കുന്ന എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും മറ്റു സുഹൃത്തുക്കള്‍ക്കും എന്റെയും ഈ സംഘടനയുടെയും പേരില്‍ ഞാന്‍ സ്വാഗതം ആശംസിച്ചു കൊള്ളുന്നു”. നല്ല എളുപ്പമുള്ള പരിപാടിയല്ലേ ? കേട്ടിരിക്കുന്നവര്‍ക്കും അതാണ് സുഖം. പക്ഷെ കേരളത്തിന് പുറത്ത്, അല്ലെങ്കില്‍ ഇന്ത്യക്ക് പുറത്ത്, അന്തര്‍ദേശിയ പരിപാടികളിലും ചടങ്ങുകളിലും സ്വാഗത പ്രസംഗം എന്ന് പറഞ്ഞാല്‍ സംഗതി വേറെയാണ്. നമ്മുടെ ലോക്കല്‍ പ്രസംഗത്തില്‍ നിന്നും അതിനു ഏറെ വ്യത്യാസമുണ്ട്.
അത്തരം വേദികളില്‍ ആകെ കൂടി സ്വാഗത പ്രസംഗം നടത്തുന്നയാളിന് ലഭിക്കുന്നത് 5 മിനിറ്റ് മാത്രമായിരിക്കും. ഇതിനിടയില്‍ അദ്ദേഹം കൃത്യമായും വ്യക്തമായും പറയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മീറ്റിംഗ് നടക്കുന്ന വേദിയുടെ സുരക്ഷ സംവിധാനങ്ങളും ഒരുക്കങ്ങളും, തീപിടുത്തം ഉണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, ശുചിത്വസംവിധാനങ്ങള്‍, മീറ്റിംഗില്‍ വന്നിടുള്ളവര്ക്ക് ആഹാരം,വെള്ളം,താമസം എന്നിവയെ കുറിച്ചുള്ള വിവരണം അവസാനം ഔപചാരികതയുടെ പേരില്‍ ഒരു സ്വാഗതവും.! ഇതാണ് അവിടത്തെ ഒരു രീതി..!
പക്ഷെ ഇവിടെ വേദിയില്‍ ഇരിക്കുന്നവരെ വേണ്ട രീതിയില്‍ അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ പരിചയപ്പെടുത്തി നല്ലവണം സ്വാഗതം പറഞ്ഞില്ലെങ്കില്‍ അവരുടെ മുഖം കറുക്കും. പിന്നെ ആ കറുപ്പ് മാറ്റാന്‍ വേറെ പരിപാടികള്‍ വയ്ക്കേണ്ടി വരും. അതു കൊണ്ട് അന്തര്‍ദേശിയ നിലവാരത്തിലേക്ക് നമ്മുടെ സ്വാഗത പ്രാസംഗികന് ഉയര്‍ന്നിട്ട് കാര്യില്ല..കാരണം അതു മനസിലാക്കാന്‍ ചിലപ്പോള്‍ വേദിക്കും സദസ്സിനും ചിലപ്പോള്‍ കഴിഞ്ഞില്ലയെന്ന് വരും, എങ്കിലും നാളെ ഒരു മാറ്റം ഉണ്ടായികൂടായെന്നുമില്ല..!