കേരളത്തില്‍ നടപ്പിലാക്കപ്പെടുന്ന തുഗ്ലക്ക് പരിഷ്കാരങ്ങള്‍ – കമലാലയം രാജന്‍.

0
220

Untitled-1

മുഹമ്മദ് ബിന്‍ തുഗ്ലക്ക് കേരളം ഭരിക്കാത്തതിന്റെ നിരാശ എനിക്ക് മാറിക്കിട്ടിയത് മഹാത്മാ ഉമ്മന്‍ചാണ്ടി മദ്യം നിരോധിച്ച് തീരുമാനം പ്രഖ്യാപിച്ചപ്പോഴാണ്. സൗദിയിലും സമ്പൂര്‍ണ്ണ മദ്യനിരോധനമാണ്. കള്ളുണ്ടാക്കിയാല്‍ തലപോകും. അവിടെ ചെന്ന് കുക്കറില്‍ ചാരായം വാറ്റി വില്‍ക്കുന്നവനാണ് മലയാളി. ദൈവങ്ങളുടെ ജനുസ്സില്‍പ്പെട്ട ചിലര്‍ക്ക് സംപ്രീതിക്കായി മണ്‍ചട്ടികളില്‍ വാറ്റുചാരായം നിവേദിക്കുന്ന ലോകത്തിലെ ഒരേഒരു ജനത. അങ്ങനെയുള്ള ഒരു സമൂഹത്തേയാണ് മഹാത്മാവ് നിയമംമൂലം മാറ്റാന്‍ പോകുന്നത്. കയ്യടിച്ചേ പറ്റൂ. എത്ര ധീരമായ തീരുമാനം. പക്ഷേ തമ്പുരാന്റെ കല്പനയില്‍ കുടിക്കരുതെന്ന് പറഞ്ഞിട്ടില്ല. തരില്ലന്നേ പറഞ്ഞിട്ടുള്ളു. മദ്യത്തിന്റെ ആകെമൊത്തംവിതരണം മഹാബുദ്ധിമാന്മാരുടെ വിഹാരകേന്ദ്രമായ അണ്ടിയാപ്പീസ് നേരിട്ടുതന്നെയാണല്ലോ നടത്തിയിരുന്നത്. അതങ്ങു നിര്‍ത്തുന്നു. അത്രതന്നെ.

ഇത്തരമൊരു ചരിത്രപരവും അതീവ ബുദ്ധിപരവുമായ തീരുമാനം ലക്ഷ്യംവയ്ക്കുന്ന ചിലകാര്യങ്ങളുണ്ട്. ടി ആപ്പീസ് അധികാരികള്‍ക്ക് സമീപമുണ്ടായിരുന്ന ഒഴിഞ്ഞ ചായക്കപ്പ്, അണ്ടിപ്പരിപ്പുണ്ടായിരുന്ന പാത്രം എന്നിവ എടുക്കാനെന്ന വ്യാജേന ചുറ്റിക്കറങ്ങിനിന്ന് ചോര്‍ത്തികിട്ടിയ ചില രഹസ്യങ്ങള്‍.

1. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ തിരുവഞ്ചൂരിനെക്കൊണ്ടൊന്നും പറ്റില്ലാന്ന് മനസ്സിലായി. ഭീമമായ നഷ്ടത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ കൂടുതല്‍ വരുമാനം കണ്ടെത്തിയേപറ്റൂ. അതിന് വണ്ടിയോടിക്കുന്നവരെ സംബന്ധിച്ച് കൂടുതല്‍ ഓട്ടംകിട്ടുക എന്നതാണല്ലോ. കേരളത്തില്‍ മദ്യനിരോധനം നടപ്പിലാക്കിയാല്‍ പാറശാലമുതല്‍ കാസറഗോഡുവരെയുള്ള അതിര്‍ത്തിപ്രദേശങ്ങളിലേക്ക് ലക്ഷക്കണക്കിന് ആളുകള്‍ ഒരിറ്റുമദ്യത്തിനായി കിലോമീറ്ററുകള്‍ ദിനേന യാത്രചെയ്യും. ഇതില്‍ 99ശതമാനവും ആനവണ്ടിയിലായിരിക്കും. അതായത് എല്ലാദിവസവും ആയിരക്കണക്കിന് നിറട്രിപ്പുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കും. പെന്‍ഷന്‍ കൊടുക്കാന്‍ അതുമതിയാവും.

2. ദാരിദ്രവും പട്ടിണിയും ഇപ്പോള്‍ ഉരുള്‍പൊട്ടലുമെല്ലാം ജീവിതം ദുസ്സഹമാക്കുന്ന അതിര്‍ത്തിപ്രദേശത്തെ ജനങ്ങള്‍ക്ക് പുഴുങ്ങിയമുട്ട, കപ്പ, വറുത്ത കപ്പലണ്ടി എന്നിവയുടെ വില്പനയിലൂടെ സമ്പന്നതയുടെ മുകളിലെത്താം.

3. കടുത്തമദ്യപാനികള്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ കേന്ദ്രീകരിക്കുന്നതുകൊണ്ട് അവിടെയുള്ള തദ്ദേശവാസികള്‍ക്ക് പൂരപ്പാട്ട്, ഭരണിപ്പാട്ട്, കൊലവിളി, വാളുവക്കല്‍ തുടങ്ങിയ കലാരൂപങ്ങള്‍ ടിക്കറ്റെടുക്കാതെ എല്ലാദിവസവും കാണാന്‍ കഴിയും. ടൂറിസത്തിനും ഇത് വലിയ പ്രയോജനം ചെയ്യും.

4. അതുകൊണ്ട് മേളയുടെ സുഗമമായ നടത്തിപ്പിനും നവവിപ്ലവം തകര്‍ന്നുപോകാതിരിക്കാനും കുടുതല്‍ പോലീസുകാരും എക്‌സൈസുകാരും വേണ്ടിവരും അങ്ങനെ ആയിരക്കണക്കായ നമ്മുടെ ചെറുപ്പാര്‍ക്ക് പുതിയതായി ജോലിലഭിക്കും.

5. മദ്യം ലഭിക്കാതിരുന്നാല്‍ ജനം അതുണ്ടാന്‍ ശ്രമിക്കും. അങ്ങനെ തകര്‍ന്നുകിടക്കുന്ന കരുപ്പട്ടി നിര്‍മ്മാണമേഖല വീണ്ടും പൂത്തുതളിര്‍ക്കും. അതുപോലെ കറുവപ്പട്ട, കലങ്ങള്‍ തുടങ്ങി മുരടിപ്പ് നേരിടുന്ന മേഖലകളിലെല്ലാം പുത്തനുണര്‍വ്വാണ് വരാന്‍ പോകുന്നത്.

6. ബിവറേജസ്സിന്റെ മുന്നില്‍ എന്നും വൈകുന്നേരം 20രൂപയുമായി കാത്തുനിന്ന് പിന്നെ അങ്ങനെയുള്ള ഒന്നിലധികം പേരുചേര്‍ന്ന് ഒരുകുപ്പിവാങ്ങി പങ്കിട്ട് കഴിക്കുന്നര്‍ക്ക് ഇനിയുള്ളത് നല്ലകാലമാണ്. നാട്ടുമ്പുറങ്ങളിലെ കലുങ്കുകള്‍ക്കടിയില്‍ നിന്നും വമ്പന്‍ രമ്യഹര്‍മ്യങ്ങളിലേക്കുള്ള അവരില്‍ പലരുടേയും വളര്‍ച്ച കണ്ട് അന്ധാളിക്കാനുള്ള നാളുകളാണ് വരാന്‍ പോകുന്നത്.

7. പാവപ്പെട്ട പല വിമുക്തഭടന്മാരും എവിടെയെങ്കിലും സെക്യൂരിറ്റിയായി നിന്ന് രാജ്യത്തിനുതന്നെ മാനക്കേടാവുന്ന കാലമൊക്കെ മാറാന്‍ പോകുന്നു. 150 രൂപയ്ക്ക് വാങ്ങി 350നും 400നുമൊക്കെ മറിച്ചുകൊടുക്കുന്ന ഇടപാടുകള്‍ നടക്കുന്നുണ്ട്. ഇനിയത് ആയിരത്തിനോ ആയിരത്തിയഞ്ഞൂറിനോ കൊടുത്താലും വാങ്ങാന്‍ ആളുണ്ടാവും. മുഖ്യന്‍ മഹാത്മാവിനെ എത്ര വാഴ്തിയാലാണ് മതിയാവുക. 8… 9… 10..

അങ്ങേയറ്റം തികഞ്ഞ സത്ഗുണസമ്പന്നനായ ഭരണാധികാരികളോട് ഈ എളിയ പ്രജയ്ക്ക് ചില അപേക്ഷകളുണ്ട്. വിതരണക്കാരന്‍ നിറുത്തിയാല്‍ ആളുകള്‍ മദ്യം മതിയാക്കിക്കോളും എന്ന നിങ്ങളുടെ യുക്തി ഞാന്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങുകയാണ്. അതേ യുക്തിയില്‍ ചില കാര്യങ്ങള്‍ കൂടിചെയ്ത് സഹായിക്കണം.

1. സംസ്ഥാനത്തുനിന്നും എല്ലാത്തരം കത്തികള്‍, പിച്ചാത്തികള്‍, മൂര്‍ച്ചയുള്ള എന്തും ഘട്ടംഘട്ടമായ നിരോധിക്കണം കാരണം എല്ലാദിവസവും പത്രങ്ങള്‍ നിറയ്ക്കാന്‍, അവ ഉപയോഗിച്ചാണ് കൊലപാതങ്ങള്‍ നടത്തുന്നത്.

2. മൊബൈല്‍, ലാന്‍ഡ് ഫോണുകള്‍ അടിയന്തിരമായി നിരോധിക്കണം അവഉപയോഗിച്ച് രാജ്യദ്രോഹം മുതല്‍ അന്യന്റെ ഭാര്യയെ വശീകരിക്കുന്നതുവരെയുള്ള കാര്യങ്ങളാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്നത്.

3. അടിയന്തിരമായി നിരോധിക്കേണ്ട മറ്റുചില വസ്തുക്കളാണ് കയര്‍, സാരി, ഷാള്‍, മുണ്ട്, കൈലി, വീടുകളിലെ കഴുക്കോലുകള്‍, ഫാന്‍ ക്ലാമ്പുകള്‍ എന്നിവ. ആയിരക്കണക്കിനുപേര്‍ക്ക് ആത്മഹത്യചെയ്യാന്‍ ടി വസ്തുക്കള്‍ പ്രേരണ നല്‍കുന്നുണ്ടെന്നുള്ളത് ഒരു ഭീകരയാഥാര്‍ത്ഥ്യമാണ്. ഒപ്പം 5 അടിയില്‍ കൂടുതല്‍ ഉയരമുള്ള എല്ലാ മാവുകളും പ്ലാവുകളും മൂറിച്ചുകളയാനും ഉത്തരവിടണം. 4… 5.. 6..

ഇതുപോലുള്ള ബുദ്ധിപരവും ധീരവും ചരിത്രപരവുമായ തീരുമാനങ്ങള്‍ അപേക്ഷിച്ചും പ്രതീക്ഷിച്ചും വോട്ടവകാശമുള്ള പൗരന്‍ കമലാലയം രാജന്‍

[divider]

ലേഖനം എഴുതിയത് : കമലാലയം രാജന്‍

[divider]