കേരളോത്സവം
എല്ലാ റോഡുകളും റോമിലേക്ക് എന്ന് പറഞ്ഞതുപോലെ ചെറുതും വലുതുമായ ആള്‍ക്കൂട്ടങ്ങള്‍ പോകുന്നത് വട്ടോളിയിലേക്കാണ്. വട്ടോളി സ്കൂളിന്റെ വിശാലമായ മൈതാനത്ത് ഇന്നും നാളെയുമായി കേരളോത്സവം നടക്കുകയാണ്. യുവജനങ്ങള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാനും അഭിരിചികള് വളര്‍ത്തിയെടുക്കുവാനും തങ്ങളുടെ മികവ് സംസ്ഥാന തലത്തില്‍ അല്ലെങ്കില്‍ ദേശീയ തലത്തില്‍ മാറ്റുരയ്ക്കുന്നതിനു വരെ കേരളോത്സവം വേദിയൊരുക്കാറുണ്ട്. ഉച്ചഭാഷിണിയിലൂടെ നല്ല ഗാനങ്ങള്‍ ഒഴുകി വരുന്നുണ്ട്.
75 total views

എല്ലാ റോഡുകളും റോമിലേക്ക് എന്ന് പറഞ്ഞതുപോലെ ചെറുതും വലുതുമായ ആള്‍ക്കൂട്ടങ്ങള്‍ പോകുന്നത് വട്ടോളിയിലേക്കാണ്. വട്ടോളി സ്കൂളിന്റെ വിശാലമായ മൈതാനത്ത് ഇന്നും നാളെയുമായി കേരളോത്സവം നടക്കുകയാണ്. യുവജനങ്ങള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാനും അഭിരിചികള് വളര്‍ത്തിയെടുക്കുവാനും തങ്ങളുടെ മികവ് സംസ്ഥാന തലത്തില്‍ അല്ലെങ്കില്‍ ദേശീയ തലത്തില്‍ മാറ്റുരയ്ക്കുന്നതിനു വരെ കേരളോത്സവം വേദിയൊരുക്കാറുണ്ട്. ഉച്ചഭാഷിണിയിലൂടെ നല്ല ഗാനങ്ങള്‍ ഒഴുകി വരുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് പുട്ടിനു തേങ്ങ ഇടുന്നത് പോലെ കര്‍ണ്ണഘടോരമായ ശബ്ദം അനൌന്സ്മെന്റ്റ് ആയി വരുന്നുമുണ്ട്. അപ്പോഴാണ് കോളേജ് റോഡില്‍ കൂടെ ഒരു പെണ്‍പട നടന്നു വരുന്നത് കണ്ടത്. ഈ രമണിയും ടീമും ഇതെങ്ങോട്ടാ ? രമണിയേച്ചിയേ, എങ്ങോട്ടാ ഇത്ര ദ്രുതിയില്‍? വട്ടോളിയിലെക്കാണ് കേരളോത്സവമല്ലേ, ഒന്ന് ചെന്നുനോക്കട്ടെ. അതേയ് അതിനവിടെ ഓലമെടച്ചി ലൊന്നുമില്ല. നീ പോ മോനെ ദിനേശാ എന്ന മോഹന്‍ലാലിന്റെ ഡയലോഗും അടിച്ചു കൊണ്ട് രമണി കടന്നു പോയി. രമണിയാണ് ഞങ്ങളുടെ നാട്ടില്‍ ഏറ്റവും വേഗത്തില്‍ ഓല മെടയുന്ന യുവതി.
അങ്ങനെ ഓരോ തമാശകളുമായി നില്ക്കുന്ന ഞങ്ങളുടെ അടുത്തേക്ക് ജയേഷിന്റെ യമഹ കുതിച്ചുകൊണ്ട് വന്നു. പുറകിലിരുന്ന ശ്യാംജിത്ത് ചാടിയിറങ്ങിക്കൊണ്ട് പറഞ്ഞു ‘അളിയാ…വട്ടോളി സ്കൂള്‍ ഗ്രൗണ്ടില്‍ നിറയെ ‘കളേര്‍സ്’. വിട്ടാലോ ? അല്ലെങ്കിലും ഇന്നിവിടെ നിന്നിട്ടൊരു കാര്യവുമില്ല. ഞായറാഴ്ചയാണ്. മൊകേരി കോളേജും യുറീക്ക കോളേജും അവധിയാണ്. ഒരു പെണ്തരിയെപോലും മഷിയിട്ടു നോക്കിയാല്‍ കണ്ടു പിടിക്കാന്‍ പറ്റില്ല. ആ രമണി വരെ പോയി. ഇനിയെന്ത്കാണാനാ ഇവിടെ നില്‍ക്കുന്നെ… വാ നമുക്കും പോകാം. അങ്ങനെ ഞങ്ങളെല്ലാവരും വട്ടോളിയിലേക്ക് പുറപ്പെട്ടു. ഇപ്പോള്‍ ഗാനങ്ങളൊക്കെയും മനോഹരമായിട്ടു കേള്‍ക്കാം. മൈതാനത്തിന്റെ ഒരു ഭാഗത്ത് പുരുഷന്മാര്ക്കുള്ള ഷോട്ട്പുട്ട് മത്സരം നടക്കുന്നുണ്ട്. കിഴക്ക് ഭാഗത്ത് വനിതകളുടെ ലോങ്ങ് ജമ്പ്. സ്വാഭാവികമായും മൈതാനത്തിന്റെ കിഴക്കുവശത്തുള്ള മരത്തണലിലെ പടിക്കെട്ടുകളിലൊന്നില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. അങ്കവും കാണാം, താളിയും ഒടിക്കാം. ‘കണ്കള് ഇരണ്ടാല്‍ എന്‍ കണ്കള് ഇരണ്ടാല്‍’… മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. ചേച്ചിയാണ്. വീട്ടിലേക്കു വരുമ്പോ പപ്പടം വാങ്ങണം എന്ന്. ചേച്ചിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ കുട്ടിയെ കണ്ടത്. നീണ്ടു വിടര്‍ന്ന കണ്ണുള്ള , നല്ല മുഖ ഐശ്വര്യമുള്ള കുട്ടി. എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ കാണാറുള്ള അതേ പെണ്‍കുട്ടി. ചേച്ചീ പപ്പടമോക്കെ ഞാന്‍ വാങ്ങിച്ചോളാം, ഇപ്പൊ ഫോണ്‍ വയ്ക്ക്..ഈ കുട്ടിയെ ഒന്ന് ്രൈട ചെയ്തു നോക്കിയാലെന്താ എന്ന് ഉള്ളിലിരുന്നു ആരോ പറയുന്നത് പോലെ. ഹലോ.. ശ്രീലാല്‍ വീട്ടില്‍ തന്നെയുണ്ടോ? ഇന്നിങ്ങോട്ടു കണ്ടില്ലല്ലോ എന്നാ എന്റെ ചോദ്യത്തിന്, ചേട്ടാ, ഇത് പഴയ നമ്പര്‍ അല്ലെ, പുതിയത് വല്ലതും ഉണ്ടേല്‍ ്രൈട ചെയ്യ് എന്ന അവളുടെ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. നീ പോടീ ഉണ്ടക്കണ്ണി, നിന്നെ ഞാന്‍ എടുത്തോളാം എന്ന എന്റെ അത്മരോഷത്തിനു, ഒരു നോട്ടത്താല് മറുപടി നല്കി അവള് ഓടിപ്പോയി. ശ്യാംജിത്ത് ഉടനെ വന്നു എന്റെയടുത്ത് ചോദിച്ചു, നീ എന്ത് പരിപാടിയാ കാണിച്ചേ ? അത് നമ്മടെ സ്കൂളിലെ ഹെഡ് മാഷിന്റെ മകളാണ്. ഇനി നിനക്ക് പണി പാലും വെള്ളത്തില്‍ കിട്ടിക്കോളും. അങ്ങ് ദൂരെ നിന്ന് ആ കുട്ടി അവളുടെ അച്ഛനോട് സംസാരിക്കുന്നത് ഞങ്ങള്‍ക്ക് ഇവിടെ നിന്ന് കാണാം. ഇവളെന്തിനാ ഇതൊക്കെ സീരിയസ് ആയി എടുക്കുന്നത്. അവളുടെ സൌന്ദര്യത്തിനു ഞാന്‍ കൊടുത്ത ഗ്രേയ്സ് മാര്‍ക്ക് ആയി കണ്ടാല്‍ പോരെ ? സംഘാടക സമിതിയിലെ 2 3 ചേട്ടന്മാര് അവര്ക്കടുതെക്ക് വരുന്നതും കാണാനായി. ഭഗവാനെ, അത് രാജേട്ടനും ചന്ദ്രെട്ടനുമാണല്ലോ. അവര്‍ക്കൊക്കെ എന്നെ നന്നായറിയാം. അവരെന്റെ നേര്‍ക്ക് കൈ ചൂണ്ടുന്നത് കാണുന്നുണ്ട്. എല്ലാം കുളമായി. ഈശ്വരാ..ഏത് നേരത്താണാവോ ഈ ഹലാകിന്റെ ബുദ്ധി എനിക്ക് തോന്നിയത് . എല്ലാവരും പിരിഞ്ഞു പോയി, ഒരു മിനിറ്റ് തികഞ്ഞില്ല അപ്പോഴേക്കും വന്നു അനൌന്സ്മെന്റ് :
അപ്പത്താം മാവുള്ളതില്‍ ലികേഷ് കുമാര്‍ ഗ്രൌണ്ടിന്റെ പരിസരത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍തന്നെ മൈക്ക് പൊയന്റുമായി ബന്ധപ്പെടുക…
ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങ വീണത് പോലെയായി എന്റെ അവസ്ഥ . ചെല്ല് , പോയി വാങ്ങിച്ചോ എന്ന സുഹൃത്തുക്കളുടെ പരിഹാസത്തിനിടയില്‍ ഞാന്‍ മൈക്ക് പോയിന്റ് ലക്ഷ്യമാക്കി നടന്നു. കണ്ണില്‍ ഇരുട്ട് കയറുന്നു, കാലിടറുന്നു, കൈകള്‍ തളരുന്നു, തൊണ്ട വരളുന്നു.. ഇത്രയും കാലും ഉണ്ടാക്കി വച്ച ഇമേജ് ആണ് ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീഴാന്‍ പോകുന്നത്. ഇനി അച്ഛന്റെയും അമ്മയുടെയും മുഖത്തെങ്ങനെ നോക്കും എന്ന് തുടങ്ങി പലവിധ ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്ന്! പോയി. ഇതാണോ നിങ്ങള്‍ പറഞ്ഞ ആള് ? ഹെഡ്മാഷ് രാജേട്ടനോട് ചോദിച്ചു . അതെ ഇത് തന്നെ. ശിക്ഷാവിധി എന്ത് തന്നെയായാലും അതേറ്റു വാങ്ങാന്‍ ഞാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തു. ലികേഷേ, നമ്മുടെ സ്കൂള്‍ കൊമ്പൌണ്ടിലുള്ള ഡിഷ് ടിവിയുടെ ആന്റിന അഴിക്കാന്‍ ഒരു 30 32 സ്പാന്നരു വേണം. നീയാ കാറിലെ രവിയെട്ടനോട് പറഞ്ഞു ഒന്ന് സങ്കടിപ്പിച്ചു തരാമോ ?
ഹോ.. ഇത്രേ ഉള്ളോ ?. ഇതിനാണോ ഇത്രേം ടെന്‍ഷന്‍ അടിച്ചത് ? തൂക്കിക്കൊല്ലാന്‍ വിധിച്ച പ്രതിയോട് നിന്നെ വെറുതെ വിട്ടു എന്ന് പറഞ്ഞാല്‍ എന്ത് തോന്നും. ? സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു..ഇതൊക്കെ കണ്ടു കൊണ്ട് മാഷിന്റെ മകള്‍ അടുത്ത് തന്നെ നില്‍പ്പുണ്ട്. അവള്ടെ മുഖത്ത് ഒരു മന്ദഹാസം. മോനെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. ഇനി അവളുടെ മനസ്സിലും ലഡ്ഡു പൊട്ടിക്കാണുമോ എന്ന് ചിന്തിച്ചുകൊണ്ടിരുന്ന എന്നെ തള്ളിക്കൊണ്ട് രാജേട്ടന് പറഞ്ഞു, ഒന്ന് വേഗം ശരിയാക്കിക്കൊടുക്കെടാ, അത്യാവശ്യമാണ്. അതിനെന്താ, ഇതിപ്പോ ശരിയാക്കിത്തരാം. മൊയ്തീനെ ആ വലിയ സ്പാനെറിങ്ങെടുത്തേ എന്നും പറഞ്ഞു ഞാന്‍ രവിയേട്ടനെ മൊബൈലില്‍ വിളിച്ചു. രവിയേട്ടന് സ്പാന്നര്‍ ഉടനെ കൊടുത്തയാമെന്ന് പറഞ്ഞു. അഞ്ചു മിനിട്ടിനുള്ളില്‍ സ്പാന്നര്‍ കിട്ടി. ഞാന്‍ കിട്ടിയപാടെ അതുമെടുത്തോണ്ട് ഹെഡ് മാഷുടെ അടുത്തേക്ക് നടന്നു. ഷൈന്‍ ചെയ്യാന്‍ കിട്ടുന്ന ചാന്‍സ് അല്ലെ. എന്തിനാ വെറുതെ കളയുന്നത്. പക്ഷെ ആ കൊച്ചു സുന്ദരിയെ എനിക്ക് കാണാനായില്ല..
അങ്ങനെ നിരാശയോടെ നില്‍ക്കുമ്പോഴാണ് അടുത്ത അനൌണ്സ്മെന്റ് കേട്ടത്. പുരുഷന്മാര്ക്കുള്ള ഡിസ്കസ് ത്രോ മത്സരം ഗ്രൌണ്ടിന്റെ വടക്കുഭാഗത്ത് നടക്കുന്നു. സംഭവം മനസ്സിലായില്ലേ ? മോഹന്‍ലാല്‍ ഒളിമ്പ്യന്‍ അന്തോണി ആദം എന്നാ സിനിമയില്‍ കറക്കിയെരിയുന്ന സാധനം…അപ്പോഴാണ് എയര്‍ടെല്‍ കുട്ടന് ഓടിവന്നു പറയുന്നത് , നമ്മുടെ ജിത്ത് ഡിസ്കസ് ത്രോവില്‍ പങ്കെടുക്കുന്നുണ്ട്. കാണണേല് വാ എന്ന്.. ഞാന്‍ ചുറ്റിലും നോക്കി. ഇത്രയും നേരം എന്റെ തൊട്ടടുത്ത് നിന്നവനാ. ഒരു വാക്ക് പോലും പറയാതെ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയോ ?
‘ചലപില ചലപില ജുംബനക്ക…
ജീയ ഹൂയ ശ്യാംജിത്ത് കെ എം..
‘ചലപില ചലപില ജുംബനക്ക…
ജീയ ഹൂയ ശ്യാംജിത്ത് കെ എം…
ശ്യാംജിത്ത് കെ എം കീ ജയ്…
ശ്യാംജിത്ത് കെ എം കീ ജയ്… തുടങ്ങിയ വിളികളോടുകൂടി ഞങ്ങള്‍ ഡിസ്കസ് ത്രോ നടക്കുന്ന സ്ഥലത്തേക്ക് നടന്നു. മത്സരം നടക്കുന്നിടത്ത് ആകെകുറച്ചു പേരെ ഉള്ളു. ഡിസ്കസ് ത്രോ യില്‍ പങ്കെടുക്കാന്‍ 6 പേര് ഒരു വരിയില്‍ നില്‍ക്കുന്നുണ്ട്. ഏറ്റവും അവസാനമായി നമ്മുടെ ശ്യാംജിത്തും… അശോകന് മാസ്റ്റര്‍ എല്ലാത്തിനും മേല്‍നോട്ടം വഹിക്കാന്‍ അവിടെത്തന്നെയുണ്ട്. ജിത്തിന്റെ ഓരോ ത്രോയ്ക്കും ഞങ്ങള്‍ കൂകി വിളിച്ചു കൊണ്ടിരുന്നു. ചുമ്മാതെയൊന്നുമല്ല. ഈ ത്രോ കഴിഞ്ഞിട്ട് വേണം അവന്റെ ചിലവില്‍ നാരങ്ങ സോഡാ കുടിക്കാന്‍..അവന്ടടുത്തു നിന്ന് അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. ജിത്തിന് പ്രോത്സാഹനസമ്മാനം കിട്ടിയില്ല എന്ന് മാത്രമല്ല കൂകികൂകി തൊണ്ടയിലെ വെള്ളം വറ്റിച്ച ഞങ്ങള്‍ക്ക് തൊണ്ട നനക്കാന്‍ പച്ചവെള്ളം പോലും തന്നില്ല. തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നൊക്കെ പറഞ്ഞു ജിത്തിനെ ആശ്വസിപ്പിക്കുന്നതിനിടയില്‍ അടുത്ത അനൌണ്സ്മെന്റ് :
വനിതകള്‍ക്കുള്ള ഡിസ്കസ് ത്രോയില്‍ ഗ്രൌണ്ടിന്റെ വടക്കുഭാഗത്ത് നടക്കുന്നു… അളിയാ എഴുന്നേല്‍ക്ക്.. വനിതകള്‍ക്കുള്ള ഡിസ്കസ് ത്രോ.. അനൌണ്സ്മെന്റ് തീരുന്നതിനു മുന്‍പേ അവിടം ജനസമുദ്രമായി മാറിക്കഴിഞ്ഞിരുന്നു.
ആദ്യത്തെ മത്സരാര്‍ത്ഥിയെ കണ്ടു ഞങ്ങളെല്ലാവരും ഞെട്ടി. രമണി…അല്പം മുന്‍പ് മൊകേരിയില്‍ വച്ചുകണ്ട അതേ രമണി. ജനിച്ചിട്ട് ഇന്നുവരെ ഡിസ്കസ് ത്രോ കണ്ടിട്ടില്ലാത്തവളാണ് ഇപ്പൊ അതില്‍ പങ്കെടുക്കാന്‍ പോകുന്നത്. രമണി ഓല മെടച്ചിലില്‍ ബിരുദാനന്ദര ബിരുദം എടുത്തവളാണ്. പിന്നെ ഓല മെടച്ചില്‍ ഒരു ഗോമ്പറ്റിഷന്‍ ഐറ്റം അല്ലാത്തതുകൊണ്ട് ഗപ്പോന്നും ഗിട്ടിയിട്ടില്ല. അശോകന് മാസ്റ്റര്‍ വിസിലടിച്ചു. രമണി കണ്ണും പൂട്ടി ഒരൊറ്റ ഏറ്. കണ്ടു കൊണ്ടിരിരുന്ന ആള്‍ക്കാരൊക്കെ ഒരു നിമിഷത്തേക്ക് സ്തബ്ധരായി. കണ്ണുകളെ വിശ്വസിക്കാന്‍ വയ്യ. പുരുഷന്മാര് ഏറിഞ്ഞതിനെക്കാളും കൂടുതല്‍ ദൂരത്തില്‍ ഡിസ്ക് ചെന്ന് വീണിരിക്കുന്നു. അതെ, പുതിയ ഒരു താരം പിറന്നിരിക്കുന്നു .. ജീവിതത്തില്‍ ആദ്യമായി ഡിസ്കസ് ത്രോ ചെയ്യുന്ന ഒരു വനിത ഇത്രയും ദൂരെ എറിയുക എന്ന് വച്ചാല്‍ ? നന്നായി പരിശീലിപ്പിച്ചാല്‍ അവള് കേരളത്തിനു എന്തിനു, ഭാരതത്തിനു തന്നെ അഭിമാനമായേക്കാം. ഓ..ഇതൊക്കെ എന്ത് എന്നാ മട്ടില്‍ നില്‍ക്കുകയാണ് രമണി. ഹലിന കൊനോപാക്കയുടെ ലോക റെക്കോര്‍ഡ് വെട്ടിച്ചോ ഇവള് എന്ന് പറഞ്ഞുകൊണ്ട് അശോകന് മാസ്റ്റര്‍ അവളെറിഞ്ഞ ദൂരം അളക്കാന്‍ പറഞ്ഞു. പഞ്ചായത്ത് ചിലവില്‍ ഇവള്‍ക്ക് നല്ല പരിശീലം ഏര്‍പ്പാടാക്കാന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഞന്‍ വേണ്ടത് ചെയ്യുന്നുണ്ട് എന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു കൊടുത്തു. 2016 ലെ ഒളിമ്പിക്സില്‍ ബ്രസീലിന്റെ മണ്ണിനെ പുളകം കൊള്ളിച്ചുകൊണ്ട് രമണി വിക്ടറി സ്റ്റാന്ടില് കയറുന്നതും മറ്റു പതാകകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയരുന്നതും ഒരിക്കല്‍ കൂടി ഒളിമ്പിക്സില്‍ ജനഗണമന മുഴങ്ങിക്കേള്‍ക്കുന്നതും ഒരു ഞൊടിയിടയ്ക്കുള്ളില്‍ എന്റെ മനസ്സിലൂടെ കടന്നു പോയി. അശോകന് മാസ്റ്റരുടെ ആക്രോശം കേട്ടുകൊണ്ടാണ് ഞാന്‍ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചു വരുന്നത്. ഇവിടെ വച്ച 50 മീറ്ററിന്റെ ടേപ്പ് എവിടെ ??? അപ്പോഴാണ് ഗ്രൌണ്ട് ബോയ്സ് പൊട്ടി തരിപ്പണമായ മീറ്റര്‍ ടേപ്പും എടുത്തു കൊണ്ട് വന്നത്.
മാഷേ ഇപ്പൊ ഇവിടെ നിന്ന് എറിഞ്ഞത് ഡിസ്ക് അല്ല മീറ്റര്‍ ടേപ്പാണ്..
അതുവരെ നീണ്ടു നിന്ന ആകാംക്ഷ വലിയൊരു പൊട്ടിച്ചിരിയിലേക്ക് വഴിമാറിയപ്പോഴേക്കും രമണി സ്ഥലം വിട്ടിരുന്നു.
ഇപ്പഴും എവിടെയെങ്കിലും കായിക മേള നടക്കുന്നു എന്നറിയുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് രമണിയുടെ മുഖമാണ്… .ഡിസ്കസ് ത്രോയ്ക്ക് പുതിയ മാനം നല്കിയ രമണിയുടെ മുഖം.
76 total views, 1 views today
