സായാഹ്ന സവാരിക്കിടയില്‍ കെ. കെ. തമ്പുരാന്‍ ഒരു പഴയ പരിചയക്കാരനെ കണ്ടുമുട്ടി. അകലെ വച്ചുതന്നെ അയാള്‍ തമ്പുരാനെ തിരിച്ചറിഞ്ഞു. എന്നാല്‍, തമ്പുരാണ് ഒറ്റനോട്ടത്തില്‍ ആളെ മനസ്സിലായില്ല. നല്ല മുഖപരിചയമുണ്ട്. അയാളുടെ മുഖത്ത് കണ്ട ചിരി മറ്റാരുടെയോ ചിരിപോലെയാണ് തമ്പുരാണ് തോന്നിയത്. എവിടെയോ കണ്ടു മറന്ന ചിരി. അല്ല, മറന്നതല്ല. ആകെ ഓര്‍മ വരുന്നത് ആ ചിരി മാത്രമാണിപ്പോള്‍. പക്ഷേ, എവിടെ വച്ച്, ഏതു കാലത്ത്, എങ്ങനെയാണ് അയാളെ പരിചയപ്പെടാനിടയായതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഒരു പക്ഷേ കോടതിയില്‍ ഒരുമിച്ച് പ്രാക്ടീസ് ചെയ്തിട്ടുള്ള ഒരു വക്കീലായിരിക്കാം. അല്ലെങ്കില്‍ തന്റെ ജൂനിയറോ സീനിയറോ ആയ ഒരു ജഡ്ജി. അതുമല്ലെങ്കില്‍ പഴയൊരു അയല്‍ക്കാരന്‍. ഇനി വല്ല അകന്ന ബന്ധുവോ മറ്റോ ആണോ എന്നുപോലും തമ്പുരാണ്
സംശയമായി.

എന്തായാലും പരിചയത്തിനു നല്ല പഴക്കമുണ്ട്. അതുകൊണ്ടാണ്, ഈ മറവി. ചില നേരങ്ങളില്‍ ഒരിക്കലും കൂടാത്തൊരു കോടതി തന്നെയാണ് തമ്പുരാന്റെ ഓര്‍മ. സുഹൃത്തിന്റെ പേരുപോലും ഓര്‍ക്കാന്‍ കഴിയുന്നില്ല. വിചാരണയ്‌ക്കെടുക്കാത്ത ഒരു കേസുകെട്ടു പൊടിതട്ടി കുടഞ്ഞെടുക്കുന്നതുപോലെ തമ്പുരാന്‍ സുഹൃത്തിനെ നോക്കി ചിരിച്ചു. ഓര്‍മ വീണ്ടെടുക്കാന്‍ കുശലാന്വേഷണം നടത്തി.

‘ഹലോ. എന്താ ഈ വഴിയ്‌ക്കൊക്കെ?’
‘വരും വഴിയാ’
‘എത്ര കാലമായി തമ്മില്‍ കണ്ടിട്ട്.’
‘ഞാന്‍ ഇന്നലെ പുറത്തിറങ്ങിയൊള്ളൂ’
‘പുറത്തിറങ്ങിയോ അതിന് താന്‍ വല്ല ജയിലിലോ മറ്റോ ആയിരുന്നോ പുറത്തിറങ്ങാന്‍.’

അയാളുടെ ഫലിതംകേട്ട് തമ്പുരാനും തമ്പുരാന്റെ തമാശകേട്ട് അയാളും ഉറക്കെ ചിരിച്ചു. വെറും വാക്കുകള്‍ക്കു പലപ്പോഴും കൈവിലങ്ങുകളുടെ മുറുക്കമുണ്ടെന്ന് തമ്പുരാന്‍ നോക്കാറില്ല. പുറത്തിറങ്ങുക എന്ന പ്രക്രിയയുടെ നിയമവശത്തെപ്പറ്റി മാത്രമാണ് അദ്ദേഹം ചിന്തിച്ചതു.
അയാളുടെ ഫലിതം കേട്ടപ്പോള്‍ തമ്പുരാന്‍ ആളെ തിരിച്ചറിയുകയും ചെയ്തു. ഇത്തരം തമാശകള്‍ പൊട്ടിക്കുന്ന ഒരു വക്കീല്‍ പണ്ട് തമ്പുരാന്റെ കൂടെ
പ്രവര്‍ത്തിച്ചിരുന്നു. എത്ര ഗൗരവത്തിലിരുന്നാലും അയാളടിക്കുന്ന ഗുണ്ടുപോലെ പൊട്ടുന്ന വിറ്റു കേട്ടാല്‍ ആരും പൊട്ടിച്ചിരിച്ചുപോവും.
കൊലക്കുറ്റത്തിന്റെ വിചാരണയാണെങ്കില്‍ തന്നെയും, വധശിക്ഷയും പ്രതീക്ഷിച്ച് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കൊലപ്പുള്ളിയെപ്പോലും കടുകുടെ ചിരിപ്പിക്കുന്ന ചോദ്യങ്ങളാണ് ആ വക്കീല്‍ ചോദിക്കുക. എങ്കിലും തന്റെ തമാശകള്‍കേട്ടു ചിരിക്കുന്നവരുടെ കൂടെ അയാള്‍ ചിരിക്കാറില്ല.
അയാള്‍ ചിരിപ്പിക്കുന്നതല്ലാതെ സ്വയം ചിരിക്കുന്നതായി ഒരിക്കലും തമ്പുരാന്‍ കണ്ടിട്ടേയില്ല.

തന്റെ ചിരികള്‍ മറ്റുള്ളവര്‍ തട്ടിപ്പറിച്ചെടുത്തുകൊണ്ടുപോയ നഷ്ടബോധത്തോടെ ചിരിക്കുന്നവരെ നോക്കിനില്‍ക്കുന്ന ആ സുഹൃത്തിന്റെ മുഖം തമ്പുരാന്‍ ഓര്‍മ്മിച്ചു. പക്ഷേ, എന്തായിരുന്നു അയാളുടെ പേര്? ഒരിക്കലും ചിരിച്ചുകണ്ടിട്ടില്ലാത്ത ആ സുഹൃത്താണിപ്പോള്‍ മുമ്പില്‍നിന്നു
ചിരിക്കുന്നത്. അതാണ് മനസിലാവാത്തതും. ഓര്‍മയിലുള്ള സുഹൃത്തിന്റെ മുഖത്തിന് ഈ ചിരി ചേരുന്നുമില്ല. എങ്കിലും അയാള്‍
തന്നെ ഇയാള്‍. അതുറപ്പാണ്. പക്ഷേ, പേര്….

സുഹൃത്തിനെ ഇനിയെങ്കിലും പേരു വിളിച്ച് സംബോധന ചെയ്തില്ലെങ്കില്‍ മോശമല്ലേ. ആളെ മനസിലായില്ലെന്നു തോന്നിക്കൂടല്ലോ. ആലോചിക്കാന്‍ അല്‍പം ഇട കിട്ടുന്നതിനുവേണ്ടി തമ്പുരാന്‍ സുഹൃത്തിനെ വീട്ടിലേയ്ക്കു ക്ഷണിച്ചു.

‘വരൂ, നമുക്കു വീട്ടില്‍ കേറിയിട്ടു പോവാം.’
‘അങ്ങയുടെ വീടുതേടിയാണ് ഞാന്‍ വന്നത്.’

മരണവീട്ടിലേയ്‌ക്കെന്നപോലെയാണ് തമ്പുരാന്‍ സുഹൃത്തുമൊത്തു സ്വന്തം വീട്ടിലേയ്ക്കു തിരിച്ചുനടന്നത്. ഇനി ഒരു തെളിവും വേണ്ട. ആള്‍ അതുതന്നെ. ആ വക്കീല്‍ സുഹൃത്ത്. എത്രയോ കാലം ഒരുമിച്ച് ഒരേ കോടതിയില്‍ പ്രാക്റ്റീസ് ചെയ്തിരിക്കുന്നു. തമ്പുരാന്‍ മുമ്പേ ജഡ്ജിയായെന്നു മാത്രം. അതുകൊണ്ടാണ് സുഹൃത്തിനിത്ര ഭവ്യതയും അങ്ങെന്നുള്ള ഈ വിളിയും! വഴിനീളെ നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞു നടക്കുന്നതിനിടയില്‍ തമ്പുരാന്‍
സുഹൃത്തിന്റെ പേര് ആലോചിച്ചു തലപുണ്ണാക്കി. വഴിവക്കത്തു കണ്ട അനാഥപ്രേതത്തിനു ചുറ്റും ആളുകൂടിയിരിക്കുന്നതുപോലെ തമ്പുരാന്റെ സ്മരണകള്‍ സുഹൃത്തിന്റെ അജ്ഞാതമായ പേരിനു ചുറ്റും വട്ടംകൂടി. പണ്ടെവിടെയോ മറന്നുവച്ചിട്ട് ഇപ്പോള്‍ തിരിച്ചു കിട്ടിയപോലുള്ള ചിരി
മാത്രമാണ് മനസ്സില്‍ തെളിയുന്നത്. കഴുമരത്തിനു കീഴെ നില്‍ക്കുന്ന കൊലപ്പുള്ളിയുടെ മുഖം മൂടികെട്ടിയ കറുത്തതുണിപോലുള്ള ചിരി. തൂക്കിക്കൊല
കഴിഞ്ഞാലെ കറുത്തതുണി മാറ്റി ആ മുഖം കാണാന്‍ പറ്റൂ. ഓര്‍മ്മയുടെ ജയിലഴികള്‍ക്കുള്ളില്‍ തടവുപുള്ളികളാണധികവും. ഒരു
കൂട്ടുകാരനെപ്പോലും കാണാനില്ല.

ആത്മമിത്രത്തെപ്പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ താറുമാറായ തന്റെ ഓര്‍മ്മശക്തിയെ പഴിച്ചുകൊണ്ട് തമ്പുരാന്‍ ഒരു പ്രകാരത്തില്‍ വീടുപറ്റി. അപ്പോഴും സുഹൃത്തിന്റെ മുഖത്തുകണ്ട അടക്കിപ്പിടിച്ച ചിരി തമ്പുരാനെ വല്ലാതെ വിഷമിപ്പിച്ചു. കള്ളി വെളിച്ചത്തായെന്നുണ്ടോ? എന്തുമാകട്ടെ. രണ്ടും കല്‍പിച്ച് തമ്പുരാന്‍ പറഞ്ഞു:

‘കൃഷ്ണന്‍നായരിരിക്കൂ.’

തികച്ചും സ്വാഭാവികമായ രീതിയില്‍ വായയില്‍ തോന്നിയ പേര് പറഞ്ഞ് തമ്പുരാന്‍ സുഹൃത്തിനെ ക്ഷണിച്ചു. ആ വിളികേട്ട് കൃഷ്ണന്‍നായരുടെ ചിരി
പൊട്ടിച്ചിരിയായി. ജാള്യത മറയ്ക്കാന്‍ തമ്പുരാനും കൂടെ ചിരിച്ചു.

‘ഒരു കാലത്ത് സ്വയം ചിരിക്കാതെ ഞങ്ങളെയൊക്കെ ചിരിപ്പിക്കുക മാത്രം ചെയ്ത കൃഷ്ണന്‍ നായര്‍ എന്നു മുതലാണിങ്ങനെ ചിരിക്കാന്‍ പഠിച്ചതു? തന്നെ കണ്ടപ്പോഴാണ് എനിക്കു ആ പഴയ, കുപ്രസിദ്ധമായ ബലാല്‍സംഗകേസ് ഓര്‍മ്മ വന്നത്. ഞാനാണല്ലോ ആ കേസു കേട്ടത്. പ്രതികള്‍ക്കുവേണ്ടി ഹാജരായത് താനും. ഓര്‍ക്കുന്നോ കൃഷ്ണന്‍നായരേ, അന്നമ്മ എന്ന നേഴ്‌സിനെ അഞ്ചെട്ടുപേര്‍കൂടി ബലാല്‍സംഗം ചെയ്തു കൊന്ന കേസ്…..?

‘അങ്ങേയ്ക്കു പേരു തെറ്റി. ഞാന്‍ കൃഷ്ണന്‍നായരല്ല’

കേള്‍ക്കല്ലേ എന്ന് ആശിച്ച അതേ മറുപടി തന്നെയാണ് കൃഷ്ണന്‍നായരുടെ വായില്‍നിന്നു വീണത്.

‘അങ്ങേയ്ക്കു ആളും തെറ്റി.’

‘ഓ….. ശരിയാണ്. രാജശേഖരന്‍പിള്ള. കണ്ടിട്ടു വളരെ കാലമായല്ലോ. അതാ പേരു മാറിപ്പോയത്. ഐ നോ രാജശേഖരന്‍. യേസ് നൗ ഐ റിമെംബര്‍ യു വെല്‍.’

രാജശേഖരന്‍പിള്ള എന്നാണ് പിന്നീട് തോന്നിയ പേര്. സുഹൃത്തിന്റെ പേര് അതുതന്നെ ആയിരിക്കണേ എന്നു മനസ്സാ പ്രാര്‍ത്ഥിച്ചുകൊണ്ടു തമ്പുരാന്‍ പറഞ്ഞു. പക്ഷേ അല്ലായിരുന്നു.

‘നോ സാര്‍, ഞാന്‍ രാജശേഖരന്‍പിള്ളയുമല്ല. അങ്ങന്നെ മറന്നു. അങ്ങു പറഞ്ഞ ആ ബലാല്‍സംഗക്കേസിലെ ഒന്നാം പ്രതിയായിരുന്നു, ഞാന്‍. പ്രതിഭാഗം അഡ്വക്കേറ്റല്ല! ആ കേസില്‍ അങ്ങെന്നെ വെറുതെ വിട്ടു. മറ്റു കൂട്ടുപ്രതികളെ ശിക്ഷിക്കുകയും ചെയ്തു. അങ്ങതൊക്കെ മറന്നോ!

തമ്പുരാനു വാക്കു മുട്ടി. ഇനി അറിയാനെന്തൊള്ളൂ! ശരിക്കും ആരാണിയാള്‍? തമ്പുരാന്റെ മനസ്സ് ദഹനക്ഷയം ബാധിച്ച ആമാശയംപോലെ വേദനിച്ചു. ഇത്തരം ഓര്‍മ്മക്കേടുകള്‍ കള്ളസാക്ഷി പറയുന്നതിനേക്കാള്‍ വലിയ കുറ്റമാണ്. ഇനി ഒന്നേ ചോദിക്കാനുള്ളൂ. ആരാണ് നിങ്ങള്‍? പക്ഷേ, സുഹൃത്തിന്റെ നിശബ്ദമായ ചിരികൊണ്ട് ആ ചോദ്യം തലയറ്റു തമ്പുരാന്റെ നാക്കത്തു തന്നെ തങ്ങി. അങ്ങെന്നെ മറന്നു എന്നു പരിഭവത്തോടെ പറഞ്ഞ ഈ പ്രതിയുടെ മുഖത്തുനോക്കി എന്തിനിനി ചോദിക്കണം, നിങ്ങളാരാണെന്ന്! ഇങ്ങനെയൊരു ദുര്‍വിധി തമ്പുരാന്റെ ആയുസിലുണ്ടായിട്ടില്ല. വന്നുവന്ന് കത്തി തേച്ചുമൂര്‍ച്ച കൂട്ടുന്നതുപോലെയായി പ്രതിയുടെ ചിരി. എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ വെറുതെ തമ്പുരാനും കൂടെ ചിരിച്ചു. ഒടുവില്‍ സുഹൃത്തുതന്നെയാണ് ആ പരിഹാസ്യമായ ചിരികളുടെ മാരകമായ ഉള്‍മൗനത്തില്‍ നിന്നും
തമ്പുരാനെ രക്ഷിച്ചതു.

‘അങ്ങേയ്‌ക്കെന്നെ മനസ്സിലായില്ലേ?’

ഇല്ല എന്നു പറയണ്ടല്ലോ എന്നു കരുതി തമ്പുരാന്‍ ഒരു അരച്ചിരി ചിരിച്ചുകൊണ്ട് നാണം മറച്ചു.

‘ഞാന്‍ പത്രോസാ!’

പത്രോസോ! ഏതപ്പാ, ഈ പത്രോസ്? ഒരോര്‍മ്മയുമില്ല. മറന്നത് മറന്നുതന്നെ കിടന്നു. എങ്കിലും അതു തന്നെയല്ലേ പത്രോസേ ഞാനും പറഞ്ഞത് എന്ന അന്തര്‍ധ്വനിയോടെ തമ്പുരാന്‍ ഉരുവിട്ടു:

‘ഐസി…’
‘അങ്ങു മറന്നു കാണും. പത്രോസ് എന്നുള്ളത് വിളിപ്പേരാ. എന്റെ ശരിക്കുമുള്ള പേര് വാക്കത്തി വര്‍ക്കിയെന്നാ. രാമന്‍മേനോന്‍ എന്ന പേരില്‍ ഞാന്‍ നടത്തിയ ഒരാള്‍മാറാട്ടക്കേസിലാ നമ്മള്‍ തമ്മില്‍ ആദ്യം കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. അങ്ങേയ്‌ക്കോര്‍മ്മയുണ്ടോ, ആ കേസ്?’

പത്രോസ്
വര്‍ക്കി
രാമന്‍മേനോന്‍.

ഇത്രയും നേരം പേരോര്‍മ്മ കിട്ടാഞ്ഞിട്ടാണ് തമ്പുരാന്‍ വിഷമിച്ചതു. ഇപ്പോഴിതാ മൂന്നുപേരുള്ള ഒരാള്‍ മുമ്പിലിരിക്കുന്നു. ഇനി എന്തു പറഞ്ഞാണ് ഇയാളെ വിളിക്കുക. നിങ്ങള്‍ ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടി. എങ്കിലും അയാള്‍ ആരാണെന്നായി തമ്പുരാന്റെ സംശയം! ശരിക്കും ഇയാളൊരു ഒരു പ്രതി തന്നെയോ? അതോ ആ പഴയ പരിചയക്കാരന്‍ വക്കീല്‍ തന്റെ മുമ്പിലിരുന്ന് രസഗുണ്ടു പൊട്ടിക്കയാണോ, ഈശ്വരാ….
ഇനി എന്തും ചോദിക്കാം. തമ്പുരാന്‍ ചോദിച്ചു; ഒരര്‍ത്ഥവുമില്ലാതെ

ജനാർദ്ദനൻ വല്ലത്തേരി

‘ഇതുവരെ എവിടെയായിരുന്നു?’
‘ഞാന്‍ പറഞ്ഞല്ലോ. ജയിലില്‍ ……….’

അപ്പോള്‍ അതൊരു ഫലിതമായിരുന്നില്ല.

‘പോലീസുകാരനെ കഴുത്തറുത്തു കൊന്ന കേസിന്റെ ശിക്ഷ ഇന്നലെ കഴിഞ്ഞു. അങ്ങോര്‍ക്കുന്നില്ലേ, ആ കേസില്‍ എന്നെ വധശിക്ഷയ്ക്കു വിധിച്ചതു അങ്ങാണ്. മേല്‍ക്കോടതി അതു ജീവപര്യന്തമാക്കി കുറച്ചു തന്നു. അതുകൊണ്ട് ഇപ്പോള്‍ തമ്മില്‍ കാണാനൊത്തു.’

തമ്പുരാന്റെ ഓര്‍മ്മകള്‍ ആയിരം വട്ട്‌സില്‍ ഞെട്ടിത്തെളിഞ്ഞു. മറവികളുടെ കാടിളകി. പത്രോസിന്റെ ചുണ്ടത്താളിയ കാട്ടുതീവെട്ടത്തില്‍, തമ്പുരാന്റെ കണ്ണഞ്ചി. നിയന്ത്രണം വിട്ട് തമ്പുരാന്‍ പറഞ്ഞുപോയി:

‘ഒരു പോലീസുദ്യോഗസ്ഥനെ പട്ടാപ്പകല്‍ നടുറോട്ടിലിട്ടു കഴുത്തറത്തു കൊന്ന മത്തായിയെ ഓര്‍മയുണ്ട്. ചിരിച്ചുകൊണ്ടാണ് മത്തായി കഴുത്തറത്തതും പോലീസുകാരനെ കൊന്നത്തെന്നും എനിക്കോര്‍മ്മയുണ്ട്. നിങ്ങള്‍ വര്‍ക്കിയല്ല; കഴുത്തറപ്പന്‍…..’

‘അതേ സാറേ. അതേ കഴുത്തറപ്പന്‍ മത്തായി തന്നെയാണ്, ഞാന്‍. എന്നിട്ടും അങ്ങെന്നെ ഇത്ര വേഗം മറന്നു പോയല്ലോ.’

മത്തായി ചിരിക്കുകയാണ്. കഴുത്തറക്കുന്ന ഈ കൊലച്ചിരി ഏതോ ഒരു സുഹൃത്തിന്റെ മറന്നമുഖഛായ ധരിച്ചാണ് തമ്പുരാന്റെ ശ്മശാന സ്മരണകള്‍ക്കിടയിലേയ്ക്കു കടന്നു ചെന്നത്. തന്റെ ഓര്‍മ്മക്കേടിന്റെ മറപറ്റി ഒരു ചിരികൊണ്ട് മത്തായി നടത്തിയ ആള്‍മാറാട്ടത്തില്‍, വഴിമദ്ധ്യേ വച്ചുകണ്ടുമുട്ടുമ്പോള്‍ തമ്പുരാണ് മത്തായിയെ ഓര്‍ക്കാനേ കഴിഞ്ഞില്ല. ഇപ്പോള്‍ ഓര്‍ക്കുന്നു. പത്രോസെന്നും മറ്റനേകം മാറ്റപ്പേരുകളുമുള്ള മത്തായിയെന്ന കൊലപ്പുള്ളിയെ ഇപ്പോഴോര്‍ക്കുന്നു.

കൊലക്കുറ്റത്തിന്റെ വിചാരണ നടക്കുമ്പോഴും ചിരിച്ചുകൊണ്ടാണ് മത്തായി പ്രതിക്കൂട്ടില്‍ നിന്നിരുന്നതെന്നും ഇപ്പോഴോര്‍ക്കുന്നു. അവസാനം മത്തായിയെ തൂക്കിക്കൊല്ലാനുള്ള തന്റെ വിധിയും ചിരിച്ചുകൊണ്ടു തന്നെയാണ് മത്തായി കേട്ടുനിന്നതെന്നും തമ്പുരാന്‍ ഇപ്പോഴുമോര്‍മ്മിക്കുന്നു.
ആ ചിരി തന്നെയാണ് മത്തായി ഇപ്പോള്‍ ചിരിക്കുന്നതും. അത്രയും ഓര്‍ത്തതോടെ തമ്പുരാണ് പിന്നെ ചിരി അടുക്കാന്‍ കഴിഞ്ഞില്ല. തമ്പുരാന്‍
ഓര്‍ത്തോര്‍ത്തു ചിരിച്ചു. ചിരിച്ചു ചിരിച്ചു തമ്പുരാന്റെ കണ്ണുനിറഞ്ഞു. കഴുത്തിലെ ഞെരമ്പുകള്‍ വലിഞ്ഞുമുറുകുമ്പോള്‍, മത്തായി ചോദിച്ചു:

‘അങ്ങെന്താണിങ്ങനെ ചിരിക്കുന്നത്?’

‘അല്ല മത്തായി ഇപ്പോഴെന്റെ കഴുത്തറക്കാന്‍ വന്നതായിക്കുമല്ലോ എന്നോര്‍ത്തു ചിരിച്ചുപോയതാണ്.’

‘അതിന് ഞാന്‍ അങ്ങയുടെ കഴുത്തറത്തു കഴിഞ്ഞല്ലോ!’

ഇത്തരം ഫലിതം കേട്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും?

എഴുതിയത്: ജനാര്‍ദ്ദനന്‍ വല്ലത്തേരി

You May Also Like

സത്യത്തില്‍ ഈ കാറില്‍ കയറിയ കുവൈത്തികളുടെ എണ്ണമെത്ര ?

ഈ സിസിടിവി ദൃശ്യത്തില്‍ ഒരു എസ് യു വി നിര്‍ത്തുന്നതും അതില്‍ നിന്നും ജോലിക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങുന്നതുമാണ് നിങ്ങള്‍ കാണുക.

മീറ്റ് അനിമൽസ് അസംബിൾ – Meat Animals Assemble

മനുഷ്യൻ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങൾ ഒത്തുകൂടിയിരിക്കുകയാണ്. അവർ രൂപീകരിച്ച സംഘടനയുടെ ഭാരവാഹികൾ സംസാരിച്ചു തുടങ്ങി പശു…

മാപീ ഡിസ്കൌണ്ട്..

മലയാളികളെ പോലെ തോളില്‍ കയറി ചെവി തിന്നുന്നവരല്ല ഫിലിപ്പീനികള്‍ . ബംഗാളികളെ പോലെ അണ്ണാക്കില്‍ കയറി കസേരയിട്ട് സംസാരിക്കുന്ന ശീലവുമില്ല, അനാവശ്യമായി തര്‍ക്കിക്കാറുമില്ല.

ശ്രീധരായണം (നര്‍മ്മം)

വടക്കേമേട് ദേശത്തിലെ വെളിച്ചപ്പാടിന്റെ മൂത്ത സന്തതിയാണ്ശ്രീധരന്‍… ശ്രീധരന്‍ ആള്‍ ഒരു രസികനാണ്. തന്റെയും തന്റെ അച്ഛന്‍ ശേഖരവെളിച്ചപ്പാടിന്റെയും തമാശകലര്ന്ന ചെയ്തികള്‍ സമയവും സന്ദര്ഭവും അനുസരിച്ച്കൂട്ടുകാരോട് തട്ടിവിടും. അതില്‍ മൂന്നാലെണ്ണം നോക്കാം.