കൊലയ്ക്കു ശിക്ഷ കൊല തന്നെയോ?

165

bloody_knife

മരണം ജയിച്ചു . ജീവന്‍ നില നിര്‍ത്താനുള്ള പന്ത്രണ്ട് ദിവസം നീണ്ട പോരാട്ടത്തില്‍ അവസാനം ആ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. ബോധത്തിന്റെ അവസാന നിമിഷങ്ങളിലും അസാമാന്യമായ ധൈര്യവും ഇച്ഛാശക്തിയും പ്രകടിപ്പിച്ചിരുന്നു ആ ഇരുപത്തി മൂന്നുകാരി എന്ന് ചികില്‍സിച്ച ഡോക്ടര്‍മാര്‍ സാകഷ്യപ്പെടുത്തുന്നു . യാത്രയില്‍ തന്നെ പീഡിപ്പിച്ച ആറു നരാധാമന്‍മാര്‍ക്ക് മുന്നിലും പെണ്‍കുട്ടി ധീരമായി ചെറുത്തു നിന്നിരുന്നിരിക്കണം. ശരീരത്തില്‍ ആകമാനം ഏറ്റ കഠിനമായ പരിക്കുകളും സ്ഥാനം തെറ്റിയ ആന്തരീക അവയവങ്ങളും ആ പോരാട്ടത്തിന്റെ തീവ്രത വെളിവാകുന്നു. ഏതൊരു ഭാരത സ്ത്രീയുടെയും അഭിമാനമായ ഉത്തരാഖണ്ഡിലെ ഈ മഞ്ഞുതുള്ളി ഇന്ത്യയിലെ ഓരോ പുരുഷന്റെയും സഹോദരിയാണ്.

ഓടുന്ന ബസ്സില്‍ മാനത്തിനു വേണ്ടി പോരാടിയ പെണ്‍കുട്ടിയുടെ മുഖം ആറു കട്ടാളന്‍മാരെ തങ്ങളുടെ സ്വന്തം സഹോദരിയെ ഓര്‍മ്മിപ്പിച്ചില്ല, കാരണം അവര്‍ക്ക് മാതാവും കേവലം ഒരു സ്ത്രീ മാത്രമാണ്. അബലയായ ഒരു യുവതിയുടെ മാനം പങ്കിട്ട് എടുത്തത് രണ്ടു സഹോദരങ്ങള്‍ ഉള്‍പെട്ട കൊലയാളി സംഘമാണ് എന്നതില്‍ ഭാരതീയര്‍ ലജ്ജിക്കുന്നു. ഇവര്‍ ഭൂമുഖത്ത് ജീവിക്കാന്‍ അര്‍ഹരല്ല.

മരണശിക്ഷ നിരോധിക്കുന്ന ഐക്യ രാഷ്ട്ര സംഘടനാ പ്രമേയം കൂടുതല്‍ രാജ്യങ്ങള്‍ സ്വാഗതം ചെയ്യുന്നു എങ്കിലും ഇന്ത്യ എതിര്‍പ്പ് തുടരുന്നത് കൊണ്ട് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങള്‍ ആയ കുറ്റകൃത്യങ്ങള്‍ക്ക് മരണശിക്ഷ വിധിക്കാം. ഡല്‍ഹി കൂട്ടമാനഭംഗ കേസില്‍ കോടതി തീരുമാനത്തിന് മുന്‍പേ തന്നെ ഭൂരിപക്ഷം ഭാരതീയരും പ്രതികളെ മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചു കഴിഞ്ഞു. എന്നാലും ലോക സമൂഹത്തിലെ വലിയ ഒരു ശതമാനം മരണശിക്ഷക്ക് എതിരെ അണി ചേരുമ്പോള്‍ കൊലയ്ക്ക് ശിക്ഷ കൊല തന്നെയോ എന്ന് നമുക്കും ഒരുവട്ടം ചിന്തിച്ചു കൂടെ?

ഒരു തൂക്കു കയറില്‍ അവസാനിക്കുന്നതിനു പകരം ചെയ്ത തെറ്റിന് അര്‍ഹമായ ശിക്ഷ അനുഭവിച്ച്, ശിഷ്ടകാലം നരകിച്ച്, കുറ്റവാളികള്‍ക്ക് പാഠമായി ഈ നരാധമന്മാര്‍ ജീവിക്കണം. ശിക്ഷാ നിയമങ്ങള്‍ പരിഷ്കരിച്ചു അങ്ങിനെ ഒരു വിധി നടപ്പിലാക്കുക അല്ലെ ധൈര്യവതിയായ ആ പെണ്‍കുട്ടിയുടെ ആത്മാവിനു നല്‍കാവുന്ന ഏറ്റവും വലിയ നീതി?