Untitled-1

‘അവരെ ഒരു പാഠം പഠിപ്പിക്കുക’ എന്ന ഉദ്ദേശ്യത്തിലാണ്, എന്റെ കൂട്ടുകാരി. അവള്‍ കൊടുത്തിരിക്കുന്ന ഒരു കേസ്സിന്റെ സാക്ഷിയായ അവളെയും മറ്റ് സാക്ഷികളെയും വിസ്തരിക്കാനായിട്ട്, വക്കീല്‍ പറഞ്ഞ സമയത്ത് തന്നെ ഞങ്ങള്‍ ഹരിയാനയിലുള്ള ഡിസ്ട്രിക് കോടതിയില്‍ എത്തിച്ചേര്‍ന്നു. അവള്‍ക്ക് ഒരു കൂട്ടിനായിട്ടാണ് എന്റെ വരവ്.വക്കീലിന്റെ നിര്‍ദ്ദേശപ്രകാരം ആദ്യം വക്കീലുന്മാര്‍ ഇരിക്കുന്ന ഒരു ഹാളിലേക്കാണ് പോയത്.അവിടെയാണെങ്കില്‍ ഏതോ ഉജാലയുടെയോ അല്ലെങ്കില്‍ നീലത്തിന്റെയോ പരസ്യം കാണുന്നത് പോലെ തോന്നി.വെള്ളയുടെ പല വര്‍ണഭേദങ്ങള്‍, വെള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സുമാണ് വക്കിലുന്മാരുടെ വേഷം.സാധാരണ കാണുന്ന വക്കിലിന്റെ കറുത്ത കോട്ട് ധരിച്ച ആരേയും അവിടെ കണ്ടില്ല.ആ ഹാള്‍ മുഴുവന്‍ മേശകളും കസേരകളും നിരത്തിയിട്ടുണ്ട്.കൂട്ടുകാരിയും വക്കീലും കണ്ടയുടന്‍ തന്നെ അവിടെ കൊടുക്കേണ്ട പ്രമാണങ്ങളേയും ചോദിക്കേണ്ട ചോദ്യങ്ങളെയും പറ്റിയുള്ള ചര്‍ച്ച തുടങ്ങി.ഏതെങ്കിലും കറങ്ങുന്ന ഫാനിന്റെ അടിയില്‍ ഇരിക്കാം എന്ന്! വെച്ച് കസേര വലിച്ചപ്പോഴാണ് മനസ്സിലാവുന്നത്, എല്ലാ കസേരകളും മേശകളും ഒരു ചങ്ങല ഇട്ട് പൂട്ടി വെച്ചിരിക്കുകയാണ്.കള്ളന്മാരെയും സത്യസന്ധതരേയും തീരുമാനിക്കുന്ന കോടതിക്ക് അവിടെയുള്ള ചില കസേരകളേയും മേശകളെയും സംരക്ഷിക്കാനായിട്ട് ചങ്ങലയുടെ ആവശ്യമോ? കണ്ടപ്പോള്‍ തമാശയായിട്ടാണ് തോന്നിയത്!

മറ്റ് വക്കീലന്മാര്‍ അവരവരുടെ കക്ഷികള്‍ക്ക് കേസ് വായിച്ചു കൊടുക്കുകയും ചോദിക്കാവുന്ന ചോദ്യങ്ങള്‍ക്ക് കൊടുക്കേണ്ട മറുപടിയും പറഞ്ഞു കൊടുക്കുന്നുണ്ട്. അവിടെ വന്നിരിക്കുന്ന കക്ഷികളില്‍ പലര്‍ക്കും വായിക്കാനോ എഴുതാനോ അറിയാത്തവരായിട്ടാണ് തോന്നിയത്.എല്ലാവരുടെ മുഖത്തും ഒരു സമാധാനമുണ്ട്.

ഹാളിന്റെ പുറകിലായിട്ടാണ് കോടതി.ഒരു വലിയ കെട്ടിടത്തിന്റെ ഓരോ മുറികളെയും ഓരോ കോടതി ആയിട്ടാണ് പറയുന്നത്. ഞങ്ങളുടേത്, വളരെ ചെറിയ ഒരു മുറിയാണ് അതില്‍ മുക്കാല്‍ ഭാഗവും പ്ലാറ്റ്‌ഫോം പോലെയാണ് അവിടെയാണ് ജഡ്ജിയും കൂടെ രണ്ട്മൂന്ന് പേരും ഇരിക്കുന്നുത്. അത്രയും ഭാഗത്തിന് ഇടഭിത്തിയുണ്ട്.ബാക്കിയുള്ള കുടുസ്സ് സ്ഥലത്താണ് വക്കീലും കക്ഷിയുമൊക്കെ നില്‍ക്കേണ്ടത്.അവര്‍ രണ്ടു പേരും അവരുടെ ഊഴം ആകാനായിട്ട് വാതിലിന്റെ അവിടെയും ഞാന്‍ അതിന് പുറത്തുള്ള വരാന്തയിലും സ്ഥാനം പിടിച്ചു.

കൂട്ടുകാരിയുടെ ബാഗിന് കാവല്‍ കൂട്ടത്തില്‍ അവളുടെ മൊബൈലില്‍ വരുന്ന കോളുകള്‍ക്ക് മറുപടി പറയുക ആ രണ്ടു ജോലിയും കൂടി എനിക്ക് തന്നിട്ടുണ്ട്. വരാന്തയില്‍ ആണെങ്കില്‍ പോലീസും കള്ളന്മാരും വിരലുകള്‍ക്കിടയില്‍ കോര്‍ത്ത് പിടിച്ചു കൊണ്ട് അവിടെയവിടെയായി ഇരിപ്പുണ്ട്.ഇപ്പോള്‍ കള്ളന്മാര്‍ക്ക് വിലങ്ങുകള്‍ ഇടാന്‍ പാടില്ല. അത് എനിക്ക് ഒരു പുതിയ അറിവായിരുന്നു.അവിടെ ഇരുന്നപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിയത്, കാത്ത് ഇരിക്കുന്നവര്‍ വളരെ പാവപ്പെട്ട കുടുംബത്തിലുള്ളവരാണ്,പണക്കാര്‍ ഒന്നും കേസ്സിന് പോകാറില്ലേ അതോ കേസ് നടത്തി ഇങ്ങനെ ആയതാണോ? എന്തായാലും ആവശ്യമില്ലാതെ ചിന്തിച്ച് തല ചൂടാക്കേണ്ടി വന്നില്ല അതിന് മുന്‍പ് തന്നെ കൂട്ടുകാരി, ‘വക്കീലിനെ തട്ടണം’, എന്ന്! പറഞ്ഞു കൊണ്ട് എന്റെ അടുത്ത് എത്തി. അവള്‍ പറയുന്നത് പോലെയൊന്നും വക്കീല്‍ അനുസരിക്കുന്നില്ല. അനുവദിച്ച കിട്ടിയ സമയത്തിന്റെ പകുതി ഭാഗവും അയാള്‍ ‘തല കുനിച്ച് ആദരവ് കാണിക്കാനാണ് ശ്രമിക്കുന്നത്,അവളെ നേരിട്ട് സംസാരിക്കാന്‍ അനുവദിക്കുന്നുമില്ല. ഒന്നെങ്കില്‍ വക്കീല്‍ അല്ലെങ്കില്‍ അവള്‍ എന്ന മട്ടിലാണ്. അപ്പോള്‍ അവരുടെ ഇടയില്‍ ഒരു മധ്യസ്ഥന്റെ റോളും എനിക്ക് കൈകാര്യം ചെയ്യേണ്ടി വന്നു

കോടതിയേക്കാളും സജീവമാണ് അവിടത്തെ വരാന്തകള്‍, അവിടെ കാത്തിരിക്കുന്ന ആളുകളെ ചുറ്റിപറ്റി പലതരം കച്ചവടങ്ങളായ ചായ കച്ചവടം, തൂവാല സോക്‌സ് കച്ചവടങ്ങളും നടക്കുന്നുണ്ട് ‘ബാലവേല നിയമത്തെ കുറിച്ച് കുട്ടികള്‍ക്കോ അതോ കോടതിക്കോ അറിയാത്തത് കൊണ്ടാണോ എന്നറിയില്ല ഏതാനും കൊച്ചുകുട്ടികള്‍ ചെരുപ്പ് പോളീഷ് ചെയ്യാന്‍ നടക്കുന്നുണ്ട്.കയ്യില്‍ ഒരു പെട്ടിയും തലയില്‍ തൊപ്പിയുമായിട്ടുള്ള ആ ആളിന്റെ വരവ് എന്നെ ശരിക്കും പേടിപ്പിച്ചു, എന്റെ ചെവിയില്‍ വന്ന്! എന്തോ പറഞ്ഞു.കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പിന്നെയും ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നു.എന്റെ ചെവി വൃത്തിയാക്കി തരാമെന്നാണ് പറഞ്ഞത്. കൈയ്യിലെ പെട്ടിയില്‍ പലതരം കുഞ്ഞുകുപ്പികളുണ്ട് അതിലെല്ലാം എണ്ണയാണ് അത് പോലെ തൊപ്പിയില്‍ പല വലിപ്പത്തിലുള്ള ഈര്‍ക്കിലുകള്‍ വെച്ചിട്ടുണ്ട്. പഞ്ഞി ചെവിയുടെ മുകളിലും വെച്ചിട്ടുണ്ട്. അവിടെ ഇരിക്കുന്നവരില്‍ പലരും ചെവി വൃത്തിയാക്കുന്നുണ്ട്. എന്റെ ചോദ്യങ്ങള്‍ കേട്ട് മടുത്ത അദ്ദേഹം നീ ചെവി വൃത്തിയാക്കണ്ട എന്ന മട്ടില്‍ എന്നെ ഉപേക്ഷിച്ച് പോയി എന്നാലും വൃത്തിക്ക് വേണ്ടി അവര്‍ കാണിക്കുന്നത് വൃത്തികേടായിട്ടാണ് എനിക്ക് തോന്നിയത്. അവിടെയൊന്നും തുപ്പരുത് എന്ന്! വലിയ അക്ഷരത്തില്‍ എഴുതി വെച്ചിട്ടുണ്ട്, പട്ടിക്ക് വായിക്കാന്‍ അറിയാത്തത് കൊണ്ടാകും ആ എഴുതിയതിന്റെ നേരെ താഴെ വന്ന്! കാര്യം സാധിച്ചു പോകുന്നുണ്ട് ഒരു ചുള്ളന്‍. അങ്ങനെ വരാന്തയിലെ കാത്തിരുപ്പ് എനിക്ക് ഒട്ടും മുഷിവ് തോന്നിയില്ല.

പന്ത്രണ്ട് മണി ആയിട്ടും എതിര്‍ഭാഗം വക്കീലോ സാക്ഷികളോ വരാത്തത് കൊണ്ട് കേസ് രണ്ടു മണിയിലേക്ക് മാറ്റി.ഭക്ഷണം കഴിച്ചിട്ട് വരാമെന്ന്! വെച്ചപ്പോള്‍ അതിന്റെഅടുത്തൊന്നും അങ്ങനെ ഒരു സ്ഥലം കണ്ടില്ല പകരം വഴിവക്കില്‍ ‘ബട്ടൂര, പൂരി യൊക്കെ ഉണ്ടാക്കി വില്‍ക്കുന്നുണ്ട്.പലരും അവിടെ നിന്ന്! മേടിച്ച് കഴിക്കുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് അങ്ങനെ കഴിക്കാന്‍ മടി,അതുകൊണ്ട് ഭക്ഷണം കഴിക്കുന്നവരെ കണ്ട് ഞങ്ങളുടെ വിശപ്പടക്കി.

രണ്ടു മണിയോടെ ഞങ്ങള്‍ തിരിച്ച് കോടതിയില്‍ എത്തിയപ്പോള്‍,വക്കീല്‍ വലിയ സന്തോഷത്തോടെ ഞങ്ങളെ കാത്ത് നില്‍പ്പുണ്ട്.ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പില്‍ എതിര്‍ഭാഗം വക്കീല്‍ വന്ന്! കേസ് വേറെയൊരു ദിവസത്തേക്ക് മാറ്റി. അതോടെ സാക്ഷികളെചോദ്യം ചെയ്യുന്ന പരിപാടി നടക്കില്ല.ആ സ്‌ന്തോഷത്തിലാണ്അദ്ദേഹം.

ഇനി എന്ത് ചെയ്യും എന്ന ചോദ്യത്തിന്, ‘ഇതൊരു സിവില്‍ കേസ്സ് അല്ലെ, ഒരു പാട് സൂത്രങ്ങള്‍(loopholes) ഉണ്ട് അതൊക്കെ വെച്ച് കേസ് ഇങ്ങനെ നീണ്ടു പോകും’ എന്റെ അറിവില്‍ ഏകദേശം രണ്ടു വര്‍ഷത്തില്‍ കൂടുതലായിട്ടുള്ള കേസ്സ് ആണിത്. വക്കീലിന്റെ മറുപടിയും കൂട്ടത്തിലുള്ള വിടല ചിരിയും കൂട്ടുകാരിയുടെ നിസ്സാഹായ മുഖവും കണ്ടപ്പോള്‍, എനിക്കും വക്കീലിനെ ‘തട്ടി കളയണം എന്ന്! തോന്നി പോയി!

തിരിച്ചുള്ള യാത്രയില്‍ സിഗ്‌നലിന്റെ അവിടെവെച്ച് വക്കീലിന്റെ താല്‍ക്കാലിക രജിസട്രേഷനുള്ള കാര്‍ കൂടി കണ്ടപ്പോള്‍, വളരെ ചെറിയ കാര്യങ്ങള്‍ക്ക് പോലും_’ കൊണ്ടു പോയി കേസ് കൊടുക്ക് അല്ലെങ്കില്‍ നമ്മുക്ക് കോടതിയില്‍ വെച്ച് കാണാം അതുമല്ലെങ്കില്‍ വേണ്ടി വന്നാല്‍ സുപ്രീംകോടതി വരെ പോകും’ എന്നിങ്ങനെ ഉള്ള ഡയലോഗുകള്‍ തമാശക്ക് പോലും പറഞ്ഞു പോകരുത് എന്ന തീരുമാനത്തിലായിരുന്നു ഞാന്‍.

കേസ്സിലൂടെ എന്റെ കൂട്ടുകാരി ‘അവരെ ഒരു പാഠം പഠിപ്പിക്കുകയാണോ അതോ ഏതോ വയ്യാവേലി ഏറ്റെടുക്കുകയാണോ എന്ന സംശയത്തിലാണ് ഞാന്‍!

പട്ടി ചന്തക്ക് പോയതുപോലെയുള്ള ഒരു യാത്ര ആയിട്ടാണ് എനിക്ക് തോന്നിയത്. അങ്ങനത്തെ എത്ര യാത്രകള്‍ വേണം ‘അവരെ ഒരു പാഠം പഠിപ്പിച്ചെടുക്കാന്‍….?

You May Also Like

ഇന്നിന്റെ കവിതയോ ‘പടര്‍പ്പ് ‘…..???

പ്രതികാരം സ്‌നേഹമാക്കി മാറ്റിയ വളരെ മനോഹരമായ ഈ കവിത രചിച്ചത് Sam Mathew ആണ്.

വധശിക്ഷ – കഥ : സുനില്‍ എം എസ്

മുന്നൂറ്റമ്പതു കോടി പെണ്ണുങ്ങളുണ്ടിവിടെ. അവരെയൊക്കെ സംരക്ഷിയ്ക്കാന്‍ ആരെക്കൊണ്ടു പറ്റും?

”Half Man and Half God” – ബൈജു ജോര്‍ജ്ജ്..

പ്‌ളാനിങ്ങില്ലാതെ .., സ്വന്തം കടമകളും .., ഉത്തരവാദിത്വങ്ങളും നിര്‍വ്വഹിക്കാതെ…, ഈ സമൂഹത്തില്‍ എനിക്കൊരു സ്ഥാനമുണ്ട് ..,

A REVENGE, OF A SOLDIER (6 ) – ബൈജു ജോര്‍ജ്ജ്

ഹൃദയത്തിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞ പോലെ ..,അത്രയും കിടിലമായൊരു കാഴ്ച്ച ആയിരുന്നൂവത് …