ലോക്സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് മനസ് ഉപേക്ഷിച്ച് ബിജെപി പാളയത്തില്‍ ചേക്കേറിയ സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനം ഏറെ ദിവസങ്ങളായി മലയാള മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. രാജ്യസഭ വഴി കേന്ദ്രമന്ത്രി സ്ഥാനമെന്നും, അതല്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ നിന്ന് മത്സരിക്കുമെന്നുമാണ് ഏറെക്കുറെ വിശ്വസനീയമായ വാര്‍ത്തകള്‍ വരുന്നത്.
രാജ്യസഭാ പ്രവശനവും , കേന്ദ്രമന്ത്രി സ്ഥാനവും മോദി സൂചിപ്പിച്ചിരുന്നുവെന്ന് സുരേഷ് ഗോപി തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. കേരളത്തില്‍ നിന്ന് ഒരു രാഷ്ട്രീയക്കാരനല്ലാത്ത കേന്ദ്രമന്ത്രിയുണ്ടായാല് അത് താനായിരിക്കുമെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സുരേഷ് ഗോപിയ്ക്ക് വാഗ്ദാനം ലഭിച്ചുവത്രെ.
ഇനി നെയ്യാറ്റിന്‍കരയിലെ സാധ്യതയിലേക്ക് വരാം. ഒരുപക്ഷേ കേന്ദ്രമന്ത്രി സ്ഥാനമെന്ന വലിയ വാഗ്ദാനം നടക്കാതിരുന്നാലുള്ള സാധ്യതയായാണ് നെയ്യാറ്റിന്‍കരയെ സുരേഷ്ഗോപിയും അടുത്ത ബിജെപി വൃത്തങ്ങളും കാണുന്നത്. അതിനു വേണ്ടിയുള്ള ഗ്രൗണ്ട് വര്‍ക്കുകളും അവര്‍ തുടങ്ങിക്കഴിഞ്ഞു.
ആഗോള മാധ്യമ ഭീമനായ മര്‍ഡോക്കിന്റെ ഏഷ്യാനെറ്റ് ചാനലില്‍ ആരംഭിച്ച കോടീശ്വരന് രണ്ടാം സീസണും ഇത്തരത്തില്‍ കളമൊരുക്കുന്നതിന്റെ ഭാഗമാണ്. സെലിബ്രിറ്റി എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയും , ദീനാനുകമ്പയുള്ള വ്യക്തിത്വമെന്ന നിലയില്‍ സുരേഷ് ഗോപി എന്ന ബ്രാന്‍ഡിനെ സൃഷ്ടിക്കുവാനായിരിക്കും ഈ സീസണിലൂടെ പരിപാടിയുടെ നിര്‍മാതക്കള്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് സുരേഷ് ഗോപിയെന്ന ബ്രാന്‍ഡിനെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ പരിപാടിയെന്നതും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കും.
നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷ്ണം ചെയ്യുന്ന കോടീശ്വരന് 2 വിന്റെ നിര്‍മാതാക്കള്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ‘ ബിഗ് സിനര്‍ജി’ ആണ്. മോദിയും റിലയന്‍സുമായുള്ള ബന്ധമാണ് കമ്പനിയെ രണ്ടാം സീസണിലേക്ക് നയിച്ചതത്രെ. കഴിഞ്ഞ സീസണില്‍ കോടീശ്വരന്റെ തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ മലയാളത്തിനൊപ്പം ഇറങ്ങിയെങ്കിലും ഇത്തവണ ഇതുവരെയെത്തിയത് രണ്ടാം സീസണ് മലയാളം മാത്രമാണ്.
നെയ്യാറ്റികരയിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൂമി സുരേഷ് ഗോപി ഏറ്റെടുത്ത് തിരുവനന്തപുരം പ്രസ് ക്ലബിന് കൈമാറിയതും നെയ്യാറ്റിന്‍കരയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി സൃഷ്ടിച്ച പിആര്‍ വര്‍ക്കിന്റെ ഭാഗമാണ്. സ്വദേശാഭിമാനിയുടെ ജീര്‍ണാവസ്ഥയിലായ ‘കൂടില്ലാ വീട്’ഉം 10 സെന്റ് സ്ഥലവും പണം നല്കി സുരേഷ് ഗോപി പ്രസ് ക്ലബിനെക്കൊണ്ട് ഏറ്റെടുപ്പിക്കുകയായിരുന്നു. പുനരുദ്ധാരണത്തിനായി 5 ലക്ഷം രൂപയും സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു.
നെയ്യാന്കരയുമായി ബന്ധപ്പെട്ട പ്രശ്ങ്ങളില്‍ സജീവമാകുവാനാണ് സുരേഷ് ഗോപിയോട് ബിജെപി പി.ആര് ഗ്രൂപ്പിന്റെ നിര്‍ദേശം. അടുത്ത ദിവസങ്ങളില്‍ തന്നെ അത്തരം വിഷയങ്ങളില്‍ സുരേഷ് ഗോപിയുടെ പ്രസ്താവനകളുണ്ടാകും.
സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലുംബിജൈപി സംസ്ഥാന നേതൃത്വത്തിന് കാര്യങ്ങളില്‍ യാതൊരു വിവരമോ, നിയന്ത്രണമോ ഇല്ല. ബിജെപിയുടേ ദേശീയ നേതൃത്വം നേരിട്ടാണ് ഇപ്പോള്‍ കേരളത്തിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വിഭാഗീയതയില്‍ ഉഴലുന്ന സംസ്ഥാന നേതൃത്വത്തിനെ അമിത് ഷായുടെ കേരള സന്ദര്‍ശനത്തോടെ ദേശീയ നേതൃത്വം തഴഞ്ഞമട്ടാണ്. വിചാരകേന്ദ്രം ഉള്‍പ്പടെയുള്ള ഇതര പരിവാര്‍ സംഘടനകളെയും, പി.ആര് ഗ്രൂപ്പുകളെയും ഉപയോഗിച്ചാണ് കേരളത്തിലെ കാര്യങ്ങള്‍ ഇപ്പോള്‍ ദേശീയ നേതൃത്വം കൈകാര്യം ചെയ്യുന്നത്.