കോപ്പിയടി; ഒരു കോപ്പിയടിയുടെ കഥ..!

0
817

new1

മുഴുവന്‍കൊല്ല പരീക്ഷ നടന്നു കൊണ്ടിരിക്കുന്ന സമയം .., ഞാന്‍ ആണെങ്കീ .., ഒമ്പതീന്ന് .., പത്തിലേക്കുള്ള കുതിപ്പിന് തയ്യാറെടുത്ത് നില്‍ക്കുകയാണ് …!

പത്താം ക്ലാസ്സില്‍ എത്തിയാല്‍ പിന്നെ സീനിയേഴ്‌സ് അല്ലേ .., അപ്പൊപ്പിന്നെ ഒരാളേം പേടിക്കേണ്ടന്നാ വിചാരം …!

പക്ഷേ .., മുഴുവന്‍കൊല്ല പരീക്ഷ കടന്നു കിട്ടേണ്ടേ ….?, അതൊരു ബാലികേറാമലതന്നെയാണ് …!

പഠിത്തം .., അത് എനിക്കൊരു വലിയ പ്രശ്‌നം തന്നെയാണ് …!, കണക്കാണെങ്കീ അതുക്കും മേലേ …!

ഇന്ത്യയും .., പാക്കിസ്ഥാനും .., പോലെയാണ് .., ജന്മത്ത് ചേരില്ല …!

എന്റെ തലച്ചോറിന് .., ഈ കണക്കിന്റെ ഭാരമൊന്നും താങ്ങാനുള്ള കരുത്തില്ല .., എന്തെങ്കിലും .., തലക്കകത്ത് വേണമല്ലോ എന്ന് കരുതി .., അതങ്ങനെ വെറുതെ ഇരിക്കുണൂന്ന് മാത്രം …!

എങ്ങിനെയെങ്കിലും ഒരു പാസ്സ് മാര്‍ക്കെങ്കിലും ഒപ്പിച്ചില്ലെങ്കില്‍ .., എന്റെ കാര്യം തഥൈവ ….!

കണക്കു മാഷ് ആണെങ്കില്‍ .., ഒടുക്കത്തെ ചൂടനാണ് ..,ഒരു ബെല്ലും ബ്രേക്കുമില്ലാത്ത മനുഷ്യന്‍ …!വെട്ടൊന്ന് .., മുറി രണ്ട് .., എന്ന തരത്തിലുള്ള സ്വഭാവം …!

ഞാനാണെങ്കി .., കണക്ക് ക്ലാസ്സിന്റെ സമയത്ത് .., മന്ത്രവാദീടെ .., മുന്നിലിരിക്കുണ ബാധേടെ കൂട്ടാവും …!

നല്ല ഒരു ഒന്നൊന്നര ചൂരലും പിടിച്ച് സ്‌കൂള് മൊത്തം കുലിക്കീട്ടുള്ള .., മാഷിന്റെ വരവ് കാണുമ്പോ തന്നെ .., എന്റെ ജീവന്‍ എന്നില്‍ നിന്ന് ഇറങ്ങി ഓടി .., ക്ലാസ്സിന്റെ വെളിയെ ചെന്ന് നിന്ന് എന്നെ എത്തി നോക്കും …,

”വേണങ്കീ .., ഓടിക്കോടാ” .., എന്നും പറഞ്ഞ് …..”!

ചത്തതിനൊക്കുമേ …..എന്ന കണക്കില് ഒരു ജീവച്ഛവമായി .., ഞാന്‍ ക്ലാസ്സില്‍ ഇരിക്കുന്നുണ്ടാകും …!

സംഗതി എനിക്ക് പൊക്കം കുറച്ച് .., കുറവായിരുന്നു .., പൊക്കം മാത്രമല്ല എല്ലാം കുറച്ച് കുറവ് തന്നെയാണ് …!

മേ… ബി .., മാനുഫാക്ച്ചറിംഗ് ഡിഫെക്ട് …., ആയിരിക്കണം …! അതെല്ലാം ഓവര്‍കം ചെയ്യാന്‍ വേണ്ടി ഞാന്‍ പെടാപ്പാട് പെടുന്ന കാലം …!

ഉയരം വെക്കാന്‍ വേണ്ടി ദിവസവും ബാറാടുക …, വെളുക്കാന്‍ വേണ്ടി മഞ്ഞള്‍ അരച്ച് മുഖത്തിടുക …!

പക്ഷേ…, ഒരു ഗുണവുമില്ല …,,മഞ്ഞള് ..,തേച്ച് .., തേച്ച് .., വെളുക്കുന്നതിനു പകരം .., എന്റെ മുഖം ആകെ മഞ്ഞക്കളറായി …!

ശരീരം വെറുതെ റബ്ബറ് പോലെ വലിച്ചു നീട്ടാന്‍ നോക്ക്യാല് ഒരു കാരൂല്യാന്നും എനിക്ക് മനസ്സില്ലായി ..!

ഈ കണക്ക് മാഷിന് ഒരു വീക്ക് പോയിന്റ് ഉണ്ട് .., ആരുടേയും പേര് അറിയില്ല …!

അതുകൊണ്ട് ബുദ്ധിമാന്‍ മാരായ ചില കണക്ക് അലര്‍ജിക്കാര്‍ ..,മാഷ്‌ടെ ക്ലാസ്സ് കഴിയുന്നവരെ തലയും കുമ്പിട്ട് ഇരിക്കും …!, അപ്പൊപ്പിന്നെ ചോദ്യം ചോദിക്കില്ലല്ലോ ..!

എന്നാല്‍ ഫസ്റ്റ് ബെഞ്ചില്‍ ഇരിക്കണക്കാരണം .., ഞാന്‍ തല കുമ്പിട്ട് ഇരുന്നാല്‍ വിവരമറിയും …!

അതുകൊണ്ട് ..,ഞാന്‍ എനിക്ക് .., എല്ലാം അറിയണമാതിരി .., മാഷ്‌ടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കും …!

ആദ്യമൊക്കെ മാഷ് വിചാരിച്ചു .., എനിക്ക് എല്ലാം അറിഞ്ഞിട്ട് .., ഞാന്‍ ശ്രദ്ധിച്ച് ഇരിക്കുകയാണെന്ന് …!

പിന്നെ .., പിന്നെ ആളുക്കും മനസ്സിലായി .., ഇതൊരു പൊട്ടനാ .., ഒന്നും അറിയാത്ത കാരണം വെറുതെ കണ്ണും തുറിപ്പിച്ച് ഇരിക്കുന്നതാണെന്ന് …!

എന്റെ തൊട്ടപ്പറത്ത് .., ഒരുത്തന്‍ ഇരിക്കുന്നുണ്ട് .., ബാലന്‍ …,
പേര് പോലെ തന്നെ അവന്‍ ഒരു ബാലന്‍ തന്നെയാണ് ..,!, എന്നെക്കാളും പൊക്കം കുറവാണ് അവന് …!

പക്ഷേ .., ബുദ്ധിയില്‍ അവനൊരു ഭീമസേനന്‍ ആണ് ..!

ഒരു കുഞ്ഞു തലയില്‍ ഒത്തിരി വലിയ ബുദ്ധി ഒളിപ്പിച്ചു വെച്ചിരിക്കുന്നവന്‍ ..!,

ഭയങ്കര പഠിപ്പിസ്റ്റ് ആണവന്‍ …!, പഠിപ്പെന്നു പറഞ്ഞാ .., ഒരു ഭ്രാന്ത് ആയി കൊണ്ട് നടക്കുന്നവന്‍ …!കണക്കാണ് അവന്റെ ഫേവറേറ്റ് …!, മുഴുവനും അരച്ചു കലക്കി കുടിച്ചു വെച്ചിരിക്കുകയാണെന്ന് തോന്നും …!

കണക്ക് മാഷ് ചോദ്യം ചോദിക്കുന്നതിനു മുന്നു തന്നെ അവന്‍ ഉത്തരം പറഞ്ഞു കളയും …!രണ്ടു പേരും ഭായി .., ഭായി ആണ് …!

പക്ഷേ .., സ്വഭാവം ആണെങ്കില്‍ ശകുനിയുടേതും .., ഒരു അയല്‍പ്പക്ക സ്‌നേഹോം ഇല്ലാത്തോനാണ് …!

കണക്ക് മാഷ് .., ഓരോരുത്തരോടായി .., ചോദ്യം ചോദിച്ച് …,,, എന്റെ ഊഴം എത്താറാവുംബോഴേക്കും …., ഞാന്‍ വെടി കൊണ്ട പന്നീടെ അവസ്ഥയില്‍ തളര്‍ന്ന് ഇരിപ്പുണ്ടാകും …!

ഡാ .., ഉത്തരം .., പറഞ്ഞു താടാ …”, ഞാനവനോട് കെഞ്ചി നോക്കും ..!

പക്ഷേ .., അവന്റെ വായേന്ന് ഉത്തരം കേട്ട് .., ഞാന്‍ പറഞ്ഞ ചരിത്രമില്ല ..!

അവസാനം വെള്ളത്തില് വീണ കോഴി …, വെയില്‍ കായാന്‍ നിക്കണ മാതിരി ഞാന്‍ തലയും കുമ്പിട്ട് .., എഴുന്നേറ്റ് നിക്കും …!

”ഇവനൊക്കെ ഒരു നാണവുമില്ലേ …, ഇങ്ങനെ കുന്തം വിഴുങ്ങിയ മാതിരി എഴുന്നേറ്റു നില്‍ക്കാന്‍ …?”

കണക്കു മാഷിന് അങ്ങിനെയൊക്കെ പറയാം ..!

പക്ഷേ .., എന്റെ ബുദ്ധി എനിക്കല്ലേ .. അറിയൂ ….

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാന്‍ നോക്കിയാ നടക്കോ …?അതിന്റെ കൈയ്യും ..,കാലും പറഞ്ഞു പോവാന്നല്ലാണ്ട് .., യാതൊരു ഗുണവുമില്ല ….!

എന്റെം അവസ്ഥ അത് തന്നെയാണ് …!, കണക്ക്ന്ന് പറഞ്ഞാ .., നമുക്കതൊരു കൊടുമുടിയാണ് …
സംഗതി .., എല്ലാരും പറയണത് .., ഈ കണക്ക് വളരെ എളുപ്പാത്രേ …, ചില സൂത്ര വാക്യങ്ങളൊക്കെ പഠിച്ചു കഴിഞ്ഞാ പിന്നെ വളരെ ഈസ്യാത്രെ

തെങ്ങ് കയറ്റക്കാരന്‍ അവറാന്‍ പറയണ പോല്യാ .., ഇത് …!

തെങ്ങ് കയറ്റം വളരെ എളുപ്പാന്നാ പുള്ളീടെ പക്ഷം …., ഒരു തളപ്പിട്ട് വെറുതെ അങ്ങോട്ട് കേറിയാ മതീത്രേ ….!

എന്ന് വെച്ച് ഐന്‍സ്റ്റീനോട് പോയി തെങ്ങ് കയറാന്‍ പറഞ്ഞാ ..,, അയാള്‍ക്ക് അതത്ര എളുപ്പാവോ …?

ന്യുട്ടന്റെ തലേല് ആപ്പിള് വീണപ്പോഴാണ് ഗുരുത്വാകര്ഷണം കണ്ടു പിടിക്കപ്പെട്ടത് …!

എത്ര കിഴങ്ങന്‍മാരുടെ തലേല് .., തേങ്ങാ വരെ വീണിട്ടുണ്ട് .., എന്നിട്ട് വല്ലതും കണ്ടു പിടിക്കാന്‍ പറ്റ്യോ …?, തല പൊളിഞ്ഞൂന്നല്ലാണ്ട്…!

അത് ഈ മാഷ്‌ക്ക് മനസ്സിലാവോ …? പാഞ്ചാലി വസ്ത്രാക്ഷേപം പോലെ .., എന്നും നമ്മളെ .., എണീറ്റുനിറുത്തി .., ഇങ്ങനെ കളിയാക്കും ..!

ഇതൊക്കെയാണ് നമ്മുടെ കണക്കുമായുള്ള ബന്ധം .., അതുകൊണ്ട് മുഴുവന്‍ കൊല്ല പരീക്ഷ .., എങ്ങിനെയെങ്കിലും ഒന്ന് കടന്നു കിട്ടണം ..!

മറ്റെല്ലാ വിഷയങ്ങളും .., ഉന്തിത്തള്ളി കയറ്റാം ..!, പക്ഷേ .., കണക്ക് .., അത് ഞമ്മളെ ക്കൊണ്ട് കഴിയൂലാ …!

അങ്ങിനെയാണ് ഞാനാ കടുംകൈക്ക് മുതിര്‍ന്നത് …, എന്തായാലും ജയിക്കണം .., അപ്പൊപ്പിന്നെ കോപ്പി അടിക്കുകയെ മാര്‍ഗ്ഗമുള്ളൂ …!

കോപ്പടീല് phd എടുത്ത ഒരു ടീമന്നെ നമ്മടെ ക്ലാസ്സിലുണ്ട് ..!, അവരൊക്കെ വളരെ സിമ്പിള്‍ ആയിട്ടാണ് എഴുതുന്നത് …!

പക്ഷേ .., എനിക്കത്ര സിമ്പിള്‍ ആയിട്ട് തോന്നിണില്ല …., പരീക്ഷാ ടൈം അടുക്കുംതോറും …തീ ഗുളിക വിഴുങ്ങിയ പോലെ …!, വയറൊക്കെ നിന്ന് കത്തുന്നു .., ആകെ ഒരു എരിപൊരി സഞ്ചാരം …!

അരക്കുചുറ്റും തുണ്ടു പേപ്പറുകള്‍ വെച്ച് ഞാനങ്ങനെ ഇരിക്കുന്നു .. പരീക്ഷാ മണിയടിച്ചു ….!

ടീച്ചര്‍ ക്ലാസ്സിലേക്ക് വരുന്നു …!എന്റെ ഹൃദയ മിടിപ്പ് ആകെ ഉച്ചസ്ഥായിയിലായി ..!

ഡ്രംമ്മടിക്കണമാതിരി .., ഹൃദയത്തിന്റെ ശബ്ദം …!

ക്വൊസ്റ്റ്യന്‍ പേപ്പര്‍ കൈയ്യില്‍ കിട്ടി .., കൈയ്യും .., കാലുമൊക്കെ .., തുള്ളപ്പനി ബാധിച്ച പോലെ ആകെ വിറക്കുന്നു …!

ആകെ .., പരവേശം .., അറിയാവുന്ന ഉത്തരങ്ങള്‍ പോലും എഴുതാനാകാത്ത അവസ്ഥ …!

സത്യത്തില്‍ .., കോപ്പിയടിക്കാന്‍ കൊണ്ടുവന്ന ഉത്തരങ്ങളുടെ ചോദ്യങ്ങളൊന്നും വരല്ലേയെന്ന് .., ഞാനാത്മ്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു …!

പക്ഷേ .., അഞ്ചു മാര്‍ക്കിന്റെ ഒരുത്തരം എന്റെ അരയിലിരിപ്പുണ്ട് …! എഴുതണോ .., വേണ്ടയോ ..?, ജയത്തിലെക്കുള്ള മാര്‍ക്കാണത് ..!, ആകെ വടം വലി ..!

അവസാനം .., ഞാനാ തുണ്ടു പേപ്പറെടുത്തു ഉത്തരക്കടലാസ്സിന്റെ അടിയിലേക്ക് വെച്ചു …!

തൊണ്ടയിലെ വെള്ളമെല്ലാം വറ്റി വരണ്ടുണങ്ങിയിരിക്കുന്നു ..എന്റെ മുഖത്താണെങ്കില്‍ ആകെ ഒരു കള്ള ലക്ഷണം …!

വെറുതെ പോണ ആര്‍ക്കും മനസ്സിലാവും .., ഞാനെന്തോ കുരുത്തക്കേട് ഒപ്പിക്കുന്നുണ്ടെന്ന് …!

വേണ്ടിയിരുന്നില്ല .., വേണ്ടിയിരുന്നില്ല .., എന്ന് .., ഉള്ളിലിരുന്ന് ആരോ ഭീക്ഷിണിപ്പെടുത്തുന്നു …!

സംഗതി ആരുമല്ല .., എന്റെ മനസ്സു തന്നെ .., സംഗതി പന്തികെടാണെന്ന് തോന്നിയപ്പോ അവന്‍ ഈസിയായി മറുകണ്ടം ചാടിയിരിക്കുന്നു …!

ഇത്ര നേരം .., എഴുത് .., എഴുത് .., എന്ന് പറഞ്ഞ് എന്നെ തുള്ളിച്ചവനാ …!

എങ്കിലും .., ഞാന്‍ പതുക്കെ പകര്‍ത്തിയെഴുതാന്‍ തുടങ്ങി …!

പെട്ടെന്നാണ് .., ടീച്ചര്‍ .., എന്നെ ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നിയത് .., അവരെന്റെ നേര്‍ക്ക് നടന്നു വരുന്നു ..!
ഞാന്‍ പിടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു …എന്നെനിക്കുറപ്പായി ..!

തുണ്ടു പേപ്പര്‍ വേഗം മാറ്റടെയ് …, എന്ന് ഉള്ളിലിരുന്ന് ആരോ വാണിംഗ് തന്നു കൊണ്ടിരിക്കുന്നു ..!

പക്ഷേ .., അനങ്ങാന്‍ കഴിയുന്നില്ല ..!

ടാറില്‍ വീണ ഈയ്യാം പാറ്റ കണക്കെ .., ഞാന്‍ സ്റ്റക്കായിപ്പോയി …! ബോധം മറയുന്നു …!ഒരു വിധത്തില്‍ ഞാനാ തുണ്ടു പേപ്പര്‍ പുറകിലേക്കിട്ടു …!

ടീച്ചര്‍ എന്റെ അടുത്തെത്തിയതും …!, ദാ .., കിടക്കുണൂ വെട്ടിയിട്ട വാഴത്തടി പോലെ ഞാന്‍ …, എന്റെ ബോധം ..,പേടികൊണ്ട് എന്നെ വിട്ട് ഓടിയൊളിച്ചു …!

സത്യത്തില്‍ ടീച്ചര്‍ .. വേറെ എന്തോ ആവശ്യത്തിനായി വന്നതായിരുന്നു ..!

എന്റെ എത്തോ .., ,പടേന്നുള്ള വീഴ്ച്ച കണ്ട് .., ടീച്ചറും ഞെട്ടി പിറകിലേക്ക് ചാടിപ്പോയി …!

ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ല ..! വെറുതെ ഇരിക്കണ ഒരുത്തന്‍ .., ഒരു കാരണൂല്ല്യാണ്ട് ..,. അയ്യോ .., പത്തോന്നും പറഞ്ഞ് .. ദേ .., താഴേകിടക്കുന്നൂ ..!

ബോധൂല്ല്യാ ….!

ക്ലാസ്സില്‍ ആകെയൊരു ബഹളം .., കുട്ടികളൊക്കെ എന്റെ ചുറ്റിലും വന്നുകൂടി …!

ഈ സമയം .., കോപ്പിയടി വീരന്‍മാരൊക്കെ .. കൃത്യമായിട്ട് എഴുതിത്തുടങ്ങി …!, അവര്‍ക്ക് കിട്ട്യാ ബെസ്റ്റ് അവസരല്ലേ …!

കോപ്പിയടിടെ ഉസ്താദായ ഒരുത്തനാണ് കുഞ്ഞുണ്ണി .., അവനാണെങ്കീ ഈ സമയത്ത് എക്‌സ്പ്രസ്സ് പോലെയാണ് എഴുതണത് …!, എല്ലാവരും എന്റെ ചുറ്റും കൂടിയിരിക്കയല്ലേ …!

ബുക്കും തുറന്നു വെച്ച് ആശാന്‍ എഴുത്തോട് എഴുത്തന്നെ …!

ഈ സമയത്താണ് ക്ലാസ്സിലെ ബഹളങ്ങളെല്ലാം കേട്ട് .., ഹെഡ് മാഷ് അങ്ങോട്ട് വരുന്നത് … !

ഇതൊന്നും കുഞ്ഞുണ്ണി ശ്രദ്ധിക്കുന്നേയില്ല .., കിട്ടിയ സമയം കൊണ്ട് അവനങ്ങനെ തുരു തുരാ എഴുതി തള്ളിക്കൊണ്ടിരിക്കുകയാണ് …!

ഹെഡ് മാഷ് ..,ഒരു രണ്ടു മിനിറ്റോളമായി അവന്റെ പുറകില്‍ വന്ന് നില്‍പ്പുണ്ട് ..!, അവന്‍ പാവം .., ഇതൊന്നും അറിഞ്ഞിട്ടേയില്ല …!

ഹെഡ് മാഷ് നില്‍ക്കുന്നത് കണ്ട് എല്ലാവരുടേയും ശ്രദ്ധ അവിടെക്കായി . ഹെഡ് മാഷ് ആണെങ്കി ചൂണ്ടു വിരല്‍ കൊണ്ട് നിശബ്ദത എന്ന് ആംഗ്യം കാണിച്ചു …!

കുഞ്ഞുണ്ണി ആണെങ്കീ സൂപ്പര്‍ ഫാസ്റ്റിന് തീ പിടിച്ച പോലെ പറന്ന് എഴുതുകയാണ് …!

ഏതോ വലിയ മാര്‍ക്കിന്റെ ആന്‍സര്‍ ആണെന്ന് തോന്നുന്നു ..!

അവസാനം എഴുതിക്കഴിഞ്ഞ് ….ആശ്വാസത്തോടെ കുഞ്ഞുണ്ണി തലയുയര്‍ത്തി നോക്കിയപ്പോഴാണ് .., ക്ലാസ്സ് മുഴുവനും തന്റെ നേര്‍ക്ക് നോക്കിക്കൊണ്ടിരിക്കുന്നു …!

പിന്നിലേക്ക് നോക്കിയപ്പോഴാണ് അവന്‍ ശരിക്കും ഞെട്ടിയത് .., മ്മടെ ഹെഡ് മാഷ് …!, പാഞ്ചാലി വസ്ത്രാക്ഷേപം കണ്ട് .., കലി പൂണ്ട് നില്‍ക്കണ ഭീമസേനന്‍ കണക്കെ .., കണ്ണും തുറിപ്പിച്ച് നില്‍ക്കുന്നു …!

ഒന്നേ നോക്കിയുള്ളൂ .., കുഞ്ഞുണ്ണി .., എന്തോ പറയാനായി വായ തുറന്നു .., പക്ഷേ അവനത് മുഴുമിപ്പിക്കാനായില്ല …!അതിനു മുന്‍പേ അവന്റെ ബോധം അവനെ വിട്ട് സ്‌കൂളിന് പുറത്തേക്ക് ഓടിപ്പോയി …!

എന്റെ ബോധം ഇറങ്ങി ഓടിയതിനെക്കാളും ഡബിള്‍ സ്പീടിലാണ് .., അവന്റെ ബോധം ഇറങ്ങി ഓടിയത് …!

ദാ .., കിടക്കണൂ .., കുഞ്ഞുണ്ണി വെട്ടിയിട്ട പോലെ താഴെ …!

സത്യത്തില്‍ ഇതൊന്നും അറിയാതെ .., ബോധം കെട്ടു കിടന്ന എന്നെ കൂട്ടുകാരെല്ലാവരും ..,ചേര്‍ന്ന് പൊക്കിയെടുത്ത് വെള്ളം തെളിച്ച് ഉണര്‍ത്തി ..!

ഞാന്‍ വീണ്ടും പരീക്ഷയെഴുതി …, കുഞ്ഞുണ്ണി ബോധം കെട്ടതൊന്നും ഏറ്റില്ല …, ബുക്ക് തൊണ്ടി സഹിതം കുഞ്ഞുണ്ണി അണ്ടര്‍ അറസ്റ്റ് ..!

ആ വര്‍ഷത്തെ റിസള്‍ട്ട് വന്നപ്പോ .., ഞാന്‍ തട്ടി മുട്ടി കടന്നു .., പക്ഷേ .., കുഞ്ഞുണ്ണി അവിടെത്തന്നെ കിടന്നു ..!

പക്ഷേ .., അവനതൊന്നും തന്നെ പുത്തിരിയല്ല ..ചില ക്ലാസ്സിലൊക്കെ അവന്‍ ഡബിളും ത്രിബിളും തികച്ചിട്ടുണ്ട് ..!

ഇവനൊക്കെ പഠിച്ച് പത്താം ക്ലാസ്സ് കഴിയുമ്പോഴേക്കും .. അവന്റെ പിള്ളേരെ ചേര്‍ക്കാറായിട്ടുണ്ടാവും .., എന്ന് ഹെഡ് മാഷ് ഇടയ്ക്കിടെ ആതമഗതം പൊഴിക്കാറുണ്ടത്രെ …!