കോയയും കോഞ്ഞാട്ടയായ ഹണിമൂണും

1

ക്ട്രിംഗ്…. ക്ട്രിംഗ്…. ക്ട്രിംഗ്….

വെളുപ്പാന്‍ കാലത്തേ മൊബൈലിന്റെ നിലക്കാത്ത നിലവിളയാണ് സുഖനിദ്രക്ക് വിഘ്‌നം വരുത്തിയത്. ഏര്‍ളി മോര്‍ണിംഗ് ഏതാണ്ട് പത്ത് പത്തര പതിനൊന്ന് ആയിക്കാണും! ഒരാഴ്ചത്തെ നെട്ടോട്ടത്തിനൊടുവില്‍ നന്നായൊന്നു നടുനിവര്‍ത്തി, അടുത്ത വാരത്തേക്കുള്ള ഊര്‍ജ്ജം സംഭരിക്കാന്‍ ശവാസനം ചെയ്യുന്നവരെ ശല്യംചെയ്യാന്‍ ഗള്‍ഫില്‍ പൂര്‍വ്വവൈരാഗ്യമുള്ളവര്‍പോലും രണ്ടാമതൊന്നാലോചിക്കും. അവധി ദിവസമായ വെള്ളിയാഴ്ച കാലത്തേ വിളിച്ച ആ ഹതഭാഗ്യന്‍ നമ്മുടെ കോയയാണ്. നന്ദിസൂചകമായി അവനുള്ള ബ്രേക്ഫാസ്റ്റും ലഞ്ചും അപ്പോള്‍ത്തന്നെ കൊടുത്തു. ബാക്കി വൈകിട്ട് നേരില്‍ കാണുമ്പോള്‍ എന്നും ആശ്വസിപ്പിച്ചു ഫോണ്‍ വെച്ചു.

ആളുടെ ഗുണകണങ്ങളില്‍ ആദ്യത്തേത് നമ്മടെ ഫ്രെണ്ടാണ് എന്നതുതന്നെ. പോരാഞ്ഞിട്ട് മാടപ്രാവിന്റെ* മനസ്സ്, പോത്തിന്റെ പോലത്തെ നെടുവിരിയന്‍ ബോഡി, എരുമ തോറ്റുപോകുന്ന അരുമയാര്‍ന്ന മുഖകാന്തി എല്ലാം ഒത്തിണങ്ങിയ ഒന്നാന്തരം മലപ്പുറം കാക്ക!
(*അച്ചായന്മാര്‍ക്ക് മാത്രം പേറ്റന്റുള്ള മാടപ്രാവിനെ അന്യ മതസ്ഥന് തീറെഴുതിക്കൊടുത്തതു വഴി നഷ്ടപ്പെട്ട സാമുദായികസന്തുലനം ഇരുകൂട്ടര്‍ക്കും താത്പര്യമുള്ള എരുമപോത്ത് കോമ്പിനേഷന്‍ വഴി പ്രിയ വായനക്കാര്‍ കോമ്പ്രമൈസ് ആക്കിത്തരണം.)

ഡിഗ്രി കഴിഞ്ഞ് നാട്ടില്‍ വട്ടം ചവുട്ടി നില്‍ക്കാതെ കിട്ടിയ വിസക്ക് കക്ഷി ദുഫായിക്ക് കേറിപ്പോന്നു. പ്രതീക്ഷക്ക് വകയില്ലെങ്കിലും ഉള്ള പണികൊണ്ട് പട്ടിണി കൂടാതെ തട്ടിമുട്ടി പോകുമ്പോഴാണ് പെണ്ണുകെട്ടാനുള്ള അടങ്ങാത്ത ആഗ്രഹം ഉള്ളില്‍ മുളപൊട്ടിയത്. ആര്‍ക്ക് കുറ്റംപറയാനൊക്കും? കെട്ടിയവര്‍ ഉപദേശിച്ചാല്‍ ഇതൊക്കെ തനിക്കറിയാമായിരുന്നെങ്കില്‍ സ്വയം പരീക്ഷിക്കാമായിരുന്നില്ലേ എന്ന് മറുചോദ്യം. കെട്ടാത്തവന്‍ അഭിപ്രായം കൊണ്ടുചെന്നാല്‍ അവന് അസൂയ എന്ന് പേരുദോഷം. എന്നെ കറവപ്പശുവാക്കിയിരിക്കുകയാണോ? എന്ന ചോദ്യം ഭയന്നു വീട്ടുകാരും മുടക്കം പറയില്ല. എന്തായാലും ആത്മാര്‍ത്ഥ സുഹൃത്തായ ഈയുള്ളവന്‍ ഗുണത്തിനും ദോഷത്തിനും പോയില്ല.

ഇന്നത്തെപ്പോലെ ഗള്‍ഫുകാരന്റെ കമ്പോള നിലവാരം വല്ലാണ്ടങ്ങ് ഇടിയും മുന്‍പായിരുന്നു കോയേടെ നിക്കാഹ്. പെണ്ണുകാണാന്‍ ചെന്ന അന്നുമുതല്‍ ‘ഫാമിലി വിസാ ഉണ്ടോ? പെണ്ണിനെ എപ്പോള്‍ കൊണ്ടുപോകും?’ തുടങ്ങിയ ചോദ്യങ്ങള്‍ പല ആംഗിളില്‍നിന്നുമായി ഒരേ തീവ്രതയില്‍ ഉയര്‍ന്നു കേട്ടതാണ്. ഇതിപ്പോള്‍ കെട്ടുകഴിഞ്ഞു പുതുപ്പെണ്ണിനെ നാട്ടില്‍ വിട്ടു പോന്നിട്ട് ആറുമാസത്തിലേറെയായി. ബീവീടെ ഖല്‍ബിനുള്ളിലെ തീയും പുകയുമൊക്കെ ഒരു പരിധിവരെ ഫോണിലൂടെ കണ്ട്രോള്‍ ചെയ്തു കൊണ്ടുപോകുന്നുണ്ട്. എന്നാലും അതൊന്നും ശാശ്വത പരിഹാരമല്ല. തനിക്കും വികാര വിചാരങ്ങളില്ലാതില്ല. കഴിവും കരുതലും ഉള്ളവനാണ് എന്ന് തെളിയിയിക്കുക അഭിമാനപ്രശ്‌നം. സ്റ്റാറ്റസ് ഉയരും തോറും കയറുന്ന സാമ്പത്തികപ്രശ്‌നങ്ങള്‍…

ലോണെടുത്ത് പഠിപ്പിച്ചതില്‍ ബാപ്പാന്റെ കടം തീര്‍ന്നിട്ടില്ല. ‘ഒരു വേദന തീരുമ്പോള്‍ മറ്റൊന്ന്’ എന്നപോലെ തന്നെ നോട്ടമിട്ടാണോ എന്നറിയില്ല അനുജനും പെങ്ങളും കോഴ്‌സുകള്‍ മാറിമാറി പഠിക്കുന്നു. ഇതിനും മാത്രം യൂണിവേര്‌സിറ്റികള്‍ മലപ്പുറത്ത് കൊണ്ടുവന്നവനെ ആരായാലും മനസ്സറിഞ്ഞു പിരാകിപ്പോകും. ‘ഒന്ന് ചീയുന്നത് മറ്റൊന്നിനു വളം.’ അതു പ്രപഞ്ച സത്യമാണ്. പ്രാരാബ്ധമില്ലാത്ത പ്രവാസിയുണ്ടോ? അതില്ലാത്തവന്‍ പ്രവാസസമൂഹത്തിനുതന്നെ അപമാനമല്ലേ? കോയ ഒരു ദീര്‍ഘനിശ്വാസത്തോടെ സമാശ്വസിച്ചു!

ഗഹനമായ ആലോചനക്കും കൂട്ടിക്കിഴിക്കലുകള്‍ക്കും ഒടുവില്‍ ഭാര്യയെ വിസിറ്റിംഗ് വിസായില്‍ ഒരു മാസത്തെക്കെങ്കിലും കൊണ്ടുവന്നാല്‍ മേല്‍പ്പടി പ്രശ്‌നങ്ങള്‍ക്ക് തെല്ലാശ്വാസമുണ്ടാവാം എന്ന കണ്ക്ലൂഷനില്‍ എത്തി. ഗള്‍ഫ്‌ന്യൂസ് പത്രം അരിച്ചെടുത്ത്, ‘ഫര്‍ണിഷ്ട് സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ് ഫോര്‍ വണ്‍ മന്ത് ഓണ്‍ലി’ എന്നൊരു പരസ്യം കണ്ട്, അത് കൊക്കിലൊതുങ്ങുതാണെന്ന് ഉറപ്പുവരുത്തി. നാട്ടില്‍ ബ്രേക്കായ ഹണിമൂണ്‍ കണ്ടിന്യൂ ചെയ്യുകയാണ് പ്രധാന അജണ്ട എന്നതിനാല്‍ െ്രെപവസിക്ക് പ്രാധാന്യം കല്പിച്ച് കായ് ലേശം കൂടിയാലും ഷെയറിംഗ് റൂം വേണ്ടെന്നു നേരത്തെ തീര്‍ച്ചപ്പെടുത്തിയിരുന്നു. ആ അഭിപ്രായത്തെ ഞാനും പിന്താങ്ങി. വെറുതെയെന്തിനാ വേറൊരു വീട്ടുകാര്‍ക്ക് സ്വൈര്യക്കേട് ഉണ്ടാക്കുന്നത്? അങ്ങനെ റൂം കാണുവാനും അഡ്വാന്‍സ് കൊടുക്കാനും ഒരാള്‍ബലത്തിനാണ് എന്നെ വെള്ളിയാഴ്ച വെളുപ്പിനെ ഫോണ്‍ ചെയ്തത്.

ഞങ്ങള്‍ പ്രസ്തുത ഫ്‌ലാറ്റിലെത്തി. ‘ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്നൊക്കെ പറയുമ്പോലെ ആദ്യകാഴചയിലേ സംഗതി ഇശ്ശി ബോധിച്ചു.

സ്റ്റുഡിയോ വിത്ത് അറ്റാച്ചഡ് ബാത്ത് റൂം. തരക്കേടില്ല! വാതിലിനു അഭിമുഖമായുള്ള ചുവരില്‍ കിച്ചന്‍ ക്യാബിനറ്റ്, അതില്‍ മെനയുള്ള ഗ്യാസ് സ്‌ടൌ , വലത്തെ മൂലയില്‍ ഫ്രിഡ്ജ്. റൂമിന് മധ്യഭാഗത്ത് ത്രീസീറ്റര്‍ സോഫാ, അതിനു പിന്നില്‍ ക്യൂന്‍ സൈസ് ബെഡ്. ഇടുങ്ങിയതെങ്കിലും ഒറ്റമുറിയില്‍ എല്ലാം വൃത്തിയായി ക്രമീകരിച്ചിരിക്കുന്നു. െ്രെപവസി ഇഷ്ടംപോലെ. നമ്മുടെ കപ്പിള്‍സിന് ഡബിള്‍ ഓക്കേ! ഫിലിപ്പിനിയെങ്കില്‍ നാല് കപ്പിള്‍സിനു ത്രിബിള്‍ ഓക്കെ! എന്റെ പ്രൊഫഷനല്‍ വീക്ഷണം ഇങ്ങനെയെങ്കില്‍ ഇപ്പറഞ്ഞതിലൊന്നുമായിരുന്നില്ല കൊയേടെ നോട്ടം! കക്ഷി കട്ടിലിന്റെ കായികക്ഷമത പരിശോധിച്ച് ഇരുന്നും അമര്‍ന്നു ചാടിയും കര….കരാ..ശബ്ദം കേള്‍ക്കുന്നുണ്ടോ, മൂട്ട കടിയുണ്ടോ എന്നൊക്കെ ഗവേഷണം നടത്തി. കണ്ട്രോള്‍ പോകാതെ പിടിച്ചുനിന്ന വീട്ടുടമസ്ഥന്റെ പന്തിയല്ലാത്ത നോട്ടം സ്‌െ്രെടക്ക് ചെയ്ത ഞാന്‍, കോയ ഇനി കിടന്നു നോക്കുന്നതിനു മുന്‍പേ തടികേടാകാതിരിക്കാന്‍ അഡ്വാന്‍സ് പിടിച്ചേല്‍പ്പിച്ച് സ്റ്റാന്റ്‌റ് വിട്ടു!

കോയാസ് ബീവി ഈസ് ലാന്റിംഗ്! വിരഹത്തിന്റെ തീവ്രത പരിസരം നോക്കാതെ പ്രകടിപ്പിക്കാന്‍ അവസരമൊരുങ്ങട്ടെ എന്നുകരുതി എയര്‍ പോട്ടിന്റെ ഏരിയയില്‍ പോലും ഈയുള്ളവന്‍ പോയില്ല. പുന:സമാഗമത്തെ ഓര്‍ത്തുള്ള മധുരസ്മരണകള്‍ നുണഞ്ഞു ഞൊട്ടി കാത്തുനിന്ന കോയ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വകയിലെ ഏതൊക്കെയോ അളിയന്മ്മാര്‍, എളാപ്പ, മൂത്താപ്പാ, തന്റെ ഖല്‍ബായ ബീവീടെ ബള്‍ബുപോലുള്ളൊരു ചേട്ടത്തി, അവരോട് ഫിലമെന്റ്‌റ് പോലെ പറ്റിപ്പിടിച്ചോരിക്കാ, കുഞ്ഞുകുട്ടി പരാധീനങ്ങള്‍, കേട്ടറിഞ്ഞ നാട്ടുകാര്‍ എല്ലാം കൂടി ഒരു പടതന്നെവന്നിരിക്കുന്നു വരവേല്‍ക്കാന്‍! ഇത്രയും ബന്ധുക്കള്‍ നാട്ടിലുണ്ടായിരുന്നെങ്കില്‍ ഒരു പഞ്ചായത്ത് ഇലക്ഷന്‍ താന്‍ പുല്ലുപോലെ പൊങ്ങിയേനെ! ഇവരൊക്കെ ഏത്? ആര് വിളിച്ചറിയിച്ചു? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇന്നും ഉത്തരം കിട്ടിയിട്ടില്ല.

എല്ലാരും കൂടി കെട്ട്യോളെ കിഡ്ണാപ്പ് ചെയ്‌തോണ്ട് പോകുമോ? അതോ തന്റെ വീട്ടിലേക്ക് കെട്ടിയെടുക്കുമോ? എന്നീ ആശങ്കകളാല്‍ ആ ആത്മാവ് വലഞ്ഞു. പക്ഷേ ഭയപ്പെട്ടതുപോലോന്നും സംഭവിച്ചില്ല. നിക്കാഹിനുശേഷം ബഹുജനബാഹുല്യമുള്ള മറ്റൊരു ചടങ്ങില്‍ പങ്കെടുത്തതിന്റെ പരിഭ്രാന്തിയിലായ പുതുപ്പെണ്ണിനോട് സലാം പറഞ്ഞ്, കാലിച്ചായപോലും വാങ്ങിക്കൊടുക്കാതെ സകലരും സ്ഥലം കാലിയാക്കി.

രണ്ടാഴ്ചക്ക് ശേഷം പ്രിയ സുഹൃത്ത് ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ വിളിച്ചുനോക്കിയപ്പോഴാണ് സങ്കടകരമായ പല സംഗതികളും അദ്ദേഹം വെളിപ്പെടുത്തിയത്. നിങ്ങള്‍ ഉദ്ദേശിക്കുന്നതൊന്നുമല്ല, ചുമ്മാ തല പുകയേണ്ട. കാലത്തു തുടങ്ങി വൈകിയെത്തുന്ന വ്യവസ്ഥയില്ലാത്ത ജോലി. ഇടദിവസങ്ങളില്‍ പലരും വിരുന്നിനു ക്ഷണിക്കുന്നുണ്ടെങ്കിലും പോകാനൊക്കുന്നില്ല. പോയാല്‍തന്നെ മടങ്ങിയെത്തുമ്പോള്‍ ഒരുപാട് വൈകും. ചിലര്‍ അവിടെ കിടക്കാന്‍ നിര്‍ബന്ധിക്കും. പായും തലയണയും ഹാളില്‍ ഇട്ടുതന്ന് ഒപ്പം വീട്ടിലെ കുറെ കുഞ്ഞുങ്ങളെയും കൂട്ടിനു വിടും! എന്ത് ചെയ്യും? ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? അത് പോട്ടെ, ആകെകിട്ടുന്ന വെള്ളിയാഴ്ച വെളുപ്പിനെപോലും മനസമാധാനമായി കിടന്നുറങ്ങാന്‍ സമ്മതിക്കില്ല. നാലുപേര് ഒരുമിച്ചു വന്നാല്‍ നില്‍ക്കാനിടയില്ലാത്ത തന്റെ വീട്ടില്‍ സന്ദര്‍ശക പ്രവാഹം.കണ്ണില്‍ ചോരയില്ലാത്ത ബന്ധുക്കള്‍!! ഒരു മാസത്തെ വിസിറ്റ് ‘ദാ’….ന്നു പറയും മുന്‍പേ തീരുന്നു! ക്യാ ഫലം? കുച്ച് നഹി!!

വിസയ്ക്കും ടിക്കറ്റിനും റൂമിനും മുടക്കിയ കാശ് കാല്‍ക്കുലേറ്റ് ചെയ്ത്, ഏതോ ഒരു ന്യൂമറിക്കല്‍ ഫാക്ടര്‍ കൊണ്ട് ഹരിച്ച് കോയ പറഞ്ഞു. ‘നഷ്ടമായിപ്പോയി. ദിവസക്കണക്ക് നോക്കിയാല്‍ ഈ പൊല്ലാപ്പിനോന്നും പോകാതെ പുറത്തു പണിയെടുക്കുകയായിരുന്നു ലാഭം!’

ഭാഗ്യമെന്നോണം നിനച്ചിരിക്കാതെ വീണുകിട്ടിയ വെള്ളിയാഴ്ച്ചയല്ലാത്തൊരു അവധി ദിവസം. അപ്രതീക്ഷിതമാകയാല്‍ ഭാര്യയും ബഹു ഹാപ്പി. ദീര്‍ഘമായ സുഖ ശയനത്തിനുശേഷം ശല്യമായി ആരുമില്ലാത്തതിന്റെ സ്വാതന്ത്ര്യം ആവോളം ആസ്വദിച്ച അലസവേളകള്‍ക്കൊടുവില്‍ എന്തെന്നില്ലാത്ത ആനന്ദത്താല്‍ കോയ പാട്ടുംപാടി പ്രഭാത കര്‍മ്മങ്ങള്‍ക്കായി ബാത്ത് റൂമില്‍ കയറി. പൊണ്ടാട്ടി ബെഡ് കോഫി റെഡിയാക്കുന്നു.

ടക്! ടക്! വാതിലിലാരോ മുട്ടുന്നു!!!!!!!
ബീവിയുടെ ആഹ്ലാദം അലിഞ്ഞില്ലാതായി. അള്ളാ! ഇത് ഏത് ഹിമാറാണോ ഫോണ്‍ പോലും ചെയ്യാതെ വന്നിരിക്കുന്നത്? അര്‍ദ്ധശങ്കയോടെ ഡോര്‍ ഹോളിലൂടെ നോക്കി. ഫാമിലിയാണ്, പരിചയമുള്ള സ്ത്രീ രൂപം! എങ്കിലും ആളെ പിടികിട്ടുന്നില്ല. ആകാംക്ഷാപൂര്‍വം വാതില്‍ തുറന്നു. ഡിഗ്രിക്ക് ഒരേ ബഞ്ചിലിരുന്നു പഠിച്ച കൂട്ടുകാരിയും കൂടെ ഭര്‍ത്താവും!!

‘വാട്ട് എ പ്ലെസന്റ്‌റ് സര്‍െ്രെപസ്!’
‘ആഹാ……. സര്‍െ്രെപസ് തരുവാന്‍ തന്നെയാണ് മുന്‍കൂട്ടി അറിയിക്കാതെ മുറി തപ്പിപ്പിടിച്ച് എത്തിയത്!’
കൂട്ടുകാരി വിജയീഭാവത്തില്‍ മൊഴിഞ്ഞു.

ബാത്ത്‌റൂമിലെ തണുത്ത വെള്ളത്തിന്റെ പ്രവര്‍ത്തനംകൊണ്ടോ പിടിവിട്ട സന്തോഷം കൊണ്ടോ എന്തോ നമ്മുടെ കോയ സ്റ്റാര്‍ സിങ്ങര്‍മാര്‍ വിട്ടുപോയ സംഗതികളെല്ലാം ചേര്‍ത്തു പാടി തകര്‍ക്കുകയാണ്. സ്വയം നിര്‍മ്മിച്ച ലേശം മസാല ചേര്‍ത്ത ലിറിക്‌സും മൂന്നാമതൊരാള്‍ കേട്ടാല്‍ പ്രശ്‌നമാണ്! പുറത്തു നടക്കുന്ന സംഭവവികാസങ്ങള്‍ പുള്ളി അറിഞ്ഞിട്ടില്ലെന്ന് മനസിലാക്കിയ ബീവി കതകില്‍ മുട്ടി..

‘അതേയ്……’ എന്ന് പറഞ്ഞു തുടങ്ങും മുന്‍പേ ബാത്ത് റൂമിന്റെ കതക് ചവിട്ടിപ്പോളിച്ച്
‘ടട്ടഡാ….ടട്ടഡാ…
ഹം തും……
ഏക് കമരേ മെം ബന്ദ് ഹൂം…
ഹേ…ഹൈ….ഹോ…ഹം..’
എന്ന് ബാക്‌ഗ്രൌണ്ട് മ്യൂസിക്കും ഇട്ട് ‘പിറന്നപടി’ പുറത്തേക്ക് ചാടിവീണ കോയ അപരിചിതരെ കണ്ട് അമ്പരന്നു!മെഡുലഒബ്ലാന്‍കേറ്റക്ക് അടി കിട്ടിയപോലെ വടിയായി നിന്നു!! കൂടെ ഷോക്കടിച്ച് ബീവിയും സര്‍െ്രെപസ് കണ്ടു ഞെട്ടിയ അതിഥികളും!!!

“വിശ്വരൂപം” “വിശ്വരൂപം” എന്ന് അതുവരെ വിരുന്നുകാര് കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ! അതിലെ വിവാദ ഭാഗങ്ങള്‍ കട്ട് ചെയ്ത് നീക്കിയെങ്കില്‍ ഇവിടെ മറ്റുപലതും ഇട്ടു മൂടിയിട്ടും പിന്നീട് സന്ദര്‍ശകരാരെയും ആ വഴിക്ക് കണ്ടിട്ടില്ലെന്നും ആര്‍ക്കും പരീക്ഷിക്കാവുന്ന ഈ “സംഗതി” മെഗാഹിറ്റ് ആവുമെന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു.
കോയയാണേല്‍ സത്യം!!