‘കോര്‍ട്ട് ‘ : നിയമം അഭ്രപാളിയില്‍ കഴുതയാകുമ്പോള്‍ : റിവ്യൂ അഡ്വ: മനു സെബാസ്റ്റിയന്‍

  211

  new

  നിങ്ങള്‍ ഈ വര്‍ഷത്തെ ദേശീയ പുരസ്‌ക്കാരം ലഭിച്ച Court എന്ന മറാത്തി സിനിമ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ ആ സിനിമ മിസ്സ് ചെയ്യരുത് . പ്രത്യേകിച്ച് നിയമ വിദ്യാര്‍ഥികളും , സാമൂഹ്യ നിരീക്ഷണ തല്‍പ്പരരായ മനുഷ്യരും . അഭിഭാഷകനായ മനു സെബാസ്റ്റിയന്‍  ആ സിനിമക്ക് എഴുതിയ റിവ്യൂ ആണ് താഴെ…

  ഈ വര്ഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ‘കോര്‍ട്ട് ‘ എന്ന മറാത്തി സിനിമ, നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ഏറ്റു വാങ്ങിയിട്ടുണ്ട്. ശ്രീ. ചൈതന്യ തമാനെ സംവിധാനം ചെയ്ത ഈ ചിത്രം, ഏപ്രില്‍ പതിനേഴിന് തിയട്ടരുകലില്‍ എത്തി. ധാരാളം ചര്ച്ചയും വിചിന്തനവും ആവശ്യപ്പെടുന്ന ഒരു ചിത്രമാണിത് .

  ഫ്രാന്‍സ് കാഫ്കയുടെ ‘വിചാരണ'(The Trial) എന്ന വിശ്വപ്രസിദ്ധ കൃതിയില്‍, എന്താണ് താന്‍ ചെയ്ത കുറ്റം എന്ന അറിവ് പോലും ലഭിക്കാതെ, അനന്തവും അസംബന്ധവുമായ വിചാരണ നേരിടേണ്ടി വരുന്ന ‘ജോസഫ് .കെ ‘ എന്ന കഥാപാത്രത്തിന്റെ ദുരവസ്ഥ വരച്ചു കാട്ടുന്നുണ്ട്. ജീവിതത്തിന്റെ ക്രമരഹിതവും അര്‍ത്ഥരഹിതവും അസംബന്ധജടിലവുമായ ഗതിവിഗതികളെ സൂചിപ്പിക്കുന്ന ‘Kafkaesque’ എന്ന പദപ്രയോഗത്തിന് ഈ കൃതി ജന്മം നല്കിയിട്ടുണ്ട്. ‘Kafkaesque’ എന്ന പദപ്രയോഗത്തിന് വളരെ അനുയോജ്യമാണ് ഈ സിനിമയുടെ ഇതിവൃത്തം.

  ദളിത് മനുഷ്യാവകാശ പ്രവര്‍ത്തകനും, കവിയും ഗായകനുമായ നാരായണ് കാംബ്ലെ എന്ന വൃദ്ധന്‍, ആത്മഹത്യ പ്രേരണ കുറ്റത്തിന് വിചാരണ ചെയ്യപെടുന്നതാണ് ഇതിവൃത്തം. മുംബൈ നഗരത്തിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന ജോലി ചെയ്തിരുന്ന വികാസ് പവാര്‍ എന്ന ഒരു ചേരി നിവാസി, നരയാന്‍ കാംബ്ലെ അവതരിപ്പിച്ച ഒരു നാടോടി ഗാനത്താല്‍ പ്രേരിതനായി, ഭൂഗര്‍ഭ അഴുക്കുചാലില്‍ ഇറങ്ങി മരിച്ചു എന്നാണു ആരോപണം.ഭൂഗര്ഭചാലില്‍ ശ്വാസം മുട്ടിയുള്ള അയാളുടെ മരണം ആത്മഹത്യ ആണെന്നും, അതിനു പ്രേരണയായത് ഇത്തരം തൊഴിലാളികള്‍ക്ക് ജീവികാനുള്ള മൗലിക അവകാശം ഈ രാജ്യത്തില്ല എന്ന് അപലപിക്കുന്ന നാരായണ് കാംബ്ലെയുടെ ഗാനമാനെന്നും ആണ് പ്രൊസിക്യുഷന്റെ വാദം. ആത്മഹത്യ പ്രേരണ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 306 ആം വകുപ്പ്, Dramatic Performances Act 1876, തുടങ്ങിയ കാലഹരണപ്പെട്ട നിയമങ്ങളുടെ പിന്‍ബലത്തില്‍ ആണ് വിചാരണ. ബ്രിട്ടീഷ് ഭരണ കാലത്ത് നിരോധിക്കപ്പെട്ട ചില ഗ്രന്ഥങ്ങള്‍ കൈവശം വെച്ച് എന്നതാണ് നാരായണ് കാംബ്ലേയെ ഒരു അരാജകവാദിയും ഭീകരനുമായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന തെളിവുകള്‍.

  സാമാന്യയുക്തിക്ക് ഒട്ടും ദഹിക്കുന്നതല്ല കുറ്റാരോപണവും തെളിവുകളും.പക്ഷെ നിയമം പലപ്പോഴും സാമാന്യ യുക്തി കൊണ്ട് ഗ്രഹിക്കാവുന്നതല്ല.അത് കൊണ്ടാണല്ലോ, ചാള്‍സ് ഡിക്കെന്‍സ് വളരെ പണ്ട് നിയമം ഒരു കഴുതയാണെന്നു വിശേഷിപ്പിച്ചത്.ആ കഴുത ചിലപ്പോള്‍ ആടിനെ പട്ടിയാക്കും. സാമാന്യയുക്തി അസംബന്ധം എന്ന് തള്ളികളയുന്ന പലതും, നിയമത്തില്‍ പ്രത്യയശാസ്ത്രങ്ങളായി അവതരിക്കാം. സാധാരണക്കാരന്‍ ചപലവും ബാലിശവും ആയി തള്ളികളയുന്ന പലതും, ചിലപ്പോല്‍ നിയമത്തിനു സങ്കീര്‍ണ്ണ ചോദ്യങ്ങളും ഉത്തരം മുട്ടിക്കുന്ന പ്രഹേളികകളും ആയി അനുഭവപ്പെടാം.

  എന്തായാലും, അത്യന്തം ഗൌരവത്തോടെ, നാരായണ് കാംബ്ലെയുടെ വിചാരണ കോടതി നടത്തുന്നു.മാവോയിസ്റ്റ് രചനകള്‍ കൈവശം വെച്ചതിനു രാജ്യദ്രോഹകുറ്റത്തിന് വിചാരണ നേരിട്ട ഡോ .ബിനായക് സെന്നിന്റെയും മറ്റും സംഭവങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ട്. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ വേട്ടയാടുന്ന ചരിത്രത്തിന്റെ അനാദി കാലം മുതലുള്ള രീതിയോട് നീതി പുലര്ത്തികൊണ്ട് തന്നെ.

  നിയമത്തിന്റെ അര്തരഹിതവും യാന്ത്രികവുമായ രീതികളെ അപഹസിക്കുന്നതിനോടൊപ്പം തന്നെ,ധാരാളം വൈരുധ്യങ്ങളാല്‍ സമ്പന്നമായ മനുഷ്യാവസ്ഥകളുടെ ഒരു ചിത്രീകരണം കൂടിയാണ് ഈ സിനിമ. ഇതില്‍ നാരായണ് കംബ്ലെയുടെ വക്കീലായ വിനയ് വോറ ഒരു സമ്പന്ന ബിസിനസ് കുടുംബത്തില പെട്ടതാണ്. വരേണ്യവും ആഡംബരവും ആയ ജീവിതം നയിക്കുന്ന അയാള് ഒരു മനുഷ്യാവകാശ പ്രവര്തകനായി സ്വയം അഭിരമിക്കുന്നു.നാരായണ് കംബ്ലെയേ രക്ഷികാന്‍ അയാള് ആത്മാര്തമായി ശ്രമിക്കുന്നുണ്ട്. കോടതിയില്‍ അല്ലാത്തപ്പോള്‍, ബുദ്ധിജീവി സദസ്സുകളില്‍ മനുഷ്യാവകാശധ്വംസനങ്ങളെ പറ്റി ഘോരമായി സംസാരിച്ചും, മുന്തിയ നിശാക്ലുബുകളിലും രേസ്‌റൊരന്റുകളിലും സമയം ചെലവഴിച്ചും, വിലയേറിയ മദ്യവും ജാസ് സംഗീതവും ആസ്വദിച്ചും സുഖിമാനായി ജീവിക്കുന്ന അയാള്, നാരായണ് കംബ്ലെ എതിര്ക്കുന്ന നവലിബറല്‍ നയങ്ങളുടെയും ഉപഭോഗസംസ്‌കാരത്തിന്റെയും ഒരു ഗുണഭോക്താവ് ആണ് .

  അതേ സമയം, കാംബ്ലെയെ ശിക്ഷിക്കാന്‍ ഭരണകൂടത്തിനു വേണ്ടി വാദിക്കുന്ന നൂതന്‍ എന്ന വനിതാ പ്രോസിക്യുടര്‍, ഒരു സാധാരണ വീട്ടമ്മയാണ്. ലോക്കല്‍ ട്രയിനിലെ സെക്കന്റ് ക്ലാസ്സില്‍ സഞ്ചരിച്ചും, വിലകയറ്റത്തെ പറ്റി ആകുലപ്പെട്ടും മറ്റും ജീവിക്കുന്ന ഒരു മധ്യവര്‍ഗ കുടുംബിനി. കാംബ്ലെ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളോട് താദാത്മ്യം പ്രാപിക്കാന്‍ കൂടുതല്‍ സാധ്യമാകുന്ന ഒരു ജീവിതാവസ്ഥയാണ് അവരുടേത് എങ്കിലും, തന്റെ എളിയ ജീവിതത്തിന്റെ ചട്ടകൂടിനു വെളിയില ചിന്തിന്ക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല.അവരെ സംബന്ധിച്ച് ഈ കേസ് ഒരു തലവേദനയാണ് . എത്രയും പെട്ടെന്ന് കാംബ്ലെയേ ശിക്ഷിച്ചു പണി തീര്ക്കാനാണ് അവരുടെ ഉദ്യമം.

  നിര്മമതയുടെയും നിസ്സംഗതയുടെയും പര്യായമാണ് ഇതിലെ ജഡ്ജ്. ഒരു ന്യായാധിപന്‍ നിഷ്പക്ഷന്‍ ആയിരിക്കണം എന്നത് ശരി തന്നെ. പക്ഷെ, കാര്യങ്ങള്‍ തുറന്നു കാണാതെ, നിയമത്തിന്റെ അന്തസ്സതയും ഉദ്ധേശശുദ്ധിയും മനസ്സിലാക്കാതെ, ഒരു യന്ത്രത്തെ പോലെ ന്യായാധിപന്‍ പ്രവര്‍ത്തിക്കുമ്പോള്‍ അപഹാസ്യവും അപകടകരവും ആയ ഫലങ്ങള്‍ ഉണ്ടാകുന്നു എന്ന് ഈ ചിത്രം ചൂണ്ടി കാണിക്കുന്നു.

  തെളിവുകളുടെ അഭാവത്താല്‍ കാംബ്ലെ കുറ്റ വിമുക്തനാക്കപെടുന്നുണ്ട്. എന്നാല്‍, ദേശവിരുദ്ധ കവിത എഴുതിയെന്ന ആരോപണത്തില്‍ രാജ്യദ്രോഹകുറ്റത്തിന് അയാള് അതെ കോടതിയില്‍ വീണ്ടും ഹാജരാക്കപെടുന്നു. കോടതി നീണ്ട വേനലവധിക്ക് അടയ്ക്കുന്ന വെളയായതിനാല്‍, അയാളുടെ ജാമ്യാപേക്ഷ കേള്‍ക്കാന്‍ ജഡ്ജ് വിസമ്മതിക്കുന്നു. ഹൈകോടതിയെ സമീപിക്കാന്‍ പറഞ്ഞു കൊണ്ട് കോടതി പിരിയുന്നു. എല്ലാവരും ഒഴിഞ്ഞതിനു ശേഷമുള്ള, ഇരുണ്ടതും വിജനവുമായ കോടതിമുറിയുടെ ഒരു മിനിട്ടോളം ദീര്ഖമുള്ള ഒരു സ്റ്റില്‍ ഷോട്ട് ഉണ്ട് സിനിമയില്‍.സഹൃദയനായ ഏതൊരു പ്രേക്ഷകന്റെ മനസ്സിലും അത് ഇരുട്ട് നിറയ്ക്കും.

  നമ്മള്‍ എല്ലാരും, നാം തെരഞ്ഞെടുക്കാത്ത ഓരോ ജീവിതാവസ്ഥകളിലേക്ക് എറിയപെട്ടവരാണ്.അതിന്റെ പരിമിതികളില്‍ മനസ്സിലാക്കുന്ന കാര്യങ്ങള്‍ സനാതനസത്യങ്ങള്‍ ആയി ധരിച്ചു കൊണ്ട് നാമൊക്കെ ജീവിതത്തിലൂടെ സ്വപ്നാടനം ചെയ്യുന്നു. അത് നമുക്കും മറ്റുള്ളവര്ക്കും ശിക്ഷയായി പരിണമിക്കുന്നു.ഇങ്ങനെയൊക്കെയുള്ള ചില തത്വദര്‍ശനങ്ങളും ഈ ചിത്രത്തില്‍ അവിടെഇവിടെയായി മിന്നിമറിയുന്നു.ഇതില്‍, പരമവും നഗ്‌നവുമായ സത്യം മനസ്സിലാക്കുന്ന നാരായണ് കംബ്ലെ, മറ്റുള്ളവരുടെ അഞ്ജതയും അപക്വതയും മൂലം ശിക്ഷിക്കപെടുന്നു. മറ്റുള്ളവര്‍ തങ്ങളുടെ പാതി വെന്ത ജീവിതം കൊണ്ട് സ്വയം തീര്‍ത്ത തടവറകളില്‍ ആത്മപീഡ അനുഭവിക്കുന്നു.

  അവധികാലം ആഘോഷിക്കുന്ന ജഡ്ജിയുടെ രംഗങ്ങലോടെയാണ് ചിത്രം അവസാനിക്കുന്നത്. തന്റെ കൃത്യവിലോപത്താല്‍ ദുരിതം അനുഭവിക്കുന്നവരെ ഓര്‍ത്തു തീരെ മനസ്താപം ഇല്ലാതെ, ജഡ്ജ് ബീച് റിസോര്‍ത്ടിലേക്ക് തിരിക്കുന്നു. ടീഷര്‍ട്ടും ബെര്മുടയും ധരിച്ച് , അന്താക്ഷരികളികളില്‍ ആടിപാടി, മധ്യലഹരിയില്‍ ഉല്ലസിച്ചു ജഡ്ജ് ആമോദിക്കുന്നു. അവസാനം, തന്റെ ക്രീഡകളാല്‍ തളര്ന്നു ഒരു ബെഞ്ചില്‍ ഇരുന്നു ഉറക്കം തൂങ്ങുന്ന ജഡ്ജിയെ കുറെ കുട്ടികള്‍ വന്നു പേടിപ്പിച്ചു ഉണര്‍ത്തുന്നു. ഞെട്ടിയുണര്‍ന്നു സ്തബ്ധനായി നോക്കുന്ന ജഡ്ജിയുടെ സീനോടെ ചിത്രം അവസാനിക്കുന്ന്‌നു.ഉറക്കംതൂങ്ങല്‍ മതിയാക്കൂ, ഉണരൂ, ജീവിതം കാണൂ, സത്യം മനസ്സിലാക്കൂ എന്നൊക്കെയുള്ള സംവിധായകന്റെ ആഹ്വാനം ആയിരുന്നോ അത് ? സത്യം നമ്മെ ചിലപ്പോള്‍ സ്തബ്ധരക്കും; അത് പോലെ സ്വതന്ത്രരും. അതിശയോക്തിക്കു ബദലായ അതിസ്വഭാവികത മുഖമുദ്രയാക്കിയ ഈ ചിത്രം, ചില സത്യങ്ങളുടെ നേരെ നമ്മുടെ മുഖം തിരിക്കുന്നു.

   

  Written By: Adv. Manu Sebastian