KandaharHijacking

Indian Airlines IC 814 has been hijacked!

ഡിസംബര്‍ 24, 1999. ലോകം ക്രിസ്മസിനെ വരവേല്‍ക്കാന്‍ തയാറെടുക്കുന്നു. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം IC 814 ഡല്‍ഹിയിലേക്കു പുറപ്പെടാനായി റണ്‍വേ ലക്ഷ്യമാക്കി ടാക്‌സീ വേയിലൂടെ മെല്ലെ നീങ്ങി. വൈകുന്നേരം 4 മണിക്ക് റണ്‍വേയില്‍ നിന്നും പറന്നുയരുമ്പോഴും ലാന്‍ഡിംഗ് ഗിയറിനെ ഉള്ളിലൊതുക്കി ഗിയര്‍ ഡോര്‍ അടയുന്നതു വരെയും, ലോകത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്നും ദിനവും പറന്നുയരുന്ന ആയിരക്കണക്കിനു വിമാനങ്ങളില്‍ ഒന്നു മാത്രമായിരുന്നു IC 814. ഒന്നര മണിക്കൂറിന്റെ ഷോര്‍ട്ട് ടൈം ഫ്‌ലൈറ്റ് ആയതിനാല്‍ താമസിയാതെ തന്നെ ക്യാബിന്‍ ക്രൂ ഡ്രിങ്ക്‌സ് സര്‍വീസ് ആരംഭിച്ചിരുന്നു.

പൈലറ്റ്മാര്‍ക്ക് ചായ നല്‍കി കോക്ക്പിറ്റില്‍ നിന്നും പുറത്തിറങ്ങിയ ചീഫ് സ്റ്റ്യുവാര്‍ഡ് അനില്‍ ശര്‍മ്മയുടെ കണ്ണുകള്‍ സാക്ഷിയായത് തുടര്‍ന്നുള്ള 7 ദിവസങ്ങളില്‍ പുതിയ മില്ലേനിയത്തിനെ വരവേല്‍ക്കാനായി ലോകത്തിലെ എല്ലാ പ്രമുഖ പത്രങ്ങളും കരുതി വച്ചിരുന്ന താളുകളെ കവര്‍ന്നെടുത്ത ഒരു അന്തര്‍ദേശീയ വാര്‍ത്തയുടെ ആദ്യ നിമിഷങ്ങള്‍ക്കാണ്. ഒരുകയ്യില്‍ തോക്കും, മറു കയ്യില്‍ ഗ്രനേഡുനായി നില്‍ക്കുന്ന മുഖം മൂടിയ രൂപത്തെ കണ്ട് ശര്‍മ്മ ഞെട്ടി! ശര്‍മ്മയുടെ തലയ്ക്കു നേരെ തൊക്കു ചൂണ്ടിയ അയാള്‍ കോക്ക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ അലറി. കോക്ക്പിറ്റിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ആയുധധാരിയെ കണ്ട് ക്യാപ്റ്റന്‍ ദേവിശരണും, ഫസ്റ്റ് ഒഫീസര്‍ രാജേന്ദ്രകുമര്‍ സിംഗും, ഫ്‌ലൈറ്റ് എഞ്ചിനീയര്‍ ജാഗിയയും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഭീതിയൊടെ പരസ്പരം നോക്കി നില്‍ക്കെ, വിമാനം പടിഞ്ഞാറേക്കു മാത്രം പറാത്തിയാല്‍ മതിയെന്ന് ക്യാപ്റ്റനൊട് അയാള്‍ ആവശ്യപ്പെട്ടു. തങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നുറപ്പിച്ച ക്യാപ്റ്റന്‍ ശരണിന്, ഹൈജാക്കറുടെ സംസാരത്തില്‍ നിന്നും അയാള്‍ ഒറ്റയ്ക്കല്ല എന്നും പാസഞ്ചര്‍ ക്യാബിനില്‍ വേറേ 4 പേര്‍ കൂടി അയാളുടെ സഹായികളായി ഉണ്ടെന്നും അവരുടെ ഡസ്റ്റിനേഷന്‍ പാകിസ്ഥാനിലെ ലാഹോര്‍ ആണെന്നും വ്യക്തമായി!

എന്നാല്‍ കാര്‍ഗില്‍ യുദ്ധം അവസാനിച്ച് മാസങ്ങള്‍ മാത്രം കഴിഞ്ഞ ആ അവസരത്തില്‍, എന്തു തന്നെ സംഭവിച്ചാലും പാകിസ്ഥാനിലേക്കു പറക്കാന്‍ മനസ്സാ തയ്യാറാകാതിരുന്ന ക്യാപ്റ്റന്‍ ശരണ്‍, ‘ലാഹോര്‍ വരെ പറക്കാന്‍ വേണ്ട ഫ്യുവല്‍ ഇല്ല’ എന്ന ഒരു ചെറിയ കള്ളത്തിലൂടെ ഹൈജാക്കറെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, ‘ഒരുപക്ഷെ സാങ്കേതികമായ കാരണങ്ങളാല്‍ ഡല്‍ഹിയില്‍ ഇറങ്ങാന്‍ കഴിയാതെ ആള്‍ട്ടര്‍നേറ്റിവ് ഡസ്റ്റിനേഷനായ അഹമ്മദാബാദിലേക്ക് പറക്കാന്‍ നിങ്ങള്‍ക്കാകുമെങ്കില്‍ എന്തുകൊണ്ട് ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിനേക്കാള്‍ അടുത്തുള്ള ലാഹോറിലേക്ക് പൊയ്ക്കൂട’ എന്ന അയാളുടെ മറു ചോദ്യത്തില്‍ ക്യാപ്റ്റന്‍ കുടുങ്ങി! അതേ സമയം ക്യാബിനില്‍ യാത്രക്കാരെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി ബാക്കിയുള്ള നാലു പേര്‍ വിമാനത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടയില്‍ ഹൈജാക്കര്‍ കാണാതെ എമര്‍ജന്‍സി ട്രാന്‍സ്‌പോണ്ടര്‍ സിസ്റ്റം ഉപയോഗിച്ച് ക്യാപ്റ്റന്‍ ശരണ്‍ ഇന്ത്യയിലെ എയര്‍ട്രാഫിക് കണ്ട്രോള്‍ ടവറിലെത്തിച്ച സന്ദേശം ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുലച്ചു. ചാനലുകളിലൂടെ ആ വാര്‍ത്ത വളരെ വേഗം ലോകശ്രദ്ധ പിടിച്ചു പറ്റി.

ലാഹോറിനെ ചൊല്ലിയുള്ള കോക്ക്പിറ്റിനുള്ളിലെ തര്‍ക്കം തുടര്‍ന്നു. ഇന്ത്യയില്‍ തന്നെ എവിടെയെങ്കിലും ഇറങ്ങാനായാല്‍ തങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസിസ്റ്റന്‍സ് കിട്ടും എന്ന് ക്യാപ്റ്റന് ഉറപ്പായിരുന്നു. അതിന് ഇന്ത്യന്‍ അതോറിറ്റിക്ക് കഴിയുന്നത്ര സമയം കൊടുക്കാനായി ക്യാപ്റ്റന്‍ ശരണ്‍ വിമാനത്തിന്റെ വേഗത കഴിയുന്നത്രയും കുറച്ചാണു ഫ്‌ലൈ ചെയ്തത്! ഒരുപക്ഷേ ഇന്ത്യയില്‍ തങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയം തന്നെയാവണം ഹൈജാക്കര്‍മാരെ ഇന്ത്യയില്‍ നിന്നും വിമാനം പുറത്തേക്ക് കൊണ്ടു പോകാന്‍ പ്രേരിപ്പിച്ചതും. പക്ഷെ ഹൈജാക്കറുടെ ആവശ്യം ഭീഷണിയായി മാറിയപ്പോള്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ ക്യാപ്റ്റന്‍ ലാഹോറിലെ ATC യോട് ലാന്റിംഗ് ക്ലിയറന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അനുമതി നിഷേധിച്ചു എന്നു മാത്രമല്ല, ലാഹോറിലെ എയര്‍സ്‌പെയ്‌സ് ഷട്ട്ഡൗണ്‍ ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ എക്കണോമി ക്ലാസിലെ യാത്രക്കാരില്‍ നിന്നും എട്ടു പേരെ ഹൈജാക്കര്‍മാര്‍ ബലം പ്രയോഗിച്ച് എക്‌സിക്യുട്ടീവ് ക്യാബിനിലേക്ക് മാറ്റി. അതില്‍ ഒരാള്‍ നേപ്പാളില്‍ മധുവിധു ആഘോഷിച്ച് ഭാര്യയുമൊത്ത് മടങ്ങിയ റുപിന്‍ കാട്ട്യാല്‍ ആയിരുന്നു. ഹൈജാക്കര്‍മാര്‍ അവരുടെ കൈകള്‍ പിന്നില്‍ കെട്ടി സീറ്റ് ചരിച്ചു വച്ച് സീറ്റ്‌ബെല്‍റ്റ് ഇട്ടു!

സമയം കടന്നു പോകുന്നതിനനുസരിച്ച് വിമാനത്തിലെ ഫ്യുവല്‍ ഏതാണ്ട് അവസാന ഘട്ടത്തിലേക്കെത്തി. ലാഹോറില്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതുകൊണ്ടും അടിയന്തരമായി വിമാനത്തില്‍ ഇന്ധനം നിറക്കേണ്ടതു കൊണ്ടും ഏറ്റവും അടുത്ത എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയല്ലാതെ വേറെ വഴിയില്ലാതെ പൈലറ്റുമാര്‍ ഹൈജാക്കര്‍മാരോട് കാര്യം അറിയിച്ചു. ആദ്യം എതിര്‍ത്തെങ്കിലും കൂടിയാലോചിച്ച ശേഷം, ഇന്ധനം നിറച്ച് ഉടന്‍ തന്നെ ടേക്ക് ഓഫ് ചെയ്യാമെന്ന പൈലറ്റിന്റെ ഉറപ്പിന്മേല്‍ ലാഹോറില്‍ നിന്നും 50 കിലോമീറ്റര്‍ കിഴക്കുള്ള, നോര്‍ത്ത് ഇന്ത്യന്‍ സിറ്റിയായ അമൃത്സറില്‍ വിമാനം ഇറക്കാന്‍ ഹൈജാക്കര്‍മാര്‍ സമ്മതം നല്‍കി. എന്നാല്‍ അമൃത്സറില്‍ തങ്ങള്‍ക്ക് എന്തെങ്കിലും സഹായം ലഭിക്കും എന്ന് കരുത്തിയ ക്യാപ്റ്റനു പിഴച്ചു! പ്രധാനമന്ത്രി ചെയര്‍മാനായ ഇന്ത്യന്‍ െ്രെകസിസ് മനേജ്മന്റ് ഗ്രൂപ്പ്, അമൃത്സറിലെ ലോക്കല്‍ ഫോഴ്‌സിനെ വിമാനത്തെ സമീപിക്കാന്‍ അനുവാദം നല്‍കിയില്ല. ഡല്‍ ഹിയില്‍ നിന്നും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (NSG) കമാന്‍ഡോസ് എത്തുന്നതു വരെ ലോക്കല്‍ പോലീസ് ഫോഴ്‌സിനോട് ക്ഷമിക്കാനായിരുന്നു ഉത്തരവ്! അതുകൊണ്ട് തന്നെ പഞ്ചാബ് പോലീസ് കമാന്‍ഡോ ഡിപ്പാര്‍ട്ട്മന്റ്, വിമാനത്തെ വീണ്ടും പറക്കാനനുവദിക്കാതെ പിടിച്ചിടാനുള്ള മാര്‍ഗങ്ങളാണു സ്വീകരിച്ചത്. അതിനാല്‍ ഫ്യുവല്‍ ടാങ്കര്‍ അവര്‍ വിമാനത്തിനടുത്തേക്ക് വിടാന്‍ തയാറായില്ല.

എന്തോ അപകടം വരാന്‍ പോകുന്നു എന്ന് കോക്ക്പിറ്റിനുള്ളിലെ ഹൈജാക്കര്‍ക്ക് മനസ്സിലാക്കാന്‍, ഫ്യുവലിങ്ങില്‍ വരുന്ന സമയതാമസം ധാരാളമായിരുന്നു. രംഗം പന്തിയല്ല എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, അടിയന്തരമായി വിമാനത്തിനു ഇന്ധനം നല്‍കണമെന്ന്  ATC യോട് അഭ്യര്‍ത്ഥിച്ചു. പക്ഷെ വിമാനത്തിനടുത്തേക്ക് ടാങ്കര്‍ വിടാന്‍ അവര്‍ തയ്യാറയില്ല. തങ്ങള്‍ ചതിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയ തീവ്രവാദികള്‍ അവരുടെ യഥാര്‍ത്ഥ മുഖം കാണിക്കാന്‍ ആരംഭിച്ചു. എത്രയും പെട്ടെന്ന് വിമാനം തിരികെ ലാഹോറിലേക്ക് പറത്താന്‍ ആവശ്യപ്പെട്ട ഹൈജാക്കേഴ്‌സ്, അങ്ങനെ ചെയ്തില്ലെങ്കില്‍ വിമാനത്തിലെ എല്ലാപേരേയും കൊല്ലുമെന്ന് ക്യാപ്റ്റനെ ഭീഷണിപ്പെടുത്തി. ഭീഷണിയുടെ തീവ്രത കൂട്ടാനായി നേരത്തെ എക്‌സിക്യൂട്ടിവ് ക്ലാസിലേക്ക് മാറ്റിയിരുത്തിയ യാത്രക്കാരില്‍ റുപിന്‍ കാട്ട്യാലിനെയും ഒപ്പം ഇരുന്ന മറ്റൊരാളിനെയും കത്തി കൊണ്ടു നെഞ്ചത്ത് കുത്തി മാരകമായി പരുക്കേല്‍പ്പിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ, എത്ര നേരം തന്റെ വിമാനത്തിനു എയറില്‍ സസ്‌റ്റെയ്ന്‍ ചെയ്യാനാവും എന്നുപോലുമറിയാതെ ക്യാപ്റ്റന്‍ ശരണ്‍ വിമാനത്തിനെ വീണ്ടും റണ്‍ വേയിലേക്ക് ഓടിച്ചു. പിന്നെ ശേഷിച്ച ഇന്ധനം ഊറിക്കുടിച്ചുകൊണ്ട് IC 814 എന്ന ട്വിന്‍ എഞ്ചിന്‍ എയര്‍ബസ് 300 കാതടപ്പിക്കുന്ന ശബ്ദത്തോടെ വായുവിലേക്കു കുതിച്ചു; എയര്‍ ട്രാഫിക് കണ്ട്രോളറുടെ അനുമതിയില്ലാതെ.! ഒപ്പം, ക്യാപ്റ്റന്‍ ശരണ്‍ അമൃത്സറിലെ കണ്ട്രോള്‍ ടവറിലേക്ക് തന്റെ അവസാനത്തെ സന്ദേശം അയച്ചു..

– “we all dying now. we are heading towards lahore”!!

അങ്ങനെ, സ്വന്തം മണ്ണില്‍ വച്ച് തങ്ങളുടെ വിമാനം തീവ്രവാദികളുടെ കയ്യില്‍ നിന്നും തിരികെ പിടിക്കാനുള്ള സുവര്‍ണാവസരം ഇന്ത്യയുടെ പിടിപ്പുകേടുകൊണ്ടു മാത്രം പാഴായി!

പാകിസ്ഥാന്റെ ക്രൂര മുഖമായിരുന്നു പിന്നീടുള്ള കഇ 814 ന്റെ യാത്രയ്ക്ക് നേരിടേണ്ടി വന്നത്. കാര്‍ഗിലില്‍ ഇന്ത്യയോടേറ്റ ദയനീയ പരാജയം അവര്‍ മറന്നിരുന്നില്ല. ലാഹോറില്‍ ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കണമെന്ന ക്യാപ്റ്റന്‍ ശരണിന്റെ യാചന പാകിസ്ഥാന്‍ പുച്ഛിച്ചു തള്ളി. എന്തടിയന്തര ഘട്ടമായാലും ഒരു ഇന്ത്യന്‍ വിമാനം തങ്ങളുടെ മണ്ണില്‍ ഇറങ്ങാന്‍ അനുവദിക്കില്ല എന്ന് അവര്‍ പറയാതെ പറയുകയായിരുന്നു തുടര്‍ന്നുള്ള അവരുടെ നീച പ്രവര്‍ത്തിയിലൂടെ. ലാഹോര്‍ എയര്‍പോര്‍ട്ടിലെ നാവിഗേഷന്‍ ലൈറ്റുകളൂം റണ്‍വേ ലൈറ്റുകളും ഉള്‍പ്പെടെ എല്ലാ വെളിച്ച സംവിധാനങ്ങളും അധികൃതര്‍ ഒഫ് ചെയ്തു! ഒപ്പം വിമാനത്തിന്റെ രണ്ട് ഇന്ധന ടാങ്കുകളുടെയും മോശാവസ്ഥ കാണിച്ചുകൊണ്ട് കോക്ക്പിറ്റിലെ റിസര്‍വ് ലൈറ്റുകളും തെളിഞ്ഞു! ഒരു പൈലറ്റിന്റെ കരിയറിലെ ഏറ്റവും മോശം സിറ്റുവേഷനിലൂടെ കടന്നു പോകുകയായിരുന്നു ക്യാപ്റ്റന്‍ ശരണ്‍. 189 യാത്രക്കാരുടെ ജീവനും കയ്യില്‍ പിടിച്ചുകൊണ്ട്, തീവ്രവാദികളുടെ തോക്കിനുമുന്നില്‍, ട്രാഫിക് കണ്ട്രോളറുടെ യാതൊരു സഹായവുമില്ലാതെ, സ്വന്തം കണ്ണുകളില്‍ വിശ്വാസമര്‍പ്പിച്ച്, അര്‍ദ്ധരാത്രി ഒരു ജറ്റ് ലാന്‍ഡിംഗ്! വിമാനത്തിന്റെ അവസ്ഥ മോശമായതോടെ രണ്ടും കല്‍പ്പിച്ച് അദ്ദേഹം ഡിസന്റ് ചെയ്യാന്‍ ആരംഭിച്ചു. ഒടുവില്‍ നീണ്ട്, നേര്‍ത്ത് കാണപ്പെട്ട വെളിച്ചം റണ്‍വേയാണെന്നുറപ്പിച്ച് ലാന്‍ഡ് ചെയ്യാനായി ക്യാപ്റ്റന്‍ ലാന്‍ഡിംഗ് ഗിയര്‍ താഴ്ത്തി. എന്നാല്‍ വളരെ അടുത്തെത്തിയപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം കോപൈലറ്റിന്റെ വാക്കുകളിലൂടെ ശരണിനു മനസ്സിലായത് ‘സാബ്, യേ തൊ റോഡ് ഹെ!!‘ പാകിസ്താനിലെ ഏതോ തിരക്കേറിയ റോഡിലേക്കാണ് റണ്‍വേ ആണെന്നു കരുതി ശരണ്‍ വിമാനം ഇടിച്ചിറക്കാന്‍ തുടങ്ങിയത്!! പെട്ടെന്നു തന്നെ സംയമനം വീണ്ടെടുത്ത ക്യാപ്റ്റന്‍ വിമാനത്തിന്റെ നോസ് വീണ്ടും ഉയര്‍ത്തി. തലനാരിഴ വ്യത്യാസത്തില്‍ വിമാനം ക്രാഷില്‍ നിന്നും രക്ഷപ്പെട്ടു!

വിമാനത്തിന്റെആള്‍ട്ടിറ്റിയൂഡ്  വളരെ കുറവാണെന്നും ഏതു നിമിഷവും അതു തങ്ങളുടെ മണ്ണില്‍ തകര്‍ന്നു വീഴുമെന്നും മനസ്സിലാക്കിയ പാകിസ്ഥാനി അധികൃതര്‍ ഒടുവില്‍ ലാഹോറിലെ റണ്‍വേ തുറന്ന് വിമാനത്തിന് ലാന്റിംഗ് ക്ലിയറന്‍സ് നല്‍കി. ലാഹോറില്‍ ഇറങ്ങുമ്പോഴേക്കും IC 814 ന്റെ വലത് എഞ്ചിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരുന്നു! എക്‌സിക്ക്യൂട്ടിവ് ക്യാബിനില്‍, അപ്പോഴേക്കും റൂപിന്‍ കാട്ട്യാലിന്റെ അവസ്ഥ വളരെ മോശമായി കഴിഞ്ഞിരുന്നു. പരുക്കേറ്റവര്‍ക്ക് വൈദ്യസഹായത്തിനായി എയര്‍പോര്‍ട്ട് അതോറിറ്റിയുമായി പൈലറ്റുമാര്‍ യാചിച്ചെങ്കിലും വിമാനത്തിനു ആവശ്യമായ ഇന്ധനം നല്‍കുന്നതിനപ്പുറം വിമാനത്തില്‍ നിന്നും ഒരാളെ പോലും പുറത്തേക്കോ പുറത്തു നിന്നും ഒരു സഹായവും വിമാനത്തിനുള്ളിലേക്കോ നല്‍കാന്‍ അവര്‍ തയ്യാറായില്ല. തങ്ങളുടെ എയര്‍ സ്‌പെയ്‌സില്‍ നിന്നും  വിമാനം എത്രയും പെട്ടെന്ന് പറഞ്ഞുവിട്ട് കൈ കഴുകാനായിരുന്നു പാകിസ്ഥാന്റെ ശ്രമം. അങ്ങനെ രണ്ടര മണിക്കൂറുകള്‍ക്കു ശേഷം IC 814 ആകാശത്തിലേക്കുയര്‍ന്നു; ഒരിക്കല്‍ കൂടി.
വിമാനം വീണ്ടും പൂര്‍ണ്ണമായും തങ്ങളുടെ വരുതിയിലായെന്നുറപ്പിച്ച തീവ്രവാദികള്‍ അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് പറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കാബൂളില്‍ നൈറ്റ് ലാന്റിംഗ് ഫെസ്സിലിറ്റി ഇല്ല എന്ന അറിയിപ്പിനെ തുടര്‍ന്ന് ഹൈജാക്കര്‍മാര്‍ കാബൂള്‍ ഉപേക്ഷിച്ച് അടുത്ത ഡെസ്റ്റിനേഷനായി ദുബായ് തെരഞ്ഞെടുത്തു.

പക്ഷേ, ദുബായിലേക്കുള്ള യാത്രാമധ്യേ രക്തം വാര്‍ന്ന് റുപിന്‍ കാട്ട്യാല്‍ അന്ത്യശ്വാസം വലിച്ചു. ദുബായില്‍ തങ്ങളുടെ വിമാനം എത്തിയ വിവരം അറിഞ്ഞ ഇന്ത്യന്‍ ഗവണ്‍മന്റ് അവിടെ വച്ച്  NSG ക്ക് ഒരു കമാന്‍ഡോ ഓപ്പറേഷന്‍ നടത്താന്‍ യു.എ.ഇ ഭരണകൂടത്തോട് അനുവാദം ചോദിച്ചെങ്കിലും ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇതിനിടയില്‍ യു.എ.ഇ അധികൃതരും ഹൈജാക്കര്‍മാരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായി 27 യാത്രക്കാരെ ദുബായില്‍ തന്നെ റിലീസ് ചെയ്തു. ഒപ്പം, മരിച്ച കാട്ട്യാലിന്റെ മൃതദേഹം വിമാനവാതിലിനോട് അറ്റാച്ച് ചെയ്ത സ്‌റ്റെപ്പ് ലാഡറില്‍ എടുത്തു കിടത്തി, ഹൈജാക്കര്‍മാര്‍  കാര്യങ്ങളുടെ ഗൗരവം ലോകത്തിനു തുറന്നുകാട്ടി. റിലീസായ ആളുകള്‍ വഴി, സംഭവത്തിനു കൂടുതല്‍ മീഡിയാ എക്‌സ്‌പോഷര്‍ കിട്ടുമെന്നും തങ്ങളുടെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ ചെന്നെത്താമെന്നുമായിരുന്നു റാഞ്ചികളുടെ കണക്കുകൂട്ടല്‍. ജീവന്‍ തിരികെ കിട്ടിയ സന്തോഷത്തില്‍, റിലീസായ യാത്രക്കാര്‍ എയര്‍പോര്‍ട്ടിന്റെ അറൈവല്‍ ടെര്‍മിനലിലേക്ക് പോകുമ്പോള്‍ ബാക്കി യാത്രക്കാരെയും കൊണ്ട് IC 814 വീണ്ടും ടേക്ക് ഓഫ് ചെയ്തു! അതിന്റെ അണ്‍ നോണ്‍ ഡെസ്റ്റിനേഷനിലേക്ക്!!

രാത്രി മുഴുവന്‍ വടക്കു ദിശയിലേക്ക് പറന്ന വിമാനം, ഹൈജാക്ക് ചെയ്യപ്പെട്ട് 18 മണിക്കൂറുകള്‍ക്കു ശേഷം ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെ താലിബാന്‍ എന്ന മിലിറ്റന്റ് ഗ്രൂപ്പ് ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ഇറങ്ങി! താലിബാന്‍ തീവ്രവാദികള്‍ വിമാനം വളഞ്ഞു. അവര്‍ കോക്ക്പിറ്റിലെ റാഞ്ചികളെ നോക്കി കൈ വീശി; അവര്‍ തിരിച്ചും!! കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടു പോകുന്ന അവസ്ഥയിലാണു എന്ന് ക്യാപ്റ്റന്‍ ശരണ്‍ മനസ്സിലാക്കി. വീണ്ടും ഇന്ധനം നിറച്ച് വിമാനം പറത്താന്‍ ഹൈജാക്കര്‍ ആവശ്യപ്പെട്ടെങ്കിലും വിശദമായ ഒരു എഞ്ചിനീയറിംഗ് ഇന്‍സ്‌പെക്ഷന്‍ നടത്താതെ ഇനി ഫ്‌ലൈ ചെയ്യുന്നതു സെയ്ഫ് അല്ലെന്ന് പൈലറ്റ് തീര്‍ത്ത് പറഞ്ഞതിനാല്‍ അവര്‍ ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടയില്‍ വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ നിന്നും തീവ്രവാദികള്‍, നിറയെ തോക്കുകളും ഗ്രനേഡുകളും ഉള്ള ഒരു ബാഗ് പുറത്തെടുത്തത് വിമാനജീവനക്കാരുടെയും യാത്രക്കാരുടെയും പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചു. തങ്ങള്‍ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലാണെന്ന് അവര്‍ മനസ്സുകൊണ്ട് സ്വയം വിധിയെഴുതി.

4 ദിവസങ്ങള്‍ക്കു ശേഷം….

മാനത്തിലെ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്തുണ്ടായ ജനപ്രക്ഷോഭങ്ങളും, മാധ്യമങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഒരു വിഷയമായി ഹൈജാക്കിംഗ് മാറിയതും ഹൈജാക്കര്‍മാരുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനുമേല്‍  സമ്മര്‍ദ്ദം കൂട്ടി. ഒടുവില്‍, മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി 2009 ഡിസംബര്‍ 27 ന് ഇന്ത്യ ഒരു നെഗോഷ്യേറ്റിംഗ് ടീമിനെ കാണ്ഡഹാറിലേക്ക് അയച്ചു. താലിബാന്റെ അറിവില്ലാതെ, നെഗോഷ്യേറ്റര്‍മാര്‍ യാത്ര ചെയ്ത വിമാനത്തിനുള്ളില്‍ ഒരു കമാന്‍ഡൊ ഗ്രൂപ്പിനെ ഒളിപ്പിച്ചിരുത്താനുള്ള ‘അതിബുദ്ധി’ ഇന്ത്യ കാണിച്ചെങ്കിലും വിമാനം കാണ്ഡഹാറില്‍ ഇറങ്ങിക്കഴിഞ്ഞപ്പൊള്‍ തന്നെ താലിബാന്‍ തീവ്രവാദികള്‍ വിമാനത്തെ പൂര്‍ണ്ണമായും വളഞ്ഞതുകൊണ്ട് കമാന്‍ഡോകള്‍ക്ക് വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കൂടി കഴിഞ്ഞില്ല!

മറ്റ് വഴിയില്ലാതെ ഇന്ത്യന്‍ സംഘം റാഞ്ചികളുമായി ചര്‍ച്ച നടത്താന്‍ തുടങ്ങി. ഏകദേശം 30 മണിക്കൂറുകളുടെ മാരത്തോണ്‍ ചര്‍ച്ചയ്ക്കു ശേഷമാണ് ഇന്ത്യന്‍ സംഘത്തിന് റാഞ്ചികളുടെ ഡിമാന്റുകളുടെ ആദ്യ ലിസ്റ്റ് ലഭിച്ചത്. ഇന്ത്യയിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിയുന്ന 35 കൊടും ഭീകരരെ മോചിപ്പിക്കാനും ഒപ്പം 200 മില്ല്യണ്‍ യു.എസ് ഡോളര്‍ മോചനദ്രവ്യമായും റാഞ്ചികള്‍ ആദ്യം ആവശ്യപ്പെട്ടെങ്കിലും പിന്നെ താലിബാന്‍ ഇടപെട്ട്, മൗലാനാ മസൂദ് അസര്‍, മുഹമ്മദ് ഒമര്‍ സയ്ദ് ഷെയ്ഖ്, മുഷ് താഖ് അഹമ്മദ് സര്‍ഗ്ഗാര്‍ എന്നീ മൂന്ന് ഭീകരരുടെ മോചനത്തിലേക്ക് റാഞ്ചികളുടെ ആവശ്യങ്ങള്‍ ചുരുക്കി. ചര്‍ച്ച നല്ല രീതിയില്‍ പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തില്‍, ഹൈജാക്കിങ്ങിന്റെ ആറാം ദിവസം സ്ത്രീകളും കുട്ടികളും അടങ്ങുന്ന 35 അംഗ സംഘത്തെ മോചിപ്പിക്കാനായി റാഞ്ചികള്‍ ബിസ്സിനസ്സ് ക്ലാസ്സിലേക്ക് മാറ്റി. തങ്ങള്‍ എല്ലാപേരും ഉടന്‍ തന്നെ സ്വതന്ത്രരാകും എന്ന് എല്ലാ യാത്രക്കാരും മനസ്സില്‍ ഉറപ്പിച്ചു. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ടാണ് പിറ്റേന്ന് രാവിലെ, ക്രുദ്ധരായ ഹൈജാക്കര്‍മാര്‍ എക്കണോമി ക്ലാസില്‍ നിന്നും മാറ്റിയ 35 പേരെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് തിരികെ കൊണ്ടു വന്നത്. ചര്‍ച്ച പരാജയപ്പെട്ടു! പിന്നെ, ഇരുനൂറോളം മനുഷ്യര്‍ ഉണ്ടായിരുന്ന ആ വിമാനത്തില്‍ ആകെ ശ്മശാന മൂകതയായിരുന്നു.

ഏത് നിമിഷവും കൊല്ലപ്പെടാന്‍ മാനസികമായി അവര്‍ തയ്യാറെടുത്തു. പക്ഷെ ഒരു ജനതയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും രോഷവും കണ്ടില്ലെന്നു നടിക്കാന്‍ ദൈവത്തിനോ ഭരണാധികാരികള്‍ക്കോ ആയില്ല. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം വിമാനത്തിനുള്ളില്‍ ആ വാര്‍ത്ത എത്തിയത് ഒരു ഉത്സവ പ്രതീതി ഉണര്‍ത്തിക്കൊണ്ടാണ്. ഒടുവില്‍, ഇന്ത്യന്‍ ഗവണ്‍മന്റിനു വിമാനറാഞ്ചികളുടെ മുന്നില്‍ തല കുനിക്കേണ്ടി വന്നു. മൂന്ന് കൊടും ഭീകരരെയും നിരുപാധികം വിട്ടയക്കാന്‍ ഉത്തരവായി. ഉടന്‍ തന്നെ അവരെ ഡല്‍ഹിയില്‍ നിന്നും കാണ്ഡഹാറിലേക്ക് എത്തിച്ചു. തങ്ങള്‍ക്കു വേണ്ടി തട്ടിയെടുക്കപ്പെട്ട വിമാനത്തിനു മുന്നില്‍ വച്ച്, ഭീകരന്മാരില്‍ പ്രധാനിയായ മൗലാനാ മസൂദ് അസര്‍, ഹൈജാക്കര്‍മാരുടെ ലീഡറായി ആദ്യവസാനം കോക്ക്പിറ്റിലുണ്ടായിരുന്ന തന്റെ അനുജന്‍, മുഹമ്മദ് ഇബ്രാഹിം അതറിനെ ആശ്ലേഷിച്ചു! പിന്നെ, തങ്ങള്‍ക്കായി ഒരുക്കിയിരുന്ന വണ്ടിയില്‍ ഹൈജാക്കര്‍മാരും ഭീകരരും ഒരു ഭരണകൂടത്തെ തന്നെ ഇളിഭ്യരാക്കി അകന്നകന്നു പോയി. എല്ലാത്തിനും സാക്ഷിയായി അപ്പൊഴും കഇ 814 അവിടെയുണ്ടായിരുന്നു; 158 മനുഷ്യജീവനുകള്‍ ഒളിപ്പിച്ചു വച്ച ഒരു കളിപ്പാട്ടം പോലെ….!

Written By:

ആളവന്‍താന്‍

Advertisements