ഹവായ് അമേരിക്കയുടെ അമ്പതാമത്തേതും, പൂര്‍ണമായും ദ്വീപായതുമായ ഒരേ ഒരു സ്‌റ്റേറ്റ്. 1988 ഏപ്രില്‍ 28, ഉച്ചക്ക് ശേഷം. ഹവായ് ദ്വീപില്‍ ഇത് ശൈത്യകാലമാണ്. ഹിലോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്നും യാത്രക്കാര്‍, ഹോണൊലുലുവിലേക്ക് പുറപ്പെടാന്‍ തയ്യാറാകുന്ന അലോഹ എയറിന്റെ അലോഹ 243 എന്ന വിമാനത്തിലേക്കു നടന്നടുത്തു.

വെറും 35 മിനിറ്റിന്റെ യാത്ര. അലോഹ 243 ഈ രണ്ടു ദ്വീപുകള്‍ക്കിടയില്‍ ഷട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിമാനമാണ്. ഇതു 243 യുടെ ഇന്നത്തെ ഒമ്പതാമത്തെ യാത്രയും! അലോഹ 243 ഒരു ബോയിംഗ് 737 വിഭാഗത്തില്‍ പെട്ട വിമാനമാണ്. ക്യാപ്റ്റന്‍ ബോബ് ഷോണ്‍സ്‌റ്റെയ്മര്‍ 11 വര്‍ഷമായി അലോഹയുടെ ഒപ്പമുള്ള  പൈലറ്റും. ഫസ്റ്റ് ഒഫീസര്‍ മിമി ടോംപ്കിന്‍സ്, ചീഫ് ഫ്‌ലൈറ്റ് അറ്റന്റന്റ് ക്ലാരാബെല്ല എന്ന CB, മിഷേല്‍ ഹോണ്ട, ജേയ്ന്‍ സാറ്റോ, എന്നിവരാണ് 19 വര്‍ഷമായി ഹവായ് ദ്വീപുകള്‍ക്കു മുകളിലൂടെ സെയ്ഫ് ജേര്‍ണി നടത്തുന്ന അലോഹ 243യുടെ ഇപ്പോഴത്തെ ക്രൂ മെംബേഴ്‌സ്.

യാത്രക്കാര്‍ പലരും സ്ഥിരക്കാര്‍ ആയതുകൊണ്ട് തന്നെ വിമാനജീവനക്കാരും അവരും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയായിരുന്നു. ആകെ 89000 യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിമാനം, ലോകത്തു തന്നെ ആകെ ഒരേ ഒരു ബോയിംഗ് 737 മാത്രമേ അന്നുവരെ അപകടത്തില്‍ പെട്ടിട്ടുള്ളൂ എന്നതിനാല്‍ തന്നെ ക്ലീന്‍ സേഫ്റ്റി റെക്കോഡ്, കഴിവുറ്റവരും എക്‌സ്പീരിയന്‍സ്ഡുമായ വിമാന ജീവനക്കാര്‍. മോശമായി ഒന്നും തന്നെ സംഭവിക്കാന്‍ യാതൊരു സാധ്യതയും ആരും കണ്ടില്ല; ഗയാവു യമമോട്ടൊ എന്ന യാത്രക്കാരി ഒഴികെ! വിമാനത്തിലേക്ക് കയറുമ്പോള്‍ വാതിലിനോട് ചേര്‍ന്ന് വലതു വശത്തായുള്ള വിന്‍ഡോയില്‍ നിന്നും തുടങ്ങി അടുത്തായി സ്റ്റിച്ച് ചെയ്തിരുന്ന സ്‌ക്രൂവിലേക്ക് വരെ വിമാനത്തിന്റെ ബോഡിയില്‍ കാണപ്പെട്ട ഒരു ചെറിയ പൊട്ടല്‍ യമമോട്ടോയെ അല്‍പ്പം നെര്‍വ്വസ് ആക്കിയിരുന്നു!

1:25 ജങ. അലോഹ 243 കൃത്യ സമയത്തിന് ടേക്ക് ഓഫ് ചെയ്തു. കോക്ക്പിറ്റില്‍ ക്യാപ്റ്റ്ന്‍ ബോബ് റേഡിയോ സംഭാഷണത്തില്‍ ബിസിയായിരുന്നു. കോ പൈലറ്റ് മിമിയാണ് കണ്ട്രോളില്‍. 20 മിനിറ്റുകള്‍ക്കു ശേഷം വിമാനം അതിന്റെ നിശ്ചിത ആള്‍ട്ടിറ്റിയൂഡായ 24000 അടിയിലേക്ക് ഉയര്‍ന്നു. അതിഭയങ്കരമായൊരു സ്‌ഫോടന ശബ്ദം! പിന്നെ ശക്തമായി കാറ്റ് അടിച്ചുകയറുന്നതിന്റെ ഒച്ചയും മാത്രമേ പൈലറ്റുമാര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. അതുകൊണ്ടു തന്നെ പൈലറ്റുമാര്‍ക്ക് പരസ്പരം സംസാരിക്കുന്നതു പോലും കേള്‍ക്കാന്‍ കഴിഞ്ഞുമില്ല. ക്യാപ്റ്റന്‍ ബോബ് വിമാനത്തിന്റെ കണ്ട്രോള്‍ പെട്ടെന്നു തന്നെ എറ്റെടുത്തു. പിന്നിലേക്ക് തിരിഞ്ഞ കോ പൈലറ്റ് മിമി കോക്ക്പിറ്റിന് പിന്നില്‍ കണ്ട നടുക്കുന്ന കാഴ്ച്ച വിശ്വസിക്കാനാകാതെ ക്യാപ്റ്റനെ നോക്കി. കോക്ക്പിറ്റ് ഡോറിന് പുറകില്‍ നീലാകാശം മാത്രം! വിമാനത്തിന് മേല്‍ക്കൂരയില്ല!

ഫ്‌ലൈറ്റിന്റെ ഫ്‌ലോര്‍ ബീമിനു മുകളിലേക്കുള്ള ഏതാണ്ട് 35 ചതുരശ്ര മീറ്റര്‍ അലൂമിനിയം സ്‌കിന്‍, മിഡ് എയറില്‍ വച്ച് നഷ്ടമായിരിക്കുന്നു! വിമാനത്തിനുള്ളിലെ പ്രഷറൈസ് ചെയ്യപ്പെട്ട വായു അതിശക്തമായി പുറത്തേക്കൊഴുകി.  ഡ്രിങ്ക്‌സ് സെര്‍വ് ചെയ്തുകൊണ്ടിരുന്ന ഇആ ഒഴികെയുള്ള രണ്ട് ഫ്‌ലൈറ്റ് ജീവനക്കാരികളും സീറ്റുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു!

CB യെ കാണാനില്ല. ആളുകളുടെ മുടി മുന്നിലേക്ക് പറന്ന് വടി പോലെ നിന്നു! വിമാനത്തിനുള്ളില്‍ നിന്നും സാധനങ്ങളും പേപ്പറുകളും ഒക്കെ പുറത്തേക്ക് പറന്നുകൊണ്ടേയിരുന്നു. കോക്ക്പിറ്റിനു പുറകിലെ അഞ്ച് വരികളിലെ സീറ്റുകളും യാത്രക്കാരും ഇപ്പോള്‍ പൂര്‍ണ്ണമായും വായുവിലേക്ക് എക്‌സ്‌പോസ്ഡ് ആണ്! പുറം ചട്ട നിര്‍മിക്കാത്ത ബസ്സില്‍ സഞ്ചരിക്കുന്നത് പോലെ! 24000 അടി ഉയരത്തില്‍, മണിക്കൂറില്‍ 300 കി.മീ വേഗതയില്‍ വിമാനത്തിലേക്ക് കാറ്റ് അടിച്ചു കയറുകയാണു വിമാനത്തിനുള്ളിലെ താപനില 50 ഡിഗ്രിയിലേക്ക് പൊടുന്നനെ താഴ്ന്നു! യാത്രക്കാര്‍ക്ക് ശ്വസിക്കാന്‍ ആവശ്യമായ അളവില്‍ ഓക്‌സിജനും ഇല്ലാതെയായി. ക്യാബിനില്‍ ആകെ നിലവിളികള്‍ ഉയര്‍ന്നു. തങ്ങള്‍ അടുത്ത നിമിഷം മരിക്കാന്‍ പോകുന്നു എന്നു എല്ലാവരും ഉറപ്പിച്ചു.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വീണടഞ്ഞതുകൊണ്ട് യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ കോക്ക്പിറ്റ് കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പൈലറ്റുമാര്‍ ജീവനോടെയില്ല എന്ന് യാത്രക്കാര്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും എയര്‍ ഹോസ്റ്റസ് മിഷേല്‍ ഹോണ്ട, അബോധാവസ്ഥയില്‍ കിടക്കുന്ന തന്റെ സഹപ്രവര്‍ത്തകയെ എടുത്ത് മടിയില്‍ കിടത്തി യാത്രക്കാരോടായി ചോദിച്ച  “can anyone of you fly a plane?” എന്നൊരു ചോദ്യം തങ്ങളുടെ വിമാനത്തിന്റെ കണ്ട്രോളില്‍ ആരും ഇല്ല എന്ന് യാത്രക്കാരെ വിശ്വസിപ്പിക്കാന്‍ പോന്നതായിരുന്നു! പക്ഷേ അലോഹ 243 അപ്പോഴും മനുഷ്യ നിയന്ത്രണത്തില്‍ തന്നെയായിരുന്നു.

ഇനിയും ഇതേ ഉയരത്തില്‍ പറന്നാല്‍ ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ യാത്രക്കാര്‍ക്ക്  ഹൈപ്പോക്‌സിയ എന്ന അവസ്ഥ ബാധിക്കും എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍ ബോബ്, സാധാരണ ഗതിയില്‍ ആളുകള്‍ക്ക് ശ്വസിക്കാന്‍ കഴിയുന്ന ആള്‍ട്ടിറ്റിയൂഡിലേക്ക്  വിമാനം എത്തിക്കാനായി മിനിറ്റില്‍ 1200 മീറ്റര്‍ എന്ന തോതില്‍ ഒരു ഇമ്മീഡിയറ്റ് ഡിസന്റ് അപ്പോഴേക്കും ആരംഭിച്ചു കഴിഞ്ഞിരുന്നു. ATC യില്‍ അപകട സൂചന നല്‍കാനുള്ള കഠിന പരിശ്രമത്തിലായിരുന്നു മിമി. ഡെസ്റ്റിനേഷനായ ഹോണൊലുലുവിലേക്ക് യാതൊരു സംഭാഷണവും സാധ്യമാവാതായതോടെ അവര്‍ റേഡിയോ  ഫ്രീക്വന്‍സി ഏറ്റവും അടുത്തുള്ള മറ്റൊരു ഐലന്‍ഡായ മ്യൂവിയിലെ കാഹുലൂയി ഏയര്‍പോര്‍ട്ടിലേക്ക് ട്യൂണ്‍ ചെയ്തു. ഒടുവില്‍ തങ്ങളുടെ വിമാനത്തിന്റെ മൂന്നിലൊരു ഭാഗം നഷ്ടപ്പെട്ട് 3 മിനിറ്റുകള്‍ക്കു ശേഷം ആദ്യമായി പൈലറ്റുമാര്‍ ഗ്രൗണ്ടുമായി വോയിസ് കോണ്ടാക്റ്റ് നടത്തി!  കാഹുലൂയി ATC കണ്ട്രോളര്‍ ഉടന്‍ തന്നെ എമര്‍ജന്‍സി ലാന്റിങ്ങിനുള്ള പ്രോസീജിയേഴ്‌സ് ആരംഭിച്ചു.

3000 അടി ഉയരത്തില്‍ വച്ച് അലോഹ 243, കാഹുലൂയി എയര്‍പോര്‍ട്ടിനെ ലക്ഷ്യമാക്കി വലത്തേക്ക് തിരിയാന്‍ തുടങ്ങിയപ്പോള്‍ യാത്രക്കാര്‍ വിമാനത്തിന്റെ കണ്ട്രോളിലെ പൈലറ്റിന്റെ സാന്നിധ്യം,  തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട 5 മിനിറ്റുകള്‍ക്ക് ശേഷം   ആദ്യമായി മനസ്സിലാക്കി. മനസ്സില്‍ അവര്‍ക്ക് വീണ്ടും ഒരു ചെറിയ പ്രതീക്ഷ ഉണര്‍ന്നു പക്ഷേ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഇടയ്ക്കിടെ റേഡിയോ ട്രാന്‍സ്മിഷനില്‍ നേരിട്ട തകരാര്‍ വിമാനത്തിന്റെ വൈറ്റല്‍ കണ്ട്രോളുകള്‍ നഷ്ടപ്പെടാന്‍ തുടങ്ങുന്നതിന്റെ ആദ്യ ലക്ഷണമായിരുന്നു എന്ന് പൈലറ്റുമാര്‍ക്ക് മനസ്സിലായിരുന്നില്ല! വിമാനത്തിന്റെ ഹൈഡ്രോളിക് സിസ്റ്റം കൂടി പ്രവര്‍ത്തനരഹിതമായതോടെ ക്യാപ്റ്റന്‍ ബോബും മിമിയും, ഒരു പൈലറ്റും സ്വപ്നം കൂടി കാണാന്‍ ആഗ്രഹിക്കാത്ത ആ നിമിഷങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. പുറംചട്ട ഇളകി പോയപ്പോള്‍ വിമാനത്തിന്റെ ക്രിട്ടിക്കല്‍ വയറിങ്ങും കണ്ട്രോള്‍ കേബിളുകളൂം മുറിഞ്ഞ് പോയിരുന്നു!

എത്രയും പെട്ടെന്ന് ലാന്റ് ചെയ്യുക എന്നതില്‍ കുറഞ്ഞ് ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല പൈലറ്റുമാര്‍ക്ക്. ലാന്റിംഗ് ഗിയര്‍ എക്സ്റ്റന്റ് ചെയ്ത കൊപൈലറ്റിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഗിയര്‍ എക്സ്റ്റന്റ് ആയതായി പൈലറ്റുമാര്‍ക്ക് ഇന്‍ഫോമേഷന്‍ നല്‍കുന്ന ഇന്‍ഡിക്കേറ്ററുകളില്‍ നോസ് ഗിയറിന്റെ ഇന്‍ഡിക്കേഷന്‍ ലൈറ്റ് തെളിയുന്നില്ല! മിമി ഒന്നുകൂടി ശ്രമിച്ചെങ്കിലും ഫലം അതു തന്നെ.

സാങ്കേതികമായി വിമാനം ഏറെ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ തന്നെ ഗിയര്‍ ശരിക്കും പുറത്തേക്കു വരാത്തതാണോ അതോ കോക് പിറ്റിലെ ഇന്‍ഡിക്കേറ്റര്‍ വര്‍ക്ക് ചെയ്യാത്തതാണോ എന്ന കാര്യത്തില്‍ രണ്ടു പൈലറ്റുമാര്‍ക്കും യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല! ക്യാപ്റ്റന്‍ വേണം ഒരു തീരുമാനമെടുക്കാന്‍. അദ്ദേഹത്തിന്റെ  മുന്നില്‍ ഇനി രണ്ട് ഓപ്ഷനുകള്‍ മാത്രമേ ഉള്ളൂ. ഏറെ ചിന്തിക്കാന്‍ സമയവുമില്ല. ഒന്നുകില്‍ രണ്ടും കല്‍പ്പിച്ച് വിമാനം കാഹുലൂയി എയര്‍പോര്‍ട്ടിന്റെ ടാര്‍മാക്കിലേക്ക് ഇടിച്ചിറക്കുക. അല്ലെങ്കില്‍ വളരെ ക്രൂഷ്യലായ കുറച്ച് സമയം കൂടി ആകാശത്ത് ചെലവഴിച്ച്, എയര്‍പോര്‍ട്ടിനു മുകളിലൂടെ താഴ്ന്ന് പറന്ന് ലാന്റിംഗ് ഗിയര്‍ പുറത്തു വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തിയ ശേഷം ലാന്റ് ചെയ്യുക. പക്ഷെ, അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ച ക്യപ്റ്റന്‍ ബോബ് ആദ്യത്തെ ഓപ്ഷന്‍ തിരഞ്ഞെടുക്കുകയായിരുന്നു! അദ്ദേഹം മിമിയൊട് പറഞ്ഞു

“here we go! get ready, we are going to land anyway!”

അപ്പോഴെക്കും കാഹുലൂയി എയര്‍പോര്‍ട്ടിന്റെ റണ്‍ വേയില്‍ ഫയര്‍ ഫൈറ്റിംഗ് ടീം, ഒരു ക്രാഷ് ലാന്റിങ്ങിനെ നേരിടാന്‍ സുസജ്ജരായി കഴിഞ്ഞിരുന്നു. ബൈനോക്കുലറിലൂടെ വിമാനത്തിന്റെ അപ്രോച്ച് നിരീക്ഷിക്കുകയായിരുന്ന ചീഫ് ഫയര്‍ ഫൈറ്റര്‍ ആ കാഴ്ച കണ്ടു. വിടര്‍ന്ന ചിരിയോടെ അയാള്‍ വയര്‍ലസ് വഴി ATC കണ്ട്രോളറോട് പറഞ്ഞു

“We won half the game; the nose gear appears down!”

ആ വിവരം ATC യില്‍ നിന്നും പൈലറ്റിലേക്കെത്തിച്ചത് വെറുമൊരു ഇന്‍ഫോമേഷനായിരുന്നില്ല, 90 യാത്രക്കാരുടെ ജീവന്‍ തന്റെ കയ്യില്‍ സുരക്ഷിതമായേക്കും എന്ന ആത്മവിശ്വാസവും കൂടി ആയിരുന്നു.

ഒടുവില്‍ സംഭവബഹുലമായ 13 മിനിറ്റുകള്‍ക്കു ശേഷം 40 ടണ്‍ ഭാരവും വഹിച്ച് 320 Km/hr വേഗതയില്‍ അലോഹ 243 റണ്‍ വേയുടെ 600 മീറ്റര്‍ അകലെ എത്തി. എല്ലാ യാത്രക്കാരോടും മുന്നിലെ സീറ്റില്‍ കൈ അമര്‍ത്തി തല താഴ്ത്തി ക്രാഷ് പോസിഷനില്‍ ഇരിക്കാന്‍ മിഷേല്‍ ഹൊണ്ട അലറി. സാധാരണ ലാന്റിങ്ങില്‍ നിന്നും വ്യത്യസ്തമായി അലോഹ 243 നോസ് ഡൗണ്‍ പോസിഷനില്‍ റണ്‍ വേയിലേക്ക് വീഴാന്‍ തുടങ്ങി. വിമാനത്തിന്റെ മുന്നിലെ ലാന്‍ഡിംഗ് ഗിയര്‍ ആദ്യം നിലത്തു കുത്തി. ടാര്‍മാക്കില്‍ അമര്‍ന്ന ടയറുകള്‍ ഘര്‍ഷണത്താല്‍ കരിഞ്ഞു തുടങ്ങിയപ്പോഴേക്കും പിന്നിലെ മെയിന്‍ ലാന്റിംഗ് ഗിയര്‍ വലിയൊരു ശബ്ദത്തോടെ റണ്‍ വേയില്‍ വന്നിടിച്ചു! വിമാനത്തിന്റെ വേഗത കുറക്കാനായി മിമി ടോംപ്കിന്‍സ് ചിറകുകളിലെ ഫ്‌ലാപ്പുകള്‍ എക്സ്റ്റന്റ് ചെയ്തു.

അല്‍പ്പ ദൂരം ഉരുണ്ടു നീങ്ങി അലോഹ 243 നിശ്ചലമായി. നിമിഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം, രക്തത്തില്‍ കുളിച്ചിരിക്കുന്ന യാത്രക്കാര്‍ അവരുടെ പരുക്കുകള്‍ മറന്ന്, തങ്ങളുടെ ജീവന്‍ രക്ഷിച്ച ബോബിനെയും മിമിയെയും കയ്യടിച്ച് ആദരവ് പ്രകടിപ്പിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതര്‍. പക്ഷെ ചീഫ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് CB മാത്രം വിമാനത്തിലില്ല. കോക്ക് പിറ്റിന് പിന്നില്‍ നിന്നും യാത്രക്കാര്‍ക്ക് ഡ്രിങ്ക്‌സ് നല്‍കുകയായിരുന്ന CB വിമാനത്തിന്റെ മേല്‍ക്കൂര ഇളകിത്തെറിച്ചപ്പോള്‍ വിമാനത്തിനുള്ളിലെ പ്രഷര്‍ ചെയ്യപ്പെട്ട വായുവിനൊപ്പം പുറത്തേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു! CB യുടെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും ബോഡിയും വിമാനാവശിഷ്ടവും ലഭിച്ചില്ല.
ഏവിയേഷന്‍ ചരിത്രത്തിനെ തന്നെ തിരുത്തിക്കുറിച്ച ഒരു സംഭവം.

എല്ലാവരുടെയും സംശയം ഒന്നു തന്നെയായിരുന്നു. ഒരു ജറ്റ് എയര്‍ലൈനറിന്റെ റൂഫ്, പറക്കലിനിടെ ഇത്ര നിസ്സാരമായി എങ്ങനെ ഇളകിപ്പോയി? NTSB – The US National Transport Safety Board അന്വേഷണം ആരംഭിച്ചു. വിമാനത്തിന്റെ പൊളിഞ്ഞു പോയ ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ ലാബുകളില്‍ നടത്തി. വിമാനത്തിന്റെ പുറം ചട്ട നിര്‍മിക്കുന്ന ലോഹ പ്ലേറ്റുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നത് റിവറ്റുകള്‍ ഉപയോഗിച്ചാണ്. ഈ റിവറ്റുകള്‍ കയറ്റാനായി ഡ്രില്ല് ചെയ്ത ദ്വാരങ്ങളില്‍ വീണ, നഗ്‌ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത സ്‌ക്രാച്ചുകള്‍ കാലക്രമേണ വലുതാവുകയായിരുന്നു. അലോഹയുടെ മോശം മെയിന്റനന്‍സ് കാരണം അതു കണ്ടുപിടിക്കപ്പെട്ടതുമില്ല. ഒടുവില്‍ ഒരു ചെറിയ കീറല്‍, വിമാനത്തിന്റെ വലിയൊരു ഭാഗത്തെയും ഒരു മനുഷ്യ ജീവനെയും ഒപ്പം വലിച്ചെടുത്ത് പറന്ന് പോകുകയായിരുന്നു; ഒരിക്കലും കണ്ടു പിടിക്കപ്പെടാത്ത, ഇന്നും മനുഷ്യന് അജ്ഞാതമായ എവിടേക്കൊ……..!!

By: ആളവന്‍താന്‍

You May Also Like

പിറകിലെക്കൊഴുകുന്ന നിഴലുകള്‍(ഭാഗം 11) – ബൈജു ജോര്‍ജ്ജ്

ഈ സമയത്തും സജീവനുമായി ഞാന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു . അവനിപ്പോഴും ആ ബേക്കറിയില്‍ത്തന്നെയാണ് .., അതിന്റെ ഉടമസ്ഥന്‍ .., ആ ബേക്കറി നോക്കാന്‍ പറ്റാതെ വന്ന അവസരത്തില്‍ ..; ഇവനെ ഏല്‍പ്പിച്ച് ..;

കമ്മട്ടിപ്പാടത്തിന്റെയും അങ്കമാലി ഡയറീസിന്റെയും ഗണത്തിൽ പെടുത്താവുന്ന ഒരു കിടിലൻ ആക്ഷൻ ഷോർട്ട് ഫിലിം

കമ്മട്ടിപ്പാടത്തിന്റെയും അങ്കമാലി ഡയറീസിന്റെയും ഒക്കെ ഗണത്തിൽ പെടുത്താവുന്ന ഒരു കിടിലൻ ആക്ഷൻ ഹ്രസ്വചിത്രം കാണണോ… എങ്കിൽ ഇന്നലെ

‘പുള്ള’ എന്ന കഥാപാത്രം പത്മരാജൻ്റെ മികച്ചൊരു സൃഷ്ടി

ചെല്ലപ്പനാശാരിയുടെ കൂടെത്തന്നെ കാണും സദാസമയവും ഈ പയ്യൻസ്.. ആശാരി പണിയുന്നിടത്ത് ചെന്നിരുന്ന് പുള്ളിയുടെ ഗിർവാണവും പുളുവടിയും കഥകളുമൊക്കെ

വാഴ്ത്തപ്പെട്ട കള്ളന്‍

കുഞ്ഞപ്പന്‍ ഉറങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു അമ്പു പെരുനാള് കഴിഞ്ഞ അന്ന് മുതല്‍ കണ്ണടച്ചാല്‍ നെഞ്ചിലെ അമ്പ് വലിച്ചൂരി തനിക്കെതിരെ കുത്താന്‍ വരുന്ന പുണ്യവാളന്റെ മുഖം ഉറക്കത്തിനെ തട്ടി അകറ്റുകയാണ് അന്നേ സുസിയോടു പറഞ്ഞതാണ് വെളുത്തച്ചന്റെ അപാര സിദ്ധിയെക്കുറിച്ച് പക്ഷെ കേള്‍ക്കണ്ടേ കപ്യാര് പണിക്കു കിട്ടുന്ന ശമ്പളം കൃത്യമായി പറഞ്ഞു കേള്‍പ്പിചിട്ടാണ് അവളെ മിന്നു കെട്ടി കൂടെ കൂട്ടിയത് എന്നാലും പെണ്ണല്ലേ പൊന്നിനോടുള്ള ആര്‍ത്തി കുറയുമോ മകള്‍ എലിശ ജനിച്ചപ്പോള്‍ മുതലാണ് ഇവള്‍ക്ക് ഇത്രയ്ക്കു ആര്‍ത്തി തുടങ്ങിയത് .ശമ്പളം കൂടാതെ വികാരി അച്ഛനും ഇടവക്കാരും തരുന്ന കൈമടക്കുകളും കൊണ്ട് മിച്ചം പിടിക്കാന്‍ ഒന്നും ഇലെങ്കിലും സുഖമായി ജീവിച്ചു പോകാമായിരുന്നു .