ക്രാഷ് ലാന്റ് 4 – The deadliest ever!

213

1977, സ്‌പെയിന്‍. കനേറി ഐലന്‍ഡിനെ സ്‌പെയിനില്‍ നിന്നും സ്വതന്ത്രമാക്കാനായി തീവ്രവാദ സംഘടനകള്‍ ശക്തിയാര്‍ജ്ജിക്കുന്ന കാലം. എങ്കില്‍പോലും പ്രകൃതി അനുഗ്രഹിച്ച് നല്‍കിയ ഭംഗി കൊണ്ട് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെ കനേറി ദ്വീപ് അങ്ങോട്ടേക്കാകര്‍ഷിച്ച് കൊണ്ടേയിരുന്നു.

മാര്‍ച്ച് 27, 10AM. കനേറി ദ്വീപിലെ ഗ്രാന്‍ കനേറിയ എയര്‍പോര്‍ട്ടിലെ പാസഞ്ചര്‍ ടെര്‍മിനലിനുള്ളില്‍, ഒരു കോഫീ ഷോപ്പില്‍ തീവ്രവാദികള്‍ ഒളിപ്പിച്ചു വച്ചിരുന്ന ബോംബ് പൊട്ടുന്നു! ഉടന്‍ തന്നെ മറ്റൊരു സ്‌ഫോടനം കൂടി ഉണ്ടാകുമെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ഗ്രാന്‍ കനേറിയ എയര്‍പോര്‍ട്ട് അടച്ചിടാനും, ഗ്രാന്‍ കനേറിയയിലേക്ക് ഹെഡ് ചെയ്തിരുന്ന എല്ലാ ഇന്‍ബൗണ്‍ഡ് ട്രാഫിക്കും ഡൈവേര്‍ട്ട് ചെയ്യാനും അധികൃതര്‍ തീരുമാനിക്കുന്നു. തുടര്‍ന്ന്, സ്‌െ്രെടക്കിംഗ് ഡിസ്റ്റന്‍സില്‍ ലഭ്യമായിരുന്ന ഒരേ ഒരു എയര്‍പോര്‍ട്ടായ, ടെനറീഫ് ഐലന്‍ഡിലെ ലോസ് റോഡിയോസിലേക്ക് ഗതി മാറ്റാന്‍ ATC ടവറില്‍ നിന്നും എല്ലാ വിമാനങ്ങളിലേക്കും സന്ദേശം പാഞ്ഞു!

ഡൈവേര്‍ട്ട് ചെയ്യാന്‍ അറിയിപ്പ് കിട്ടിയ നിരവധി വിമാനങ്ങളില്‍ രണ്ടെണ്ണം അക്കാലത്തെ ഏറ്റവും വലിയ യാത്രാവിമാനമായിരുന്ന ബോയിംഗ് 747 വിഭാഗത്തില്‍പെട്ട ജംബോ ജെറ്റുകളായിരുന്നു! ഒന്ന്, 1970ല്‍ ബോയിംഗ് 747 ന്റെ ഉത്ഘാടന പറക്കല്‍ നടത്തിയ അതേ വിമാനം! പാന്‍ അമേരിക്കന്‍ കമ്പനിയുടെ ഉടമസ്ത്ഥതയിലുള്ള, ലോസ് ഏഞ്ചല്‍സില്‍ നിന്നും, 380 യാത്രക്കാരും 16 ജീവനക്കാരുമായി വന്ന PAN-AM 1736. മറ്റേത്, 234 യാത്രക്കാരും 14 ജീവനക്കാരുമായി ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള KLM4805. തങ്ങള്‍ക്ക് രണ്ട് മണിക്കൂറിലേറെ പറക്കാനുള്ള ഇന്ധനം ഉണ്ടെന്നും ഒരു ഹോള്‍ഡിംഗ് പാറ്റേണില്‍ തങ്ങള്‍ പറന്നുകൊള്ളാമെന്നും ഗഘങ ന്റെ പൈലറ്റ് KLM കണ്ട്രോളറോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും, എയര്‍പോര്‍ട്ട് എപ്പോള്‍ പ്രവര്‍ത്തനക്ഷമമാകും എന്ന് പറയാന്‍ കഴിയാത്തതിനാല്‍ അഭ്യര്‍ത്ഥന കണ്ട്രോളര്‍ നിരസിച്ചതിനെ തുടര്‍ന്ന് KLM4805ഉം ലോസ് റോഡിയോസിലേക്ക് തിരിഞ്ഞു!

ലോസ് റോഡിയോസ് വളരെ ചെറിയൊരു എയര്‍പോര്‍ട്ടാണ്. ഒരേ ഒരു റണ്‍വേയും വളരെ കുറച്ച് പാര്‍ക്കിംഗ് സ്‌പെയ്‌സും മാത്രമുള്ള, ചെറിയ വിമാനങ്ങള്‍ക്കായുള്ള ഒരു റീജിയണല്‍ എയര്‍പോര്‍ട്ട്. ഞായറാഴ്ച ആയതുകൊണ്ട് തന്നെ കണ്ട്രോള്‍ ടവറില്‍ ആകെ രണ്ട് കണ്ട്രോളര്‍മാര്‍ മാത്രം. അപ്രതീക്ഷിതമായി വന്ന ഒരു കൂട്ടം വിമാനങ്ങള്‍ അവരെയും ആകെ വിഷമത്തിലാക്കി. തിരിച്ച് വിടപ്പെട്ട വിമാനങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ലാന്‍ഡ് ചെയ്യാന്‍ തുടങ്ങി. ലോസ് റോഡിയോസിലെ പാര്‍ക്കിംഗ് സ്‌പെയ്‌സുകള്‍ പൂര്‍ണ്ണമായും അവ കയ്യടക്കിക്കൊണ്ടിരുന്നു. ATC കണ്ട്രോളര്‍മാരുടെ ജോലി കൂടുതല്‍ സങ്കീര്‍ണ്ണമാവുകയായിരുന്നു. ഇനി വരാനിരിക്കുന്ന വിമാനങ്ങളില്‍ രണ്ടെണ്ണം തങ്ങള്‍ക്കും ലോസ് റോഡിയോസിനും മുന്‍ പരിചയമില്ലാത്ത ‘ബോയിംഗ് 747’ എന്ന ഭീമന്മാരാണ് എന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഈ രണ്ട് കൂറ്റന്‍ വിമാനങ്ങളെ ഇനി എവിടെ ഇടും എന്ന് ചിന്തിച്ച് Airport Map ലേക്ക് തിരിഞ്ഞ അവര്‍ പുതിയൊരു ആശയവുമായി മുന്നോട്ടു വന്നു. ലാന്‍ഡ് ചെയ്യുന്ന ബോയിംഗ് വിമാനങ്ങള്‍ റണ്‍വേയില്‍ നിന്നും ടാക്‌സി വേയിലേക്ക് കടന്ന് ടാക്‌സി വേയുടെ മറുതല റണ്‍വേയുമായി ചേരുന്ന ഭാഗത്ത് പാര്‍ക്ക് ചെയ്യുക!

അപ്പോഴേക്കും KLM4805 ATC യില്‍ നിന്നും ലാന്‍ഡിംഗ് ക്ലിയറന്‍സ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ലോസ് റോഡിയോസിലെ റണ്‍വേയിലേക്ക് ആദ്യമായി ഒരു ബോയിംഗ് 747 പറന്നിറങ്ങി. KLM ന്റെ സെയ്ഫ് ലാന്‍ഡിംഗ്! കണ്ട്രോള്‍ ടവറില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ച് KLM, ടാക്‌സി വേയുടെ ഏറ്റവും ഒടുവിലായി പാര്‍ക്ക് ചെയ്തു. KLM ന്റെ യാത്രക്കാരെ മുഴുവന്‍ ടെര്‍മിനലിലേക്ക് മാറ്റുന്നതിനിടയില്‍ രണ്ട് ചെറിയ വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തിരുന്നു. അവയും KLM ന്റെ ഇടതു വശം ചേര്‍ന്ന് പാര്‍ക്ക് ചെയ്തു.

അടുത്തത്  PAN-AM ന്റെ ഊഴമാണ്. വീണ്ടും ഒരു 747 കൂടി സുരക്ഷിതമായി ലോസ് റോഡിയോസിലെ ടാര്‍മാക്കിലേക്കിറങ്ങി! PAN-AM പാര്‍ക്കിംഗ് ക്ലിയറന്‍സ് ആവശ്യപ്പെട്ടു. KLM ന്റെയും, മുന്നേ വന്ന രണ്ട് ചെറിയ ഫ്‌ലൈറ്റുകളുടെയും പിന്നിലായി PAN-AM ന് പാര്‍ക്കിംഗ് അനുവദിക്കപ്പെട്ടു.

ടെര്‍മിനല്‍ നിറഞ്ഞു കവിഞ്ഞതിനാ!ല്‍ PAN-AM ചഅങ ന്റെ യാത്രക്കാരെ ടെര്‍മിനലിലേക്ക് വിടാന്‍ ATC അനുവദിച്ചില്ല. തുടര്‍ച്ചയായ 13 മണിക്കൂറുകളുടെ യാത്ര തന്റെ  യാത്രക്കാരെ തീര്‍ത്തും ക്ഷീണിതരാക്കി എന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, പുറത്തിറങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കായി വിമാനത്തിന്റെ വാതിലുകള്‍ തുറന്നു കൊടുത്തു. അപ്പോഴേക്കും അന്തരീക്ഷം മൂടിക്കെട്ടാന്‍ തുടങ്ങിയിരുന്നു. രണ്ട് മലകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ലോസ് റോഡിയോസില്‍ കാലാവസ്ഥാ പ്രവചനം ഏറെക്കുറെ അസാധ്യമാണ്. അതിശക്തമായ മൂടല്‍മഞ്ഞ് വരുന്നതും വളരെ പെട്ടെന്നാവും…….!

ഒന്നര മണിക്കൂറുകള്‍ക്ക് ശേഷം…….

ലോസ് റോഡിയോസിലെ ATC ടവറില്‍ ഗ്രാന്‍ കനേറിയില്‍ നിന്നും സന്ദേശം വന്നു. ഗ്രാന്‍ കനേറി എയര്‍പോര്‍ട്ട് റീ ഓപ്പണ്‍ ചെയ്തിരിക്കുന്നു. ATC  കണ്ട്രോളര്‍ എല്ലാ വിമാനങ്ങളോടും ഗ്രാന്‍ കനേറിയയിലേക്ക് തിരികെ പറക്കാന്‍ തയ്യാറാവാന്‍ നിര്‍ദ്ദേശിച്ചു. ടെര്‍മിനലിനുള്ളില്‍, യാത്രക്കാരോട് തങ്ങളുടെ വിമാനങ്ങളിലേക്ക് പോകുവാനായി അറിയിപ്പുകള്‍ മുഴങ്ങുന്നുണ്ടായിരുന്നു. മുഷിപ്പിക്കുന്ന തങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നതില്‍ സന്തോഷിച്ച് KLM ന്റെ യാത്രക്കാരും വിമാനത്തിലേക്ക് തിരികെ പോകാന്‍ തയ്യാറെടുത്തു. പക്ഷെ അവര്‍ അറിഞ്ഞിരുന്നില്ല, ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയൊരു ദുരന്തം മിനിറ്റുകള്‍ക്കപ്പുറം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു എന്ന്!

KLMന്റെ കോക്ക്പിറ്റിനുള്ളില്‍ ക്യാപ്റ്റന്‍ എടുത്ത ഒരു തീരുമാനം എല്ലാം മാറ്റിമറിക്കുകയായിരുന്നു. റീ ഫ്യുവലിംഗ്!! ലോസ് റോഡിയോസില്‍ തങ്ങള്‍ക്ക് നഷ്ട്ടമായ സമയം അവിടെ വച്ച് തന്നെ തിരികെ പിടിക്കുക! ഗ്രാന്‍ കനേറിയയിലേക്ക് അനായാസമായി പറക്കാന്‍ വേണ്ട ഇന്ധനം തന്റെ പക്കല്‍ ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഗ്രാന്‍ കനേറിയയില്‍ ഉണ്ടായേക്കാവുന്ന തിരക്കില്‍ സ്വാഭാവികമായും തങ്ങള്‍ക്ക് ഇന്ധനത്തിനായി കൂടൂതല്‍ സമയം ചെലവഴിക്കേണ്ടി വരും എന്നു ചിന്തിച്ച ക്യാപ്റ്റന്‍, വിമാനത്തില്‍ ഇന്ധനം നിറക്കാന്‍ തീരുമാനിച്ചു. അതും തിരികെ ആംസ്റ്റര്‍ഡാം വരെ പറക്കാന്‍ കഴിയും വിധം പരിപൂര്‍ണ്ണമായ റീ ഫ്യുവലിംഗ്! ഒരു വിമാനത്തിന്റെ സെയ്ഫ് ടേക്ക് ഓഫിന് നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിയമം അനുസരിച്ച് ആ വിമാനത്തിന്റെ ഫസ്റ്റ് ഡസ്റ്റിനേഷനിലേക്ക് പറക്കാന്‍ ആവശ്യമായ ഇന്ധനം മാത്രമാണ് ക്യാരി ചെയ്യേണ്ടത്. പക്ഷെ അല്‍പ്പസമയം ലാഭിക്കാനായി, 55 ടണ്‍ ജെറ്റ് ഫ്യുവല്‍ ആവശ്യപ്പെട്ടുകൊണ്ട്  KLM ക്യാപ്റ്റന്‍ ആ നിയമം മനപ്പൂര്‍വം മറക്കുകയായിരുന്നു!

തങ്ങളുടെ മുന്നില്‍ കിടന്ന രണ്ട് ചെറു വിമാനങ്ങളും പോയിക്കഴിഞ്ഞിട്ടും KLM പുറപ്പെടാനുള്ള യാതൊരു ലക്ഷണവും കാണാത്തതിനാല്‍ PAN-AM, കണ്ട്രോള്‍ ടവറില്‍ നിന്നും ക്ലിയറന്‍സ് ചോദിച്ചു. എന്നാല്‍ മുന്നില്‍ കിടക്കുന്ന KLM റീ ഫ്യുവലിംഗ് നടത്തുന്നതിനാല്‍ ATC ക്ലിയറന്‍സ് നല്‍കിയില്ല. തുടര്‍ന്ന് ATC യുടെ അനുവാദത്തോടെ KLM നെ ചുറ്റിക്കറങ്ങി റണ്‍വേയിലേക്ക് കടക്കാന്‍ PAN-AM ന്റെ പൈലറ്റുമാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലോകത്തിലെ എറ്റവും വലിയ രണ്ട് വിമാനങ്ങളെ ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ ആ ടാക്‌സീ വേയുടെ സ്ഥലപരിമിതി അനുവദിക്കാത്തതു മൂലം അവസാനം ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു! മൂടല്‍ മഞ്ഞ് അപ്പോഴേക്കും കാഴ്ച്ച ഏറെക്കുറെ മറച്ചുകഴിഞ്ഞിരുന്നു!

40 മിനിറ്റുകള്‍ക്ക് ശേഷം KLM പുറപ്പെടാന്‍ തയ്യാറയി. പൈലറ്റുമാര്‍ തങ്ങളുടെ 4 എഞ്ചിനുകളും ഒന്നിനു പുറകേ ഒന്നായി സ്റ്റാര്‍ട്ട് ചെയ്തു. പിന്നിലെ ടാക്‌സീ വേ പൂര്‍ണ്ണമായും അടഞ്ഞു കിടക്കുന്നതിനാല്‍ കണ്ട്രോളര്‍മാര്‍, വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം എടുക്കാറുള്ള, ഒരു തീരുമാനം എടുത്തു; ബാക്ക് ടാക്‌സി! സാങ്കേതികമായ കാരണങ്ങളാല്‍ ടാക്‌സീ വേ ഉപയോഗിക്കാന്‍ കഴിയാതെ വരുന്ന അവസരങ്ങളില്‍, ‘റണ്‍വേ’  തന്നെ ‘ടാക്‌സീ വേ’ അയി ഉപയോഗിച്ച് റണ്‍വേയുടെ മറുതല വരെ ടാക്‌സി ചെയ്യുന്ന വിമാനം അവിടെ നിന്നും 180 ഡിഗ്രി തിരിഞ്ഞശേഷം നോര്‍മലായി ടേക്ക് ഓഫ് ചെയ്യുന്ന രീതിയാണ് ബാക്ക് ടാക്‌സി! മൂടല്‍ മഞ്ഞ് കാരണം വിസിബിലിറ്റി തീരെ കുറഞ്ഞു കഴിഞ്ഞിരുന്നു. KLM റണ്‍വേയിലേക്ക് കടന്ന് ടാക്‌സി തുടങ്ങിക്കഴിഞ്ഞപ്പോള്‍ ATC, PAN-AM–നും ബാക്ക്ടാക്‌സിക്ക് നിര്‍ദ്ദേശം നല്‍കി. റണ്‍വേയിലൂടെ റോള്‍ഡൌണ്‍ ചെയ്ത് ഇടതു വശത്ത് കാണുന്ന മൂന്നാമത്തെ എക്‌സിറ്റിലേക്ക് കടന്ന് അടുത്ത ഇന്‍സ്ട്രക്ഷനായി വെയ്റ്റ് ചെയ്യുക എന്നതായിരുന്നു നിര്‍ദ്ദേശം!

ലോസ് റോഡിയോസിലെ റണ്‍വേക്ക്, ടാക്‌സീ വേയുമായി ബന്ധപ്പെടുത്തിയിരിക്കുന്ന 4 എക്‌സിറ്റുകളാണുള്ളത്. അദ്യത്തേത് 90 ഡിഗ്രി തിരിയുന്ന C1ഉം, യഥാക്രമം 130, 148, 35 ഡിഗ്രികളില്‍ തിരിയുന്ന C2ഉം, C3ഉം C4ഉം. ഇതില്‍ C3യിലേക്കാണ് PAN-AM തിരിയേണ്ടത്. കോക്ക്പിറ്റിനുള്ളില്‍ ലഭ്യമായിരുന്ന റണ്‍വേ മാപ് സശ്രദ്ധം വീക്ഷിച്ചുകൊണ്ട് PAN-AM പൈലറ്റ്മാര്‍ ടാക്‌സി ആരംഭിച്ചു. അപ്പോഴേക്കും KLM, റണ്‍വേയുടെ 75 ശതമാനത്തിലധികം ദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു! ഒന്നാമത്തെയും രണ്ടാമത്തെയും എക്‌സിറ്റുകള്‍ പിന്നിട്ട PAN-AM ഇപ്പോള്‍ തങ്ങള്‍ക്ക് തിരിയേണ്ട മൂന്നാമത്തെ എക്‌സിറ്റിനായുള്ള അന്വേഷണത്തിലാണ്. പക്ഷെ, മൂടല്‍മഞ്ഞ് നിറഞ്ഞു നിന്ന റണ്‍വേയിലെ മൂന്നാമത്തെ എക്‌സിറ്റ് ഇതിനോടകം തന്നെ തങ്ങള്‍ കടന്നുപോയി എന്ന് റണ്‍വേയില്‍ നിന്നും പത്തു മീറ്ററിലേറെ ഉയരത്തിലുള്ള 747 ന്റെ കോക്ക്പിറ്റില്‍ ഇരുന്നിരുന്ന പൈലറ്റ്മാര്‍ അറിഞ്ഞിരുന്നില്ല!! തങ്ങള്‍ക്ക് എന്തോ അബദ്ധം പറ്റിയിരിക്കുന്നു എന്നു മനസ്സിലാക്കിയ അവര്‍ വിമാനത്തിന്റെ വേഗത പിന്നെയും കുറച്ചു. ഇതേ സമയം റണ്‍വേയുടെ അങ്ങേത്തലക്കല്‍ KLM, 180 ഡിഗ്രി തിരിഞ്ഞ് ടേക്ക് ഓഫ് പൊസിഷനില്‍ അയിക്കഴിഞ്ഞിരുന്നു!

ഗ്രൌണ്ട് റഡാര്‍ സവിധാനമില്ലാത്ത ഒരു എയര്‍പോര്‍ട്ടിന്റെ ഒരേ റണ്‍വേയില്‍, കഷ്ടിച്ച് ഒരു കിലോമീറ്റര്‍ അകലത്തായി പരസ്പരം കാണാന്‍ കഴിയാതെ രണ്ട് ജംബോ ജെറ്റുകള്‍ മുഖാമുഖം! ടേക്ക് ഓഫ് ചെയ്യാനുള്ള അനുവാദത്തിനായി KLM ണ്ടും ATC യുമായി ബന്ധപ്പെട്ടു. എന്നാല്‍ PAN-AM ഇതുവരെ റണ്‍വേ ക്ലിയര്‍ ചെയ്തിട്ടില്ല എന്നറിയാമായിരുന്ന ATC കണ്ട്രോളര്‍

“4805…. you are cleared to the Papa Beacon climb to and maintain flight level nine zero right turn after take-off proceed with heading zero four zero until intercepting the three two five radial from gran caneria VOR”

എന്ന് മറുപടി നല്‍കി. ടേക്ക് ഓഫിനു ശേഷം വിമാനം ഏത് ദിശയിലേക്ക് എത്ര ഉയരത്തില്‍ പറത്തണം, എന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് കണ്ട്രോളര്‍ ചെയ്തത്. ഒരിക്കലും അത് വിമാനം ടേക്ക് ഓഫ് ചെയ്യാനുള്ള അനുവാദമായിരുന്നില്ല. അതിനുള്ള ക്ലിയറന്‍സ് പ്രത്യേകമായാണ് നല്‍കുക. എന്നാല്‍ റേഡിയോ സംവിധാനത്തില്‍ വന്ന ചില  ബുദ്ധിമുട്ടുകള്‍ കാരണം ആ വാചകം ടേക്ക് ഓഫ് ക്ലിയറന്‍സായി KLM പൈലറ്റുമാര്‍ തെറ്റിദ്ധരിച്ചു. കോപൈലറ്റ് വിമാനത്തിന്റെ ബ്രേക്ക് റിലീസ് ചെയ്തു. ക്യാപ്റ്റന്‍ തന്റെ എഞ്ചിനുകള്‍ ഫുള്‍ ത്രസ്റ്റിലേക്ക് സെറ്റ് ചെയ്തു. KLM 4805 മുന്നിലേക്ക് കുതിക്കാന്‍ തുടങ്ങി. സെക്കന്‍ഡുകള്‍ കഴിയും തോറും വിമനത്തിന്റെ വേഗത ഇരട്ടിച്ചുകൊണ്ടേയിരുന്നു. അപ്പോഴേക്കും അല്പ്പം മുന്നില്‍ PAN-AM നാലാമത്തെ എക്‌സിറ്റായ C4 ലേക്ക് എത്തിയിരുന്നു.

05:04:34PM  PAN-AM കോക്ക്പിറ്റ്:

വിമാനം C4 ലേക്ക് തിരിക്കാന്‍ തുടങ്ങിയ PAN-AM ക്യാപ്റ്റന്‍, കോ പൈലറ്റിന്റെ നിലവിളി കേട്ട് നോക്കുമ്പോള്‍ കാണുന്നത്, തങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തുകൊണ്ടിരിക്കുന്ന KLM നെ! പെട്ടെന്ന് തന്റെ വിമാനം റണ്‍ വേയില്‍ നിന്നും പുറത്ത് കടത്താന്‍ അദ്ദേഹം പരിശ്രമിച്ചുവെങ്കിലും വളരെ സാവധാനം സഞ്ചരിച്ചിരുന്ന ആ വലിയ വിമാനത്തിന് റണ്‍ വേയില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള സമയം അത് പോരുമായിരുന്നില്ല! PAN-AM ന്റെ കോക്ക്പിറ്റ് ഒഴികെയുള്ള ഭാഗങ്ങള്‍ ഇപ്പോഴും റണ്‍ വേയില്‍ തന്നെയാണ്!

05:04:29PM  KLM കോക്ക്പിറ്റ്:

നിമിഷം തോറും വേഗത കൈവരിക്കുന്ന വിമാനത്തിന്റെ വിന്‍ഡ് ഷീല്‍ഡിലേക്ക് മൂടല്‍ മഞ്ഞിനെ വകഞ്ഞുമാറ്റി വന്നു പതിച്ച ചെറിയ പ്രകാശം എതിരേ വരുന്ന വിമാനത്തിന്റെ ഹെഡ് ലൈറ്റാണെന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍, തന്റെ മുന്നിലുള്ള ഒരേ ഒരു മാര്‍ഗ്ഗം തന്നെ തെരഞ്ഞെടുത്തു. ഇമ്മീഡിയറ്റ് ടേക്ക് ഓഫ്! അദ്ദേഹം വിമാനത്തിന്റെ നോസ് പൊടുന്നനെ ഉയര്‍ത്തി. പക്ഷേ ഫുള്‍ ടാങ്ക്! ഫ്വുവലുമായി പറന്നുയരാന്‍ വേണ്ട വേഗത KLM കൈവരിച്ചിരുന്നില്ല. വിമാനത്തിന്റെ പുറകിലെ ചെറു ചിറകുകള്‍ 40 മീറ്ററോളം റണ്‍ വേയില്‍ അമര്‍ന്നുരഞ്ഞ് തീ തുപ്പി!

05:04:37PM എക്‌സിറ്റ് C4:

KLM 4805 ന്റെ ലോവര്‍ ഫ്യൂസലേജും എഞ്ചിനുകളും ഫ്യുവല്‍ ടാങ്കും അടങ്ങുന്ന ഭാഗം PAN-AM ന്റെ കോക്ക് പിറ്റിനു പിന്നില്‍, പാസഞ്ചര്‍ ക്യാബിനിലേക്ക് ഒരു വന്‍ സ്‌ഫോടന ശബ്ദത്തോടെ ഇടിച്ചു കയറി. അവശ്യത്തിലുമധികം ഉണ്ടായിരുന്ന ജെറ്റ് ഫ്യുവല്‍ ബാക്കി കാര്യങ്ങള്‍ അനായാസമാക്കി! 27 യാത്രക്കാര്‍ ഇരുന്നിരുന്ന PAN-AM ന്റെ അപ്പര്‍ ഡെക്ക് കാണാനേയില്ല! കുറച്ച് അകലെയായി, ആയിരക്കണക്കിന് കഷണങ്ങളായി ചിതറിയKLM ന്റെ അവശിഷ്ട്ടങ്ങളെ പോലും തീ വിഴുങ്ങി! KLM ന്റെയുള്ളില്‍ ഉണ്ടായിരുന്ന 248 പേരും തല്ക്ഷണം മരിച്ചു.  PAN-AM ന്റെ 396 പേരില്‍ പൈലറ്റും ഫസ്റ്റ് ഓഫീസറും ഫ്‌ലൈറ്റ് എഞ്ചിനിയറും മറ്റ് 6 ജീവനക്കാരും ഉള്‍പ്പെടെ 61 പേര്‍ ക്രാഷിനെ സര്‍വൈവ് ചെയ്തു! ആകെ മരണം 583!

ഒന്ന് വീക്ഷിച്ചാല്‍, വളരെ യാദൃശ്ചികം എന്നു തോന്നുന്ന കുറേ കാര്യങ്ങള്‍ രണ്ടു വിമാനങ്ങള്‍ക്കിടയില്‍ ഒരുമിച്ചു കൂടുകയായിരുന്നു 1977 മാര്‍ച്ച് 27 ന്. ബോംബ് സ്‌ഫോടനം, പാര്‍ക്കിംഗിലെ പ്രശ്‌നങ്ങള്‍, റീ ഫ്യുവലിംഗ്, ഗ്രൌണ്ട് റഡാര്‍ ഇല്ലാത്ത റണ്‍വേയിലെ ബാക്ക് ടാക്‌സി, പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടില്ലാതിരുന്ന എക്‌സിറ്റുകള്‍, മൂടല്‍ മഞ്ഞ്, റേഡിയോ സംഭാഷണത്തില്‍ വന്ന കണ്‍ഫ്യൂഷന്‍സ്. ഇവയില്‍ എതെങ്കിലും ഒന്ന് ഒഴിവായിരുന്നു എങ്കില്‍ എവിയേഷന്‍ ഹിസ്റ്ററിയിലെ ‘The deadliest ever’  എന്ന വിശേഷണം നേടിയ അപകടത്തിന് ലോസ് റോഡിയോസിലെ ടാര്‍മാക്ക് ഒരിക്കലും സാക്ഷിയാവേണ്ടി വരില്ലായിരുന്നു!

By: ആളവന്‍താന്‍

Advertisements
Previous articleവാലന്‍ന്റൈന്‍ ഗിഫ്റ്റ്
Next articleആതിരയുടെ പ്രേതം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.