ക്രിക്കറ്റിന്റെ കഥ: [ഭാഗം 1] ഇടയബാലന്മാരുടെ നേരമ്പോക്ക് ക്രിക്കറ്റായത് എങ്ങനെ?

437

cricket_ball
ക്രിക്കറ്റ് ഇന്ന് കേവലമൊരു കായികവിനോദം മാത്രമല്ല. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് അതൊരു വികാരമാണ്. ക്രിക്കറ്റുമായി പ്രണയത്തില്‍ ആയിരിക്കുന്നവര്‍ക്ക് അതവരുടെ ജീവനേക്കാള്‍ വിലപ്പെട്ടതാണ്. നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് പ്രത്യേകിച്ചും ക്രിക്കറ്റുമായി വൈകാരികമായ ഒരു അടുപ്പമാണ് അന്നും ഇന്നും എന്നും ഉള്ളത്. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന കളിയാണെങ്കിലും അത് നമ്മുടെ സ്വന്തമെന്നപോലെ ആവേശം കെടാതെ ഏറ്റുവാങ്ങിയവരാണ് നമ്മള്‍. നമ്മളില്‍ പലരുടെയും ബാല്യങ്ങള്‍ക്ക് പറയുവാനുണ്ടാവും തെങ്ങിന്‍മടല്‍ ചെത്തിയുണ്ടാക്കിയ ബാറ്റും ഒട്ടുപാല്‍ചുറ്റി ഉണ്ടാക്കിയ ബോളും കൊണ്ട് വഴിയിലും കണ്ടത്തിലും തോട്ടങ്ങളിലും എല്ലാം ക്രിക്കറ്റ് കളിച്ചുനടന്നതിന്റെ സുന്ദരമായ സ്മരണകള്‍. അതുകൊണ്ട് തന്നെ നമ്മള്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന ഈ കായികവിനോദത്തെ കൂടുതല്‍ ആഴത്തില്‍ അറിയുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. അതിനൊരു കൈത്താങ്ങാണ് ഈ ലേഖന പരമ്പര.

തുടക്കം ഇംഗ്ലണ്ടിലെ പുല്‍മൈതാനങ്ങളില്‍ നിന്ന്

early cricket
ഒരു ആദ്യകാല ക്രിക്കറ്റ് മത്സരം ചിത്രകാരന്‍റെ ഭാവനയില്‍ കടപ്പാട് : വിക്കിപ്പീഡിയ

free picture hosting

ഇംഗ്ലണ്ടില്‍ ആണ് ക്രിക്കറ്റ് ആവിര്‍ഭവിച്ചത് എന്ന് ചരിത്രകാരന്മാര്‍ എല്ലാം ഒന്നുപോലെ സംഭവിക്കും.എന്നാല്‍,ക്രിക്കറ്റിന്റെ തുടക്കം ആരില്‍ നിന്നാണെന്ന് കൃത്യമായ രേഖകള്‍ ഒന്നുംതന്നെ നിലവില്‍ കണ്ടെത്തിയിട്ടില്ല. നോര്‍മന്‍/സാക്‌സന്‍ കാലഘട്ടങ്ങളില്‍ എപ്പോഴോ ഇംഗ്ലണ്ടിലെ ഇപ്പോഴത്തെ കെന്റ് സസെക്‌സ് പ്രദേശങ്ങളിലെ പുല്‍മേടുകളില്‍ ജീവിച്ചിരുന്ന സമൂഹങ്ങളിലെ കുട്ടികളുടെ ഇടയിലാണ് ക്രിക്കറ്റിന്റെ പ്രാചീനരൂപം ആവിര്‍ഭവിച്ചത് എന്നാണ് പൊതുവേ കരുതപ്പെടുന്നത്. നൂറ്റാണ്ടുകളോളം കുട്ടികളുടെ കളിയായി നിലനിന്നതിനു ശേഷം പതിനേഴാം നൂറ്റാണ്ടില്‍ മാത്രമാണ് മുതിര്‍ന്നവര്‍ ഈ കായികവിനോദത്തില്‍ താല്‍പര്യം കാണിച്ചുതുടങ്ങുന്നത്.

ക്രിക്കറ്റിനും മുന്‍പേ പ്രചാരത്തില്‍ ഉണ്ടായിരുന്ന ബൌള്‍സ് എന്ന കായികവിനോദത്തില്‍ നിന്നാണ് ക്രിക്കറ്റ് രൂപം പ്രാപിച്ചതെന്നൊരു വാദവുമുണ്ട്. ഒരു ലക്ഷ്യത്തിലേയ്ക്ക് എറിയുന്ന ബോള്‍ അവിടെ എത്താതെ ഒരു വടി ഉപയോഗിച്ച് അടിചകറ്റുന്ന കളിയാണ്ബൌള്‍സ്. ആദ്യകാലങ്ങളില്‍ ആടിന്റെ രോമം കൊണ്ട് ഉണ്ടാക്കിയ ബോളായിരിക്കണം ഉപയോഗിച്ചിട്ടുണ്ടാവുക. ബാറ്റ് ഏതെങ്കിലും നീളമുള്ള തടിക്കഷ്ണവും. ഏതായാലും 1300ന് മുന്‍പ് ഉറപ്പായും ക്രിക്കറ്റിന്റെ പ്രാചീനരൂപം പ്രചാരത്തില്‍ ഉണ്ടായിരുന്നു എന്നതില്‍ ചരിത്രകാരന്മാര്‍ക്ക് എകാഭിപ്രായമാണ് ഉള്ളത്.

പേര് വന്ന വഴി

cricket bats
ക്രിക്കറ്റിന്‍റെ വളര്‍ച്ചയോടൊപ്പം ബാറ്റുകള്‍ക്കും വന്ന രൂപപരിണാമം കടപ്പാട് : വിക്കിപ്പീഡിയ

ക്രിക്കറ്റ് എന്ന പേരിന്റെ മൂലപദങ്ങളായി കരുതപ്പെടുന്ന രണ്ട് വാക്കുകളാണ് ഉള്ളത്. വടി, കമ്പ് എന്നൊക്കെ അര്‍ത്ഥം വരുന്ന ക്രിക്ക്വെറ്റ് (cricquet) എന്ന പഴയ ഫ്രഞ്ച് വാക്കാണ് ആദ്യത്തേത്. ഇതേ അര്‍ത്ഥങ്ങള്‍ ഉള്ള ക്രിക്കെ (kricke) എന്ന ഡച്ച് പദത്തിനും തുല്യസാധ്യത ഉണ്ട്. ഇംഗ്ലണ്ടില്‍ ക്രിയാഗ് (creag) എന്നൊരു കളി നിലനിന്നിരുന്നതായി രേഖകള്‍ ഉണ്ട്. ഇത് ക്രിക്കറ്റ് തന്നെയാണെന്നാണ് കരുതപ്പെടുന്നത്. ക്രിയാഗ് പതിയെ ക്രിയാഗ്എവിക്കറ്റ് ആയി മാറി. വിക്കറ്റിനോട് ശബ്ദസാദൃശ്യമുള്ള ക്രിക്കറ്റ് ആയി ക്രിയാഗ് മാറുകയായിരുന്നു എന്നും ഒരു വാദമുണ്ട്.

ക്രിക്കറ്റ് 1300ന് മുന്‍പ് രൂപംകൊണ്ടു എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. എന്നാല്‍, ക്രിക്കറ്റിന്റെ പ്രാചീനരൂപങ്ങള്‍ ഇംഗ്ലണ്ടില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു എന്നതിന് പതിനാലാം നൂറ്റാണ്ട് മുതല്‍ ചരിത്രപരമായ തെളിവുകള്‍ ലഭ്യമാണ്. അവയെക്കുറിച്ച് അടുത്ത ഭാഗത്തില്‍ വിശദമാക്കാം.

[തുടരും]