ക്രിക്കറ്റിന്റെ കഥ: [ഭാഗം 2] ഇംഗ്ലണ്ടിനൊപ്പം വളര്‍ന്ന കായികവിനോദം

385

cricket_part2

ആദ്യ ഭാഗം ഇവിടെ വായിക്കാം : ക്രിക്കറ്റിന്റെ കഥ: [ഭാഗം 1] ഇടയബാലന്മാരുടെ നേരമ്പോക്ക് ക്രിക്കറ്റായത് എങ്ങനെ?

ക്രിക്കറ്റിന്റെ വളര്‍ച്ച ഇംഗ്ലണ്ടിന്റെ രാഷ്ട്രീയ, സാമൂഹിക അന്തരീക്ഷങ്ങളില്‍ ഉണ്ടായ കുതിപ്പുകള്‍ക്കും കിതപ്പുകള്‍ക്കും ഒപ്പമായിരുന്നു എന്ന് വേണം പറയുവാന്‍. ക്രിക്കറ്റ് ആവിര്‍ഭവിച്ചത് ഇംഗ്ലണ്ടില്‍ ആണെന്ന് പറയുമ്പോഴും ഒരു വിഭാഗം ആളുകള്‍ക്ക് ക്രിക്കറ്റിന്റെ ജന്മദേശം ഫ്രാന്‍സ് ആണെന്ന് ഒരു മറുവാദം ഉണ്ടായിരുന്നു. എന്നാല്‍, ക്രിക്കറ്റ് ആവിര്‍ഭവിച്ച കാലഘട്ടം പരിശോധിച്ചാല്‍ ഇന്ന് ഫ്രാന്‍സിന്റെ കീഴിലുള്ള മിക്ക പ്രദേശങ്ങളും ഇംഗ്ലണ്ടിന്റെ അധീനതയില്‍ ആയിരുന്നു അക്കാലത്ത് എന്ന് എളുപ്പത്തില്‍ മനസിലാക്കുവാന്‍ കഴിയും. ഫ്രാന്‍സിന്റെ പ്രധാന പട്ടണമായ പാരിസ് പോലും അക്കാലത്ത് ഒരു ഇംഗ്ലീഷ് നഗരമായി ആണ് അറിയപ്പെട്ടിരുന്നത്. എഡ്വേര്‍ഡ് ഒന്നാമന്റെ കാലത്ത് നടന്ന നൂറുവര്‍ഷയുദ്ധത്തിന്റെ സമയം ആയിരുന്നു അത്. തീര്‍ച്ചയായും ഇംഗ്ലണ്ടിനൊപ്പമാണ് ക്രിക്കറ്റും വളര്‍ന്നത്. ഇംഗ്ലീഷുകാര്‍ ചൊവ്വയില്‍ എത്തിയിരുന്നെങ്കില്‍, ചൊവ്വയും ഇപ്പോള്‍ ഐ.സി.സി. അംഗം ആയിരുന്നേനെ എന്നൊരു പറച്ചില്‍ പോലുമുണ്ട്!

ആദ്യ ചരിത്രപരമായ സൂചന

ക്രിക്കറ്റിനെക്കുറിച്ച് വ്യക്തമായ ഒരു സൂചന ലഭ്യമാകുന്നത് 1598ല്‍ ഒരു സ്ഥലത്തിന്റെ ഉടമസ്ഥ അവകാശത്തെക്കുറിച്ച് നടന്ന ഒരു കേസിന്റെ രേഖകളില്‍ നിന്നാണ്. സറേ പ്രവിശ്യയിലെ ഗില്‍ഫോര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പ്രസ്തുത സ്ഥലത്ത് അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂള്‍ കാലത്ത് താനും തന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ക്രിക്കറ്റ് കളിച്ചിരുന്നു എന്ന് അന്‍പത്തിഒന്‍പത് വയസുകാരന്‍ ആയ ജോണ്‍ ഡെറിക്ക് സാക്ഷി പറഞ്ഞിരുന്നതായി രേഖകളുണ്ട്. അതായത് 1550ല്‍ അവിടെ ക്രിക്കറ്റ് കളിയും പേരും നിലവില്‍ ഉണ്ടായിരുന്നു എന്നര്‍ത്ഥം.

മുതിര്‍ന്നവര്‍ ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ച് ആദ്യ സൂചന ലഭിക്കുന്നത് 1611ലാണ്. സസെക്‌സ് പ്രവിശ്യയില്‍ ഞായറാഴ്ച ദിവസം പള്ളിയില്‍ പോകാതെ ക്രിക്കറ്റ് കളിച്ച രണ്ടുപേരെ കോടതിയില്‍ വിചാരണ ചെയ്യുകയുണ്ടായി. അതേ വര്ഷം തന്നെ ഒരു ഡിക്ഷ്ണറിയില്‍ ക്രിക്കറ്റ് എന്ന വാക്കിന് മുതിര്‍ന്നവരുടെ ഒരു കായിക വിനോദം എന്ന നിലയില്‍ അര്‍ത്ഥം പ്രത്യക്ഷപ്പെട്ടു. ഇത് മുതിര്‍ന്നവരുടെ ഇടയില്‍ ക്രിക്കറ്റിന് ഉണ്ടായിവന്ന സ്വാധീനത്തെ സൂചിപ്പിക്കുന്നു.

കൗണ്ടി ഇല്ലാത്തൊരു കാലം

cricket 2
കടപ്പാട് : വിക്കിപീഡിയ

ആദിമകാല ക്രിക്കറ്റ് എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ വരിക ഇംഗ്ലണ്ടിലെ പ്രശസ്തമായ കൗണ്ടി ക്രിക്കറ്റ് ആയിരിക്കും. എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടില്‍ മാത്രമാണ് ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് ആരംഭിക്കുന്നത്. അതായത്, അപ്പോള്‍ മാത്രമാണ് ക്രിക്കറ്റില്‍ പണം മുടക്കാം എന്ന ചിന്ത ആളുകള്‍ക്ക് ഉണ്ടാകുന്നത് എന്നര്‍ത്ഥം. അതിന് മുന്‍പ് ക്രിക്കറ്റ് മത്സരങ്ങള്‍ പ്രാദേശികമായി ഒതുങ്ങി നില്‍ക്കുന്നവയോ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തപ്പെടുന്നവയോ മാത്രം ആയിരുന്നു.

ആഭ്യന്തര യുദ്ധം അവസാനിച്ച 1648ല്‍ ജനങ്ങള്‍ അമിതമായി ഒരുമിച്ചുകൂടാന്‍ സാദ്ധ്യതയുള്ള പരിപാടികള്‍ നിരോധിക്കപ്പെട്ടു. അതുപോലെതന്നെ സാബത്തിന്റെ ആചരണം കൂടുതല്‍ കൃത്യനിഷ്ടയോടെ നടത്തണമെന്നും നിയമം വന്നു. സാധാരണക്കാരായ ആളുകള്‍ക്ക് ആകെ കിട്ടുന്ന വിശ്രമദിവസം സാബത്ത് ആയിരുന്നത് കൊണ്ട് ക്രിക്കറ്റിന്റെ ആവേശവും ഈ നിയമം മൂലം പയ്യെ കുറഞ്ഞു. എന്നാല്‍ വിന്‍ചെസ്റ്റര്‍, സെയിന്റ് പോള്‍സ് മുതലായ പബ്ലിക് സ്‌കൂളുകളില്‍ ക്രിക്കറ്റ് വളരുകയും ചെയ്തു. ഒലിവര്‍ ക്രോംവെല്ലിന്റെ സമയത്ത് ക്രിക്കറ്റ് നിരോധിച്ചു എന്നതിന് തെളിവുകള്‍ ഒന്നും ലഭ്യമല്ല. സാബത്തിന് മുടക്കം വരാത്തിടത്തോളം ക്രിക്കറ്റ് കളിക്കുന്നത് ഒരു പ്രശ്‌നം അല്ലായിരുന്നു എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഗ്രാമീണരുടെ ഇടയില്‍ പതിയെ ക്രിക്കറ്റ് വേരുറപ്പിക്കുവാന്‍ ആരംഭിച്ച കാലമായിരുന്നു ഇത്.

വാതുവെയ്പ്പും റിപ്പോര്‍ട്ടിങ്ങും ആരംഭിക്കുന്നു

ക്രിക്കറ്റിന് ജനപ്രീതി ആര്‍ജിച്ചുതുടങ്ങിയപ്പോള്‍ സ്വാഭാവികമായും ആളുകള്‍ വാതുവെയ്പ്പില്‍ ഒരു വലിയ സാധ്യത കണ്ടെത്തി. വാതുവയ്ക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ച് നിയമങ്ങള്‍ വന്നെങ്കിലും അപ്പോഴും ഒരു വലിയ ധനസമ്പാദന മാര്‍ഗമായി വാതുവെയ്പ്പ് നിലകൊണ്ടു. 1696ല്‍ പത്രമാധ്യമങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കപ്പെട്ടപ്പോള്‍ ക്രിക്കറ്റ് മത്സരങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഇന്നത്തെ രീതിയില്‍ ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഏറെ കാലം കഴിഞ്ഞാണ്. ആദ്യകാലത്തെ ക്രിക്കറ്റ് വാര്‍ത്തകള്‍ കളിയെക്കാളും വാതുവെയ്പ്പിനെക്കുറിച്ചുള്ള വിവരണങ്ങള്‍ ആണ് നല്‍കിയിരുന്നത്!

ആദ്യ ഭാഗം ഇവിടെ വായിക്കാം : ക്രിക്കറ്റിന്റെ കഥ: [ഭാഗം 1] ഇടയബാലന്മാരുടെ നേരമ്പോക്ക് ക്രിക്കറ്റായത് എങ്ങനെ?

[തുടരും]