images-(7)

ക്രിക്കറ്റ് എന്ന ഗെയിമില്‍ കവിതയുടെ അല്ലെങ്കില്‍ കലയുടെ അംശം ഉണ്ടോ എന്ന കാര്യത്തില്‍ ഒരു സഹപ്രവര്‍ത്തകനുമായി നടത്തിയ തര്‍ക്കത്തില്‍ നിന്നാണ് ഈ ലേഖനം ജനിക്കുന്നത് .ഫുട്ബാളില്‍ കവിതയുണ്ട് എന്ന കാര്യത്തില്‍ അയാള്‍ക്ക് സംശയം ഉണ്ടായിരുന്നില്ല .മാരഡോണയുടെയോ പെലെയുടെയോ ലയണല്‍ മെസ്സിയുടെയോ കളിയില്‍ അല്ലെങ്കില്‍ അവര്‍ നേടുന്ന ഗോളുകളില്‍ വിളങ്ങി നില്‍ക്കുന്ന മനോഹാരിത പെട്ടെന്ന് തിരിച്ചറിയാം .മാരഡോണയുടെ ചില ഗോളുകള്‍ അക്കാലത്തെ പല സാഹിത്യ സ്ര്യഷ്ടികളെക്കാളും മികച്ചതായിരുന്നു എന്നൊരു ലേഖകന്‍ പറഞ്ഞതോര്‍ക്കുന്നു .അലസത നിറഞ്ഞു നില്‍ക്കുന്ന ,ബോറടിപ്പിക്കുന്ന ക്രിക്കറ്റില്‍ എവിടെയാണ് കലയുടെ അംശം എന്ന ചോദ്യത്തിനു ക്ര്യത്യമായ മറുപടി ഉണ്ടായിരുന്നു എങ്കിലും ക്രിക്കറ്റ് കളിക്കാത്ത അല്ലെങ്കില്‍ ക്രിക്കറ്റിനെ മനസ്സിലാക്കാത്ത ഒരാളോട് തര്‍ക്കിക്കുന്നത് വെറുതെയാണെന്ന തിരിച്ചറിവ് എന്നെ നിശബ്ദനാക്കി .ടെണ്ടുല്‍ക്കറിന്റെ സുന്ദരമായ ഒരു സ്ട്രെയിറ്റ് ഡ്രൈവ് ,ലക്ഷ്മണിന്റെ മനോഹരമായ ഒരു ഫ്ളിക് അതുമല്ലെങ്കില്‍ പിന്കാലി ല്‍ ഊന്നി നിന്ന് കൊണ്ട് വായുവില്‍ ഒരു അര്‍ദ്ധ വ്ര്യത്തം വരയ്ക്കുന്ന ബ്രയാന്‍ ലാറയുടെ ഒരു പുള്‍ ഷോട്ട് ഇതിന്റെയൊക്കെ സൌന്ദര്യം കളി അറിഞ്ഞു കാണുന്നവനെ മനസ്സിലാകൂ .

ഗ്ളെന്‍ മഗ്രാത്തിന്റെ യാന്ത്രികതയെക്കാള്‍ വസിം അക്രമിന്റെ ചാരുതയെ സ്നേഹിച്ചു തുടങ്ങിയത് എപ്പോഴാണെന്നറിയില്ല .തീര്‍ച്ചയായും മഗ്രാത്ത് ഒരു ഇതിഹാസം തന്നെയാണ് .എന്നാല്‍ അക്രം തികച്ചും വ്യത്യസ്തമായ ഒരു ജനുസ്സായിരുന്നു .സ്വാഭാവികമായ പ്രതിഭ മാത്രമായിരുന്നു അയാളുടെ കൈമുതല്‍ .ബാറ്റ്സ്മാന് നേരെ ശാപ വാക്കുകള്‍ ഉരുവിടാനോ അധിക്ഷേപിക്കാനോ മുതിരാതെ തന്റെ കഴിവ് കൊണ്ട് മാത്രം ബാറ്റ്സ്മാനെ നേരിട്ട അക്രം എന്ന സൌമ്യ ഭീമന്റെ മുന്നില്‍ മറ്റുള്ള പന്തേറുകാരെല്ലാം എനിക്ക് ആത്മാവ് നഷ്ടപെട്ടവരായിരുന്നു .വാസിമിനെപോലെ ബൌളിംഗിന്റെ ക്രാഫ്റ്റ് തിരിച്ചറിഞ്ഞ മറ്റൊരു ബൌളര്‍ ഇന്ന് വരെ ജനിച്ചിട്ടുണ്ടോ എന്ന് സംശയമാണ് .അത്രക്കായിരുന്നു പന്തിന്റെ മേല്‍ അയാള്‍ക്കുള്ള നിയന്ത്രണം .ഒരോവറിലെ എല്ലാ പന്തും ക്ര്യത്യമായി ഒരെയിടത്ത് തന്നെ പിച്ച് ചെയ്യിച്ചു ബാറ്റ്സ്മാനെ വലക്കുന്ന മഗ്രാതുമാരെക്കാള്‍ ,ഇന്‍സ്വിംഗും റിവേഴ്സ് സ്വിംഗും മനോഹരമായി ഉപയോഗിച്ച് അവരെ വട്ടം കറക്കുന്ന അക്രം എന്ത് കൊണ്ടും മുന്‍പന്തിയിലായിരുന്നു .അയാളെ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും രാജ്യത്തിന്റെ അതിര്‍ വരമ്പുകള്‍ ഒരിക്കലും ഒരു തടസ്സമായി തോന്നിയില്ല .ഇന്ത്യ -പാക്കിസ്ഥാന്‍ വിഭജനം നടന്നിരുന്നില്ലെങ്കില്‍ വസിം അക്രം എന്ന മഹാനായ ബൌളര്‍ നമുക്ക് വേണ്ടി പന്തെറിയുമായിരുന്നു .ബാറ്റ് കൊണ്ട് കവിത രചിച്ചവര്‍ ഒരുപാട് ഉണ്ടെങ്കിലും പന്ത് കൊണ്ട് കവിത എഴുതിയവരില്‍ വസിം അക്രം തന്നെ അഗ്രഗണ്യന്‍ .പിന്നെയൊരു ഷെയിന്‍ വോണ്‍ .കളിയിലും ജീവിതത്തിലും വോണ്‍ ഒരു തെമ്മാടിയായിരുന്നു .ലെഗ് സ്പിന്‍ എന്ന മരിച്ചു കൊണ്ടിരുന്ന ബൌളിഗ് കലയെ തന്റെ മാന്ത്രിക വിരലുകളില്‍ ആവാഹിച്ചെടുത്ത വോണ്‍ അപാരമായ പ്രതിഭയുള്ള ബൌളറായിരുന്നു .ജീവിതത്തില്‍ അയാള്‍ യാതൊരു സദാചാരവും പാലിച്ചിരുന്നില്ല .തൊണ്ണൂറു ഡിഗ്രിയോളം ആംഗിളില്‍ തിരിഞ്ഞു മൈക്ക് ഗാറ്റിംഗിന്റെ സ്റ്റമ്പ് പിഴുത നൂറ്റാണ്ടിന്റെ പന്ത് വിരിഞ്ഞത് അയാളുടെ മാന്ത്രിക വിരലുകളില്‍ ആയിരുന്നു .അതെ വിരലുകള്‍ കൊണ്ട് തന്നെ കാണികള്‍ക്ക് നേരെ ആക്ഷേപകരമായ അംഗവിക്ഷേപങ്ങള്‍ നടത്താനും വോണ്‍ മടിച്ചില്ല .വോണ്‍ ഒരു യഥാര്‍ത്ഥ ജീനിയസ് ആയിരുന്നു . മാന്യതയുടെ മൂടുപടം എടുത്തണിഞ്ഞു വിശുദ്ധനാകാന്‍ അയാള്‍ ശ്രമിച്ചില്ല . ഒരു ദുര്‍മന്ത്രവാദി യെപോലെ വോണ്‍ തന്റെ ആഭിചാര ക്രിയകളുമായി ലോകമെമ്പാടും ഉള്ള ബാറ്റ്സ്മാന്മാരെ വേട്ടയാടി . പക്ഷെ ഇന്ത്യയില്‍ എത്തി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ പന്തെറിഞ്ഞപ്പോള്‍ പലപ്പോഴും വോണിനു തന്റെ അമാനുഷികത നഷ്ടപ്പെട്ടിരുന്നു .അയാളുടെ കയ്യില്‍ വിരിഞ്ഞിരുന്ന ഫ്ളിപ്പര്‍ ,ടോപ്‌ സ്പിന്‍ ,ഗൂഗ്ളി എന്നൊക്കെ വിശേഷിക്കപ്പെട്ടിരുന്ന ചതികുഴികള്‍ തിരിച്ചറിഞ്ഞ ഇന്ത്യന്‍ മാന്ത്രികര്‍ അയാളെ അനായാസം നേരിട്ടു .

ക്രിക്കറ്റില്‍ ക്ളാസ്സിക് ബാറ്റ്സ്മാന്‍ഷിപ്‌ ഇന്ന് വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് .ടി-ട്വെന്റി ക്രിക്കറ്റിന്റെ ചടുലത ക്രിക്കറ്റിനെ ഗ്രസിച്ചു കഴിഞ്ഞു .ഇന്ന് ക്രിക്കറ്റില്‍ ആര്‍ടിസ്റ്റുകള്‍ ജനിക്കുന്നില്ല . ക്രിക്കറ്റ് ലോകം ഒരുപാട് ജീനിയസുകളെയും മഹാന്മാരായ കളിക്കാരെയും കണ്ടു കഴിഞ്ഞു .എന്നാല്‍ ക്രിക്കറ്റിനെ ഒരു കവിതയാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് സുന്ദരമായ കേളി ശൈലിയുമായി കാണികളെ ഭ്രമിപ്പിക്കുന്ന കളിക്കാര്‍ക്കാണ് .റെകോര്‍ഡ് ബുക്കുകളില്‍ ഒരു പക്ഷെ അവരുടെ പേരുകള്‍ കണ്ടെന്നു വരില്ല .ജെഫ് ബോയ്കോട്ട് പറഞ്ഞത് പോലെ ഇടങ്കയ്യനായി ജനിച്ചാല്‍ തന്നെ നിങ്ങള്‍ പകുതി യുദ്ധം ജയിച്ചു കഴിഞ്ഞു .ചരിത്രം തുടങ്ങുന്നത് അയാളില്‍ നിന്നാണ് .ഇംഗ്ലണ്ടിന്റെ ഇടതു കയ്യന്‍ ബാറ്റ്സ്മാന്‍ ഡേവിഡ് ഗവര്‍ .സുന്ദരനായിരുന്നു ഗവര്‍ ,മറ്റൊരു ലോകത്തില്‍ നിന്നും ഇറങ്ങി വന്ന ദേവകുമാരനെപോലെ .ഇടം കയ്യന്‍ ബാറ്റ്സ്മാന്റെ അനായാസത ആദ്യമായി ഞാന്‍ കാണുന്നത് അയാളിലാണ് .അലസമായ ശൈലിയില്‍ ഗവര്‍ കളിച്ചിരുന്ന ഡ്രൈവുകള്‍ മനോഹരമായിരുന്നു .അലസത തന്നെയായിരുന്നു ഗവറിന്റെ മുഖമുദ്രയും .അയാള്‍ ഒരിക്കലും പൂര്‍ണതയോട് അടുത്ത് നിന്നില്ല ,ഒരിക്കലും അയാള്‍ അതിനു ശ്രമിച്ചുമില്ല .ഗവറിന്റെ കഴിവ് ജന്മസിദ്ധമായിരുന്നു .അതിനെ തേച്ചു മിനുക്കിയെടുക്കാന്‍ മിനക്കിടാതെ അയാള്‍ ബാറ്റിംഗിന്റെ സൌന്ദര്യം പ്രദര്‍ശിപ്പിച്ചു .വന്പന്‍ സ്കോറുകള്‍ കണ്ടെത്താന്‍ കഴിയാത്തതോ കൂടുതല്‍ നേരം ക്രീസില്‍ നില്‍ക്കാന്‍ കഴിയാത്തതോ അയാളെ അലോസരപ്പെടുത്തിയില്ല .മിനുട്ടുകള്‍ മാത്രം ക്രീസില്‍ നിന്ന് പുറത്താകുംപോഴും ഗവര്‍ മറ്റുള്ളവരെ കൊതിപ്പിച്ചിരുന്ന മനോഹരമായ ഷോട്ടുകള്‍ കളിച്ചു കൊണ്ടിരുന്നു ,അയാള്‍ക്ക് മാത്രം സാധ്യമായിരുന്ന രീതിയില്‍ .ഇംഗ്ളീഷ് ക്രിക്കറ്റില്‍ ഗവറിനു മുന്‍പും പിന്‍പും അത് പോലൊരു കളിക്കാരന്‍ ജനിച്ചിട്ടില്ല .

ഏഷ്യയില്‍ നിന്നാണ് മിക്ക സ്റ്റൈലിഷ് ബാറ്റ്സ്മാന്‍മാരും വന്നത് .ക്രിക്കറ്റ് അവര്‍ ഹ്ര്യദയം കൊണ്ടാണ് കളിച്ചിരുന്നത് എന്നതാവാം കാരണം .ഗുണ്ടപ്പ വിശ്വനാഥ് ഇന്ത്യന്‍ ക്രിക്കറ്റിലെ കലാകാരനായിരുന്നു .കരിയര്‍ മുഴുവനും ഗവാസ്കര്‍ എന്ന ഇതിഹാസത്തിന്റെ നിഴലില്‍ കഴിയേണ്ടി വന്നിട്ടും വിശ്വനാഥ് അക്കാലത്തെ ക്രിക്കറ്റ് പ്രേമികളുടെ ആരാധനാപാത്രമായി മാറിയത് സ്ട്രോക്ക് പ്ളേയുടെ സൌന്ദര്യം കൊണ്ട് തന്നെയാണ് .ഗുണ്ടപ്പ വിശ്വനാഥ് തുടങ്ങി വച്ച ബാറ്റിംഗിലെ ആകര്‍ഷണീയത ഏറ്റെടുത്ത അസറുദ്ദീന്‍ എന്ന ഹൈദരാബാദി ക്ളാസിക്കല്‍ ബാറ്റ്സ്മാന്ഷിപ് പുനര്‍ നിര്‍വചിച്ചു ഹൈദരാബാദ് നവാബുമാരുടെ പ്രൌഡിയും കുലീനതയും അതേപടി തന്റെ ബാറ്റിംഗിലേക്ക് പകര്‍ത്തിയ അസര്‍ തന്റെ തലമുറക്ക് പകര്‍ന്നു നല്‍കിയത് അനിര്‍വചനീയമായ സൌന്ദര്യമായിരുന്നു .ദൈവം വരദാനമായി നല്‍കിയ കൈക്കുഴ ഉപയോഗിച്ച് അസര്‍ ക്രിക്കററ് പ്രേമികളെ ആനന്ദിപ്പിച്ചു .ബാറ്റിംഗ് എന്നത് അനായാസകരമായ ഒരു പ്രവര്‍ത്തിയാണെന്ന് അസര്‍ നമുക്ക് ബോധ്യപ്പെടുത്തി തന്നു .പൂര്‍ണതയില്‍ എത്താതെ വിട വാങ്ങിയപ്പോഴും തെറ്റുകളുടെ ചെളികുഴിയില്‍ വീണുപോയിട്ടും അസര്‍ ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഒരു നോസ്റ്റാള്‍ജിക് ഫീലിംഗ് ആയി നിലനില്‍ക്കുന്നു .ഓസ്ട്രേലിയയിലെയും സൌത്ത് ആഫ്രിക്കയിലെയും ഒക്കെ യന്ത്രങ്ങളേപോലെ ചലിക്കുന്ന ക്രിക്കറ്റര്‍മാര്‍ എന്നില്‍ ഒരു സ്വാധീനവും ചെലുത്തിയില്ല .പക്ഷെ മാര്‍ക്ക് വോ അവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു .സുന്ദരമായ പാദചലനങ്ങളുമായി മാര്‍ക്ക് പുറത്തെടുത്ത ടച്ച് പ്ളേ ആകര്‍ഷണീയമായി തോന്നി . പാക്കിസ്ഥാനില്‍ നിന്നും വന്ന മുഹമ്മദ്‌ യൂസഫ് മറ്റൊരു പ്രതിഭയായിരുന്നു . മറ്റൊരു പാക്കിസ്ഥാനി ബാററ്സ്മാനും ഇത്ര മനോഹരമായി ബാറ്റ് ചെയ്യുന്നത് കണ്ടിട്ടില്ല .തന്റെ അപാരമായ ബാക്ക് ലിഫ്റ്റ്‌ ഉപയോഗിച്ച് ഓണ്‍ സൈഡിലൂടെയും ഓഫ് സൈഡിലൂടെയും യുസഫ് സുന്ദരമായ ഷോട്ടുകള്‍ കളിച്ചിരുന്നു .കുമാര്‍ സംഗകാര എന്ന ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ ഗവറിനു ശേഷം കണ്ട ഏറ്റവും മികച്ച ഇടതു കയ്യന്‍ ബാറ്റ്സ്മാന്മാരില്‍ ഒരാള്‍ എന്നത് കൂടാതെ മനോഹരമായ ശൈലിയുടെ കൂടെ ഉടമയായിരുന്നു .

പിന്നീടൊരു ശൂന്യതയായിരുന്നു ബാറ്റിംഗിന്റെ സൌന്ദര്യം എവിടെയോ പോയി മറഞ്ഞ പോലെ .ടെണ്ടുല്‍ക്കര്‍ ഒരു റണ്‍ മെഷീനിനെപോലെ റണ്‍സ് അടിച്ചു കൂട്ടുന്നു .പോണ്ടിംഗ് ഒരു യന്ത്രത്തെപോലെ തോന്നിച്ചു .ജാക്ക് കാല്ലിസ് വികാരങ്ങളിലാത്ത മുഖവുമായി തന്റെ ജോലി ചെയ്തു തീര്‍ക്കുന്നു .ദ്രാവിഡ് സൌന്ദര്യാരാധകരെ മുഴുവന്‍ നിരാശപെടുത്തികൊണ്‍ട് തന്റെ മതില്‍ പണിയുന്ന തിരക്കിലായിരുന്നു .ഒടുവില്‍ സിഡ്നിയില്‍ അയാള്‍ വന്നു .നഷ്ടസ്വപ്നങ്ങള്‍ മാത്രം സമ്മാനിചിരുന്ന അക്കാലത്തെ ഓസ്ട്രേലിയന്‍ പര്യടനങ്ങളിലോന്നില്‍ സിഡ്നിയില്‍ ഒരു ക്ളാസ് ബാററ്സ്മാന്റെ ഉദയം കണ്ടു .മഗ്രാത്തിന്റെ ഓപ്പണിംഗ് സ്പെല്‍ നേരിടാന്‍ തയാറെടുക്കുന്ന ആ കളിക്കാരനെ കണ്ടപ്പോള്‍ സഹതാപമാണ് തോന്നിയത് .അതു കൂടുതല്‍ അന്വര്‍ഥമാക്കി കൊണ്ട് ആദ്യ ഓവറില്‍ തന്നെ മഗ്രാത്തിന്റെ ഒരു ബൌണ്‍സര്‍ ഹെല്‍മെറ്റില്‍ ഇടിച്ചു അയാള്‍ നിലത്തു വീണു .ഓസ്ട്രേലിയന്‍ കാണികള്‍ ആ ചെറുപ്പക്കാരന്റെ ചോരക്കായി ആര്‍ത്തു വിളിച്ചു .പെട്ടെന്ന് തന്നെ എഴുന്നേറ്റ് നിഷ്കളങ്കമായ ഒരു ചിരിയോടെ അയാള്‍ വീണ്ടും തയ്യാറെടുത്തു . സിഡ്നിയിലെ കാണികളെ ഒന്നടങ്കം അമ്പരപ്പിച്ചു കൊണ്ട് അയാള്‍ അന്നവിടെ ഒരു വിരുന്നൊരുക്കി . എത്ര കണ്ടാലും മതി വരാത്ത ഓണ്‍ സൈഡ് ഫ്ളിക്കുകള്‍ പ്രവഹിക്കുകയായിരുന്നു ആ ബാറ്റില്‍ നിന്നും .വന്യതയുടെ പ്രതീകമായ പുള്‍ ഷോട്ടുകളില്‍ പോലും അയാള്‍ വശ്യത വിളക്കിചെര്‍ത്തു .ഇടിവെട്ടി പെയ്യുന്ന പെരുമഴ പോലെ സനത് ജയസുര്യമാര്‍ താണ്ടവമാടിയിരുന്ന ആ കാലത്ത് ഒരു കുളിര്‍ മഴ പോലെ അയാള്‍ കാണികളിലേക്ക് പെയ്തിറങ്ങി.ബീഥോവന്റെ എഴാം സിംഫണി ഒരു ക്രിക്കറ്റ് മൈതാനത്തില്‍ അന്ന് വീണ്ടും പുനരാവിഷ്കരിക്കപ്പെട്ടു.അതൊരു പ്രണയത്തിന്റെ തുടക്കമായിരുന്നു.ഒരു ക്രിക്കറ്റ് ഗ്രൌണ്ടും ഒരു കളിക്കാരനും തമ്മിലുള്ള അസാധാരണമായ ഒരു പ്രണയത്തിന്റെ തുടക്കം .അന്നത്തെ ഇന്നിംഗ്സിന് ശേഷം അയാളുടെ ഓട്ടോഗ്രാഫിനായി ഡ്രസിംഗ് റൂമിന് മുന്നില്‍ കുതിചെത്തിയവരുടെ കൂടെ അന്നത്തെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി കൂടെ ഉണ്ടായിരുന്നു .അത്രക്കുണ്ടായിരുന്നു അയാള്‍ സ്ര്യഷ്ടിച്ച മാജിക്കല്‍ ഇമ്പാക്റ്റ് .സിഡ്നിയിലെ കാണികള്‍ പിന്നീടുള്ള ഇന്ത്യന്‍ പര്യടനങ്ങളില്‍ എല്ലാം അയാളുടെ വരവിനായി കാത്തിരുന്നു .അയാളാകട്ടെ ഒരിക്കലും അവരെ നിരാശപെടുത്തിയുമില്ല .ടെണ്ടുല്‍ക്കറിനു ശേഷം ഒരിന്ത്യന്‍ കളിക്കാരനെ ഓസ്ട്രേലിയന്‍ കാണികള്‍ ബഹുമാനിച്ചു തുടങ്ങി .അയാളെ അവര്‍ വി.വി.എസ് എന്ന് വിളിച്ചു .ചരിത്രമുറങ്ങുന്ന സിഡ്നിയിലെ കാണികള്‍ അയാളെ പ്രണയിച്ചു .തിരിച്ചു അയാള്‍ അവര്‍ക്ക് നല്‍കിയത് കാല്പനികതയുടെ ചായത്തില്‍ ചാലിചെടുത്ത്ത ഒരു പിടി മനോഹരങ്ങളായ ഇന്നിംഗ്സുസുകളായിരുന്നു ഒരുപാട് വര്‍ഷങ്ങള്‍ പകര്‍ന്നു നല്‍കിയ ചേതോഹര കാഴ്ചകള്‍ക്ക് ശേഷം ലക്ഷ്മണ്‍ തന്റെ അവസാന പര്യടനത്തിനായി ഓസ്ട്രേലിയയില്‍ എത്തി .ഇത്തവണ അദ്ദേഹം തന്റെ നിഴല്‍ മാത്രമായി തോന്നിച്ചു .സിഡ്നിയില്‍ തന്റെ അവസാന ഇന്നിംഗ്സില്‍ തന്റെ മാന്ത്രിക വിദ്യകള്‍ മറന്നു പോയ മാന്ത്രികനെപോലെ ലക്ഷ്മണ്‍ പതറുന്ന കാഴ്ച കാണികളെ വേദനിപ്പിച്ചു .അവര്‍ അയാളെ സ്നേഹിച്ചിരുന്നു.ലോകത്തിലെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരിക്കല്‍ ഒരവസാനം ഉണ്ടെന്നു അവര്‍ ദുഖത്തോടെ തിരിച്ചറിഞ്ഞു.പരാജയപ്പെട്ട് നിരാശയോടെ ലക്ഷ്മണ്‍ മടങ്ങുമ്പോള്‍ അവസാനമായി ഓസ്ട്രേലിയന്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് അയാളെ ആദരിച്ചു .ബാറ്റ് കൊണ്ട് പല തവണ സിഡ്നിയില്‍ വസന്തം വിരിയിച്ച ആ പ്രതിഭയോടുള്ള ആദരവ് കണ്ണുനീര്‍ തുള്ളികളായി അവരില്‍ പലരും അയാള്‍ക്ക്‌ സമര്‍പ്പിച്ചു .ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്നു അറിഞ്ഞിരുന്നെങ്കിലും ലക്ഷ്മണ്‍ അന്ന് അക്ഷോഭ്യനായിരുന്ന
ു.അയാളെ പോലൊരു കളിക്കാരന്‍ ഇനിയൊരിക്കലും സിഡ്നിയില്‍ അവതരിക്കില്ല എന്ന തിരിച്ചറിവ് അവരെ വേദനിപ്പിക്കുന്നു .

വീണ്ടും അതെ ശൂന്യത അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.അവിടെയും ഇവിടെയുമായി ചില കൈത്തിരി വെട്ടങ്ങള്‍ ഉണ്ടെങ്കില്‍ കൂടി . സൌത്ത് ആഫ്രിക്കയില്‍ നീട്ടി വളര്‍ത്തിയ താടിയുമായി ഹാഷിം അംല എന്ന കളിക്കാരനുണ്ട് .ചന്തമുള്ള ഷോട്ടുകള്‍ കയ്യിലുള്ള അയാള്‍ തന്റെ ഏഷ്യന്‍ പാരമ്പര്യത്തെ പിന്‍തുടരുകയാണ്.ഇംഗ്ലണ്ടില്‍ ഇയാന്‍ ബെല്‍ എന്ന ബാറ്റ്സ്മാന്‍ കാണികളെ ആനന്ദിപ്പിക്കുന്നുണ്ട് .പ്രതിഭയുടെ സ്പര്‍ശം പതിയെ അപ്രത്യക്ഷമാകുകയാണ്.എങ്കിലും ഒരു മാന്ത്രികനായുള്ള കാത്തിരിപ്പ് തുടരുകയാണ് .

You May Also Like

ലോർഡ്സിൻ്റെ കേണൽ, ഇന്ത്യയുടെയും

ക്രിക്കറ്റിൻ്റെ മെക്കയായ ലോർഡ്സ്…. ഇതുവരെയും തകർക്കപ്പെടാത്ത ഒരു സെഞ്ചുറി റെക്കോർഡ് കേണൽ ദിലീപ് ബൽവന്ത് വെംഗ്സർക്കാർക്ക് സ്വന്തമായുണ്ട്.

രസകരമായ ചില കളികൾ

ക്രിക്കറ്റും, ഫുട്ബോളും, ബാഡ്മിന്റനും അല്ലാതെ, കേട്ടാൽ ചിരിവരുന്ന ഒരുപാട് കളികളുണ്ട് ലോകത്ത്. അവയിൽ ചിലത് ഇതാ

ഞാൻ എന്ന സ്പോർട്സ് ഭ്രാന്തൻ

1991 ൽ ആണെന്ന് തോന്നുന്നു ആദ്യമായി ക്രിക്കറ്റ് മത്സരങ്ങൾ കണ്ടു തുടങ്ങുന്നത്. ക്രമേണ കണ്ട മത്സരങ്ങളുടെ സ്കോർ ഷീറ്റുകൾ നോക്കുന്നത് ഹരമായി തുടങ്ങി. പിന്നെ പത്രം കിട്ടിയാൽ ആദ്യം നോക്കുന്നത് സ്പോർട്സ് പേജ് ആയി മാറി.

സച്ചിനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 9 കാര്യങ്ങള്‍

ക്രിക്കറ്റിന്റെ ദൈവമെത്ര സെഞ്ച്വറിയെടുത്തിടുണ്ട് എന്ന് ചോദിച്ചാല്‍ ഏതൊരു കൊച്ചുകുട്ടിയും ഏതൊരു പാതിരാത്രിയും ഉത്തരം പറയും. എന്നാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റാറെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത ചിലകാര്യങ്ങളുണ്ട്.