സൈമണ്‍ നടന്നു തീര്‍ത്ത വ്യത്യസ്ത വഴികളെക്കുറിച്ചാണ് ഞാന്‍ ആശ്ച്ചര്യപ്പെടാറുള്ളത്. പ്രവൃത്തിയിലും മനസ്സിലും കൂടാതെ സംസാരത്തിലും എന്തിനേറെ ജീവിതത്തില്‍ പോലും ഒരു നിഗൂഡത അവന് സൂക്ഷിച്ചു.
ചരിത്രം ഗവേഷക വിഷയമാക്കി ചരിത്രാവശിഷ്ടങ്ങള്‍ ഖനനം ചെയ്തെടുക്കുന്ന യുറോപ്യന്‍ കമ്പനിയുടെ തൊഴിലാളികളില്‍ ഒരാളായിരുന്നു സൈമണ്‍ . അതേ കമ്പനിയിലെ മറ്റൊരു ജീവനക്കാരനായിരുന്നു ഞാനും. ഇത്തവണ കാറ്റിനെ പ്രതിരോധിക്കാന്‍ പിരമിഡുകളില്ലാത്ത മരുഭൂമിയിലെ ഒരു പ്രാന്തപ്രദേശമായിരുന്നു ഖനനം ചെയ്യാന്‍ തിരഞ്ഞെടുത്തത്.
രേഖകളില്‍ ചരിത്ര മുറങ്ങുന്നുണ്ടെന്ന് സ്ഥിരീകരിച്ച ആ ഭാഗത്തെ വലിയൊരു പ്രദേശം തന്നെ വേലികെട്ടി തിരിച്ചിരുന്നു. യുറോപ്യക്കാരനായ ഉയര്‍ന്ന ഉദ്യോഗസ്ഥന് വേണ്ടി നിര്‍മ്മിച്ച നീന്തല്‍ക്കുളം ഇപ്പോള്‍ പിരാനകളെ വളര്‍ത്താനായിരുന്നു ഉപയോഗിച്ചത്.മനുഷ്യമാംസം ഇഷ്ടപ്പെടുന്ന മല്സ്യങ്ങളത്രേ പിരാനകള്‍. ഉദ്യോഗസ്ഥന്റെ വിചിത്രമായ വിനോദമായിരുന്നു പിരാനകളെ വളര്‍ത്തി ,ചില നേരങ്ങളില്‍ തന്റെ കൈത്തോക്കുകൊണ്ട് ഉന്നം വെച്ച മത്സ്യത്തെ കൊന്നിടുക.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരയാക്കപ്പെടുന്ന പിരാനകളുടെ ജഡത്തെ മണല്‍ കുഴിച്ചു മൂടുന്ന ഉത്തരവാദിത്വവും നീന്തല്‍ക്കുളത്തിലെ ജല മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും സൈമണായിരുന്നു. ഖനനം ചെയ്യുമ്പോള്‍ ,പ്രത്യേകമായി സജ്ജീകരിച്ച കല്ലറയില്‍ നിന്നും നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും തീരെ കേടു കൂടാത്തൊരു നീളം കൂടിയ അസ്ഥിക്കൂടത്തിനരികില്‍ നിന്നു പൊട്ടിച്ചിരിക്കുകയും ,അല്പ സമയങ്ങള്‍ക്കു ശേഷം പൊട്ടിക്കരയുകയും ചെയ്ത സൈമണി ന്റെ മനസ്സിലെ നിഘൂഡതകള്‍ എത്ര ആഴം കൂടിയവയായിരിക്കുമെന്നു എനിക്കപ്പോഴും നിശ്ചയമില്ലായിരുന്നു. നിയമപരമായി വിവാഹം കഴിച്ച ശ്രീലങ്കന്‍ യുവതിയോടൊപ്പം തന്നെ കാമുകിയായ എരിത്രിയന്‍ വനിതയെയും സൈമണ്‍ ഒരേ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത് എന്നത് ഏറെ വിചിത്രമായി തോന്നി.
ശൈത്യ കാലം വളരെവൈകി അവസാനിച്ചതിനാലും വേനലിന്റെ വരവും അതേ രീതി പിന്തുടര്ന്നതിനാലും അത്തവണ പൂത്ത ഈന്തപ്പനകളിലെ കായകള്‍ വളരെ ശുഷ്കിച്ചതായിരുന്നു. വെയിലിന്റെ മൂപ്പ് കുറഞ്ഞിട്ടും ഉഷ്ണം ക്രമീകരിച്ചിട്ടില്ലാത്ത ആ വൈകുന്നേരം തൊഴിലാളികള്‍ കൂട്ടമായി മാളങ്ങളിലേക്ക് കുടിയേറിയ നേരത്താണ് രാജകീയ പ്രൌഡിയോടെ പണിത ഒരു ശവക്കല്ലറയില്‍ വെച്ചു എരിത്രിയക്കാരിയായ കാമുകിയെ സൈമണ്‍ ഭോഗിച്ചത്. മേലുദ്ധ്യോഗസ്ഥന് എറിഞ്ഞു കൊടുക്കുന്ന പന്നിമാംസത്തിന്റെ അവശിഷ്ടങ്ങള്‍ കഴിച്ചു ആരോഗ്യദൃഡഗാത്രരായി നീന്തല്‍ക്കുളത്തില്‍ പുളഞ്ഞു കളിച്ചു .നാളേറെയായി ഉദ്യോഗസ്ഥ ന് പിരാനകളെ വെടിവെച്ചു കൊല്ലുകയോ കൊല്ലാന്‍ മറക്കുകയൊ ചെയ്തിരുന്നു. അ
സ്ഥിക്കൂടങ്ങളും ഇരുട്ടും സംവേദിക്കുന്ന ശവക്കല്ലറകളുടെ ദിശകള്‍ ആധുനിക ഉപകരണങ്ങളുടെ സഹായമില്ലാതെ സൈമണ്‍ തന്റെ മനസ്സിലെ നിഘൂഡതകളാല്‍ രേഖാ ചിത്ര വരച്ചിടുക പതിവായിരുന്നു. മരുഭൂമിയില്‍ വീണു തിളച്ചു വറ്റിപ്പോയ കൊടുംവെയിലിനു ആര്‍ദ്രത നഷ്ടപ്പെട്ടിരുന്നു.പിരാനകള്‍ കലഹം കൂടുമ്പോള്‍ തെറിക്കുന്ന അല ശിഖര ങ്ങളില്‍ ആര്‍ദ്രത നഷ്ടപ്പെട്ട വെയില് ആര്‍ത്തിയോടെ നക്കി. ”മനസ്സിലൊരു മുന്‍ വിധി സൂക്ഷിച്ചല്ല വേട്ടക്കു ഒരുങ്ങിയിറങ്ങുന്നത്,” അന്നാദ്യമായി സൈമണ്‍ എന്നോട് മനസ്സ് തുറക്കാനുള്ള തയ്യാറെടുപ്പിലാ ണെന്നു ഞാനറിഞ്ഞു. ‘
‘ഇരുട്ടിനെ ഭോഗിച്ച നിലാവിനൊരിക്കലും പകലിനെ വെല്ലാനാവില്ലെന്ന പോലെ ഭൂമിയുടെ ഉല്പത്തിക്കും മുമ്പേ സൂര്യനെ പേറി യിട്ടും ആകാശം കറുത്തു പോകാത്തത് പോലെ അമ്മയുടെ കണ്ണുകള്‍ ഒരിക്കലും തോരാതിരുന്നിട്ടും അവരുടെ കണ് തടങ്ങ ലില്‍ ഒരിക്കലും കറുപ്പ് ആധിപത്യം സ്ഥാപിച്ചത് ഞാന്‍ കണ്ടിട്ടില്ല. ” അവസാന വാക്കില്‍ സൈമണ്‍ അമ്മയെ ചേര്‍ത്തു നിര്‍ത്തിയതായിരുന്നു എന്റെ മനസ്സില്‍ അല്പം ആശ്വാസം നല്‍കിയത്.
ജീവിതത്തിലെ ഭൂതകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങള്‍ മനസ്സില്‍ നിന്നും ഖനനം ചെയ്തെടുക്കാന്‍ അനുവദിച്ചു ഞാന്‍ അവനോടോന്നുമുരിയാടാതെ ഇരുന്നു.പക്ഷേ അല്പ സമയത്തിനു ശേഷം അവന് നീന്തല്‍ ക്കുളത്തിന്റെ പടവുകളിറങ്ങി പോയപ്പോള്‍ ഞാനെന്റെ മാളം ലക്ഷ്യമാക്കി നടന്നു. ദൈര്‍ഘ്യമേറിയ പകല്‍ ഭൂമിയില്‍ നിന്നു തിരോഭവിക്കാനുള്ള വൈമനസ്യത്തോടെ സന്ധ്യയെ ചുംബിച്ചു.ഇനി പകലോന്റെ തിരിച്ചു വരവ് വരെ ഭൂമിയുടെ കാവല്‍ ഏറ്റെടുത്ത് രാത്രി കനം വെച്ചു കിടന്നു,. അപൂര്‍വ്വമായി ഉറക്കം കിട്ടാത്ത രാവുകള്‍ എന്നുമെനിക്ക് ഒരു ദുരന്തത്തിന്റെ മുന്നോടിയാകാറാണ് പതിവ്. നീന്തല്‍ക്കുളത്തില്‍ അംഗ ഭംഗം വരുത്തിയ സൈമണിന്റെ മൃത ദേഹത്തിനു ചുറ്റും അവന്റെ മനസ്സിലെ നിഘൂഡതകള്‍ പോലെ പിരാനകള്‍ വലയം ചെയ്തിരുന്നു.