ഖാലിദ്… നീയെവിടെയാണ്‌ ?

181

20

തണുപ്പുള്ള ഒരു പുലര്‍കാലം. അന്നാണ് ഞാന്‍ ആദ്യമായി അവനെ കാണുന്നത്. ഖാലിദ് റാസ എന്ന സുന്ദരനായ കശ്മീരിയെ. തോളില്‍ ഒരു ബാഗും ചുമന്ന് അവന്‍ എന്റെ മുന്നില്‍ വന്ന് പുഞ്ചിരിച്ചപ്പോള്‍ ആ കണ്ണുകളിലെ തിളക്കം അന്നേ ശ്രദ്ധിച്ചിരുന്നു. പിന്നീട് എപ്പോഴാണ് അവന്‍ എന്റെ ആത്മ മിത്രമായതെന്നു അറിയില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന് കേരളത്തെ പറ്റി പറഞ്ഞാല്‍ അവന്‍ കളിയാക്കുമായിരുന്നു. ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ അവന്റെ നാടിനെ പറ്റി പറയാന്‍ എന്നും നൂറു നാവായിരുന്നു അവന്. ബാരമുള്ള ജില്ലയിലെ ഉറി എന്ന മനോഹരമായ താഴ്വരയിലാണ് അവന്‍ ജനിച്ചതും വളര്‍ന്നതും. ഛലം നദിയുടെ തീരത്ത് അനുകരണീയമായ ഒരു സംസ്‌കൃതിയുടെ ഉടമകള്‍. അതിര്‍ത്തിയില്‍ നിന്നും പതിനെട്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള വിനോദ സഞ്ചാരികളുടെ പറുദീസ.

കാശ്മീര്‍ തീവ്രവാദത്തെ അസഹിഷ്ണുതയോടെ മാത്രം കണ്ടിരുന്ന എനിക്ക് പലപ്പോഴും അവനോട് തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം വര്‍ദ്ധിത വീര്യത്തോടെ അവന്‍ പറയും…

ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം, ഞങ്ങള്‍ ഒരിക്കലും ഇന്ത്യയുടെയോ പാകിസ്താനിന്റെയോ ഭാഗമല്ലായിരുന്നു. ഞങ്ങളെ തീവ്രവാദികള്‍ എന്ന് വിളിക്കരുത്, മതമല്ല ഞങ്ങളുടെ ദേശീയതയാണ്, സംസ്‌കൃതിയാണ് ഞങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത്. ഇത് ഞങ്ങളുടെ സ്വാതന്ത്ര്യ സമരമാണ്. ഞങ്ങളുടെ സ്വപ്നങ്ങളെ നിങ്ങള്‍ നിഷേധിക്കരുത്. ഭരണകൂടം എന്ത് മേല്‍വിലാസം തന്നാലും ചരിത്രകാരന്മാര്‍ ഞങ്ങളെ എന്ത് പേരിട്ട് വിളിച്ചാലും, മാധ്യമങ്ങള്‍ എന്ത് ഛര്‍ദിച്ചാലും അത് അപ്പാടെ വിഴുങ്ങുന്ന നിങ്ങള്‍ക്ക് മുമ്പില്‍ ഞങ്ങള്‍ എങ്ങനെ അവതരിപ്പിക്കപ്പെട്ടാലും …..

ഞാന്‍ ചോദിച്ചു.. അക്രമത്തിലൂടെ എന്ത് സ്വാതന്ത്ര്യം ആണ് നിങ്ങള്‍ കാംക്ഷിക്കുന്നത് ? ഇന്ത്യയില്‍ നിങ്ങള്‍ സ്വതന്ത്രരല്ലേ. ഈ പോരാട്ടത്തില്‍ നിരപരാധികളും ശിക്ഷിക്കപ്പെടില്ലേ.

അവന്‍ പൊട്ടിത്തെറിച്ച് കൊണ്ട് പറഞ്ഞു നിങ്ങളുടെ പട്ടാളം ഞങ്ങളെ വേട്ടയാടുകയാണ്. ഞങ്ങളെ തോക്കിന്‍ കുഴലില്‍ നിര്‍ത്തിയിട്ട് സ്ത്രീകളെ ഉപദ്രവിച്ചാല്‍ ഞങ്ങള്‍ പിന്നെ എന്താണ് ചെയ്യുക. ഞങ്ങള്‍ അവസാനം വരെ പോരാടും. ഇടക്ക് ജീവന്‍ നഷ്ടപ്പെടുന്നവര്‍ രക്ത സാക്ഷികളാണ്. നിങ്ങള്‍ അവരെ എന്ത് പേരിട്ട് വിളിച്ചാലും.

ഞാനോര്‍ത്തു ..ചരിത്രം എന്നും ഇരകള്‍ക്കും വേട്ടക്കാരനും രണ്ടാണല്ലോ.സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി രക്തസാക്ഷികള്‍ ആയ ഇന്ത്യക്കാര്‍ വെള്ളക്കാര്‍ക്ക് എന്നും കൊടും ഭീകരര്‍ ആയിരുന്നു.
എന്നിട്ടും നിങ്ങളുടെ പാതയെ അംഗീകരിക്കാന്‍ കഴിയുന്നില്ലല്ലോ ഖാലിദ്……

എന്താണ് നിന്റെ ലക്ഷ്യം ..ഞാന്‍ ചോദിച്ചു .

ഞങ്ങളുടെ നാട്ടില്‍ …ഉറിയില്‍ …വൃദ്ധരും ചെറുപ്പക്കാരും കുറവാണ്. കുട്ടികള്‍ ആണ് കൂടുതല്‍.അതിര്‍ത്തിയില്‍ താമസിക്കുന്ന ഞങ്ങളാണല്ലോ എല്ലാ യുദ്ധങ്ങളുടെയും ഇരകള്‍. ഈ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം, പുതിയ ഒരു തലമുറക്കായ്…. വെടിയൊച്ചകള്‍ക്കും നിലവിളികള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും നടുവില്‍ കഴിയുന്ന ഞങ്ങള്‍ക്ക് ജീവിതമുണ്ടെന്ന് അഹങ്കരിക്കാന്‍ ആകില്ല. സ്വപ്നം കാണാനുള്ള അവകാശവും ഇല്ല.

അവന്റെ കണ്ണുകള്‍ ചുവന്നിരുന്നു. ബന്ധുക്കള്‍ കുട്ടിക്കാലത്ത് നഷ്ടപ്പെട്ട അവന്റെ ഉള്ളില്‍ ഒരു നെരിപോട് എരിയുന്നത് എനിക്ക് കാണാമായിരുന്നു. എങ്കിലും ഞാന്‍ ആശ്വസിച്ചു,ആയുധം എടുക്കുമെന്ന് അവന്‍ പറഞ്ഞില്ലല്ലോ. എന്റെ നാട്ടിലെ സമാധാനവും ശാന്തിയും കണ്ടു വളര്‍ന്നത് കൊണ്ടായിരിക്കാം നിന്നെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്.

പഠനം പൂര്‍ത്തിയാക്കി അവന്‍ നാട്ടിലേക്ക് ട്രെയിന്‍ കയറുമ്പോള്‍ ഒരിക്കലും കരുതിയില്ല ഇത് അവസാന കൂടിക്കാഴ്ച ആകുമെന്ന്. ഒരുപാട് അന്വേഷിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. പത്രങ്ങളില്‍ ഉറിയുടെ വാര്‍ത്തകള്‍ വരുമ്പോള്‍ ഇന്നും ഒരു നെഞ്ചിടിപ്പോടെ ഞാന്‍ അവന്റെ പേര് തിരയാറുണ്ട്. പക്ഷെ അപ്പോഴും മനസ്സ് പറയാറുണ്ട് എന്നെങ്കിലും ഒരിക്കല്‍ ആ പഴയ പുഞ്ചിരിയുമായ് എന്റെ മുമ്പില്‍ അവന്‍ വന്ന് നില്‍ക്കും… പതിന്നാലു വര്‍ഷങ്ങള്‍ക്കിപ്പുറവും നടക്കാതെ പോയ സ്വപ്നങ്ങളുടെ നെരിപ്പോടുമായി.

എന്റെ നാട് തരുന്ന സ്‌നേഹത്തിന്റെ, സമാധാനത്തിന്റെ കുടക്കീഴില്‍ കഴിയുമ്പോഴും നീ ഒരു നോവായി എന്റെ ഓര്‍മകളില്‍ പടരാറുണ്ട്..
ഉറിയിലെ കുട്ടികള്‍ക്ക് ഇടയില്‍ ഒരു സ്വാന്തനമായി,ധൈര്യമായി ഇപ്പോഴും നീ ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം …പ്രിയ സഹോദരാ ….