ഖോല്‍ ദോ
സുപ്രസിദ്ധ ഉര്‍ദു സാഹിത്യകാരന് സാദത്ത് ഹസന് മന്‍ടോയുടെ ഖോല്‍ ദോ (തുറക്കൂ) എന്ന പ്രസിദ്ധമായ കഥയുടെ മലയാള വിവര്‍ത്തനമാണ് വിധിയുണ്ടെങ്കില്‍ നിങ്ങള്‍ വായിക്കാന്‍ പോകുന്നത്. 14 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ തന്നെ വിവര്‍ത്തനം നിര്‍വഹിച്ചതും 1997 മെയ് 31 ജൂണ്‍ 6 ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രത്യക്ഷപ്പെട്ടതുമാണിത്. മലയാളത്തിന്റെ മഹാനായ കഥാകാരന് ഒ.വി. വിജയന്റെ ‘പ്രവാചകന്റെ വഴി’യില്‍ സ്വാസ്ഥ്യം കെടുത്തുന്ന ഈ കഥയെകുറിച്ച് പരാമര്‍ശമുണ്ട്. ഉര്‍ദുവില്‍ നിന്ന് നേരിട്ടാണ് വിവര്‍ത്തനം.
118 total views
സാദത്ത് ഹസന് മന്‍ടോ
സുപ്രസിദ്ധ ഉര്‍ദു സാഹിത്യകാരന് സാദത്ത് ഹസന് മന്‍ടോ യുടെ ഖോല്‍ ദോ (തുറക്കൂ) എന്ന പ്രസിദ്ധമായ കഥയുടെ മലയാള വിവര്‍ത്തനമാണ് വിധിയുണ്ടെങ്കില്‍ നിങ്ങള്‍ വായിക്കാന്‍ പോകുന്നത്. 14 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ തന്നെ വിവര്‍ത്തനം നിര്‍വഹിച്ചതും 1997 മെയ് 31 ജൂണ്‍ 6 ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രത്യക്ഷപ്പെട്ടതുമാണിത്. മലയാളത്തിന്റെ മഹാനായ കഥാകാരന് ഒ.വി. വിജയന്റെ ‘പ്രവാചകന്റെ വഴി’യില്‍ സ്വാസ്ഥ്യം കെടുത്തുന്ന ഈ കഥയെകുറിച്ച് പരാമര്‍ശമുണ്ട്. ഉര്‍ദുവില്‍ നിന്ന് നേരിട്ടാണ് വിവര്‍ത്തനം.
പണ്ടു ചെയ്ത ‘പാപ’ങ്ങളുടെ സോഫ്റ്റ് കോപ്പി തയ്യാറാക്കാമെന്ന് വിചാരിച്ച് പുരാരേഖകളൊക്കെ ചെറിയ നിലക്കൊന്ന് തപ്പി. അത്ഭുതം! വളരെ കുറച്ചു മാത്രമേ കണ്ടെടുക്കാനായുള്ളു. പലതിനും ഇപ്പോള്‍ ഒരു പ്രസക്തിയുമില്ല. എന്നാല്‍, എന്നും പ്രസക്തമായ ‘ഖോല്‍ ദോ’ യും മറ്റു ചില കഥകളും വീണ്ടും ടൈപ്പ് ചെയ്ത് കയറ്റാന്‍ തീരുമാനിച്ചു. ആ പ്രോജക്ടിന്റെ ഭാഗമാണിത്. കഥ മലയാളീകരിച്ചപ്പോള്‍ തുറക്കൂ എന്നതിന് പകരം അഴിക്കൂ എന്നാക്കിയിട്ടുണ്ട്. ഗുട്ടന്‍സ് കഥയുടെ അവസാനത്തില്‍ പിടികിട്ടും.
14 വര്‍ഷത്തിനിടെ അത്രയും പ്രായം കൂടി എന്നല്ലാതെ അറിവില്‍ ഒരു വര്‍ധനവും എന്റെ കാര്യത്തിലുണ്ടായിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍. ഈ കഥയിലെ പല വാക്കുകളും മാറ്റണമെന്ന് തോന്നിയതാണ്, പക്ഷേ, തല പുകഞ്ഞതല്ലാതെ പകരം വയ്ക്കാവുന്ന ഒരു പദവും കണ്ടെത്താനായില്ല. കഥയുടെ പശ്ചാത്തലവും മറ്റും മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ ടോബാ ടേക് സിങ്: ഒരു സ്വാതന്ത്യ്രദിന സമാനം എന്ന പോസ്റ്റ് ന്റെ മുഖവുര വായിക്കുക.
ഖോല്‍ ദോ
അമൃത്സറില് നിന്ന് ഉച്ചക്ക് രണ്ട് മണിക്ക് പുറപ്പെട്ട സ്പെഷ്യല്‍ ട്രെയ്ന്‍ എട്ടു മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ലാഹോറിലെ മുഗല്‍പുര സ്റ്റേഷനിലെത്തി. കൂട്ടക്കരച്ചില്‍ കൊണ്ടും ചോരക്കാഴ്ചകള്‍ കൊണ്ടും സമൃദ്ധമായിരുന്ന യാത്ര അവസാനിച്ചപ്പോഴേക്കും നൂറിലധികം പേര് കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവര്‍ക്ക് കണക്കില്ല. സ്വന്തം ജീവന് രക്ഷിക്കാനുള്ള ശ്രമത്തില്‍ പലരും വഴിയിലെവിടെയൊക്കെയോ വെച്ച് കൂട്ടം തെറ്റി.
രാവിലെ പത്തുമണി. അഭയാര്‍ഥി ക്യാംപിലെ തണുത്ത തറയില്‍ കിടന്ന് സിറാജുദ്ദീന് കനം തൂങ്ങിയ കണ്പോളകള് പതുക്കെ തുറന്ന് ഇരു വശങ്ങളിലേക്കും നോക്കി. സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടവരും മോഹങ്ങള്‍ കരിഞ്ഞവരുമായ ഒരു കൂട്ടം മനുഷ്യരുടെ ഇടയിലാണ് താന്‍ കിടക്കുന്നതെന്നയാള്‍ക്ക് മനസ്സിലായി. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന ദുരിതങ്ങളുടെ സമുദ്രത്തലേക്ക് അയാള്‍ കണ്ണ് പായിച്ചു. അതോടെ ഓര്‍ത്തെടുക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനുമുള്ള അയാളുടെ കഴിവ് കൂടുതല്‍ ദുര്‍ബലമായി. ആയാസത്തോടെ എഴുന്നേറ്റിരുന്ന് മൂടിക്കെട്ടി നില്ക്കുന്ന ആകാശത്തേക്ക് നോക്കിയുള്ള ആ ഇരിപ്പ് കണ്ടാല്‍ അയാള്‍ ഏതോ ഗാഢമായ ചിന്തയില്‍ മുഴുകിയിരിക്കുകയാണെന്നേ തോന്നൂ. മനസ്സ് മരവിച്ച് കീഴ്ച്ചുണ്ട് കടിച്ചുപിടിച്ച് എത്ര നേരമാണയാള്‍ അവിടെയിരുന്നതെന്ന് നിശ്ചയമില്ല. അയാളുടെ മുഴുവന്‍ ശരീരവും ആ ചുണ്ടില്‍ കേന്ദ്രീകരിച്ച പോലെ. ചുറ്റുമുള്ളവരുടെ കരച്ചിലും അട്ടഹാസങ്ങളും സമനില തെറ്റിയവരുടെ എണ്ണിപ്പറച്ചിലുകളും വൃദ്ധന് കേട്ടതേയില്ല. ആകാശത്തേക്ക് വെറുതെ നോക്കിയിരിക്കെ കണ്ണുകള്‍ സൂര്യരശ്മികളുമായി ഉടക്കി. നിശിതമായ കിരണങ്ങള്‍ കണ്ണുകളെ തുളച്ച് തലച്ചോറില്‍ കയറിയപ്പോഴായിരിക്കണം അയാള്‍ ആലസ്യത്തില്‍ നിന്നുണര്‍ന്നത്.
അവ്യക്തമെങ്കിലും, ഭീകരമായ കുറേ ചിത്രങ്ങള്‍ തീരെ അടുക്കും ചിട്ടയുമില്ലാതെ അയാളുടെ മനസ്സിലൂടെ കടന്നു പോയി. കൊള്ള, തീ, സ്റ്റേഷന്, ഓട്ടം, വെടിയുണ്ട, രാവിന്റെ ഇരുള്, സകീന!
പെട്ടെന്ന് സിറാജുദ്ദീന് എഴുന്നേറ്റു. ചുറ്റും നോക്കി. പതുക്കെ ചോരയും ചലവും തളം കെട്ടി നിന്ന തറയിലൂടെ അയാള്‍ നടന്നു. ഇടക്കിടെ വിറയാര്‍ന്ന ശബ്ദത്തില്‍ വൃദ്ധന് വിളിച്ചു, ‘സകീനാ.. സകീനാ…!’
മുന്ന് മണിക്കൂര്‍ ആ ക്യാംപിലൂടെ സകീനാ എന്നുവിളിച്ച് പലചാല്‍ അയാള്‍ നടന്നു. യുവതിയായ ഏകമകളെക്കുറിച്ച് ഒരു വിവരം പോലും ലഭിച്ചില്ല. ചുറ്റും മനുഷ്യരുടെ പ്രവാഹം. എല്ലാവരും ആര്‍ക്കൊക്കെയോ വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. അമ്മ, ഭാര്യ, മകള്‍, അച്ഛന്…
സിറാജുദ്ദീന് അപ്പോഴേക്കും ക്ഷീണിച്ചിരുന്നു. അയാള്‍ ഒരു ഭാഗത്തിരുന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. സകീന! എപ്പോള്‍, എവിടെ വച്ചായിരുന്നു ഞങ്ങള്‍ പിരിഞ്ഞത്? മകളെപ്പറ്റി ചിന്തിച്ചു ചിന്തിച്ച് ഓര്‍മ്മ ഭാര്യയുടെ ചലനമറ്റ ശരീരത്തിനരികിലെത്തി. കണ്മുമ്പില് വച്ചായിരുന്നു അവള് അവസാന ശ്വാസം വലിച്ചത്, കുടല് പുറത്തുചാടി, രക്തം വാര്‍ന്ന് മരിക്കുന്നതിന് തൊട്ടു മുമ്പ് വിളറിയ കണ്ണുകളുയര്‍ത്തി, ക്ഷീണിച്ച സ്വരത്തില്‍ അവള് പറഞ്ഞത് വ്യക്തമായി ഓര്‍ക്കുന്നു. അന്നേരം സകീന എവിടെപ്പോയിരുന്നു? ഹോ, ഒന്നും ഓര്‍ക്കാനാവുന്നില്ല. അവളെപ്പറ്റിയായിരുന്നല്ലോ ഭാര്യ അവസാനം തന്നോട് സംസാരിച്ചത്, “എന്നെക്കുറിച്ച് ഇനി ചിന്തിക്കേണ്ട, സകീനയെയും കൂട്ടി വേഗം ഇവിടന്ന് പൊയ്ക്കൊള്ളൂ. ഏതെങ്കിലും നല്ല സ്ഥലത്തേക്ക്…”
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സകീന അയാളുടെ കൂടെത്തന്നെയുണ്ടായിരുന്നു. നഗ്നപാദരായി ഓടുകയായിരുന്നു ഇരുവരും. ഓട്ടത്തില്‍ സകീനയുടെ തട്ടം നിലത്തു വീണു. അതെടുക്കാന്‍ വേണ്ടി അയാള്‍ നിന്നു. അവള് വിളിച്ചു പറയുന്നുണ്ടായിരുന്നു, “ഉപ്പാ വേണ്ട, അതെടുക്കേണ്ട” അപ്പോഴേക്കും അയാള്‍ അത് കുനിഞ്ഞെടുത്തു കഴിഞ്ഞിരുന്നു. സിറാജുദ്ദീന് വീര്‍ത്ത് നില്ക്കുന്ന കോട്ടിന്റെ കീശയിലേക്ക് നോക്കി. കൈ കടത്തി ഒരു തുണി പുറത്തെടുത്തു സകീനിയുടെ തട്ടം. പക്ഷേ, അവളെവിടെ?
സിറാജുദ്ദീന് ഒന്നുകൂടി ഓര്‍മകളില്‍ ചികഞ്ഞു. അവള് സ്റ്റേഷനില്‍ തന്റെ കൂടെ ഉണ്ടായിരുന്നോ? വണ്ടിയില്‍ കയറിയിരുന്നോ? കലാപകാരികള്‍ വണ്ടിയില്‍ കയറിയിരുന്നു. വൃദ്ധനും പരിക്ഷീണനുമായിരുന്ന അയാള്‍, എപ്പോഴാണെന്നറിയില്ല, ബോധരഹിതനായിക്കഴിഞ്ഞിരുന്നു. ആ സമയത്ത് സകീനയെ അവര്‍ അപഹരിച്ചതാകുമോ?
സിറാജുദ്ദീന്റെ തലക്കകത്ത് സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും കൂടിക്കലര്‍ന്ന് ഉത്തരങ്ങളില്ലാത്ത നൂറുകൂട്ടം ചോദ്യങ്ങളെ സൃഷ്ടിച്ചെടുത്തു. അയാള്‍ക്ക് വേണ്ടത് സഹാനുഭൂതിയാണ്. എന്നാല്‍, ചുറ്റുമുള്ളവരെല്ലാം അത്തരമൊരവസ്ഥയില്‍ തന്നെയായിരുന്നു; ഒരു പക്ഷേ, അയാളെക്കാള്‍ കൂടുതല്‍. അയാള്‍ കരയാനാഗ്രഹിച്ചു. കണ്ണുകള്‍ സഹായത്തിനെത്തിയില്ല. കണ്ണുനീര് എങ്ങോട്ടു വലിഞ്ഞോ ആവോ.
ആറ് ദിവസങ്ങള്‍ കഴിഞ്ഞു. മനസ്സ് ഒരു വിധം ശാന്തമായി. തന്നെ സഹായിക്കാന്‍ തയ്യാറായ ഒരു സംഘത്തെ സിറാജുദ്ദീന് അന്ന് കണ്ടുമുട്ടി. എട്ടു ചെറുപ്പക്കാര്‍, അവര്‍ക്ക് ലോറിയുണ്ടായിരുന്നു, കയ്യില്‍ തോക്കുകളുണ്ടായിരുന്നു. സിറാജുദ്ദീന് അവര്‍ക്കു വേണ്ടി ആയിരം പ്രാര്‍ഥനാ മന്ത്രങ്ങളുരുവിട്ടു. സകീനയെ കണ്ടുപിടിക്കാനുള്ള അടയാളങ്ങള്‍ പറഞ്ഞു കൊടുത്തു. വെളുത്ത നിറം, വളരെ വളരെ സുന്ദരി, എന്നെപ്പോലെയല്ല, അവളുടെ ഉമ്മയെപ്പോലെ. പതിനേഴിനോടടുത്ത് പ്രായം, വലിയ കണ്ണുകള്‍, വലതു കവിളില്‍ ഒരു കറുത്ത പുള്ളി, എന്റെ ഒരേയൊരു മോളാണവള്‍. പോയി വരിന് മക്കളേ. പടച്ചോന് നന്മവരുത്തും.
ആ നല്ല ചെറുപ്പക്കാര്‍ അയാള്‍ക്ക് എല്ലാ സഹായവും ഉറപ്പു നല്കി, “നിങ്ങളുടെ മോള് ഈ ലോകത്തെവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഉള്ളേടത്ത് പോയി തെരഞ്ഞു പിടിച്ച് അവളെ ഞങ്ങള്‍ നിങ്ങളുടെ മുമ്പിലെത്തിച്ചിരിക്കും.”
എട്ടുപേരും തെരച്ചിലാരംഭിച്ചു. ജീവന് പണയം വെച്ചാണ് അമൃത്സര്‍ വരെ അവര്‍ പോയത്. നിരവധി സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും കണ്ടെത്തി അവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിച്ചു. എന്നാല്‍ പത്തു ദിവസത്തെ തെരച്ചിലില്‍ സകീനയെ മാത്രം കണ്ടെത്താനായില്ല. ഇനിയവളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷ തന്നെ അവര്‍ കൈവിട്ടിരുന്നു.
ഒരു ദിവസം തങ്ങളുടെ ദൌത്യനിര്‍വഹണത്തിനായി ലാഹോറില്‍ നിന്ന് ലോറിയില്‍ അമൃത്സറിലേക്ക് പോവുകയായിരുന്നു ചെറുപ്പക്കാര്‍. ഛേഹര്‍ട്ടക്കടുത്ത് അവര്‍ ഒരു പെണ്‍കുട്ടിയെ കണ്ടു. ലോറിയുടെ ശബ്ദം കേട്ടതും അവള് എഴുന്നേറ്റോടാന്‍ തുടങ്ങി. വണ്ടി നിര്‍ത്തിയിട്ട് ചെറുപ്പക്കാരെല്ലാം അവളുടെ പിറകെയും. വയലില്‍ വെച്ച് അവര്‍ അവളെ പിടികൂടി. അവള് വളരെ വളരെ സുന്ദരിയായിരുന്നു. അവളുടെ വലതു കവിളില്‍ കറുത്ത വലിയൊരു പുള്ളിയുണ്ടായിരുന്നു.
“പേടിക്കേണ്ട” അവരിലൊരാള്‍ സമാശ്വസിപ്പിച്ചു “സകീനയെന്നാണോ പേര്?”
അവളുടെ മുഖം കൂടുതല്‍ ചുവന്നു. മറുപടിയായി ഒരക്ഷരമുരിയാടാതെ ചെറുപ്പക്കാരന്റെ കണ്ണുകളിലേക്കവള്‍ തുറിച്ചു നോക്കി. എല്ലാവരും ചേര്‍ന്നവളെ സമാശ്വസിപ്പിച്ചു. അവര്‍ സിറാജുദ്ദീനെ കണ്ട കാര്യം പറഞ്ഞു, അയാള്‍ക്ക് നല്കിയ വാഗ്ദാനത്തെയും തങ്ങള്‍ നടത്തിയ സാഹസികമായ തെരച്ചിലിനെയും പറ്റി പറഞ്ഞു. അവസാനം താന്‍ സിറാജുദ്ദീന്റെ മകള്‍ സകീനയാണെന്ന് അവള് സമ്മതിച്ചു.
എട്ടു ചെറുപ്പക്കാരും മത്സരിച്ചാണ് അവളുടെ പരിചരണത്തില്‍ ശ്രദ്ധിച്ചത്. അവര്‍ അവളെ ഭക്ഷണം കഴിപ്പിച്ചു, പാല് കുടിപ്പിച്ചു, പിന്നെ ലോറിയില്‍ കയറ്റിയിരുത്തി. ഇതിന് മുമ്പെങ്ങും അവള് മാറത്ത് തട്ടമിടാതെ പുറത്തിറങ്ങിയിട്ടില്ല. കൈ മാറത്ത് വെച്ചു കൊണ്ടുള്ള നിറുത്തം അവളുടെ നാണം വര്‍ധിപ്പിച്ചതേയുള്ളൂ. ചെറുപ്പക്കാരിലൊരാള്‍ കോട്ടൂരി സക്കീനക്കു നീട്ടി.
ചെറുപ്പക്കാരെ യാത്രയാക്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സിറാജുദ്ദീന് മകളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പകല്‍ മുഴുവന്‍ അഭയാര്‍ഥി ക്യാംപുകളിലും ഓഫീസുകളിലും കയറിയിറങ്ങി. ആര്‍ക്കും അയാളുടെ മകളെക്കുറിച്ച് ഒരു വിവരവും നല്‍കാനായില്ല. രാത്രി മുഴുവന്‍ ജീവന് പണയം വെച്ച് തന്റെ മകളെ തെരഞ്ഞുപോയ ചെറുപ്പക്കാര്‍ക്കു വേണ്ടി അയാള്‍ പ്രാര്‍ഥിച്ചു. സകീന ദുനിയാവിന്റെ കോണിലെവിയുണ്ടെങ്കിലുമുണ്ടെങ്കില്‍ തെരഞ്ഞു പിടിച്ച് കൊണ്ടു വരുമെന്ന് അവര്‍ വാക്കു നല്‍കിയുട്ടണ്ടല്ലോ.
ക്യാംപിന്റെ മുമ്പിലിരിക്കുകയായിരുന്ന സിറാജുദ്ദീന് ഒരു ദിവസം ആ ചെറുപ്പക്കാരെ കണ്ടു. ലോറിയിലിരുന്ന് പൊട്ടിച്ചിരിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്നുണ്ടായിരുന്നു അവര്‍. സിറാജുദ്ദീന് ഓടി അവര്‍ക്കരികിലെത്തി. അവരിലൊരാളോടയാള്‍ ഉറക്കെ വിളിച്ചു ചോദിച്ചു, “മോനേ, ന്റെ മോളെവിടെ? ന്റെ സകീനയെക്കുറിച്ച് വല്ല വിവരോം കിട്ട്യോ? ”
“ഉടനെ കണ്ടുപിടിക്കും അമ്മാവാ, ഉടനെ…”
“വണ്ടി വിട്… വണ്ടി വിട്…” ചെറുപ്പക്കാര്‍ ഒറ്റ സ്വരത്തില്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്കി. ലോറി കണ്മുമ്പില് നിന്ന് മറയുന്നതു വരെ അയാള്‍ അവിടെത്തന്നെ നിന്നു. ചെറുപ്പക്കാര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട് അയാള്‍ അവിടെ നിന്ന് പോന്നു.
വീണ്ടും രണ്ടു ദിവസങ്ങള്‍ കൂടി.
ക്യാംപില്‍ അസ്തമയ സൂര്യനെ നോക്കിയിരിക്കുകയായിരുന്നു സിറാജുദ്ദീന്. കുറച്ചകലെ ബഹളം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി. നാലഞ്ചു പേര് എന്തോ പൊക്കിയെടുത്തു കൊണ്ടു വരുന്നു. റെയ്ല് പാളത്തിനടുത്ത് ബോധരഹിതയായിക്കിടക്കുന്ന പെണ്‍കുട്ടിയെ ജനങ്ങള്‍ പൊക്കിയെടുത്തു വരികയാണെന്ന് അന്വേഷണത്തില്‍ മനസ്സിലായി. സിറാജുദ്ദീന്റെ മനസ്സില്‍ മകളെക്കുറിച്ചുള്ള ഓര്‍മ്മ തികട്ടി വന്നു. അയാള്‍ അവര്‍ക്ക് പിറകെ പതുങ്ങി നടന്നു. പെണ്‍കുട്ടിയെ ക്യാംപിനകത്തെ ആശുപത്രിയിലാക്കി അവര്‍ തിരിച്ചു പോയി. അയാള്‍ ആശുപത്രിക്കടുത്ത് നാട്ടിയ മരക്കാലില്‍ ചാരി കുറേ നേരം നിന്നു. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പതുക്കെ ആ മുറിയില്‍ കയറി. അവിടെ ആരുമുണ്ടായിരുന്നില്ല. സ്ട്രച്ചറില്‍ അനക്കമില്ലാത്ത ഒരു ജഢം മാത്രം. അറച്ചറച്ചയാള്‍ അതിനടുത്തെത്തി. പെട്ടെന്ന് മുറിയില്‍ പ്രകാശം പരന്നു. സിറാജുദ്ദീന് സ്ട്രച്ചറില്‍ കിടക്കുന്ന രൂപത്തിലേക്ക് നോക്കി. അരുണിമയാര്‍ന്ന വലതു കവിളില്‍ കറുത്ത പുള്ളി. അയാള്‍ ഉറക്കെ വിളിച്ചു, “സകീനാ..!”
“എന്താണ് നിങ്ങള്‍ക്ക് വേണ്ടത്?” ലൈറ്റ് ഓണ്‍ചെയ്ത് മുറിയില്‍ പ്രവേശിച്ച ഡോക്ടര്‍ ചോദിച്ചു.
“അതേ, അതേ.. ഞാന്‍ ഇവളുടെ ബാപ്പയാണ്.”
ഡോക്ടര്‍ സ്ട്രച്ചറില്‍ കിടന്ന ജഢത്തെ നോക്കി.
“ആ ജനലിന്റെ കൊളുത്തൊന്നഴിക്കൂ”, മിഴിച്ചു നില്ക്കുന്ന സിറാജുദ്ദീനെ നോക്കി ഡോക്ടര്‍ സ്വരമുയര്‍ത്തി, “അതേ, വെളിച്ചം വരട്ടെ, അതൊന്നഴിക്കൂ”
അവസാനത്തെ വാക്ക് ഡോക്ടറുടെ നാക്കില്‍ നിന്ന് പുറത്തു വന്നതും സകീനയുടെ ശരീരത്തില്‍ അനക്കമുണ്ടായി. അനിച്ഛാ പ്രേരണയില്‍ അവളുടെ കൈകള്‍, ചരടഴിച്ച് തുടകള്‍ നഗ്നമാക്കി ഷെല്‍വാര്‍ താഴെയിറക്കി.
സിറാജുദ്ദീന് തുള്ളിച്ചാടി. അയാള്‍ കഴിയാവുന്നത്ര ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, “ജീവനുണ്ട്.. ന്റെ മോള്‍ക്ക് ജീവനുണ്ട്.”
ഡോക്ടര്‍ അടിമുടി വിയര്‍പ്പില്‍ മുങ്ങി.
ഈ കഥ ഇവിടെയും വായിക്കാം.
വായിച്ചതിനു ശേഷം ഈ കഥ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുതേ.
119 total views, 1 views today
