ഗജവീരന്‍ പുല്‍പ്പള്ളി കേശവന്‍റെ ചില അഭിപ്രായങ്ങള്‍ – (കഥ)

295


(ഈ കഥയ്ക്ക് ഒരല്‍പ്പം നീളക്കൂടുതലുണ്ട്. ദയവായി ക്ഷമിയ്ക്കുക.)

ആനകള്‍ക്ക് പരമ്പരാഗതമായി കേരളത്തിലെ സാമൂഹ്യജീവിതവുമായി അഭേദ്യബന്ധമുണ്ട്. ഉത്സവങ്ങള്‍ക്കു മിഴിവേകുന്നത് നെറ്റിപ്പട്ടം കെട്ടി വര്‍ണക്കുടയും ആലവട്ടവും വെഞ്ചാമരവുമായി നിരന്നു നില്‍ക്കുന്ന ഗജവീരന്‍മാരാണ്. എന്നാല്‍ ആനകള്‍ അതിശയകരമായ ബുദ്ധിശക്തിയും ക്ഷമാശക്തിയും പ്രകടിപ്പിയ്ക്കുന്നത് തടിപിടുത്തരംഗത്താണ്. ഭീമാകാരമായ തടികള്‍ പൊക്കിയും വലിച്ചും മനുഷ്യന്‍ ചൂണ്ടിക്കാട്ടി കൊടുക്കുന്നിടത്തു അനുസരണയോടെ കൊണ്ടുവന്നു വച്ചു കൊടുക്കുന്ന ആനകളെ ഒട്ടൊരത്ഭുതത്തോടെയാണ് ഞാന്‍ നോക്കിക്കാണാറ്. അവരവരുടെ ശക്തി മുഴുവന്‍ ദുര്‍ബ്ബലരായ മനുഷ്യര്‍ക്കു വേണ്ടി ഇത്രയധികം ഉപയോഗിയ്ക്കുന്ന ആനകളേക്കാള്‍ മനുഷ്യര്‍ക്കുപയുക്തമായിട്ടുള്ള മൃഗങ്ങള്‍ വേറെയുണ്ടാവില്ല.

പക്ഷേ പലപ്പോഴും ഈ ഉപകാരസ്മരണയൊന്നും ആനകളുടെ നേരേ മനുഷ്യര്‍ കാട്ടാറില്ല. തരം കിട്ടുമ്പോഴൊക്കെ ആനകളെ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ദ്രോഹിയ്ക്കാറുമുണ്ട്. പത്രങ്ങളില്‍ ഇടയ്ക്കിടെ വരുന്ന വാര്‍ത്തകള്‍ ഇതിനുള്ള തെളിവാണ്. പീഡനങ്ങള്‍ സഹിയ്ക്കാന്‍ പറ്റാതെ വരുമ്പോള്‍ അവ തിരിഞ്ഞുനിന്ന് എതിരിടുന്നു. അതോടെ പീഡനങ്ങള്‍ മൂര്‍ദ്ധന്യത്തിലെത്തുന്നു. അടി, തോട്ടികൊണ്ട് കൊളുത്തിവലിയ്ക്കല്‍, കല്ലേറ്, മയക്കുമരുന്നുവെടി, പിന്നെ ശരിയായ വെടി….ശിക്ഷണനടപടികള്‍ അങ്ങനെ നീണ്ടു പോകുന്നു. ഒരിറ്റു ദയ കിട്ടുന്നത് അത്യപൂര്‍വം.

ആനകളെ ഭയമാണെങ്കിലും അവരോടു തന്നെയാണ് എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ളതും.

അങ്ങനെയിരിക്കെ എന്‍റെ അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് തിടമ്പേറ്റാന്‍ വന്നത് ‘പുല്‍പ്പള്ളി കേശവന്‍’ എന്ന അതിസുന്ദരനായൊരു ഗജവീരനായിരുന്നു. സുരക്ഷിതമായ അകലത്തു നിന്നുകൊണ്ട് ആനകളുടെ ഗാംഭീര്യമാസ്വദിയ്ക്കുക എന്‍റെ പതിവാണ്. ഞാന്‍ ചെല്ലുമ്പോള്‍ ഉച്ചയൂണു കഴിഞ്ഞ് കേശവനും പാപ്പാന്‍മാരും വിശ്രമിയ്ക്കുകയായിരുന്നു. കേശവനെത്തന്നെ നോക്കിക്കൊണ്ടിരിയ്‌ക്കുമ്പോള്‍ എനിയ്ക്കെങ്ങനെയോ തോന്നി, അവന് ആശയവിനിമയത്തില്‍ പ്രാവീണ്യമുണ്ടെന്ന്. ഭാഗ്യത്തിന് ആ തോന്നല്‍ ശരിയുമായി. അതൊരു പുതിയ അറിവായിരുന്നു. ഉള്ളില്‍ ഭയമുണ്ടായിരുന്നെങ്കിലും ശാന്തഗംഭീരനായ ആനയായതു കൊണ്ട് ഒന്നു സംസാരിയ്ക്കാന്‍ ശ്രമിച്ചു നോക്കിക്കളയാം എന്നു തന്നെ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച നടന്നത്. അതൊരു സുദീര്‍ഘമായ സംഭാഷണത്തിലാണവസാനിച്ചത്.

ബീഹാറില്‍ ജനിച്ചതു കൊണ്ട് അവന്‍ ഹിന്ദി ഭാഷയിലാണ് കാര്യങ്ങള്‍ മനസ്സിലാക്കിപ്പോന്നിരുന്നത്. കേരളത്തില്‍ വന്നതോടെ ഹിന്ദി ഭാഷയുമായുണ്ടായിരുന്ന ‘ടച്ച്’ പോയി. അതു സാരമില്ലെന്നു വയ്ക്കാം. പക്ഷേ, മലയാളവുമായുള്ള ‘ടച്ച്’ ആയി വരുന്നതേയുള്ളു താനും. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ നടന്ന സംവാദത്തില്‍ ആംഗ്യവിക്ഷേപങ്ങളും മുക്കലും മുരളലും വളരെ വലിയൊരു പങ്കു വഹിച്ചു. എന്നിരുന്നാലും ആശയവിനിമയം ഒരുവിധം വ്യക്തമായിത്തന്നെ നടന്നു എന്നാണെന്‍റെ വിശ്വാസം. ആ ചര്‍ച്ചയിലൂടെ എനിയ്ക്കു മനസ്സിലാക്കിയെടുക്കാന്‍ കഴിഞ്ഞ കാര്യങ്ങളാണ് താഴെ കൊടുക്കുന്നത്.

കേശവന്‍ പൊതുവേ തൃപ്തനാണ്. എങ്കിലും ചില കാര്യങ്ങളെപ്പറ്റി അവന് വ്യക്തമായ അഭിപ്രായങ്ങളുണ്ട്. ഒരു കാര്യം കേശവന്‍ തറപ്പിച്ചു തന്നെ പറഞ്ഞു: ക്രൂരത ഒട്ടും പാടില്ല. ചില പാപ്പാന്മാര്‍ നിഷ്ഠുരരാണ്. അഹിംസയില്‍ അടിയുറച്ചു വിശ്വസിയ്ക്കുന്നവരെ മാത്രമേ പാപ്പാന്മാരായി നിയമിയ്ക്കാവൂ: കേശവന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞ കാര്യമാണിത്‌. പാപ്പാന്മാരാണ് കുഴപ്പക്കാര്‍ . അവര്‍ നല്ലവരാണെങ്കില്‍ ആനകള്‍ എല്ലാത്തരത്തിലും മനുഷ്യരുടെ ഏറ്റവും ‘വലിയ’ സുഹൃത്തുക്കള്‍ തന്നെയായിരിയ്ക്കും, അവനക്കാര്യത്തില്‍ സംശയമേയില്ല. തീറ്റ പ്രധാനം തന്നെ, പക്ഷേ അതിലേറെ പ്രധാനം സ്നേഹമാണ്. അവന്‍റെ ഇപ്പോഴത്തെ പാപ്പാന്‍ ഒരു മാതൃകയാണ്. ‘മോനേ’ എന്നും ‘മോനേ കേശവാ’ എന്നും മാത്രമേ രാമന്നായര്‍ വിളിയ്ക്കൂ. ഇടയ്ക്കിടെ സ്നേഹമസൃണമായി തഴുകുകയും ചെയ്യും. അപ്പോള്‍ത്തന്നെ വയറു നിറയും. രാമന്നായരുമായുള്ള ആശയവിനിമയത്തിന് ഭാഷയിലുള്ള പ്രാവിണ്യക്കുറവ് ഒരിയ്ക്കലുമൊരു തടസ്സമായിട്ടില്ല. രാമന്നായര്‍ പറയുന്നത് കേശവനും കേശവന്‍റെ ആശയങ്ങള്‍ രാമന്നായര്‍ക്കും അസ്സലായി മനസ്സിലാകാറുണ്ട്. വാത്സല്യവും സ്നേഹവുമുണ്ടെങ്കില്‍ ഭാഷയൊരു പ്രശ്നമാവില്ലെന്നാണ് കേശവന്‍റെ അനുഭവം.

രണ്ടു മൂന്നു കാര്യങ്ങള്‍ അത്യാവശ്യമായി ചെയ്യേണ്ടതുണ്ട്, കേശവന്‍ പറഞ്ഞു. ചെവിയ്ക്കുള്ളില്‍ തോട്ടിയുടെ കൊളുത്തിട്ടു വലിയ്ക്കുന്നത് ചില പാപ്പാന്മാരുടെ പതിവാണ്. എന്തിനും ഏതിനും അവരത് പ്രയോഗിയ്ക്കും. അത്തരമൊരു പാപ്പാന്‍ അവന് മുമ്പൊരിയ്ക്കലുണ്ടായിരുന്നു. ഭാഗ്യത്തിന് അധികക്കാലം അയാളുടെ കീഴില്‍ ജീവിയ്‌ക്കേണ്ടി വന്നില്ല. ആദ്യം ചെയ്യേണ്ടത്‌ തോട്ടിയുടെ അറ്റത്തുള്ള കൊളുത്ത് ഊരിക്കളയുകയാണ്. കൊളുത്തുള്ള തോട്ടി ഉപയോഗിയ്ക്കുന്നത് ശിക്ഷാര്‍ഹമാക്കുകയും വേണം.

രാമന്നായര്‍ തോട്ടി കൈ കൊണ്ടു തൊടാറേയില്ല.

ചില പാപ്പാന്മാര്‍ വടി കൊണ്ടടിയ്ക്കുന്നത് കാല്‍നഖങ്ങളിലാണ്. നഖത്തിനടി കൊള്ളുമ്പോള്‍ പ്രാണന്‍ പോകുന്ന വേദനയാണുണ്ടാവുക. നഖത്തിനടി പാടില്ല. അടിച്ചേ തീരൂവെങ്കില്‍ പുറകു വശത്തു മാത്രമേ പാടുള്ളൂ. വാലിന്‍റെ ഇരുവശത്തുമാകാം. അതും പൊടി തട്ടിക്കളയുന്ന തരത്തില്‍ മാത്രമായാല്‍ അത്രയും നന്ന്. തലങ്ങും വിലങ്ങും തല്ലുന്ന മനുഷ്യപ്പോലീസുമുറ തീരെ ശരിയാവില്ല, കേശവന്‍ പറഞ്ഞു.

വാസ്തവത്തില്‍ തല്ലേണ്ട ആവശ്യം തന്നെ കേശവന്‍ കാണുന്നില്ല. പാപ്പാനും ആനയും തമ്മിലുള്ള ആശയവിനിമയത്തില്‍ അപ്പപ്പോഴുണ്ടാകുന്ന പോരായ്മകളാണ് തല്ലില്‍ കലാശിയ്ക്കുന്നത്. മലയാളം മാത്രമറിയുന്ന ഒരാള്‍ ഹിന്ദി മാത്രമറിയുന്നയാളോടു മലയാളത്തില്‍ സംസാരിച്ചാല്‍ എങ്ങനിരിയ്ക്കും? മനസ്സിലാക്കേണ്ടത്‌ മനസ്സിലായിട്ടുണ്ടാവില്ല, മനസ്സിലാക്കാന്‍ പാടില്ലാത്തത് മനസ്സിലാക്കിപ്പോയിട്ടുമുണ്ടാകും. തല്ലുറപ്പ്! കുറ്റം ആരുടേത്?

ഹിന്ദിയായാലും മലയാളമായാലും ആനകള്‍ക്കൊരു ഭാഷയുണ്ട്, കേശവന്‍ പറഞ്ഞു. അതു മനസ്സിലാക്കുന്നവരെ മാത്രമേ പാപ്പാന്മാരായി നിയമിയ്ക്കാവൂ. പ്രശ്നങ്ങള്‍ ഒരു പരിധിവരെ അതോടെ തീരും.

ഒരു കാര്യം കൂടി കേശവന്‍ പറഞ്ഞു. പാപ്പാന്മാര്‍ അവരവര്‍ക്കറിയാവുന്ന ഭാഷയിലാണെങ്കില്‍പ്പോലും വ്യക്തമായി ആശയങ്ങള്‍ പ്രകടിപ്പിയ്ക്കാന്‍ കഴിയുന്ന സ്ഥിതിയിലായിരിയ്ക്കണം‍. പറയുന്നതെന്തെന്നു പാപ്പാന്മാര്‍ക്കുതന്നെ മനസ്സിലാവാത്ത “പരുവ”ത്തില്‍ ആനകളെങ്ങനെയാ മനസ്സിലാക്കുക? എന്നിട്ടും മിയ്ക്ക ആനകളും പാപ്പാന്മാരുടെ “സ്ഥിതി” മനസ്സിലാക്കി അങ്ങേയറ്റം സഹകരിയ്ക്കാറുണ്ട്. പാപ്പാന്മാരുടെ ഇടയില്‍ പലപ്പോഴും കണ്ടു വരുന്ന അമിതമായ മദ്യപാനാസക്തിയെപ്പറ്റിയാണ് കേശവന്‍ വിവക്ഷിച്ചത് എന്നെനിയ്ക്കെളുപ്പം മനസ്സിലായി. ഇത്തരം വാര്‍ത്തകള്‍ പത്രത്തില്‍ ഇടയ്ക്കിടെ കാണാറുള്ളതു കൊണ്ട് ഞാനത് ഉടന്‍ തന്നെ ശരി വയ്ക്കുകയും ചെയ്തു.

ആനയ്ക്കുമുണ്ട് ചില മൌലികാവകാശങ്ങള്‍ : കേശവന്‍ പറഞ്ഞതു കേട്ട് എനിയ്ക്കതിശയമായി. ആനയ്ക്കു മൌലികാവകാശങ്ങളോ? നല്ല നനുത്ത മണ്ണു കണ്ടാല്‍ , കേശവന് ഒരുതരം തരിപ്പനുഭവപ്പെടും, ആ മണ്ണിലൊന്നു കുളിയ്ക്കാന്‍‍ . തുമ്പിക്കൈയില്‍ മണ്ണു കോരിയെടുത്ത് പുറത്ത് തൂവിയങ്ങനെ മതിമറന്നു നില്‍ക്കാന്‍ കൊതിയ്ക്കാത്ത ആനയുണ്ടാവില്ല. ഇത് ആനകളുടെ മൌലികാവകാശമാണ്. അതിനുള്ള സൌകര്യം ഉണ്ടാക്കിക്കൊടുത്തേ തീരു: അതു കര്‍ക്കശമായിപ്പറയുന്നതിന്നിടെ കേശവന്‍ തുമ്പിക്കൈ കൊണ്ട് ഒരു പിടി മണ്ണു വാരിയതുമാണ്. ‘മോനേ കേശവാ, വേണ്ടാ’ എന്നു പാപ്പാന്‍ രാമന്നായര്‍ വിലക്കിയതു കൊണ്ടു മാത്രമാണ് പുറത്തു തൂവാതെ നിലത്തു തന്നെയിട്ടത്‌ .

അക്കാര്യം കേശവന്‍ അല്‍പ്പംകൂടി വിശദീകരിച്ചു തന്നു. “തിളയ്ക്കുന്ന വെയിലത്ത്‌ റോഡിലൂടെ ബഹുദൂരം നടന്നു പോകുമ്പോള്‍ പലപ്പോഴും ഞങ്ങളുടെ പുറം പൊള്ളിപ്പോകാറുണ്ട് എന്ന പരമാര്‍ത്ഥം മനുഷ്യര്‍ മനസ്സിലാക്കാറേയില്ല. ആനയുടെ തോലിനു നല്ല കട്ടിയാണ്, എന്നാണ് നിങ്ങള്‍ കരുതുക. കട്ടിയുണ്ടെന്നതു ശരിതന്നെ. എങ്കിലും പുറം പൊള്ളുന്നുവെന്നതാണു വാസ്തവം. അതു കൊണ്ടു കൂടിയാണ് ഞങ്ങള്‍ മണ്ണു വാരി പുറത്തു തൂവുന്നത്. അതോടെ വെയിലിന്‍റെ ചൂട്‌ കാര്യമായി ബാധിയ്ക്കുന്നില്ല.” കേശവന്‍ ഇതു കൂടി പറഞ്ഞു: മണ്ണില്‍ കുളിച്ച ആന റോഡിലൂടെ നടന്നു പോകുമ്പോള്‍ ഇവന്‍ കുഴപ്പക്കാരനാണ് എന്ന തോന്നല്‍ കുറേ മനുഷ്യരിലെങ്കിലുമുണ്ടാകുന്നു. കുഴപ്പക്കാരല്ലാത്തവനെ കുഴപ്പക്കാരനായിക്കാണാനും കുഴപ്പങ്ങള്‍ തലപൊക്കാനും അതു മതി. അതു കൊണ്ടു മാത്രമാണ് അങ്ങനെ ചെയ്യാത്തത്‌ . അതു ശരിയാണെന്ന് എനിയ്ക്കും തോന്നി.

കുളിയാണ് അടുത്ത മൌലികാവകാശം, കേശവന്‍ പറഞ്ഞു. ആവശ്യത്തിന് വെള്ളമുള്ള, ചെളിയധികമില്ലാത്ത കുളമോ കടവോ ആയിരിയ്ക്കണം. വെള്ളത്തില്‍ കിടന്നു കുളിയ്ക്കാന്‍ പറ്റണം. ആനകളൊന്നു കിടക്കുന്നത് കുളിയ്ക്കുമ്പോള്‍ മാത്രമാണ്, കേശവന്‍ ചൂണ്ടിക്കാട്ടി. മറ്റു സമയങ്ങളിലെല്ലാം ആനകള്‍ നില്‍ക്കുക തന്നെയാണ്. രാത്രി ഉറങ്ങുന്നതുപോലും നിന്നുകൊണ്ടു തന്നെ. മനുഷ്യരാണെങ്കിലോ, അവന്‍ ചോദിച്ചു. മിയ്ക്ക മനുഷ്യരും നില്‍ക്കാന്‍ പറ്റിയാല്‍ ഇരിയ്ക്കും, ഇരിയ്ക്കാന്‍ പറ്റിയാല്‍ കിടക്കും, കിടന്നാലോ, ഉറങ്ങിയിട്ടുമുണ്ടാകും. അവന്‍ രണ്ടാം പാപ്പാനായ പാച്ചന്‍റെ നേരെ നോക്കിക്കാണിച്ചു. പാച്ചന്‍ മരച്ചോട്ടില്‍ കിടന്നുറക്കമായിരുന്നു.

രാമന്നായര്‍ക്ക് കേശവനോട് വാത്സല്യമുണ്ട്, അവന്നത് അസ്സലായറിയാം. രാമന്നായര്‍ക്ക് ഒരേ ഒരു കുഴപ്പമേയുള്ളു: അധികസമയം വെള്ളത്തില്‍ കിടക്കാന്‍ അവനെ അനുവദിയ്ക്കില്ല. “മതി, പൂവ്വാം”, തേച്ചു കഴുകല്‍ കഴിഞ്ഞയുടന്‍ രാമന്നായര്‍ നിര്‍ദ്ദേശിയ്ക്കും. മനുഷ്യക്കുട്ടികള്‍വരെ രണ്ടും മൂന്നും മണിയ്ക്കൂര്‍ കുളിയ്ക്കുമ്പോള്‍ ആനയ്ക്ക് അരമണിക്കൂര്‍ പോലും കുളിയ്ക്കാന്‍ പറ്റാത്തത് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണ്, കേശവന്‍ പറഞ്ഞു. അവന്‍റെ നീരാട്ടു കഴിയുന്നതുവരെ വേണ്ടിവന്നാല്‍ എഴുന്നള്ളിപ്പു പോലും നീട്ടി വയ്ക്കണം, അതൊരു മൌലികാവകാശമായിത്തന്നെയെടുക്കണം. നീരാട്ടിനിടയില്‍ ആരും ധൃതിവയ്ക്കരുത്. കുളിയ്ക്കാന്‍ പറ്റിയ കുളങ്ങളും കടവുകളും വളരെ കുറഞ്ഞു പോയിരിയ്ക്കുന്നു, കേശവന്‍ ചൂണ്ടിക്കാട്ടി. അവ കൂടുതലുണ്ടാവണം, അവന്‍ നിര്‍ദ്ദേശിച്ചു. ഹോസിലൂടെ വെള്ളം ചീറ്റിച്ചുള്ള കുളിയ്ക്ക് സുഖവും സ്വാതന്ത്ര്യവും സാവകാശവും തീരെ പോരാ, അവന്‍ പറഞ്ഞു.

തീറ്റയായിരുന്നു കേശവന്‍റെ അടുത്ത മൌലികാവകാശം. ഒരാനയ്ക്ക്‌ പ്രതിദിനം ഒരു നൂറു നൂറ്റമ്പതു കിലോ തീറ്റ വേണം. കുടിയ്ക്കാന്‍ അത്രതന്നെ ലിറ്റര്‍ വെള്ളവും വേണം. ചില ആനകള്‍ക്ക് അതിലുമേറെ വേണം. വിവിധ തരത്തിലുള്ള തീറ്റയിനങ്ങള്‍ . കേരളത്തിലേയ്ക്കു വരുന്നതിനു മുമ്പ് അവന്‍റെ ആഹാരക്കാര്യത്തില്‍ ചില പിശുക്കുകള്‍ അവന്‍റെ ഉടമ കാണിച്ചിരുന്നത് കേശവനോര്‍മ്മിച്ചു. ആനയുടെ തീറ്റ വെട്ടിച്ചുരുക്കി കാശു സമ്പാദിയ്ക്കുന്നത് ഒരു നല്ല പ്രവണതയല്ല. കേരളത്തില്‍ വന്ന ശേഷം അത്തരം അനുഭവമുണ്ടാകാത്തതില്‍ കേശവനു സന്തോഷമുണ്ട്. കേരളത്തില്‍ പച്ചോല, പഴക്കുല, ശര്‍ക്കര, ഇതൊക്കെ ധാരാളം കിട്ടുന്നുണ്ട്‌, തുടര്‍ന്നും കിട്ടിക്കൊണ്ടിരിയ്ക്കും എന്നവനു വിശ്വാസമുണ്ട്. മലയാളികള്‍ പൊതുവേ ആനകളോട് സ്നേഹമുള്ളവരാണ് എന്ന കാര്യത്തില്‍ അവനു സംശയമേയില്ല. അവര്‍ക്കിഷ്ടപ്പെട്ടാല്‍ , അവര്‍ തീറ്റയങ്ങനെ തന്നു കൊണ്ടേയിരിയ്ക്കും. തീറ്റ എല്ലാ ജീവജാലങ്ങളുടേയും മൌലികാവകാശമാണെങ്കിലും അതേപ്പറ്റി അവന്, കേരളത്തില്‍ , ഭയം തീരെയില്ല. പഴക്കുല കണക്കറ്റു തിന്നു ദഹനക്കേടു വരാതെ നോക്കിയാല്‍ മാത്രം മതി.

കേശവന്‍റെ അടുത്ത മൌലികാവകാശം രസകരമായിരുന്നു. പച്ചപുതച്ച നെല്‍പ്പാടത്തിന്‍റെ നടുവിലൂടെ നടന്നു പോകുമ്പോള്‍ , ഇരുവശത്തുമുള്ള നെല്‍ച്ചെടിയുടെ മത്തു പിടിപ്പിയ്ക്കുന്ന ഗന്ധം സഹിയ്ക്കാതെ വരുമ്പോള്‍ , ഏതാനും ചെടികള്‍ അവിടുന്നും ഇവിടുന്നുമായി പിഴുതെടുത്തു രുചിച്ചു നോക്കാനുള്ള സ്വാതന്ത്ര്യം എല്ലാ ആനകള്‍ക്കുമുണ്ടായേ തീരൂ. അതിലാരും പരിഭവിച്ചിട്ടു കാര്യമില്ല. കാട്ടാനകള്‍ ചെയ്യാറുണ്ടെന്നു ഇടയ്ക്കിടെ പറഞ്ഞു കേള്‍ക്കാറുള്ളതു പോലെ, പാടത്തിറങ്ങി ചവിട്ടി മെതിയ്ക്കാനൊന്നും പോകുന്നില്ലല്ലോ. രണ്ടു നെല്‍ച്ചെടി പറിയ്ക്കുമ്പോഴേയ്ക്കും ഹാലിളകേണ്ട കാര്യമില്ല.

ഒരു കാര്യം കേശവന്‍ ശക്തമായ ഭാഷയില്‍ത്തന്നെ, അതായത്‌ കൊമ്പു കുലുക്കിക്കൊണ്ട്, പറഞ്ഞു. അവന്‍ വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്ന ഒന്നാണ് വെടിക്കെട്ട്‌ . തൊട്ടടുത്തു വച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ ചെവിയടപ്പിയ്ക്കുന്ന ശബ്ദത്തില്‍ വെടി പൊട്ടുമ്പോള്‍ ഓടിപ്പോകാന്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. രാമന്നായരുടെ ധൈര്യം തരുന്ന സ്പര്‍ശമില്ലായിരുന്നെങ്കില്‍ ഓടുകയും ചെയ്തേനെ.

എന്തിനു വേണ്ടിയാണ് നിങ്ങളിതു ചെയ്യുന്നതെന്ന് അവന്‍ ചോദിച്ചു. വെടിക്കെട്ടു നിരോധിയ്ക്കേണ്ട കാലം അതിക്രമിച്ചു, കേശവന്‍ തറപ്പിച്ചു പറഞ്ഞു. അമിട്ടും ഗുണ്ടുമൊക്കെ പൊട്ടുമ്പോള്‍ ആനകള്‍ വിരണ്ടോടിയാല്‍ അവരെ കുറ്റപ്പെടുത്തരുത്, കേശവന്‍ മുന്നറിയിപ്പു നല്‍കി. വെടിക്കെട്ടൊഴിവാക്കിയാല്‍ , ഉത്സവത്തിലും പള്ളിപ്പെരുന്നാളിലും ടൂറിസ്റ്റാഘോഷങ്ങളിലും മറ്റും പങ്കെടുക്കാന്‍ സന്തോഷമേയുള്ളൂ, കേശവന്‍ ആഹ്ലാദഭരിതനായി പറഞ്ഞു. നെറ്റിപ്പട്ടം കെട്ടുമ്പോള്‍ത്തന്നെ മസ്തകമൊന്നുയരും. ജനത്തിന്‍റെ ആരാധനയും സ്നേഹവും അല്‍പ്പം ഭയവും കലര്‍ന്ന നോട്ടം കണ്ടാസ്വദിക്കാന്‍ പ്രത്യേക സുഖമുണ്ടത്രേ. ഭയം മാറ്റാന്‍ കുഞ്ഞുങ്ങളെക്കൊണ്ട് തൊടുവിയ്ക്കുന്നത് കേശവന്‍ കൗതുകത്തോടെയാണ് നോക്കിക്കാണാറ്. ശിശുക്കളുടെ സ്പര്‍ശത്തിന്നായി അവന്‍ കൊതിയ്ക്കാറുണ്ട്. ശിശുക്കളോടുള്ള അഭിനിവേശം മൂലം അവരുടെ നേരേ അവന്‍ തുമ്പിക്കൈ നീട്ടുമ്പോള്‍ പലപ്പോഴും തെറ്റിദ്ധരിയ്ക്കപ്പെട്ടിട്ടുമുണ്ട്.

ലോറിയിലെ യാത്രയെപ്പറ്റി ഞാന്‍ ചോദിച്ചു. ഉത്സവസീസണില്‍ അതു പതിവാണല്ലോ. അവനതിഷ്ടമാണ്. നടക്കേണ്ടല്ലോ. കാഴ്ച്ചകള്‍ കാണുകയും ചെയ്യാം. ഒരു കാര്യം അവനു നിര്‍ബന്ധമാണ്: മുന്‍സീറ്റിലിരിയ്ക്കുന്ന രാമന്നായരെ അവന്നും, രാമന്നായര്‍ക്ക്‌ അവനേയും കാണാനും പരസ്പരം സ്പര്‍ശിയ്ക്കാനുമുള്ള സൌകര്യമുണ്ടാവണം. ലോറി വിടുന്നതിനു മുന്‍പ് അവനതുറപ്പാക്കും. തുടക്കത്തില്‍ ലോറിയില്‍ കയറാന്‍ ബുദ്ധിമുട്ടു തോന്നിയിരുന്നു. ഇപ്പോഴതില്ല. പരിചയമായിത്തീര്‍ന്നെങ്കിലും ലോറിയില്‍ ഇടുങ്ങി നിന്നുള്ള യാത്രയേക്കാള്‍ അവനിഷ്ടം പാടത്തു കൂടിയും ഇടവഴികളിലൂടെയും മന്ദം മന്ദം നടന്നു പോകുന്നതാണ്. ഇടയ്ക്കിടെ തുമ്പിക്കൈയുയര്‍ത്തി ഓരോ ഓല അടര്‍ത്തിയിട്ടു തിന്നാം, കുട്ടികളുടെ ആര്‍പ്പുവിളികളും ചിരിയും കേട്ടാസ്വദിയ്ക്കാം. ഒരു വിഐപി ആയിത്തീര്‍ന്ന പ്രതീതി.

ഇടയ്ക്കൊക്കെ ഒട്ടു ദൂരം നടക്കേണ്ടതായും വരുന്നുണ്ട്. രാമന്നായരും ഒപ്പം നടക്കുകയേ ഉള്ളു. അതുകൊണ്ട് കേശവനും നടക്കാന്‍ വിരോധമില്ല. ചുട്ടു പഴുത്ത റോഡിലൂടെ അവനെ അധികം നടത്താതിരിയ്ക്കാന്‍ രാമന്നായര്‍ ശ്രദ്ധിയ്ക്കാറുണ്ട്. കേശവന്‍റെ ഇപ്പോഴത്തെ ഉടമയും ആ നിലപാടു തന്നെയാണ് എടുക്കാറ്: റോഡിലൂടെ അവനെ കൂടുതല്‍ നടത്തിയ്ക്കാറില്ല.

തടി പിടിയ്ക്കുന്ന കാര്യത്തെപ്പറ്റിച്ചോദിച്ചപ്പോള്‍ ഇതായിരുന്നു കേശവന്‍റെ പ്രതികരണം: അവന് ഇതുവരെ തടി പിടിയ്ക്കേണ്ടി വന്നിട്ടില്ല. പക്ഷെ അവന്‍റെ സുഹൃത്തുക്കളില്‍നിന്ന്‌ ചില കാര്യങ്ങള്‍ മനസ്സിലായിട്ടുണ്ട്. ‘കാട്ടിലെ തടി, തേവരുടെ ആന, പിടിയെടാ പിടി, വലിയെടാ വലി’ എന്ന ചൊല്ലും അവന്‍ ഇതിനകം പറഞ്ഞു കേള്‍ക്കാനിട വന്നിട്ടുണ്ട്‌. എടുത്താല്‍ പൊന്താത്ത തടിപിടിയ്ക്കേണ്ടി വരികയാണെങ്കില്‍ അത്തരമൊരു തടി അതു പിടിപ്പിയ്ക്കുന്ന നിഷ്ഠൂരനായ പാപ്പാന്‍റെ മുതുകത്തു തന്നെ വീണാല്‍ ആനയെ കുറ്റപ്പെടുത്തിയേയ്ക്കരുത്, കേശവന്‍ താക്കീതുനല്‍കി. അധ്വാനിയ്ക്കാന്‍ മടിയില്ല. പക്ഷെ ദുരാഗ്രഹം കാണുന്നതിഷ്ടമല്ല. ചിന്താശക്തിയുള്ള മനുഷ്യനു ദുരാഗ്രഹം പാടില്ല, അവന്‍ തറപ്പിച്ചു പറഞ്ഞു. ദുരാഗ്രഹമില്ലാത്ത മനുഷ്യര്‍ ഒട്ടേറെയുണ്ട്. എന്നാല്‍ ചിലര്‍ക്കതുണ്ട്.

സര്‍ക്കസ്സിനെപ്പറ്റി എന്താണഭിപ്രായം, ഞാന്‍ ചോദിച്ചു. കേശവന്‍ ഇതുവരെ സര്‍ക്കസ്സില്‍ പങ്കെടുത്തിട്ടില്ല. പങ്കെടുത്തിട്ടുള്ള ഒരു വനിത – പിടിയാന – യുമായി സംസാരിയ്ക്കാനിടവന്നിട്ടുണ്ട്. രസമാണ് എന്നാണവള്‍ പറഞ്ഞത്‌. മനുഷ്യര്‍ ചെയ്യാറുള്ളതൊക്കെത്തന്നെ ചെയ്‌താല്‍ മതി. സൈക്കിള്‍ ചവിട്ടുക, പന്തുതട്ടുക, പൊതുവെ ബുദ്ധിജീവിയാണെന്നു കാണിയ്ക്കുക. ജനത്തിന്‍റെ, പ്രത്യേകിച്ചും കുട്ടികളുടെ, പൊട്ടിച്ചിരിയും കൈയ്യടിയും കാണുന്നതൊരു ഹരമാണ്. ആവേശം മൂത്ത് റിങ്ങിനു പുറത്തു ചാടാതെ നോക്കണം എന്നേയുള്ളൂത്രെ. പുരുഷന്മാരെ‌, അതായത്‌ കൊമ്പനാനകളെ, സര്‍ക്കസ്സില്‍ വളരെച്ചുരുക്കമായേ എടുക്കാറുള്ളൂ.

പിടിയാനയുടെ കാര്യം പറഞ്ഞപ്പോള്‍ കേശവന്‍റെ മുഖമല്‍പ്പമൊന്നു ചുവന്നു, കണ്ണുകള്‍ തിളങ്ങി. പെട്ടെന്നു ചിന്താവിഷ്ടനായി. അതിന്‍റെ കാരണം പിന്നീടാണ് എനിയ്ക്കു മനസ്സിലായത്.

കാട്ടിലുള്ള ജീവിതമാണോ അതോ നാട്ടിലുള്ള ജീവിതമാണോ കൂടുതലിഷ്ടം? എന്‍റെ ചോദ്യം കേട്ട് കേശവന്‍ ചിന്തയില്‍ നിന്നുണര്‍ന്നു. ശൈശവത്തില്‍ത്തന്നെ കാടുവിടേണ്ടി വന്നതുകൊണ്ട് കാട്ടിലെ ജീവിതത്തെപ്പറ്റി തീരെ ഓര്‍മ്മയില്ല. പല ദേശങ്ങളില്‍ ജീവിച്ചു, നിരവധിപ്പേരുമായി പരിചയമായി. അതുകൊണ്ട് കാട്ടിലെ ജീവിതത്തെപ്പറ്റി വളരെ അവ്യക്തമായ ചിത്രങ്ങളേ മനസ്സിലവശേഷിയ്ക്കുന്നുള്ളു. കാട്ടില്‍ അലഞ്ഞുതിരിഞ്ഞു നടന്നുള്ള ജീവിതത്തെപ്പറ്റി അവന്‌ വലിയ രൂപമില്ല, തീരെ അഭിപ്രായവുമില്ല. ജീവിയ്ക്കുന്നിടത്തോളം കാലം മനുഷ്യരുടെ സന്തതസഹചാരിയായി അവരുടെയിടയില്‍ത്തന്നെ ജീവിയ്ക്കണം എന്നാണാഗ്രഹം. മറ്റൊരു ജീവിതത്തെപ്പറ്റി ചിന്തിച്ചിട്ടു പോലുമില്ല.

നേരത്തേ കേശവന്‍ സൂചിപ്പിച്ച പോലെ, ആനകളാണ് മനുഷ്യരുടെ ഏറ്റവും വലിയ, എന്നു വച്ചാല്‍ ഏറ്റവും വലിപ്പമുള്ള, സുഹൃത്തുക്കള്‍. മറ്റെല്ലാ ജീവികളേക്കാളും വലിപ്പം ആനയ്ക്കാണ്. മനുഷ്യരോടിണങ്ങിച്ചേരുന്ന മൃഗങ്ങളില്‍ ഏറ്റവും ബുദ്ധിയുള്ളതും ആനകള്‍ക്കു തന്നെ. ഒരു കുഴപ്പം മാത്രം: ആനകളിടഞ്ഞാല്‍ , അവരോളം നാശനഷ്ടങ്ങള്‍ മനുഷ്യര്‍ക്കു വരുത്തി വയ്ക്കുന്ന മൃഗങ്ങള്‍ വേറെയില്ല. ഇടഞ്ഞു നില്‍ക്കുന്ന ആനകള്‍ക്ക് അതിശയകരമായ വേഗതയുണ്ട്. തുമ്പിക്കൈ ചുരുട്ടിവച്ചു കൊണ്ട് ഓടി വരാനും, തുമ്പിക്കൈ കൊണ്ട് ശരവേഗത്തില്‍ തൊഴിയ്ക്കാനും അവര്‍ക്കു കഴിയും. അവരുടെ ശക്തിയും അപാരമാണ്. അതു ചിന്തിച്ചപ്പോള്‍ നേരിയൊരു ഭയത്തോടെ ഞാന്‍ കേശവനെ ഒളികണ്ണിട്ടു നോക്കി. കേശവന്‍ ശാന്തനായി നില്‍ക്കുകയായിരുന്നു. എങ്കിലും തുടര്‍ന്നുള്ള സംഭാഷണം രാമന്നായരുമായി ആകുന്നതായിരിയ്ക്കും ബുദ്ധിയെന്നു കരുതി. രാമന്നായാരെ ഒരല്‍പ്പം അകലെയുള്ള മരച്ചോട്ടിലേയ്ക്കു ഞാന്‍ ക്ഷണിച്ചു. കേശവന്‍ കേള്‍ക്കാതിരുന്നോട്ടെ.

ആനയ്ക്കു മദം പൊട്ടിയിരിയ്ക്കുന്നു, എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ടല്ലോ. കേശവന് മദം പൊട്ടാറുണ്ടോ, ഞാന്‍ രാമന്നായരോടു രഹസ്യമായി ചോദിച്ചു. ഓ, ഇതാണോ, ഇതു കേശവനും കൂടി കേട്ടോട്ടെ, അവനൊരു കുഴപ്പവുമില്ല, എന്നു രാമന്നായര്‍ എന്നെ ആശ്വസിപ്പിച്ചു. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി കേശവന്‍റെയടുത്തേയ്ക്കു വീണ്ടും ചെന്നു. കേശവന്‍റെ കഴുത്തിലും തുമ്പിക്കൈമേലും വാത്സല്യത്തോടെ തടവിക്കൊണ്ട് രാമന്നായര്‍ പറഞ്ഞു, “ആനകള്‍ക്ക് മദം പൊട്ടലുണ്ടാകാറുണ്ട്. പതിനഞ്ചോ ഇരുപതോ വയസ്സായ ആനകള്‍ക്ക് വര്‍ഷത്തിലൊരു തവണ അത് പതിവാ. കേശവനും മദം പൊട്ടാറുണ്ട്.”

കേശവന്‍ രാമന്നായരുടെ ദേഹത്തും ശിരസ്സിലും തുമ്പിക്കൈ കൊണ്ട് സ്നേഹപൂര്‍വ്വം തഴുകി.

“പല ആനകള്‍ക്കും ഉണ്ടാകാറുള്ളതു പോലുള്ള കുഴപ്പങ്ങളൊന്നും കേശവന്നിതു വരെ ഉണ്ടായിട്ടില്ല. തുമ്പിക്കൈ ചുരുട്ടിവച്ചു കൊണ്ട് തല അങ്ങോട്ടുമിങ്ങോട്ടുമാട്ടാന്‍ തുടങ്ങുമ്പോള്‍ ഞങ്ങള്‍ക്കറിയാം, സമയമായെന്ന്. പിന്നെ ഒരേഴെട്ടു ദിവസം കേശവന്‍ പരിപൂര്‍ണ്ണമായും വിശ്രമിയ്ക്കും. എവിടേയ്ക്കും പോവില്ല. അവനു ശല്യമുണ്ടാക്കാതെ ഞങ്ങളും ശകലം മാറി നില്‍ക്കും. ആഹാരത്തിന്‍റെ അളവിലല്‍പ്പം കുറവു വരുത്തും. കൂടാതെ, ആ സമയത്തു കൊടുക്കാനുള്ള മരുന്നുമുണ്ട്. കേശവനിതുവരെ ഞങ്ങള്‍ക്കൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല,” രാമന്നായര്‍ പറഞ്ഞത് അഭിമാനത്തോടെയായിരുന്നു. കേശവന്‍റെ മസ്തകവും അന്നേരമൊന്നുയര്‍ന്നു.

“ഇത്രയുമൊക്കെ പറഞ്ഞ നിലയ്ക്ക്, കേശവന് ഒരു ദുഃഖമുണ്ട്, അക്കാര്യം കൂടി പറഞ്ഞേയ്ക്കാം, അല്ലേ മോനേ?” രാമന്നായര്‍ കേശവന്‍റെ കണ്ണിലേയ്ക്കുറ്റുനോക്കിക്കൊണ്ടു ചോദിച്ചു. കേശവന്‍ തുമ്പിക്കൈയ്യുയര്‍ത്തി രാമന്നായരുടെ ശിരസ്സിലും ശരീരത്തിലും സ്പര്‍ശിച്ച് അനുവാദം കൊടുത്തു: അങ്ങനെയാകട്ടെ.

“കുറേ നാള്‍ മുമ്പ് കേശവനൊരു സുന്ദരിക്കുട്ടിയെ കണ്ടു മുട്ടി. ഒരു പിടിയാന. ഇവരന്നു കുറേ നേരം സംസാരിച്ചു. ഇവനവളെ വളരെ ഇഷ്ടമായി. അവള്‍ക്കും ഇഷ്ടമായിട്ടുണ്ടായിരുന്നു. രണ്ടുപേരും തുമ്പിക്കൈകള്‍ പിണച്ചു പിടിച്ചു കുറെ നേരം തമ്മില്‍ത്തമ്മില്‍ നോക്കി, ശാന്തമായി നിന്നിരുന്നു.” കേശവന്‍ ദീര്‍ഘമായി ഒരു നെടുവീര്‍പ്പിട്ടു. “പക്ഷേ, പിന്നീടവളെ കാണാന്‍ പറ്റിയിട്ടില്ല. അതിലവനു വിഷമമുണ്ട്.”

“എവിടെ വച്ചാണ് സുന്ദരിക്കുട്ടിയെ കണ്ടത്‌?” ഞാന്‍ ജീജ്ഞാസയോടെ ചോദിച്ചു.

“ഗുരുവായൂര്‌ . അവള് ജമ്പോ സര്‍ക്കസ്സിലായിരുന്നു. ‘ശ്രീദേവി.'”

“ഞാന്‍ കണ്ടു പിടിച്ചോളാം. എന്നിട്ടു ഞാനറിയിയ്ക്കാം.” ഞാന്‍ വാഗ്ദാനം ചെയ്തു.

“ഇവര്‍ തമ്മില്‍ വീണ്ടും കാണാനിട വന്നാല്‍ രണ്ടു പേരേയും തമ്മില്‍ കല്യാണം കഴിപ്പിയ്ക്കാമായിരുന്നു.”

“ഓഹോ, ആനകളുടെ ഇടയിലും കല്യാണമുണ്ടല്ലേ?” ഞാനാദ്യമായാണ് അതറിയുന്നത്.

“ഉവ്വ്, അവരും കല്യാണം കഴിയ്ക്കാറുണ്ട്. അതത്ര പരസ്യമാകാറില്ലെന്നേയുള്ളു.”

“അവരപ്പോ എങ്ങനെ ഒരുമിച്ചു താമസിയ്ക്കും? ഒരാള്‍ സര്‍ക്കസ്സിലും ഒരാള്‍ ഉത്സവങ്ങളിലും….”

“അതിപ്പോ, കല്യാണം കഴിഞ്ഞാല്‍ എന്തെങ്കിലും വഴിയുണ്ടാക്കിക്കൊടുക്കാം.”

“അതെയോ? എങ്കില്‍ ഞാനിന്നു തന്നെ അന്വേഷണം തുടങ്ങാം. ഞാനറിയിയ്ക്കേണ്ട മേല്‍വിലാസമൊന്നു തരൂ.”

അത്ഭുതം! മേല്‍വിലാസം കേശവന്‍റെ പേരില്‍ത്തന്നെയായിരുന്നു. “ആ വിലാസത്തില്‍ വരുന്ന കത്തുകളെല്ലാം കേശവനു തന്നെ കിട്ടിക്കോളും,” രാമന്നായര്‍ ഉറപ്പിച്ചു പറഞ്ഞു. ആനകളുടെ പേരിലും മേല്‍വിലാസമുണ്ടെന്നു ഞാന്‍ കരുതിയതല്ല. ഞാനതെഴുതിയെടുത്തു.

“വിവരം കിട്ടിയാല്‍ ഞാനുടന്‍ എഴുതി അറിയിച്ചോളാം,” ഞാനുറപ്പുനല്‍കി.

“ഓ, വല്യ ഉപകാരമായിരിയ്ക്കും.” രാമന്നായര്‍ തൊഴുതു. നന്ദിപ്രകാശിപ്പിയ്ക്കാനായി കേശവന്‍ തുമ്പിക്കൈ എന്‍റെ നേരേ നീട്ടിയെങ്കിലും ഞാന്‍ ഭയന്നു പിന്മാറി. രാമന്നായര്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ ധൈര്യം വീണ്ടെടുത്ത് കേശവനുമായി ഞാന്‍ ‘ഹസ്തദാനം’ ചെയ്തു. അന്നായിരുന്നു, ഞാന്‍ ജീവിതത്തിലാദ്യമായി ഒരാനയെ സ്പര്‍ശിച്ചത്.

“സമയമായി, പൂവ്വാം”, രാമന്നായര്‍ പറഞ്ഞതോടെ ഞങ്ങള്‍ പിരിഞ്ഞു. ഉടനെ വീണ്ടും കാണാം എന്ന പ്രതീക്ഷയില്‍ .

രാമന്നായരും പാച്ചനുമല്ലാതെ മൂന്നാമതൊരാള്‍ കേശവനെപ്പറ്റി ഇത്രയധികം കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കുന്നത് ആദ്യമായായതുകൊണ്ടാവണം, പോകുന്നതിനു മുമ്പ് കേശവനെന്നെ സ്നേഹത്തോടെ നോക്കി തുമ്പിക്കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്തു. അതു കണ്ട് എന്‍റെ കണ്ണു നിറഞ്ഞു പോയി. ആനകള്‍ക്ക് ഇത്ര സ്നേഹമുണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

രാമന്നായരും പാച്ചനുമൊത്ത് കേശവന്‍ ഗാംഭീര്യത്തോടെ മന്ദം മന്ദം നടന്നു നീങ്ങിയപ്പോള്‍ സന്തോഷവും അതേ സമയം തന്നെ സങ്കടവും തോന്നി. ആനകളെപ്പറ്റി അടുത്തറിയാനും കേശവനുമായി സൌഹൃദം സ്ഥാപിയ്ക്കാനും സാധിച്ചതിലുള്ള സന്തോഷം. കേശവനുമായി പിരിയേണ്ടി വന്നതിലുള്ള സങ്കടം. ശരീരം പോലെതന്നെ വിശാലമായ ഹൃദയവുമുള്ള ആന.

ജമ്പോ സര്‍ക്കസ്സിലെ ശ്രീദേവിയെന്ന കേശവന്‍റെ പ്രേമഭാജനത്തെ അന്വേഷിച്ചു കണ്ടു പിടിയ്ക്കുകയെന്ന ദൌത്യം നിറവേറ്റാനുള്ള ശ്രമം ഉടന്‍ തന്നെ തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. അവരുടെ പ്രേമബന്ധം സഫലമാക്കണം. ആനക്കല്യാണം നടക്കണം.

_________________________________________
(ഈ കഥ സാങ്കല്‍പ്പികം മാത്രമാണ്. ഈ കഥ മറ്റു ചില സൈറ്റുകളില്‍ നേരത്തേ തന്നെ ഞാന്‍ പ്രദര്‍ശിപ്പിച്ചു പോരുന്നതാണ്. പലരും വായിച്ചിട്ടുള്ളതാകാം.)