ഗാഡ്ജെറ്റ് മാനിയ: കേരളത്തിലെ കുടുംബങ്ങള്‍ ഭരിക്കുന്നത് ഇലക്ട്രോണിക് ഗ്യാഡ്‌ജെറ്റുകളോ ?

342

01

പണ്ട് ജോലി കഴിഞ്ഞു വീട്ടില്‍ എത്തുന്ന അച്ഛനും അമ്മയും മക്കളോട് ഒത്തുകൂടി ഇരുന്നു ഊണ് കഴിക്കും. അതിനിടയില്‍ പല വിശേഷങ്ങള്‍ പങ്കുവെക്കും. വീട്ടുകാര്യങ്ങള്‍ തീരുമാനിക്കും. അങ്ങനെ ഒക്കെ ആയിരുന്നു ജീവിതം. ഇന്ന് അത് മാറി അച്ഛന്‍ കമ്പ്യൂട്ടറില്‍ ആണെങ്കില്‍ മക്കള്‍ ലാപ്‌ടോപിലോ ടാബ്ലെറ്റിലോ ആയിരിക്കും, അമ്മ അടുക്കളയില്‍ ജോലി ചെയുന്നു. അതോടൊപ്പം മൊബൈലില്‍ സംസാരിക്കുന്നോ ടിവി കാണുന്നോ ഉണ്ടാകും, ഈ ഇലക്ട്രോണിക് സാമഗ്രികളുടെ കടന്ന് കയറ്റം കൊണ്ട് നമുക്ക് നഷ്ട്ടപെടുന്നത് സ്‌നേഹവും പങ്കുവെക്കലും ഒക്കെ അറിയേണ്ട ഒരു നല്ല തലമുറയെ ആണ്.

അച്ഛനും അമ്മയ്ക്കും മക്കളെ സ്‌നേഹിക്കാനും താലോലിക്കാനും എന്തിനേറെ പറയുന്നു സംസാരിക്കാന്‍ പോലും സമയം ഇല്ല. മക്കള്‍ക്ക് ആണെങ്കിലോ സ്‌നേഹം, സാഹോദര്യം, പങ്കു വെക്കല്‍ ഇതൊക്കെ എന്താണ് എന്ന് പോലും അറിയുന്നില്ല. വളരെ പാവപെട്ട കുടുംബങ്ങളില്‍ പോലും കമ്പ്യൂട്ടറോ ടിവിയോ മൊബൈലോ ഉണ്ടാകും. എന്നാല്‍ തന്നെ ഇതിന്റെ ഒക്കെ ഉപയോഗം അല്ല ദുരുപയോഗം ആണ് 90 ശതമാനം കുടുംബങ്ങളിലും നടക്കുന്നത്.

02

കുട്ടികളുടെ സ്വഭാവ രൂപികരണത്തെ ഇവ വളരെ ദോഷകരമായി ബാധിക്കുന്നു എപ്പോഴും ഇത്‌പോലത്തെ ഉപകരണങ്ങള്‍ക്ക് മുന്പില്‍ ചടഞ്ഞു കൂടി ഇരുന്നു ശരീരവും മനസ്സും മുരടിച്ചു പോകുന്നു അല്ലെങ്കില്‍ ഇവയോട് ഒക്കെ വല്ലാത്ത ആസക്തി ഉണ്ടാവുന്നു, പിന്നെ ഇവയൊന്നും ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥ ആകുന്നു. ഇത് മാത്രമല്ല കാന്‍സര്‍, പോലെയുള്ള മാരക രോഗങ്ങള്‍ ഉണ്ടാക്കുന്ന അതീവ ശക്തിയുള്ള റെഡിയെഷന്‍ ആണ് ഇവയില്‍ നിന്നും ഉണ്ടാകുന്നത് ബന്ധങ്ങള്‍ ഇല്ലാതാക്കുന്നതോടൊപ്പം നമ്മുടെ ആരോഗ്യവും ജീവിതവും വരെ നശിപ്പിക്കാന്‍ ഇവയ്ക്ക് കഴിയും.

പണ്ടൊക്കെ എന്തെങ്കിലും ഒരു ചടങ്ങിനു പോയാല്‍ കൂട്ടുകാരെ കാണാം, ബന്ധുക്കളെ കാണാം അവരുടെയൊക്കെ വിശേഷങ്ങള്‍ അറിയാം, കുറെ നേരം അവരുമായി സംസാരിച്ചിരിക്കാം എന്ന് വേണ്ട നമ്മുടെ ആശയങ്ങള്‍ പങ്കുവെക്കാം, സൗഹൃദം പുതുക്കാം.. അങ്ങനെ പോകുന്നു കാര്യങ്ങള്‍. കൂട്ടായ്മയുടെയും സ്‌നേഹത്തിന്റെയും ഒക്കെ അടയാളങ്ങള്‍ ആയിരുന്നു ചടങ്ങുകള്‍. ബന്ധുക്കളും അയല്‍ക്കാരും എല്ലാവരും ചേര്‍ന്ന് ഭക്ഷണം ഉണ്ടാക്കുന്നു, പരസ്പരം വിളമ്പി കൊടുക്കുന്നു, ആസ്വദിക്കുന്നു. ഇപ്പൊ എല്ലാം കമ്പ്യൂട്ടറാണല്ലോ ചെയുന്നത് ചെറുക്കനേം പെണ്ണിനെയും കണ്ടുപിടിക്കുന്നത് മുതല്‍ തുടങ്ങുന്നു കമ്പ്യൂട്ടറിന്റെ ഉത്തരവാദിത്തങ്ങള്‍. സദ്യയും ബിരിയാണിയും ബുക്ക് ചെയുന്നതും പെണ്ണിനെ ഒരുക്കുന്നതും എല്ലാം കമ്പ്യൂട്ടറിലൂടെ തന്നെയായി കഴിഞ്ഞിരിക്കുന്നു. കല്യാണത്തിന് ആയാലും മരണ വീട്ടില്‍ ആയാലും പത്തില്‍ ഏഴോ എട്ടോ പേര് മൊബൈലില്‍ സംസാരിക്കുന്നുണ്ടാവും.

03

ഒന്ന് ശ്രമിച്ചാല്‍ നമുക്ക് ഈ ദുരുപയോഗം കുറയ്ക്കാന്‍ കഴിയില്ലേ, നമ്മുടെ മക്കളെയുംഅച്ഛനമ്മമാരെയും ഒക്കെ സ്‌നേഹിക്കാനും മനസിലാക്കാനും സമയം കണ്ടെത്തേണ്ടത് നമ്മള്‍ അല്ലെ . ഇല്ലെങ്കില്‍ വളര്‍ന്നു വരുന്ന തലമുറ ഒരു പക്ഷെ റോബോട്ടുകളെ പ്രധിനീകരിക്കുന്ന ഒന്നായി മാറിയേക്കാം. ഈ ലേഖനം എഴുതുന്നത് എന്റെ അനുഭവത്തില്‍ നിന്നുമാണ് കാരണം ആറു മാസങ്ങള്‍ക്ക് മുന്‍പ് വരെ ഞാനും കമ്പ്യൂട്ടറോ മൊബൈലോ എപ്പോഴും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരാള്‍ ആയിരുന്നു. അഡിക്ഷന്‍ തന്നെ ആയിരുന്നു എന്നാല്‍ ഇപ്പോള്‍ അച്ഛനോടും അമ്മയോടും കൂടുതല്‍ സമയം സംസാരിക്കാന്‍ ശ്രമിക്കുന്നു, മൊബൈലോ ലാപ്‌ടോപ്പോ ആവശ്യത്തിനു മാത്രം ഉപയോഗിക്കുന്നു അത് കൊണ്ട് എന്റെ ജീവിതത്തില്‍ വന്ന മാറ്റം വളരെ വലുതാണ്, ആരോഗ്യം നന്നായി, മനസ്സിനും ശരീരത്തിനും ഉണര്‍വ്വ് ഉണ്ടായി, അതിനെക്കാള്‍ ഏറെ എന്റെ കുടുംബത്തില്‍ സന്തോഷവും സമാധാനവും കളിയാടുന്നു. നിങ്ങളും ശ്രമിച്ചു നോക്കു കൂട്ടുകാരേ, കാരണം നിങ്ങളുടെ കുടുംബം ആണ് ഏറ്റവും വലിയ സമ്പത്ത്.