ഗാലക്‌സി

155

945141_347369768723627_736366009_nഗാലക്‌സിയിലെ പുതിയ നക്ഷത്രം.അതായിരുന്നുവേണുവിന്റെ ഇന്നത്തെയും സംസാര വിഷയം. മദ്യം കര്‍മ്മ നിരതനായി എന്നതിന്റെ അടയാളമായിരുന്നു ആ സംഭാഷണത്തിന്റെ തുടക്കം. രണ്ടാഴ്ച്ചയായി ഈ ക്ഷീരപഥം ഒരു സ്ഥിരം സംസാര വിഷയമായി തുടങ്ങിയിട്ട്.

ടെലസ്‌കോപ്പിക് നിരീക്ഷണത്തിന്റെ ഉള്‍പൊരുളുകളുടെ ഗ്രന്ഥക്കെട്ട് വേണു പുറത്തെടുത്തു നിവര്‍ത്തി. അത് ചുരുള ഴിക്കുന്നതിനോട് എനിക്ക് അശ്ശേഷം താല്‍പ്പര്യമില്ലായിരുന്നു, പക്ഷെ മറ്റു പോംവഴികളില്ലായിരുന്നു. ക്ഷീരപഥത്തില്‍ ഉടലെടുത്ത പുതിയനക്ഷത്രം വിശേഷണങ്ങളുടെ അകമ്പടിയോടെ ജൈത്രയാത്ര നടത്തുമ്പോള്‍, ആളുകള്‍ ശ്രദ്ധിക്കുന്ന വിവരം ഞാന്‍ വേണുവിനെ അറിയിക്കനാകാതെ വിഷമിച്ചു.

അയാള്‍ പറയുന്നതില്‍നിന്ന് ഏതാണീ പുതിയ നക്ഷത്രം എന്നെനിക്ക് മനസിലാക്കുവാന്‍ സാധിച്ചില്ല.ഗാലക്‌സിയില്‍ പുതിയ നക്ഷത്രങ്ങള്‍ ഉദിക്കുന്നുണ്ടെന്നും പഴയവ പലതും നശിക്കുന്നുണ്ടെന്നും അയാള്‍ പറയാറുണ്ടായിരുന്നു .നാലാമത്തെ ഫുള്ളിന്റെ മൂടും കണ്ടശേഷമേ വേണു എഴുനേറ്റുള്ളൂ, അപ്പോഴും ഗലക്‌സിയും അതിലെ പുതിയ നക്ഷത്രവും അയാളുടെ നാവില്‍ വാചാലമായി കിടന്നിരുന്നു.ബിസിനസ് ആവശ്യത്തിനായി വേണുവിന്റെ നഗരത്തില്‍ എത്തിയതായിരുന്നു ഞാന്‍. എന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചശേഷം വീണ്ടും ഞങ്ങള്‍ ഒത്തുകൂടി. എന്നെ യാത്രയാക്കാന്‍ വന്നയുടനെ വേണു പറഞ്ഞു’ വാ…സ്‌കൂട്ടറില്‍ കയറ്; നിനക്ക് ഞാന്‍ ഗാലക്‌സിയിലെ പുതിയ നക്ഷത്രത്തെ കാണിച്ചുതരാം’.

അത്യാവശ്യം ആകാംഷക്ക് വഴിമാറിയപ്പോള്‍ ഞാന്‍ അയാളുടെ പിറകില്‍കയറി. സ്‌കൂട്ടര്‍ വളവും തിരിവും കഴിഞ്ഞ് ഓടിക്കൊണ്ടിരുന്നു. ആ ഊടുവഴികളിലൂടെയുള്ള യാത്ര അവസാനിച്ചത് ഒരു ടെറസ് വീടിന്റെ മുന്‍പിലായിരുന്നു. സ്‌കൂട്ടറില്‍ നിന്നിറങ്ങിയ വേണു ആഹ്ലാദത്തിലാണെന്ന് അവന്റെ മുഖം വിളിച്ചോതി. വേണു എന്നെ അടുത്ത് വിളിച്ചുനിര്‍ത്തി വിരല്‍ ചൂണ്ടിക്കാണിച്ചു. ആ വിരലിന്റെ അന്ത്യത്തില്‍ ഒരു ജനാലയായിരുന്നു, അതിനുമപ്പുറം ഒരു പെണ്‍കുട്ടിയും; പ്രകാശിക്കുന്ന ഒരു പെണ്‍കുട്ടി.എന്റെ വണ്ടി വൈകും എന്നവിവരം പറയുംവരേക്കും അവന്‍ സ്വപ്ന ലോകത്തായിരുന്നു. വീ ണ്ടും സ്‌കൂട്ടറില്‍ കയറി റെയില്‍വേ സ്‌റ്റെഷനിലെക്ക്. ഇളകുന്ന തീവണ്ടിയുടെ ഇരുണ്ട കമ്പാര്‍ട്ട്‌മെന്റില്‍ ഇരിക്കുമ്പോഴും എ ചിന്ത മറ്റൊന്നായിരുന്നു ‘ ആരാണീ ജ്വലിക്കുന്ന പെണ്‍കുട്ടി..?’. അന്ന് രാത്രിയിലെ എന്റെ സ്വപ്നങ്ങളില്‍ വേണുവും അവന്റെ.പൂന്തോട്ടവും ആ ടെറസ് വീടും, ജ്വലിക്കുന്ന പെണ്‍കുട്ടിയും വിവിധ വേഷങ്ങളില്‍ എന്റെ മുന്‍പില്‍ അണിനിരന്നു. അവര്‍ക്കു മുന്‍പില്‍ ഞാന്‍വെറുമൊരു കാഴ്ച്ചക്കാരനായിരുന്നു .

ഞാന്‍ വീട്ടില്‍ചെന്ന അന്നുരാത്രി ഫോണിന്റെ നിര്‍ത്താതെയുള്ള കരച്ചിലിനു ശമനം നല്‍കിയപ്പോള്‍ മറുപുറത്ത് വേണുവായിരുന്നു . പ്രാഥമിക അന്വേഷണങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ അവന്‍ ഗാലക്‌സിയിലെ പുതിയ നക്ഷത്രത്തിന്റെ വിശേഷത്തിലേക്ക് കടന്നു. എനിക്ക് താല്‍പ്പര്യമുണ്ടെന്നുകരുതി അവന്‍ പറഞ്ഞു കാടുകയറുകയാണ്, പിന്നെ ഒരു വിധത്തില്‍ അതൊന്നവസാനിപ്പിച്ചു. പിറ്റേദിവസം രാത്രിയും വന്നു വേണുവിന്റെ കോള്‍, വിഷയത്തിനു വ്യത്യാസമൊന്നുമില്ല, തലേ ദിവസത്തിന്റെ ആവര്‍ത്തനം. പക്ഷെ ഇപ്രാവശ്യം അത് കഠിനവും സമയദൈര്‍ഘ്യമേറിയതുമായിരുന്നു. പക്ഷെ പണ്ടേ ക്ഷമാശീലനായിരുന്നതിനാല്‍ ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല. ഇതൊരു തുടര്‍കഥയായപ്പോള്‍ ഞാന്‍ ഫോണെടുക്കല്‍ നിര്‍ത്തി. ആദ്യമാദ്യം അക്ഷമനായിരുന്ന ഫോണ്‍ പിന്നീട് ക്ഷമാശീലനായി, പിന്നെ കരച്ചിലെ ഇല്ലാതായി. മൂന്നുമാസം, വേണുവിന്റെ യാതൊരു വിവരവുമില്ലാതെ ഓടിയകന്നു.

മൂന്നുമാസത്തിന് ശേഷം ബിസിനസ് ആവശ്യത്തിന് അവന്റെ നഗരത്തിലെത്തിയ എനിക്ക് അവനെ കണ്ടുപിടിക്കാന്‍ വളരെ വിഷമിക്കേണ്ടിവന്നു. അവസാനം ഒരു ബാറിന്റെ ഇരുണ്ടമൂലയില്‍ ഒഴിഞ്ഞ കുപ്പികള്‍ക്കിടയില്‍ ഏകാന്തവിഷാദചിത്തനായ വേണുവിനെ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞു. കാര്യം തിരക്കിയപ്പോള്‍ അവന്‍ ഒന്നും പറഞ്ഞില്ല, പകരം കുപ്പിയിലെ ബാക്കികൂടി വായിലേക്ക് കമിഴ്ത്തി എന്റെ കയ്യുംപിടിച്ചു പുറത്തിറങ്ങി. പഴയ സ്‌കൂട്ടര്‍, പഴയ പാത, എന്നിലെ ഭയം അല്‍പ്പാല്‍പ്പമായി തലപൊക്കിതുടങ്ങിയിരുന്നു. അവസാനം ആ യാത്ര അവസാനിച്ചത് ആ പഴയ വീടിന് മുന്‍പിലായിരുന്നു, പക്ഷെ അവിടം ശൂന്യമായിരുന്നു. ആള്‍വാസമില്ലാത്ത പോലെ. അല്‍പ്പനിമിഷം പോലും അവനവിടെ നില്‍ക്കാന്‍ ഇഷ്ടപ്പെട്ടില്ല, വീണ്ടും അവന്‍ എന്നെ ആ പഴയ സ്ഥലത്ത് കൊണ്ടുവന്നിറക്കി വിട്ടു. ഒരക്ഷരം പറയാതെ സ്‌കൂട്ടറുമായി മറഞ്ഞു. എനിക്കൊന്നും മനസിലായില്ല.

തിരിച്ച് വീട്ടിലെത്തിയ എനിക്ക് അല്‍പ്പംപോലും മനസമാധാനം കിട്ടിയില്ല. എന്റെ ചിന്തകള്‍ പലവഴിക്ക് ചീറിപ്പാഞ്ഞു , ‘ എന്താണിതിനൊക്കെ അര്‍ത്ഥം, എവിടെ ആ ജ്വലിക്കുന്ന പെണ്‍കുട്ടി …..’???വൈകുന്നേരം ഫോണിന്റെ നിര്‍ത്താതെയുള്ള റിംഗ്, ഞാന്‍ യാതൊരു മുന്‍വിധിയുമില്ലാതെ ഫോണെടുത്തു. അത്ഭുതമെന്നു പറയട്ടെ, അത് വേണുവായിരുന്നു. ഇപ്പ്രാവശ്യം അവന്‍ ഗാലക്‌സിയിലെ നക്ഷത്രങ്ങളെക്കുറിച്ച് വാചാലനായില്ല. പക്ഷെ അവന്റെ സംസാരത്തില്‍ നിന്ന് എനിക്കൊരു കാര്യം മനസിലായി, ആ ജ്വലിക്കുന്ന നക്ഷത്രം ഗാലക്‌സിയിലെവിടയോ മറഞ്ഞിരിക്കുന്നു. ആ രാത്രിയില്‍ എന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം മങ്ങിയിരുന്നു, വേണുവിന്റെ പൂന്തോട്ടത്തിലെ പൂക്കളെല്ലാം വാടിയിരുന്നു, ഒപ്പം ഗാലക്‌സിയിലെ നക്ഷത്രത്തിന്റെ അസാനിധ്യവും ഉണ്ടായിരുന്നു.